എന്നാലും ഫോണിലൂടെ പരിചയപ്പെട്ട രണ്ടാം ദിവസം തന്നെ, തന്റെ വീട്ടിലേക്ക് വരാൻ എന്നെ…

Story written by Saji Thaiparambu

=============

കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ട് അനിത അകത്ത് വന്ന് മൊബൈൽ എടുത്ത് നോക്കി.

“ശ്ശെടാ…അരുൺ ഇത് വരെ വിളിച്ചില്ലല്ലോ?”

സാധാരണ ദിവസവും രാവിലെ തന്നെ വിളിച്ചുണർത്തുന്നത് അരുണാണ്‌, ഇതെന്ത് പറ്റി എന്നോർത്ത് കൊണ്ട് അനിത ഭർത്താവിന്റെ മൊബൈലിലേക്ക് ഒരു മിസ്സ്ഡ് കോൾ ചെയ്തു.

ഫ്രീയാകുമ്പോൾ തിരിച്ച് വിളിക്കും.

ISD കോളായത് കൊണ്ട് സാധാരണ അങ്ങനെയാണ് ചെയ്യാറുള്ളത്.

ഉള്ളിൽ തികട്ടി വന്ന ആശങ്ക ഉള്ളിലൊതുക്കി അവൾ വീണ്ടും അടുക്കള ജോലി തുടർന്നു.

അല്പസമയം കഴിഞ്ഞപ്പോൾ മൊബൈൽ റിങ്ങ് ചെയ്തു. സന്തോഷത്തോടെ അവൾ ഓടിച്ചെന്നു ഫോണെടുത്തു,

അപരിചിത നമ്പർ കണ്ടതും അവൾക്ക് നിരാശയും സങ്കടവും വന്നു.

“ഹലോ…”

മനസ്സില്ലാ മനസ്സോടെ അവൾ കോൾ അറ്റൻറ് ചെയ്തു.

“ഹലോ മാഡം ഞാൻ AC യുടെ സർവ്വീസ് സെന്ററിൽ നിന്നാണ്, നിങ്ങളുടെ Ac കംപ്ളയിന്റാണെന്ന് പറഞ്ഞിരുന്നില്ലേ?അത് ചെക്ക് ചെയ്യാൻഅങ്ങോട്ട് വരാൻ വേണ്ടിയാ, വീട് എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ മേഡം”

അവൾ കൃത്യമായി വീടിന്റെ ലൊക്കേഷൻ പറഞ്ഞ് കൊടുത്ത് വീണ്ടും ജോലിയിൽ മുഴുകി.

കുറച്ച് കഴിഞ്ഞപ്പോൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടവൾ മുൻവശത്തേക്ക് വന്ന് നോക്കി.

ഗേറ്റ് തുറന്ന് എക്സികുട്ടീവ് ലുക്കിൽ ഒരു ചെറുപ്പക്കാരൻ കടന്ന് വന്നു.

“ങ്ഹാ ,ഇത്ര പെട്ടെന്ന് വന്നോ?കയറിവരു, മുകളിലെ മുറിയിലേക്കാ പോകേണ്ടത് “

അവൾ ആതിഥ്യ മര്യാദയോട് കൂടി അയാളെ സ്വീകരിച്ചു.

സ്റ്റയർകെയ്സ് കയറി മുകളിലെത്തിയപ്പോൾ അയാൾ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു.

“എനിക്ക് കുടിക്കാൻ കുറച്ച് വെള്ളം വേണമായിരുന്നു”

“അതിനെന്താ, ദാ ഇപ്പോൾ കൊണ്ട് വരാം”

അവൾ ചുറുചുറുക്കോടെ താഴോട്ടിറങ്ങുമ്പോൾ കണ്ണടുക്കാതെ അയാൾ നോക്കി നിന്ന് പോയി.

അടുക്കളയിലെ ഷെൽഫിൽ നിന്ന് ടാങ്ക് പൗഡറിന്റെ ടിന്ന്, കൈയ്യെത്തി എടുക്കുമ്പോൾ പുറകിൽ ഒരു ചലനം കേട്ട് അവൾ തിരിഞ്ഞ് നോക്കി.

“ങ്ഹേ, എന്തിനാ സാർ ഇങ്ങോട്ട് വന്നത്”

“ഹേയ്…ഇനിയും എന്നെ സാറെന്നൊക്കെ വിളിച്ച് പറ്റിക്കാൻ നോക്കണ്ട…ഫോണിലൂടെ സംസാരിക്കുമ്പോൾ ഇയാൾക്ക് വല്ലാത്ത പേടിയായിരുന്നല്ലോ, ഇപ്പോൾ നേരിൽ കണ്ടപ്പോഴാ ആള് ഇത്ര സ്മാർട്ടാണെന്ന് മനസ്സിലായത്”

“ങ്ഹേ, സാറെന്തൊക്കയാ ഈ പറയുന്നത്”

അവൾ ആകെ കൺഫൂഷനായി.

“പിന്നേ മനസ്സിലായില്ല പോലും…താൻ, വീടിന്റെ ലൊക്കേഷൻ പറഞ്ഞപ്പോൾ അത് ഇത്ര സൗകര്യമുള്ള സ്ഥലമാണെന്ന് ഞാനോർത്തില്ല, പക്ഷേ, ഗേറ്റിൽ താൻ പറഞ്ഞ അടയാളമില്ലാതിരുന്നത് കൊണ്ട്, വഴി ചോദിക്കാമെന്ന് കരുതിയാ ഇങ്ങോട്ട് കയറിയത്, അപ്പോൾ ദേ തേടിയ വള്ളി കാലിൽ ചുറ്റി. എന്നാലും ഫോണിലൂടെ പരിചയപ്പെട്ട രണ്ടാം ദിവസം തന്നെ, തന്റെ വീട്ടിലേക്ക് വരാൻ എന്നെ ക്ഷണിച്ചല്ലോ, ഇനി തന്നെയും കൊണ്ടേ ഞാൻ പോകു”

ഒരു വിടന്റെ ചിരിയോടെ അയാൾ അവളെ കെട്ടിപ്പുണരാൻ ഒരുങ്ങി. ഞെട്ടിത്തരിച്ചവൾ പുറകിലേക്ക് മാറി. ഈ സമയം കോളിങ്ങ് ബെൽ ശബ്ദിച്ചു.

പെട്ടെന്നയാൾ വർക്ക് ഏരിയയിലേക്കിറങ്ങി ഫ്രിഡ്ജിന് പുറകിൽ ഒളിച്ചു.

മാനം തിരിച്ച് കിട്ടിയ സമാധാനത്തിൽ അവൾ വേഗം ചെന്ന് ഫ്രണ്ട് ഡോർ തുറന്നു.

“ചേച്ചീ ദേ നിങ്ങടെ വീടന്വേഷിച്ച് Ac സർവ്വീസ് സെന്ററിൽ നിന്ന് വന്നയാളാ, ഞാൻ വീട് കാണിക്കാൻ വന്നതാ, എന്നാൽ പിന്നെ ഞാൻ പോകട്ടേ”

“സഞ്ജു നില്ക്കടാ, എനിക്കൊരു കാര്യം പറയാനുണ്ട്”

അവൾ നടന്ന കാര്യങ്ങൾ മുഴുവൻ അവരോട് പറഞ്ഞു .

“ഓഹോ, അവന് ഈ കോളനിയിൽ വന്ന് തന്നെ കാര്യം സാധിക്കണമല്ലേ? ഇപ്പ ശരിയാക്കി കൊടുക്കാം”

സഞ്ജു പുറക് വശത്തുകൂടി വന്ന്, ഒരു വലിയ വിറക് കഷ്ണമെടുത്ത് ഫ്രിഡ്ജിന് പുറകിൽ കുനിഞ്ഞിരുന്ന രഹസ്യകാമുകന്റെ പുറത്ത് ആഞ്ഞടിച്ചു.

അപ്രതീക്ഷിത പ്രഹരമേറ്റ കള്ളക്കാമുകൻ, അലറി വിളിച്ച് കൊണ്ട്, മതില് ചാടി ഓടി.

പുറകെ കലി തീരാതെ സഞ്ജുവും.

“ഹലോ മാഡം, അപരിചിതനായ ഒരാൾ വീട്ടിലേക്ക് വരുമ്പോൾ, തനിച്ചാണെങ്കിൽ ഒരിക്കലും വീടിനകത്തേക്ക് കയറ്റരുത്. ഇനി അഥവാ വന്നിരിക്കുന്നയാൾ ഒരു ഉദ്യോഗസ്ഥനാണെങ്കിൽ വരുന്നയാളോട് ഔദ്യോഗികമേൽവിലാസമുള്ള ഐഡൻറിറ്റി കാർഡ് വാങ്ങി നോക്കുക, എന്നിട്ട് അതിൽ പറഞ്ഞിരിക്കുന്ന ഓഫീസുമായി ബന്ധപ്പെട്ട് യാഥാർത്ഥ്യം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ, ആരെയും അകത്തേക്ക് കയറ്റാവു, എന്തായാലും ഇപ്പോൾ മാഡം തനിച്ച് മാത്രമായത് കൊണ്ട്, ഞാൻ പോയിട്ട് പിന്നെ വരാം “

“അയ്യോ അത് വേണ്ട, ഇപ്പോൾ താങ്കളുടെ പെരുമാറ്റത്തിൽ നിന്നും, സഞ്ജുവിനെ കൂട്ടി വന്നത് കൊണ്ടും എനിക്ക് വിശ്വാസമാണ്, കയറി നോക്കി കൊള്ളു”.

തനിക്ക് നല്ല ബുദ്ധി പറഞ്ഞ് തന്ന അയാൾക്ക്, മനസ്സിൽ നന്ദി പറഞ്ഞ് കൊണ്ട് അവൾ ഒതുങ്ങി നിന്നു.

~സജിമോൻ തൈപറമ്പ്