എഴുത്ത്: മഹാദേവന്‍
==========
“ച ത്ത കുട്ടിയുടെ ജാതകം വായിക്കുന്നതെന്തിനാ ഇനി. പോയവർ ആ വഴി അങ്ങ് പോക്കോണം. ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും..അത്രേ ഉളളൂ.. “
ഗോപാലേട്ടന്റെ ശബ്ദം ഹാളിൽ മുഴങ്ങുമ്പോൾ എല്ലാവരും നിശ്ശബ്ദരായിരുന്നു.
രണ്ട് മക്കളിൽ ഇളയവൾ ഇന്നലെ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയ ഷോക്കിൽ ആയിരുന്നു ആ കുടുംബം.
രണ്ട് ദിവസം മുന്നേ പതിനെട്ടു തികഞ്ഞതേ ഉളളൂ ഹരിതയ്ക്ക്. പതിനെട്ടിനായി കാത്തിരുന്ന പോലെ ഇന്നലെ കോളേജിലേക്ക് പോയവൾ സുമംഗലിയായ വാർത്ത ഗോപാലേട്ടനെയും സാവിത്രിയേയും വല്ലാതെ തളർത്തി. ഇളയവൾ എന്ന പരിഗണയിൽ വളർന്നവൾ ഇത്രത്തോളം വളർന്നുപോയെന്ന് മനസ്സിലാക്കാൻ ഈ നിമിഷം വരെ എത്തേണ്ടി വന്നു അവർക്ക്.
ഒരിത്തി കാട്ടിയത് പോലെ മോളും ആരെയെങ്കിലും കണ്ടെത്തി കാര്യങ്ങൾ ഒക്ക തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഒരു വാക്ക് പറഞ്ഞേക്കണം മോളെ അച്ഛനിനിയും വയ്യ നാണം കെടാൻ എന്ന പറയുബോൾ ആ കണ്ണുകളിൽ നനവ് പടരുന്നത് ഹരിണിയെ വല്ലാതെ പിടിച്ച് കുലുക്കി. അവൾ പതിയെ അച്ഛന്റെ കൈകളിൽ ചേർത്തുപിടിച്ചു.
“പോലീസിൽ പരാതി കൊടുക്കണ്ടേ “
സാവിത്രി നിറഞ്ഞ കണ്ണുകൾ സാരിത്തലപ്പിൽ തുടയ്ച്ചുകൊണ്ട് അയാളെ നോക്കുമ്പോൾ ഗോപാലേട്ടന്റെ ചുണ്ടിൽ വിളറിയ പുഞ്ചിരിയായിരുന്നു.
“എന്തിന്…ആരും അവളെ പിടിച്ചോണ്ട് പോയതൊന്നും അല്ലല്ലോ. അവളുടെ സ്വന്തം ഇഷ്ട്ടത്തിനു പോയതല്ലേ. കേസ് കൊടുത്ത് അവരെ പോലീസ്സ്റ്റേഷനിൽ വിളിച്ചുവരുത്തി ആരുടെ കൂടെ പോണം എന്ന് ചോദിക്കുമ്പോൾ എനിക്ക് ഇന്നലെ കണ്ടവന്റെ കൂടെ പോയാൽ മതി എന്ന് അവൾ പറയുന്നത് കൂടി ഞാൻ കേൾക്കണോ? അതുകൂടി ഞാൻ സഹിക്കണോ..അവൾക്ക് ഞാൻ ആരെന്നല്ല, എനിക്കവൾ മകളല്ലേ. “
അയാള് നിറഞ്ഞ കണ്ണുകൾ തുടച്ചു പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് കസേരയിൽ നിന്നും എണീറ്റു. പിന്നെ പതിയെ ബാത്രൂം ലക്ഷ്യമാക്കി നടന്നു. ഒരു അച്ഛന്റെ വേദനയെ മറ്റാരും കാണാതെ കരഞ്ഞുതീർക്കാനായി.
*************
” ദേവേട്ടാ…എനിക്കെന്റെ അച്ഛനെ കാണാൻ തോനുന്നു. “
ബെഡ്റൂമിലെ അരണ്ട വെളിച്ചത്തിൽ ഹരിതയുടെ കണ്ണുകൾ ഈറനണിയുന്നത് കണ്ടപ്പോൾ ദേവന് ദേഷ്യമാണ് വന്നത്.
“ഹോ, നിന്നെ കൂടെ കൂട്ടിയ അന്ന് മുതൽ തുടങ്ങിയതാ ഈ മൊതലക്കണ്ണീര്. ഇങ്ങനെ മോങ്ങാൻ ആണെങ്കിൽ പിന്നെ എന്തിനാണ് എല്ലാവരേം വേണ്ടെന്ന് വെച്ച് എന്റെ കൂടെ ചാടിയിറങ്ങിപോന്നത്? ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. അവരിങ്ങോട്ട് വരാതെ ഒരിക്കലും അങ്ങോട്ട് പോകാമെന്നു കരുതണ്ട. ആരുടേം മുന്നിൽ തല കുനിക്കാൻ എന്നെ കിട്ടില്ല “
അവന്റെ ദേഷ്യത്തോടെ ഉള്ള വാക്കുകൾ അവളുടെ കണ്ണുനീരിനു ശക്തി കൂട്ടി.
“അവർക്ക് തല കുനിക്കേണ്ട അവസ്ഥ വരുത്തികൊണ്ടല്ലേ ഞാൻ ഇറങ്ങിപ്പോന്നത്. അത്രയൊന്നും ഇല്ലല്ലോ ദേവേട്ടാ ഇത്. നിങ്ങള് ചാവുന്നും മറ്റും പറഞോണ്ടല്ലേ ഞാൻ, എന്നിട്ടിപ്പോ എനിക്കാരുമില്ല, നിങ്ങൾക്ക് എല്ലാരും ഉണ്ടല്ലോ. ഇവിടെ ആണെങ്കിൽ മകന്റെ ഭാര്യയോടുള്ള അനുകമ്പയല്ല, ഒന്നുമില്ലാതെ വലിഞ്ഞുകേറിവന്നവളോടുള്ള അമർഷം ആണ് എല്ലാരുടേം മുഖത്ത്. “
ഹരിതയുടെ ഏങ്ങലടി അവന്റെ കാതുകൾക്ക് അലോസരമാകാൻ തുടങ്ങിയപ്പോൾ ദേവൻ പതിയെ അവളുടെ കയ്യിൽ പിടിച്ചു.
“നീ ങ്ങനെ കരയാതെ ഒന്ന് ഉഷാർ ആയി നിൽക്ക്. ഇവിടെ എല്ലാവരുമായി ഒന്ന് അടുത്തിടപഴകിക്കഴിയുമ്പോൾ നിന്റ ഈ തെറ്റിദ്ധാരണയൊക്കെ അങ്ങ് മാറും. പിന്നെ നിന്റ വീട്ടുകാരുടെ കാര്യം. എല്ലാവരെയും ഇട്ടെറിഞ്ഞുപോന്നിട്ട് പിന്നെ ഒരു ദിവസം കേറി ചെല്ലുമ്പോൾ അവർ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? നിന്റ അച്ഛൻ ആട്ടിയിറക്കിയാൽ ഇപ്പോൾ ഉള്ളതിനേക്കാൾ വിഷമമാകും അത്. അതുകൊണ്ട് ഇപ്പോൾ നീയൊന്ന് സമാധാനപ്പെട്. മെല്ലെക്കണ്ട് ഒക്കെ നേർവഴിക്കു വരും, അതുവരെ നീ ഒന്ന് ക്ഷമിക്ക്. “
അവളെ മാറോടു ചേർത്ത് പിടിക്കുമ്പോൾ അവൾ ആ ശപിക്കപ്പെട്ട നിമിഷങ്ങളെ ഓർത്ത് വിലപിക്കുകയായിരുന്നു.
*************
” ഹരിണി നീ ഒന്ന് പ്രാക്റ്റിക്കലായി ചിന്തിക്ക്. എടുത്തുചാടി ഓരോന്ന് ചെയ്തുവെച്ചിട്ട് എത്ര മനസ്സുകളുടെ വിഷമം കാണണം പിന്നീട്. “
റെസ്റ്റോറന്റിലെ ഇരുണ്ട മൂലയിൽ മുഖത്തോടുമുഖം ഇരിക്കുമ്പോൾ പ്രതീക്ഷകൾ നഷ്ട്ടപ്പെട്ടവളെപ്പോലെ ആയിരുന്നു ഹരിണി.
“ഫൈസൽ..നിനക്ക് തോന്നുന്നുണ്ടോ നല്ല രീതിയിൽ നമ്മുടെ വിവാഹം നടക്കുമെന്ന്. എന്റെ അനിയത്തി ഒരുത്തന്റെ കൂടെ ഇറങ്ങിപോകുകകൂടി ചെയ്തതോടെ എല്ലാം പൂർണ്ണമായി. ഇപ്പോൾ എന്റെ ലൈഫ് ആണ് ഇതിനിടയിൽ കിടന്ന്…… “
അവളുടെ നിസ്സഹായത കണ്ട് അവനൊന്ന് പുഞ്ചിരിച്ചു.
“ഒരു മകൾ പോയതിന്റെ വിഷമം മാറും മുന്നേ അടുത്തവൾ കൂടി അതുപോലെ പോയാൽ, അതും അന്യമതക്കാരനായ എന്റെ കൂടെ. എല്ലാംകൊണ്ടും ആ അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷയും സ്വപ്നവും തകർന്നടിഞ്ഞു പൂർണ്ണമാകുന്നത് അപ്പോഴല്ലേ? അതാണ് ഞാൻ പറഞ്ഞത് പ്രാക്ടിക്കലായി ചിന്തിക്കാൻ. ഇനിയൊരു ഷോക്ക് കൂടി നിന്റ മാതാപിതാക്കൾക്ക് നൽകിയാൽ നമ്മുടെ ജീവിതം സന്തോഷകരമാകുമോ? അവർ സമ്മതിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമല്ലെടോ..ആദ്യം അവരുടെ പ്രതീക്ഷകളെ ഇനിയും തകർക്കാതിരിക്കുക എന്നതല്ലേ താൻ ചെയ്യേണ്ടത്. രണ്ട് പെണ്മക്കളുള്ള അച്ഛനും അമ്മയും. നാളെ അവരെ കെട്ടിച്ചുവിടുമ്പോഴുള്ള ശൂന്യതയോടെ ആ മക്കളുടെ വളർച്ചയ്‌ക്കൊപ്പം അവർ പൊരുത്തപ്പെട്ടു തുടങ്ങിയിട്ടുണ്ടാകും. ഇരുപത്തിയഞ്ചു കൊല്ലത്തോളം കണ്ണിമ ചിമ്മാതെ വളർത്തി പഠിപ്പിച്ചു മറ്റൊരാൾക്ക് നൽകുമ്പോൾ അവർക്ക് നേട്ടം എന്താടോ? നിങ്ങളൊക്കെ നന്നായി ജീവിക്കുന്നു എന്നത് കണ്ണ് നിറയെ കാണുക എന്നത് മാത്രം ആണ്. മരിക്കാൻ കിടക്കുമ്പോൾ അവസാനത്തെ ഒരു തുള്ളി വെള്ളം തരാൻ പോലും ചിലപ്പോൾ നിങ്ങൾക്ക് എത്താൻ കഴിഞ്ഞെന്ന് വരില്ലെന്ന് അവർക്കറിയാം. എന്നിട്ടും നിങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരെ ആണ് നിങ്ങളൊക്കെ…ജീവിതം ഒന്നല്ലേ ഉളളൂ…അതിൽ നമ്മുടെ സന്തോഷം മാത്രം ആഗ്രഹിച്ചാൽ പിന്നെ എന്താടോ ഈ ജീവിതത്തിന്റെ അർത്ഥം. നമ്മൾ വെറും സ്വാർത്ഥരായി പോകില്ലേ? അതുകൊണ്ട് ഇപ്പോൾ നീ വേറൊന്നും ചിന്തിക്കേണ്ട. ഈ ലോകത്ത് നമ്മൾ ഒരുമിച്ച് ജീവിക്കണമെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിൽ അങ്ങനെ നടക്കൂ. “
അവന്റെ വാക്കുകൾ നൽകുന്ന പ്രചോദനം അവളുടെ മുഖത്ത് സന്തോഷമായി മാറിയിരുന്നു.
അവളും ചിന്തിച്ചത് അവൻ പറഞ്ഞതായിരുന്നു
“ജീവിതം ഒന്നല്ലേ ഉളളൂ..അതിൽ നമ്മുടെ സന്തോഷം മാത്രം ആഗ്രഹിച്ചാൽ പിന്നെ എന്താടോ ഈ ജീവിതത്തിന്റെ അർത്ഥം. നമ്മൾ വെറും സ്വാർത്ഥരായി പോകില്ലേ?”
✍️ദേവൻ
കുറച്ച് നാളുകൾക്ക് ശേഷമുള്ള എഴുത്താണ്..☺️