ഉമേഷിന്റെ വീട്ടുമുറ്റത്ത് യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. സനൂപിനെ പിടിച്ചു മാറ്റാൻ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ നന്നേ പാടുപെട്ടു..
“നട്ടെല്ലില്ലാത്ത നീയൊക്കെ എന്തിനാടാ പു ല്ലേ പെണ്ണ് കെട്ടിയത്?” സനൂപ് അലറി.അവന്റെ നാല് കൂട്ടുകാർ കൂടെ ഉണ്ടായിരുന്നു… വന്നയുടൻ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന ഉമേഷിന്റെ കരണം പുകയുന്ന ഒരടി…പിന്നെ വലിച്ചു മുറ്റത്തേക്ക് ഇട്ടു ചവിട്ടി…സരോജിനിയുടെ നിലവിളി കേട്ടു വന്ന ആളുകൾ പിടിച്ചു വച്ചിട്ടും അവൻ അടങ്ങിയില്ല..
“കാശ് കടം വാങ്ങിയാൽ തിരിച്ചു കൊടുക്കണം..അല്ലാതെ ഭാര്യയുടെ തലയിലിടുകയല്ല വേണ്ടത്…പലിശക്കാരൻ വീട്ടിൽ കയറി തെമ്മാടിത്തരം കാണിച്ചിട്ടും അത് ചോദിക്കാൻ മിനക്കേടാതെ മിണ്ടാതിരിക്കുന്ന നീയൊക്കെ ചാവുന്നതാ നല്ലത്..” സനൂപ് പറഞ്ഞു…
ആ സ്ഥലത്തെ രാഷ്ട്രീയക്കാരും പ്രായമുള്ളവരും ഒക്കെ വന്നു പ്രശ്നം ഒത്തു തീർപ്പാക്കാൻ ശ്രമിച്ചു…സിതാര വരാന്തയിൽ ചുമരും ചാരി തലകുനിച്ചു നിൽക്കുകയാണ്…സനൂപ് അവളുടെ അടുത്തു ചെന്നു…
“ചേച്ചീ..” അവൻ വിളിച്ചു…അവൾ അനങ്ങിയില്ല…അവൻ അവളുടെ മുഖം പിടിച്ചുയർത്തി…
“ഈ നാ റി കെട്ടിയ താലി ഊരി അവന്റെ മുഖത്തെറിഞ്ഞിട്ട് ഇപ്പോ ഇറങ്ങണം…ഇനി ഇങ്ങനൊരുത്തൻ ചേച്ചിക്ക് വേണ്ട..”
അവൾ പ്രതികരണമില്ലാതെ നിൽക്കുകയാണ്…സനൂപ് അമ്പരന്നു..
“പറഞ്ഞത് കേട്ടില്ലേ?” അവൻ ശബ്ദമുയർത്തി,…
“നീ പൊയ്ക്കോ സനൂ..ഞാൻ വരുന്നില്ല..”
അവളുടെ പതിഞ്ഞ സ്വരം കേട്ടപ്പോൾ സനൂപ് ഒന്ന് ഞെട്ടി..
“എന്താ പറഞ്ഞേ?”
“ഞാൻ വരുന്നില്ല എന്ന്…നീ പൊയ്ക്കോ..വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട…”
അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല…അവളനുഭവിച്ച ദുരിതങ്ങൾ കേട്ടയുടൻ അമ്മയോട് കാര്യം പറഞ്ഞു ഇറങ്ങിയതാണ്…ആദ്യം കരുണന്റെ വീട്ടിലേക്ക്…അയാളെ തല്ലിച്ചതച്ച ശേഷമാണ് ഇങ്ങോട്ട് വന്നത്..തിരിച്ചു പോകുമ്പോൾ സിതാരയെ കൂടെ കൂട്ടും എന്നതായിരുന്നു തീരുമാനം. പക്ഷേ അവളിങ്ങനെ മാറുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല.
മുറ്റത്തു നിന്നും ഉമേഷ് ഉച്ചത്തിൽ കൈയടിച്ചു….
“കേട്ടല്ലോ…എല്ലാരും കേട്ടല്ലോ?..അവൾക്കു ഒരു കുഴപ്പവുമില്ല..എല്ലാ കുടുംബങ്ങളിലും ഉള്ള പ്രശ്നങ്ങളെ ഇവിടേം ഉള്ളൂ…പിന്നെ ഇവനെന്തിന്റെ സൂക്കേടാ??ഇനി ഇവളെ തിരിച്ചു കൊണ്ടുപോയി വേറെ വല്ല ഉദ്ദേശവും ഉണ്ടോ? പറയാൻ പറ്റില്ല, ഇന്നത്തെ കാലത്ത് അമ്മയെന്നോ സഹോദരിയെന്നോ ചിന്തിക്കാത്ത പിള്ളേര് കൂടുതലാ…”
വായിലെ ചോര തുപ്പികളഞ്ഞ് ഉമേഷ് അ ശ്ലീലച്ചിരി ചിരിച്ചു…സനൂപ് നിറകണ്ണുകളോടെ സിതാരയെ നോക്കി..
“ചേച്ചി കേട്ടില്ലേ ഇയാൾ പറഞ്ഞത്?”
“നിന്നോട് പൊയ്ക്കോന്ന് പറഞ്ഞില്ലേ സനൂ?ഞാനെങ്ങോട്ടും വരുന്നില്ല..ഇതാണെന്റെ വീട്…”
“ആ കുട്ടി വരുന്നില്ലെങ്കിൽ പിന്നെ നീയെന്തിനാ നിർബന്ധിക്കുന്നെ? “
ആൾക്കൂട്ടത്തിൽ നിന്നും ആരോ വിളിച്ച് ചോദിച്ചു…അവൻ വേദനയോടെ അവളെ നോക്കി..
“ചേച്ചിയുടെ കരച്ചിൽ കേട്ട് ചങ്കു തകർന്നാ ഞാനിങ്ങോട്ട് വന്നേ..ഇത്രയും അപമാനിച്ചപ്പോൾ തൃപ്തിയായല്ലോ? ഇനി നീ ച ത്തെന്നു അറിഞ്ഞാൽ പോലും ഞാനിങ്ങോട്ട് വരില്ല..ഇങ്ങനൊരു ചേച്ചി എനിക്കില്ല…”
ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അവൻ പുറത്തിറങ്ങി തലകുനിച്ചു നടന്നു. കൂടെ അവന്റെ കൂട്ടുകാരും..ആൾക്കാർ മുറ്റത്തു കൂടി നിന്ന് അഭിപ്രായപ്രകടനങ്ങൾ തുടരുമ്പോൾ സിതാര മുറിയിലേക്കോടി വാതിലടച്ചു..എന്നിട്ട് കട്ടിലിൽ വീണു പൊട്ടിക്കരഞ്ഞു…മനസുകൊണ്ട് ആയിരം വട്ടം അവൾ അനിയനോട് മാപ്പ് പറയുകയായിരുന്നു…
***************
“ഇപ്പോഴും സനൂപ് ചേച്ചിയോട് മിണ്ടാറില്ലേ?”
ജയദേവൻ നിത്യയോട് ചോദിച്ചു..വീടിനു പിറകിലെ കുളക്കരയിൽ ഇരിക്കുകയാണ് രണ്ടുപേരും..
“ഇല്ല…അന്നത്തെ നാണക്കേട് അവനു മറക്കാൻ പറ്റിയില്ല..അതിനു ശേഷമാ ക ള്ളുകുടി തുടങ്ങിയതും…”
“ഛെ…എന്നാലും ആ കുട്ടി ചെയ്തത് മോശമായിപ്പോയി..സനൂപിന് എന്തോരം വിഷമമായിക്കാണും?”
“അതല്ല മാഷേ…ചേച്ചി അങ്ങനെ പറയണമെങ്കിൽ എന്തേലും കാരണമുണ്ടാകില്ലേ? അത് കണ്ടുപിടിക്കാൻ ഇവൻ മിനക്കെട്ടില്ല…”
ജയദേവൻ ഒരു കല്ലെടുത്ത് കുളത്തിലേക്ക് എറിഞ്ഞു…ഏറെ നേരമായി അവർ അവിടിരുന്നു കഥകൾ പറയുകയാണ്..സനൂപിനെ കുറിച്ച്, സിതാരയെ കുറിച്ച്…
“മാഷിന്റെ മൊബൈൽ താ…ചേച്ചിയെ കാണിക്കാം…” ജയദേവൻ മൊബൈൽ നീട്ടി..അവൾ ഫേസ്ബുക് എടുത്ത് സേർച്ച് ചെയ്തു. അതിനു ശേഷം തിരിച്ചു കൊടുത്തു.
“ഇതാണ് ചേച്ചി.” ജയദേവൻ നോക്കി..സുന്ദരമായ മുഖം..വിഷാദം നിഴലിക്കുന്ന കണ്ണുകൾ…പോസ്റ്റുകൾ കാണാൻ പറ്റുന്നില്ല…
“ഞാൻ റിക്വസ്റ്റ് വിട്ടിട്ടുണ്ട്…ചേച്ചി സൂപ്പറായി കവിതകളും കഥകളുമൊക്കെ എഴുതും…ആക്സപ്റ്റ് ചെയ്‌താൽ മാഷിന് വായിക്കാം”
“നിനക്ക് ഫേസ്ബുക്ക് ഒന്നുമില്ലേ?”
“ഉണ്ടായിരുന്നു…ഇപ്പൊ ഇല്ല..സമയം വേണ്ടേ.? ജോലിയുടെ തിരക്ക്, പിന്നെ ബാക്കിയുള്ള സമയം അവനു കൊടുക്കണം..ഞാനും കൂടി അവഗണിച്ചാൽ ചിലപ്പോൾ അവനു ഭ്രാ ന്താകും…”
ജയദേവൻ അത്ഭുതത്തോടെ അവളെ നോക്കിയിരിക്കുകയാണ്…എത്ര പക്വതയോടെ ആണ് ഈ കൊച്ചു പെണ്ണ് സംസാരിക്കുന്നത്….
“ശരിക്കും നിന്റെ ജോലിയെന്താ? അത് ചോദിക്കാൻ വിട്ടു..”
“ലാബ് ടെക്നീഷ്യനാ..ഹോളി ഏഞ്ചൽ ഹോസ്പിറ്റലിൽ..ഇവിടെ വന്നാൽ ഹോട്ടലിൽ പോയി അമ്മയെ സഹായിക്കും.”
സംസാരിച്ചു കൊണ്ടിരിക്കവേ ജയദേവന്റെ ഫോണടിച്ചു..അവൻ എഴുന്നേറ്റ് കുറച്ചു മാറി നിന്നു…
“ജയൻ എന്തു തീരുമാനിച്ചു?” സ്വപ്നയുടെ ഗൗരവത്തിലുള്ള സ്വരം…
“എന്റെ തീരുമാനം ഞാൻ പറഞ്ഞതല്ലേ?..എവിടെ വേണമെങ്കിലും സൈൻ ചെയ്തു തരാം. പക്ഷെ അതിനു മുൻപ് ഡ്രീംസ് അഡ്വർടൈസിങ് കമ്പനി പൂർണമായും എന്റെ പേരിൽ കിട്ടണം..”
“അതെങ്ങനെ ശരിയാവും?എന്റെയും കൂടി അദ്ധ്വാനമാ അത്…” സ്വപ്നയുടെ ശബ്ദം കനത്തു..
“ആയിരിക്കാം…പക്ഷേ എനിക്കതു വേണം..ഡിവോഴ്സിന് ആവശ്യം എനിക്കല്ല, നിനക്കാ…അതുകൊണ്ട് തന്നെ ഈ ഡീലിന് സമ്മതിച്ചേ പറ്റൂ..പിന്നെ നിന്റെ മാത്രമല്ല, ആ കമ്പനിക്കു വേണ്ടി ഉറക്കമൊഴിച്ചു കഷ്ടപ്പെട്ടവർ വേറെയുമുണ്ട്…എല്ലാർക്കും അവകാശപ്പെട്ടതാ അത്.
കോപത്തിൽ എന്തൊക്കെയോ മുരണ്ടുകൊണ്ട് സ്വപ്ന ഫോൺ വച്ചു. ജയദേവനു ഹൃദയം മുറിയുന്ന വേദന തോന്നി…അവന്റെ ഭാവമാറ്റം നിത്യ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…അവൾ മെല്ലെ എഴുന്നേറ്റു അവന്റെ മുന്നിൽ ചെന്നു നിന്നു..
“ഭാര്യയാണോ?”
“ഉം..”
“എന്തുപറ്റിയതാ…? പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ…”
“ഏയ് അതൊന്നുമില്ല…നീയൊക്കെ കേട്ടു തഴമ്പിച്ച സിനിമാകഥകൾ പോലൊക്കെ തന്നെയാ….പഠനം കഴിഞ്ഞ് ജീവിക്കാൻ വഴി തേടി ചെന്നൈയിലേക്ക് വണ്ടി കയറിയ നായകൻ..പട്ടിണിയും അലച്ചിലും അവഗണനയും മാത്രമായ കുറേ നാളുകൾ…യാദൃശ്ചികമായി പരിചയപ്പെട്ട ഒരു പെൺകുട്ടി…ആ ബന്ധം നല്ല സൗഹൃദമായി മാറി..നഷ്ടത്തിലായ ഒരു പരസ്യകമ്പനി ഏറ്റെടുത്തു നടത്തുന്നു..വര്‍ഷങ്ങളുടെ പരിശ്രമത്തിനൊടുവിൽ കടബാധ്യതകൾ തീർത്തു കമ്പനി വളർന്നു..കൂടെ ഞങ്ങളുടെ പ്രണയവും..പിന്നെ വിവാഹം..കുടുംബജീവിതം….ഇപ്പോൾ വിവാഹമോചനവും…”
ജയദേവൻ ഒന്ന് ചിരിച്ചു…നിത്യ അന്തം വിട്ട് അവനെ തന്നെ നോക്കിയിരിക്കുകയാണ്…
“ബാക്കി വിശദമായി പിന്നെ പറയാം..നിനക്ക് ഹോട്ടലിലേക്ക് പോകണ്ടേ?”
“ആ വേണം…”
“എന്നാൽ വാ…ഞാനും കവലയിലേക്കുണ്ട്..”
************
രാത്രി പന്ത്രണ്ടു മണി ആയി…ജോലിഭാരം കാരണം സിതാര തളർന്നു…കട്ടിലിൽ കിടന്ന് അവൾ ഫോണെടുത്തു…ഉമേഷ് കൂട്ടുകാരുടെ കൂടെ എവിടെയോ യാത്ര പോയതാണ്..ഇടയ്ക്ക് ഇത് പതിവുണ്ട്…അവൾക്കത് ആശ്വാസവുമാണ്..ശരീരത്തിനും മനസിനും സ്വസ്ഥത കിട്ടും..
ഇരുപത് പേർ മാത്രമുള്ള ഫേസ്ബുക് ഗ്രൂപ്പിൽ കുറച്ചു നേരം ചിലവഴിച്ചു. അതിനു ശേഷം , കുമിഞ്ഞു കൂടിയ ഫ്രണ്ട് റിക്വസ്റ്റുകൾ ഓരോന്നായി റിമൂവ് ചെയ്യവേ പരിചയമുള്ള ഒരു മുഖം…അവളൊന്നു ഞെട്ടി…സനൂപ് അല്ലേ ഇതു? കണ്ണുകൾ തിരുമ്മി അവളൊന്നുകൂടി നോക്കി…അതേ സനൂപ് തന്നെ…നിത്യയുമുണ്ട്..അവളെ മുൻപേ അറിയാം..സനൂപ് തന്നെ ഉപേക്ഷിച്ചു പോകുന്നത് വരെ വല്ലപ്പോഴും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. പിന്നെ ഇല്ല..അവൻ വിലക്കിക്കാണും…കൂടെയുള്ളതാരാണെന്ന് അവൾക്ക് മനസിലായില്ല..അവൾ പ്രൊഫൈൽ നെയിം നോക്കി. ജയദേവൻ ഡ്രീംസ്…ആരായിരിക്കുമിത്? ഒരു സെൽഫിയാണ്, അവർക്കു പിന്നിലുള്ളത് നാട്ടിലെ ദുർഗാ ക്ഷേത്രമാണെന്ന് മാത്രം അവൾക്ക് മനസിലായി…അവൾ റിക്വസ്റ്റ് സ്വീകരിച്ചു..എന്നിട്ട് ആ ഫോട്ടോ സൂം ചെയ്തു നോക്കി..സനൂപ് ഒരുപാട് മാറിയിരിക്കുന്നു…അലസമായി വളർന്ന താടിരോമങ്ങളും, പുഞ്ചിരിയില്ലാത്ത മുഖവും അവനെ വേറാരെയോ പോലെ തോന്നിപ്പിച്ചു…..
സനൂ…ഒരിക്കലെങ്കിലും നിനക്ക് എന്നോട് മിണ്ടിക്കൂടെ? ഒരൊറ്റ തവണ എനിക്ക് പറയാനുള്ളത് കേട്ടൂടെ? അവളുടെ മനസ്സ് വിങ്ങിപ്പൊട്ടി….
**************
സ്വപ്ന…പേര് പോലെ തന്നെ അവളുടെ കൂടെയുള്ള ജീവിതവും ഒരു കിനാവായിരുന്നു എന്ന് ജയദേവന് തോന്നി..ചെന്നൈ ടി നഗറിലെ ഫ്ലാറ്റിൽ ജീവിതം സ്വർഗ്ഗതുല്യമായിരുന്നു..സുഖത്തിലും ദുഖത്തിലും കൂടെ നിന്നവൾ…ഒടുവിലെന്നോ ആ ബന്ധത്തിൽ വിള്ളൽ വീണതോടെ ഒരു ദയയുമില്ലാതെ അവളിറങ്ങി പോയി…സാരമില്ല..അവളുടെ സന്തോഷം അതാണെങ്കിൽ അങ്ങനെ തന്നെ…പക്ഷേ കമ്പനി വിട്ടുകൊടുക്കില്ല..അവൻ മനസ്സിൽ ഉറപ്പിച്ചു…
ഫേസ്ബുക് നോട്ടിഫിക്കേഷൻ നിശബ്ദതയെ ഭേദിച്ചപ്പോൾ ജയദേവൻ കണ്ണു തുറന്നു ഫോൺ എടുത്തു..സിതാര റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തിരിക്കുന്നു..അവൻ അവളുടെ വാളിലൂടെ യാത്ര തുടങ്ങി…ദുഃഖവും, നഷ്ടപ്രണയവും നിറഞ്ഞു നിൽക്കുന്ന കുഞ്ഞുകവിതകൾ..എല്ലാത്തിന്റെയും അവസാനം മരണത്തെ പുൽകാൻ കൊതിക്കുന്ന ഒരാളെ കാണാമായിരുന്നു…
കുറച്ചു ദിവസം മുൻപ് പോസ്റ്റ് ചെയ്ത ഒരു കഥ വായിക്കവേ മെസ്സഞ്ചറിൽ ഹായ് വന്നു…സിതാര…അവനു അത്ഭുതമായി…റിപ്ലൈ കൊടുത്തപ്പോൾ അവളുടെ ചോദ്യം..
“സനൂപിനെ എങ്ങനെ അറിയാം?”
“സനൂപിനെയും നിത്യയെയും അവരിലൂടെ തന്നെയും അറിയാം…ഞാനിപ്പോ തന്റെ നാട്ടിലാണ് താമസം..അവനും ഞാനും സുഹൃത്തുക്കളാണ്…”
ചെറിയ ഇടവേളയ്ക്ക് ശേഷം അവൾ ചോദിച്ചു..
“അവനു സുഖമാണോ?”
ആ മെസ്സേജിൽ അടങ്ങിയ സ്നേഹവും വേദനയും എത്രത്തോളം ആഴമേറിയതാണെന്ന് ജയദേവന് മനസിലായി…
“കുഴപ്പമൊന്നുമില്ല..അവനു താങ്ങായി നിത്യയുണ്ട്…”
മണിക്കൂറുകളോളം അവർ ചാറ്റ് ചെയ്തു..അവളുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കാതിരിക്കാൻ ജയദേവൻ പരമാവധി ശ്രദ്ധിച്ചു…സാഹിത്യത്തെ കുറിച്ചും ഇഷ്ടപ്പെട്ട എഴുത്തുകാരെ കുറിച്ചും അവന്റെ വർക്കിനെ കുറിച്ചുമെല്ലാം…ഒടുവിൽ ഉറക്കം വരുന്നെന്നു പറഞ്ഞു അവൾ അവസാനിപ്പിച്ചപ്പോഴേക്കും നല്ലൊരു സുഹൃത് ബന്ധം അവരിൽ ഉടലെടുത്തു കഴിഞ്ഞിരുന്നു…
****************
“ജയേട്ടന്റെ കുടുംബമൊക്കെ?” സനൂപ് ചോദിച്ചു…ഓട്ടോ ഡ്രൈവർ സുഗുണന്റെ വീടിനടുത്തുള്ള വയലിൽ, കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതും നോക്കിയിരിക്കുകയായിരുന്നു അവർ…
“ഭാര്യയുടെ കാര്യം അന്നേ പറഞ്ഞില്ലേ..അച്ഛനുമമ്മയും മരിച്ചു…ഒരു ചേട്ടനുണ്ട്, ചെന്നൈയിൽ തന്നെയാ…സ്ക്രിപ്റ്റ് റൈറ്റർ ആണ്…രണ്ടു പടം സംവിധാനം ചെയ്തിട്ടുമുണ്ട്..”
“അതുകൊള്ളാലോ?ചേട്ടന്റെ പേരെന്താ? “
“ചന്ദ്രബോസ്.. “
“കേട്ടിട്ടില്ല…ഞാൻ മലയാള സിനിമ തന്നെ കാണാറില്ല..പിന്നല്ലേ തമിഴ്…അതോണ്ടാവും..”
ജയദേവൻ ചിരിച്ചു..
“സത്യം പറയാല്ലോ സനൂ,..ചേട്ടന്റെ പടം ഞാനും കണ്ടിട്ടില്ല..മൂപ്പര് ബുദ്ധിജീവി ലെവലാണ്…എനിക്കത് അത് സെറ്റ് ആവില്ല…ഉറക്കം വരും…”
സനൂപിന്റെ ഫോണടിച്ചു…അവന്റെ മുഖത്തെ തെളിച്ചത്തിൽ നിന്നും നിത്യയാണ് വിളിച്ചതെന്ന് മനസിലായി…ഫോണും പിടിച്ചു വരമ്പത്തൂടെ അവൻ നടക്കുകയാണ്..ജയദേവൻ എഴുന്നേറ്റ് കുട്ടികളുടെ കൂടെ കളിക്കാൻ തുടങ്ങി….
ഗ്രാമത്തിലെ കുറച്ചു നാളത്തെ താമസത്തിനു ശേഷം ജയദേവൻ തിരിച്ച് എറണാകുളത്തേക്കും അവിടുന്ന് ചെന്നൈയിലേക്കും പോയി..യാത്ര പറയുമ്പോൾ സനൂപിന് വല്ലാത്ത സങ്കടം തോന്നി…ഏതാനും നാളുകൾക്കുള്ളിൽ തന്നെ അവർ അത്രയ്ക്കടുത്തിരുന്നു…പക്ഷേ അവനോട് സിതാരയുടെ കാര്യമൊന്നും ചോദിച്ചില്ല…അത് അവനെ വേദനിപ്പിക്കുമെന്ന് നിത്യ പറഞ്ഞിരുന്നു…സിതാരയോട് തിരിച്ചു പോകുമെന്ന് മെസ്സേജ് അയച്ചു….
*********
മാസങ്ങൾ കടന്നു പോയി…
ഒരുദിവസം ജോലിയുടെ വിരസതയും ടെൻഷനും മാറ്റാൻ കുറച്ചു മ ദ്യം കഴിച്ചു കൊണ്ടിരിക്കവേ നിത്യയുടെ ഫോൺ വന്നു..
“മാഷേ..”
“എന്താടീ?”
“എന്താ പരിപാടി?”
“വെള്ളമടി..വേറെന്തു പരിപാടി?”
“നന്നായിക്കൂടെ മനുഷ്യാ?”
അവനു ചിരിവന്നു…
“കുറേ കാലം നന്നായതാടീ…അതുകൊണ്ട് ഒരു ഗുണവുമുണ്ടായില്ല…”
“ഉപദേശിച്ചിട്ട് കാര്യമില്ലല്ലോ…ഇനിയെന്നാ ഇങ്ങോട്ട്..?”
“നിങ്ങളുടെ കല്യാണത്തിന് വരും…പോരേ..?”
“അത് മതി…ഈ കു ടി കാരണം അതുവരെ ആള് ബാക്കിയുണ്ടാകുമോ?”
“കരിനാക്കാണോ നിന്റെ?”
അപ്പുറത്ത് നിന്നും പൊട്ടിച്ചിരിയുടെ ശബ്ദം കേട്ടു….
കുറച്ചു നേരം സംസാരിച്ച ശേഷം അവൾ ഫോൺ വച്ചു…വിശ്വനാഥൻ അവന്റെ അരികിൽ വന്നു..
“ആരാടാ?”
“നിങ്ങളുടെ അയൽക്കാരി..നിത്യ..”
അയാൾ ജയദേവനെ തന്നെ നോക്കി നിന്നു..
“എന്താ വിശ്വേട്ടാ?”
“നിന്റെ മാറ്റം…ആ നാട് നിന്നെ ഇത്രയ്ക്കു സ്വാധീനിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ പണ്ടേ അങ്ങോട്ട് അയക്കുമായിരുന്നു..നിത്യയും സനൂപും. പിന്നെ, എന്താ മറ്റേ കുട്ടിയുടെ പേര്?”
“സിതാര..” ജയദേവൻ പെട്ടെന്ന് പറഞ്ഞു.
“അത് തന്നെ….ഈ മൂന്നു പേരല്ലേ നിന്നെ തിരിച്ചു തന്നത്…അവരോടു ഡ്രീംസും ഇവിടുത്തെ എല്ലാവരും കടപ്പെട്ടിരിക്കുന്നു…അതുപോട്ടെ, നിന്റെ മനസ്സിൽ ആഴത്തിൽ പതിയാൻ മാത്രം എന്തു പ്രത്യേകതയാണ് ഇവർക്കുണ്ടായിരുന്നത്?
ജയദേവൻ ഗ്ലാസ് താഴെ വച്ച് എഴുന്നേറ്റു…
“അവർ സാധാരണ മനുഷ്യർ തന്നെയാ…ഒരുപാട് സങ്കടങ്ങളും പ്രശ്നങ്ങളും ചുമന്നു ജീവിക്കുന്നവർ…പക്ഷേ അഭിനയിക്കാൻ അറിയില്ല..എന്നെയൊരു കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കുന്ന പയ്യനാ സനൂപ്…ചിരിക്കാനുള്ള കഴിവ് എനിക്ക് വീണ്ടെടുത്ത് തന്നത് നിത്യയാണ്…പിന്നെ സിതാര….”
അവനൊന്നു നിർത്തി…
“അവളനുഭവിക്കുന്ന പ്രശ്നങ്ങൾ തുറന്നു പറയുന്നു…അത് എന്നോടുള്ള വിശ്വാസം കൊണ്ടാ…അതൊക്കെ പറഞ്ഞു കരയാൻ അവൾക്ക് വേറെ ആരുമില്ല…അവളുടെ വേദന മനസിലാക്കുകയും , കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്നോടുള്ള ബഹുമാനം…എനിക്ക് കിട്ടാതെ പോയതും അതല്ലേ ഏട്ടാ…വിശ്വാസവും ബഹുമാനവും….?”
വിശ്വനാഥൻ അവനെ സാകൂതം നോക്കുകയാണ്…
“ജയാ…അവളൊരു ഭാര്യയാണ്…നീ പറഞ്ഞ അറിവ് വച്ച് മനുഷ്യത്വം ഇല്ലാത്ത ഒരുത്തന്റെ ഭാര്യ…നാളെ നീ കാരണം ആ കുട്ടി അനുഭവിക്കാൻ ഇടവരരുത്…”
മുന്നറിയിപ്പ് പോലെ പറഞ്ഞിട്ട് അയാൾ പോയി…ആ വാക്കുകളുടെ പൊരുൾ ജയദേവനു മനസിലായി…സൗഹൃദത്തിനപ്പുറത്തേക്ക് സിതാരയോട് ഒരിഷ്ടം തോന്നുന്നുണ്ടോ?അറിയില്ല…പക്ഷേ അവളോട് സംസാരിക്കുമ്പോഴും അവളുടെ മെസ്സേജ് കാണുമ്പോഴും മനസ്സിൽ സന്തോഷം അലയടിക്കാറുണ്ട്…പ്രണയിച്ചു വിവാഹം കഴിച്ചെങ്കിലും, ആ പ്രണയവും ദാമ്പത്യവും എല്ലാം കൈമോശം വന്ന ഒരുത്തനു തോന്നുന്ന മോഹം….സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള കൊതി…അതോ തനിച്ചാക്കി പോയവളോടുള്ള പ്രതികാരമോ?…ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ അവൻ കുഴങ്ങി….
***********
ഫേസ്ബുക്കിൽ ഒരു കവിത എഴുതി പോസ്റ്റു ചെയ്യാൻ ഒരുങ്ങുകയായിരുന്നു സിതാര…പതിവ് പോലെ ജോലികളൊക്കെ തീർത്തു മേൽ കഴുകി കിടക്കയിൽ വീണ ശേഷമാണു എഴുത്ത് തുടങ്ങിയത്..പറക്കാൻ തുടങ്ങും മുൻപ് ചിറകു നഷ്ടപ്പെട്ട ചിത്രശലഭത്തെ കുറിച്ചുള്ള കവിത…ഉമേഷ് മുറിയിലേക്ക് കയറിയപ്പോൾ അവൾ ഫോൺ മാറ്റി വച്ചു. ഇല്ലെങ്കിൽ അതിനായിരിക്കും അടുത്ത വഴക്ക്….ലൈറ്റ് ഓഫ് ചെയ്ത് അവൻ വന്നു കിടന്നു…
ജയദേവൻ വിളിച്ചിട്ട് രണ്ടു നാളായെന്നു അവളോർത്തു…പുതിയ വർക്കിന്റെ ആവശ്യത്തിനായി തഞ്ചാവൂരിൽ പോകുകയാണെന്ന് മെസ്സേജ് അയച്ചിരുന്നു..അവനെ കുറിച്ചോർത്തപ്പോൾ തന്റെ മനസ്സിൽ വല്ലാത്തൊരു ആശ്വാസം തോന്നുന്നത് സിതാര അറിഞ്ഞു…ഒന്നും പ്രതീക്ഷിക്കാതെ, മാന്യമായി പെരുമാറുന്ന ഒരു പുരുഷൻ…ജീവിതാവസാനം വരെ കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചവൾ പാതിവഴിയിൽ ഇട്ടിട്ട് പോയപ്പോൾ തളർന്നു പോയ ഒരാൾ….ഇപ്പോഴും സ്വപ്നയെ വെറുക്കുന്നില്ല എന്ന അറിവ് അയാളോടുള്ള ബഹുമാനം വർധിപ്പിക്കുന്നു….ഉമേഷിന്റെ കൈ വയറിനെ പൊതിഞ്ഞപ്പോൾ അവൾ ചിന്തകളിൽ നിന്നു ഞെട്ടി….അവൻ അടുത്തോട്ടു നീങ്ങി കിടക്കുകയാണ്…മ ദ്യത്തിന്റെ ഗന്ധം മനം പിരട്ടൽ ഉണ്ടാക്കി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവൾക്കു മനസിലായി…
“ഉമേഷേട്ടാ..ഇന്ന് വയ്യ…നടുവേദനിക്കുന്നു..” അവൾ ഭയത്തോടെ പറഞ്ഞു..പി രീഡ്സ് അഞ്ചാം ദിവസമാകുന്നതേയുള്ളൂ…അസഹ്യമായ നടുവേദനയും വീട്ടുജോലികൾ ചെയ്ത ക്ഷീണവുമുണ്ട്..
അവനത് ഗൗനിച്ചില്ല,..കൈ വിരലുകൾ ശരീരത്തിലൂടെ പരതി നടക്കുമ്പോൾ അവൾ തടഞ്ഞു…
“പ്ലീസ്…ഇന്നെന്നെ വെറുതെ വിട്…” സിതാര കെഞ്ചി…അവൻ ചാടിയെഴുന്നേറ്റ് അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു,..
“നിനക്കെന്താടീ ഒരു മാറ്റം? ഇനി ഞാനില്ലാത്തപ്പോൾ വല്ലവനും ഇങ്ങോട്ട് വരുന്നുണ്ടോ? “
അവൾക്ക് ശ്വാസം മുട്ടി..രണ്ടു നിമിഷം കൂടി കഴിഞ്ഞാണ് ഉമേഷ് പിടി വിട്ടത്…അവൾ ആയാസപ്പെട്ടു ശ്വസിച്ചു….ഇതോടെ ഇന്ന് രക്ഷപ്പെട്ടു എന്ന അവളുടെ ചിന്തയ്ക്ക് ആയുസ് ഉണ്ടായില്ല…ധരിച്ചിരുന്ന നൈറ്റി അവൻ ഒറ്റ വലിക്ക് കീറിയെറിഞ്ഞു…എതിർപ്പുകൾ വകവയ്ക്കാതെ അവളുടെ ശരീരത്തിൽ ഉമേഷ് പടർന്നു കയറി….തടയാനുള്ള ശക്തി നഷ്ടപ്പെട്ട് അവൾ ഒരു ജ ഡം പോലെ കിടന്നു…സ്വന്തം ഭാര്യയെ റേ പ്പ് ചെയ്യുന്ന ഭർത്താവ്..അവൾക്കു വിശ്വസിക്കാനായില്ല..ഇതു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു…കഠിനമായ വേദനയാൽ ഇറുക്കിയടച്ച കണ്ണുകളിൽ നിന്നു മിഴിനീർ ധാരയായി ഒഴുകി..മനസ്സിൽ, ചിറകുകൾ നഷ്ടപെട്ട ചിത്രശലഭത്തിനെ, ആഹാരമാക്കാൻ ഉറുമ്പുകൾ പതിയെ വരുന്നത് അവൾ കണ്ടു….
******************
“ഇവിടെ തന്നാണോ?അതോ വഴി തെറ്റിയോ?”
ജയദേവൻ ബൈക്ക് നിർത്തി ചുറ്റും നോക്കി..നിത്യയ്ക്കും സംശയമായിരുന്നു…
സിതാരയെ കാണാൻ ഉമേഷിന്റെ നാട്ടിൽ വന്നതാണ് രണ്ടുപേരും..
വീട്ടിൽ പോയി കാണാമെന്നു വച്ചാൽ പ്രശ്നങ്ങൾ വർദ്ധിക്കും…സിതാര ബാഗുകൾ നിർമിക്കുന്ന ഒരു കടയിൽ ജോലിക്ക് പോകുന്നുണ്ട്. അവിടെ വച്ചു കാണാമെന്നു നിർദ്ദേശിച്ചത് നിത്യയാണ്…അവളും കൂടെ വരാൻ തയ്യാറായി…അങ്ങനെ ഹോസ്റ്റലിൽ നിന്നു നിത്യയെയും കൂട്ടി പുറപ്പെട്ടതാണ് ജയദേവൻ…
തലയിലൊരു ചുമടുമായി വന്ന ഒരാളോട് അവൻ ചോദിച്ചു…
“ചേട്ടാ, ഇവിടെ ബാഗുകൾ നിർമിക്കുന്ന ഒരു ഷോപ്പില്ലേ? അതെവിടാ?”
അയാൾ ഇടതു വശത്തെ കെട്ടിടത്തിനു നേരെ കൈ ചൂണ്ടി..
“ആ ബേക്കറി കണ്ടോ?അതിന്റെ പിറകിലാ..”
ജയദേവനും നിത്യയും അങ്ങോട്ട് നടന്നു. കുറച്ചു സ്ത്രീകൾ ചേർന്ന് നടത്തുന്ന ഒരു സ്ഥാപനം ആയിരുന്നു അത്…ബേക്കറിയുടെ പിന്നിലെ കുടുസുമുറി….സിതാരയെ മനസിലാക്കാൻ രണ്ടു നിമിഷം വേണ്ടിവന്നു….ഫോട്ടോയിലെ രൂപത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാൾ…തളർന്ന ചിരിയോടെ അവൾ രണ്ടുപേരെയും സ്വാഗതം ചെയ്തു…
“ഇവിടെ വേറെ ആരുമില്ലേ?” ജയദേവൻ ചോദിച്ചു..
“നാലുപേരുണ്ട്…ഒരാൾ ബാങ്കിൽ പോയതാ..മറ്റുള്ളവർ തയ്യാറാക്കിയ ബാഗ് വില്പനയ്ക്ക് ഇറങ്ങി…”
നേർത്ത ശബ്ദത്തിൽ അവൾ പറഞ്ഞു..എന്നിട്ട് നിത്യയെ നോക്കി..
“സുഖമാണോ മോളേ?”
“അതേ…സുഖം…നിങ്ങള് സംസാരിക്ക്…ഞാൻ എന്റെ ഫോൺ റീചാർജ് ചെയ്തിട്ട് വരാം..”
ചിരിച്ചുകൊണ്ട് നിത്യ പുറത്തിറങ്ങി…എന്തുപറയണം എന്നറിയാതെ രണ്ടുപേരും കുഴങ്ങിയ ഏതാനും നിമിഷങ്ങൾ…ഫോണിൽ സംസാരിക്കുന്നത് പോലെ എളുപ്പമല്ല നേരിട്ട് എന്ന് അവർ മനസിലാക്കി…ദുരിതപൂർണ്ണമായ ജീവിതവും മാനസിക സംഘർഷങ്ങളും അവളുടെ കൺതടങ്ങളിൽ കറുപ്പും, മുടിയിഴകളിൽ വെള്ളനിറവും ചാർത്തി കൊടുത്തത് വേദനയോടെ ജയദേവൻ കണ്ടു…
“അവസാനം ഡിവോഴ്സ് കഴിഞ്ഞു അല്ലേ?”
സിതാര തുടങ്ങി…
“ഉവ്വ്…അവൾക്ക് അതാവശ്യമായിരുന്നു…ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ജീവിക്കാൻ നിയമപരമായി തന്നെ ഞാൻ ഒഴിഞ്ഞു കൊടുത്തു…”
“നിങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചവരല്ലേ?” അവൾ അതിശയത്തോടെ ചോദിച്ചു…
“അതെ…പക്ഷേ ആ പ്രണയം എവിടെ വച്ചോ മരിച്ചു…വിവാഹശേഷമാണല്ലോ പങ്കാളിയുടെ നെഗറ്റീവ് സൈഡ് മിക്കവരും കാണുന്നത്..ഇവിടെയും അതു തന്നെ…എന്റെ പോരായ്മകൾ അവൾക്ക് ഉൾകൊള്ളാൻ കഴിയതായി…അതൊന്നുമില്ലാത്ത ഒരാളെ അവൾക്ക് കിട്ടി…”
“ദേഷ്യം തോന്നിയില്ലേ ജയന്?”
“എന്തിന്? എനിക്കവളോട് ബഹുമാനം മാത്രമേ ഉള്ളൂ…എന്നെ വഞ്ചിച്ചിട്ടില്ല…ഒത്തു പോകാൻ കഴിയില്ല എന്ന് മനസിലാക്കിയപ്പോൾ അത് തുറന്നു പറഞ്ഞു..ആദ്യമൊക്കെ ഞാനെതിർത്തു..പിന്നെ ആലോചിച്ചപ്പോൾ അവളാണ് ശരി എന്ന് തോന്നി…”
കഴുത്തിൽ ന ഖം കൊണ്ട് പോറിയത് ജയദേവൻ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ സിതാര വല്ലാതായി….
“ഇപ്പോഴും ഒരു മാറ്റവും ഇല്ല അല്ലേ?”
അവൾ മിണ്ടിയില്ല..
“തനിക്കു രക്ഷപ്പെട്ടൂടെ?എന്തിനാ ഇങ്ങനെ സ്വയം നശിക്കുന്നെ?”
“എങ്ങോട്ട്…? “
“സ്വന്തം വീടില്ലേ? ഓ..അനിയൻ രക്ഷിക്കാൻ വന്നപ്പോൾ അവനെ കരയിപ്പിച്ചു വിട്ടതല്ലേ, പിന്നെങ്ങനെ പോകും..? ഞാനത് മറന്നു.”
ജയദേവൻ പരിഹസിക്കുകയാണെന്നറിഞ്ഞിട്ടും അവൾ പ്രതികരിച്ചില്ല..
“നമ്മൾ പരിചയപ്പെട്ടിട്ട് ഇത്രയും നാളായി. ഞാനൊന്നും ചോദിച്ചില്ല….തന്നോട് മാത്രമല്ല, സനൂപിനോടും…പക്ഷേ ഇപ്പൊ എനിക്ക് അതറിയണം…ഇന്നത്തെ കാലത്ത് ഇങ്ങനെ അനുഭവിക്കാൻ ഒരു പെണ്ണും തയ്യാറാവില്ല…പിന്നെ താനെന്തിനാ?”
“സഹിക്കാൻ താല്പര്യം ഉണ്ടായിട്ടല്ല ജയാ..പക്ഷേ വേറെ വഴിയില്ല. എനിക്ക് മാത്രമല്ല..എന്നെ പോലെ പല സ്ത്രീകളും സഹിക്കുന്നത് ഗതികേടുകൊണ്ടാ…കളഞ്ഞിട്ട് പൊയ്ക്കൂടേ, സ്വന്തം കാലിൽ നിന്ന് ജീവിച്ചു കാണിക്ക് എന്നൊക്കെ ഉപദേശിക്കാൻ ഒരുപാട് പേരുണ്ടാകും. പക്ഷേ, അതിനൊരു വഴികാണിച്ചു തരാൻ ആർക്കും പറ്റില്ല..ഭർത്താവ് ഉണ്ടായിട്ടും കിടക്ക പങ്കിടാൻ എന്നെ ക്ഷണിച്ചവർ , ഞാൻ തനിച്ചാണെന്നറിഞ്ഞാൽ വെറുതെ വിടുമോ?ആരെയും ഭയക്കാതെ താമസിക്കാൻ ഇടവും ചെയ്യാനൊരു ജോലിയും ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം കിട്ടാൻ പാടാ…സഹായിക്കുന്നവരിൽ ഭൂരിഭാഗവും പ്രതീക്ഷിക്കുന്നത് മറ്റു ചിലതാണ്….”
ജയദേവന് മനസിലാകുന്നുണ്ട്…
“തനിക്കു വീട്ടിലേക്ക് പൊയ്ക്കൂടേ? ഞാൻ സനൂപിനോട് സംസാരിക്കാം…ഞാൻ പറഞ്ഞാൽ അവൻ കേൾക്കും..”
“വേണ്ട ജയാ…അവനെ ബുദ്ധിമുട്ടിക്കണ്ട…ഞാനായിട്ട് അവന്റെ ജീവിതം നശിപ്പിക്കരുതെന്നാ പറഞ്ഞേ..”
“ആര്?”
അവളൊന്നും മിണ്ടിയില്ല…
“ചോദിച്ചത് കേട്ടില്ലേ? ആരാ പറഞ്ഞത്..”
“വേറാരുമല്ല..എന്റെ സ്വന്തം അമ്മ..”
സിതാര ശബ്ദം താഴ്ത്തി പറഞ്ഞു…ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി…കസേരയിൽ ഇരുന്ന് മുഖം തുടച്ച് അവൾ പിന്നിലേക്ക് ചാഞ്ഞു….ഓർമകളിലെന്തോ ചികഞ്ഞെടുക്കുകയാണെന്ന് അവനു മനസിലായി…
*************
സനൂപിനെ വിളിച്ച് കുറച്ചു കഴിഞ്ഞശേഷമാണ് അമ്മയുടെ ഫോൺ വന്നത്..
“പ്രശ്നങ്ങൾ എല്ലാ കുടുംബത്തിലും ഉണ്ടാവും…അതൊക്കെ സഹിച്ചും ക്ഷമിച്ചും ഭർത്താവിനെ മാറ്റിയെടുക്കുന്നതാ പെണ്ണുങ്ങളുടെ മിടുക്ക്…”
“എന്നെകൊണ്ട് പറ്റുന്നില്ലമ്മേ, ഇന്നയാൾ കൈയിൽ കേറി പിടിച്ചപ്പോൾ രക്ഷപെട്ടു..ഇനി നാളെ ആവർത്തിച്ചാൽ എന്തു ചെയ്യും..?”
“അതൊന്നുമുണ്ടാകില്ല…”
“അത് അമ്മയ്ക്കെങ്ങനെ അറിയാം? നാട്ടിലെങ്ങും കടം വാങ്ങി വച്ചിട്ടുണ്ട്..ഓരോരുത്തരും വീട്ടിൽ വന്നു പറയുന്നത് കേട്ടാൽ തൊലിയുരിയും…”
“ഇതൊക്കെ എല്ലായിടത്തും ഉണ്ട്..അതിനെന്തിനാ നീ സനൂപിനെ വിളിച്ചേ? അവനങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്…ഒരു കാര്യം ഞാൻ പറഞ്ഞേക്കാം..നിന്നോടുള്ള സ്നേഹം കൊണ്ട് അവൻ കൂടെ വരാൻ പറഞ്ഞേക്കും..ഇങ്ങോട്ട് വന്നേക്കരുത്…അവനൊരു ജീവിതമുണ്ട്.. കെട്ടിച്ചു വിട്ട ചേച്ചി വീട്ടിൽ വന്നു നിന്നാൽ അവനു നല്ലോരു ആലോചന കിട്ടത്തില്ല…മാത്രമല്ല നാട്ടുകാരുടെ മുന്നിൽ ഞങ്ങൾക്കും നിന്റെ മാമന്മാർക്കുമെല്ലാം തലയുയർത്തി നടക്കാനും പറ്റില്ല…”
സിതാര വിറങ്ങലിച്ചു നിൽക്കുകയാണ്…അനുഭവിക്കുന്ന പീ ഡനങ്ങൾ എല്ലാം കേട്ടിട്ടും അമ്മയുടെ പ്രതികരണം അവളെ തളർത്തി…
“പറഞ്ഞത് മനസിലായല്ലോ…? ഞാൻ വിളിച്ചത് അവനറിയണ്ട…എല്ലാമവസാനിപ്പിച്ച് ഇങ്ങോട്ട് വരാനാണ് ഉദ്ദേശമെങ്കിൽ എന്റെ ശ വം നീ കാണും..”
അമ്മ ഫോൺ വച്ചു…അവസാനത്തെ പ്രതീക്ഷയും അസ്‌തമിച്ചെന്നതറിഞ്ഞതോടെ തോൽവി സമ്മതിക്കാൻ അവൾ നിർബന്ധിതയായി..ഇത് തന്റെ വിധിയാണ്..മരണം വരെ മോചനമില്ല….സ്വയം സമാധാനിപ്പിച്ചു…
***********
“നീ പറഞ്ഞതൊക്കെ നല്ലകാര്യം തന്നാ..പക്ഷേ നാളെ ഇതൊക്കെ നിന്റെ തലയിൽ വീഴരുത്….” ചന്ദ്രബോസ് മുന്നറിയിപ്പിന്റെ സ്വരത്തിൽ ജയദേവനോട് പറഞ്ഞു…വിശ്വനാഥൻ അവരുടെ അടുത്ത് തന്നെയിരിപ്പുണ്ട്..സിതാരയെക്കുറിച്ചായിരുന്നു സംസാരം…
“അങ്ങനൊക്കെ നോക്കിയാൽ നമുക്കാരെയും സഹായിക്കാൻ പറ്റില്ലല്ലോ..ഏട്ടാ ? ആ നാട്ടിൽ നിന്നൊരു മാറ്റം വേണം..നല്ലൊരു ജോലി…പിന്നെ സുരക്ഷിതമായ താമസം..ഇതൊക്കെ നമുക്ക് ശരിയാക്കാം..”
“ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങി വരാനുള്ള ധൈര്യം ആ കുട്ടിക്കുണ്ടോ? ” വിശ്വനാഥൻ ചോദിച്ചു.
അതൊരു പ്രശ്നമാണെന്ന് ജയദേവന് അറിയാം..ദീർഘനാളത്തെ അടിമജീവിതം അവളെ ഒരു പാവയാക്കി മാറിയിരിക്കുകയാണ്. ഭർത്താവിന്റെയും അവന്റെ അമ്മയുടെയും ഇഷ്ടത്തിനനുസരിച് പ്രവർത്തിക്കുന്ന പാവ…മാറ്റിയെടുക്കാൻ ബുദ്ധിമുട്ട് ആണ്…
“ജയാ ..” ചന്ദ്രബോസ് സ്നേഹത്തോടെ അവന്റെ തോളിൽ പിടിച്ചു.
“നിരുത്സാഹപ്പെടുത്തുന്നതല്ല..ഇന്നത്തെ കാലത്ത് ആർകെങ്കിലും നല്ലത് ചെയ്‌താൽ അതു നമുക്ക് കോ ടാലിയാകും..നിനക്ക് ഒരുപാട് കാര്യങ്ങൾ വേറെ ചെയ്യാനില്ലേ? കമ്പനി ഉയരങ്ങളിൽ എത്തിക്കണം…അതോടൊപ്പം നിന്റെ ഭാവിയും…സ്വപ്ന ഇന്ന് വേറൊരാളുടെ കൂടെ സന്തോഷമായി ജീവിക്കുകയാണ്..നീയുമതുപോലെ ജീവിച്ചു കാണിക്കണം…പരോപകാരമൊക്കെ അതിന് ശേഷം..”
ജയദേവൻ നിശബ്ദനായിരുന്നു..
“ശരി ഇനിയൊക്കെ നിന്റെ ഇഷ്ടം..അവളെ ചെന്നൈക്ക് കൊണ്ടുവന്നാൽ താമസിക്കാനുള്ള സ്ഥലവും ഒരു ജോലിയും ഞാൻ ശരിയാക്കാം…അത്രയേ ചെയ്യാൻ പറ്റൂ..” ചന്ദ്രബോസ് പറഞ്ഞു…വിശ്വനാഥൻ കുസൃതിചിരിയോടെ ജയദേവനെ നോക്കി..
“ഇനി നിനക്കവളോട് എന്തെങ്കിലും..?”
“ഏയ്…അതൊന്നുമില്ല.” അവൻ പരുങ്ങി.
“ഒരാളെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി..അത്രേ ഉള്ളൂ..”
“ഉവ്വ…കാത്തിരുന്നു കാണാം..” അടക്കിപറഞ്ഞു കൊണ്ട് വിശ്വനാഥനും ചന്ദ്രബോസും പുറത്തിറങ്ങി.
സിതാരയെ കാണാൻ പോയി തിരിച്ചു വന്നതിനു ശേഷം കടുത്ത ആലോചനയിലായിരുന്നു. ഒരു പെൺകുട്ടിയുടെ കാര്യമായത് കൊണ്ട് തനിച്ചൊരു തീരുമാനമെടുക്കുന്നത് വിഡ്ഢിത്തമാകും എന്നവനറിയാം..അതാണ് അവരെ വിളിച്ചത്….എന്നോ നഷ്ടപ്പെട്ടു പോയ അവളുടെ കണ്ണുകളിലെ പ്രകാശം തിരിച്ചെടുത്തു കൊടുക്കുക എന്നത് തന്റെ നിയോഗമാണെന്ന് അവനു തോന്നി…
***************
“ഏതവനെ സ്വപ്നം കണ്ടു കിടക്കുകയാടീ?” അവജ്ഞയോടെയുള്ള ഉമേഷിന്റെ ചോദ്യം കേട്ടപ്പോൾ സിതാര ഞെട്ടി…
അടുക്കളജോലിയിലായിരുന്നു അവൾ.
“നിന്റെ കടയിലെ പെണ്ണുമ്പിള്ളയോട് ഞാൻ വന്നു ചോദിച്ചാൽ കാശ് കൊടുക്കരുത് എന്ന് നീ പറഞ്ഞോ?”
അവൾക്ക് കാര്യം മനസിലായി…
“പറഞ്ഞു…കഴിഞ്ഞ ആഴ്ച, എനിക്ക് സുഖമില്ലെന്നും പറഞ്ഞു ഉമേഷേട്ടൻ അവരുടെ വീട്ടിൽ പോയി പൈസ വാങ്ങിയില്ലേ? എന്നോടൊരു വാക്ക് ചോദിച്ചോ?”
“എനിക്ക് പറയാൻ സൗകര്യമില്ലായിരുന്നു…”
“അപ്പൊ ഇനിമുതൽ നയാപൈസ എന്റടുത്തു നിന്നും പ്രതീക്ഷിക്കണ്ട…ഇത്രേം നാൾ ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയത് മുഴുവൻ കൊണ്ടുപോയി നശിപ്പിച്ചില്ലേ…? ഇനി വേണ്ട..”
പറഞ്ഞു തീരും മുൻപേ, ഉമേഷ് അവളുടെ തലമുടിക്ക് കുത്തിപ്പിടിച്ചു വട്ടം കറക്കി വലിച്ചെറിഞ്ഞു…വെള്ളം നിറച്ചു വച്ച ചെമ്പു കുടത്തിനു മേൽ അവൾ കമഴ്ന്നു വീണു…
“എന്നോട് തർക്കുത്തരം പറയുന്നോടീ? ” അവൻ മുരണ്ടു..
സിതാര ചാടിയെഴുന്നേറ്റ് അടുപ്പിൽ നിന്നും കത്തുന്ന വിറക് കൊള്ളി വലിച്ചെടുത്തു വീശി…
“ഇനിയെന്നെ തൊട്ടാൽ ഞാൻ കൊ ല്ലും..” അവൾ അലറി…
“കാലം കുറെയായി സഹിക്കുന്നു…അത് നിങ്ങളെ പേടിച്ചിട്ടല്ല…എന്റെ ഗതികേട് കൊണ്ടാ…പകലന്തിയോളം അടിമയെ പോലെയും രാത്രി കിടക്കയിൽ ഒരു വേ ശ്യയെ പോലെയും മാത്രമാ നിങ്ങളെന്നെ കാണുന്ന തെന്നറിഞ്ഞിട്ടും ഒരു പരാതിയും പറഞ്ഞിട്ടില്ല…എന്നെങ്കിലും ഒരു മനുഷ്യനോടുള്ള പരിഗണന കിട്ടുമെന്ന് കരുതി…പക്ഷേ നിങ്ങളൊരിക്കലും മാറില്ല..ഇനി എന്നെ ഉപദ്രവിച്ചാൽ ഞാൻ നിങ്ങളെ കൊ ന്ന് ഈ വീടിനു തീയിടും…”
അവളുടെ ഭാവമാറ്റം കണ്ട് ഉമേഷ് പകച്ചു പോയിരുന്നു..പിന്നാലെ വന്ന സരോജിനി മോനെ പുറത്തേക്ക് വലിച്ചു..
“നീയിങ്ങോട്ട് വന്നേക്ക്..അവൾക്ക് ഭ്രാ ന്താ..” അവർ പറഞ്ഞു…
അവളെയൊന്ന് നോക്കിയിട്ട് ഉമേഷ് പുറത്തേക്കിറങ്ങി. വിറക് കൊള്ളി നിലത്തിട്ട് സിതാര കുറച്ച് വെള്ളം കോരി മുഖത്തൊഴിച്ചു..വീഴ്ചയിൽ നെറ്റി മുറിഞ്ഞിട്ടുണ്ട്….അ ടിവയറിൽ നല്ല വേദനയും…അപ്പുറത്ത് നിന്നും സരോജിനിയുടെ ശബ്ദം കേൾക്കാം..
“ഇന്നലെ വരെ പൂച്ചയെപ്പോലെ നിന്നവളാ…ഇപ്പൊ എന്താ ധൈര്യം..ഇത് തനിയെ കിട്ടിയതൊന്നുമല്ല…കുറേ കാലമായി ഞാൻ ശ്രദ്ധിക്കുന്നു, എപ്പോ നോക്കിയാലും ഫോണിലാ…വേറാരോടോ സംസാരിക്കുന്നുണ്ട്…നിന്നോട് അന്ന് ഞാൻ പറഞ്ഞതാ ഈ ബന്ധം വേണ്ടാന്ന്…”
അവിടേക്ക് പോയി അവരുടെ തല അടിച്ചു പൊളിക്കാൻ സിതാരയ്ക്ക് തോന്നി…ഇന്നത്തോടെ എല്ലാം തീരണം…സഹിച്ചു മടുത്തു…ജയിലിൽ മനസമാധാനത്തോടെ ഉറങ്ങാമല്ലോ…അവൾ വീണ്ടും വിറക് കൊള്ളി കയ്യിലെടുത്തു…പുറത്തേക്ക് ഇറങ്ങാൻ തുടങ്ങവേ മുറ്റത്തു നിന്നും ഒരു വിളി കേട്ടു..
“ചേച്ചീ….” അവളുടെ ശരീരത്തിൽ ഒരു തണുപ്പ് പടർന്നു…സനൂപിന്റെ ശബ്ദമല്ലേ അത്…വിശ്വസിക്കാനാവുന്നില്ല..തന്റെ മാനസികനില തെറ്റിയതാണോ എന്നവൾ സംശയിച്ചു…
“നിനക്കെന്താ വേണ്ടത്?” ഉമേഷിന്റെ ചോദ്യം കേട്ടതോടെ പുറത്ത് സനൂപ് തന്നെയാണെന്ന് അവൾക്കു ഉറപ്പായി..
മുഖം തുടച്ച് അവൾ വേഗം അങ്ങോട്ടേക്ക് ഓടി…മുറ്റത്ത് സനൂപും നിത്യയും അവന്റെ രണ്ടു കൂട്ടുകാരും നില്കുന്നുണ്ട്…തികട്ടി വന്ന കരച്ചിലടക്കി അവൾ അവനരികിൽ എത്തി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…സനൂപ് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്..ഇടതു നെറ്റിയിൽ പൊടിയുന്ന ചോ രയും കലങ്ങിയ കണ്ണുകളും കണ്ടപ്പോൾ അവനു കാര്യം മനസിലായി…
“നിന്നോടല്ലേടാ ചോദിച്ചത്? എന്തിനാ എന്റെ വീട്ടിൽ വന്നതെന്ന്?” ഉമേഷിന്റെ സ്വരം കനത്തു…സനൂപ് അത് ഗൗനിച്ചില്ല…അവൻ സിതാരയുടെ കൈ പിടിച്ചു…
“വാ പോകാം…” അവൾ മനസിലാകാത്ത പോലെ അവനെ നോക്കി..
“സഹിച്ചതൊക്കെ മതി…എന്റെ കൂടെ വാ..” ഗൗരവത്തിൽ സനൂപ് പറഞ്ഞു..അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി…അവനത് കാര്യമാക്കാതെ അവളെ മുറ്റത്തേക്ക് വലിച്ചു…എതിർക്കാനുള്ള ശക്തി ഇല്ലായിരുന്നു..നിത്യ മുന്നോട്ട് വന്നു അവളെ പിടിച്ചു റോഡിലേക്ക് നടന്നു…
സനൂപ് ഉമേഷിന്റെ നേരെ തിരിഞ്ഞു.
“നിന്നെ തല്ലിയിട്ട് കാര്യമില്ല എന്നെനിക്ക് അറിയാം..പക്ഷേ ഇത്രയും വർഷം എന്റെ ചേച്ചിയോട് കാണിച്ചതിനുള്ള കൂലി തന്നിരിക്കും…അതെന്റെ വാശിയാ..ത ള്ളയ്ക്കും മോനും ഇനിയുള്ള കാലം കോടതി കേറിയിറങ്ങാം..അതിനുള്ള പണിയൊക്കെ ചെയ്തു വച്ചിട്ടാ ഞാനിങ്ങോട്ട് പുറപ്പെട്ടത്…അതല്ല, നേർകുനേർ മുട്ടണം എന്നാണ് നിന്റെ ആഗ്രഹമെങ്കിൽ, എന്റെ നാട്ടിലേക്ക് വന്നാൽ മതി..ഞാനവിടുണ്ടാകും…”
അവനും കൂട്ടുകാരും റോഡിലേക്ക് നടന്നു..
************
സിതാരയുടെ കയ്യും പിടിച്ചു വീട്ടിലേക്ക് സനൂപ് കയറിയപ്പോൾ അമ്മ അവിശ്വസനീയതയോടെ നോക്കി നിന്നു..അമ്മാവന്മാർ കസേരയിലിരിപ്പുണ്ട്..അവൻ വരാൻ പറഞ്ഞിട്ട് വന്നതാണ്…
“എല്ലാവരോടും കൂടി ചിലത് പറയാനുണ്ട്..” അവൻ സംസാരിച്ചു തുടങ്ങി..
“ഇതെന്റെ ചേച്ചി..നിങ്ങളെല്ലാരും കൂടി കെട്ടിച്ചു വിട്ടതാ..അവിടെ കിടന്ന് കുറേ നരകിച്ചു…തീരെ നിവൃത്തി ഇല്ലാതായപ്പോൾ എന്നെ വിളിച്ചു കാര്യം പറഞ്ഞു…ഞങ്ങളുടെ അമ്മ പക്ഷേ സ്വന്തം മോളുടെ ദുരിതത്തേക്കാൾ കുടുംബത്തിന്റെ മാനത്തിന് പ്രാധാന്യം കൊടുത്തതിനാൽ ഈ പാവം വീണ്ടും അവിടെ തന്നെ കിടന്നു…എന്റെ ഭാഗത്തും തെറ്റുണ്ട്…കാര്യമന്വേഷിക്കാതെ ചേച്ചിയോട് ദേഷ്യപ്പെട്ട് കുറേ കാലം നടന്നു..ഇനിയെങ്കിലും തെറ്റുകൾ തിരുത്തണം..എന്റെ മാത്രമല്ല…നിങ്ങൾ ചെയ്ത തെറ്റുകൾ കൂടി ഞാൻ തിരുത്തുകയാ…”
സനൂപ് അമ്മയുടെ മുന്നിൽ ചെന്നു നിന്നു..
“എന്റെ ഭാവി ചിന്തിച്ച് അമ്മ വിഷമിക്കണ്ട..അതു നോക്കാൻ എനിക്കറിയാം..മക്കളിൽ ഒരാളുടെ ജീവിതം കുരുതി കൊടുത്തിട്ട് മറ്റേയാൾക്ക് നല്ലത് വരണമെന്ന് അമ്മ ഒരിക്കലും ചിന്തിക്കാൻ പാടില്ലായിരുന്നു..ഇനി ഇതിന്റെ പേരിൽ ചേച്ചിയോട് മുഖം കറുപ്പിക്കാനോ കുത്തുവാക്കുകൾ പറയാനോ ആരെങ്കിലും ശ്രമിച്ചാൽ…എന്റെ വിധം മാറും…ഇതൊന്ന് പറയാൻ വേണ്ടിയാ എല്ലാരേയും വിളിച്ചത്…”
അമ്മാവന്മാർ പിറുപിറുത്തു കൊണ്ട് പുറത്തിറങ്ങി..അമ്മ വാക്കുകളൊന്നും കിട്ടാതെ തരിച്ചു നിന്നതേയുള്ളൂ..അവൻ സിതാരയെ അവളുടെ പഴയ മുറിയിലേക്ക് കൊണ്ടുപോയി..
“ചേച്ചി ഒന്ന് വിശ്രമിക്ക്..ബാക്കിയെല്ലാം പിന്നെ സംസാരിക്കാം..”
അവൻ നടക്കാൻ തുടങ്ങവേ അവൾ കൈയിൽ പിടിച്ചു…
“സനൂ…”
“എന്താ ചേച്ചീ…?”
“ഞാനുറങ്ങും വരെ എന്റെ അടുത്ത് ഇരിക്കാമോ?”
അപേക്ഷപോലെ അവൾ ചോദിച്ചു..സനൂപിന്റെ ഹൃദയം വിങ്ങി..അവൻ അവളെ കട്ടിലിൽ ചായ്ച്ചു കിടത്തി…അരികിലിരുന്ന് കൈയിൽ മുറുകെ പിടിച്ചു.
“ചേച്ചി ഉറങ്ങിക്കോ…ഞാൻ അടുത്ത് തന്നെയുണ്ട്..”
ആശ്വാസത്തോടെ അവൾ മിഴികളടച്ചു….
***********
നാളുകൾ പിന്നെയും കടന്നു പോയി….
വേണ്ട എന്ന് പറഞ്ഞിട്ടും സനൂപിന്റെയും ജയദേവന്റെയും നിർബന്ധപ്രകാരം ഉമേഷിനും അവന്റെ അമ്മയ്ക്കുമെതിരെ സിതാര കേസ് കൊടുത്തു…തെളിവുകളും സാക്ഷിമൊഴികളുമെല്ലാം പ്രതികൂലമായപ്പോൾ അമ്മയും മകനും ഇരുമ്പഴികൾക്കുള്ളിലായി….അവളിലത് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമുണ്ടാക്കിയില്ല…
നിത്യയും സനൂപും അവളെ സന്തോഷിപ്പിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു…ഇടയ്ക്ക് ജയദേവനും വരും…അങ്ങനൊരു വരവിലാണ് ചെന്നൈയിൽ അവൾക്കൊരു ജോലി ശരിയാക്കിയിട്ടുണ്ടെന്ന് അവൻ പറഞ്ഞത്. സനൂപിന് താല്പര്യം ഉണ്ടായില്ല.
“അവൾക്കൊരു ചേഞ്ച് ആവശ്യമല്ലെടാ..? പുതിയ ജോലി, പുതിയ നാട്, പുതിയ സുഹൃത്തുക്കൾ..ഇതൊക്കെയാകുമ്പോൾ അവളങ്ങു മാറും…പഴയ ഓർമകളെല്ലാം ഒരുപരിധി വരെ വിട്ടകലും…എന്റെ ചേട്ടൻ ഏർപ്പാടാക്കിയതാ..അതോണ്ട് പേടിക്കാനുമില്ല…പോരാത്തതിന് ഞാനും അടുത്തുണ്ട്..എപ്പോ വേണമെങ്കിലും നിനക്കും അങ്ങോട്ട് വരാലോ?”
സിതാരയോട് ചോദിച്ചപ്പോൾ അവൾക്കു സമ്മതം തന്നെയായിരുന്നു…പിന്നെ ആരും അധികം ആലോചിച്ചില്ല…ചെന്നൈ വരെ കൊണ്ട് വിടാൻ സനൂപും അമ്മയും കൂടെ പോയി….
*********
ഒരു മീറ്റിങ്ങും കഴിഞ്ഞ് ജയദേവൻ പുറത്തിറങ്ങിയപ്പോൾ ചന്ദ്രബോസ് കാത്തിരിപ്പുണ്ടായിരുന്നു..
“എടാ മറ്റേ കൊച്ച് നാട്ടിലേക്ക് പോയി എന്ന് പറഞ്ഞല്ലോ?”
“അതെ. അവളുടെ അനിയന്റെ വിവാഹമാണ്..ഞാനും പോകുന്നുണ്ട്..ചേട്ടനെ ക്ഷണിക്കാൻ വന്നപ്പോൾ ഇവിടുണ്ടായിരുന്നില്ല..വരുന്നോ?”
“ഏയ്..ഞാനില്ല…എനിക്ക് ഹൈദരാബാദിൽ പോണം. പുതിയ പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയാണ്. നീ പോയേച്ചും വാ..”
അവർ ഒരുമിച്ചു പുറത്തേക്ക് നടന്നു..
“ജയാ..അവളിവിടെ വന്നിട്ട് രണ്ടു വർഷമായി…നല്ല ജോലിയും മോശമല്ലാത്ത സാലറിയും ഉണ്ട്…ഇപ്പൊ അനിയന്റെ വിവാഹവുമായി..ഇനിയെങ്കിലും നിങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുത്തൂടെ?”
“ഞങ്ങളുടെ കാര്യമോ?”
“ദേ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്..നിനക്ക് അവളെ ഇഷ്ടമാണെന്നറിയാം..അവൾക്കു തിരിച്ചും ആണെന്ന് തന്നെയാ എന്റെ വിശ്വാസം..പിന്നെന്തിനാ ഒളിച്ചു കളി? “
അവൻ പുഞ്ചിരിച്ചു..
“ഏട്ടൻ പറഞ്ഞത് സത്യമാ…പക്ഷേ ഇഷ്ടത്തിന് സ്വന്തമാക്കൽ എന്നത് മാത്രമല്ലല്ലോ അർത്ഥം? അവൾക്കു സ്വപ്‌നങ്ങൾ ഒരുപാട് ബാക്കിയുണ്ട്..അതെല്ലാം നേടണം…അവൾ പറക്കട്ടെ ഏട്ടാ….ലക്ഷ്യങ്ങളെല്ലാം കീഴടക്കി തളരുമ്പോൾ അവൾ എന്നെയും തേടി വരും..അന്ന് ബാക്കിയെല്ലാം ആലോചിക്കാം…അല്ലാതെ ഇപ്പോൾ ഞാൻ പോയി പ്രൊപ്പോസ് ചെയ്‌താൽ ഇത്രയും കാലം സഹായിച്ചത് ഈ ഉദ്ദേശത്തോടെ ആണെന്നെ അവൾ ചിന്തിക്കൂ..അത് വേണ്ട…”
ചന്ദ്രബോസ് അഭിമാനത്തോടെ അവനെ ചേർത്ത് നിർത്തി…
നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിൽ കഴിഞ്ഞ കാലം അവന്റെ മനസിലേക്ക് ഓടിയെത്തി..തികച്ചും അപരിചിതരായ ആരൊക്കെയോ ജീവിതത്തിലേക്ക് കടന്നു വന്നു…ഒടുവിൽ അവർ തന്റെ ജീവിതം തന്നെയായി…എത്ര വിചിത്രമാണ്…പോക്കറ്റിൽ നിന്ന് ഫോണടിച്ചു..സിതാര..
“പുറപ്പെട്ടോ?”
“ഉം…”
“ശ്രദ്ധിച്ചു വാ…ഇവിടെത്തുമ്പോൾ രാത്രിയാവില്ലേ? സനൂപ് സ്റ്റേഷനിൽ ഉണ്ടാകുമെന്നു പറഞ്ഞു..”
“അവനെന്നെ വിളിച്ചിരുന്നു..”
“ശരി..വാ..ഞങ്ങൾ കാത്തിരിക്കുന്നു..” അവൾ ഫോൺ വച്ചു.
മനസിലെങ്ങോ മരിച്ചു പോയ പ്രണയത്തിനു പുതു ജീവൻ വയ്ക്കുന്നതായി അവനറിഞ്ഞു….പണ്ടൊരിക്കൽ ആ നാട്ടിലേക്ക് പോയത് മനസ് ശാന്തമാക്കാൻ ആയിരുന്നു..പക്ഷേ ഇന്ന് അവിടെയൊരു കുടുംബമുണ്ട്…തുറന്ന് പറഞ്ഞില്ലെങ്കിലും തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പെണ്ണുണ്ട്…അതു മതി…പിറകിലേക്ക് ചാരി അവൻ കണ്ണുകളടച്ചു…ട്രെയിൻ ചൂളം വിളിച്ചു കൊണ്ട് പായുകയാണ്…
അവസാനിച്ചു ❤