എന്റെ പെണ്ണ്…
Story written by Arun Nair
================
ഞാൻ ഹരി, പ്ലസ് ടു കഴിഞ്ഞു…പ്ലസ് ടുവിലെ അടിച്ചു പൊളിക്കൽ എല്ലാം കഴിഞ്ഞു കോളേജിലേക്ക് ഉള്ള യാത്രയിൽ ആണ് എൻ്റെ ജീവിതം…
ഈ കഥ നടക്കുന്നത് വർത്തമാന കാലഘട്ടം അല്ല കേട്ടോ കുറച്ചു ഭൂതം ആണ് ഒത്തിരി ഒന്നും അല്ല ഒരു പതിനഞ്ചു ഇരുപത് കൊല്ലം മുൻപ്…..
കോളേജിൽ ചേർന്ന ആദ്യ ദിവസം തന്നെ സീനിയർസ് ആയ ചേട്ടന്മാരും ചേച്ചിമാരും എന്നെ വന്നു പൊതിഞ്ഞു…..കാരണം വേറെ ഒന്നും അല്ല കേട്ടോ ചേട്ടന്മാർ ഇടിക്കാൻ വന്നു, ചേച്ചിമാർ എൻ്റെ സൗന്ദര്യം ആസ്വദിക്കാനും…
ചുമ്മാ തള്ളിയത് അല്ല ഞാൻ ഒടുക്കത്തെ ഗ്ലാമർ ആയിരുന്നു. അല്ലങ്കിൽ അങ്ങനെ ആണ് എൻ്റെ വിശ്വാസം…
ആ റാഗിങിന്റെ ഇടയ്ക്കു പതുങ്ങി നിന്നു ചിരിക്കുന്ന ഒരു സുന്ദരി ചേച്ചിയുടെ മുഖം എൻ്റെ കണ്ണിൽ ഉടക്കി അല്ല എൻ്റെ ഹൃദയത്തിൽ പതിഞ്ഞു. എൻ്റെ നോട്ടം ആ ചേച്ചിയുടെ മുഖത്തു നിന്നും താഴോട്ട് ഇറങ്ങുന്നത് പുള്ളിക്കാരി കണ്ടോ…..??? അറിയില്ല, എന്തായാലും ആള് പെട്ടെന്ന് സ്ഥലം വിട്ടു….
കണ്ണിൽ നിന്നും അല്ലെ പോകാൻ പറ്റത്തൊള്ളൂ…മനസ്സിൽ നിന്നും പോകാൻ പറ്റില്ല ചേച്ചി…ഞാൻ മനസ്സിൽ മന്ത്രിച്ചു…
സീനിയർസ് കുറച്ചു കമ്പനി ആയപ്പോൾ ഞാൻ അവരോട് ആ ചേച്ചിയുടെ പേര് ചോദിച്ചു..നല്ല ഇടിവെട്ടു പേര് അമ്മിണി…അമ്മു എന്നു വിളിക്കും..പേരിൽ മാത്രം അല്ല കേട്ടോ ചേച്ചിക്ക് ഈ പഴമ ഉള്ളത്. നടപ്പിലും, എടുപ്പിലും എല്ലാം നല്ല ഒത്ത സുന്ദരി…
ഞാൻ വലിയ സാവകാശമൊന്നും കാണിക്കാതെ ഒറ്റയ്ക്ക് കണ്ടപ്പോൾ എൻ്റെ ഇഷ്ടം തുറന്നു പറഞ്ഞു…അത്രയും പോലും സാവകാശമെടുക്കാതെ അമ്മുവിന്റെ മറുപടിയും എനിക്കു കിട്ടി…
“”നിന്റെ കഴിഞ്ഞ ദിവസത്തെ നോട്ടം ഞാൻ കണ്ടിരുന്നു…മിണ്ടാതെ ഇരുന്നോ, അല്ലേൽ ചേട്ടന്മാരുടെ കയ്യിൽ നിന്നും നല്ല ഇടി കിട്ടും…””
ഞാൻ ചേച്ചിയോട് പറഞ്ഞത് അത് പോലെ തന്നെ ചേട്ടന്മാർ അറിഞ്ഞു….
അടുത്ത ദിവസം അവന്മാർക്ക് ഷോ ഇറക്കാൻ വേണ്ടി അമ്മുവിന്റെ മുൻപിൽ വച്ചു എന്നെ തടഞ്ഞു….കൂട്ടത്തിൽ ഒരു ജിമ്മൻ വന്നിട്ട് പറഞ്ഞു
“”അമ്മു എൻ്റെ കാമുകിയാണ്, നീ വെറുതെ വെള്ളം ഇറക്കണ്ട അവളെ കണ്ടു. ഇനിയും അവളെ ശല്യപെടുത്തിയാൽ നല്ല അസൽ ഇടി തന്നെ തരും…..””
ഇപ്പോൾ ഇവന്മാരുടെ മുൻപിൽ തോറ്റാൽ ആകെ നാറും…കൂടെ ആണെങ്കിൽ ഒരു തെ ണ്ടിയും ഇല്ലതാനും..എന്നാലും ഇല്ലാത്ത ധൈര്യം കാണിച്ചു ഞാൻ പറഞ്ഞു…..
“”ചേട്ടൻ അമ്മുവിന്റെ കാമുകൻ ആയിക്കോ…എനിക്ക് അമ്മുവിനെ കല്യാണം കഴിക്കാൻ ആണ് ഇഷ്ടം…. “”
“”എന്ത് പറഞ്ഞെടാ….”” ചോദിച്ചു അവൻ എൻ്റെ കഴുത്തിനു പിടിച്ചു
ഇപ്പോൾ സിനിമയിൽ എല്ലാം വന്നു പഴകിയ ഡയലോഗ് ഞാൻ അന്നേരം അടിച്ചു….
“”തൊട്ടാൽ കൊ ന്നേക്കണം ജീവൻ ബാക്കി ഉണ്ടെങ്കിൽ ഞാൻ എല്ലവനെയും വീട്ടിൽ കയറി പൂശും……””
അന്ന് ആ ഡയലോഗ് കോളേജിൽ അത്രയും ഹിറ്റ് ആയിട്ടില്ല, ഇടിക്കാൻ പിടിച്ചവന്റെ കൈ തന്നെ തിരിച്ചു പോയി…
അമ്മു ആണ് അതിനു മറുപടി തന്നത്
“”നിനക്ക് നാണം ഉണ്ടോ ഹരി, ചേച്ചിയെ പോലെ അല്ലെ നീ എന്നെ കാണണ്ടത്…..””
“”എന്തിനാണ് നാണിക്കുന്നത്, എനിക്ക് ഒരു ദിവസത്തേക്ക് അല്ലല്ലോ…ഞാൻ സ്നേഹിക്കുന്നത് എൻ്റെ ജീവിതത്തിലേക്ക് അല്ലെ…പിന്നെ എന്താണ്…??? സച്ചിൻ തെണ്ടുൽക്കർ പോലും വയസിനു മൂത്ത ആളെയാ കല്യാണം കഴിച്ചേക്കുന്നത്….പിന്നെ എനിക്ക് മാത്രം എന്തിനാണ് നാണം…..””
“”നിന്നോട് സംസാരിച്ചിട്ട് കാര്യം ഇല്ല. എല്ലാത്തിനും നിനക്ക് ഓരോ ന്യായങ്ങൾ ഉണ്ട്…”” എന്നും പറഞ്ഞു അമ്മു നടന്നു…
അമ്മുവിനെ മുൻപിൽ നിന്നും മാത്രമേ അത് വരെ ഞാൻ ആസ്വദിച്ചിരുന്നൊള്ളു ഇപ്പോൾ പുറകിൽ നിന്നും കണ്ടു…ഒരു സൂപ്പർ ഫിഗർ തന്നെ…എങ്ങനെ എങ്കിലും വളക്കണം…
അങ്ങനെ ഇരിക്കെ കോളേജിൽ പൂക്കള മത്സരം വന്നു…വരയ്ക്കാൻ കഴിവ് ഉള്ളത് കൊണ്ട് എനിക്ക് തന്നെ വരയ്ക്കാൻ അവസരം കിട്ടി…എൻ്റെ പ്രാർത്ഥന മുഴുവൻ അമ്മു അതിൽ ഉണ്ടാവണം എന്നായിരുന്നു….ദൈവം എന്റെ വിളി കേട്ടു, അമ്മുവും ഉണ്ട്, ഞങ്ങൾ ഒരുമിച്ചു ഇരുന്നു പൂക്കളം ഇട്ടു…ഞാൻ അവളുടെ തൊട്ടു അപ്പുറത്തു തന്നെ അവളുടെ ഗന്ധവും ആസ്വദിച്ചു ഇരുന്നു…അധികം മിണ്ടാൻ കഴിഞ്ഞില്ല എങ്കിലും അവളുടെ കണ്ണുകൾ എന്നോട് അവൾക്കു താല്പര്യം ഉണ്ടെന്നു പറഞ്ഞു…
പൂക്കളം ഇട്ടിട്ടു പോകും വഴി ഞാൻ അമ്മുനോട് ചോദിച്ചു
“”അമ്മു ഇന്ന് ഒരു ഷേക്ക് കുടിക്കാൻ വരുന്നോ…??? ഉച്ചക്ക് നമുക്കു ചാടാം…. “”
‘”ഞാൻ ഒന്നും ഇല്ല ഹരി…നീ അടുപ്പത്തു വച്ച കാലം അങ്ങു വാങ്ങി വച്ചേക്കു …”” അതും പറഞ്ഞു അവൾ ഓടാൻ തുടങ്ങി
“”അമ്മു ഒന്ന് നില്ക്കു….ഇന്ന് ഒരു ദിവസം വാ…എൻ്റെ ഇഷ്ടം ഞാൻ തുറന്നു പറയാം..എന്നിട്ടും അമ്മുവിന് ഒരു ഇഷ്ടവും തോന്നുന്നില്ല എങ്കിൽ ഞാൻ പിന്നെ ശല്യം ചെയ്യില്ല…ഇത് ഒരു കാമുകന്റെ വാക്കുകൾ ആണ്…”” ഞാൻ ചുമ്മാ തട്ടി വിട്ടു
“”ഒന്ന് പോടാ ചെക്കാ, നീ എന്നെ ശല്യം ചെയ്തോ,, അത് എനിക്ക് ഇഷ്ടം ആണെങ്കിലോ…പിന്നെ ഒരുപാട് സമയം ഇരിക്കത്തില്ല…നമുക്കു ഇന്ന് ഒരുമിച്ചു ഒരു ചായ കുടിക്കാം….””
എൻ്റെ മനസ്സിൽ സന്തോഷത്തിന്റെ അമിട്ട് പൊട്ടി….
പക്ഷെ ആ സന്തോഷം ഉച്ചവരെയാണ് നീണ്ടു നിന്നത്…അമ്മുവും അവളുടെ മൂന്ന് നാല് കൂട്ടുകാരികളും കൂടിയാണ് വന്നത്…എനിക്ക് എൻ്റെ പെരുവിരലിൽ നിന്നും ദേഷ്യം ഇരച്ചു കയറി…പൈസയും പോയി എന്നാൽ അമ്മുവിന് ഒരു ഉമ്മ കൊടുക്കാം വച്ചത് നടന്നും ഇല്ല….
എൻ്റെ മുഖ ഭാവം കണ്ടപ്പോൾ അമ്മുവിനു കാര്യം പിടി കിട്ടി, അവൾ ഇരുന്നു ഒടുക്കത്തെ കള്ള ചിരി…ഉമ്മ വെക്കാൻ പറ്റി ഇല്ല എങ്കിലും അവളുടെ ആ നുണ കുഴി കാണിച്ചുള്ള ചിരി എൻ്റെ എല്ലാ നിയന്ത്രണവും കളഞ്ഞു….
പോകാൻ ഇറങ്ങും നേരം അവൾ കൂട്ടുകാരികളോട് പറഞ്ഞു
“”നിങ്ങൾ പൊക്കോ, ഞാൻ ഇവനോട് നന്ദി പറഞ്ഞിട്ട് ഓടി വരാം….””
എല്ലാവരും പോയി കഴിഞ്ഞപ്പോൾ അവൾ എൻ്റെ അടുത്തു വന്നിരുന്നു……
ഞാൻ ഒരുപാട് പ്രതീക്ഷിച്ചു, പക്ഷെ അവൾ എൻ്റെ കവിളിൽ ഒരു നുള്ള് തന്നു “” എന്നിട്ടു എനിക്കും ഇഷ്ടം ആണെടാ “” പറഞ്ഞു ഓടി മറഞ്ഞു….
******************
“”ടാ ഹരിയെ…ചേട്ടൻ കല്യാണം കഴിക്കാൻ പോകുന്ന വീട്ടിൽ നിന്നും ഇന്നാണ് ആള് വരുന്നത്…നീ എന്താടാ ഒന്നിനും മുൻപിൽ നിൽക്കാത്തത്…സാധാരണ അങ്ങനെ അല്ലല്ലോ…..??? അതോ കോളേജ് ജീവിതം കഴിഞ്ഞപ്പോൾ ജീവിതമേ മടുത്തു പോയോ….??? “”
അമ്മയുടെ ചോദ്യം കേട്ടു ഞാൻ ഞെട്ടി ഉണർന്നു
“”അമ്മ എന്താ പറഞ്ഞത്…””
“”നീ ഇരുന്നു സ്വപ്നം കാണുക ആയിരുന്നോ..എടാ, ചേട്ടൻ കെട്ടാൻ പോകുന്ന വീട്ടിൽ നിന്നും ഇന്നാണ് അവര് വരുന്നതെന്ന്.. ഇപ്പോൾ കേട്ടോടാ പൊട്ടാ…. “”
അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു….
“”അതിനു ഞാൻ എന്താ അമ്മേ ചെയ്യണ്ടത്…””
“”നീ ഒന്നും ചെയ്യണ്ട അവിടെ അടങ്ങി ഇരുന്നോ… “” അമ്മക്ക് എന്റെ മറുപടി തീരെ ഇഷ്ടപ്പെട്ടില്ല എന്നു മറുപടിയും മുഖഭാവവും കണ്ടപ്പോൾ എനിക്കു ബോധ്യമായി….
“”ടാ ഹരി, നീ ടൗണിൽ പോയി അവർക്കു കഴിക്കാൻ ഉള്ളത് എല്ലാം മേടിച്ചു കൊണ്ട് വാ…. “” ചേട്ടൻ പെട്ടെന്ന് വന്നിട്ട് പറഞ്ഞു
അച്ഛൻ മരിച്ചതിനു ശേഷം ചേട്ടൻ ആണ് എൻ്റെ എല്ലാം…ചേട്ടന്റെ വാക്കുകൾ കേട്ടു മാത്രമേ എനിക്ക് ശീലം ഉള്ളു…..
ഞാൻ വേഗം വണ്ടിയും എടുത്തു കൊണ്ട് ഇറങ്ങി..ചേട്ടൻ പറഞ്ഞ സാധനങ്ങൾ എല്ലാം മേടിച്ചു കൊണ്ട് അവര് വരുന്നതിനു മുൻപേ എത്തി….
പെണ്ണ് വീട്ടിൽ നിന്നും ആൾകാർ വന്നപ്പോളും ഞാൻ കുളിക്കാതെ…ഒരു കാവി മുണ്ടും ഉടുത്തു കൊണ്ടാണ് നിന്നത്….എല്ലാവരും കൂടി എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നുണ്ടായിരുന്നു…ദൈവമേ എന്റെ ഈ നിൽപ്പും ജോലി ഇല്ലാത്തതും ഒന്നും ചേട്ടന്റെ കല്യാണത്തെ ബാധിക്കരുതേ പ്രാർത്ഥിച്ചുകൊണ്ടാണ് ഞാനും നിന്നത്…
അവസാനം കൂട്ടത്തിൽ മുതിർന്ന അമ്മാവൻ പറഞ്ഞു
“”ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടം ആയ സ്ഥിതിക്ക് നമുക്കു ഇത് നടത്താം…പക്ഷെ ചെറുക്കന് ജോലി വേണമല്ലോ…..””
എന്നിട്ടു എന്നോട് തിരിഞ്ഞു ചോദിച്ചു
“”ജോലി ഇപ്പോൾ വല്ലോം ആകുമോ..???””
എനിക്ക് കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല, എൻ്റെ കല്യാണം ആണോ ഉറപ്പിച്ചത്…
“”അതേടാ പൊട്ടാ, ഞാൻ പെണ്ണ് കാണാൻ പോയപ്പോൾ തന്നെ അവൾ നിന്റെ ഒരു പഴയ പാസ്പോർട്ട് സൈസ് ഫോട്ടോ കാണിച്ചിരുന്നു…ഈ മ ണകു ണാഞ്ചനും ആയി അവൾക്കു ഇഷ്ടം ആണെന്നും പറഞ്ഞു…പിന്നെ ഇവിടെ നടന്നത് മുഴുവൻ നാടകം ആയിരുന്നു…നിന്റെ കല്യാണം ഞങ്ങൾ ഉറപ്പിക്കുന്നതെ ഉള്ളു..ഡേറ്റ് നീ തന്നെ തീരുമാനിക്ക്…നിന്റെ അമ്മുനെ പെട്ടെന്നു വേണം എങ്കിൽ പെട്ടെന്നു ജോലി മേടിച്ചു ഒന്ന് നിവർന്നു നില്ക്കു….””
എനിക്കെന്റെ ഏട്ടന്റെ വാക്കുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല….
“”എന്നാലും എൻ്റെ ഹരിയെ അവളു കാണിച്ച ധൈര്യം പോലും നീ കാണിച്ചില്ലല്ലോ…അതും സ്വന്തം ചേട്ടന്റെ അടുത്തു പോലും…. “”
എനിക്കു ആകെ ചമ്മൽ ആയി പോയി…അല്ലങ്കിലും വീടിനു വെളിയിൽ വലിയ പുലി ആണെങ്കിലും ചേട്ടന്റെ മുൻപിൽ ഞാൻ വെറും എലി ആണല്ലോ…
“”ചേട്ടൻ കാണാൻ പോയത് അവളെ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു…പോയി കണ്ടിട്ട് പെണ്ണിനെ ഇഷ്ടം ആയി പറഞ്ഞപ്പോൾ അല്ലെ ഞാൻ ഫോട്ടോ കണ്ടത്…പിന്നെ ചേട്ടനെ വിഷമിപ്പിക്കാൻ എനിക്ക് ഒരു മടി…. “”
“”അതുകൊണ്ട് നിരാശ കാമുക വേഷം കെട്ടി ജീവിക്കാം വെച്ചോടാ മോനെ നീ…അതുവേണ്ട നട്ടെല്ല് വിരിച്ചു ആണുങ്ങളെ പോലെ ജീവിച്ചാൽ മതി….അവളു നല്ല പെണ്ണാ…..അവളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആയെടാ…അവളു ഞങ്ങളോട് പറഞ്ഞു നീ പൊരുതി സീനിയർസിന്റെ മുൻപിൽ നിന്നതും…അവളുടെ മനസ്സ് കവർന്നതും…. “”
എന്റെ ചേട്ടന്റെ മറുപടികൾ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുവാൻ കാരണമായി….എന്റെ അമ്മുകുട്ടിയെ ഓർത്തു അഭിമാനവും തോന്നി….
കരയുന്ന എന്നെ കണ്ടു ചേട്ടൻ പറഞ്ഞു
“”ഇത് എന്ത് കഷ്ടം ആണെടാ…അവളു ചിരിച്ചുകൊണ്ട് കാര്യം മുഴുവൻ ഞങ്ങളോട് പറഞ്ഞു ഇവിടെ ഒരുത്തൻ അതും കേട്ടു കരച്ചിലും…. “” അതും പറഞ്ഞു ചേട്ടൻ എന്നെ ആ നെഞ്ചിലേക്ക് ചേർത്ത് നിർത്തി ….
ഞാൻ മനസ്സിലോർത്തു എന്റെ ചേട്ടന് എന്നോടുള്ള വാത്സല്യവും സ്നേഹവും അതു പോലെ തന്നെ അമ്മുവിന്റെ ധൈര്യവും കാര്യപ്രാപ്തിയും…..
അല്ലേലും പെണ്ണുങ്ങൾക്ക് ആവശ്യ സമയത്ത് ഒടുക്കത്തെ ധൈര്യം തന്നെയാ…നമ്മളെ പോലെ മസിലും പിടിച്ചു നടക്കുന്നവന്മാർ ആ സമയത്ത് വെറും അശു….
A story by അരുൺ നായർ