തിങ്കളും താറാംമുട്ടയും….
Story written by Sai bro
=============
പുറത്തെ വരാന്തയിൽ അമ്മ ആരോടോ സംസാരിക്കുന്നത് കേട്ടാണ് അന്ന് രാവിലെ കണ്ണ് തുറന്നത്..
കയ്യിലിട്ടിരിക്കുന്ന പ്ലാസ്റ്റർ കാരണം ഉറക്കത്തിലെപ്പോഴോ അഴിഞ്ഞുപോയ മുണ്ടെടുത്തു അരയിൽ ചുറ്റുവാൻ അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു..വാതിൽ തുറന്നു പുറത്തേക്ക് നോക്കിയപ്പോൾ അമ്മയും അപ്പുറത്തെ വീട്ടിലെ പെൺകുട്ടിയും വരാന്തയിൽ സ്റ്റാൻഡിൽ വെച്ചിരിക്കുന്ന ബുള്ളെറ്റിനെ നോക്കി എന്തോ കുശുകുശുക്കുന്നത് കണ്ടു..എന്നെ കണ്ടതുകൊണ്ടാകാം അവരുടെ ശബ്ദം കുറച്ചൂടെ താഴ്ന്നപോലെ..
“ഇപ്പൊ എങ്ങനെയുണ്ട് ചേട്ടായി..കൈവേദന കുറവുണ്ടോ..?” അമ്മക്ക് അരികിൽ നിന്നവൾ കയ്യിലെ പ്ലാസ്റ്റർ നോക്കി ചോദിച്ചു..
“ആം..കുറവുണ്ട്..” ഞാനത് അലസമായി മറ്റെങ്ങോട്ടോ നോക്കി പറഞ്ഞു..
“ഇവനെ ഇങ്ങനെ നിർത്തിയാൽ മതിയോ..കേടുപാടുകൾ തീർക്കണ്ടേ..?” സ്റ്റാൻഡിൽ ഇട്ടിരിക്കുന്ന ബുള്ളെറ്റിനെ നോക്കിയാണ് അവളുടെ ചോദ്യം..
“ഹമ്..ശരിയാക്കണം”
“സത്യത്തിൽ ഇന്നലെ എന്താ സംഭവിച്ചത്..? “
അവളുടെ ആ ചോദ്യത്തിന് മറുപടി പറയാൻ നിക്കാതെ പേസ്റ്റ് തേച്ച ടൂത്ബ്രഷ് വായിലോട്ട് തിരുകികൊണ്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങി..അല്ലേലും ആ ചോദ്യം ആര് ചോദിച്ചാലും മറുപടി നൽകാൻ എനിക്ക് തീരെ താല്പര്യമില്ലായിരുന്നു..
അപ്പുറത്തെ വീട്ടിൽ താമസിക്കുന്ന രാഘവൻ ചേട്ടന്റെ മകളാണ് ‘തിങ്കൾ.’ രാഘവേട്ടൻ വീട്ടിൽ തന്നെ ഒരു ടുവീലർ വർക്ക്ഷോപ്പ് നടത്തുന്നുണ്ട്..ഡിഗ്രീ പഠിക്കുന്ന തിങ്കളും അച്ഛനെ സഹായിക്കാൻ വൈകുന്നേരങ്ങളിൽ വർക്ക്ഷോപ്പിൽ ഇരിക്കുന്നത് കാണാം…ഞാനീ ബുള്ളറ്റ് വാങ്ങിയപ്പോൾ മുതൽ തിങ്കൾ അതിന് ചുറ്റുമാണ്..അല്ലേലും ഏത് പെൺകുട്ടിക്കാണ് ബുള്ളറ്റ് ഇഷ്ടമില്ലാത്തത്..
പല്ല് തേപ്പ് കഴിഞ്ഞ് ടോ യ്ലെറ്റിൽ അങ്ങനെ വിശാലമായി കുത്തിയിരിക്കുമ്പോൾ തിങ്കൾ നേരത്തെ ചോദിച്ച ആ ചോദ്യം വീണ്ടും മനസ്സിലോട്ട് കയറിവന്നു.. ‘സത്യത്തിൽ ഇന്നലെ എന്താണ് സംഭവിച്ചത്.? ‘
അതല്ലേലും അങ്ങനെയാണല്ലോ..ഒറ്റക്ക് ഇങ്ങനെ സ്വസ്ഥമായി ഇരിക്കുമ്പോഴല്ലേ, ഇമ്മാതിരി കുരുത്തം കെട്ട ചിന്തകൾ മനസ്സിലേക്ക് ക്ഷണിക്കാതെ കയറിവരുകയുള്ളൂ..
രണ്ട് വർഷം പഴക്കമുള്ള പ്രണയബന്ധം പെട്ടെന്നൊരുനാൾ അവസാനിപ്പിച്ചു കാമുകി സലാം പറഞ്ഞു പിരിഞ്ഞപ്പോൾ മുതൽ രാത്രികൾക്ക് നീളംകൂടുതലായി, ഉറക്കമില്ലാതായി..വല്ലപ്പോഴും മാത്രം കൂട്ടുകാർക്കൊപ്പം ‘രണ്ടെണ്ണം’ അകത്താക്കികൊണ്ടിരുന്ന ഞാൻ പിന്നെ ദിവസവും വൈകീട്ട് ‘നാലെണ്ണം’ സേവിച്ചു തുടങ്ങി..ഉറങ്ങാൻ ആ ‘നാലെണ്ണത്തിന്റെ’ വീര്യമില്ലാതെ പറ്റില്ല എന്ന അവസ്ഥയിലായി..ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാതെയായി..മകന്റെ പോക്ക് കണ്മുൻപിൽ കണ്ട അമ്മയുടെ പരിഭവങ്ങൾക്കും പരാതികളൾക്കുമിടയിലൂടെ ഞാനൊരു സത്യപ്രസ്താവന നടത്തുകയും ചെയ്തു..”ഈ ജന്മത്തിൽ എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണിന് സ്ഥാനമില്ല “
ഇന്നലെ വൈകീട്ട് ആ ബാറിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ചെറുതായി മഴപൊടിയുന്നുണ്ടായിരുന്നു..ആ ചാറ്റൽമഴ നനഞ്ഞു ബുള്ളറ്റ് പറത്തുമ്പോൾ ദേഹത്തു തണുപ്പടിക്കുന്നുണ്ടായിരുന്നെങ്കിലും കവിളിനെ നനച്ചൊഴുകുന്ന കണ്ണീരിന് ഇളം ചൂടായിരുന്നു..
കണ്ണ് നിറഞ്ഞിരിക്കുന്നതിനാൽ എതിരെ വന്നത് ഏത് വാഹനമാണെന്ന് മനസ്സിലാക്കുന്നതിന് മുൻപേ ഇടി കഴിഞ്ഞിരുന്നു..ഏതോ ഭാഗ്യത്തിന് കൈകുത്തിയാണ് റോഡിൽ വീണത്..അതുകൊണ്ട് കൈയ്യിന് മാത്രേ ഒടിവ് സംഭവിച്ചുള്ളൂ..
ടോ യ്ലെറ്റിൽ നിന്ന് പുറത്തിറങ്ങി ഇടത്തെ കയ്യിൽ ഒരു ഗ്ലാസ് ചൂട് കട്ടൻകാപ്പിയും എടുത്തുകൊണ്ട് വരാന്തയിൽ ചെന്നപ്പോൾ തിങ്കൾ അതാ പണിയായുധങ്ങളും കൊണ്ട് ബുള്ളെറ്റിനരികെ കൂനികൂടിയിരിക്കുന്നു..
“ഹലോ, എന്താ..എന്താണ്..? ” ഞാനല്പം ശബ്ദം ഉയർത്തി ചോദിച്ചപ്പോഴാണ് അവൾ മുഖം ഉയർത്തിയത്..
“ബ്രേക്ക് പെഡൽ വളഞ്ഞിട്ടുണ്ട്, ഇടത്തെ സൈഡിലെ മിറർ മാറ്റേണ്ടി വരും..ക്ലച്ച് ലിവറിനും ബെൻഡ് ആയിട്ടുണ്ട്..വേറെ പ്രശ്നം ഒന്നുല്യാട്ടോ ചേട്ടായി..ഞാനിതിപ്പൊ ശരിയാക്കി തരാം..” തിങ്കൾ അത് നിസ്സാരമായി പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു..
ഇവളോടാരാ ഇതൊക്കെ നോക്കാൻ പറഞ്ഞത്..?
“വേണ്ട..ഞാനിത് ഷോറൂമിൽ കാണിച്ചു നന്നാക്കിക്കോളാം..ഇയ്യാളിതൊന്നും ശരിയാക്കാൻ നിക്കണ്ട.. “
“ആഹാ..ബെസ്റ്റ്..ആര് നന്നാക്കിയാലും പൈസ കൊടുക്കണ്ടേ ചേട്ടായി..ഞാനാവുമ്പോ ചേട്ടായിടെ കയ്യീന്ന് ഒരു രൂപ പോലും കൂടുതൽ വാങ്ങില്ല..ഈ പണി ഞാൻ ചെയ്തോളാന്ന്.. ” ചിരിച്ചുകൊണ്ട് തിങ്കൾ അത് പറഞ്ഞപ്പോൾ മറുത്തൊന്നും പറയാൻ പെട്ടെന്നെനിക്ക് കഴിഞ്ഞില്ല..അല്ലേലും ഈ നിസ്സാര പണിക്ക് ഷോറൂമിൽ കാണിക്കേണ്ട ആവശ്യമില്ലലോ എന്ന് ഞാൻ മനസ്സിലോർത്തു…
അന്ന് ഉച്ചയോടുകൂടി തിങ്കൾ ബുള്ളറ്റിന്റെ പണിയെല്ലാം തീർത്തുതന്നു..പണികാശ് എത്രയായി എന്ന് ചോദിച്ചപ്പോൾ അത് അച്ഛനോട് ചോദിച്ചിട്ട് പറയാമെന്നു പറഞ്ഞു അവൾ പണിയായുധങ്ങളുമെടുത്തു വീട്ടിലേക്ക് പോയി..
വൈകീട്ട് പതിവുള്ള മ ദ്യസേവക്ക് സമയമായപ്പോഴാണ് ഞാനാ ചതി മനസിലാക്കിയത്..കയ്യിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നതിനാൽ ബുള്ളറ്റ് എടുക്കുവാൻ നിവർത്തിയില്ല..കൂട്ടുകാരിൽ ആരെയെങ്കിലും വിളിച്ചു പുറത്തോട്ടിറങ്ങാമെന്നു വെച്ചാൽ വൈകിട്ടുള്ള മ ദ്യസേവയുടെ പേരിൽ എല്ലാവരെയും വെറുപ്പിച്ചു വെച്ചിരിക്കുന്നതിനാൽ ഈ കാര്യം പറഞ്ഞു വിളിച്ചാൽ ആരും സഹകരിക്കില്ലെന്ന് തീർച്ച.. !
നിസ്സഹായനായി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴാണ് തിങ്കൾ തുള്ളിച്ചാടി അങ്ങോട്ട് കടന്നുവന്നത്..
“മുന്നൂറ്റി അൻപത് റുപ്യ ” കൈനീട്ടി അവൾ അത് ചോദിച്ചപ്പോൾ എനിക്കാദ്യം ഒന്നും മനസ്സിലായില്ല..
“എന്താണ്..? ” ഞാൻ പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു..
“ബുള്ളറ്റ് നന്നാക്കിയതിന്റെ പണിക്കാശു..350 റുപ്യ..” തിങ്കൾ അത് വിശദീകരിച്ചപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്..
പൈസ കൊടുത്തിട്ടും അവൾ പോകാതെ ബുള്ളെറ്റിനെ ചുറ്റിപറ്റി നിൽക്കുന്നത് കണ്ടപ്പോഴാണ് എന്റെ തലയിൽ ആ ബുദ്ധി ഉദിച്ചത്..
“നിനക്ക് ബുള്ളറ്റ് ഓടിക്കാൻ അറിയാവോ..?”
“പിന്നെന്താ..വീട്ടിലെ വർക്ക്ഷോപ്പിൽ നന്നാക്കാൻ കൊണ്ടുവരുന്ന ബുള്ളെറ്റ് ഞാൻ ഓടിക്കാറുണ്ടല്ലോ, ഇന്നാള് കാറും ഓടിച്ചു നോക്കി..” ഉത്സാഹത്തോടെയുള്ള അവളുടെ മറുപടി പെട്ടെന്ന് വന്നു..
“നീ ലൈസെൻസ് എടുത്തിട്ടുണ്ടോ..? “
“അതില്ല..” ഇത്തവണ മറുപടി അൽപ്പം പതറിയപോലെ..
ആവശ്യം എന്റെ ആയതുകൊണ്ട് അവൾക്ക് ലൈസെൻസ് ഇല്ലാത്തത് ഞാൻ കാര്യമാക്കിയില്ല..എന്നെയും കൂട്ടി ബുള്ളറ്റിൽ ടൗൺ വരെ പോകാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ തിങ്കൾ പെട്ടെന്ന് തന്നെ സമ്മതിച്ചു..
തുടക്കത്തിൽ അൽപ്പം പതർച്ച ഉണ്ടായിരുന്നെങ്കിലും അല്പദൂരം പിന്നിട്ടപ്പോൾ തിങ്കൾ നല്ല രീതിയിൽ തന്നെ ബുള്ളറ്റ് ഓടിക്കുന്നത് കണ്ട് പിന്നിലിരുന്ന എനിക്ക് അവളോട് കുറച്ചു ബഹുമാനം തോന്നി.. ‘ഇങ്ങനെ വേണം പെൺകുട്ടികൾ.. ‘
ടൗണിലെത്താൻ അഞ്ചാറുകിലോമീറ്റർ ഉള്ളതുകൊണ്ട് ബോറടി മാറ്റാനായി ഞാനവളോട് കുശലം ചോദിച്ചു..”നിനക്ക് ഇപ്പൊ ക്ലാസ്സ് ഇല്ലേ..? “
“ഇല്ല, എക്സാം ആണ് അടുത്ത മാസം..അതോണ്ട് സ്റ്റഡി ലീവ് ആണ്.. “
“ഓഹോ.. ” അത്രേം പറഞ്ഞു ഞാൻ മിണ്ടാതിരുന്നപ്പോൾ തിങ്കൾ ഇങ്ങോട്ട് ചോദ്യങ്ങൾ തുടങ്ങി..
“ടൗണിൽ എവിടെക്കാ പോണ്ടത് ചേട്ടായി..? “
“എത്താറാവുമ്പോൾ പറയാം “
“എന്ത് വാങ്ങാനാ ചേട്ടായിക്ക്..? “
അവളുടെ കുത്തികുത്തിയുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു..
“വീട്ടിലെ പൂവാലിപശു പ്രസവിച്ചു…പശുക്കുട്ടിക്ക് ഒരു മൂന്ന് പവന്റെ പൊന്നരഞ്ഞാണം വാങ്ങണം..എന്ത്യേ..കൊഴപ്പണ്ടോ..? “
എന്റെ ആ ഉത്തരത്തിന്റെ അർത്ഥം മനസിലാക്കിയതുകൊണ്ട് ബാറിന്റെ പടിയെത്തുന്നത് വരെ അവളൊന്നും മിണ്ടിയില്ല..
“നീ ഇവിടെ നിന്നാൽ മതി..ഞാനിപ്പോ വരാം ” അത്രേം പറഞ്ഞു ഞാൻ ബാറിലേക്ക് നടക്കുമ്പോൾ പിറകിൽ നിന്നൊരു ശബ്ദം കേട്ടു..
“ശൂ.. ശൂ..”
തിരിഞ്ഞു നോക്കിയപ്പോൾ ബുള്ളറ്റിൽ ഇരുന്ന് തിങ്കളാണ് ആ അപശബ്ദം ഉണ്ടാക്കുന്നത്..
“എന്താടി..? ” ഞാനല്പം ദേഷ്യത്തിൽ ചോദിച്ചു..
“വരുമ്പോ രണ്ട് പുഴുങ്ങ്യ താറാംമുട്ട കൊണ്ടത്തരോ ചേട്ടായി..?”
‘ഇതെന്ത് ജീവി ‘ എന്നോർത്ത് ബാറിലേക്ക് കയറുമ്പോൾ സത്യത്തിൽ എനിക്ക് ചിരി വരുന്നുണ്ടായിരുന്നു..
പുറത്ത് എന്നെകാത്തു നിൽക്കുന്നത് ഒരു പെൺകുട്ടിയാണെന്നുള്ള ബോധ്യം ഉള്ളതുകൊണ്ട് ‘ടപ്പേ ടപ്പേ’ എന്ന് നാലെണ്ണം കീച്ചികൊണ്ട് രണ്ട് പുഴുങ്ങിയ താറാവ്മുട്ട പാർസൽ വാങ്ങി ഞാൻ വേഗം അവിടെനിന്നിറങ്ങി..
കയ്യിലെ പൊതി തിങ്കളിന് നേരെ നീട്ടിയതും അവളത് രണ്ട് കയ്യും നീട്ടി വാങ്ങി അപ്പൊ തന്നെ പൊതിഅഴിച്ചു മുട്ടയുടെ തോട് കളഞ്ഞു ഒരെണ്ണം അപ്പാടെ വായിലേക്ക് കുത്തികയറ്റി..
“എന്തൂട്ടാ ഈ കാട്ടണേ..പതുക്കെ തിന്നാൽ പോരെ..ഇതാരും തട്ടിപറിക്കാൻ പോണില്ല.. ” ഞാനത് പറഞ്ഞപ്പോൾ അവൾ വായിലിരുന്ന മുട്ട വിഴുങ്ങാൻ ശ്രമിച്ചുകൊണ്ട് ഒന്ന് ചിരിച്ചു കാണിച്ചു..
“താറാംമുട്ട ഇങ്ങനെ തിന്നുന്നതാ അതിന്റെ ഒരു രസം.. ” തിങ്കൾ അത് പറഞ്ഞുകൊണ്ട് അടുത്ത മുട്ടയുടെ തോടും ധൃതിയിൽ കളയുകയായിരുന്നു അപ്പോൾ..
തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് അല്പം മുൻപ് സേവിച്ച മ ദ്യത്തിന്റെ വീര്യം ഉള്ളിലുള്ളതുകൊണ്ടാകാം ഞാൻ അല്പം വാചാലനായി..ഏതോ വിരഹഗാനം മൂളി ബുള്ളറ്റിന്റെ പിറകിൽ ഇരിക്കുമ്പോഴാണ് ആ കാര്യം ശ്രദ്ധിച്ചത്..മുൻപിൽ ഇരിക്കുന്ന തിങ്കളിന്റെ ചുരിദാറിന്റെ ഉള്ളിൽ നിന്നും ബ്രാ യുടെ വള്ളി സ്ഥാനം തെറ്റി ന ഗ്നമായ അവളുടെ മുതുകിലേക്ക് നീങ്ങി കിടക്കുന്നു..
‘ശൂ ശൂ..’ കൊച്ചേ ഈ കുഞ്ഞുടുപ്പ് ഒന്ന് അകത്തേക്കാക്കാമോ..? ” ഞാൻ കാര്യം കാര്യമായി പറഞ്ഞപ്പോൾ അവൾ വേഗം കൈകൊണ്ട് ഉടുപ്പ് നേരെയാക്കി..
ഞാൻ വീണ്ടും വാചാലനായി.. ” കൊച്ചേ, ഈ പെൺകുട്ടികളുടെ ജീവിതം എന്ന് പറഞ്ഞാൽ നേരത്തെ കഴിച്ച താറാം മുട്ടപോലെയാണ്, ഒന്ന് കൈവിട്ടാൽ താഴെ വീണ് പൊട്ടിപ്പോകും..പിന്നീടത് നേരെയാവില്ല..അതോണ്ട് സൂക്ഷിച്ചും കണ്ടുമൊക്കെ നടന്നാൽ കൊച്ചിന് കൊള്ളാം.. “
അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷമാണ് തിങ്കൾ മറ്റൊരു മറുപടി എനിക്ക് നൽകിയത്.. “ഈ ബുള്ളറ്റ് അഞ്ചു കിലോമീറ്ററിൽ കൂടുതൽ ഇനി ഓടില്ല..”
“കാരണം..?”
“ഇതിന്റെ എഞ്ചിനിൽ ഓയിൽ ഒട്ടുമില്ലാതെ ഡ്രൈ ആയിരിക്കുകയാണ്..അഞ്ചു കിലോമീറ്ററിനുള്ളിൽ എഞ്ചിൻ സ്റ്റക്കായി ഈ വണ്ടി നിൽക്കും..ചേട്ടായിടെ വീടെത്തുമെന്ന് പ്രതീക്ഷിക്കാം.. “
മ ദ്യത്തിന്റെ ല ഹരിയിൽ ഞാനവളുടെ വാക്കിന് വലിയ വില കൊടുത്തില്ല, മാത്രവുമല്ല യാതൊരു കുഴപ്പവും കൂടാതെ അന്ന് രാത്രി ബുള്ളറ്റ് വീട്ടിൽ എത്തുകയും ചെയ്തു..
പിറ്റേന്ന് രാവിലെ എണീറ്റു കണ്ണും തിരുമ്മി റൂമിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വരാന്തയിൽ ബുള്ളറ്റിനരികെ തിങ്കൾ നിൽപ്പുണ്ടായിരുന്നു കയ്യിൽ ഒരു കന്നാസും തൂക്കിപിടിച്ചുകൊണ്ട്..
എന്നെ കണ്ടതും എനിക്ക് നേരെ കൈ നീട്ടിപിടിച്ചുകൊണ്ടവൾ പറഞ്ഞു.. “എണ്ണൂറ്റി നാല്പത് റുപ്യ “
“എന്താന്ന്..” കാര്യം മനസ്സിലാകാതെ ഞാൻ ചോദിച്ചു..
“ബുള്ളറ്റിന്റെ എഞ്ചിൻ ഓയിലിന് എണ്ണൂറ് റുപ്യ..ഓയിൽ മാറ്റുന്നതിനുള്ള സർവീസ് ചാർജ് നാല്പത് റുപ്യ..അങ്ങനെ മൊത്തത്തിൽ എണ്ണൂറ്റി നാല്പത് റുപ്യ.. ” കയ്യിലിരുന്ന കന്നാസ് പൊക്കിപ്പിടിച്ചുകൊണ്ട് അവളത് പറഞ്ഞപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്..
“അതിന് ഈ വണ്ടിയുടെ എഞ്ചിനിൽ ഓയിൽ ഇല്ലെന്ന് ആര് പറഞ്ഞു..? ” ഞാൻ മനഃപൂർവം തർക്കിക്കാൻ ശ്രമിച്ചു..
ചേട്ടായിടെ സംശയം ഇപ്പൊ തീർത്തു തരാമെന്ന് പറഞ്ഞുകൊണ്ട് തിങ്കൾ കൈയിലിരുന്ന സ്പാനർ ഉപയോഗിച്ച് എൻജിന്റെ അടിയിലെ ബോൾട്ട് ഊരിമാറ്റി..തിങ്കളിന്റെ നീട്ടിപ്പിടിച്ച കയ്യിലേക്ക് എൻജിന്റെ അടിയിൽ നിന്ന് രണ്ടുമൂന്നു തുള്ളി കറുകറുത്ത ഓയിൽ ഇറ്റിറ്റു വീണു…അത്രമാത്രം.. !
ഇനി എന്തെങ്കിലും പറയാനുണ്ടോ എന്ന മട്ടിൽ അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി..ഞാനീ നാട്ടുകാരൻ അല്ല എന്നമട്ടിൽ ഞാൻ ആകാശത്തേക്കും നോക്കി…
കുനിഞ്ഞിരുന്ന് കന്നാസിലെ ഓയിൽ എഞ്ചിനകത്തേക്ക് നിറക്കുന്നതിനിടയിൽ തിങ്കൾ എന്നെ അടുത്തേക്ക് വിളിച്ചു..മുഖം ഉയർത്താതെ തന്നെ അവൾ സംസാരിച്ചു തുടങ്ങി..
“ചെറിയ വായിൽ വലിയ വർത്തമാനം പറയുകയാണെന്ന് കരുതരുത്..ചേട്ടായി ഇന്നലെ ബൈക്കിന്റെ പിറകിലിരുന്ന് പെൺകുട്ടികളുടെ ജീവിതത്തെകുറിച്ച് പറഞ്ഞില്ലേ..അതുപോലെ ചേട്ടായിടെ ജീവിതത്തെക്കുറിച്ചു ഞാനുമൊന്ന് പറയട്ടെ..? ” ആ ചോദ്യത്തിന് ഉത്തരം കിട്ടില്ല എന്ന് മനസിലാക്കിയത് കൊണ്ടാണോ എന്തോ തിങ്കൾ സംസാരം തുടർന്നു..
“ഈ ഇരിക്കുന്ന ബുള്ളറ്റ് ആണ് ചേട്ടായി എന്ന് കരുതുക..ഇതിൽ ഇന്ധനം ഒഴിച്ചാൽ ഈ ബുള്ളറ്റ് മുൻപോട്ട് പോകും, ഭക്ഷണം കഴിച്ചാൽ ചേട്ടായിയും ഇങ്ങനെ ജീവിക്കും..പക്ഷെ ഒരാണിന് ഒരു പ്രായമെത്തുമ്പോൾ ഒരു ഇണ വേണം..അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനും അവനെ സ്നേഹിക്കാനും ശുശ്രുഷിക്കാനും ഒരു പെണ്ണിന്റെ തുണ തന്നെവേണം..ഇപ്പൊതന്നെ നോക്കിക്കേ ഈ ബുള്ളറ്റിന്റെ എഞ്ചിൻ ഓയിൽ മാറ്റാൻ ഞാൻ പറഞ്ഞപ്പോഴല്ലേ ചേട്ടായിക്ക് മനസ്സിലായത്..ഇത് മാറ്റിയില്ലെങ്കിൽ ഈ വണ്ടി വഴിയിലെവിടെയെങ്കിലും നിൽക്കുമ്പോഴാണ് ചേട്ടായി അത് അറിയുക..എനിക്ക് വാഹനത്തെ കുറിച്ച് അറിയാവുന്നതുകൊണ്ടാണ് മുൻപേ ഞാനത് മനസ്സിലാക്കിയത്..അതുപോലെ ചേട്ടായിനെ മനസ്സിലാക്കുന്നൊരാൾ ചേട്ടായിടെ ജീവിതത്തിലേക്കും കടന്ന് വരണം..നമ്മളിങ്ങനെ വിശ്രമമില്ലാതെ ജീവിതത്തിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ എപ്പോഴെങ്കിലും ഒന്ന് തളർന്നുപോയാൽ ഒരു താങ്ങായി കൂടെനിക്കാൻ, നമ്മളെ സ്നേഹിക്കാൻ താലികെട്ടിയ പെണ്ണിന് മാത്രമേ കഴിയൂ….
അതോണ്ട് കഴിഞ്ഞതൊക്കെ കഴിഞ്ഞു..പോയവർ പോയി..ഇനി ജീവിതത്തിലേക്ക് കടന്നു വരാൻ നിൽക്കുന്നവർക്ക് തടസ്സം നിൽക്കരുത്..ഇനിയാണ് ചേട്ടായി ശരിക്കും ജീവിക്കാൻ പോകുന്നത്.. “
തിങ്കൾ ആ പറഞ്ഞതെല്ലാം സത്യമാണെന്ന് അറിയാവുന്നത് കൊണ്ട്, എന്ത് മറുപടി നൽകണം എന്നറിയാതെ കുഴങ്ങി നിൽക്കുമ്പോഴാണ് പിറകിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ടത്..
“രണ്ടുപേരും കൂടി രാവിലെ തന്നെ എന്താ കുനിഞ്ഞിരുന്നൊരു കുശുകുശുക്കൾ..? “
തിങ്കളിന്റെ മറുപടി പെട്ടെന്ന് തന്നെ വന്നു.. “ഹേയ് അതുപിന്നെ ഞാനീ ചേട്ടായോട് എന്നെ കല്യാണം കഴിക്കാൻ സമ്മതമാണോ എന്ന് ചോദിക്കുവായിരുന്നു അമ്മേ.. “
അത് കേട്ട് ഞാനും അമ്മയും വാപൊളിച്ചു നിൽക്കേ സ്പാനറും ഒഴിഞ്ഞ കന്നാസും എടുത്തു തിങ്കൾ തുള്ളിചാടി വീട്ടിലേക്ക് പോകുന്നുണ്ടായിരുന്നു..
അങ്ങനെ കയ്യിലെ പ്ലാസ്റ്റർ എല്ലാം വെട്ടി മാസങ്ങൾ കഴിഞ്ഞ് അങ്ങ് ദൂരെ ‘മഥേരാനിലെ വൈഷ്ണകമലങ്ങൾ കാണാൻ’ ബുള്ളറ്റിൽ ഞാനൊരു യാത്രക്കൊരുങ്ങിയപ്പോൾ പിറകിലെ സീറ്റിൽ തിങ്കളും ഉണ്ടായിരുന്നു..എനിക്കൊരു തുണയായി, എന്റെ ഭാര്യയായി…കൈ നിറയെ പുഴുങ്ങിയ താറാംമുട്ടയുമായി… !
~Sai Bro