ഹാളിൽ വന്നിരുന്ന കണ്ണന്റെ മനസ്സിലൂടെ നൂറായിരം ചിന്തകൾ കടന്നു പോയി. ഫോൺ എടുത്തു ഡയൽ ചെയ്തു…

അവൾ…

Story written by Kannan Saju

===========

തന്റെ അ രക്കെട്ടിൽ നിന്നും അവൾ കണ്ണന്റെ കൈകൾ പതിയെ എടുത്തു മാറ്റി…

പതിവുപോലെ കണ്ണൻ വീണ്ടും തന്റെ കൈകൾ അവളുടെ വ യറിലേക്ക് തന്നെ വീണ്ടും വെച്ചു കുറച്ചു കൂടെ ചേർന്ന് കിടന്നു. എന്നാൽ പതിയെ വീണ്ടും ആ കൈകൾ എടുത്തു മാറ്റിക്കൊണ്ട് അവൾ ഒന്നൂടെ അകന്നു കിടന്നു.

തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്തു ഉറങ്ങാതെ കിടന്നിരുന്ന കണ്ണൻ എല്ലാം അറിയുന്നുണ്ടായിരുന്നു. എങ്കിലും അവൻ കണ്ണുകൾ മുഴുവൻ തുറക്കാതെ ഒരു കണ്ണ് പാതി തുറന്നു അവളെ നോക്കി..സീറോ ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ മുകളിലേക്കും നോക്കി കണ്ണുകൾ മിഴിച്ചു കിടക്കുന്ന അഭിയെ അവനു കാണാമായിരുന്നു.

“ഇവക്കിതു എന്ത് പറ്റി ????” അവൻ സ്വയം ചോദിച്ചു…

“അല്ലെങ്കിൽ എന്റെ ചൂട് പറ്റി നെഞ്ചിൽ അവളുടെ മുഖം ചേർത്ത് വെക്കാതെ ഉറങ്ങാത്ത പെണ്ണാണ് ! ” അവൻ ആലോചിച്ചു..

“ഉറങ്ങീലെ അഭി ???? ” രണ്ടും കല്പിച്ചു ചോദിച്ചു

“ഇല്ല “

“എന്തെ???? “

“ഉറക്കം വരാത്തോണ്ട് “

“അമ്പോ ! കട്ട കലിപ്പിൽ ആണല്ലോ!” അവൻ ഉള്ളിൽ പറഞ്ഞു…

അടുക്കളയിലെ പണികൾ തീർക്കാൻ അഭിയുടെ അമ്മയെ സഹായിച്ചുകൊണ്ടിരിക്കവേ മോൾടെ കരച്ചിൽ ഉയർന്നു…

“അഭീ…നീ എന്തെടുക്കാ അവിടെ??? മോളു കരയുന്ന കേട്ടില്ലേ ????  ” കണ്ണൻ ഉച്ചത്തിൽ വിളിച്ചലറിയിട്ടും അഭിയുടെ മറുപടി ഒന്നും ഇല്ല..

“ശേ…ഈ പെണ്ണെന്ന ഇങ്ങനെ??? ഇത് ഞാൻ നോക്കിക്കോളാം മോൻ കുഞ്ഞിന്റടുത്തേക്ക് ചെല്ല്” അഭിയുടെ അമ്മ പുട്ട് പൊടി കുഴച്ചുകൊണ്ടിരുന്ന പാത്രം കണ്ണന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ടു പറഞ്ഞു

കണ്ണൻ വേഗത്തിൽ മുറിയിലേക്ക് ചെന്നു…അഭി തൊട്ടിലിൽ പിടിച്ചു കൊണ്ട് കുഞ്ഞിനെ നോക്കി ഒന്നും മിണ്ടാതെ നിക്കുന്നു…

“നീ എന്നതാ അഭി ഈ കാണിക്കുന്നേ??? “

അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി…

“നീ എന്നാ കൊച്ചിനെ എടുക്കാത്തെ????അവൾക്കു വിശന്നിട്ടാവും… പാല് കൊടുക്ക്‌ “

“എനിക്കിപ്പോ കൊടുക്കാൻ തോന്നണില്ല കണ്ണേട്ടാ “

കണ്ണൻ ഞെട്ടലോടെ നിന്നു…പെട്ടന്ന് ദേഷ്യം വന്നെങ്കിലും കൈകൾ ചുരുട്ടി അത് കടിച്ചമർത്തി…പക്ഷെ അത് അഭി ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

“കണ്ണേട്ടന് ദേഷ്യം വരുന്നുണ്ടല്ലേ??? “

“അഭി…മോളെ നിനക്കെന്ന പറ്റ്യേ??? നമ്മുടെ കൊച്ചു കരയുന്ന നീ കേക്കണില്ലേ??? അവക്ക് നീ അല്ലാതെ ആരാ പാല് കൊടുക്കാ??? അവളെ എടുക്കു മോളെ “

ഒരു പുച്ഛിച്ച ചിരിയോടെ അഭി കുഞ്ഞിനെ എടുത്തു കട്ടിലിലേക്ക് ഇരുന്നു…

ഹാളിൽ വന്നിരുന്ന കണ്ണന്റെ മനസ്സിലൂടെ നൂറായിരം ചിന്തകൾ കടന്നു പോയി…ഫോൺ എടുത്തു ഡയൽ ചെയ്തു

“ഹെലോ ഏടത്തി..എനിക്കൊന്നു കാണണം… “

“ഇന്ന് തിരക്കാണല്ലോടാ..നാളെ മതിയോ? “

“ഏടത്തി തിരക്കൊക്കെ കഴിയുമ്പോ വീട്ടിലേക്കു വന്ന മതി..എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് “

“ആയിക്കോട്ടെ…ഞാൻ വന്നേക്കാം “

പിന്നാമ്പുറത്തെ തിണ്ണയിൽ പാളയിൽ കിടത്തി കുഞ്ഞിനെ കുളിപ്പിക്കുന്ന അഭിയുടെ അമ്മ, അത് നോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്ന അഭി.

ഉമ്മറത്ത് കണ്ണനും ഏടത്തിയും തമ്മിൽ സംസാരിക്കുന്നു.

“എനിക്കറിയില്ല ഏടത്തി…ഇന്നലെ അര മണിക്കൂറോളം അടുപ്പിൽ തീ ആളി കത്തുന്നതും നോക്കി ഒരേ നിപ്പ് നിന്നു അഭി..കുഞ്ഞ് കരയാണതൊന്നും അവള് കേക്കുന്നെ ഇല്ല “

“എത്ര നാളായി ഈ മാറ്റം തുടങ്ങിയിട്ട്??? “

“ഒരു മാസായി കാണും. ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിട്ട് ഒരു മാസം ആവുന്നേ ഉള്ളുന്നു പറയാം. ചിലപ്പോ അതിനു മുന്നേ ഉണ്ടായിരുന്നിരിക്കാം. അറിയില്ല…ഞാൻ ഇപ്പോ ഒരു മാസം ആവുന്നേ ഉള്ളു അഭിയുടെ കൂടെ കട്ടിലിൽ കിടക്കാൻ തുടങ്ങിയിട്ട്..അല്ലെങ്കിൽ മോൾടെ തൊട്ടിലിനു അരികിലെ സോഫയിൽ ആണ് കിടക്കാറ്..രാത്രി അവക്ക് ഉറക്കൊന്നും ഇല്ലെന്നെ…കഴിഞ്ഞ ദിവസം ബാ ത്രൂം പോയിട്ട് ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഇറങ്ങുന്നില്ല..വിളിച്ചിട്ട് മിണ്ടുന്നും ഇല്ല..ലാസ്റ്റ് ഞാൻ വാതിൽ ചവിട്ടി പൊളിച്ചപ്പോ നിലത്തു ചാരി ഇരുന്നു ഉറങ്ങുന്നു..ഞാൻ സൺ‌ഡേ ഏടത്തിയുടെ അടുത്ത് വന്നു കാര്യങ്ങൾ പറയണം എന്ന് കരുതി ഇരിക്കയായിരുന്നു അപ്പോഴാണ് ഇന്ന് രാവിലെ അഭി മോൾക്ക്‌ പാല് കൊടുക്കാൻ തോന്നുന്നില്ലെന്നു എന്റെ മുഖത്ത് നോക്കി പറഞ്ഞത്”

ഈ സമയം ഏടത്തിയുടെ ഫോൺ റിങ് ചെയ്തു

“ഏട്ടൻ ആണല്ലോ…ഒരു മിനിറ്റിട്ടോടാ “

“ആം “

അവർ ഫോൺ എടുത്തു

“എവിടെ പോയി മാഡം? “

“കണ്ണന്റെ അടുത്ത് “

“വിളിക്കായിരുന്നില്ലേ…???ഒരുമിച്ചു പോവായിരുന്നല്ലോ “

“ഇല്ലേട്ടാ..അവൻ വിളിച്ചിട്ട് വന്നതാ..ഞാൻ വരുമ്പോ പറയാം “

“അപ്പൊ സമയം എടുക്കൂലേ? “

“ആം…കുറച്ചു “

“എന്നാ പിന്നെ അടുക്കളേൽ കയറാം..എന്നാ വേണ്ടേ മോൾക്ക്‌? “

“ചിക്കൻ ഫ്രിഡ്ജിൽ ഇരുപ്പണ്ട് കറി വെച്ചോ..പിന്നെ തൈരും ഇരുപ്പണ്ട് മോര് കറിയും ആക്കിക്കോ… “

“ആയിക്കോട്ടെ…”

അവർ ഫോൺ വെച്ചു.

“ഡെലിവറി ക്ക്‌ മുൻപ് അഭിയുടെ നോർമൽ വെയിറ്റ് എത്ര ആയിരുന്നു കണ്ണൻ? “

“62 റേഞ്ച് “

“ഇപ്പോഴോ? “

“75 ഉണ്ടന്ന് തോന്നണു..ലാസ്റ്റ് നോക്കുമ്പോ അത്രോം ഉണ്ടായിരുന്നു “

“നോക്ക്..പ്രസവത്തിനു ശേഷം സ്ത്രീകളിൽ ഒരുപാടു മാറ്റങ്ങൾ ഉണ്ടാവും..അത് ശാരീരികമായും മാനസികമായും…അതിനു പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ വേണം എന്നില്ല…Postpartum Depression അഥവാ പ്രസവനന്തര വിഷാദം എന്ന് പറയും”

“എന്ന് വെച്ചാ??? “

“എന്ന് വെച്ചാ ഒരു പ്രത്യേക തരം അവസ്ഥ…ഇപ്പൊ കുഞ്ഞുണ്ടായില്ലേ…കണ്ണൻ പറഞ്ഞില്ലേ ഒരു മാസമേ ആയുള്ളൂ ഞാൻ അവളുടെ കൂടെ കിടക്കാൻ തുടങ്ങിയിട്ട് എന്ന്?? അതുവരെ തൊട്ടിലിനു അരികിൽ സോഫയിൽ ആണ് കിടന്നിരുന്നത് എന്ന്”

“ആ..”

“പ്രസവത്തിനു മുൻപോ???”

“അവളുടെ കൂടെ…”

“ആ ഒരു കാരണം മാത്രം മതി ചിലപ്പോ ഈ സമയത്തു മനസ്സ് കൈ വിട്ടു പോവാൻ “

“ഏഹ് “

“അതെ..മോളു വന്നപ്പോ മുന്നേ കാണാനിൽ നിന്നു കിട്ടിയിരുന്നോ കരുതലും സ്നേഹവും കിട്ടുന്നില്ല എന്ന തോന്നൽ..കണ്ണനിൽ നിന്നെന്നു അല്ല എല്ലാവരിൽ നിന്നും..ഒരുപക്ഷെ പ്രേമിച്ചു നിന്റെ കൂടെ അഭിരാമി ഇറങ്ങി വന്നപ്പോ അതുവരെ തിരിഞ്ഞു നോക്കാതിരുന്ന വീട്ടുകാർ മോളുണ്ടായപ്പോ അവളെ കാണാൻ വരികയും മോളെ നോക്കാൻ അമ്മ തന്നെ ഇവിടെ നിക്കുകയും ഒക്കെ ചെയ്തപ്പോൾ അവളുടെ ഉള്ളിൽ പല തോന്നലുകളും ഉണ്ടായേക്കാം “

“ഏടത്തി ഇത്ര സില്ലി ആയി ഒക്കെ “

“കണ്ണാ…നിങ്ങൾ നിസ്സാരം എന്ന് കരുതുന്ന പലതും ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്..പ്രസവം എന്ന് പറയുന്നത് ആണിനെ സംബന്ധിച്ചിടത്തോളം ഒരു രാത്രിയുടെ പ്രയത്നം ആണ്..പക്ഷെ പെണ്ണിനെ സംബന്ധിച്ചിടത്തോളം അതൊരു നീണ്ട യാത്രയാണ്..ഒരുപാട് ശാരീരിക മാറ്റങ്ങളിലൂടെ ചിന്തകളിലൂടെ നാട്ടു നടപ്പുകളിലൂടെ, ഇപ്പൊ പാവപ്പെട്ട വീട്ടിലെ പെണ്ണാണെൽ പ്രസവം അടുക്കുമ്പോ വീട്ടിലേക്കു കൂട്ടികൊണ്ട് പോവും..അവിടെ അവളുടെ പ്രസവത്തിനും ചിലവിനും വീട്ടുകാർ നെട്ടോട്ടം ഓടുന്നത് കണ്ടും ചിലപ്പോ കുത്ത് വാക്കുകൾ കേട്ടും പ്രിയപ്പെട്ടവനെ ഒന്ന് കാണാൻ കൊതിച്ചും അവന്റെ തലോടലുകൾ മിസ്സ്‌ ചെയ്തും അങ്ങനെ ഒരുപാടു ഒരുപാടു ഉണ്ട് ആ യാത്രയിൽ… “

കണ്ണൻ മൗനം പാലിച്ചു…

“കുഞ്ഞ് കരഞ്ഞപ്പോൾ വിശന്നിട്ടാവും അവക്ക് പാല് കൊടുക്കാൻ പറഞ്ഞ നീ അടുത്തെങ്ങാനും നിനക്ക് വിശക്കുന്നുണ്ടോ നീ കഴിച്ചോ നിനക്കെന്തേലും കഴിക്കാൻ വാങ്ങണോ എന്ന് അവളോട്‌ ചോദിച്ചിട്ടുണ്ടോ??? “

“ഇല്ല “

“ഡെലിവറിക്കു മുൻപോ???”

“ചോദിക്കുമായിരുന്നു.. “

“അത്രേ ഉള്ളു…അവക്ക് കിട്ടിക്കൊണ്ടിരുന്ന സ്നേഹവും പരിഗണനയും മോളു വന്നപ്പോ കിട്ടുന്നില്ല എന്ന തോന്നൽ…അതും ഈ സമയത്തു..മനസ്സ് കാട് കയറുന്ന സമയം ആണ്..ഉണ്ണി മോൾ ഉണ്ടായപ്പോ നിങ്ങളെല്ലാം അവളെ കൊഞ്ചിച്ചു നടന്നപ്പോഴും ഞാൻ ഹാപ്പി ആയി ഇരുന്നത് നിന്റെ ഏട്ടൻ എന്നെ അതുപോലെ കെയർ ചെയ്തിരുന്നത് കൊണ്ടാണ്…എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഏട്ടന്റെ ആദ്യത്തെ കുട്ടിയാണ്..അങ്ങനെ ഏട്ടൻ എന്നെ തോന്നിപ്പിച്ചിട്ടുള്ളു..ഈ ഒരു സിറ്റുവേഷൻ ആണ് അവളെ കൊണ്ട് അങ്ങനൊക്കെ ചെയ്യിച്ചത്..അവളുടെ ഉള്ളിൽ നിന്നും പിറവി എടുത്ത ജീവനെ വെറുക്കാൻ അവൾക്കൊരിക്കലും കഴിയില്ല.. “

“ഞാനിപ്പോ എന്താ ഏടത്തി ചെയ്യണ്ടേ??? “

“ഒന്നും ചെയ്യണ്ട..പഴയ പോലെ അവളെ സ്നേഹിക്കുക…എന്നിട്ടും എന്തേലും പോരായ്മ തോന്നിയാൽ നമുക്കു നല്ലൊരു സൈക്കോളജിസ്റ്റ്യനെ കാണാം “

“ഉം..”

നേരം കടന്നു പോയി…പാത്രങ്ങൾ എല്ലാം കഴുകി വെച്ചു കണ്ണൻ മുറിയിലേക്ക് ചെന്ന്…കുഞ്ഞ് നല്ല ഉറക്കം ആണ്…കണ്ണനെ കണ്ടതും അഭി കണ്ണുകൾ അടച്ചു…കണ്ണൻ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉറക്കം നടിച്ചു കിടക്കുന്ന അഭിയുടെ അരികിൽ അവൻ വന്നിരുന്നു..പതിയെ അവളുടെ നെറ്റിയിലും മുടിയിലും തലോടി..നെറ്റിയിലും ഇരു കണ്ണുകൾക്ക്‌ മുകളിലും ചുംബിച്ചു..അഭി അനക്കം ഇല്ലാതെ കിടന്നു..കണ്ണനറിയാം അഭി എല്ലാം അറിയുന്നുണ്ടെന്നു..പ്രതികരണം ഉണ്ടാവാൻ സമയം എടുക്കും എന്ന് അവൻ സ്വയം പറഞ്ഞു മനസ്സിലാക്കി. പണ്ട് കിടക്കാറുള്ളത് പോലെ അവളുടെ മാറിൽ മുഖം ചേർത്ത് വെച്ച് അവളെ ഇറുകി പുണർന്നു കണ്ണൻ മെല്ലെ കണ്ണുകൾ അടച്ചു. ഇനി കണ്ണുകൾ തുറക്കുമ്പോൾ മാറ്റത്തിന്റെ നാളെകൾ ആവും എന്ന പ്രതീക്ഷയോടെ…

ശുഭം❤️