കല്യാണ തലേന്ന് എല്ലാരുമായ് സംസാരിച്ച് അകത്തിരിക്കുമ്പോൾ ലതിക അമ്മയെ അകത്തേക്ക് മാറ്റി നിർത്തി…

മരുമകൻ…

Story written by Smitha Reghunath

=============

“അമ്മയ്ക്ക് ഈ വെയിലത്ത് ഒരോട്ടോ പിടിച്ച് വന്നാൽ പോരായിരുന്നോ ?”

വിയർത്തൊലിച്ച മുഖവുമായ് സിറ്റൗട്ടിലേക്ക് കയറിയ മാധവിയമ്മ സാരിയുടെ തുമ്പ് കൊണ്ട് മുഖം ഒന്ന് തുടച്ചൂ. നെറ്റിയിലെ ചന്ദനവും സിന്ദൂരവും സാരിത്തുമ്പിൽ ആയതും അത് കാര്യമാക്കാതെ സോപാനത്തിലേക്ക് കയറി ഇരുന്ന് മകളെ ഒന്ന് നോക്കി..

ചുവരിലെ സ്വിച്ച് ഓണക്കീയതും ഘട ഘട ശബ്ദത്തോടെ ഫാൻ കറങ്ങി..തെല്ലെരൂ ചൂടിന് ആശ്വാസം ലഭിച്ചതും അവർ മകൾക്ക് നേരെ തിരിഞ്ഞു…

“എന്റെ ലതികെ ന്റെ കയ്യിലെങ്ങൂ അതിന് കൂടി കളയാനുള്ള പൈസ ഇല്ല..നിനക്ക് അറിയാമല്ലോ ഇക്കൊല്ലം കൃഷിയൊക്കെ വളരെ മോശമായിരുന്നു…നാളികേരമാണെങ്കിൽ കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഈകൊല്ലം തീരെ മോശമായിരുന്നു..”

”അമ്മ വന്നതെ പാടാ ദുരിതം പറഞ്ഞ് തുടങ്ങിയല്ലോ..? സുധാകരേട്ടൻ ഒന്നൂ തരുന്നില്ലേ ?” അമ്മ പറഞ്ഞത് ഇഷ്ടപ്പെടാതെ ലതിക പറഞ്ഞതും …

അവർ ദീർഘമായൊന്ന് നിശ്വസിച്ചൂ..

“ലതീകെ നീയെന്താ ഇങ്ങനെ പായുന്നത്…അവന് ഗവൺമെന്റ് ഉദ്യോഗം ഒന്നുമല്ല കൂലിപ്പണിയാണ്. പിന്നെ നിന്റെ ചേച്ചി ലേഖ അവള് കിടന്ന് കഷ്ടപ്പെടുകയാണ്…ആ പെണ്ണ് രാവെളുക്കോളം തുണിയും തയ്ച്ചും, ആടിനെ വളർത്തിയും, മറ്റുമാണ് ആ കുടുംബം കഴിഞ്ഞ് കുടുന്നത്. രണ്ട് പിള്ളേരെ പഠിപ്പിക്കണം എന്നിരുന്നാലും അവര് എന്നെ സഹായിക്കാറുണ്ട്…

നിന്റെ അനിയത്തി ലാവണ്യക്ക് പഠിക്കാനുള്ള ഫീസും അവൻ തന്നെയാണ് തരുന്നത്. നനഞ്ഞടം തന്നെ ഇനിയും കുഴിക്കാൻ എനിക്ക് വയ്യ…”

”അത്ക്കെ പോട്ടെ അമ്മേ…അമ്മ തൊഴിലുറപ്പിന് പോകുന്നുണ്ടോ?”

പെട്ടെന്നുള്ള മകളുടെ ചോദ്യം കേട്ടതും മാധവിയമ്മ ഒന്ന് പതറി

പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത് മകളുടെ നേർക്ക് തിരിഞ്ഞൂ..

“ആഹാ കരക്കമ്പി ഇത്ര പെട്ടെന്ന് ഇങ്ങ് എത്തിയല്ലോ..?”

“കരക്കമ്പിയൊന്നുമല്ല ഞാൻ കുറച്ച് ദിവസം മുമ്പ് ചേച്ചിയെ വിളിച്ചപ്പോൾ പറഞ്ഞതാണ്…അമ്മയ്ക്ക് ഇത് എന്തിന്റെ കേടാണ് ഈ വയസ്സായ സമയത്ത് കൊത്താനും കിളയ്ക്കാനും പോകണ്ട വല്ല കാര്യവുമുണ്ടോ ?..ശ്ശേ മനോജ് ഏട്ടൻ അറിഞ്ഞാൽ എന്തൊരു നാണക്കേടാണ്…ഒള്ളതു  തീന്നോണ്ട് വീട്ടിലെങ്ങാനും ഇരുന്നാൽ പോരായൊ…ഇത് മനുഷ്യന് നാണക്കേട് ഉണ്ടാക്കാൻ…”

“നിർത്തെടി” കോപത്തോടെ മാധവിയമ്മ അലറി

മിഴിച്ച് നോക്കിയ മകളൊട്

“ആർക്കാടി വയസ്സായത്…എനിക്കോ? 51 വയസ്സെ എനിക്കുള്ളൂ…ഒര് ആരോഗ്യ പ്രശ്നവും എനിക്കിത് വരെയില്ല…ശാരീരിക അവശതയുമില്ല..അദ്വാനിക്കാനുള്ള മനസ്സുമുണ്ട്…അതിന് എനിക്കൊരു കുറച്ചിലുമില്ല…എന്റെ മോൾക്ക് എന്തേലും നാണക്കേട് ഉണ്ടെങ്കിൽ നിന്റെ അമ്മയാണന്ന് ആരോടും പറയണ്ടാ…

നിങ്ങടെ അച്ഛൻ പോയതിൽ പിന്നെ എല്ലുമുറിയെ പണിയെടുത്താണ് നിന്നെയൊക്കെ പോറ്റിയതും, ഇതുവരെ എത്തിച്ചതും…

അമ്മയുടെ ക്ഷേമത്തിനായ് എന്റെ പുന്നാര മോള് ഇന്ന് വരെ എന്ത് ചെയ്തിട്ടുണ്ട്. പറ..പറയെടി…ഒരു പാവം പിടിച്ച ചെറുക്കൻ കിടന്ന് കഷ്ടപ്പെടുന്നത് കൊണ്ട് അല്ലല്ലില്ലാതെ ജീവിച്ച് പോകുന്നു…

എല്ലാ വർഷവും ഓണത്തിന് ഓരോ കോടിമുണ്ട് തന്നാൽ എല്ലാമായോ…പറയെടി….

ഞങ്ങളുടെ കാര്യത്തിൽ നിനക്കും ഇല്ലേ ഉത്തരവാദിത്വങ്ങൾ….നിന്റെ കല്യാണത്തിന് വേണ്ടി പണയപ്പെടുത്തിയതാണ് ആ വീടും പറമ്പും,,അത് തിരിച്ചെടുത്തിട്ടില്ല പലിശയടയ്ക്കുകയാണ്…ഇന്ന് വരെ നീ അതിനെപ്പറ്റി തിരക്കിയിട്ടുണ്ടേ ?”

ഒന്ന് പറയാതെ നില്ക്കുന്ന മകളെ ഒന്ന് നോക്കിയിട്ട് …

“ഇന്ന് നിന്റെ ജീവിതം ഭദ്രമായ്, സർക്കാർ ഉദ്യോഗമുള്ള ഭർത്താവിനെ കിട്ടി..ഇന്ന് അമ്മയെയും അമ്മ ചെയ്യുന്ന ജോലിയെയും നിനക്ക് പുശ്ചം…കഷ്ടം…

ഇതൊന്നൂ ഞാൻ പറയാൻ ഉദ്ദേശിച്ചത് അല്ല, നീയെന്നെ കൊണ്ട് പറയിപ്പിച്ചതാണ്. ആ അത് എന്തേലൂമാകട്ടെ….” സ്വയം പറഞ്ഞ് കൊണ്ട് അവർ മകളെ നോക്കി..

പിന്നെ ഞാൻ വന്നത് ഇന്നാള് ലാവണ്യക്ക് വന്ന ആലോചന അത് ഉറപ്പിക്കുകയാണ്…അവർക്ക് നിശ്ചയമൊന്ന് വേണ്ടന്നാണ്..ചെറിയ രീതിയിൽ മതി വിവാഹമെന്ന്…അടുത്ത മാസമാണ് പതിനഞ്ചാം തീയതി അധികം ആരെയും ക്ഷണിക്കുന്നില്ല…മനോജ് വരുമ്പൊൾ വിവരം പറഞ്ഞേര്…എങ്കിൽ ശരി ഞാനിറങ്ങുകയാണ്….”

“അല്ല അമ്മേ ഒന്നു കഴിച്ചില്ലല്ലോ…ഊണ് വിളമ്പാം അമ്മേ…ഏട്ടൻ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരൂ അന്നേരം അമ്മയെ ബസ്സ്റ്റോപ്പിൽ ആക്കൂ….”

വേണ്ടാ…അറുത്ത് മുറിച്ചത് പോലെ അവർ പറഞ്ഞൂ എന്റെ വയറ് അന്നം ചെല്ലാതെ തന്നെ നിറഞ്ഞൂ

ഞാൻ ഇറങ്ങൂകയാണ് സുധാകരൻ ഉച്ചയ്ക്ക് വരൂമ്പൊഴെക്കൂ എനിക്ക് അങ്ങ് ചെല്ലണം….

അതേ…അമ്മേ ഞങ്ങള് രണ്ട് ദിവസം മുൻപ് തന്നെ എത്താം…

ശരി..ആയ്ക്കോട്ടെ …

കല്യാണ തലേന്ന് എല്ലാരുമായ് സംസാരിച്ച് അകത്തിരിക്കുമ്പോൾ ലതിക അമ്മയെ അകത്തേക്ക് മാറ്റി നിർത്തി…

എന്താടി എന്താ…

അതേ അമ്മേ ഞാനൊരൂ കാര്യം പറഞ്ഞോട്ടെ…

എന്താടി പറ..

അതേ അമ്മേ,,പെണ്ണിനെ പയ്യന്റെ കയ്യിൽ പിടിച്ച് കൊടുക്കുന്ന ചടങ്ങില്ലേ …

ആ അവർ അലസമായി മൂളി …

ദേ പെണ്ണേ എന്താണന്ന് വെച്ചാൽ വേഗം പറ ആൾക്കാര് അപ്പുറത്തുണ്ട്. എനിക്ക് അവരുടെ അരികിലേക്ക് ചെല്ലണം,,iiii

പെണ്ണിന്റെ കയ്യ് പിടിച്ച് കൊടുക്കുന്നത് മനോജേട്ടൻ ചെയ്യട്ടെ അമ്മേ…

അതന്തെടി നീയങ്ങനെ പറഞ്ഞത് സുധാകരൻ അല്ലേ എന്റെ മുത്തമരുമകൻ. ഈ കുടുംബത്തിലേക്ക് ആദ്യം വന്ന് കയറിയത്..അവൻ തന്നെ ആ ചടങ്ങ് ചെയ്താൽ മതി…

അല്ല അമ്മേ മനോജേട്ടൻ ..

അവളെ പറയാൻ അനുവദിക്കാതെ അവർ ഇടയ്ക്ക് കയറി…

മതി നിർത്തിക്കോ….

ഈ കുടുംബം അവന്റെ കുടുംബമായ് കണ്ട് എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന അവനാണ് അതിന് അർഹത അവനോളം അർഹത എനിക്ക് പോലുമില്ല…കുലിപണിയായത് കൊണ്ടായിരിക്കൂ അവനോട് നിനക്ക് ഇത്ര പുശ്ചം ല്ലേ…ടി നിന്റെ ഉദ്യേഗക്കാരൻ ഭർത്താവിന്റെ വീട്ടുകാര് പറഞ്ഞ് പൊന്നും പണവു എല്ലാം കൊടുത്തതും ആ കൂലിപ്പണിക്കരനാണ് മറക്കണ്ട.

“തല മറന്ന് എണ്ണ തേയ്ക്കരുത് മോളെ…ഇന്ന് നിന്റെ ജീവിതം ഭദ്രമാക്കാനും ഇതേ പോലെ ഓടി നടക്കാനും എല്ലാം ചെയ്യാനും ഒരു മകന്റെ സ്ഥാനത്ത് അവനെ ഉണ്ടായിരുന്നൊള്ളും..എനിക്ക് ഈശ്വരൻ തന്ന പുണ്യമാണ് എന്റെ മരുമകൻ”

വിവാഹപന്തലിൽ ലാവണ്യയുടെ കന്യദാനം മരുമകൻ അച്ഛന്റെ സ്ഥാനത്ത് നിന്ന് ചെയ്യൂമ്പൊൾ ഈറനായാ മിഴികൾ നേര്യത് തുമ്പിനാൽ ഒപ്പി മാധവിയമ്മ…

ശുഭം.