ശരിക്കും പറഞ്ഞാൽ ഇണക്കങ്ങളും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും നിറഞ്ഞ ജീവിതം. ഇതു വരെയും സ്വന്തം വീടായി തന്നെയാണ്…

മരുമകളല്ലവൾ മകളാണ്…

Story written by Lis Lona

===============

“സനൂപേട്ടാ ഞാനൊരു കാര്യം പറയട്ടെ….ന്നോട് ദേക്ഷ്യം പിടിക്കരുത് ട്ടാ…”

ഒരു ചെറിയ പനിക്കോളുണ്ടെന്നു കേറി വന്നപ്പോ പറഞ്ഞതിന് ഒരു കുപ്പി വിക്സ് മുഴുവനുമിട്ട് ആവി പിടിപ്പിച്ചപ്പോളെ തോന്നിയിരുന്നു…എന്താ ഇത്രേ സ്നേഹം ന്ന്…സനൂപോർത്തു…

ജലദോഷമില്ലെങ്കിലും മൂക്കടഞ്ഞ പോലുള്ള ശബ്ദം കാണിച്ചു തളർന്ന സ്വരത്തിൽ ഒന്നു മൂളി അവൻ

“അല്ലെങ്കി വേണ്ട ഏട്ടനുറങ്ങിക്കോ എന്തായാലും വയ്യാതെ വന്നതല്ലേ ഇനി ഞാനായിട്ട് മൂഡ് കളയുന്നില്ല “

ഞാൻ ഏട്ടന്റെ  നെറ്റിയിലൊരുമ്മ കൊടുത്ത്‌ മെല്ലെ മുടിയിൽ വിരലോടിച്ചു..

മനസ്സിൽ ഒരു കുഞ്ഞുസങ്കടം വളർന്ന് ചങ്കോളം എത്തി നിൽപ്പുണ്ട് പക്ഷേ ഇപ്പൊ പറയണ്ട…വയ്യാതെ വന്നതല്ലേ…

രണ്ടുവീട്ടുകാർക്കും ഇഷ്ടപ്പെട്ടു നടത്തിയ കല്യാണം…പറഞ്ഞു വച്ചു ആറുമാസത്തിനു ശേഷമാണു നടത്തിയത്. ബാങ്കിൽ ജോലിയുള്ള സനൂപേട്ടനും ഡിഗ്രിക്ക് പഠിക്കുന്ന അനിയത്തി സവിതയും അമ്മയും മാത്രമാണ് വീട്ടിൽ അച്ഛൻ നാട്ടിലില്ല…

ആലോചന വന്നപ്പോഴേ…കല്യാണത്തിന് ശേഷവും അഞ്ജലി പഠിച്ചോട്ടെ എന്ന അഭിപ്രായത്തിൽ അവർക്കും എതിരൊന്നും ഇല്ലായിരുന്നു.

കല്യാണം കഴിഞ്ഞതിനു ശേഷം രാവിലെ എഴുന്നേറ്റ് എല്ലാവർക്കുമുള്ള ഭക്ഷണം ഒരുക്കി വക്കാൻ അമ്മയും സഹായിക്കും…ബാങ്കിൽ പോകുന്ന വഴിക്ക് സനൂപേട്ടൻ എന്നെ എന്റെ കോളേജിൽ വിട്ട്  സവിതയെ അവൾടെ കോളേജിലും വിട്ടിട്ടാണ് പോകുക..മടക്കം എല്ലാവരും പലവഴിക്കാണ്‌.

കല്യാണം കഴിഞ്ഞിട്ട് കൊല്ലമൊന്ന് കഴിഞ്ഞല്ലോ എന്നാരെങ്കിലും ചോദിക്കുമ്പോൾ അമ്മയാണ് മറുപടി കൊടുക്കാറ് ഇക്കൊല്ലം കൂടി കഴിഞ്ഞാൽ അവൾടെ പഠിപ്പ് കഴിയില്ലേ  എന്നിട്ടാവാം ന്ന്…

ശരിക്കും പറഞ്ഞാൽ ഇണക്കങ്ങളും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും നിറഞ്ഞ ജീവിതം..ഇതു വരെയും സ്വന്തം വീടായി തന്നെയാണ് തോന്നിയിട്ടുള്ളതും പെരുമാറിയിട്ടുള്ളതും…പക്ഷേ പലപ്പോഴും ഒരു വേർതിരിവ് എന്നിലും സവിതയിലും അമ്മ കാണിക്കുന്നുണ്ടോ എന്നൊരു സംശയം…

ഓർത്തോർത്തു കിടന്നപ്പോളേ ഒരു നോവ് കണ്ണിൽ….പതിയെ കണ്ണ് തുടച്ചു നോക്കിയപ്പോൾ കുഞ്ഞുങ്ങളെ പോലെ ഏട്ടനുറങ്ങി കിടക്കുന്നു എന്റെ കൈ കൂട്ടിപിടിച്ചു കൊണ്ട്…

രാത്രിയിലെപ്പോഴോ അടുപ്പിനരികെ നിൽക്കുംപോലെ ചുട്ടുപൊള്ളുന്ന ചൂട് തോന്നിയാണ് ഞാനെഴുന്നേറ്റത്..തൊട്ടുനോക്കിയതേ കൈ പിന്നോട്ട് വലിച്ചു…നന്നായി പനിക്കുന്നുണ്ട്…പിന്നെ തട്ടി വിളിച്ചു മരുന്നും കൊടുത്തു രാത്രി മുഴുവൻ നെറ്റിയിൽ തുണി നനച്ചിട്ടും പനി നോക്കിയും ഒന്നു മയങ്ങിയപ്പോഴേക്കും നേരം വെളുത്തതറിഞ്ഞില്ല….

രാവിലെ ആറുമണിയായപ്പോഴേ അമ്മ വന്നു വിളിച്ചു. പനിയൊക്കെ പോയി വിയർപ്പിൽ കുളിച്ചു ക്ഷീണത്തിൽ കിടക്കുന്ന സനൂപേട്ടനെ ഒന്നു നോക്കി മെല്ലെ ഞാനെഴുന്നേറ്റു മുടി വാരിക്കെട്ടി…..കണ്ണ് തുറക്കാനേ പറ്റുന്നില്ല….

“മോളേ ഉമ്മറത്തൂന്ന് ആ പാൽക്കുപ്പി എടുത്തിട്ട് പോരെ…”

അമ്മ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടെങ്കിലും ഉറക്കക്ഷീണത്താൽ പുളിക്കുന്ന കണ്ണൊക്കെ തിരുമ്മി ഒരു വിധം പല്ലൊക്കെ തേച്ചു പാൽക്കുപ്പിയും കൊണ്ട് ചെല്ലുമ്പോളേക്കും അമ്മയുടെ രണ്ടു വിളി വന്നു..

ചായക്കുള്ള വെള്ളം അടുപ്പത്തേക്ക് വക്കുമ്പോ പുട്ടിന് തേങ്ങ ചിരകുന്ന അമ്മയുടെ മുഖത്തു തെളിച്ചം പോരാ..

ഒന്നും മിണ്ടാൻ പോയില്ല…അല്ലെങ്കിലും നേരം വൈകിയതെന്റെ തെറ്റല്ലേ…വേഗം വേഗം പണികളൊക്കെ ഒരുക്കുന്നതിനിടയിൽ അമ്മയെ ഒന്നു നോക്കിയപ്പോൾ ഇപ്പോളും മുഖത്തു വൈകി വന്നതിന്റെ അസ്വസ്ഥത കാണാം…

ഞാനും സവിതയും രണ്ടോ മൂന്നോ വയസ്സിനുള്ള വ്യത്യാസമേയുള്ളൂ പക്ഷേ അവളിനിയും എണീറ്റില്ല…

കോളേജിൽ പോകാൻ വേണ്ടി  ഒരുങ്ങാനായി മുറിയിൽ  വന്നപ്പോളേക്കും  സനൂപേട്ടൻ എഴുന്നേറ്റിരുന്നു….

“ഞങ്ങൾ ബസിൽ പൊയ്ക്കോളാം…ഏട്ടനിന്ന് ലീവെടുക്ക്, നല്ല ക്ഷീണമുണ്ട് മുഖത്തു…കണ്ണൊക്കെ കണ്ടോ “

“പോടീ പെണ്ണേ ഇതൊക്കെ ചെറിയൊരു പനിയല്ലേ..നീയെന്നെ സൂക്കേടുകാരനാക്കല്ലേ…ഞാനിന്ന് ലീവാണ് പക്ഷേ നിങ്ങളെ കൊണ്ട്പോയാക്കി തരാം “

പറഞ്ഞു തീർന്നതും എന്നെയേട്ടൻ  വലിച്ചടുപ്പിച്ചു

“എന്താ എന്റെ കുട്ടീടെ മുഖത്തൊരു സങ്കടം…ഇന്നലെ വയ്യാത്തോണ്ടാ മിണ്ടാതിരുന്നേ….ഇപ്പൊ പറയ് “

“അയ്യടാ മോനേ..ഒന്നൂല്ല്യ….അല്ലെങ്കി തന്നെ നേരം വൈകി , ഞാൻ പോയി കുളിക്കട്ടെ…”

ഏട്ടനെ തള്ളി മാറ്റി ഞാൻ ബാത്ത് റൂമിലേക്ക് കയറുമ്പോഴേക്കും എന്റെ കണ്ണുകൾ പെയ്യാൻ തുടങ്ങിയിരുന്നു…

ചിലപ്പോ എന്റെ തോന്നലാകാം…പക്ഷേ വീട്ടിൽ നിന്നോ കൂട്ടുകാരിൽ നിന്നോ എനിക്കൊരു ഫോൺ വന്ന് മിണ്ടാൻ തുടങ്ങുമ്പോഴേക്കും അമ്മയുടെ മുഖം മാറും.

ഇഷ്ടപ്പെട്ട ഡ്രസ്സിട്ടു വീട്ടീന്നിറങ്ങുമ്പോളെക്കും പറയും അതിന്റെ കഴുത്തൊക്കെ വല്ലാതെ ഇറങ്ങിയിട്ടാണ് മാറിയിടാൻ…അതേ ചുരിദാർ നാല് ദിവസം കഴിഞ്ഞു സവിത ഇട്ടു പോകുമ്പോൾ നന്നായിരിക്കുന്നല്ലോ എന്നും പറയുന്ന കേൾക്കാം…

രാവിലെ ഞാനെഴുന്നേൽക്കാൻ വൈകിയാൽ അമ്മ അന്നത്തെ ദിവസം ഒരു വാശി പോലെ എല്ലാ പണിയും തനിയെ ചെയ്യും…എന്നാൽ അനിയത്തി എഴുന്നേറ്റ് കുളിയും ഒരുങ്ങലും എല്ലാം കഴിഞ്ഞു അടുക്കളയിലേക്ക് എത്തിനോക്കി ചായയായോ അമ്മേ എന്നാണ് ചോദ്യം…

വീട് അടിച്ചു തുടക്കാൻ വൈകിയാൽ വയ്യാത്ത അമ്മ പോയി ചൂലെടുക്കും പിന്നെ ഞാനെത്രേ ചോദിച്ചാലും ചൂല് തരില്ല…അനിയത്തി അവിടിരുന്ന് ടീവി കാണുന്നുണ്ടെങ്കിലും അവളോടൊന്ന് ചോദിക്കുകയേ ഇല്ല….അവൾ തിരിച്ചും…

ഒന്നും മറുത്തു പറയാറില്ല എങ്കിലും എന്തിനേ എന്നോടിങ്ങനെ പെരുമാറുന്നേ എന്നോർക്കുമ്പോ സങ്കടം മഴയിരമ്പി വരുമ്പോലെ ആർത്തലച്ചു വരും…

പലപ്പോഴും അവൾക്കും ഞാനൊരു വേലക്കാരിയാണോ എന്ന് തോന്നാറുണ്ട്….സനൂപേട്ടനോടത് പറയാതെ പലപ്പോഴും വിഴുങ്ങും എന്തിനാ വെറുതെ ഒരു മുഷിച്ചിലുണ്ടാക്കുന്നത്…

ചായ കുടിച്ചു ഗ്ലാസ് കഴുകാൻ നടന്നപ്പോൾ ഏട്ടന്റെ മുഖത്തു നോക്കി അമ്മ ചോദിക്കുന്നത് കേൾക്കാം…

“നിനക്കെന്തു പറ്റി…മുഖമാകെ വല്ലാതിരിക്കുന്നല്ലോ “

“ആ ചെറിയൊരു പനി ഇന്ന് ബാങ്കിൽ പോണില്ല ഇവരെ കോളേജിൽ വിട്ട് ഞാനിങ്ങു വരും “

“ഞാനറിഞ്ഞില്ലല്ലോ…എന്നോടാരും പറഞ്ഞും ഇല്ലാ ” അമ്മയെന്നെ കണ്ണൊന്നു കൂർപ്പിച്ചു നോക്കി തുടർന്നു

“ഇന്ന് അഞ്ജലി പോകണ്ട അവന് വയ്യാതിരിക്കല്ലേ ഒരൂസം പോയില്ലെങ്കിലും ഒന്നും ഉണ്ടാവാൻ പോണില്ല “

രണ്ടു മൂന്നു ദിവസമായി കഷ്ടപ്പെട്ട് തയ്യാറാക്കിയ അസൈൻമെന്റ് കടലാസുകൾ എന്നെ നോക്കി ചിരിച്ചു…ഇന്നാണ് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം…

അപ്പോഴേക്കും ഏയ് അതൊന്നും സാരല്ല്യ അവള് പൊക്കോട്ടെ എന്ന് സനൂപേട്ടൻ പറയുന്നത് കേട്ടതോടെ ശ്വാസം നേരെ വീണു….

“വരുമ്പോ ആ ടൈലറുടെ അടുത്തു എന്റെ ബ്ലൗസ് തയ്‌ക്കാൻ കൊടുത്തത് വാങ്ങി വരണേ മോളേ മറക്കല്ലേ ഞായറാഴ്ചത്തെ കല്യാണത്തിനിടാനുള്ളതാണ് “

ഇറങ്ങാൻ നേരം അമ്മയെന്നോട് പറഞ്ഞതിന് ഞാൻ തലയാട്ടി…

“ശ്രെദ്ധിക്കണേ സനൂപേട്ടാ…കഞ്ഞി ഞാൻ റെഡിയാക്കി വച്ചിട്ടുണ്ട് അത് കുടിക്കാൻ മറക്കരുത് ചെന്നിട്ട്….എന്നിട്ട് മരുന്ന് കഴിച്ചാൽ മതി “

വണ്ടിയിൽ നിന്നിറങ്ങാൻ നേരം ഏട്ടനെ നോക്കി ഞാൻ പറയുന്നത് ശ്രദ്ധിക്കാതെ കണ്ണിറുക്കി കാണിക്കുന്ന ആളെ ഞാൻ അരിശത്തോടെ നോക്കി…

തയ്യാറാക്കിയ പേപ്പറുകളിലെ തെറ്റ് തിരുത്തലും അതിനുള്ള ഓട്ടവുമായി അമ്മ പറഞ്ഞേല്പിച്ച കാര്യം  ഓർമ്മ വന്നത് , മടങ്ങി വന്ന് മുറ്റത്തു കാൽ കുത്തിയപ്പോഴായിരുന്നു…

“ഒന്ന് സവിയെ വിളിച്ചു പറയോ അമ്മേ ഞാനത് വിട്ടുപോയി “

എന്നോടൊന്നും മിണ്ടാതെ അമ്മയകത്തേക്ക് കയറിപ്പോയി നീട്ടിയൊരു മൂളലോടെ…വിഷമം തോന്നിയെങ്കിലും പുറത്തു കാണിക്കാതെ ഞാനകത്തേക്ക് ചെന്നു…

“ആഹാ പനിയൊക്കെ മാറിയോ ന്റെ മോന്റെ….കമ്പ്യൂട്ടറും പിടിച്ചു ഇരിപ്പാണല്ലോ…”

“വന്നോ …വേം തുണിയൊക്കെ മാറി , പോയി ന്റെ കുട്ടി ആ കയ്യോണ്ട് ഒരു ഗ്ലാസ്സ് ചായയിട്ടു വന്നേ “

ഞാൻ ഡ്രസ്സ് മാറാൻ തുടങ്ങിയതും എന്റടുത്തു വന്ന് മുഖം പിടിച്ചുയർത്തി. ചുവന്നു തുടുത്ത എന്റെ മൂക്കിൻ തുമ്പിൽ മൂക്ക് മുട്ടിച്ചു ചോദിച്ചു…

“എന്താടോ സങ്കടം…രാവിലെ ചോദിച്ചപ്പോളും ഒന്നൂല്ല്യാന്നാണ് ഉത്തരം…എന്താ കാര്യം അത് പറഞ്ഞിട്ട്  പോയാ മതി “

“ഇയ്ക് ന്റെ വീട്ടിലൊന്നു പോണം..അമ്മേനെ ഒന്നു കാണാൻ തോന്നണു സനൂപേട്ടാ…വേറൊന്നുമില്ല “

“അതൊന്നുമല്ല ഉള്ളിലുള്ള സങ്കടം നീ പറ എന്നാലല്ലേ എനിക്കത് തീർക്കാൻ പറ്റൂ “

നിർബന്ധമേറിയപ്പോൾ ഞാനെല്ലാം പറഞ്ഞു…എല്ലാം കേട്ടതിനു ശേഷം ഇടമുറിയാതെ പെയ്‌തൊലിക്കുന്ന എന്റെ കണ്ണുകളിൽ ചുണ്ടൊപ്പി സാരല്ല്യാ വിഷമിക്കേണ്ട എന്നു പറഞ്ഞു കേട്ടപ്പോളെക്കും ഞാനേട്ടന്റെ നെഞ്ചിലേക്ക് മുഖമമർത്തി തേങ്ങി…

സവിയെത്തിയില്ല അതിനു മുൻപേ അമ്മ വന്ന് സനൂപേട്ടനെ വിളിക്കുന്നതും കേട്ടാണ് ഞാൻ അടുക്കളയിലേക്ക് കയറിപോയത്….വൈകുന്നേരത്തെ ഭക്ഷണമുണ്ടാക്കുന്ന തിരക്കിൽ ഞാനവിടെ എത്തിനോക്കാൻ പോയില്ല…

അമ്മ വിളിച്ചത് കേട്ട് എന്തിനെന്ന് ചോദിച്ച സനൂപിനെ അരികെ പിടിച്ചിരുത്തി മരുമകളുടെ മറവിയെപ്പറ്റിയും രാവിലെ എഴുന്നേൽക്കാനുള്ള മടിയെ പറ്റിയും വഴക്കൊന്നുമുണ്ടാക്കണ്ട എന്ന ആമുഖത്തോടെ സംസാരിച്ചു തുടങ്ങിയ അമ്മയോട് സനൂപ് ഒരു ചോദ്യമേ ചോദിച്ചുള്ളൂ….

“അമ്മേ സവിയും അഞ്ജലിയും തമ്മിലുള്ള വ്യത്യാസമെന്താണ്….അമ്മ കരുതും പോലെ അവൾ മനഃപൂർവം വൈകിയെണീൽക്കുന്നതല്ല…പലരാത്രികളിലും അവൾക്ക് പഠിക്കാനും ചെയ്തു തീർക്കാനായി പ്രൊജക്റ്റ് വർക്കുകളും ഉണ്ടാവും എന്നാൽ എല്ലാ ജോലിയും കഴിഞ്ഞു വന്നേ അവളതിന് ഇരിക്കാറുള്ളു….ഇന്നലെയാണെങ്കിൽ അവളൊരു തരി പോലും ഉറങ്ങിയിട്ടില്ല എന്റെ പനി കാരണം..”

“മോനേ ഞാൻ…”

വാക്കുകൾ കിട്ടാതെ അമ്മ തപ്പിത്തടഞ്ഞു…അതേ ശരിയാണ് പഠിക്കാനുണ്ടെന്നു സവി പറയുമ്പോളേക്കും താനവളെ പറഞ്ഞയക്കും…വീട്ടുജോലികൾ മകളെ കൊണ്ട് ചെയ്യിപ്പിക്കാത്തതു നാളെ വേറൊരു വീട്ടിൽ ചെന്നാൽ അവളും ഇങ്ങനെ ജോലിയെടുക്കേണ്ടതല്ലേ അപ്പൊ സ്വന്തം വീട്ടിലെങ്കിലും വിശ്രമിച്ചോട്ടെ എന്ന സ്വാർത്ഥതയാണ്..തെറ്റ് തന്റെ ഭാഗത്തു തന്നെയാണ് പലപ്പോഴും….

അമ്മയുടെ ചിന്തിയിലാണ്ട മുഖം നോക്കി സനൂപ് തുടർന്നു…

“ഞാൻ പറയുന്നത് കൊണ്ട് അമ്മക്ക് വിഷമമോ ദേക്ഷ്യമോ തോന്നരുത് മരുമകളെയും മകളായി കണ്ടു കൂടെ…അവളും ഒരു മകളല്ലേ…നാളെ നമ്മുടെ സവിയ്ക്കും ആ ഭാഗ്യം കിട്ടാനായി…മകന്റെ ഭാര്യ എല്ലാ ജോലികളും ചെയ്യട്ടെ എന്ന് ചിന്തിക്കുന്ന അമ്മയല്ല എന്റമ്മയെന്നു കാണിക്കാനെങ്കിലും….”

പറഞ്ഞുതീർന്നു അമ്മയുടെ മുഖത്തു നോക്കിയപ്പോൾ കണ്ടു അമ്മയുടെ കൺകോണുകളിൽ ഒരു നീർതുള്ളിത്തിളക്കം….

“ശോ…അമ്മ ആ ഡ്രൈ വാഷിനു കൊടുത്ത സാരി വാങ്ങാൻ പറഞ്ഞത് ഞാൻ മറന്നു പോയി ഏട്ടനൊന്നു പോയി വാങ്ങി വരണേ…”

അകത്തേക്ക് കയറി വന്ന അനിയത്തി പറഞ്ഞതും അവൻ അമ്മയുടെ മുഖത്തു നോക്കി..

“കണ്ടോ ഇതല്ലെ അഞ്ജലിക്ക് പറ്റിയതും..ഇനിയിപ്പോ രണ്ടും ഞാൻ പോയി വാങ്ങി വരാം അപ്പൊ പ്രശ്നം തീർന്നില്ലേ…സ്വന്തം വീട്ടിലേക്ക് പോയാൽ പോലും രണ്ടു ദിവസത്തിനുള്ളിൽ അവൾ ഓടിവരുന്നത് വയ്യാത്ത അമ്മ എല്ലാ ജോലികളും തനിയെ ചെയ്യണ്ടേ എന്നോർത്തിട്ടാണ് അമ്മയത് മറക്കരുത്…”

അതും പറഞ്ഞു അവൻ അകത്തേക്ക് കയറി പോകുമ്പോളേക്കും അമ്മയുടെ കണ്ണിലെ തിരിച്ചറിവിന്റെ നീർതുള്ളിത്തിളക്കം താഴേക്കടർന്നിരുന്നു…

പുറത്തേക്ക് പോകാനായി ഒരുങ്ങി വന്ന സനൂപേട്ടൻ  കണ്ടു കാണണം..എന്നെയും കെട്ടിപിടിച്ചു നിൽക്കുന്ന അമ്മയെയും എന്താണെന്നു മനസിലാകാതെ തിരിച്ചും കെട്ടിപിടിക്കുന്ന എന്നെയും…

“എന്താ അമ്മയും മോളും കൂടി ഒരു നാടകം….”

ഒന്നുമറിയാത്ത പോലുള്ള  സനൂപിന്റെ ചോദ്യത്തിന് അമ്മയാണ് മറുപടി പറഞ്ഞത്…

“നീ തന്നെക്ക് പോകണ്ട എന്റെ മോളെ കൂടി കൂട്ടിക്കോ….ഒന്ന് കറങ്ങി വാ രണ്ടാളും…വരുമ്പോളേക്കും ചോറും കറിയൊക്കെ ഞങ്ങളൊരുക്കാം…. “

സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തൂവിയത് കൊണ്ടാകണം മുൻപിലുള്ളതൊന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല…

“നിന്റെ സങ്കടമൊക്കെ ഞാൻ മാറ്റിയേ…മറക്കണ്ട എന്റെ പനിയൊക്കെ മാറി “

വണ്ടിയിലേക്ക് കയറുമ്പോൾ കള്ളൻ ചെവിയിൽ പതുക്കെ പറഞ്ഞത് കേട്ടതും തുടയിലൊരു നുള്ളു കൊടുത്തു ഞാൻ…

എല്ലാ മരുമക്കളും ഒരു വീട്ടിലെ മകളാണെന്നും ഈ വീട്ടിലും അവൾ മരുമകളല്ല മകൾ തന്നെയായിരിക്കട്ടെ എന്നും ചിന്തിച്ചാൽ തന്നെ പകുതി പ്രശ്നങ്ങളൊഴിഞ്ഞു വീടുകളിൽ….

~ലിസ് ലോന