അമ്മുവിന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞപ്പോൾ എത്രയും പെട്ടെന്ന് അവളെ കാണണമെന്ന് തോന്നി…

തണലേകും സ്നേഹങ്ങൾ…

Story written by Neeraja S

================

“അമ്മൂ…ഒന്നു പതുക്കെ ഓടിക്കൂ..എനിക്ക് പേടിയാകുന്നു..”

“ടീ.. പെണ്ണേ…നിന്നോടാ പറഞ്ഞത്..”

ഉള്ളിലുള്ള പേടി ദേഷ്യമായി പുറത്തു വന്നുതുടങ്ങി.

“ഈ ത ള്ളയ്ക്ക് എന്തൊരു പേടിയാ ചാകാൻ..ഇനി പേടിച്ച് ചാകണ്ട..”

കാറിന്റെ സ്പീഡ് കുറച്ചുകൊണ്ട് അമ്മു എന്ന അർച്ചന കുലുങ്ങിച്ചിരിച്ചു.

“നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് ത ള്ളേന്നു വിളിക്കരുതെന്ന്..എനിക്ക് അതിനുമാത്രം പ്രായമൊന്നും ആയിട്ടില്ല..ജസ്റ്റ് ഫിഫ്റ്റി ഫോർ.”

“എല്ലാവരും നീ എന്റെ അനിയത്തി ആണൊന്നാ  ചോദിക്കുന്നത്…”

അമ്മു കളിയാക്കി നിർത്താതെ ചിരിച്ചു തുടങ്ങി.

“ഒരു ചേച്ചി വന്നേക്കുന്നു. കുഴിലോട്ട് പോകാറായി എന്നിട്ടും ജസ്റ്റ് ഫിഫ്റ്റി ഫോറെന്നും പറഞ്ഞു നടക്കുന്നു.”

അമ്മുവിനോട് കളിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത്…മുഖം വീർപ്പിച്ചു തിരിഞ്ഞു റോഡിലേക്ക് നോക്കിയിരുന്നു.

മുഖഭാവം കണ്ടപ്പോൾ അമ്മു ചിരി നിർത്തി.

“അമ്മേ..പൂച്ചക്കുഞ്ഞിന്റെ, പ ട്ടിക്കുഞ്ഞിന്റെ, കോഴിക്കുഞ്ഞിന്റെ ഒക്കെ അമ്മയെ നമ്മൾ എന്താണ് പറയാറുള്ളത്..? ത ള്ളപ്പൂച്ച, ത ള്ളക്കോഴി, ത ള്ളപ്പട്ടി എന്നൊക്കെയല്ലേ…അതുപോലെ ഈ പാവം പൂച്ചക്കുഞ്ഞിന്റെ ത ള്ളപ്പൂച്ചയല്ലേ അമ്മ.”

അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

“സെന്റി…സെന്റി…റോഡിൽ നോക്കി വണ്ടിയോടിക്കെടി പൂച്ചക്കുഞ്ഞെ. വണ്ടി ഓടിക്കുന്നത് ഒരു പാവം പൂച്ചയാണെന്നു വഴിയേ പോകുന്നവർക്ക് അറിയില്ലല്ലോ..?”

അരമണിക്കൂർ സമയമുണ്ട്..ചെറുതായി തലവേദന എടുക്കുന്നുണ്ട്.

“അമ്മൂ…നീ സൂക്ഷിച്ചു വണ്ടിയോടിക്ക്..ചെറിയൊരു തലവേദന.ഞാൻ അല്പസമയം കണ്ണടച്ചിരിക്കട്ടെ..ആ വെയിലിൽ കൂടി നടന്നിട്ടാവും..”

അമ്മു വണ്ടി ഒതുക്കി നിർത്തി. ഡാഷ്ബോർഡ് തുറന്ന് ബാം എടുത്ത് നെറ്റിയുടെ ഇരുവശത്തും പുരട്ടി. ചാരി കിടക്കാൻ പാകത്തിന് സീറ്റ്‌ അല്പം അഡ്ജസ്റ്റ് ചെയ്തു തന്നു.

കുറച്ച് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാണ്. സിറ്റിയിൽ നിന്നും അകന്നുമാറി ശാന്തമായ സ്ഥലത്താണ് വീട്. ഏകമകൻ ഗോകുലിനു ചെറുപ്പത്തിൽ തന്നെ ഗവണ്മെന്റ് സർവീസിൽ ജോലി കിട്ടി. മൂന്നുപേർക്കും നല്ല വരുമാനമുള്ള ജോലിയുള്ളതുകൊണ്ട് സാമ്പത്തികം മെച്ചപ്പെട്ടതായിരുന്നു. ഗോകുൽ വീട് പുതിയത് പണിയണമെന്നു പറഞ്ഞ് എന്നും വഴക്കടിച്ചു. അച്ഛൻ സമ്മതിച്ചില്ല. വല്യ വീടാകുമ്പോൾ മുറികൾ അകലുന്നതുപോലെ മനസ്സുകളും അകലും എന്നൊരു വിശ്വാസം.

ചെറിയ വീടാണെങ്കിലും ഭംഗിയായി ഇന്റീരിയർ ചെയ്തിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ നെഞ്ചുവേദനയുടെ രൂപത്തിൽ മരണം ഗോകുലിന്റെ അച്ഛനെ കൂട്ടിക്കൊണ്ടു പോകുന്നത് വരെ സന്തോഷപൂർണ്ണമായിരുന്നു ജീവിതം. വർഷം നാലുകഴിഞ്ഞെങ്കിലും ഇപ്പോഴും കൂടെയുണ്ടെന്നൊരു തോന്നലാണ്.

അച്ഛന്റെ മണം തങ്ങി നിൽക്കുന്ന വീട് പിന്നെ മാറ്റി പണിയാൻ തോന്നിയില്ല. അമ്മുവിനെ കല്യാണം കഴിച്ചുകൊണ്ട് വന്നിട്ട് ഒരു വർഷമാകുന്നു. അമ്മ ചെറുപ്പത്തിൽ മരിച്ചു പോയതുകൊണ്ടാകാം തന്നോട് വല്യ സ്നേഹമാണ്. മരുമകൾ അല്ല മകളാണ്.

കുക്കറിന്റെ വിസിൽ കേട്ടാണ് മിക്കവാറും ദിവസങ്ങളിൽ ഉറക്കമുണരുന്നത്. വെളുപ്പിനെ എഴുന്നേറ്റ് അമ്മു അടുക്കളയിൽ കയറും. അമ്മയില്ലാത്തതുകൊണ്ട് അച്ഛൻ പഠിപ്പിച്ച ശീലം. അവധി ദിവസമായാലും കൃത്യ സമയത്തു അടുക്കളയിൽ പണി തുടങ്ങിയിരിക്കും. അമ്മു ജോലി ചെയ്യുന്നത് കാണാൻ നല്ലരസമാണ്. മൊബൈലിൽ പാട്ട് വച്ചിട്ടുണ്ടാകും.

പാട്ടിനനുസരിച്ചു ജോലിയുടെ വേഗം കൂടുകയും കുറയുകയും ചെയ്യും. തട്ടുപൊളിപ്പൻ പാട്ടാണെങ്കിൽ പറയുകയും വേണ്ട. സ്പൂണും തവിയുമെല്ലാം അവിടെയും ഇവിടെയും തട്ടി ഒരു മ്യൂസിക് ഷോ തന്നെ അടുക്കളയിൽ അരങ്ങേറും.

എല്ലാം കേട്ടുകൊണ്ട് പുതപ്പിനടിയിൽ ചുരുണ്ടു കൂടും. പണ്ടെയുള്ള ശീലമാണ്…നല്ല മടി. രാവിലെ അച്ഛനും മോനും നടക്കാൻ പോയിവന്നു ചായയിട്ട് പത്രം വായിക്കുമ്പോഴായിരിക്കും താൻ എഴുന്നേൽക്കുക.

പ്രഭാതഭക്ഷണം എല്ലാവരുംകൂടി വേഗത്തിൽ തയ്യാറാക്കും. കഴിച്ച് റെഡിയായി ഒന്നിച്ചിറങ്ങും. എല്ലാ ജോലിയും മൂന്നുപേരും കൂടി ചെയ്യുന്നതുകൊണ്ട് ജോലിഭാരം തോന്നിയിട്ടില്ല.

അതിപ്പോഴും തുടരുന്നു..അമ്മു ജോലിയൊക്കെ ഒതുക്കിക്കഴിയുമ്പോഴായിരിക്കും താൻ എഴുന്നേൽക്കുന്നത്.

സമയം കഴിഞ്ഞു താനും ഗോകുലും എഴുന്നേറ്റില്ലെങ്കിൽ പാട്ടിന്റെ ശബ്ദം കൂടും. ചെവി തുളയുമ്പോൾ എഴുന്നേറ്റ് ചെല്ലും. അടുക്കളപ്പണി തീർന്നിട്ടുണ്ടാകും. എല്ലാവരും ജോലിക്ക് പോകുന്നതും വരുന്നതും ഒന്നിച്ചാണ്. അവധി ദിവസങ്ങളിൽ ഗോകുൽ കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോകുമ്പോൾ താനും അമ്മുവും കൂടി  കറങ്ങാനിറങ്ങും.

രണ്ടുമാസം മുൻപാണ് ജീവിതത്തെ മാറ്റിമറിച്ച സംഭവം നടന്നത്. രാവിലെ ഉണർന്നു നോക്കിയപ്പോൾ അത്ഭുതം തോന്നി. അടുക്കളയിൽ നിന്നും പാട്ട് കേൾക്കുന്നില്ല. ഭക്ഷണത്തിന്റെ സുഖകരമായ മണവും വരുന്നില്ല. എഴുന്നേറ്റ് ചെന്ന് നോക്കിയപ്പോൾ അടുക്കളയിൽ ആരും കയറിയ ലക്ഷണമില്ല. ഇനി അമ്മുവിന് സുഖമില്ലായിരിക്കുമോ..? വേഗത്തിൽ ചായയിട്ട് അമ്മുവിന്റെ മുറിയുടെ ഡോറിൽ തട്ടി വിളിച്ചു.

കതകു തുറന്നിറങ്ങിയ അമ്മുവിന്റെ മുഖം കരഞ്ഞു വീർത്തിരുന്നു. ഒന്നും മിണ്ടാതെ അടുക്കളയിൽ പോയി ചായയെടുത്ത് സെറ്റിയിൽ വന്നിരുന്നു പത്രം മറിച്ചു നോക്കിക്കൊണ്ടിരുന്നു. അടുത്തു ചെന്ന് എന്താണെന്നു തിരക്കിയപ്പോൾ ഒന്നുമില്ലെന്ന് തലയാട്ടി. പേപ്പർ വെറുതെ മറിക്കുന്നതല്ലാതെ അമ്മു ഒന്നും വായിക്കുന്നതായി തോന്നിയില്ല.

പകൽ മുഴുവൻ അമ്മു മുഖം തരാതെ കരഞ്ഞു വീർത്ത മുഖത്തോടെ നടന്നു. തിരിച്ചും മറിച്ചും ചോദിച്ചു..എല്ലാത്തിനും മൂളൽ മാത്രം മറുപടി.

വൈകുന്നേരമായപ്പോൾ ക്ഷമയുടെ നെല്ലിപ്പലകയിൽ എത്തി നിന്നിരുന്നു. കയ്യോടെ പിടിച്ച് കാറിൽ കയറ്റി, കുറേദൂരം വെറുതെ കാറോടിച്ചു. അമ്മു അല്പം റിലാക്സ് ആയെന്ന് തോന്നിയപ്പോൾ കാരണം ചോദിച്ചു.

മറുപടിയായി ഫോണെടുത്ത് രണ്ടുപേർ പരസ്പരം അയച്ച ഫോൺ സന്ദേശങ്ങൾ..ഓഡിയോ മെസ്സേജുകൾ..നോക്കാനായി ഫോൺ കൈയ്യിൽ തന്നിട്ട് പുറത്തേക്കുനോക്കിയിരുന്നു.

ഒരാൾ ഗോകുലാണ്. പെൺകുട്ടിയുടെ ശബ്ദം..ആരെന്ന് വ്യക്തമല്ല. തല കറങ്ങുന്നതുപോലെ തോന്നി.

“അമ്മൂന് അറിയാമോ അവൾ ആരെന്ന്..?”

“അറിയാം…ചില സൂചനകൾ കിട്ടിയിരുന്നു. പക്ഷേ.. ” അമ്മു മുഖംപൊത്തി പൊട്ടിക്കരഞ്ഞു.

ശാന്തമായിരുന്ന ജലാശയത്തിലേക്ക് കല്ലുവന്നു വീണതുപോലെ..ഹൃദയം നടുങ്ങി.

അമ്മുവിനോട് അഡ്രസ്സ് വാങ്ങി പിറ്റേദിവസം രാവിലെ തന്നെ അവളുടെ വീട് തേടിപ്പിടിച്ചു.

അവിടെ ചെന്നപ്പോഴാണ് ആളെ മനസ്സിലായത്. ഗോകുലിന്റെ കൂടെ ജോലി ചെയ്യുന്നവൾ. ഒന്നോ രണ്ടോ തവണ വീട്ടിൽ വന്നിട്ടുണ്ട്. ഓഫീസിലെ  മറ്റുള്ളവരുടെ കൂടെ.

മുഖവുരയില്ലാതെ തന്നെ കാര്യം ചോദിച്ചു. തന്നെ കണ്ടപ്പോൾ തന്നെ അവളുടെ പാതിജീവൻ പോയി.

ഭർത്താവു മരിച്ച ഒരുവൾ. സ്നേഹിച്ചവന്റെ കൂടെ ഇറങ്ങി പോന്നതിനാൽ രണ്ടു വീട്ടുകാരും തിരിഞ്ഞു നോക്കാറില്ല. അഞ്ചുവയസ്സുള്ള മകളുണ്ട്. ഗോകുൽ അവൾക്കൊരു ആശ്രയമാണ്. ആരുമില്ലാത്ത ഒരുവൾക്ക് കിട്ടിയ ആശ്രയം. സാഹചര്യങ്ങൾ അടുപ്പിച്ച ബന്ധം.

“അവന് നിന്നെ ശരിക്കും ഇഷ്ടമാണോ..? അവന്  ഭാര്യയുള്ള കാര്യം നിനക്കറിയാവുന്നതല്ലേ..?”

എല്ലാത്തിനും കരച്ചിലുമാത്രം. ഏറെനേരം ഇരുന്നില്ല തിരിഞ്ഞുനോക്കാതെ ഇറങ്ങിനടന്നു.

വീട്ടിലെത്തിയിട്ട് അമ്മുവിനോട് പോയ കാര്യങ്ങൾ സംസാരിക്കാൻ നിന്നില്ല. തീരുമാനമെടുക്കേണ്ടത് താനാണ്. മൂന്നുപേരും മൂന്നുദിക്കിലായി ജീവിതം. ദിവസങ്ങൾ കൊഴിഞ്ഞു വീണു. അമ്മുവിന്റെ മുഖത്ത് നോക്കുമ്പോഴെല്ലാം ചങ്കുപറിയുന്ന വേദന തോന്നി.

ആലോചിച്ചുറപ്പിച്ച് നല്ലൊരു തീരുമാനത്തിലെത്തി. ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ അമ്മുവിനോട് അഭിപ്രായം തിരക്കി. പോസിറ്റീവ് മറുപടി കിട്ടിയപ്പോൾ മനസ്സിലുണ്ടായിരുന്ന വലിയൊരു ഭാരം ഒഴിവായി.

അമ്മുവാണ് ഗോകുലിന്റെ വസ്ത്രങ്ങൾ പായ്ക്ക് ചെയ്തത്. അവധി ദിവസമായതിനാൽ ഗോകുൽ എഴുന്നേൽക്കാൻ താമസിച്ചു. ഭക്ഷണം കഴിച്ചതിനു ശേഷം ഒരുസ്ഥലംവരെ പോകണമെന്ന് മാത്രം പറഞ്ഞു.

അവളുടെ വീട്ടിലേക്ക് തിരിഞ്ഞപ്പോൾ ഗോകുൽ അമ്പരപ്പോടെ നോക്കി.

“അമ്മ എങ്ങോട്ടാണ് വണ്ടി ഓടിക്കുന്നത്..?”

“ഇവിടെ ഒരാളെ കാണാനുണ്ട്..”

മുറ്റത്ത് കാറുനിർത്തി. ഗോകുൽ പുറത്തിറങ്ങി നിന്നപ്പോൾ ഡിക്കി തുറന്ന് ബാഗ് കൂടി എടുത്ത് പുറത്തുവെച്ചു. ഒന്നും മനസ്സിലാകാതെ ഗോകുൽ അമ്പരന്നു നിൽക്കുന്നത് കണ്ടു.

വാഹനത്തിന്റെ ശബ്ദം കേട്ട് കതകുതുറന്നിറങ്ങി വന്ന അവളെ നോക്കി പുഞ്ചിരിച്ചു.

“ബാഗ് എടുത്ത് അകത്തു വയ്ക്ക്.  ഇനിമുതൽ എന്റെ മകൻ ഇവിടെയാണ് താമസം.”

അമ്പരന്ന് നിൽക്കുന്ന ഗോകുലിനെ ഒരു കവർ ഏൽപ്പിച്ചു. അമ്മു ഒപ്പിട്ട ഡിവോഴ്സ് നോട്ടീസ്.

പുഞ്ചിരിയോടെ തോളിൽതട്ടി അമ്മ പോകുന്നുവെന്നുപറഞ്ഞ് കാറിൽ കയറി. വീട്ടിലേക്കുള്ള വഴിയോരത്ത് വണ്ടി നിർത്തി  മതിയാവോളം കരഞ്ഞു.

ലാളിച്ചു വളർത്തിയ മകനെയാണ് ദയയില്ലാതെ പൂച്ചക്കുഞ്ഞിനെ ഉപേക്ഷിക്കുന്ന ലാഘവത്തോടെ ഉപേക്ഷിച്ചത്. എത്രമാത്രം കൊഞ്ചിച്ചു വളർത്തിയതാണ്.

അമ്മുവിന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞപ്പോൾ എത്രയും പെട്ടെന്ന് അവളെ കാണണമെന്ന് തോന്നി.

ഇന്ന് അമ്മു തനിക്ക് സ്വന്തം മകളാണ്. പുര നിറഞ്ഞുനിൽക്കുന്ന മകൾക്ക് നല്ലൊരു ബന്ധം കാത്തിരിക്കുന്ന സ്നേഹമയിയായ അമ്മയാണ് താൻ. അമ്മുവിനെ ഭദ്രമായ കൈകളിൽ ഏല്പിച്ചിട്ടു വേണം മകനെ വീണ്ടെടുക്കാൻ. അവനൊരു തെറ്റുപറ്റി. ക്ഷമിച്ചു ചേർത്തുപിടിക്കണം.

“സ്വപ്നം കണ്ടത് മതി..ഇറങ്ങാൻ നോക്ക്. വീടെത്തി.”

“അതിനാരാ സ്വപ്നം കണ്ടത്…മനുഷ്യന് ഇവിടെ തലവേദന എടുത്തിട്ട് വയ്യ… “

“ഓ..പിന്നെ..റെസ്റ്റോറന്റിൽ ചായ കുടിച്ചോണ്ടിരുന്നപ്പോൾ ഒരു താടിക്കാരനുമായി കണ്ണും കണ്ണും കഥകൾ കൈ മാറുന്നത് ഞാൻ കണ്ടില്ലെന്നു കരുതിയോ..?”

“ഇവളെ ഇന്ന്…”

അമ്മു പൊട്ടിച്ചിരിച്ചുകൊണ്ട് നടന്നു നീങ്ങുന്നത് നോക്കിയിരുന്നു. പാവം നല്ലൊരു ജീവിതം ഇനിയെങ്കിലും കിട്ടിയിരുന്നെങ്കിൽ..അവളുടെ പിന്നാലെ നടക്കുമ്പോൾ ദൈവത്തിനോട് അതുമാത്രമായിരുന്നു പ്രാർത്ഥന.

✍️നീരജ