Story written by Manju Jayakrishnan
============
“ശപിച്ചു തീരുന്നതിന് മുന്നേ എങ്കിലും നീ അറിയണം അവളുടെ മഹത്വം…”
ഞാനതു പറയുമ്പോൾ “വേണ്ടച്ഛാ…” എന്ന് പറഞ്ഞു അവൾ എന്നെ തടയാൻ നോക്കി…
പറയാൻ തുടങ്ങിയ വാക്കുകൾ പാതിക്കു നിർത്താൻ ഞാൻ തയ്യാറല്ലായിരുന്നു…
അവൾ…..കല്യാണി….എന്റെ മരുമോള് ആണ്..ജാതിയുടെ പേരിൽ മാറ്റിനിർത്തപ്പെട്ടവൾ…..
ആറ്റുനോറ്റ് വളർത്തിയ ഓമനപ്പുത്രൻ സ്വന്തം ഇഷ്ടതിന് ജീവിതം തിരഞ്ഞെടുത്തപ്പോൾ എന്റെ ഭാര്യയുൾപ്പെടെ എതിർപ്പുമായി വന്നു…
“നമ്മുടെ കൊച്ച് അല്ലേ…” എന്ന് ഞാൻ പറഞ്ഞെങ്കിലും ആരും അത് ശ്രദ്ധിച്ചില്ല
പിന്നീട് മോനും മക്കളും വീടിന്റെ പടി കേറി വന്നെങ്കിലും കല്യാണിക്ക് വീടിന്റെ ഗേറ്റ് വരെയേ പ്രവേശനം ഉണ്ടായിരുന്നുള്ളു…
ഒരിക്കൽ പടിയിറക്കപ്പെട്ട അവളെ ഞാൻ ഒരുപാട് തവണ വിളിച്ചെങ്കിലും “അമ്മക്ക് ഇഷ്ടമാവില്ലച്ചാ…” എന്ന് പറഞ്ഞു അവൾ സ്വന്തം വീട്ടിലേക്ക് പോകും
ഒരിക്കൽ ഒരു ബന്ധുവിന്റെ കല്യാണത്തിനിടയിൽ “അമ്മേ…” എന്ന് വിളിച്ചവളെ “കണ്ട ചെ മ്മാന്റെയും ചെ രുപ്പ്കു ത്തിയുടെയും മകൾ” അങ്ങനെ വിളിക്കേണ്ട എന്ന് പറഞ്ഞപ്പോൾ നിറഞ്ഞു തൂവിയ കണ്ണുകൾ പൊള്ളിച്ചത് എന്റെ നെഞ്ച് ആയിരുന്നു
“അവളുടെ വയറ്റിൽ പിറന്ന പിള്ളേർക്ക് നിന്നെ അമ്മൂമ്മ എന്ന് വിളിക്കാം എങ്കിൽ അവൾക്കും അങ്ങനെ വിളിക്കാം” എന്ന് ഞാൻ പറഞ്ഞപ്പോൾ
“അതെന്റെ മോന്റെ ചോരയാ” എന്ന് പറഞ്ഞു കൊണ്ട് എന്റെ ഭാര്യ പ്രതിഷേധം തീർത്തു
“എന്റെ മോനെ കണ്ണും കയ്യും കാണിച്ചു മയക്കിയെടുത്തതാ….അവള് ഒരിക്കലും ഗുണം പിടിക്കില്ല”
എന്നീ വാക്കുകൾ വീട്ടിൽ പതിവ് പല്ലവി ആയിരുന്നു
ശരിക്കും പറഞ്ഞാൽ അവളെ എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു…..
എനിക്ക് ചായക്കട ആയിരുന്നു…
ഒരിക്കൽ അവളുടെ “ദേ കാർന്നോരെ…” എന്ന വിളി കേട്ടാണ് ഞാൻ പുറത്തേക്കു വരുന്നത്
“നിങ്ങൾ അച്ചപ്പോം ലഡ്ഡുവും ഒക്കെ ഇങ്ങനെ നിരത്തി വെച്ചാൽ കാശ് ഇല്ലാത്തൊര് എങ്ങനെ വാങ്ങിക്കും ” എന്ന് ചോദിച്ചപ്പോൾ ഞാൻ ആ കുറുമ്പിയെ ഒന്ന് നോക്കി
കരഞ്ഞു കൂവി ‘ലഡ്ഡു വേണം ‘ എന്ന് പറഞ്ഞു നിൽക്കുന്ന അവളുടെ അനിയനെ കണ്ടപ്പോൾ അവളുടെ ചോദ്യത്തിനുള്ള പ്രചോദനം എനിക്ക് മനസ്സിലായി…
കുറച്ചു ലഡ്ഡു പൊതിഞ്ഞു കൊടുത്തപ്പോൾ ‘വെറുതെ കിട്ടുന്നതൊന്നും’ വാങ്ങിക്കില്ല എന്ന് പറഞ്ഞു തിരിഞ്ഞു നടന്ന അവളെ എനിക്ക് നന്നായി ബോധിച്ചു
“എനിക്ക് ന്യൂസ് പേപ്പർ വച്ചു കൂടുണ്ടാക്കി തരാവോ കാന്താരി” എന്ന് ചോദിച്ചു ഞാൻ അവൾക്കൊപ്പം കൂടി…പകരമായി ഞാൻ ലഡ്ഡുവും അച്ചപ്പവും കൊടുത്തു…അവൾ ആ സ്കൂൾ വിട്ടു പോകുന്നവരെ ആ ബാർട്ടർ സമ്പ്രദായം തുടർന്നു..
പിന്നീട് കോളേജിൽ പഠിക്കുമ്പോൾ അടുത്ത് ഒരുപാട് ബേക്കറികൾ വന്നെങ്കിലും എന്റെ അടുത്ത് നിന്നും അച്ചപ്പവും ലഡ്ഡുവും വാങ്ങാൻ വന്നിരുന്നത് അവൾ മാത്രം ആയിരുന്നു.
പിന്നീട് ജോലി കിട്ടി ടീച്ചർ ആയപ്പോൾ മിച്ചം വരുന്ന മുഴുവൻ പലഹാരവും അവൾ പൊതിഞ്ഞു വാങ്ങിച്ചു…
ഹരിയുമായി സ്നേഹമാണെന്ന് അറിഞ്ഞപ്പോൾ ജാതിയുടെ വി ഷവിത്തുകൾ എന്റെ മനസ്സിലും മുളച്ചു പൊന്തി എങ്കിലും അവളിലെ നന്മ അതിനേക്കാൾ മുകളിൽ ആയിരുന്നു
പക്ഷെ വീട്ടിലെ ബാക്കി എല്ലാർക്കും അവളെ അംഗീകരിക്കുന്നതിൽ എതിർപ്പ് ആയിരുന്നു….
ഒരിക്കൽ പലഹാരം വാങ്ങാൻ വന്ന അവളെ കണ്ടില്ലെന്ന് നടിച്ചപ്പോൾ കണ്ണു നിറഞ്ഞവൾ എന്നോടു ചോദിച്ചു
“അച്ഛനും എന്നോട് വെറുപ്പാണല്ലേ….” എന്ന്
പിന്നീട് അവളെക്കാത്തു പലഹാരപ്പൊതി കൊടുക്കുമ്പോൾ… “ഈ സമയത്തുള്ള കൊതി കൊണ്ടാട്ടോ..” എന്ന് പറഞ്ഞപ്പോൾ ഞാൻ ഒരു അപ്പുപ്പൻ ആകാൻ ഉള്ള ആകാംഷയിൽ ആയിരുന്നു…
പിന്നീട് കട പൂട്ടി സാമ്പത്തികമായി തകർന്നപ്പോൾ സ്വന്തം മകൻ നോക്കാഞ്ഞിട്ടും അവൾ ചുരുട്ടി വച്ചു തന്ന നോട്ടുകൾ ആണ് ഞങ്ങളുടെ വിശപ്പ് അകറ്റിയത്
ഒരിക്കൽ എന്റെ ഭാര്യ തലകറങ്ങി വീണപ്പോൾ ഓടിചെല്ലാൻ എനിക്കവളേ ഉണ്ടായിരുന്നുള്ളു…
സ്കാനിങ്ങിനും മറ്റും നല്ലൊരു തുക ചിലവായപ്പോൾ ഒട്ടും മടിയില്ലാതെ അവൾ സ്വന്തം വള ഊരിത്തന്നു…
ആശുപത്രിയിൽ കാണാൻ വന്ന അവളെ ശാപവാക്കുകൾ കൊണ്ടു മൂടാൻ തുടങ്ങിയപ്പോൾ എനിക്ക് നോക്കിയിരിക്കാൻ കഴിഞ്ഞില്ല…
സ്വന്തം ചോരയിൽ പിറന്നത് പോലും ചെയ്യാത്ത സഹായം ചെയ്തവളെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ എന്റെ ഭാര്യയിൽ നിന്നും പശ്ചാത്താപത്താൽ വീണ കണ്ണുനീർത്തുള്ളികൾ എന്റെ മനം കുളിർപ്പിച്ചു
ഗേറ്റിൽ വന്നു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവളെ “നീ വരുന്നില്ലേ…” എന്നു തിരിച്ചു വിളിച്ചത് എന്റെ ഭാര്യ തന്നെ ആയിരുന്നു
“പട്ടിണി കിടന്നാലും അവള് വച്ചുണ്ടാക്കിയത് കഴിക്കില്ല…” എന്ന് പറഞ്ഞ ഹരീടെ അമ്മ അവൾ വിളമ്പിത്തരുന്നത് സ്വാദോടെ കഴിക്കുമ്പോൾ ജയിച്ചത് അവളിലെ നന്മ ആയിരുന്നു…