അപ്പൂപ്പന്റെ നാരങ്ങമിഠായി…
Story written by Arun Nair
===============
“”ദേ അരുണേട്ടാ നിങ്ങളുടെ അപ്പൂപ്പന്റെ നോട്ടം അത്രക്കും ശരിയല്ല കേട്ടോ…അയാളെ കൊണ്ടു ഞാൻ സഹികെട്ടു…രാവിലെ മുതൽ ആ കസേരയിൽ കയറി ഇരുന്നുള്ള നോട്ടമാണ്…മോൾക്ക് ബിസ്ക്കറ്റോ വല്ലതും കൊടുത്താൽ അന്നേരം അവിടെയിരുന്നു കൊതി തുടങ്ങും…ഡയറി മിൽക്ക് ഒക്കെ മോളു കഴിക്കുമ്പോൾ ഇത്രയും പ്രായമായിട്ടും പുള്ളിയുടെ വായിലൂടെ ഒരു പ്രളയത്തിനുള്ള വെള്ളം ഒഴുകി വരുന്നുണ്ട്…..””
“”എന്റെ അമ്മു നീയിതു എന്തൊക്കെയാണ് പറയുന്നത്…ഒന്നുമില്ലെങ്കിലും പറയുന്ന ആളുടെ പ്രായത്തെ എങ്കിലും നിനക്ക് ബഹുമാനിച്ചു കൂടെ….ഇങ്ങനെയൊന്നും പറയാതെ അമ്മു, നിന്റെ വില തന്നെ പോകത്തേയുള്ളൂ…ആരെങ്കിലും കരുതുമോ നിന്റെ സ്വഭാവം നല്ലതാണെന്നു ഇങ്ങനെയൊക്കെ പറഞ്ഞു നടന്നാൽ…അപ്പൂപ്പന് ഇപ്പോൾ എൺപത്തഞ്ചു വയസിനു മുകളിലുണ്ട് പ്രായം…..””
സത്യം പറഞ്ഞാൽ അമ്മുവിന്റെ പരിഭവം കേട്ടപ്പോൾ എനിക്കു ചിരിയും സങ്കടവും ഒരുമിച്ചു വന്നു….വലിയ ഒരു ടീച്ചർ ആണ് അമ്മു….ഇവളുടെ ഈ മനസ്ഥിതി വച്ചു പഠിപ്പിച്ചാൽ പിള്ളേരുടെ കാര്യം അധോഗതി തന്നെ…..
“”എന്റെ അരുണേട്ടാ എത്ര ആണെന്നു വച്ചാണ് സഹിക്കുന്നത്…ഇനിയും ഇങ്ങനെ തുടർന്നാൽ കുഞ്ഞിന് വല്ല അസുഖവും വരും…പിന്നെ എന്റെ സ്വഭാവം എനിക്കു പോലും പിടിച്ചാൽ കിട്ടില്ല….. “”
പെട്ടെന്ന് അച്ഛൻ അങ്ങോട്ട് കയറി വന്നു
“”എന്താടാ, രണ്ടും കൂടി ഒരു കുശുകുശുപ്പു…””
“”ഞാൻ ഒന്നുമില്ല അച്ഛാ”” പറഞ്ഞു ഒഴിഞ്ഞുവെങ്കിലും അമ്മു കാര്യം പറഞ്ഞു…
പൊതുവെ എന്ത് കാര്യത്തിനും അമ്മുവിനെയാണ് അച്ഛൻ സപ്പോർട്ട് ചെയ്യാറ്…ഇവിടെയും ആ പൊട്ടി അച്ഛന്റെ സപ്പോർട്ട് കിട്ടും കരുതി കാണും…..
ജന്മം കൊണ്ടും കർമം കൊണ്ടും ശാന്തശീലനായ അച്ഛന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു വന്നു…..
“”നിർത്തിക്കോ മോളെ,,,നിന്റെ ഇതുപോലെയുള്ള വിഡ്ഢിത്തങ്ങൾ…ഇനിയും നീ വല്ലതും പറഞ്ഞാൽ അച്ഛന്റെ വേറെയൊരു സ്വഭാവം നീ കാണേണ്ടി വരും……””
“”അതല്ല അച്ഛാ…കുഞ്ഞിനെ ഓർത്താണ് ഞാൻ പറഞ്ഞത്….. “” അമ്മു അവളെ ന്യായികരിക്കാൻ ശ്രമിച്ചു….
“”നിനക്ക് സൗകര്യം ഉണ്ടെങ്കിൽ ഇവിടെ നിന്നാൽ മതി….ഇത് എന്റെ പേരിലുള്ള വീട് ആണ്,,,അവിടെ എന്റെ അച്ഛൻ ഇരിക്കും…അതിനു അത്രക്കും ബുദ്ധിമുട്ട് ആണെങ്കിൽ പൊക്കോ നീ എങ്ങോട്ട് ആണെന്ന് വച്ചാൽ…. “”
അച്ഛൻ എന്നെയും ഒന്നു കലിപ്പിച്ചു നോക്കിയിട്ട് പോയി…നിനക്കിപ്പോൾ തൃപ്തി ആയല്ലോ എന്നുള്ളൊരു നോട്ടം അമ്മുവിന് കൊടുത്തു ഞാനും അവിടുന്ന് ഇറങ്ങി പോയി…അമ്മു അവിടെ മുഖം വീർപ്പിച്ചു കൊണ്ട് നിന്നു…..
വൈകുന്നേരം ആയപ്പോൾ ഞാൻ കടയിലേക്ക് ഇറങ്ങും വഴി അപ്പൂപ്പൻ എന്നെ അടുത്തേക്ക് വിളിച്ചു……
“”മോനെ അപ്പൂപ്പന് ഒരു ആഗ്രഹം..മോൻ ഇപ്പോൾ കടയിൽ പോകുക അല്ലേ…. “”
അപ്പൂപ്പൻ അത്രയും പറഞ്ഞപ്പോൾ തന്നെ എനിക്കു കാര്യം പിടികിട്ടിയിരുന്നു…എന്നാലും ഒന്നുമറിയാത്തവനെ പോലെ ഞാൻ ചോദിച്ചു….
“”എന്താ അപ്പൂപ്പാ,,,ഈ വയസാം കാലത്തൊരു ആഗ്രഹം…വല്ല ചുറ്റികളിയുമുണ്ടോ…കാമുകിക്ക് വല്ല ലവ് ലെറ്ററും കൊടുക്കാൻ ഉള്ള ഹംസം ആക്കാൻ ആണോ എന്നെ….. “”
അപ്പൂപ്പൻ അപ്പൂപ്പന്റെ മോണ കാട്ടി ഒരു കൊച്ചു കുഞ്ഞു ചിരിക്കും പോലെ ചിരിച്ചു….
“”അതൊന്നുമല്ലടാ കള്ള കണ്ണാ,,,അപ്പൂപ്പന് കുറച്ചു നാരങ്ങ മുട്ടായി മേടിച്ചു പൊടിച്ചു തരാമോ…ഒരുപാട് മോഹം അതൊന്നു കഴിക്കാൻ….. “”
“”അതിനെന്താ അപ്പൂപ്പാ,,,ഞാൻ മേടിച്ചു കൊണ്ടേ തരുമല്ലോ…എത്ര എണ്ണം വേണം,,,അല്ലങ്കിലൊരു കുപ്പി തന്നെ അങ്ങു മേടിച്ചേക്കാം…അത് പോട്ടെ,,,പെട്ടെന്ന് എന്ത് പറ്റി ഇപ്പോളൊരു മോഹം തോന്നാൻ….””
“”അത് നിന്റെ കുഞ്ഞു വേറെ എന്തോ മുട്ടായി ഒക്കെ കഴിച്ചില്ലേ അത് കണ്ടപ്പോൾ അപ്പൂപ്പന് അപ്പൂപ്പന്റെ കുട്ടി കാലം ഓർമ്മ വന്നു…അന്നൊന്നും ഇപ്പോൾ ഉള്ളപോലത്തെ മുട്ടായി ഒന്നും ഇല്ലല്ലോ….ആകെ ഉള്ളത് ഈ നാരങ്ങ മുട്ടായി ഒക്കെ അല്ലേ….അതു പണ്ട് അപ്പൂപ്പന്റെ അച്ഛൻ ജോലിക്ക് പോയിട്ട് വരുമ്പോൾ മേടിച്ചുകൊണ്ട് വരും അമ്മ അതെനിക്ക് തരുന്നതും ഞാൻ രുചിയോടെ കഴിക്കുന്നതുമെല്ലാം ഓർത്തു പോയി…..””
“”അമ്പട കള്ളൻ അപ്പൂപ്പാ,,,അപ്പോളെന്റെ മോൾ കഴിക്കുന്നതും നോക്കി കൊതിച്ചു ഇരിക്കുക ആണല്ലേ……”” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു….
“”ഒന്നു പോടാ…എനിക്കു എന്റെ അമ്മയെ ഓർമ്മ വന്നു അല്ലാതെ നിന്റെ കുഞ്ഞിന്റെ മിട്ടായിയിൽ കൊതി ഒന്നും വന്നില്ല……”” അതും പറഞ്ഞു അപ്പൂപ്പൻ നനഞ്ഞ തുടങ്ങിയ കണ്ണുകൾ തുടച്ചു….
അപ്പൂപ്പാ കൂടുതൽ സെന്റി ആയി ഓവർ ആക്കണ്ട…ഞാൻ പോയി മേടിച്ചു കൊണ്ടു വരാം….അതു വരെയൊന്നു ക്ഷമിച്ചിരിക്കു….അത്രയും പറഞ്ഞു ഞാൻ കടയിൽ പോകാനായി വണ്ടിയും എടുത്തുകൊണ്ട് ഇറങ്ങി…..
ഞായറാഴ്ച വൈകുന്നേരം ആയതു കൊണ്ട് കടയിൽ പോയി സാധനം മേടിച്ചുകൊണ്ട് ഞാൻ കൂട്ടുകാരുടെ കൂടെ കുറച്ചു നേരം ഷട്ടിൽ കളിക്കാൻ പോകും…അതു കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ മണി ഒമ്പതു മണിയാകും….പതിവ് പോലെ ഞാൻ കടയിൽ പോയി സാധനം മേടിച്ചിട്ട് കളിക്കാൻ പോയിട്ട് വന്നപ്പോൾ ആ സമയം ആയി…പതിവില്ലാതെ ആ തിണ്ണയിലെ കസേരയിൽ ഇരിക്കുന്ന അപ്പൂപ്പനെ കണ്ടപ്പോൾ ആണ് ഞാൻ നാരങ്ങ മുട്ടായിയുടെ കാര്യം ഓർത്തത്…
ഞാൻ കയറി വന്നപ്പോൾ തന്നെ അപ്പുപ്പൻ എന്നോട് ചോദിച്ചു….
“”മോനെ മിട്ടായി എന്തിയെടാ…അപ്പൂപ്പന് അതു കഴിക്കാൻ ധൃതി ആയി…. ‘”
ആ മുഖത്തു നോക്കി കളവു പറയാൻ എനിക്കു തോന്നിയില്ല..അപ്പൂപ്പാ ഞാൻ മറന്നു പോയി…ഞാൻ ഇപ്പോൾ തന്നെ പോയി മേടിച്ചിട്ട് വരാം..അതും പറഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങിയതും അമ്മു പറഞ്ഞു….
“”ഈ രാത്രിയിൽ ഇനി എങ്ങോട്ട് ആണ്..നാളെ ജോലിക്ക് പോയിട്ട് വരുമ്പോൾ മേടിച്ചു കൊടുക്ക്……””
“”അതു വേണ്ട അമ്മു,,,ഞാൻ വാക്ക് കൊടുത്തതല്ലേ….പോയി മേടിച്ചു കൊടുക്കട്ടെ….. “” അപ്പൂപ്പനും അച്ഛനും അപ്പോൾ പറഞ്ഞു
“”വേണ്ട മോനെ, ഇനി നാളെ മേടിക്കാം..ഇത്രയും സമയമായില്ലേ…പോരാത്തതിന് ഞായറാഴ്ചയും അല്ലേ…കടകൾ അടച്ചു കാണും…. “”
അന്ന് ഉറങ്ങാൻ കിടന്നപ്പോൾ മുഴുവൻ എന്റെയുള്ളിൽ അപ്പൂപ്പന് മിട്ടായി മേടിച്ചു കൊടുക്കാൻ പറ്റാത്ത വിഷമം ആയിരുന്നു…അതുകൊണ്ട് തന്നെ പിറ്റേന്ന് ജോലിക്ക് പോകും വഴിക്കു തന്നെ ഞാൻ മിട്ടായി മേടിച്ചു ബാഗിൽ വച്ചു..വൈകുന്നേരം ആകാൻ നോക്കിയിരുന്നാൽ ചിലപ്പോൾ മറന്നു പോകും…….
ഒരു മൂന്ന് മൂന്നര ആയപ്പോൾ അച്ഛൻ എന്നെ വിളിച്ചു….
“”മോനെ അപ്പൂപ്പന് തീരെ വയ്യ..സമയമായി തോന്നുന്നു..നീ നാരങ്ങ മിട്ടായി കൊണ്ടേ കൊടുക്കും പറയുന്നുണ്ട് ഇപ്പോളും..മോനൊന്നു പെട്ടെന്ന് വാ…..””
ഞാൻ വണ്ടിയുമെടുത്തു പറന്നു വീട്ടിലേക്കു..വീട്ടിലേക്കു ഞാൻ ചെന്നു കയറും മുൻപ് തന്നെ വീടിന്റെ മുൻപിലെ ആൾക്കാരെ കണ്ടപ്പോൾ എനിക്കു മനസ്സിലായി ഞാൻ തോറ്റു പോയെന്നു…എന്നാലും ഞാൻ കൊടുക്കും എന്റെ അപ്പൂപ്പന് ഈ നാരങ്ങ മിട്ടായി…എനിക്കു മനസ്സിൽ അമ്മുവിനോട് എന്തെന്നില്ലാത്ത ദേഷ്യവും തോന്നി…അവളു കാരണമാണ് അല്ലങ്കിൽ ഞാൻ ഇന്നലെ തന്നെ മേടിച്ചു കൊടുത്തേനെ…..
കരഞ്ഞു കലങ്ങിയ കണ്ണുമായി ഒരു വലിയ കുപ്പി നിറയെ നാരങ്ങ മിട്ടായിയുമായി ഞാൻ അപ്പൂപ്പന്റെ അടുത്തേക്ക് ചെന്നു…
“”അപ്പൂപ്പാ എനിക്കിതു മേടിച്ചു തരാൻ കഴിഞ്ഞില്ലല്ലോ..അപ്പൂപ്പന്റെ ആഗ്രഹം സാധിച്ചു തരാൻ കഴിഞ്ഞില്ലല്ലോ… “” ഞാൻ ദുഃഖത്തോടെ അനക്കമില്ലാതെ അപ്പൂപ്പനെ നോക്കി ചോദിച്ചു……
ഞാൻ നോക്കിയപ്പോൾ അപ്പൂപ്പന്റെ കയ്യിൽ ചെറിയ ഒരു നാരങ്ങ മിട്ടായി…വായിലും നാരങ്ങ മിട്ടായിയുടെ തരികൾ കാണാം……
അച്ഛൻ മേടിച്ചു കൊടുത്തു കാണും…പാവം…അദേഹത്തിന്റെ അച്ഛനല്ലേ…ഞാൻ ബാഗ് കൊണ്ടു പോയി അകത്തേക്ക് വക്കാൻ പോയപ്പോൾ അമ്മു പുറകെ വന്നു……
“”അരുണേട്ടൻ ഇന്നും മറക്കും വച്ചു ഞാൻ സ്കൂളിൽ നിന്നും വരുന്ന വഴിക്കു നാരങ്ങ മിട്ടായി മേടിച്ചു കൊണ്ടു വന്നു…അതുകൊണ്ട് അപ്പൂപ്പന് മിട്ടായി സമയത്ത് കൊടുക്കാനും ആഗ്രഹം തീർക്കാനും കഴിഞ്ഞു..അരുണേട്ടൻ ഇന്നലെ മുഴുവൻ അതുമോർത്തു ഉറങ്ങാതെ കിടക്കുന്നത് കണ്ടപ്പോൾ ആണ് എനിക്കു ഞാൻ ചെയ്ത തെറ്റു മനസ്സിലായത്…അതെനിക്ക് ഇങ്ങനെ അല്ലേ തിരുത്താൻ പറ്റു…എന്നോട് ക്ഷമിക്കു അരുണേട്ടാ…..””
“”എന്നാലും കുറച്ചു തെറ്റു ചെയ്തുവെങ്കിലും നീ ഞാൻ പറയാതെ എന്റെയും അപ്പൂപ്പന്റെയും മനസ്സറിഞ്ഞല്ലോ….അതു മതി അമ്മു,,,നമുക്ക് നല്ലതു വരാൻ…ഒരിക്കലും നമ്മൾ അഹങ്കരിക്കരുത്…ഇന്നത്തെ നമ്മുടെ ഈ ആരോഗ്യവും സൗന്ദര്യവും എല്ലാം പോയി ഒരിക്കൽ നാമും അങ്ങനെ ആകും അതു മറന്നു ജീവിക്കരുത്…വൈകി ആണെങ്കിലും എന്റെ അമ്മു അത് തിരിച്ചറിഞ്ഞല്ലോ…അതിൻറെ ഗുണം നമ്മുടെ മോൾക്ക് കിട്ടും……. “”
മനസ്സിലെ കറുപ്പ് മാറിയ അമ്മു അപ്പോൾ എന്റെ ആശ്വാസ വാക്കുകളുടെ സന്തോഷത്തിൽ അല്ലായിരുന്നു ചെയ്തു പോയ തെറ്റുകളുടെ കുറ്റബോധത്തിൽ ആയിരുന്നു….
A story by അരുൺ നായർ
അഭിപ്രായം പറയണേ സൗഹൃദങ്ങളെ……