Story written by Manju Jayakrishnan
============
“കണ്ണന്റെ ഫോണിൽ കണ്ട മെസ്സേജസ് എന്റെ ഉള്ളുലച്ചു..അവനിത്രക്ക് വലുതായോ? ഞാൻ ആത്മഗതം പറഞ്ഞു “
എന്റെ കണ്ണൻ….നേർച്ചയും കാഴ്ചയും കൊടുത്ത് കിട്ടിയതായത് കൊണ്ടു കുറച്ചു ലാളന കൂടിയിരുന്നു…പക്ഷെ അവൻ എല്ലാം അറിഞ്ഞു തന്നെ വളർന്നു
എനിക്ക് നൽകുന്ന കരുതലും സ്നേഹവും മറ്റാരേക്കാൾ കൂടുതൽ ആയിരുന്നു. അടുക്കളയിൽ പോലും ഒറ്റക്കാകാൻ അവൻ സമ്മതിക്കില്ല..
ചപ്പാത്തി കുഴച്ചാൽ പരത്താൻ റെഡിയായി കണ്ണൻ നിൽക്കും…
“ഇവൻ ആണുങ്ങളുടെ വില കളയും “… എന്ന് പറയുന്ന കെട്ടിയോനോടായി ഞാൻ പറയും…
“അവൻ നിങ്ങളുടെ വില ഉയർത്തിയിട്ടേ ഉള്ളൂ എന്ന്”…..കണ്ണാ ഇതേ പോലെ വന്ന പെണ്ണിനേം സഹായിക്കണേ എന്ന്…
ആ ദിവസങ്ങളിൽ ക്ഷീണിതയായ എന്നെ കൂടുതൽ മനസ്സിലാക്കിയിരുന്നത് അവൻ ആയിരുന്നു…..’അമ്മേ ഇതിന് വല്ല മരുന്നും കഴിക്കാൻ പറ്റുവോ എന്ന് ചോദിച്ചത് എന്റെ പ്രയാസം കണ്ടിട്ടായിരുന്നു’….
കാന്താരിയായി ചിന്നു വളരാനും കാരണം കണ്ണൻ ആയിരുന്നു….ഒന്ന് വഴക്കിടാൻ പോലും അവൻ സമ്മതിക്കില്ല….
ചിന്നു കണ്ണനെക്കാൾ നാലു വയസ്സ് എളേതായിരുന്നു….അവന്റെ കുട്ടികളോടുള്ള വാത്സല്യം കണ്ടപ്പോൾ ആണ് മറ്റൊരു കുഞ്ഞിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചത് പോലും
വീട്ടിൽ മറ്റാരെങ്കിലും വരുമ്പോൾ ചിന്നുനെ ഡ്രെസ്സൊക്കെ ഇടീക്കാൻ മുൻകൈ എടുക്കും…
“അമ്മാ..നമുക്ക് അവൾ കുട്ടി ആണ്…പക്ഷെ വരുന്നൊരു ഏത് ടൈപ്പ് ആണെന്ന് അറീല്ലല്ലോ “
അവന്റെ പക്വത എന്നെ പോലും അതിശയിപ്പിച്ചിട്ടുണ്ട്
സാരീ ഉടുക്കുമ്പോൾ ഫ്ലീറ്റ് എടുക്കാനും മറ്റും ആയി അവൻ കൂടെയുണ്ടാകും…
“പെണ്ണുണ്ണി” എന്ന് ചിന്നു പോലും കളിയാക്കി വിളിച്ചിരുന്നു
ഈയിടെ കണ്ണൻ എന്നോടുള്ള അടുപ്പം കുറച്ചു…മിക്കപ്പോഴും മുറിയിൽ ഉണ്ടാകും…
പണ്ടൊക്കെ കണ്ണനെ ദേഷ്യപ്പെട്ടു ഞാൻ കണ്ടിട്ടേ ഇല്ല. വന്നു വന്നു ചിന്നുനോട് ദേഷ്യപ്പെടാനും തുടങ്ങി
“കുട്ടികളിലെ വളർച്ച ആവൂടോ “…കൗമാരം അല്ലേ എന്നൊക്കെ പറഞ്ഞു കെട്ടിയോൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു എങ്കിലും എനിക്ക് ആധി കൂടി വന്നു
കണ്ണനോട് ചോദിച്ചു എങ്കിലും അവൻ ഒഴിഞ്ഞു മാറാൻ തുടങ്ങി…
അങ്ങനെ ആണ് അവന്റെ ഫോണിലെ മെസ്സേജുകൾ നോക്കുന്നത്…അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി
ഏതോ ഒരു പെൺകുട്ടിയുമായുള്ള ചാറ്റ് അതിരുകൾ കടന്നിരുന്നു…കേവലം പതിനഞ്ചു വയസ്സുള്ള കുട്ടികളുടെ ചാറ്റ് ആയിരുന്നില്ല അത്…അവളുടെ അർദ്ധന ഗ്ന ചിത്രങ്ങൾ കണ്ടു എന്റെ സമനില തെറ്റുമോ എന്നു പോലും ഭയപ്പെട്ടു
ഇത്രയും പക്വതയും പാകതയും കാണിച്ച അവന്റെ മാറ്റം എന്നെ കൂടുതൽ ഭയപ്പെടുത്തി…
അവനോട് സംസാരിച്ചാൽ അത് മനസ്സിലാവില്ല എന്നെനിക്കു തോന്നി…
പിറ്റേദിവസം സ്കൂളിൽ നിന്നും വന്ന ചിന്നു ഭയങ്കര കരച്ചിൽ ആയിരുന്നു…ഏതോ ആൺകുട്ടി അവളോട് പറഞ്ഞത്രേ
“അവളെ പുളിമാങ്ങ തീറ്റിക്കും എന്ന് “
കേട്ട ഉടനെ എന്റെ ഞരമ്പു വലിഞ്ഞു മുറുകി എങ്കിലും ഞാൻ കടിച്ചു പിടിച്ചു നിന്നു…
കണ്ണൻ കേട്ട ഉടനെ ക്രിക്കറ്റ് ബാറ്റുമായി അവനെ തല്ലാൻ ഇറങ്ങി ….
“നിനക്കതിനുള്ള യോഗ്യത ഉണ്ടോ കണ്ണാ “?
എന്റെ ആ ചോദ്യത്തിൽ അവൻ നടുങ്ങി…
“പെണ്ണ് എന്നാൽ ആക്രമിക്കപ്പെടേണ്ടവളും ഉപയോഗിക്കപ്പെടേണ്ടവളുംഅല്ല എന്ന് തിരിച്ചറിയാത്തതാണ് പ്രശ്നം “
സ്ത്രീ പ്രാതിനിധ്യം വാക്കുകളിൽ അല്ല മനസ്സിലും പ്രവർത്തിയിലും ആണ് ഉണ്ടാവേണ്ടത്….
പെണ്ണിനെ ബഹുമാനിക്കുന്ന ആരും അവളോട് മോശം പറയില്ല..അവളുടെ ന ഗ്നത ആസ്വദിക്കില്ല….
“നിന്റെ ഫോണിൽ കണ്ട ഫോട്ടോസ് കണ്ടിട്ട് തന്നെയാണ് ഞാൻ പറയുന്നത് “
തിരിച്ചറിവില്ലാത്ത പ്രായം ആണ്…
ആരെങ്കിലും ആ ഫോട്ടോസ് കണ്ടാലോ എവിടെ എങ്കിലും അപ്ലോഡ് ചെയ്താലോ നിങ്ങളുടെ ഭാവി ഒന്നോർത്തു നോക്കു..
ആ കുട്ടിയുടെ സ്ഥാനത്തു നീ ചിന്നുവിനെ സങ്കൽപിച്ചു നോക്കു…..
“അമ്മേ എന്ന് പറഞ്ഞു എന്റെ കാൽക്കൽ വീഴുമ്പോൾ ഞാനും കരഞ്ഞു “
ആ കുട്ടിയോട് അമ്മ സംസാരിക്കണം എന്ന് പറഞ്ഞു അവൻ തന്നെ നമ്പറും തന്നു…ഇനി അങ്ങനെ ഒരു തെറ്റ് അവന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല എന്ന് ഉറപ്പും തന്നു.
അവനോടായി ഞാൻ പറഞ്ഞു..
“ചിന്നു തന്നെ അത് കൈകാര്യം ചെയ്യട്ടെ….അവൾക്ക് പറ്റുന്നില്ല എങ്കിൽ നമ്മൾ ഇടപെടും “
“അനാവശ്യം കേട്ടാൽ പെണ്ണായാൽ പ്രതികരിക്കില്ല “
എന്നു വച്ചാണ് ഈത്തരം ഡയലോഗുകൾ വരുന്നത്…ശക്തമായ പ്രതികരണം മാത്രമാണ് പോംവഴി..
“ചുമ്മാതാണോ ഏട്ടാ ഞാൻ കരാട്ടെ പഠിച്ചേ…” എന്ന് പറയുമ്പോൾ അവളെ പുളിമാങ്ങ തീറ്റിക്കാം എന്ന് പറഞ്ഞവന്റെ അവസ്ഥയെക്കുറിച്ച് ഞാൻ ആലോചിക്കുവായിരുന്നു…