നന്ദിനിയെ നോക്കാതെ പറയുമ്പോൾ സ്വരമൊന്ന് വിറച്ചിരുന്നു. പക്ഷേ അവൾ  ചിരിക്കുക തന്നെയായിരുന്നു.

നിന്നോർമയിൽ…

എഴുത്ത്: അഭിരാമി ആമി

==============

“”നോവലിസ്റ്റ് ഉമാ മഹേശ്വരി ആ ത്മഹത്യ ചെയ്തു.”””

ഹോസ്പിറ്റൽ വെയ്റ്റിംഗ് റൂമിലെ തണുത്ത കസേരകളിലൊന്നിൽ പിന്നിലേക്ക് തല ചായ്ച്ച്  കിടക്കുകയായിരുന്ന അയാളൊരു  ഞെട്ടലോടെ കണ്ണുകൾ വലിച്ചുതുറന്നു.

സന്ദർശകർക്കായി ചുവരിൽ പിടിപ്പിച്ച വലിയ ടീവി സ്ക്രീനിലേക്ക് നോക്കുമ്പോൾ ആദ്യമൊന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ പതിയെ വളരെ പതിയെ ആ സ്ക്രീൻ  നിറഞ്ഞുനിന്നിരുന്ന സ്ത്രീരൂപത്തെ മിഴികളാവാഹിച്ചുതുടങ്ങി.

ചിരിക്കുമ്പോഴുള്ള ആ കട്ടപ്പല്ലും വിടർന്ന മിഴികളും കൂട്ടുപുരികങ്ങൾക്ക് മുകളിലായുള്ള കറുത്ത വട്ടപൊട്ടുമൊക്കെ ഉറപ്പിച്ചുപറഞ്ഞു അതവൾ തന്നെ, ഉമ…..!!!!

വീട്ടിലെ കിടപ്പുമുറിയിൽ കൈ ഞ രമ്പ്   മുറിച്ച് സ്വയം ജീ വനൊടുക്കിയ നിലയിൽ ഇന്ന് രാവിലെയോടെയായിരുന്നു ഉമാമഹേശ്വരിയെ കണ്ടെത്തിയത്. എഴുതി തീർത്ത കഥകൾ പോലെ തന്നെ വിരക്തിയിൽ മുങ്ങി ഒറ്റപ്പെട്ട ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്. മിഴികളിൽ വിഷാദഛായ നിറച്ച് പുഞ്ചിരിക്കുന്ന പ്രിയഎഴുത്തുകാരിയുടെ വിയോഗത്തിൽ സാഹിത്യലോകം അനുശോചനമറിയിച്ചു. പിന്നെയും എന്തൊക്കെയൊ ടീവി സ്ക്രീനിലൂടെ മിന്നി മാഞ്ഞുകൊണ്ടിരുന്നു.

പക്ഷേ അതൊന്നും അയാൾ കണ്ടില്ല….ഒന്നും കേട്ടില്ല. ആ മനസ്സിലപ്പോൾ അവർ മാത്രമായിരുന്നു, ഉമ….

തലേദിവസം കൂടെ കണ്ടവൾ…സംസാരിച്ചടുത്തിരുന്നവൾ. ആ അവളിന്ന് ഈ ലോകത്ത് തന്നെയില്ല എന്നത് അയാളിലൊരു വിറയൽ പടർത്തി. അവസാനയാത്രക്ക് മുന്നേയൊരു യാത്ര പറച്ചിലിനായിരുന്നോ ഉമാ നീയെന്നേ തേടി വന്നത്….???”

അയാൾ സ്വയം ചോദിച്ചു.

“ദേവാ….”

തോളിലെ നനുത്ത സ്പർശത്തിനൊപ്പം കേട്ട വിളിയിൽ തിരിഞ്ഞുനോക്കുമ്പോൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവളെ.

“ആഹ്….ഉമാ…. “

വിജയിക്കില്ലെന്നറിഞ്ഞിട്ടും ചിരിക്കാനൊരു പാഴ്ശ്രമം നടത്തിക്കൊണ്ട്‌ വിളിച്ചു.

“ഇതെന്താ ഇവിടെ….???”

“””ഓങ്കോളജി  ഡിപ്പാർട്മെന്റ്””” എന്ന് ചുവന്ന അക്ഷരങ്ങളിൽ എഴുതി വച്ച ബോർഡിലേക്കും എന്നിലേക്കും മാറിമാറി നോക്കി അവൾ ചോദിച്ചു.

അന്നേരമെന്തോ പതിയെ ഒന്ന് ചിരിച്ചു. പെയ്തുതോരാത്ത ഒരു പെണ്ണിന്റെ കണ്ണീരിന്റെ വിലയാവാം അകത്തുകിടക്കുന്നവളെന്ന തോന്നലായിരുന്നുവോ അതിന് കാരണം…??? അറിയില്ല. 

“വൈഫ് ഇവിടെ അഡ്മിറ്റാണ്. തലയിൽ….”

വാക്കുകൾ പാതിയിൽ മുറിഞ്ഞു. എങ്കിലും അവൾ കൂടുതലൊന്നും ചോദിച്ചില്ല. അല്ലെങ്കിലും ദേവദർശനും ഉമയ്ക്കുമിടയിലെന്നും വാക്കുകൾ അപ്രസക്തമായിരുന്നുവല്ലോ.

“താനെന്താ ഇവിടെ…. ??? “

മൗനത്തിന്റെ കനം വല്ലാതെയേറിയപ്പോഴായിരുന്നു ആ ചോദ്യം.

“പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. അർബുദത്തെ അക്ഷരങ്ങളാക്കാനുള്ള ഒരു ശ്രമം….. “

അവളത് പറഞ്ഞപ്പോൾ എന്തോ ഒന്ന്  പൊട്ടിച്ചിരിക്കാൻ തോന്നിയിരുന്നു. ജീവിതമൊരു കോമാളിയേപ്പോലെ എന്നേ നോക്കി പല്ലിളിക്കും പോലെ…

“ഇവിടെ കഴിയാറായോ….”

അടുത്തുള്ള വാതിലിലേക്കും അയാളിലേക്കും മാറിമാറി നോക്കി അവൾ ചോദിച്ചു.

“ഇല്ല…. “

“എങ്കിൽ നമുക്കൊന്ന് നടന്നാലോ…???”

“മ്മ്….”

ഒപ്പം നടക്കുമ്പോൾ ആ രൂപം നോക്കികാണുകയായിരുന്നു അയാൾ. അവൾ പഴയതിലും വല്ലാതെ മെലിഞ്ഞിരുന്നു. കഴുത്തിലെ എല്ലുകൾക്ക് ഒരു ഭംഗിയില്ലാതെയില്ല. മാറിലൂടെ ഒഴുകി കിടന്നിരുന്ന കോട്ടൺ സാരിയുടെ മുന്താണീ ഇടയ്ക്കിടെ അവൾ പിന്നിലൂടെ ചേർത്തുപിടിച്ചുകൊണ്ടിരുന്നു. അലസമായി കിടന്ന മുടിയിഴകൾ കാറ്റിലിളകി.

“താൻ വല്ലാതെ മാറിപ്പോയി…. “

പുറത്തെ തണൽ മരങ്ങൾക്ക് കീഴിലുള്ള സിമന്റ് ബെഞ്ചുകളിലൊന്നിന്റെ രണ്ടറ്റത്തായി ഇരിപ്പുറപ്പിക്കുമ്പോൾ പറഞ്ഞുപോയിരുന്നു.

“താനും….. “

നാല്പ്പത്തി രണ്ടിലും ആ പഴയ ഉമയായത് പോലെ…പതിയെ ഒന്ന് പുഞ്ചിരിച്ച് അവളും പറഞ്ഞു.

“നന്ദിനി….???”

മടിച്ചുമടിച്ചായിരുന്നു ചോദ്യം.

“തേർഡ് സ്റ്റേജ് ആണ്. നഷ്ടങ്ങൾ മാത്രം ഓർമയിൽ സൂക്ഷിക്കാനുള്ള എനിക്കൊരുപക്ഷേ അവളേയും….”

“ഏയ്….എന്താ ദേവാ ഇത്. ഒന്നും സംഭവിക്കില്ല. നന്ദിനി തിരിച്ചുവരും. വന്നല്ലേ മതിയാകൂ..”

അയാളുടെ കണ്ണിലേ നീർത്തിളക്കം കണ്ടാവാം അവളാ കയ്യിൽ മുറുകെ പിടിച്ചു. അവ ചെറുതായി വിറപൂണ്ടിരുന്നു. ഇടയിൽ തന്റെ വിരലുകൾ കുരുങ്ങിയതോർക്കാതെയൊ എന്തോ അവളുടെ ഇരുകൈവിരലുകളും പരസ്പരം ഞെരിഞ്ഞു. എന്തിനെയൊ അടക്കിപ്പിടിക്കാൻ ശ്രമിക്കും പോലെ….

“ഞാൻ….ഞാൻ ചെല്ലട്ടെ ദേവാ….പോകാൻ സമയമായി.  “

ഒന്നുരണ്ട് നിമിഷങ്ങൾ കൂടി   അങ്ങനെയിരുന്നിട്ട് പെട്ടന്നവളെണീറ്റുകൊണ്ട് ചോദിച്ചു.

വെറുതേയൊന്ന് മൂളി. അല്ലാതെന്ത്  ചെയ്യാൻ. അതല്ലെങ്കിലും അങ്ങനെ  തന്നെയായിരുന്നുവല്ലോ. വർഷങ്ങൾക്ക് മുൻപും അവൾക്കായ് തനിക്കൊന്നുമുണ്ടായിരുന്നില്ലല്ലൊ ചെയ്യാൻ. ചേർത്തുപിടിക്കാൻ  ഹൃദയമാർത്ത് വിളിക്കുമ്പോഴും ബന്ധങ്ങളുടെ കാൽവിലങ്ങിൽ കുരുങ്ങി മൗനമായി നിന്നതല്ലേയുള്ളൂ….

വിഷാദത്തിന്റെ എഴുത്തുകാരിയെന്ന് അവളെ ലോകം വാഴ്ത്തുമ്പോഴും നെഞ്ച് പിടഞ്ഞിട്ടില്ലേ…??? ഒരുപക്ഷേ  അവളിലിത്രമേൽ വിഷാദം ചാലിച്ചത്  ഞാൻ മാത്രമായിരുന്നില്ലേ….???

“”””എന്റെ അക്ഷരങ്ങളിലൊക്കെയും നിനക്കെന്നേ കാണാം…നിന്നെയും. ആ നേരം നീയറിയണം ഞാനെഴുതി തീർത്തതൊക്കെയും എന്നോ ഞാൻ ബാക്കി വച്ച എന്റെ പ്രണയമായിരുന്നുവെന്ന്….”””””

ഏതോ ഒരു പുസ്തകത്തിന്റെ ആമുഖമായി അവൾ കുറിച്ച വരികൾ  വെറുതേയൊന്നോർത്തു. പിന്നെ കാറിനരികിലേക്ക് നടക്കുന്നവളെ  ഒരിക്കൽക്കൂടിയൊന്ന് നോക്കി പതിയെ അകത്തേക്ക് നടന്നു.

“നന്ദിനി….???  “

തിരികെയെത്തുമ്പോൾ തുറന്നുകിടന്ന വാതിൽ കണ്ട് അവിടെയുണ്ടായിരുന്ന നേഴ്സിനോട്‌ തിരക്കി.

“റൂമിലേക്ക് കൊണ്ടുപോയി സർ….”

ഒന്നുമൂളി മുന്നോട്ട് നടന്നു. മുറിയിലെത്തി അകത്തേക്ക് കയറുമ്പോൾ തലഭാഗം ഉയർത്തി വച്ച കിടക്കയിൽ മിഴികളടച്ച് അവളുണ്ടായിരുന്നു..നന്ദിനി…..ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും സഹനമുള്ള പെണ്ണ്….ഭർത്താവിന്റെ കാമുകിയേ  കേട്ടിരുന്നവൾ…അവളേയോർത്ത്  നിറഞ്ഞ മിഴികളെ ഒപ്പിയെടുത്തവൾ..അങ്ങനെയങ്ങനെ എന്തൊക്കെയൊ….

“എഡോ…. “

“മ്മ്ഹ്….. “

“വേദനയുണ്ടോ….??? “

ആ മെലിഞ്ഞ വിരലുകളിൽ വിരൽ  ചേർത്ത് പിടിച്ച് പതിയെ  ചോദിക്കുമ്പോൾ മിഴി തുറക്കാതെ തന്നെ അവൾ പുഞ്ചിരിച്ചു. എങ്കിലും ആ മിഴിക്കോണിലൂടെ ഊർന്നിറങ്ങിയ മിഴിനീർ അവളുടെ കൊഴിഞ്ഞു തീരാറായ മുടിയിഴകൾക്കുള്ളിലേക്കൂളിയിട്ടു. ഒരുപക്ഷേ ആ ചോദ്യമവൾക്കൊരു തമാശ പോലെ തോന്നിയിരിക്കാം. 

“ഉമയെ കണ്ടിരുന്നു…”

നന്ദിനിയെ നോക്കാതെ പറയുമ്പോൾ സ്വരമൊന്ന് വിറച്ചിരുന്നു. പക്ഷേ അവൾ  ചിരിക്കുക തന്നെയായിരുന്നു.

“എന്ത് പറഞ്ഞു…???”

“വെറുതെ കുറച്ചുസമയം സംസാരിച്ചു. “

“മ്മ്ഹ്…”

അതേ പുഞ്ചിരിയോടെ തന്നെ അവൾ കണ്ണുകളടച്ചു. പതിവിലും തളർന്നുപോയിരുന്ന എന്നേയവളറിഞ്ഞിരിക്കില്ലേ…തനിക്കും മുകളിൽ വർഷമിത്രയായിട്ടും ഭർത്താവിൽ നിറഞ്ഞുനിൽക്കുന്നത്  മറ്റൊരുവളാണെന്നത് അവൾ  തിരിച്ചറിയുന്നുണ്ടാവില്ലെ….ആ നൊമ്പരമൊക്കെ ഇവളെവിടെയാകും  കുഴിച്ചുമൂടുക…???

അല്ലെങ്കിലും കുരങ്ങന്മാരെ പോലെ തന്നെയാണല്ലോ മനുഷ്യന്റെ മനസും. നന്ദിനിക്കൊപ്പമിരിക്കുമ്പൊഴൊക്കെയുംഉമയെന്നെ പൊള്ളിക്കാറുണ്ടായിരുന്നു. ഉമയെ കാണുമ്പോൾ മനസുനിറയെ നന്ദിനിയുമായിരിക്കും. എന്തൊരു വിരോധാഭാസം….

“സാർ….”

ചിന്തകളിൽ നിന്നും ഞെട്ടിയുണരുമ്പോൾ കണ്ണീർ  കവിൾത്തടങ്ങളെ നനച്ചിരുന്നു. മുന്നിൽ നിന്നിരുന്ന പെൺകുട്ടിയത് കണ്ടുവല്ലോ എന്ന ചളിപ്പിൽ വേഗം കർച്ചീഫെടുത്ത് മുഖം മുഴുവനായി ഒപ്പിയെടുത്തു.

“ഈ ബില്ലൊന്നടയ്ക്കണം.”

ഒരു പേപ്പർ നീട്ടി ആ പെൺകുട്ടി  പറഞ്ഞതും അതും വാങ്ങി പുറത്തേക്ക്  നടന്നു. അപ്പോഴും ടീവി സ്‌ക്രീനിൽ നിറഞ്ഞിരുന്നത് വിഷാദങ്ങളുടെ  എഴുത്തുകാരിയായിരുന്ന അവൾ  മാത്രമായിരുന്നു. 

“എനിക്ക്….എനിക്കൊന്ന് പോണം. അവസാനമായി ഒന്ന് കാണണം….. “

വൈകുന്നേരം നന്ദിനിയുടെ കൈ പിടിച്ച് ഒരപരാധിയെപ്പോലെ മുഖം  കുനിച്ചിരുന്ന് പറയുമ്പോൾ ആ മിഴികളെ നേരിടാനുള്ള ത്രാണിയുണ്ടായിരുന്നില്ല.

“വൈകാതെ വരില്ലേ….?? എനിക്ക്….എനിക്കെന്തോ ഒറ്റയ്ക്ക്  പേടിയാ ഇപ്പൊ.നിങ്ങളില്ലാത്ത  നേരത്താണെങ്കിലോ എന്നേ കൊണ്ടുപോകാൻ വരിക…. “

അത്രമാത്രമേ അവൾ പറഞ്ഞുള്ളൂ. കുനിഞ്ഞ് ആ മരുന്നുകളുടെ ചുവ  നിറഞ്ഞ വരണ്ട ചുണ്ടുകളിൽ പതിയെ ചുംബിച്ചു. പിന്നെ പതിയെ പുറത്തേക്ക്   ഇറങ്ങി. ഒന്ന് പിന്തിരിഞ്ഞ്‌ നോക്കാൻ  ഹൃദയം വല്ലാതെ പിടച്ചിരുന്നു. പക്ഷേ നോക്കിയില്ല. നോക്കിയിരുന്നെങ്കിലൊരുപക്ഷേ അവളേ വിട്ട് പോരാൻ കഴിയുമായിരുന്നില്ല.

സ്മശാനത്തിലെത്തുമ്പോൾ അഗ്നിയാളിത്തുടങ്ങിയിരുന്നു. തീ  നാളങ്ങൾ പരസ്പരം മത്സരിക്കും പോൽ അവളെ വിഴുങ്ങുന്നു. അപ്പോഴേക്കും നേർത്ത ഒരു മഴ  ചാറിത്തുടങ്ങിയിരുന്നു. അവിടെ  നിന്നിരുന്നവരൊക്കെ ഓടി തൊട്ടപ്പുറത്ത് വലിച്ചുകെട്ടിയിരുന്ന ടാർപ്പാളിന്റെ അടിയിലഭയം പ്രാപിച്ചു. എനിക്ക് മാത്രം എങ്ങോട്ടും ഓടിയൊളിക്കേണ്ടായിരുന്നു. ആ മഴയെനിക്ക് നനയണമായിരുന്നു. എന്റെ പ്രണയിനിയുടെ കണ്ണീരാണത്. അതെനിക്ക് നനയണം. ആ ഓരോ  തുള്ളികളുമെന്റെ ആത്മാവിനെ പൊള്ളിക്കണം….അവളുടെ കണ്ണീരിന്റെ ചൂടിലെനിക്ക് ഉരുകിയില്ലാതെയാവണം.

“ഞാൻ…ഞാനിനിയെന്ത് ചെയ്യണം ???  “

ചോദിക്കുമ്പോൾ അവളുടെ അധരങ്ങൾ വിറച്ചിരുന്നു. ആ മിഴികൾ എന്റെ കണ്ണുകളിൽ തന്നെ തറഞ്ഞുനിന്നിരുന്നു. എന്നിലെവിടെയൊ ഉള്ള അവളേ തന്നെ തേടും പോലെ….

“ഞാൻ പറഞ്ഞതല്ലേ ഉമാ….നിന്നോളം ഞാനൊന്നിനെയും സ്നേഹിച്ചിരിക്കയില്ല. പക്ഷേ നിന്നേ കൈവിടില്ലെന്ന വാക്ക് നൽകാനെനിക്ക്  കഴിയില്ല. എനിക്ക് ചുറ്റുമൊരുപാട് ബന്ധനങ്ങളുണ്ട്. അവയൊന്നും പൊട്ടിച്ചെറിയാനെനിക്ക്….”

“പറയണ്ട ദേവാ…ഞാൻ…..ഞാനവസാനമായൊന്ന്ചോദിച്ചുവെന്ന് മാത്രം. എനിക്കറിയാം നിങ്ങളെ…മറ്റാരെക്കാളും….വരട്ടേ…. “

അവന്റെ വായ മൂടി വാക്കുകളെ തടഞ്ഞ് പെരുവിരലിലുയർന്നവസാനമായി ആ നെറ്റിത്തടത്തിലൊന്ന് ചുംബിച്ച് യാത്ര പറഞ്ഞകന്ന് പോകുന്നവളെ നോക്കി നിൽക്കുമ്പോൾ പോകരുതെന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ പറഞ്ഞില്ല.അവളേ എന്നന്നേക്കുമായി നഷ്ടമാവുകയാണെന്നറിയാമായിരുന്നു. പക്ഷേ…..

“ഠപ്പ്…..”

ചിതയിൽ നിന്നും കേട്ട ആ ശബ്ദമായിരുന്നു വർഷങ്ങൾ പിന്നിലേക്ക് പോയ മനസ്സിനെ തിരികെ വിളിച്ചത്.

ഇത്രയും വർഷങ്ങൾ ദേവദർശനെ അവൾ പേറിയിരുന്ന ആ ഹൃദയം….അത് പൊട്ടിത്തെറിച്ചിരിക്കുന്നു. ഇപ്പൊ അതിൽ നിന്നും അവളുടെ മോഹങ്ങളുരുകിയൊലിക്കുകയാകും.

“ഉമാ മാപ്പ്….. “

അവളുടെ പേര് വിളിച്ചൊന്നലറി  കരയാൻ തോന്നിയെങ്കിലും അത്രമാത്രമാണ് തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വന്നത്. മഴ തോർന്നിരുന്നു. തിരികെ പോകണം. വർഷങ്ങൾക്ക് മുൻപേ ചെയ്ത തെറ്റ് ആവർത്തിക്കപ്പെടണം. ഈ  സ്മശാനത്തിന്റെ പുക നിറഞ്ഞ ഇരുളിൽ അവളേ തനിച്ചാക്കി തിരികെ നടക്കണം. നന്ദിനിക്കായ്……

“സാർ….സാറ് വരുമ്പോ ഇത് തരണമെന്ന് പറഞ്ഞിരുന്നു.”

എരിഞ്ഞുതീരാറായ ചിതയിലേക്കും അയാളിലേക്കും മാറിമാറി നോക്കിക്കൊണ്ട്‌ ഒരു കവർ നീട്ടി ആ സ്ത്രീ പറഞ്ഞു. അവരാരെന്നോ എന്തെന്നോ ചോദിച്ചില്ല. അത് വാങ്ങി തിരിഞ്ഞുനടന്നു. കാറിലേക്ക് കയറി അത് പൊട്ടിക്കുമ്പോൾ നെഞ്ചിടിപ്പ് കാതിൽ കേൾക്കാമായിരുന്നു. ഉള്ളിൽ നാലായി മടക്കി വച്ചിരുന്ന വെള്ളപേപ്പർ നിവർത്തുമ്പോൾ അവളടുത്തുള്ളത് പോലെ. ആ സുഗന്ധം പൊതിയും പോലെ….കടലാസ്സിലെ വടിവൊത്ത അക്ഷരങ്ങളിലൂടെ കണ്ണുകളോടിക്കുമ്പോൾ ഹൃദയം  മന്ത്രിച്ചു…

“”””””അവളുടെ  പ്രണയലേഖനം…ആദ്യത്തേതും അവസാനത്തേതും…. “””””

“ദേവാ….ഈ കത്ത് നിന്റെ കയ്യിൽ  കിട്ടുമ്പോൾ ഞാൻ നിനക്കെത്തിപ്പിടിക്കാൻ കഴിയാത്തത്ര  ദൂരെയായിരിക്കും. എനിക്കറിയാം ദേവാ അവസാനമായി എന്നേയൊന്ന് കാണാൻ നീ വരാതിരിക്കില്ല….എന്നേ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ അഗ്നി  എന്നിലുമേറെയായ് നിന്നേ  പൊള്ളിക്കും. പക്ഷേ ദേവാ….എനിക്ക്   മറ്റൊന്നും ചെയ്യാനില്ല ഇനി. ഒന്നിനെയും കാത്തിരിക്കാനുമില്ല. എന്റെ  കാത്തിരുപ്പുമവസാനിച്ചു. അറിയോ നിനക്ക് ഇന്നലെ നമ്മൾ കാണും വരെ നീയെന്റെയായിരുന്നു.

നന്ദിനി…..അവളേ ഞാനൊരിക്കലും  മറന്നിട്ടില്ല. അവളുടെ കണ്ണീരും ഞാൻ മോഹിച്ചിട്ടില്ല. പക്ഷേ നീയെന്റെയല്ലെന്ന് വിശ്വസിക്കാൻ മാത്രം  മനസനുവധിച്ചില്ല. അന്നും ഇന്നും എന്നും ഹൃദയം കൊണ്ട് നീയെനിക്കൊപ്പമുണ്ടായിരുന്നു ദേവാ. ഓരോന്ന് ചെയ്യുമ്പോഴും നീ തൊട്ടടുത്തുള്ളത് പോലെ ഞാൻ  നിന്നോട്അഭിപ്രായം ചോദിക്കുമായിരുന്നു….വഴക്കിടുമായിരുന്നു….പിണങ്ങിയിരിക്കുമായിരുന്നു…നിനക്കറിയോ എന്നും  വൈകുന്നേരങ്ങളിൽ  ഞാൻ വഴിയിലേക്ക്  നോക്കി നിനക്കായ്‌ കാത്തിരിക്കുമായിരുന്നു. നിന്റെ  നെഞ്ചോടു ചേർന്ന് ഉറങ്ങുമായിരുന്നു. ഒരുപക്ഷേ ഞാനേറ്റവുമധികമുച്ഛരിച്ചിട്ടുള്ളത്  നിന്റെ പേരാവും. ഒരായിരം വട്ടം ദേവാ ദേവാ എന്ന് ഞാൻ വിളിച്ചിരുന്നു. എന്തിനെന്നുപോലുമറിയാതെ. 

സംശയിക്കേണ്ട ദേവാ….എനിക്ക്  ഭ്രാന്തൊന്നുമില്ല. പക്ഷേ നീ  മാത്രമുള്ളൊരു ലോകത്ത് എന്നേ ഞാൻ ബന്ധിച്ചിട്ടിരിക്കുകയായിരുന്നു ഇതുവരെ. ആ ബന്ധനം പൊട്ടിച്ച്  പുറത്തിറങ്ങാൻ ഞാൻ   മോഹിച്ചതേയില്ല. ഇറങ്ങിയിരുന്നില്ലെന്ന് തീർത്തുപറയുന്നില്ല. എഴുതാൻ പേനയെടുക്കുമ്പോൾ….അപ്പോൾ  മാത്രം ഞാൻ തനിച്ചായിരുന്നു. വിഷാദങ്ങളുടെ തോഴി  ഉമാമഹേശ്വരിയായിരുന്നു. അതുകൊണ്ട് തന്നേ എന്റെ തൂലികയിൽ നിന്നും വിരഹം മാത്രം പിറവികൊണ്ടു. 

പക്ഷേ ദേവാ ഈ ജീവിതത്തിൽ ഞാൻ  തൃപ്തയായിരുന്നു. പക്ഷേ….ഇന്നലെ…ഇന്നലെ നിന്നേ കാണും വരെ മാത്രം. ഇന്നലെ നമ്മൾ  സംസാരിച്ചപ്പോ നന്ദിനിക്കായ് നിന്റെ  കണ്ണ് നിറഞ്ഞില്ലേ….??? ആ നിമിഷമാണ് ദേവാ ഞാൻ തോറ്റുപോയത്. അവിടെയീ ഉമ തോറ്റു. ഒരു പെണ്ണിന്റെ പൂർണമായ തോൽവി…പതനം. ഒരിക്കൽ നീയെന്നേ സ്വീകരിക്കാതെ വലിച്ചെറിഞ്ഞപ്പോൾ പോലും എന്നിലെ  പെണ്ണ് തോൽക്കാൻ തയാറായിരുന്നില്ല   ദേവാ. പക്ഷേ ഇന്നലെ നന്ദിനിക്കായ്  നിന്റെ കണ്ണ് നിറഞ്ഞ നിമിഷം ഉമ മരിച്ചു….അന്നേരം മാത്രമാണ് നീ എനിക്കാരുമല്ലെന്ന സത്യത്തേ എന്റെ  ഹൃദയം സ്വീകരിച്ചത്. അതോടെ ഈ ജീവിതത്തിൽ തുടരാനെനിക്കുണ്ടായിരുന്ന ഏക കാരണവുമസാനിച്ചു. ഇനി ഞാനെന്താണ് ദേവാ കാത്തിരിക്കേണ്ടത്….ജീവച്ഛവമായിതീർന്ന ഒരാത്മാവിനെയും പേറിയിങ്ങനെ  നീറി നീറി…എനിക്ക് കഴിയില്ലായിരുന്നു.  അതാണ് ഞാൻ…

പക്ഷേ ദേവാ…..ഇന്നുമെനിക്ക് പ്രണയമാണ് നിന്നോട്…കാരണമൊന്നെയുള്ളൂ….നീ  നിന്റെ പ്രണയമെനിക്ക് പകർന്നുനൽകി. ഉപാധികളേതുമില്ലാതെ….എങ്കിലും  ഒരിക്കൽ പോലും നിന്നേ ഞാൻ കൈവിടില്ലെന്ന പാഴ് വാക്ക്  നൽകിയെന്നെ നീ മോഹിപ്പിച്ചിരുന്നില്ല. ഒരിക്കൽ നമുക്ക് നമ്മെ നഷ്ടമാകുമെന്ന് നീയെന്നേയോർമിപ്പിച്ചുകൊണ്ടേയിരുന്നു…

എങ്കിലും സഖേ അറിയാതെ ഞാൻ മോഹിച്ചിരുന്നു….ഇനിയൊരു  ജന്മമുണ്ടെന്ന് നിന്നേപ്പോലെ ഞാനും വിശ്വസിക്കുന്നില്ല. അഥവാ അങ്ങനെയൊന്നുണ്ടെങ്കിൽ   അന്നെനിക്ക് തരണം നീ നിന്നേ….കാത്തിരിക്കും ഞാൻ….

നിന്നോർമയിൽ…..

അവസാനിച്ചു.

നന്ദിനി എന്ന അധ്യായത്തിനൊരവസാനം ഞാൻ കുറിക്കുന്നില്ല. ഒരുപക്ഷേ ഉമ തന്റെ പ്രാണൻ പകരം നൽകി അവളേ തിരിച്ചുപിടിച്ചയാൾക്ക് സമ്മാനിച്ചിരിക്കാം. അല്ലെങ്കിൽ ഉമയെപ്പോലെ അവളും അയാളുടെ നഷ്ടങ്ങളുടെ പട്ടികയിലെ അവസാനപേരുകാരിയായ് മാറിയിരിക്കാം…

സ്നേഹപൂർവ്വം,  അഭിരാമി