അവളു പറഞ്ഞത് തലകുലുക്കി സമ്മതിച്ച് ഞാനാ ഗ്ലാസ്സ് എടുത്ത് ഗമയോടെ മുഖത്ത് വച്ച് കണ്ണാടി നോക്കി…

സമ്മാനം

Story written by Praveen Chandran

===============

“ഇങ്ങനെ കൺട്രോളില്ലാതെ ചിലവ് ചെയതിട്ടാ ഈ അവസ്ഥയിലായത്..ഏട്ടാ ഇനി ഇത് പറ്റില്ലാട്ടാ” അവളുടെ ആ താക്കീതിൽ ഷോപ്പിലെ ഷെൽഫിലെ റെയ്ബാൻ ഗ്ലാസ്സിൽ നിന്നും എന്റെ  നോട്ടം പിൻവലിക്കേണ്ടി വന്നു…

“ശരിയാ മോളൂ..എന്നാലും എനിക്കാ റെയാബാൻ ഗ്ലാസ്സ് വല്ലാതെ  ഇഷ്ടപെട്ടു..ഞാനൊന്ന് വച്ചു നോക്കിക്കോട്ടെ അറ്റ്ലീസ്റ്റ്”

“വച്ചു നോക്കിക്കോ..പക്ഷെ ആ സെയിൽസ്മാൻ പറയുന്നത് കേട്ട് അത് വാങ്ങിച്ചേക്കരുത്..അറിയാലോ ഈ മാസം ലോൺ അടക്കാൻ പോലും പൈസ ഇല്ല!”

അവളു പറഞ്ഞത് തലകുലുക്കി സമ്മതിച്ച് ഞാനാ ഗ്ലാസ്സ് എടുത്ത് ഗമയോടെ മുഖത്ത് വച്ച് കണ്ണാടി നോക്കി…

“ഹോ ഒടുക്കത്തെ ഗ്ലാമർ തന്നെ..സാറിന് നന്നായി ചേരുന്നുണ്ട്” സെയിൽസ്മാന്റെ ആ പ്രശംസ എനിക്ക് നന്നായി ബോധിച്ചെങ്കിലും അവളുടെ കണ്ണിറുക്കലിൽ അതലിഞ്ഞില്ലാതെയായിരുന്നു…

“ഏട്ടാ എന്നാ പോകാം..” എന്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് അവൾ പറഞ്ഞു…

മനസ്സില്ലാമനസ്സോടെ ഞാനാ ഗ്ലാസ്സ് സെയിൽസ് മാന് തിരികെ ഏൽപ്പിച്ച് പതിയെ അവളുടെ പുറകെ നടന്നു..

കുറച്ച് നാൾ മുന്നായിരുന്നെങ്കിൽ ഇപ്പോ ആ ഗ്ലാസ്സ് എന്റെ മുഖത്തിരുന്നേനെ…എന്തു ചെയ്യാം തൽക്കാലം അവൾ പറഞ്ഞത് കേൾക്കാം…അല്ല അവൾ പറയുന്നതിൽ കാര്യമുണ്ട് കേട്ടോ…

കുറച്ച് നാൾ മുന്ന് വരെ ഇന്ന് എന്ന ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുളളൂ…ആർഭാടകരമായ ജീവിതമായിരുന്നു..നാളെ എന്നത് എന്റെ നിഘണ്ടുവിലേ ഇല്ലായിരുന്നു..പലപ്പോഴും അവൾ പറയാറുളളതാ രണ്ടു പെൺമക്കളാ ഇങ്ങനെ ധൂർത്തടിക്കാതെ എന്തെങ്കിലും നാളെക്കായി കരുതാൻ…

അന്നൊക്കെ ഞാനവളെ നോക്കി പല്ലിറുക്കിയതേയുളളൂ…

ആറു മാസം മുമ്പ് നടന്നൊരു ആക്സിഡന്റിൽ ഞങ്ങളുടെ ജീവിതം മാറിമറയുകയായിരുന്നു…

എന്റെ ജീവൻ തിരിച്ച് കിട്ടിയത് തന്നെ  അവളുടെ പ്രാത്ഥനയുടെ ഫലമായാണ്..പക്ഷെ ഹോസ്പിറ്റൽ ചിലവുകളും മറ്റുമായി ഒരുപാട് പൈസ ചില വായിരുന്നു..അവളുടെ ആഭരണങ്ങൾ മുഴുവൻ വിൽക്കേണ്ടി വന്നു..അതിൽ അവൾക്ക് ഏറ്റവും അഴകെന്ന് എനിക്ക് തോന്നിയ ആ മൂക്കുത്തിയും ഉൾപെടും…

എല്ലാം എന്റെ തെറ്റാ കുറച്ചെങ്കിലും കരുതൽ വേണമായിരുന്നു…

അടുത്തമാസം ജോലിക്ക് തിരിച്ചുകയറാൻ പറ്റുമെന്ന ആശ്വാസം മാത്രമാണ് ഇപ്പോഴുളളത്…ഇനിയെങ്കിലും അവൾ പറയുന്നപോലെ ഒരു സാമ്പത്തിക അച്ചടക്കം ശീലിച്ചേ പറ്റൂ…

അങ്ങനെ ഒരു മാസം കൂടെ കടന്നു പോയി..

“ഇന്ന് ശമ്പളം കിട്ടി…ഇതുവരെ തോന്നുന്ന പോലെ ഞാൻ പൊടിച്ചു കളഞ്ഞു..ഇന്ന് മുതൽ നിന്നെ ഏൽപ്പിക്കാൻ ഞാൻ തീരുമാനിച്ചു..” ശമ്പളം അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു…

“അയ്യോ ഏട്ടാ അതൊന്നും വേണ്ട..ഒന്നു കൺ ട്രോൾ ചെയ്യണമെന്നേ ഞാൻ പറഞ്ഞുളളൂ” അവൾ വിഷമത്തോടെ അറിയിച്ചു..

“വേണ്ട..ഇനി ഇത് നിന്റെ കയ്യിലിരിക്കട്ടെ!” പൈസ അവളെ ഏൽപ്പിച്ച് ഞാൻ പുറത്തേക്ക് നടന്നു…

അപ്പോഴാണ് പെങ്ങളുടെ കോൾ വന്നത്..

“ഹാപ്പി ആന്നിവേഴ്സറി ചേട്ടാ” അവളുടെ ആ ഓർമ്മപെടുത്തലിലാണ് ഞാനാ വിഷയം ഓർത്തത് തന്നെ..

ശരിയാണല്ലോ…ടെൻഷൻ കാരണം അതും മറന്ന് പോയിരിക്കുന്നു…പാവം വെറുതെയല്ല രാവിലെ തന്നെ അവൾ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയത്…

എന്റെ നെറ്റിയിൽ പ്രസാദം തൊട്ട് തന്നപ്പോൾ ആ കണ്ണുകളിൽ എന്തോ ഒരു പ്രത്യേകത എനിക്ക് തോന്നിയതാണ്…

“ഛെ അവളെ ഒന്നു വിഷ് പോലും ചെയ്തില്ല..അല്ലെങ്കിൽ എങ്ങനെ ആഘോഷിക്കാറുളളതാ” ടൗണിലൂടെ അങ്ങനെ ചിന്തിച്ചു നടക്കുന്നതിനിടയിലാണ് ആ ജ്വല്ലറിയിലിരിക്കുന്ന പച്ച കല്ലുവച്ച മൂക്കുത്തി എന്റെ ശ്രദ്ധയിൽ പെട്ടത്..

പിന്നെ ഒന്നും നോക്കിയില്ല അകത്ത് കയറി അത് ഓർഡർ ചെയ്തു..

ബില്ലടക്കാനായി പോക്കറ്റിൽ കയ്യിട്ടപ്പോഴാണ് ശമ്പളം അവളുടെ കയ്യിൽ ഏൽപ്പിച്ച കാര്യം ഓർത്തത്…ക്രഡിറ്റ് കാർഡെല്ലാം ബില്ലടക്കാത്തത് കാരണം ബ്ലോക്കുമായിരുന്നു…

“സാർ കാർഡ് ആണോ ക്യാഷ് ആണോ?”

ബില്ലിംഗ് ക്ലാർക്കിന്റെ ആ ചോദ്യം എന്നെ വിഷമ ത്തിലാക്കുന്നതായിരുന്നു…

ഇപ്പോ ക്യാഷെടുത്തിട്ട് വരാമെന്ന് പറഞ്ഞ്  തൽക്കാലം അവിടന്ന് തടി തപ്പി…

എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നിയ നിമിഷം…അപ്പോഴാണ് കയ്യിൽ കെട്ടിയിരുന്ന വാച്ചിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞത്..എന്റെ ആർഭാടകാലത്തിന്റെ  തിരുശേഷിപ്പിലൊന്ന്…ഒരുപാട് ആഗ്രഹിച്ചു വാങ്ങിച്ചത്…

പിന്നെ ഒന്നും നോക്കിയില്ല അടുത്ത വാച്ച് കടയിൽ കയറി നല്ലൊന്നാന്തരം നഷ്ടത്തിൽ തന്നെ അത് വിറ്റു…അതിൽ എനിക്ക് ഒട്ടും വിഷമം തോന്നിയില്ല ചില സമയത്ത് പൈസക്ക് വിഷമത്തേക്കാൾ വിലയുണ്ടെന്ന് എനിക്ക് തോന്നി…

അങ്ങനെ ആ പച്ചക്കല്ലു മൂക്കുത്തിയും സ്വന്തമാക്കി വരുന്ന വഴിക്ക് ഒരു കേക്കും വാങ്ങി വീട്ടിലേക്ക് തിരിച്ചു…

കുട്ടികൾ പടിക്കൽ തന്നെ  കാത്തിരിക്കുന്നുണ്ടായിരുന്നു…

അവളാണെങ്കിൽ അടുക്കയിലെന്തോ പണിയിലായിരുന്നു അപ്പോൾ…

പതിയെ ചെന്ന് അവളെ പുറകിൽ നിന്നും വട്ടം പിടിച്ചു..

“ഹാപ്പി ആന്നിവേഴ്സറി മോളൂ…ഉമ്മ”

“എന്താ ഇത് ഏട്ടാ..വിട്..പിള്ളേരു കാണും..അല്ലാ ഇപ്പോഴാണോ ഓർമ്മ വന്നത്?” കുതറിമാറാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു…

എന്റെ കയ്യിലുണ്ടായിരുന്ന ഗിഫ്റ്റ് പാക്ക് ഞാനവൾക്ക് കൈമാറി..

“ഇതെന്താ ഇത്?” ആകാംക്ഷയോടെ അവൾ ചോദിച്ചു…

“തുറന്ന് നോക്ക്”

ആ പൊതി അഴിച്ചതും അവളുടെ മുഖത്ത് ആദ്യം സന്തോഷം വിടർന്നെങ്കിലും പിന്നീട് ആ കണ്ണിൽ നിന്നും കണ്ണു നീരിറ്റിറ്റായി വീഴാൻ തുടങ്ങി..

കണ്ണുനീർ തുടക്കാനായി ഞാൻ കൈ കൊണ്ട് ആ കവിളിൽ തൊട്ടതും അവൾ എന്റെ കൈക്ക് കയറിപിടിച്ചു…

“വാച്ച് വിറ്റല്ലേ? എന്തിനാ ഏട്ടാ..എത്ര ഇഷ്ടപെട്ടു വാങ്ങിയതാ..അത് ആ കൈകളിൽ കിടക്കുന്നത് കാണാൻ നല്ല ചേലായിരുന്നു”

“അതിനേക്കാൾ ചേലാണ് പെണ്ണേ ആ മൂക്കുത്തിയണിഞ്ഞ നിന്നെക്കാണാൻ”

അത് കേട്ടതും പെണ്ണിന്റെ മുഖത്ത് ഒരു നാണം വിരിഞ്ഞു..

“ഒന്ന് കണ്ണടക്കാമോ ചേട്ടാ?”

“എന്തിനാ പൊന്നേ?”

“അടയ്ക്ക്..ഒരു കാര്യമുണ്ട്”

“മം..അടച്ചു” അവൾ പറഞ്ഞത് പോലെ കണ്ണുകൾ അടച്ച് ഞാൻ നിന്നു..

എന്റെ മുഖത്തൊരു കനം അനുഭവപ്പെട്ടത് കൊണ്ടണ് ഞാൻ കണ്ണ് തുറക്കാൻ നിർബന്ധിതനായത്…ആ റെയ്ബാൻ ഗ്ലാസ്സിനുളളിലൂടെ ചിരിക്കുന്ന അവളുടെ മുഖം എനിക്ക് കാണാൻ കഴിഞ്ഞു…

ഗ്ലാസ്സുളളത് കൊണ്ട് എന്റെ  കണ്ണ് നിറഞ്ഞത് അവളറിഞ്ഞില്ല ഭാഗ്യം..

എന്തോ പറയാനായി വായ്  തുറന്ന എന്റെ വായ്പൊത്തിക്കൊണ്ട് അവൾ പറഞ്ഞു..

“ചേട്ടായിക്ക് ഒടുക്കത്തെ ഗ്ലാമറാട്ടോ”

~പ്രവീൺ ചന്ദ്രൻ