പതിനഞ്ചു മിനിറ്റോളം കഴിഞ്ഞിട്ടും കാണാഞ്ഞിട്ട്  അവളെ തിരക്കി ഞാൻ കടയ്ക്കുള്ളിലേക്ക് കയറി…

ആ സ്നേഹത്തിനുമപ്പുറം…

എഴുത്ത്: അനില്‍ മാത്യു

==============

ഇനി ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവട്ടെ…

ശങ്കരമ്മാവൻ പറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.

ചെറിയൊരു പുഞ്ചിരിയോടെ അവളുടെ മുഖം താഴേക്ക് കുനിഞ്ഞു.

ഞാൻ എഴുന്നേറ്റതോടെ അവൾ പെട്ടന്ന് ഉള്ളിലേക്ക് പോയി.

ചെല്ല് മോനേ, അവൾ അപ്പുറത്ത് ഉണ്ടാവും. അവളുടെ അമ്മ എന്നെ നോക്കി പറഞ്ഞു.

ചെല്ലുമ്പോൾ അവളവിടെ നിൽപ്പുണ്ടായിരുന്നു.

ശാരിക…അല്ലേ?

ഉം..അവൾ മൂളി.

ഞാൻ അരുൺ…

ഉം..അതിനും അവളൊന്ന് മൂളിയത് മാത്രേയുള്ളു.

കൊള്ളാല്ലോ, ഈ മൂളല് മാത്രേ ഉള്ളൂ? ഒന്നും പറയാനില്ലേ? ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

ചോദിച്ചോളൂ..ഞാൻ പറഞ്ഞോളാം. അവൾ പറഞ്ഞു.

എന്തൊക്കെയോ കുറേ ചോദിക്കുകയും പറയുകയും ചെയ്തു. 

ഇനിയൊന്നും കൂടുതൽ ചോദിക്കാനില്ല. ഒരു കാര്യം മാത്രം പറയാമോ?

അവൾ ഒന്ന് നോക്കി.

എന്നെ ഇഷ്ടമായോ?

ഇഷ്ടായി..അവൾ പറഞ്ഞു.

അപ്പൊ ഒറപ്പിച്ചേക്കാം അല്ലേ?

ഉം..ചെറിയ നാണത്തോടെ അവൾ മൂളി.

പറ്റുമെങ്കിൽ നാളെ രാവിലെ ടൗണിലെ ഇന്ത്യൻ കോഫി ഹൌസിൽ വരാമോ?അവിടെ വച്ച് നമുക്ക് കൂടുതൽ സംസാരിക്കാം.

അയ്യോ, അത്…

ഞാൻ അച്ഛനോട് പറഞ്ഞോളാം..ഇയാള് വന്നാൽ മതി.

അവൾ തലയാട്ടി.

എന്നാ ഇറങ്ങട്ടെ.?

ഉം…

ഞാൻ വീണ്ടും ഹാളിൽ എത്തി.

എന്തായി? ഇഷ്ടപ്പെട്ടോ രണ്ടാൾക്കും?

ഞാൻ ചിരിച്ചതെയുള്ളൂ..

അപ്പൊ കാര്യങ്ങളെല്ലാം പറഞ്ഞ പോലെ, നല്ലൊരു തീയതി നോക്കി അങ്ങ് നടത്താം. എന്താ? അമ്മാവൻ ചോദിച്ചു.

ആയിക്കോട്ടെ, അവളുടെ അച്ഛനും പറഞ്ഞു.

എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ?

ആട്ടെ..

തിരിച്ചിറങ്ങുമ്പോൾ അവളുടെ അച്ഛനോട് ശാരികയെ നാളെ വിടുന്ന കാര്യം സൂചിപ്പിച്ചു.

അതിനെന്താ മോനേ? അവള് വരും.

യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ.

നാളെ വരണമെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.

അവൾ തല കുലുക്കി.

പിറ്റേന്ന് രാവിലെ പത്തു മണിക്ക് ഞാൻ എത്തുമ്പോൾ അവൾ കോഫി ഹൌസിന്റെ മുന്നിൽ നിൽപ്പുണ്ടായിരുന്നു.

വന്നിട്ട് കുറെ നേരമായോ? ഞാൻ ചോദിച്ചു.

ഏയ്‌ ഇല്ല, ഒരഞ്ചു മിനിറ്റ് ആയിക്കാണും.

ഞാൻ അവളെയും കൂട്ടി കോഫി ഹൌസിലേക്ക് കയറി.

ടേബിളിന്റ ഇരുവശത്തായും ഇരുന്നപ്പോഴേക്കും വെയ്റ്റർ വന്നു.

തനിക്ക് എന്താ വേണ്ടത്?  ഞാൻ ശരികയോട് ചോദിച്ചു.

കോഫി മതി.

ഞാൻ രണ്ട് കോഫിയ്ക്ക് പറഞ്ഞു.

പിന്നെ? എന്തൊക്കെയാ വിശേഷം? പറ..ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അത് കൊള്ളാം, നല്ല ആളാ, ഇവിടെ വരാൻ പറഞ്ഞിട്ട് ഇപ്പൊ ഒന്നും പറയാനില്ലേ? അവളും ചിരിച്ചു.

മറ്റൊന്നുമല്ല ശാരി, നമ്മളൊന്നിച്ചു നാളെയൊരു ജീവിതം തുടങ്ങുകയാണ്. അതിന് മുമ്പ് ഞാൻ ആരാണ്, എന്താണ്, എന്റെ സ്വഭാവം എന്താണ് എന്നൊക്കെ ഒന്ന് അറിയണമെന്ന് തനിക്ക് ആഗ്രഹം കാണില്ലേ?

അവൾ ഒന്നും മനസ്സിലാകാതെ എന്നെ നോക്കി.

ഞാൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു. ഗാലറി ഓപ്പൺ ചെയ്ത് അവളുടെ കയ്യിൽ കൊടുത്തു.

ഓരോ ഫോട്ടോ മാറ്റുമ്പോഴും അവളുടെ മുഖത്ത് വരുന്ന ഭാവങ്ങൾ ഞാൻ ശ്രദ്ധിച്ചു.

ആരൊക്കെയാണെന്ന് മനസ്സിലായോ?

ഒന്ന് ഏട്ടനാണെന്നറിയാം, പെൺകുട്ടി ഏതാ?

എന്റെ കാമുകി..ഞാൻ പറഞ്ഞു.

അവൾ ഞെട്ടലോടെ എന്റെ മുഖത്ത് നോക്കി.

അപ്പോഴേക്കും വെയ്റ്റർ കോഫി കൊണ്ട് വച്ചു.

ഇങ്ങനെ ഒരു അഫയർ ഉണ്ടായിരുന്നെങ്കിൽ ഇന്നലെ പറഞ്ഞാൽ മതിയാരുന്നല്ലോ? ഞാനിന്ന് ഇങ്ങോട്ട് വരണ്ട കാര്യമില്ലായിരുന്നു. അവളുടെ കണ്ണുകൾ നറയുന്നത് ഞാൻ കണ്ടു.

ഇയാൾ കോഫി കുടിക്ക്, ഞാൻ പറഞ്ഞു. എന്നിട്ട് തുടർന്നു..

ഇത് രാധിക, ആദ്യം എന്റെ കളികൂട്ടുകാരിയും പിന്നെ കാമുകിയുമായി. ഞങ്ങൾ തമ്മിലുള്ള കല്യാണം വരെ നിശ്ചയിച്ചതാണ്.

എന്നിട്ട്? എന്ത് പറ്റി? ആ കുട്ടിയെവിടെ ഇപ്പൊ? ശാരിക ചോദിച്ചു.

ഇപ്പൊ എവിടെയാണെന്ന് അറിയില്ല,

ശാരിക എന്റെ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു.

ഞാൻ തുടർന്നു…

എന്റെ വീടും അവളുടെ വീടും അടുത്തടുത്തായിരുന്നു. ഒന്നാം ക്ലാസ്സ്‌ മുതൽ കോളേജ് വരെ ഞങ്ങൾ ഒന്നിച്ചാണ് പഠിച്ചത്. ഒരുമിച്ചുള്ള പോക്കും ഒരുമിച്ചുള്ള വരവും. കോളേജ് സമയത്താണ് എനിക്ക് അവളോട്‌ അതുവരെ ഇല്ലാതിരുന്ന ഒരടുപ്പം തോന്നിയത്. പലപ്പോഴും പറയണം എന്നാഗ്രഹിച്ചു. പക്ഷെ പറയാൻ പേടിയായിരുന്നു. അവൾ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ. അവസാന വർഷം ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അവളുടെ അച്ഛന് എറണാകുളത്തിന് സ്ഥലം മാറ്റം കിട്ടുന്നത്. അങ്ങനെ അവൾ പോയി. പയ്യെ പയ്യെ ഞാനത് മറക്കാനും തുടങ്ങി. അങ്ങനെ എന്റെ പഠിത്തം കഴിഞ്ഞു..വർഷങ്ങൾ കഴിഞ്ഞു പോയി. മനസ്സിൽ നിന്ന് അവളുടെ രൂപമേ പോയിക്കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ ജോലി ചെയ്യുന്ന ആലപ്പുഴയിലെ കമ്പനിയിൽ നിന്ന് കൊച്ചിയിലേക്ക് എനിക്ക് ട്രാൻസ്ഫർ ആയത് .

അവിടെ ചെന്ന് ഒരാഴ്ചയായി. പതിവ് പോലെ ജോലിക്ക് പോകാനിറങ്ങി. താമസിക്കുന്ന റൂമിന്റെ മുന്നിൽ നിന്നാൽ മതി ബസ് വരും. അങ്ങനെ ബസ് കാത്തു നിൽക്കുന്ന സമയത്താണ് എന്റെ മുന്നിൽ ആക്ടിവയിൽ ഒരു പെൺകുട്ടി വന്നിറങ്ങിയത്. ഞാൻ ഞെട്ടിപ്പോയി. കണ്ണ് ഞാൻ വീണ്ടും വീണ്ടും അടച്ചു തുറന്നു. അതേ, അതവൾ തന്നെ…ഞാൻ ഓർമയിൽ നിന്നുണർന്നപ്പോഴേക്കും അവൾ വണ്ടി സ്റ്റാൻഡിൽ വച്ചിട്ട് അടുത്തുള്ള എ ടി എം ലേക്ക് കയറി. രണ്ട് മിനിറ്റ് കൊണ്ട് തിരിച്ചിറങ്ങി.

രാധികേ…ഞാൻ വിളിച്ചു.

അപ്പോളാണ് അവൾ എന്നെ ശ്രദ്ധിച്ചത്. അവളുടെ കണ്ണിൽ സന്തോഷവും അത്ഭുതവും ഒന്നിച്ചു മിന്നിമറയുന്നത് ഞാൻ കണ്ടു.

അരുൺ നീയിവിടെ…?

എനിക്ക്  ഇവിടാണ് ജോലി…

ഇനിയൊരിക്കലും കാണുമെന്ന് കരുതിയല്ലടാ…വാട്ട്‌ എ സർപ്രൈസ്..അവളെന്റെ കൈത്തണ്ടയിൽ പിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു.

എനിക്കും വിശ്വസിക്കാൻ കഴിയുന്നില്ല, ഞാനും പറഞ്ഞു.

ടാ, ഞാൻ പാലാരിവട്ടത്താണ് വർക്ക്‌ ചെയ്യുന്നത്. ഓഫീസ് ടൈം ആയി. നേരത്തെ ചെന്നില്ലെങ്കിൽ മാനേജരുടെ വായിലിരിക്കുന്നത് കേൾക്കണം. നിന്റെ നമ്പർ താ..ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം.

ഞാനെന്റെ നമ്പർ കൊടുത്തു..അവൾ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് പോയി.

അപ്പോഴേക്കും എന്റെ ബസും വന്നു..ഓഫീസിൽ ചെന്നിട്ടും എന്റെ മനസ്സിൽ അവളുടെ മുഖമായിരുന്നു. അവളുടെ വിളിയും കാത്ത് ഞാനിരുന്നു.

ഉച്ചക്ക് ഒരു മണി കഴിഞ്ഞപ്പോൾ എന്റെ ഫോൺ ശബ്ദിച്ചു. അവളാണ്. മനസ്സിൽ സന്തോഷം അല തല്ലി. ഫോണെടുത്തു ചെവിയോട് ചേർത്തു..ഹലോ..

ഹലോ, ടാ ലഞ്ച് ടൈം ആണ്, അതോണ്ട് അൽപനേരം സംസാരിക്കാം. ഓഫീസ് ടൈം പേർസണൽ കാൾ അലൗഡ് അല്ല.

കുറെ നേരം ഞങ്ങൾ സംസാരിച്ചു..അവളുടെ അമ്മ രണ്ടു വർഷം മുമ്പ് മരിച്ചു പോയെന്ന് പറഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി. ചെറുപ്പത്തിൽ എന്നെയും സ്വന്തം മകനെപ്പോലെയാണ് കണ്ടിരുന്നത്.. വീണ്ടും പതിനഞ്ചു മിനിറ്റോളം സംസാരിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ അത് പതിവായി. ഇടയ്ക്ക് അവളുടെ വീട്ടിൽ പോയി അച്ഛനെ കണ്ടു. അദ്ദേഹത്തിന് വളരെ സന്തോഷമായി..അങ്ങനെ ഫോൺ വിളിയും കണ്ട് മുട്ടലുകളുമായി ദിവസങ്ങൾ മുന്നോട്ട് പോയി.

അതിനിടയിൽ ഞാനൊരു ബൈക്ക് എടുത്തു. അവളുടെ ഓഫീസും കഴിഞ്ഞിട്ടാണ് എനിക്ക് പോകേണ്ടത്. ബൈക്ക് എടുത്തു കഴിഞ്ഞതിനു ശേഷം ബസിൽ പോകാറില്ല. ഇപ്പൊ അവളും എന്റെ കൂടെയാണ് വരുന്നത്. അവളെ ഓഫീസിൽ ഇറക്കിയതിന് ശേഷമാണ് ഞാൻ ഓഫീസിലേക്ക് പോകാറ്.

ദിവസങ്ങൾ കടന്ന് പോയി. എന്റെ മനസ്സിൽ വീണ്ടും ആ പഴയ പ്രണയം പൊട്ടി മുളച്ചു. പക്ഷെ ഇപ്പോഴും പറയാൻ കഴിയുന്നില്ല.

അന്നൊരു ദിവസം, സമയം രാത്രി പത്തു മണിയോളമായി. ഇന്ന് എന്ത് വന്നാലും തുറന്നു പറയണം. അല്പം ധൈര്യം സംഭരിച്ചു ഞാൻ ഫോൺ ചെയ്തു. ഹലോ

ഹലോ..എന്താടാ ഈ പാതിരാത്രി?

ഏയ്‌ വെറുതെ വിളിച്ചതാ..

അല്ല, ഈ സമയത്തു നീ വിളിക്കാറില്ലല്ലോ.

എനിക്ക്..ഒരു കാര്യം പറയാനുണ്ടായിരുന്നു.

എന്താടാ..?

എന്റെ മനസ്സിൽ വർഷങ്ങളായി അടക്കി വച്ചിരുന്ന ആ പ്രണയം ഞാനവളെ അറിയിച്ചു.

അപ്പുറത്ത് നിന്ന് ശബ്ദം ഒന്നും കേൾക്കുന്നില്ല..പണി പാളിയോ? ഹലോ..ഹലോ..ഞാൻ വിളിച്ചതും അവൾ ഫോൺ കട്ടാക്കി.

എനിക്ക് ആകെ നിരാശയായി. സോറി പറയാമെന്ന്  കരുതി വീണ്ടും ട്രൈ ചെയ്തു..ഫോൺ സ്വിച്ച് ഓഫ്.

മനസ്സാകെ മൂടിക്കെട്ടി, നാളെ എങ്ങനെ അവളുടെ മുഖത്ത് നോക്കും?എങ്ങനെയോ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.

രാവിലെ ഇറങ്ങി, അവളുടെ ഫ്ളാറ്റിന് മുന്നിൽ വണ്ടി നിർത്തി അവളെയും കാത്തു നിന്നു. അല്പം കഴിഞ്ഞപ്പോൾ അവൾ വരുന്നു. എന്റെ ഹൃദയം പട പട മിടിക്കാൻ തുടങ്ങി. എന്തായിരിക്കും അവളുടെ പ്രതികരണം? ഞാനവളുടെ മുഖത്തേക്ക് നോക്കാതെ മുന്നോട്ട് തന്നെ നോക്കിയിരുന്നു.

അവൾ വന്ന് വണ്ടിയുടെ പിറകിൽ കയറി. ഞാൻ വണ്ടി മുന്നോട്ടെടുത്തു.

ആരുമാരും സംസാരിക്കുന്നില്ല, ഒടുവിൽ എന്തും വരട്ടെയെന്ന് കരുതി ഞാൻ പറഞ്ഞു..സോറി.

വണ്ടി നിർത്ത്. അവൾ പറഞ്ഞു.

ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി.

അവൾ ഇറങ്ങി എന്റെ മുന്നിൽ വന്നു നിന്നു.

അവളുടെ കണ്ണുകളിൽ നോക്കിയപ്പോൾ എനിക്ക് ചമ്മലാണോ ഭയമാണോ എന്താണെന്നറിയില്ല..ഞാൻ പെട്ടന്ന് കണ്ണുകൾ പിൻവലിച്ചു.

ഐ ലവ് യു…അവളുടെ ചുണ്ടുകൾ അനങ്ങി..ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.

സംശയിക്കണ്ട, എനിക്കും നിന്നെ പണ്ടേ ഇഷ്ടമായിരുന്നു. നീ പറയാൻ ഭയന്നത് പോലെ ഞാനും ഭയന്നു. ഇന്നലെ നീ അത് പറയുമ്പോൾ പെട്ടന്ന് എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. സന്തോഷം കൊണ്ട് എനിക്ക് വാക്കുകൾ വരുന്നില്ലായിരുന്നു. അതോണ്ടാ ഞാൻ ഫോൺ ഓഫ്‌ ചെയ്തത്. അവൾ പറഞ്ഞു.

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഞാൻ പരിസരം പോലും മറന്ന് അവളെ വാരിപ്പുണരാനായി ബൈക്കിൽ നിന്നിറങ്ങി.

ടാ  ഇത് റോഡാണ്..എന്നെ തള്ളി മാറ്റി അവൾ പറഞ്ഞു.

ദൈവമേ ഓഫീസ് ടൈം കഴിഞ്ഞു. ഇന്നെന്നെ കൊല്ലും അയാൾ..അവൾ പേടിയോടെ പറഞ്ഞു കൊണ്ട് എന്നോട് വണ്ടിയെടുക്കാൻ പറഞ്ഞു.

അവളെ ഓഫീസിൽ വിട്ടിട്ട് ഞാനും ഓഫീസിലേക്ക് പോയി.

അങ്ങനെ ഞങ്ങളുടെ പ്രണയം തുടങ്ങിട്ട് മൂന്നാല് മാസമായി. അവൾ ഇതിനിടയിൽ അവളുടെ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു. ഞാൻ അവിടെ പോയി അദ്ദേഹവുമായി സംസാരിച്ചു. എന്റെ വീട്ടിൽ നിന്നും എതിർപ്പൊന്നും ഉണ്ടായില്ല. അവർക്കും സന്തോഷമായിരുന്നു. ഏകദേശം വിവാഹത്തിന്റ ഡേറ്റ് വരെ തീരുമാനം ആയി.

ദിവസങ്ങൾ കഴിയുന്തോറും എന്നിൽ എന്തോ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു.

പഴയത് പോലെ എനിക്കവളോട്‌ സ്നേഹത്തോടെ സംസാരിക്കാൻ കഴിയുന്നില്ല, അവൾ എന്ത് പറഞ്ഞാലും ഞാൻ ദേഷ്യപ്പെടാൻ തുടങ്ങി. അവൾക്ക് പലപ്പോഴും വിഷമം തോന്നിയിരുന്നെങ്കിലും അവളത് പ്രകടമാക്കിയിരുന്നില്ല.

ഒരു ദിവസം എന്തോ അവധി ആയിരുന്നു. നല്ലുറക്കത്തിൽ കിടന്നപ്പോഴാണ് അവളുടെ ഫോൺ വന്നത്..അല്പം ദേഷ്യത്തോടെ ഫോണെടുത്തു.

നമുക്ക് ഇന്നൊരു ഷോപ്പിങ്ങിന് പോയാലോ?  അവൾ ചോദിച്ചു.

ങ്ങാ..എനിക്കൊന്നും വാങ്ങാനില്ല..നിനക്ക് വല്ലതും വാങ്ങാനുണ്ടെങ്കിൽ വാങ്ങിയിട്ട് പെട്ടന്ന് വരണം. വന്നിട്ട് എനിക്കൊരു സ്ഥലം വരെ പോകണം. ഞാൻ പറഞ്ഞു.

അപ്പുറത്ത് നിന്ന് അല്പസമയം നിശബ്ദത. പിന്നെ ഫോൺ കട്ടായി.

ഞാൻ റെഡിയായി ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും അവൾ റോഡിലേക്ക് വന്നു.

ഇറുകിയ ജീൻസും ടി ഷർട്ടും ധരിച്ചു വരുന്ന അവളെകണ്ട്‌ എന്റെ മുഖം വലിഞ്ഞു മുറുകി.

എന്ത് കോ പ്പിലെ വേഷമാടീ ഇത്?കണ്ടവന്മാരൊക്ക കാണാൻ വേണ്ടി ഓരോന്ന് ഇട്ടോണ്ടിറങ്ങും. ഇവിടുന്ന് പോകണമെന്നുണ്ടെങ്കിൽ പോയി വല്ല ചുരിദാറോ സാരിയോ ഉടുത്തോണ്ട് വാ..ഞാൻ അലറി.

അരുൺ, ഞാനിത് ആദ്യമായിട്ട് ഇടുവല്ല, നേരത്തെ മുതലേ ഞാനിതാണ് പുറത്ത് പോകുമ്പോൾ ധരിക്കാറ്. എന്നെ ഇത് വരെ ആരും നോക്കാൻ വന്നിട്ടുമില്ല.

ഞാൻ നിന്റെ കൂടെ വരണമെന്നുണ്ടെങ്കിൽ ഈ ഡ്രസ്സ്‌ മാറ്റി വാ…ഞാൻ ദേഷ്യപ്പെട്ടു.

അവൾ തിരിച്ചു പോയി. അല്പം കഴിഞ്ഞ് ഒരു ചുരിദാർ ധരിച്ചിറങ്ങി വന്ന് ഒന്നും മിണ്ടാതെ എന്റെ പിറകിൽ കയറി.

ബ്രോഡ്‌വേയിൽ എത്തുന്നത് വരെ രണ്ടാളും ഒന്നും മിണ്ടിയില്ല.

അവൾക്കിഷ്ടപ്പെട്ട് എടുത്ത ഡ്രെസ്സുകൾ തിരിച്ചു വച്ചിട്ട് എന്റെ ഇഷ്ടത്തിന് ഞാൻ അവൾക്ക് ഡ്രെസ്സെടുത്തു. ഒന്നും മിണ്ടാതെ അവൾ എന്റെ കൂടെ നടന്നു.

വേറെന്തെല്ലാമോ വാങ്ങിയ ശേഷം പോകാൻ തുടങ്ങിയപ്പോഴാണ് ആ ഫാൻസി ഐറ്റംസ് വിൽക്കുന്ന കട അവൾ കണ്ടത്.

അരുൺ ഒരു മിനിറ്റ്, അത് പറഞ്ഞിട്ട് അവൾ ആ കടയിൽ കയറി. ഞാൻ വെളിയിൽ തന്നെ നിന്നു.

പതിനഞ്ചു മിനിറ്റോളം കഴിഞ്ഞിട്ടും കാണാഞ്ഞിട്ട്  അവളെ തിരക്കി ഞാൻ കടയ്ക്കുള്ളിലേക്ക് കയറി.

അവൾ വാങ്ങിയ കുപ്പിവള,  ഞാൻ ഇട്ട് തരാം ചേച്ചിന്ന് പറഞ്ഞ് കടയിൽ നിന്ന പയ്യൻ അവളുടെ കയ്യിൽ  ഇട്ട് കൊടുക്കുന്നു.

എന്റെ കണ്ണുകളിൽ രോഷം ഇരച്ചു കയറി. വിടെടാ അവളുടെ കയ്യിൽ നിന്ന്..ഞാൻ അലറിക്കൊണ്ട് അവന്റെ നേരെ പാഞ്ഞടുത്തു.

പയ്യൻ പേടിച്ച് അവിടെ നിന്ന് ഓടി മാറി..ദേഷ്യത്തോടെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ഞാൻ പുറത്തേക്കിറങ്ങി.

എന്താ അരുൺ ഇതൊക്കെ?നീയിങ്ങനെ അല്ലായിരുന്നല്ലോ? എന്ത് പറ്റി നിനക്ക്? അവൾ കരച്ചിലിന്റെ വക്കോളമെത്തി.

എനിക്ക് വിഷമമായി..സോറി, ഞാൻ നിന്നെ ഒത്തിരി ഇഷ്ടപ്പെടുന്നത് കൊണ്ടാവും ഇങ്ങനെയൊക്കെ..സോറി..സോറി..ഞാൻ അല്പം അയഞ്ഞു.

ഈയിടെയായി അല്പം കൂടുന്നുണ്ട് നിനക്ക്, അത്ര നല്ലതല്ല ഈ സ്വഭാവം..കേട്ടോ. അത് പറഞ്ഞിട്ടവൾ വണ്ടിയിൽ കയറി.

അവളെ ഫ്ലാറ്റിൽ ഇറക്കിയിട്ട് തിരിച്ചു പോകുമ്പോൾ ചിന്തിച്ചത് മുഴുവൻ എന്നിലെ മാറ്റത്തെക്കുറിച്ചായിരുന്നു. എന്ത് കൊണ്ടാണ് ഞാൻ ഇങ്ങനെ?

വല്യ കുഴപ്പമില്ലാതെ രണ്ടാഴ്ച കടന്ന് പോയി.

അന്ന് വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങി അവളുടെ ഓഫീസിന്റെ മുന്നിൽ വന്നു. സാധാരണ ഞാൻ വരുമ്പോൾ അവളവിടെ കാണുന്നതാണ്. ഇന്നെന്തു പറ്റി?

ഞാൻ ഫോണെടുത്തു ഡയൽ ചെയ്തു..

അരുൺ ഒരു അഞ്ച് മിനിറ്റ്, ഇപ്പൊ വരാം..അവൾ പറഞ്ഞിട്ട് പെട്ടന്ന് കട്ട്‌ ചെയ്തു.

അഞ്ച് മിനിറ്റ് ആവുന്നതിന് മുമ്പ് വീണ്ടും ചെയ്തു..ഇപ്പൊ വരാം..വീണ്ടും ഫോൺ കട്ട്‌ ചെയ്തു. ഇടയ്ക്കൊക്കെ ഫോൺ ചെയ്തിട്ടും ഇപ്പൊ വരാമെന്ന് പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു. എനിക്ക് ദേഷ്യം വന്നു തുടങ്ങി. അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് അവൾ ഇറങ്ങി വന്നത്..ഓടി വണ്ടിയുടെ അടുക്കൽ എത്തിയതും അവൾ പറഞ്ഞു..സോറി ടാ..കാത്തുനിന്നു മടുത്തോ സോറി ടാ..

ബാക്കി പറയുന്നതിന് മുമ്പ് എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു. എല്ലാ സ്റ്റാഫുകളും പോയി. നിനക്ക് മാത്രം എന്തായിരുന്നു അവിടെ പണി ?ആരായിരുന്നു കൂടെ? മാനേജറോ? എന്റെ നിയന്ത്രണം വിട്ടു.

അവൾ കവിൾ പൊത്തിപ്പിടിച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി. അടുത്ത് സ്റ്റാൻഡിൽ കിടന്നിരുന്ന ഓട്ടോ ഡ്രൈവേഴ്‌സൊക്കെ ശ്രദ്ധിക്കുന്നു. ഒന്നും പറയാതെ അവൾ ബസ്റ്റാന്റിലേക്ക് നടന്നു.

ഞാൻ അവളുടെ പിറകെ ചെന്നു. രാധിക, പ്ലീസ് പറ്റിപ്പോയി..ഇനിയിങ്ങനെ ഉണ്ടാവില്ല..വാ എന്റെ കൂടെ…ഞാൻ പറഞ്ഞു.

ഇല്ല, അരുൺ പൊക്കോളൂ..ഞാൻ ബസിന് വന്നോളാം.

അവൾ വരാൻ കൂട്ടാക്കുന്നില്ലെന്ന് കണ്ട ഞാൻ തിരിച്ചു പോരുന്നു.

റൂമിൽ വന്ന ശേഷം ഞാൻ അവൾക്ക് ഫോൺ ചെയ്തു..അവൾ ഫോണെടുക്കുന്നില്ല, കുറച്ചു സമയം കഴിഞ്ഞപ്പോൾ വീണ്ടും ചെയ്തു. സ്വിച്ച്ഓഫ് ആണ്. ഒരാഴ്ചയോളം അവളെക്കുറിച്ചു യാതൊന്നും അറിഞ്ഞില്ല, ജോലിക്ക് പോകുമ്പോൾ ഫ്ളാറ്റിന് മുന്നിൽ കാണാറില്ല. ഫ്ലാറ്റിൽ പോയി തിരക്കാൻ മനസ്സ് അനുവദിക്കുന്നില്ല. ആ പാവം മനുഷ്യൻ ഒരുപക്ഷെ ഇത് അറിഞ്ഞിട്ടുണ്ടെങ്കിൽ എങ്ങനെ അദ്ദേഹത്തെ ഫേസ് ചെയ്യുമെന്നുള്ള പേടി കാരണം അവിടെ പോയി തിരക്കാനും  തോന്നിയില്ല.

വീണ്ടും ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. അന്ന് ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോഴാണ് ഫോൺ റിങ് ചെയ്തത്. രാധിക..

ഞാൻ ആകാംഷയോടെ ഫോൺ ചെവിയിലേക്ക് ചേർത്തു..ഹലോ..

അരുൺ, ഒന്ന് കാണാൻ പറ്റുമോ ഇന്ന്?

കാണാം, എവിടെ വരണം?

മറൈൻ ഡ്രൈവിൽ വാ..ഞാൻ അങ്ങോട്ട് വരാം.

ഓക്കേ, ഞാൻ സന്തോഷത്തോടെ ഫോൺ കട്ട്‌ ചെയ്തിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

അവിടെ ചെല്ലുമ്പോൾ കായലിലേക്ക് കണ്ണും നട്ട് ആ മരച്ചുവട്ടിൽ അവൾ ഇരിപ്പുണ്ട്.

രാധികാ..ഞാൻ വിളിച്ചു കൊണ്ട് അവളുടെ അടുക്കൽ ഇരുന്നു.

അപ്പോൾ നമ്മൾ ഇവിടെ പിരിയുകയല്ലേ അരുൺ?

രാധികേ..നീയെന്താ ഈ പറയുന്നത്?പിരിയാനാണോ നമ്മൾ ഇത്രയും സ്നേഹിച്ചത്? എന്റെ എല്ലാ തെറ്റിനും ഞാൻ മാപ്പ് ചോദിക്കുന്നു. ഇനിയൊരിക്കലും ഞാൻ നിന്നെ വേദനിപ്പിക്കില്ല..എന്നെ വിശ്വസിക്കൂ..

അരുൺ, ഞാൻ എന്റെ ജീവിതത്തിൽ ആകെ ഒരു തെറ്റ് ചെയ്തെങ്കിൽ  അത് നിന്നെ ഇഷ്ടപ്പെട്ടുവന്നതാണ്. പല പ്രാവശ്യം നീ ഓരോരോ കാരണങ്ങളാൽ എന്റെ മനസ്സ് നോവിച്ചപ്പോഴും ഒരിയ്ക്കൽ എല്ലാം നേരെയാവുമെന്ന് ഞാൻ കരുതി. പക്ഷെ ഓരോ ദിവസം കഴിയുന്തോറും നിനക്ക് എന്നിലെ വിശ്വാസം നഷ്ടപ്പെടുകയായിരുന്നു. അന്ന് ഓഫീസിൽ കസ്റ്റമർ ഉണ്ടായിരുന്നു. അതാണ് അന്ന് ലേറ്റ് ആയത്. അതൊന്ന് കേൾക്കാൻ പോലുമുള്ള ക്ഷമ കാണിക്കാതെ നീ എന്നെ തല്ലി. അതും ആളുകളുടെ ഇടയിൽ വച്ച്. അതിൽ എനിക്ക് വിഷമം ഇല്ല അരുൺ..പക്ഷെ ഈ ബന്ധം ഇവിടെ അവസാനിച്ചില്ലെങ്കിൽ ഞാനും നീയും കൂടുതൽ അപകടത്തിൽ ആവും. നിനക്ക് ഒരിയ്ക്കലും എന്നെ പഴയ പോലെ സ്നേഹിക്കാൻ കഴിയില്ല..വിവാഹം കഴിഞ്ഞാലും നിന്റെ സംശയങ്ങൾ കൂടി വരും. ജീവിതത്തിൽ ഒരിക്കലും സമാധാനം കിട്ടില്ല. എനിക്കും നിനക്കും. നമ്മുടെ ബന്ധം ഇന്ന് ഇവിടെ തീരുന്നു. അച്ഛനോട് ഞാൻ കാര്യങ്ങൾ പറഞ്ഞു. പാവത്തിന് വിഷമമുണ്ട്, പക്ഷെ മകളുടെ ഭാവിയോർത്ത് അദ്ദേഹവും സമാധാനിച്ചിട്ടുണ്ടാവും.  ഇനിയൊരിക്കലും നമ്മൾ തമ്മിൽ കാണില്ല. നാളത്തെ ട്രെയിനിന് ഞങ്ങൾ പോകും. കൊച്ചച്ഛന്റെ അടുത്തേക്ക്. പോകുന്നതിന് മുമ്പ് ഒന്ന് കാണണം എന്ന് തോന്നി. അതാണ് വരാൻ പറഞ്ഞത്. എന്നാൽ ഞാൻ പോട്ടെ..നല്ലത് ചിന്തിക്കാൻ ദൈവം കഴിവ് തരട്ടെ എന്ന് പ്രാർത്ഥിക്കാം..

പറഞ്ഞിട്ട് അവൾ നടന്ന് നീങ്ങി.

*************

ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ പറഞ്ഞു നിർത്തുമ്പോൾ ശാരി എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.

ശാരി….ഞാൻ വിളിച്ചു.

ഉം..അവൾ എന്തോ ചിന്തിച്ചിരുന്നതിൽ നിന്ന്  പെട്ടന്ന് ഉണർന്നു.

ഞാനെന്തിനാ തന്നെ ഇവിടെ വിളിച്ച് ഇതൊക്കെ പറഞ്ഞതെന്നറിയാമോ?

അറിയാം…

എന്നാ പറ എന്തിനാ?

എനിക്ക് ഇങ്ങനെ കുറച്ച്  അസുഖങ്ങളൊക്കെയുണ്ട്, അതൊക്കെ നേരിടാൻ കഴിയുമോ എന്നറിയാനല്ലേ? അവൾ ചിരിച്ചു.

കൊള്ളാല്ലോ…എന്നിട്ടെന്താ തീരുമാനം? ഞാൻ ചോദിച്ചു.

പരസ്പര വിശ്വാസം നഷ്ടപ്പെടുന്നിടത്താണ് പരാജയം സംഭവിക്കുന്നത്..അത് നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് നമ്മളല്ലേ? ഏട്ടന്റെ ഈ തുറന്ന് പറച്ചിൽ തന്നെ അതിന്റെ എറ്റവും മനോഹരമായ ഒരു തുടക്കം തന്നെയാണ്..നമുക്ക് ശ്രമിക്കാന്നെ..അവൾ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു.

ഹോ, ഇപ്പൊ മനസ്സൊന്നു ശാന്തമായി, വലിയൊരു ഭാരം ഇറക്കി വച്ചത് പോലെ..ഞാൻ പറഞ്ഞു.

എങ്കിൽ ഇറങ്ങാം നമുക്ക്? അവൾ ചോദിച്ചു.

പോകാം..

ബില്ലടച്ച് അവിടെ നിന്നിറങ്ങുമ്പോൾ അവൾ പറഞ്ഞു..

ഒരു കാര്യം ചോദിച്ചോട്ടെ?

ചോദിച്ചോളൂ..

അവളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ? അവൾ ചോദിച്ചു.

ഉം..

അവൾ എന്റെ മുഖത്തേക്ക് നോക്കി നെറ്റി ചുളിച്ചു.

ഞാനവളെ സ്നേഹിച്ചിരുന്നു. ഇന്ന് ആ സ്നേഹത്തിനുമപ്പുറം തന്നെ ഞാൻ സ്നേഹിക്കുന്നു…

ഞാനത് പറയുമ്പോൾ വരാൻ പോകുന്ന ആ നല്ല മുഹൂർത്തത്തിന്റെ വാദ്യ മേളങ്ങൾ അവളുടെ മനസ്സിൽ മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു.

~Anil Mathew Kadumbisseril