മുലയൂട്ടുന്ന വധുവിനെ ആവശ്യമുണ്ട്…
എഴുത്ത്: അരവിന്ദ് മഹാദേവൻ
================
“മു ലയൂട്ടുന്ന വധുവിനെ ആവശ്യമുണ്ട് “
അമേരിക്കയില്‍ പൗരത്വമുള്ള ഓര്‍ഫന്‍ യുവാവ്. മുപ്പത്തിയെട്ട് വയസ്സ്. അമേരിക്കയില്‍ ജോസഫ് കുര്യന്‍ ബങ്കര്‍ കണ്‍സ്ട്രക്ഷന്‍സ് സ്ഥാപകന്‍. ഇപ്പോള്‍ കേരളത്തിലുണ്ട്…
മുലയൂട്ടുന്ന ഇരുപത്തിയഞ്ച് വയസ്സിനും മുപ്പത്തിയഞ്ച് വയസ്സിനുമിടയിലുള്ള യുവതികളുടെ ആലോചനകള്‍ ക്ഷണിക്കുന്നു. ജോസഫ്കുര്യന്‍ @ ജിമെയില്‍.കോം . മൊബൈല്‍ നമ്പര്‍ ******
പത്രത്തില്‍ വന്ന വിചിത്രമായ പരസ്യം കണ്ട് ആള്‍ക്കാര്‍ മൂക്കത്ത് വിരല് വെച്ചു.
“അനാഥനല്ലേ , അ മ്മിഞ്ഞ പാല് കുടിക്കാത്തതുകൊണ്ട് പാലുമായി കൂടെ കിടക്കാന്‍ പെണ്ണുമായി , എന്തായാലും ഇവന്റെയൊക്കെ ബുദ്ധി കൊള്ളാം “
“വേദനിക്കുന്ന കോടീശ്വരന്റെ ഓരോരോ പൂതികള്‍ കണ്ടില്ലേ , വെറുതെയല്ല അനാഥനായത് , ഇവനൊക്കെ ത ന്തയും ത ള്ളയും ഉണ്ടായിരുന്നെങ്കില്‍ അവരെയുമിവന്‍ “
“ഇനി വല്ല പാല്‍ സൊസൈറ്റിയും തുടങ്ങാനാകുമോ “
പത്രപ്പരസ്യം വായിച്ച പലരും അ ശ്ലീലച്ചുവയോടെയുള്ള കമന്റുകള്‍ കൊണ്ട് പരസ്യത്തെ നാട്ടിലാകെ പാട്ടാക്കാന്‍ മുന്നിട്ടിറങ്ങി.
“ആ കൊച്ചനിതെന്നാത്തിന്റെ കേടാണോ ആവോ, വെറുതെ നസ്രാണികളെ പറയിപ്പിക്കാന്‍ “
പാലായിലെ പ്രമാണിയായ തോമസ്സ് ചാക്കോയുടെ വീടിന്റെ ഉമ്മറത്തിരുന്നുകൊണ്ട് തോമസ്സ് ചാക്കോയുടെ ഭാര്യ ഏലിയാമ്മ പിറുപിറുത്തു.
“എന്റെ ഏലിയാമ്മേ നീയിത്ര പൊട്ടിയാകരുത് , ആ കൊച്ചന്‍ അമേരിക്കയിലെ വല്യ ബില്‍ഡറല്ലേ ? നാട്ടിലോട്ട് വന്നപ്പോള്‍ പബ്ലിസിറ്റി വേണമെന്ന് തോന്നിക്കാണും, അതിന് വേണ്ടിയുള്ള നമ്പരാവും ഇതൊക്കെ “
തോമസ്സ് ചാക്കോ ചാരുകസേരയില്‍ ചാരിയിരുന്ന് തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
പക്ഷേ ഇത്തരം ചര്‍ച്ചകളില്‍ തീരുന്നത് മാത്രമായിരുന്നില്ല പത്രത്തിലെ ആ പരസ്യം .
പരസ്യത്തെ ഫോട്ടോയായി ഫോണില്‍ പകര്‍ത്തി പല ഫേസ്ബുക്ക് ട്രോളന്മാരും വിവിധങ്ങളായ രീതിയില്‍ ട്രോളുകളിടാന്‍ തുടങ്ങി .
ചില വിരുതന്മാര്‍ ജോസഫ് കുര്യന്റെ ഫേസ്ബുക്ക് പേജും കണ്ടെത്തി .
ഫേസ്ബുക്ക് പേജില്‍ പത്രപ്പരസ്യത്തിന്റെ ഫോട്ടോയിട്ട് കൂട്ടത്തെറിവിളിയായിരുന്നു പിന്നീടരങ്ങേറിയത്.
വാട്സ് ആപ്പിലും ഫേസ്ബുക്കിലും തുടങ്ങി സോഷ്യല്‍ മീഡിയകളിലൊക്കെ തന്നെ ജോസഫ് കുര്യന്റെ ഫോട്ടോയും , മൊബൈല്‍ നമ്പരും, പത്രപ്പരസ്യത്തിന്റെ ഫോട്ടോയും ചേര്‍ത്ത് ട്രോളുകള്‍ പൊങ്ങി.
ജോസഫ് കുര്യന്റെ വിചിത്രമായ പരസ്യമെന്തായാലും വൈറലായിരുന്നു, ലോകമലയാളികള്‍ക്കിടയില്‍ അയാളുടെ പരസ്യവും മുഖവും കോമാളിയെ പോലെ നിറഞ്ഞ് നിന്നു.
പലരും ജോസഫ് കുര്യന്റെ നമ്പരിലേക്ക് വിളിച്ച് തെറിയഭിഷേകവും നടത്തി.
“ഹലോ ജോസഫ് കുര്യന്‍ സ്പീക്കിംഗ് “
മൊബൈലില്‍ വന്ന കോള്‍ അറ്റന്റ് ചെയ്ത് ജോസഫ് കുര്യന്‍ തന്റെ മൂന്നാറിലെ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിലൂടെ നടന്നു.
“നീയെവിടുത്തെ കുരുവനാണെടോ ഊ ളേ ? ഇങ്ങനെയൊക്കെ പത്രപ്പരസ്യം നല്കാന്‍ നാണമില്ലേ ?”
മറുതലയ്ക്കല്‍ നിന്നും ഒരു ചെറുപ്പക്കാരന്റെ ശബ്ദം ജോസഫ് കുര്യന്റെ ചെവിയിലെത്തി.
“ഹലോ സുഹൃത്തേ മാന്യമായി സംസാരിക്കൂ, ഒന്നാമത്തെ കാര്യം ആ പരസ്യം നല്കിയത് ഞാനല്ല , എന്റെ മാനേജരാണ്. അടുത്തത് ആ പരസ്യം ജനുവിനായ കാര്യവുമാണ് “
തേയിലച്ചെടിയില്‍ നിന്നും ഒരില പറിച്ചെടുത്ത് മണപ്പിച്ചുകൊണ്ട് ജോസഫ് കുര്യന്‍ പറഞ്ഞു.
തിരിച്ച് യുവാവിന്റെ ഭാഗത്ത് നിന്നും തെ റിവിളി മുഴങ്ങിയപ്പോള്‍ ജോസഫ് കുര്യന്‍ കോള്‍ കട്ട് ചെയ്തു.
വീണ്ടും മൊബൈല് ബെല്ലടിച്ചപ്പോള് ദേഷ്യത്തോടെ കോള് അറ്റന്റ് ചെയ്ത് ഫോണ് ചെവിയോട് ചേര്ത്ത് പല്ലിറുമ്മിക്കൊണ്ട് ഒരു നിമിഷം ജോസഫ് കുര്യന് മൗനം പാലിച്ചു.
“ഹലോ മിസ്റ്റര്‍ ജോസഫ് കുര്യന് “
ഒരു സ്ത്രീ ശബ്ദം ജോസഫ് കുര്യന്റെ ചെവിയിലെത്തി.
” അതെ ജോസഫ് കുര്യനാണ് , നിനക്കൊക്കെ എന്താണറിയേണ്ടത് “
മുന്പ് കേട്ട തെ റിയുടെ ദേഷ്യത്തില് ജോസഫ് കുര്യന് ചോദിച്ചു.
“ഹലോ സര് ഒരു മിനിട്ട് , ഞാന് ഫ്രൂട്ട്സ് ചാനലിലെ റിപ്പോര്ട്ടര് രേവതിയാണ് സംസാരിക്കുന്നത് , സാർ ശാന്തനായി സംസാരിക്കൂ “
രേവതി സ്വയം പരിചയപ്പെടുത്തി.
“ആയിക്കോട്ടെ , മിസ് രേവതിക്ക് എന്താണറിയേണ്ടത് “
ജോസഫ് കുര്യന് പരുഷമായി തന്നെ തിരിച്ച് ചോദിച്ചു.
“താങ്കളുടെ ഒരു പത്രപ്പരസ്യം വളരെയധികം വൈറലായിരുന്നല്ലോ , ഞങ്ങളുടെ ചാനലില് ഒരു സംവാദ പരിപാടിയുണ്ട് , വൈറലാകുന്ന വ്യക്തികളെയാണ് പരിപാടിയിലേക്ക് ക്ഷണിക്കുന്നത് , അതുകൊണ്ടാണ് താങ്കളെ വിളിച്ചത് “
രേവതി താന് വിളിച്ചതെന്തിന് വേണ്ടിയാണെന്ന് തുറന്ന് പറഞ്ഞു.
“ഓഹോ , ഒറ്റ പരസ്യത്തിന്റെ പേരില് ഇത്രയധികം നാണംകെട്ടതും പോര ഇനിയും നാണംകെടണമെന്നാണല്ലേ ? സാരമില്ല എന്നാണെന്നും എവിടെ എത്തണമെന്നും പറഞ്ഞേക്കൂ , ഞാന് എത്തിയേക്കാം “
ജോസഫ് കുര്യന് എന്തോ തീരുമാനിച്ചുറച്ചത് പോലെ പറഞ്ഞു.
“ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഞങ്ങളുടെ സ്റ്റുഡിയോയില് എത്തണം സർ”
രേവതി അഡ്രസ്സും കൂടി നല്കിയിട്ട് കോളവസാനിപ്പിച്ചു.
***********
ശനിയാഴ്ച കൃത്യം നാലുമണിക്ക് തന്നെ ജോസഫ് കുര്യന് ഫ്രൂട്ട്സ് ചാനലിന്റെ സ്റ്റുഡിയോയില് എത്തി.
പല മേഘലകളില് നിന്നും സ്ത്രീപുരുഷഭേദമന്യേ ഇരുപതോളം ആളുകള് സംവാദ പരിപാടിയില് പങ്കെടുക്കാനായി എത്തിയിരുന്നു. പ്രശസ്തനായ അവതാരകന് നീലകണ്ഠന് നായരായിരുന്നു സംവാദ പരിപാടിയുടെ കേന്ദ്ര ബിന്ദു.
സംവാദ പരിപാടി തുടങ്ങി .
“എല്ലാവര്ക്കും ഈ സംവാദ പരിപാടിയിലേക്ക് സ്വഗതം,, ഇന്ന് നമ്മളെല്ലാവരുടെയും ശ്രദ്ധ പോകുന്നത് വിചിത്രമായ ഒരു പത്രപ്പരസ്യം നല്കിയ ശ്രീ ജോസഫ് കുര്യനിലേക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് ചുംബന സമരങ്ങള് തുടങ്ങി നിരവധി പുതിയ സമരമുറകളിലേര്പ്പെട്ട സുഹാനയില് നിന്ന് തന്നെ തുടങ്ങാം, സുഹാന പറയൂ ശ്രീ ജോസഫ് കുര്യന്റെ പത്രപ്പരസ്യം കണ്ടിട്ട് താങ്കള്ക്കെന്താണ് തോന്നിയത് “
നീലകണ്ഠന് നായര് ജോസഫ് കുര്യനെയും സുഹാനയെയും നോക്കി പറഞ്ഞു.
” സർ , ആദ്യം തന്നെ എനിക്ക് പറയാനുള്ളത് ഇങ്ങനെയുള്ള ഞരമ്പ് രോഗികളുമായുള്ള സംവാദത്തിന് എന്നെ ക്ഷണിച്ചത് മോശമായിപ്പോയി എന്നതാണ്”
സുഹാന ജോസഫ് കുര്യനെ പുച്ഛത്തോടെ നോക്കിയിട്ട് നീലകണ്ഠന് നായരോട് പറഞ്ഞു.
“സുഹാന , വാക്കുകള് അതിര് വിടാതെ സംവദിക്കൂ , താങ്കള്ക്കെന്താണ് പരസ്യത്തെ കുറിച്ച് പറയാനുള്ളത് “
സുഹാനയോട് ചെറിയ താക്കീത് നല്കി നീലകണ്ഠന് നായര് പറഞ്ഞു.
“സർ തീര്ത്തും മനുഷ്യത്വപരമല്ലാത്ത പരസ്യമാണ് അയാള് നല്കിയിരിക്കുന്നത് , സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്ന രീതിയിലുള്ള ഇത്തരം പരസ്യങ്ങള് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്ക്കെതിരെ ശക്തമായ നടപടികളെടുക്കണം, അതുപോലെ തന്നെ ജോസഫ് കുര്യനെപ്പോലുള്ള സമൂഹിക വിപത്തുകളെ കല്ത്തുറങ്ങിലടക്കണം , ഇവരെ പോലെയുള്ളവര് കാരണമാണ് ഇവിടെ പീഡനങ്ങള് കൂടുതലായി നടക്കുന്നത് “
സുഹാന പറഞ്ഞ് നിറുത്തി.
“മിസ്റ്റർ ജോസഫ് കുര്യന്, ശ്രീമതി സുഹാന പറഞ്ഞത് കേട്ടല്ലോ , താങ്കള്ക്ക് എന്താണ് പറയാനുള്ളത്”
നീലകണ്ഠന് നായരുടെ ദൃഷ്ടി ജോസഫ് കുര്യനിലേക്ക് പതിഞ്ഞു
“ആദ്യം വിമര്ശിക്കേണ്ടവരാണല്ലോ സർ സംസാരിക്കേണ്ടത്, എല്ലാവരും പറയട്ടേ , അതിന് ശേഷം ഞാന് പ്രതികരിക്കാം “
ജോസഫ് കുര്യന് പുച്ഛച്ചിരിയോടെ പറഞ്ഞു.
” കണ്ടോ സര് അയാളുടെ പുച്ഛം കണ്ടോ? സ്ത്രീകളെ തീര്ത്തും ബഹുമാനിക്കാന് പഠിക്കാത്ത സൈ ക്കോയാണയാള് , ഇവിടെ ഇത്രയും സ്ത്രീകള് ഞാന് പറഞ്ഞ നിലപാടുള്ള വരാണ് “
സുഹാന ഇടയില് കയറി.
” സുഹാനക്ക് സംസാരിക്കാന് അവസരം തരാം സംയമനം പാലിക്കൂ , ഇനിയെനിക്ക് സുപ്രീംകോടതി അഭിഭാഷകനായ ശ്രീ തോംസനോടാണ് ചോദിക്കാനുള്ളത്, ശ്രീ തോംസന് ഇത്തരം പരസ്യങ്ങള് കുറ്റകരമാണോ ” നീലകണ്ഠന് നായരുടെ ശ്രദ്ധ തോംസനിലേക്ക് തിരിഞ്ഞു.
“അതിപ്പോള് കുറ്റകരമെന്നും അല്ലായെന്നും പറയാം , സ്ത്രീകളെ അപമാനിച്ചു എന്ന രീതിയില് വേണമെങ്കില് കേസെടുക്കാം , പക്ഷേ പലതരം പരസ്യങ്ങള് വരുന്ന കാലഘട്ടത്തില് ഈ പരസ്യത്തിന് വലിയൊരു പ്രാധാന്യമില്ല , എന്നാലും തികച്ചും സ്ത്രീവിരുദ്ധമായ ഒരു പരസ്യമാണ് ജോസഫ് കുര്യന് നല്കിയിരിക്കുന്നത് , ഇങ്ങനെയുള്ള പ്രവണതകള് വച്ചുപൊറുപ്പിക്കരുത് “
തോംസനും ജോസഫ് കുര്യനെ കുറ്റപ്പെടുത്തി നിറുത്തി .
“ഹാ പ്രധാനപ്പെട്ട ഒരാളെ വിട്ടുപോയി, സ്ത്രീകള്ക്ക് തന്നെ അഭിമാനമായി മാറിയ ഗായത്രിയെ നമ്മള് മറന്നു, ഗായത്രിയെ പ്രത്യേകിച്ച് പരിചയപ്പെടുത്തണ്ടല്ലോ, എന്നാലും പറയുകയാണ്. ഗര്ഭിണിയായ നാലാം മാസം നടത്തിയ സ്കാനിംഗില് ഡോക്ടറെ സ്വാധീനിച്ച് ലിം ഗനിര്ണ്ണയം നടത്തി പെണ്കുഞ്ഞാണെന്നറിഞ്ഞ് അ ബോര്ട്ട് ചെയ്യാന് പ്രേരിപ്പിച്ച ഭര്ത്താവിനെതിരെ കേസും കൊടുത്ത് ഡിവോഴ്സും നേടി ആ പെണ്കുഞ്ഞിനെ പ്രസവിച്ചവളാണ് ഗായത്രി, ഗായത്രിയുടെ മോള്ക്കിപ്പോള്‍ എത്ര മാസമായി “
ഗായത്രിയെ പ്രശംസിച്ചുകൊണ്ട് നീലകണ്ഠന് നായര് ചോദിച്ചു.
“മോള്ക്കിപ്പോള്‍ നാലുമാസമായി സർ , ഞാനിപ്പോള് വീട്ടിലിരുന്ന് ചെറിയ ജോലികളൊക്കെ ചെയ്യുന്നുണ്ട്, ജീവിക്കണ്ടേ സർ , ഒരു പെണ്ണിന് ഒറ്റയ്ക്ക് ജീവിക്കാനാകുമോയെന്ന് നോക്കട്ടെ “
ഗായത്രി പ്രകാശം നിഴലിച്ച കണ്ണുകളോടെ പറഞ്ഞു.
“ഗായത്രിക്ക് എന്താണ് തോന്നിയത് ശ്രീ ജോസഫ് കുര്യന്റെ പത്രപ്പരസ്യം കണ്ടിട്ട് ” നീലകണ്ഠന് നായര് ജോസഫ് കുര്യനെ ചൂണ്ടി ചോദിച്ചു.
“വിദ്യാഭ്യാസമുള്ള അദ്ദേഹമെന്തിന് അങ്ങനൊരു പരസ്യം നല്കി എന്നതിനെക്കുറിച്ച് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല , ഞാനും ഒരമ്മയാണ് , മാതൃത്വത്തെ അപമാനിക്കുന്നതായേ തോന്നിയിട്ടുള്ളൂ ആ പരസ്യം കണ്ടിട്ട് , ഒന്നുകില് അദ്ദേഹത്തിന് മാനസികാസ്വസ്ഥ്യം ഉണ്ടാകണം, അല്ലെങ്കില് അദ്ദേഹം ചീപ്പ് പബ്ലിസിറ്റിക്കായി അങ്ങനെയൊരു പരസ്യം നല്കിയതാകണം “
ഗായത്രി പക്വമായ രീതിയില് പറഞ്ഞുകൊണ്ട് ജോസഫ് കുര്യനെ നോക്കി.
“താങ്ക് യൂ ഗായത്രീ, ശ്രീ ജോസഫ് കുര്യന്‍ ഇതൊക്കെ കേട്ടുവല്ലോ അല്ലേ ? ഇവിടെ ഒരാള്‍ പോലും താങ്കളെ അനുകൂലിക്കാനായി വന്നിട്ടില്ല, താങ്കള്‍ക്ക് ഇനിയെങ്കിലും സംസാരിക്കാമോ “
നീലകണ്ഠന്‍ നായര് ജോസഫ് കുര്യനെ നോക്കി.
“സര്‍ ഞാനങ്ങോട്ട് വരുന്നു “
ജോസഫ് കുര്യന്‍ മൈക്കുമായി നീലകണ്ഠന്‍ നായരുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ചുറ്റും കൂടിയിരുന്നവരെ നോക്കി.
“മലയാളികള്‍ക്ക് ഒരു പ്രശ്നമുണ്ട് , എന്താണെന്നറിയാമോ ?ആവശ്യമുള്ളതിന് നേരിട്ടിറങ്ങി പ്രതികരിക്കാതെ അല്ലെങ്കില്‍ പ്രതികരണ ശേഷിയില്ലാതെ എന്റെ പരസ്യം പോലുള്ളവയെ ഉയര്‍ത്തി കാണിച്ച് നടക്കുന്ന വിവരമില്ലായ്മ എന്ന പ്രശ്നം , നീചമായ രീതിയില്‍ മകനെ കൊ ല്ലുന്ന അമ്മ, മാതാപിതാക്കളെ കൊ ല്ലുന്ന മക്കള്‍ , പീ ഡന കൊലപാതകങ്ങള്‍ , ഗു ണ്ടാവാഴ്ച , തുടങ്ങിയവയ്ക്കൊക്കെ ഹാഷ്‌ടാഗും നല്കി ഫേസ്ബുക്കില്‍ പ്രതികരിക്കാന്‍ മാത്രമേ അറിയാവൂ , ഫേസ്ബുക്കില്‍ കുറ്റം ചെയ്തവരെ വെ ട്ടണം കു ത്തണം കെട്ടിത്തൂ ക്കി കൊ ല്ലണം , ലിം ഗം വെട്ടി എറിയണം , എന്നൊക്കെ വീമ്പിളക്കി നടക്കുമെന്നതല്ലാതെ എന്തിനെങ്കിലും കഴിയുമോ നിങ്ങളെക്കൊണ്ട് ? ആവശ്യമുള്ളതിനും ഇല്ലാത്തതിനും എല്ലാത്തിനും കയറി വിമര്‍ശനവുമായി നടക്കുന്ന വിവേകശൂന്യരായ കുറേ ആളുകള്‍ , അത്തരക്കാരെ എനിക്ക് തീര്‍ത്തും പുച്ഛമാണ് , അതുകൊണ്ട് തന്നെ ഞാനാ കാര്യം വിട്ടുകൊണ്ട് എനിക്ക് വേണ്ടി നല്കിയ പത്രപ്പരസ്യത്തിലേക്ക് വരാം.
പരസ്യത്തില്‍ പറഞ്ഞത് പോലെ ഞാന്‍ അനാഥന്‍ തന്നെയാണ്, പക്ഷേ അനാഥനാക്കപ്പെട്ടത് എന്റെ മൂന്നാമത്തെ വയസ്സിലാണ്, ഒരു കാര്‍ ആക്സിഡന്റില്‍ എന്റെ പപ്പയും അമ്മയും പോയതോടെ ബന്ധുക്കള്‍ക്ക് ബാധ്യതയായി മാറിയ എന്നെ അവര്‍ ഓര്‍ഫനേജിലാക്കി.
ഓര്‍മ്മ വെക്കാന്‍ തുടങ്ങിയ കാലം മുതല്‍ എനിക്ക് ദേഷ്യം എന്റെ ബന്ധുക്കളോടായിരുന്നു, കാരണം അവരൊക്കെ ഉണ്ടായിരുന്നിട്ടുമാണല്ലോ ഞാന്‍ അനാഥനെപ്പോലെയായത് , ആ വാശിയില്‍ തന്നെ ഞാന്‍ പഠിച്ചു, പഠിച്ചുകൊണ്ടേയിരുന്നു. ഇന്നെന്റെ സമ്പാദ്യം എത്രയാണെന്ന് എനിക്ക് പോലും നിശ്ചയമില്ല ,
മുപ്പത്തിയഞ്ചാമത്തെ വയസ്സിലാണ് ഞാന്‍ വിവാഹം കഴിക്കുന്നത് “
ജോസഫ് കുര്യന്‍ ഒന്ന് നിറുത്തി .
എല്ലാവരുടെ കണ്ണുകളും ജോസഫ് കുര്യനില്‍ തറഞ്ഞ് നിന്നു.
“സര്‍ ഒരാളെ ഇങ്ങോട്ട് വിളിച്ചോട്ടെ “
ജോസഫ് കുര്യന്‍ നീലകണ്ഠന്‍ നായരേ നോക്കി ചോദിച്ചു.
നീലകണ്ഠന്‍ നായര്‍ അനുവാദം നല്കി.
ജോസഫ് കുര്യന്‍ ഫോണെടുത്ത് ആരെയോ വിളിച്ചു.
കുറച്ച് സമയത്തിനുള്ളില്‍ അന്‍പത് പിന്നിട്ട ഒരു സ്ത്രീ എട്ട് മാസത്തോളം പ്രായം വരുന്ന ഒരു ആണ്‍കുഞ്ഞിനെയും കൊണ്ട് ജോസഫ് കുര്യന്റെ അരികിലെത്തി.
ജോസഫ് കുര്യനെ കണ്ട കുഞ്ഞ് ചിരിച്ചുകൊണ്ട് അയാള്‍ക്ക് നേരെ കൈനീട്ടി.
മൈക്കിനെ പോക്കറ്റിലിട്ടുകൊണ്ട് ജോസഫ് കുര്യന്‍ കുഞ്ഞിനെ കൈയ്യില്‍ വാങ്ങി. കുഞ്ഞ് അയാളുടെ മുഖത്ത് അവന്റെ മുഖം കൊണ്ടുരച്ചുകൊണ്ട് സ്നേഹം പ്രകടിപ്പിച്ചു.
ഒരു കൈയ്യില്‍ കുഞ്ഞിനെ ഒതുക്കി പിടിച്ചിട്ട് മൈക്ക് പോക്കറ്റില്‍ നിന്നുമെടുത്തുകൊണ്ട് ജോസഫ് കുര്യന്‍ വീണ്ടും ചുറ്റുമിരുന്നവരെ നോക്കി.
“ഭാര്യ ലിസ്സി അമേരിക്കയില്‍ തന്നെ ഡോക്ടറായിരുന്നു, മലയാളിയുമാണ് , പോരാത്തതിന് എന്നെപ്പോലെ ഓര്‍ഫനും.., ഇവന്‍ എന്റെ മോനാണ് , എല്‍ഡിന്‍ ജോസഫ് , ഇവന് അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് ആശുപത്രി ബില്‍ഡിംഗിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് ലിസ്സി മരിക്കുന്നത് , എന്റെ കൈയ്യില്‍ ആവശ്യത്തിലധികം പണമുണ്ട്, അതുകൊണ്ട് തന്നെ മോനെ ഒരു കുറവും വരുത്താതെ നോക്കാമെന്ന് ഞാന്‍ കരുതി, പക്ഷേ എന്റെയടുത്ത് കിടക്കുമ്പോള്‍ ഇവന്‍ എന്റെ പൊന്ന് മോന്‍ എന്റെ നെഞ്ചില്‍ തടവി മു ലപ്പാല് കുടിക്കാനെന്നോണം വരുന്നത് കാണുമ്പോള്‍ നെഞ്ച് പൊട്ടിപ്പോകും, ഇവന്‍ തേടുന്നത് ഇവന്റെ അമ്മയുടെ സ് തനമാണ്, അവന് വേണ്ടത് കുപ്പിപ്പാലല്ല മു ലപ്പാലാണ്.
കഴിഞ്ഞ മൂന്ന് മാസക്കാലമായി ഇവനെന്നും മു ലപ്പാല് തേടി എന്റെ നെഞ്ചില്‍ കുഞ്ഞിക്കരം പതിപ്പിക്കുമ്പോള്‍ ഞാനനുഭവിക്കുന്ന വേദനയുണ്ടല്ലോ , അതൊക്കെ മനസ്സിലാകണമെങ്കില്‍ എന്റെ അവസ്ഥയിലേക്ക് വരണം നിങ്ങളൊക്കെ.
അനാഥത്വം എന്തെന്ന് ശരിക്കറിഞ്ഞവനാണ് ഞാന്‍ , അമ്മയുടെ സ്നേഹം ശരിക്ക് കൊതിച്ചവനാണ് ഞാന്‍..
അതുകൊണ്ട് തന്നെ ഞാനൊരു തീരുമാനമെടുത്തു, ഇവന് പുതിയൊരമ്മയെ നല്കണമെന്ന് , ഇവനും എല്ലാ കുഞ്ഞുങ്ങളെയും പോലെ മു ലപ്പാല് കുടിക്കണമെന്ന്..
കാശ് കൊടുത്താല്‍ ഇഷ്ടം പോലെ ആള്‍ക്കാരെ കിട്ടും , പക്ഷേ അമ്മയെ പോലെയല്ല അമ്മയായി തന്നെ നോക്കാനുള്ള മനസ്സുള്ളവരെ കിട്ടില്ല, അതുകൊണ്ട് തന്നെയാണ് നിങ്ങള്‍ ഇത്രത്തോളം വിമര്‍ശിച്ച വിചിത്രമായ പരസ്യം നല്കിയത്,
മു ലയൂട്ടുന്ന സ്ത്രീയെ എന്തിനാണെന്ന് പോലും മനസ്സിലാക്കാതെ തെറിവിളിക്കാനും ട്രോളുണ്ടാക്കാനും കുറ്റവാളിയാക്കാനുമായിരുന്നു എല്ലാവര്‍ക്കും ഉത്സാഹം ,
ഇന്ന് ഈ സമൂഹത്തില്‍ പലതരം ചൂഷണത്തിനിരയായി മാതാവാകേണ്ടി വന്ന് ജീവിക്കുന്ന ഒരുപാടാള്‍ക്കാര്‍ ഇരുള്‍മറയത്തെന്നത് പോലെ ജീവിക്കുന്നുണ്ട്, അങ്ങനെയൊരാള്‍ വിളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞാനത്തരത്തില്‍ പരസ്യം നല്കിയതും പക്ഷേ എനിക്ക് പി ഴച്ചു.
ഇവിടുത്തെ സദാചാരബോധം ഇങ്ങനെയൊക്കെയാണെന്ന് പഠിപ്പിച്ച് തന്നതില്‍ എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്,
ഇതെന്റെയും ഇവന്റെയും അവസാനത്തെ കേരള സന്ദര്‍ശനമായിരിക്കും, അതിന് അവസരമൊരുക്കി തന്ന നിങ്ങളെല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ വിട വാങ്ങുന്നു .
നിറഞ്ഞ് തുളുമ്പിയ കണ്ണുകള്‍ തുടച്ചുകൊണ്ട് ജോസഫ് കുര്യന്‍ മൈക്ക് നീലകണ്ഠന്‍ നായര്‍ക്ക് നല്കിയിട്ട് കുഞ്ഞുമായി അവിടെ നിന്നും പുറത്തേക്ക് നടന്ന് നീങ്ങി.
“കേട്ടല്ലോ അല്ലേ എല്ലാവരും , ഈ കാര്യം അദ്ദേഹത്തോട് നേരത്തെ തന്നെ ചോദിച്ചറിഞ്ഞിട്ടാണ് ഞാനിങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത് തന്നെ, നിങ്ങളെല്ലാവരും അയാളെ കുറ്റപ്പെടുത്താനും കളിയാക്കാനും തെറിവിളിക്കാനും ശ്രമിച്ചപ്പോള്‍ ഞാനയാളെ കുറിച്ച് കൂടുതലറിയാനാ ശ്രമിച്ചത് , ഇന്നയാളിവിടുന്ന് കണ്ണുനീരോടെ ഇറങ്ങി പോയില്ലേ ? കുറ്റപ്പെടുത്തിയവരും അധിക്ഷേപിച്ചവരും മനസാക്ഷിയെന്നൊന്നുണ്ടെങ്കില്‍ ഒരായിരം വട്ടം അയാളോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ് , കൂടുതലായി ഒന്നും പറയാനില്ല ഈ ഷോ ഇന്നിവിടെ അവസാനിപ്പിക്കുകയാണ് നന്ദി നമസ്കാരം “
നീലകണ്ഠന്‍ നായര്‍ ആരോടെന്നില്ലാത്ത ദേഷ്യം പ്രകടിപ്പിച്ചുകൊണ്ട് സംവാദത്തിന് വിരാമമിട്ടു.
തിരിച്ച് എസ്റ്റേറ്റിലേക്ക് പോകും വഴി നൂറുകണക്കിനാള്‍ക്കാരുടെ കോളുകളായിരുന്നു ജോസഫ് കുര്യന്റെ നമ്പരിലേക്ക് വന്നുകൊണ്ടിരുന്നത്, ഒറ്റ കോള്‍ പോലും ജോസഫ് കുര്യന്‍ അറ്റന്റ് ചെയ്തില്ല.
എസ്റ്റേറ്റിലെത്തിയപ്പോള്‍ വീണ്ടും ജോസഫ് കുര്യന്റെ ഫോണ്‍ ശബ്ദിച്ചു. നീലകണ്ഠന്‍ നായരുടെ കോളായിരുന്നു.
” പറഞ്ഞോളൂ സര്‍ “
ജോസഫ് കുര്യന്‍ കോള്‍ അറ്റന്റ് ചെയ്തു.
” ജോസഫ് , ഒരു മിനിട്ട് ഞാനൊരാള്‍ക്ക് ഫോണ്‍ കൊടുക്കാം “
പറഞ്ഞിട്ട് നീലകണ്ഠന്‍ നായര്‍ ആര്‍ക്കോ ഫോണ്‍ കൊടുത്തു.
” ഹലോ “
ഒരു യുവതിയുടെ പതിയെ ഉള്ള ശബ്ദം ജോസഫ് കുര്യന്റെ ചെവിയിലെത്തി.
” ഹലോ പറഞ്ഞോളൂ, ആരാണ് “
ജോസഫ് കുര്യന്‍ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.
” ഞാന്‍ ഗായത്രിയാണ് , എന്റെ നാവില്‍ നിന്നും അരുതാത്തത് വല്ലതും വീണ് പോയിട്ടുണ്ടെങ്കില്‍ മാപ്പാക്കണം “
ഗായത്രി തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു.
” ഏയ് ഞാനതൊന്നും കാര്യമാക്കിയിട്ടില്ല, ബാക്കിയുള്ളവര്‍ കടിച്ച് കീറാന്‍ നിന്നപ്പോഴും അല്പമെങ്കിലും മയം കാണിച്ചത് ഗായത്രിയല്ലേ , അത് വിട്ടേക്കൂ. , മോന്‍ കരയുന്നു ഞാന്‍ കോള്‍ വെച്ചോട്ടെ “
കുഞ്ഞിന്റെ കരച്ചില്‍ ശ്രദ്ധിച്ചുകൊണ്ട് ജോസഫ് കുര്യന് ചോദിച്ചു.
“ഒരു മിനിട്ട് , ഒരു കാര്യം കൂടി. നിങ്ങളുടെ പണം മോഹിച്ചിട്ടോ , നിങ്ങളുടെ ഭാര്യയാകാന്‍ മോഹിച്ചിട്ടോ അല്ല, നിങ്ങളുടെ കുഞ്ഞിന്റെ അമ്മയാകാന്‍ ഞാന്‍ തയ്യാറാണ് , ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ് “
ഗായത്രി ഒന്ന് നിറുത്തി .
“ഗായത്രിയുടെ നല്ല മനസ്സിനെ ഞാനംഗീകരിക്കുന്നു , പക്ഷേ ഈ തോന്നല്‍ ഞാനെല്ലാം പുറംലോകത്തെ അറിയിക്കുന്നതിന് മുമ്പ് വരേണ്ടതായിരുന്നു , അങ്ങനെ ഗായത്രി എന്നെ അറിയാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ ഗായത്രിയോട് കടപ്പെട്ടവനായി ഞാന്‍ നിന്നേനെ എന്റെ കുഞ്ഞിന്റെ അമ്മയെന്ന നിലയ്ക്ക് , പക്ഷേ ഇതിപ്പോള്‍ തിരിച്ചാണല്ലോ സംഭവിച്ചത് , അതുകൊണ്ട് തന്നെ അതിനെക്കുറിച്ചിനി നമുക്ക് സംസാരിക്കണ്ട , ഗായത്രിയെ നല്ലൊരു സുഹൃത്തായി ഞാന്‍ കാണുന്നു , എന്റെ ഇപ്പോഴത്തെ മാനസ്സികാവസ്ഥയ്ക്ക് മാറ്റം സംഭവിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ ഗായത്രിയെ വിളിക്കും “
പറഞ്ഞ് തീര്‍ന്നതും ജോസഫ് കുര്യന്‍ കോള്‍ കട്ട് ചെയ്തു.
അമേരിക്കക്ക് തിരിച്ച് പോകുമ്പോള്‍ ജോസഫ് കുര്യന്റെയും എല്‍ഡിന്റെയുമൊപ്പം ഗായത്രിയും മകളുമുണ്ടായിരുന്നു .!
അരവിന്ദ് മഹാദേവൻ