ഇപ്പൊ മിക്കവാറും എല്ലാരും കല്യാണത്തിന് പത്തു പവൻ സ്വർണം ഇട്ടിട്ട് ബാക്കി മുക്ക് പണ്ടം ഇട്ട് കഴുത്തിൽ നിറയ്ക്കും…

യാത്ര…

Story written by Ammu Santhosh

=================

“എന്റെ അമ്മയെ പോലെ ഒരു അമ്മായിയമ്മയേ കിട്ടാൻ ഭാഗ്യം ചെയ്യണം ട്ടോ രേവതി”

നാത്തൂന്നാണ് ആദ്യം അത് പറഞ്ഞത് എനിക്കും അത് തോന്നിയിരുന്നു

കരുണ നിറഞ്ഞ കണ്ണുകൾ. ശാന്തമായി പതിഞ്ഞ സ്വരത്തിൽ നേർത്ത ചിരിയോടെ ഉള്ള സംസാരം.

“മോൾ ഈ മുടിപ്പിന്നൽ ഒക്കെ അഴിച്ചു മുടി ഒന്ന് കാറ്റ് കൊള്ളിക്ക്.. എത്ര നേരമായി ഇങ്ങനെ “

കല്യാണം കഴിഞ്ഞു വീട്ടിൽ വന്നിട്ടും അയല്പക്കത്തെ ആൾക്കാരുടെ, ബന്ധുക്കളുടെ ഒക്കെ സന്ദർശനം തീരുന്നില്ല എന്ന് കണ്ട് അമ്മ വന്നു പറഞ്ഞു

മുടി നിറയെ വാടി തുടങ്ങിയ മുല്ല മാല അമ്മ തന്നെ അഴിച്ച് മുടി വിതർത്തിട്ട് ഫാനിന്റെ സ്പീഡ് കൂട്ടിയിട്ടു

“ഞാൻ കരുതി മോളുടെ ഒറിജിനൽ മുടിയാണെന്ന്. സാരോല്ല ഇപ്പൊ ഇതല്ലേ ഫാഷൻ. നമ്മുടെ സൗകര്യം അല്ലെ പ്രധാനം “

എന്റെ മുടിക്ക് നീളവും ഉള്ളും കുറവായിരുന്നത് കൊണ്ട് കുറച്ചു മുറിച്ചിട്ടിരിക്കുകയായിരുന്നു.

ഞാൻ വെറുതെ ഒന്ന് ചിരിച്ചു

“എന്നാലും മുടിയുള്ള പെൺപിള്ളേർക്ക് നല്ല ഐശ്വര്യമാണ് കേട്ടോ “

അമ്മ അതും പതിഞ്ഞ സ്വരത്തിലാണ് പറഞ്ഞത്. അതും ചിരിയോടെ തന്നെ. ഞാൻ വെറുതെ തലയാട്ടി

“ഭാനു … നിന്റെ മരുമകൾക്ക് നിറയെ സ്വർണം ഉണ്ടല്ലോ. ഇപ്പോഴത്തെ വില വെച്ചു നോക്കുമ്പോൾ പത്തു നാല്പത് ലക്ഷം രൂപയുടെ സ്വർണം കാണും അല്ലെ?”

അയല്പക്കത്തെ ഏതോ സ്ത്രീ അമ്മയോട് ചോദിക്കുന്നത് കേട്ടു

“എന്റെ രേവതി.. ഞാൻ അതൊന്നും നോക്കിട്ടുമില്ല ചോദിച്ചിട്ടുമില്ല. എനിക്ക് മരുമക്കൾടെ സ്വർണം വേണ്ട താനും. എനിക്ക് കുട്ടികളുട അച്ഛൻ വാങ്ങി തന്ന സ്വർണം തന്നെ ഇടണം ന്നില്ല അപ്പോഴാ.. സ്വർണത്തിലൊക്കഎന്താ കാര്യം? സ്വഭാവം നന്നായിരിക്കണം അത് മതി എനിക്ക് “

“ഹോ എന്താ പറയുക നിന്നേ പോലെ ഒരു അമ്മായിയമ്മ വേറെ കാണില്ല കേട്ടോ ഭാഗ്യം.. കൊച്ചേ നിന്റെ ഭാഗ്യമാ ഈ അമ്മ “

ഞാൻ വെറുതെ തലയാട്ടി

കുറച്ചു സമയം മുന്നേ

“നൂറു പവനുണ്ടാകും അല്ലെ മോളെ… നെക്ലസ് ഒക്കെ സ്വർണം തന്നെ ആണല്ലോ അല്ലെ അതല്ല ഇപ്പൊ മിക്കവാറും എല്ലാരും കല്യാണത്തിന് പത്തു പവൻ സ്വർണം ഇട്ടിട്ട് ബാക്കി മുക്ക് പണ്ടം ഇട്ട് കഴുത്തിൽ നിറയ്ക്കും.. മോൾ അങ്ങനെ അല്ലെന്ന് അമ്മയ്ക്ക് അറിയാം ട്ടോ..”

അതും നേർത്ത സ്വരത്തിൽ ചിരിയോടെ പറഞ്ഞു പോയ അമ്മയാണ് ഇപ്പൊ കരണം മറിഞ്ഞത്

“എന്റെ അമ്മ പഞ്ച പാവമാ കേട്ടോ.. അച്ഛൻ കുറച്ചു സ്ട്രിക്ട് ആണ്.. പക്ഷെ പാവാ ഞങ്ങൾ മക്കളോട് മാത്രം ഉള്ളു കർക്കശ്യമൊക്ക.”

ദീപുവേട്ടൻ പറഞ്ഞപ്പോൾ ഞാൻ മിണ്ടാതെ കേട്ടിരുന്നു.

പിറ്റേന്ന് അടുക്കളയിൽ

“ആഹാ മോൾ ഉണർന്നോ. കുളിച്ചിട്ട് വാ കേട്ടോ.. എന്നിട്ട് അവന് ചായ കൊണ്ട് കൊടുക്ക്..”

ഞാൻ തലയാട്ടി തിരിഞ്ഞു നടന്നു

“കുളിക്കാതെ ഇങ്ങോട്ട് വന്നേക്കല്ലേ മോളെ… ഇവിടെ എല്ലാരും രാവിലെ കുളിക്കും “അമ്മ ചിരിയോടെ..

“വെളുപ്പിന് കുളിച്ചാൽ എനിക്ക് നീരിളക്കം വരും.. അതോണ്ട് ദേഹം കഴുകി. എന്നിട്ട വന്നേ “

ഞാൻ പറഞ്ഞു

“ഉയ്യോ അത് കുളിച്ചു ശീലം ഇല്ലാത്തതു കൊണ്ടാ കേട്ടോ.. ഒന്ന് കുളിച്ചു നോക്കു..”
ഞാൻ പിൻവാങ്ങി

ആദ്യ ദിവസം തന്നെ അമ്മയെ കുറ്റം പറയുന്നത് ഒരു മക്കൾക്കും ഇഷ്ടം ആവില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ ദീപുവേട്ടനോട് ഒന്നും പറഞ്ഞില്ല

പിന്നെ പിന്നെ അമ്മയുടെ മുഖം മൂടി ഞാൻ വ്യക്തമായി കണ്ടു

അടുക്കളയിൽ ജോലി ചെയ്യുമ്പോൾ

“അംഗങ്ങൾ കൂടുതൽ ഉള്ള വീടാണ്.. മീനൊക്കെ വിളമ്പുമ്പോൾ ശ്രദ്ധിക്കണം. കഷണങ്ങൾ എല്ലാർക്കും തികയണം. വാരി കോരി വിളമ്പരുത് “

അതിനർത്ഥം

ഒരു പാട് കഴിക്കരുത് എന്ന് കൂടിയാണ് എന്ന് മനസിലായി

അമ്മയും അച്ഛനും ഒന്നിച്ചാണ് ഭക്ഷണം കഴിക്കുക. പക്ഷെ എനിക്ക് അത് സാധിക്കാറില്ല.

“അവന് ഓഫീസിൽ പോകാൻ ഉള്ളതല്ലേ ആദ്യം കഴിച്ചു പോകട്ടെ. മോൾക്ക് പിന്നെ കഴിക്കാമല്ലോ സമാധാനം ആയിട്ട് “

അമ്മ അടുക്കളയിൽ വെച്ചു തന്നെ പറയും. പക്ഷെ ദീപുവേട്ടന്റെ മുന്നിൽ വെച്ച്

മോൾ കൂടി ഇരിക്ക് അമ്മ വിളമ്പി തരാമെന്ന് അമ്മ പറയുമ്പോൾ സത്യത്തിൽ എന്റെ കണ്ണ് മിഴിഞ്ഞു പോകും

അവാർഡ് കൊടുക്കണ്ട അഭിനയം ആണ് അമ്മ പലപ്പോഴും കാഴ്ച വെയ്ക്കുക. പക്ഷെ ഞാൻ ഒഴികെ അത് ആർക്കും മനസിലാവില്ല.

“രേവതിയേ psc കോച്ചിങ്ങിനു ചേർക്കുവാ “എന്ന് എല്ലാരോടും ഏട്ടൻ പറഞ്ഞപ്പോൾ ആദ്യം സപ്പോർട്ട് ചെയ്തത് അമ്മയാണ് അച്ഛൻ പതിവ് പോലെ മിണ്ടാതെ ഇരുന്നു

“പെൺകുട്ടികൾ ആയാൽ വീട്ടിൽ ഇരുന്നു വെറുതെ അടുക്കളയിൽ ജോലി ചെയ്തു ജീവിതം കളയണ്ടത് അല്ല. മോൾ പഠിച്ചു ഒരു ജോലി വാങ്ങിക്ക് “

അതെ അമ്മ അടുക്കളയിൽ വന്നപ്പോൾ പറഞ്ഞു

“വീട്ടിൽ ഇരുന്നും പഠിക്കാമല്ലോ മോളെ.അയല്പക്കത്തെ ദീപ രണ്ടു കുഞ്ഞുങ്ങൾ ആയിട്ട് ആണ് വീട്ടിൽ ഇരുന്നു പഠിച്ചാ ഒരു ജോലി വാങ്ങിച്ചത്. മിടുക്കി ആണെങ്കിൽ കോച്ചിങ് ഒന്നും വേണ്ട. മൊബൈലിൽ കുത്തിക്കളിക്കുന്ന നേരം മതി പഠിക്കാൻ. എനിക്ക് ആണെങ്കിൽ ശരീരം ഒട്ടും വയ്യ. നീ രാവിലെ ഇറങ്ങി പോയ ആരാ എന്നെ സഹായിക്കുക “

അമ്മ പറയുമ്പോൾ തിരിച്ചു തർക്കിക്കാൻ ന്യായം ഇല്ല

ഞാൻ വീട്ടിൽ ഇരുന്നു പഠിച്ചോളാം എന്ന് ഞാൻ ഏട്ടനോട് പറഞ്ഞു

പക്ഷെ ഒരു മണിക്കൂർ എനിക്ക് തികച്ചും കിട്ടാറില്ല. അപ്പോഴേക്കും വിളി വരും

“മോളെ ഈ തുണി ഒന്ന് വിരിച്ചേ “

“മോളെ.. പുളി ഉണങ്ങാൻ വെച്ചേക്കാമൊ “

“മോളെ അടുപ്പിൽ കറി തിളയ്ക്കുന്നതോന്നു നോക്കെ “

“മോളെ.. പറമ്പിൽ ചെന്നു രണ്ടു മൂട് കപ്പ ഇങ്ങ് പറിച്ചോ “

“ദേ ഈ ചക്ക ഒന്ന് ശരിയാക്കിക്കേ “

പറഞ്ഞു വരുമ്പോൾ ഒരു വീട്ടിൽ എല്ലാരും കൂടി ചെയ്യേണ്ട ജോലികൾ തന്നെ. പക്ഷെ അമ്മ ജോലി ഉണ്ടാക്കുന്നതാണ് പലപ്പോഴും.

അങ്ങനെ ഞാൻ രാത്രി പഠിച്ചു തുടങ്ങി

ദീപുവേട്ടനോട് എല്ലാം പറഞ്ഞാലോ എന്ന് ഞാൻ ചിന്തിക്കും

പക്ഷെ കല്യാണം കഴിഞ്ഞു രണ്ടു മാസം ആയതേയുള്ളു

രണ്ടു കൊല്ലം കഴിഞ്ഞാൽ പോലും ആൺമക്കൾ അമ്മ പറയുന്നതേ വിശ്വസിക്കു.. അത് ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്. വെറുതെ എന്നോട് വെറുപ്പ് തോന്നും അത്ര തന്നെ

അമ്മ എന്നെ ഉപദ്രവിക്കുകയോ നേരിട്ട് കുറ്റം പറയുകയോ ആരോടും എന്നെ കുറിച്ച് കുറ്റം പറയുകയോ ചെയ്യൂല്ല. പക്ഷെ അമ്മ ചെയ്യുന്നതോരൊന്നും എനിക്ക് സമാധാനക്കേടായിരുന്നു. അമ്മയ്ക്ക് എന്നോട് സ്നേഹമില്ല എന്നത് മാത്രം അല്ല അമ്മയ്ക്ക് എന്നെ ഇഷ്ടവുമായിരുന്നില്ല എന്നത് എനിക്ക് പനി വന്നപ്പോൾ എനിക്ക് മനസ്സിൽ ആയി. ദീപുവേട്ടൻ ഉള്ളപ്പോൾ എന്റെ അടുത്ത് നിന്നും മാറാതെ നിന്ന് ദീപുവേട്ടനോട് നീ ജോലിക്ക് പൊയ്ക്കോ ഞാൻ മോളെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയ്കഴിഞ്ഞാൽ വൈകുന്നേരം അഞ്ചു മണി വരെ അമ്മ എന്നെ തിരിഞ്ഞു നോക്കാറില്ല. വിറയ്ക്കുന്ന ശരീരം വഹിച്ചു ഞാൻ തന്നെ അടുക്കളയിൽ ചെന്നു ഇത്തിരി കഞ്ഞി ഉണ്ടാക്കി കഴിക്കും.. പക്ഷെ അതിനും ഞാൻ കലഹിച്ചില്ല.എന്റെ ജീവിതം എനിക്ക് തട്ടിയുടക്കാൻ മനസ്സിലായിരുന്നു. എന്റെ ഭർത്താവ് സ്നേഹവും കരുതലുമുള്ളവനായിരുന്നു. എനിക്ക് അതായിരുന്നു വലുത്

വാശിയോട് പഠിച്ചു ഞാൻ ലിസ്റ്റിൽ കേറിപ്പറ്റി.

അതിനിടയിൽ ഗർഭിണി ആകാത്തതിനെ കുറിച്ച് ഒക്കെ ധാരാളം മുള്ള് വർത്താനം ഒക്കെ കേട്ടു

ഗർഭിണി ആയിരുന്നു എങ്കിൽ ചിലപ്പോൾ എങ്കിലും എന്റെ പഠിത്തം കുഴപ്പത്തിൽ ആയേനെ. ആ ഒരു കാര്യം ഞാൻ ഏട്ടനോട് വളരെ സ്ട്രോങ്ങ്‌ ആയി പറഞ്ഞു. എനിക്ക് ജോലി കിട്ടിയിട്ട് മതി കുട്ടികൾ.ഏട്ടൻ സമ്മതിച്ചു

ജോലി എന്റെ നഗരത്തിലേക്ക് ആണെന്ന് അറിഞ്ഞപ്പോൾ തൊട്ട് ട്രാൻസ്ഫർ ന് ശ്രമിക്കാൻ അമ്മ ഏട്ടനെ നിർബന്ധിച്ചു തുടങ്ങി

എന്തൊ ഭാഗ്യം അത് നടന്നില്ലഅതിലുപരി ഏട്ടൻ അതിന് ശ്രമിച്ചില്ല. പകരം ഏട്ടൻ ആ നഗരത്തിലേക്ക് ട്രാൻസ്ഫർ വാങ്ങി

എന്റെ വീട്ടുകാർ എനിക്ക് തന്ന സ്ഥലം എന്റെ ഓഫീസിന് അരികിൽ ആയിരുന്നു

“നമുക്ക് ഇവിടെ ഒരു വീടിന്റെ പ്ലാൻ നോക്കിയാലോ “ഏട്ടൻ അത് പറയുമ്പോൾ എനിക്ക് കരച്ചിൽ വന്നു

“എന്റെ കുറച്ചു സേവിങ്സ് ഉണ്ട് പിന്നെ നിന്റെ സ്വർണം കുറച്ചു എടുക്കാം.. ഇവിടെ കൊള്ളാം അല്ലേടി “

പുള്ളി ചിരിച്ചു

“അമ്മ?”

ഞാൻ അറിയാത് ചോദിച്ചു പോയി

“അമ്മയ്ക്ക് അച്ഛൻ ഇല്ലേ… പോരെങ്കിൽ അവർ രണ്ടും ഹെൽത്തിയാണ്.. നമുക്ക് ഇവിടെ നോക്കാം ന്ന്.. ഇടക്ക് വീട്ടിൽ പോകാം “

ദീപുവേട്ടൻ എല്ലാം മനസിലാക്കിയിരുന്നോ എന്ന് എനിക്ക് സംശയം തോന്നി

ഒരു കലഹം ചിലപ്പോൾ ഒഴിവാക്കിയതാവും

വഴക്ക് ഉണ്ടായാൽ ആർക്കൊപ്പം നിൽക്കും?

ഇതാവുമ്പോൾ ജീവിതം മുഴുവൻ ഒരു താളത്തിൽ അങ്ങ് പോകും

ജീവിതം എറിഞ്ഞുടയ്ക്കാൻ എളുപ്പമാണ്

കുറച്ചു ക്ഷമ ഉണ്ടെങ്കിൽ വസന്തം വിരിയിക്കാനും എളുപ്പമാണ്.

ജീവിതം ഒരു യാത്രയാണ്.

പല തരം വാഹനങ്ങളിലൂടെ, പല തരം നിരത്തുകളിലൂടെ പല തരം കാഴ്ചകൾ കണ്ടിട്ടാണ് അത് അവസാനിക്കുക…

കാലം ഉണക്കാത്ത മുറിവുകൾ ഏതാണല്ലേ?

~Ammu Santhosh