തഗ്ഗ് ലൈഫ്…
Story written by Jisha Raheesh
==========
“പ്ഫാ, മര്യാദയ്ക്ക് ഒരു വേലേം കൂലിയും ഇല്ലാത്തവനാ,പെണ്ണ് കെട്ടാൻ നടക്കുന്നത്..”
അമ്മയുടെ ആദ്യത്തെ ആട്ടിൽ തന്നെ ശ്രീജിത്തിന്റെ സകല പ്രതീക്ഷയും അസ്തമിച്ചു..
റിട്ടേയെർഡ് ഹെഡ് മിസ്ട്രെസ് സരസ്വതിയമ്മ നാഗവല്ലി മോഡിൽ തന്നെയാണെന്ന് ഉറപ്പ് വന്നതും ശ്രീജിത്ത് തിരിഞ്ഞു നടന്നു..
സൗമ്യയോട് ഇനിയെന്ത് പറയും..?
നാലഞ്ച് തേപ്പും വാർപ്പും കഴിഞ്ഞു നിൽക്കുന്ന സമയത്താണ് സൗമ്യയെ കാണുന്നത്..
കുറച്ചേറെ പിന്നാലെ നടന്നു,രണ്ടു ചെരുപ്പ് തേഞ്ഞതിൽ പിന്നെയാണ് അവൾ ഇഷ്ടമാണെന്ന് പറഞ്ഞത്…
പക്ഷേങ്കി,ഇങ്ങനെ ചുമ്മാ തേരാ പാരാ നടക്കാതെ,വല്ല ജോലിയ്ക്കും കയറിയിട്ടില്ലെങ്കിൽ നല്ല അന്തസായി തന്നെ തേച്ചിട്ട് പോവുമെന്ന് പെണ്ണ് വാക്കും തന്നിട്ടുണ്ട്..
അവൾ വാക്ക് പാലിയ്ക്കും എന്ന് ഉറപ്പുണ്ട്…
പണ്ടെങ്ങാണ്ട്,വീട്ടുകാരുടെ വാക്ക് കേൾക്കാതെ,പ്രണയിച്ചവന്റെ ഒപ്പം ഇറങ്ങി പോന്നതിന്,അവളുടെ അമ്മയ്ക്ക് അയാൾ കൊടുത്ത സ്മാരകങ്ങളിൽ, രണ്ടാമത്തേതായ അവളങ്ങിനെ പറഞ്ഞിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ..അമ്മയ്ക്ക് മൂന്നെണ്ണത്തിനെയും കൊടുത്ത് പൊടിയും തട്ടി പോയ അച്ഛനെ,ഇനി കണ്മുന്നിൽ കണ്ടാൽ,ആട്ടിയോടിയ്ക്കുമെന്ന് പറഞ്ഞവളാണ്..
പോരാത്തേന് പെണ്ണിന് ഇപ്പോൾ താത്കാലികമായെങ്കിലും ഒരു അദ്ധ്യാപകജോലിയും കിട്ടിയിട്ടുമുണ്ട്..അതിന്റെ അഹങ്കാരം വേറെയും..
എല്ലാറ്റിലുമുപരി, അവൾ കാവുങ്കൽ സരസ്വതിയമ്മയെന്ന തന്റെ അമ്മയുടെ പ്രിയശിഷ്യയും..
ഇനി അവളുടെ ഭാഗ്യക്കേടിനെങ്ങാനും, തന്റെ വാക്ക് കേട്ട്,അവൾ ഇറങ്ങി വന്നാലും തന്റെ അമ്മ തന്നെ അത് മുടക്കും എന്നത് മൂന്നരതരം..
ഹോ,ഓർക്കുമ്പോൾ തല പെരുക്കുന്നു..
പഠിപ്പ് കഴിഞ്ഞു ഒരു കൊല്ലം ചുമ്മാ നടന്നു, അമ്മയുടെ പരോക്ഷമായ പോര് സഹിക്കവയ്യാതെ, പലയിടത്തും ജോലിയ്ക്ക് കയറിയെങ്കിലും ഒന്നുമങ്ങ് സെറ്റായില്ല..
ഒരിടത്ത് ജോലി ഭാരം കൂടുതലായിരുന്നുവെങ്കിൽ, മറ്റൊരിടത്ത് ടൈമിംഗ്, പിന്നെ ഒരിടത്ത്,ഇത് രണ്ടും ഓക്കേ ആയിരുന്നുവെങ്കിലും ശമ്പളം കുറവ്..
പിന്നെ വിയർപ്പിന്റെ അസുഖവും ചെറുതായി ഉള്ളത് കൊണ്ടു, കൂടുതൽ മിനക്കേടാനും വയ്യ..
കാവുങ്കലെ സരസ്വതിയമ്മയുടെ മോന്,ഇതിന്റെയൊക്കെ ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ,അതില്ലെന്നാവും നാട്ടുകാരുടെ മറുപടി..
അച്ഛന്റെ പിടിപ്പില്ലായ്മ, കുറെയൊക്കെ സമ്പത്ത് ചോർത്തി കളഞ്ഞിട്ടുണ്ടെങ്കിലും,അമ്മ തന്റെ വീട്ടിൽ നിന്നും കിട്ടിയ ഷെയറും ശമ്പളവും എല്ലാം കൂടെ ചേർത്ത്,അച്ഛൻ നഷ്ടപ്പെടുത്തിയത് കുറെയൊക്കെ തിരിച്ചു പിടിച്ചിട്ടുണ്ട്..
ഒരുപാട് പേർക്ക്,അറിവിന്റെ വെളിച്ചം പകർന്ന, നാട്ടുകാരുടെ പ്രിയപ്പെട്ട ടീച്ചറമ്മ, പക്ഷെ സ്കൂളിലെ വികൃതികളായ കുട്ടികളെ വരച്ച വരയിൽ നിർത്താറുമുണ്ടായിരുന്നു..
സ്നേഹത്തിന് സ്നേഹം, അനുസരണക്കേടിനു ഒരു ദാക്ഷിണ്യവുമില്ലാതെ ശിക്ഷിക്കാനും മടിച്ചിട്ടില്ല സരസ്വതി ടീച്ചർ….
വീട്ടിലും അങ്ങനെ തന്നെ..
ശ്രീജിത്തിന്റെ ഒമ്പതാം വയസ്സിലാണ് അച്ഛൻ മരിയ്ക്കുന്നത്….
അതിൽ പിന്നെ,അമ്മയാണ് എല്ലാം…
നല്ല ഭക്ഷണവും വസ്ത്രങ്ങളുമെല്ലാം നൽകുമെങ്കിലും,ഒരഞ്ചു പൈസ കണക്കില്ലാതെ ചിലവഴിക്കാൻ സമ്മതിക്കില്ല..
അതേ സമയം, സ്കൂളിലും നാട്ടിലുമൊക്കെ,ജീവിയ്ക്കാനും പഠിയ്ക്കാനുമൊക്കെ ബുദ്ധിമുട്ടുന്നവരെ കൈയയച്ചു സഹായിക്കുകയും ചെയ്തിട്ടുണ്ട്..
ചിലപ്പോഴൊക്കെ അമ്മയോട് ദേഷ്യവും തോന്നിയിട്ടുണ്ട്…. അതിന് പിരി കയറ്റി തരാൻ ചില ബന്ധുക്കളും ഉണ്ടായിരുന്നു..
“എന്നെ എന്താ തവിടു കൊടുത്ത് വാങ്ങിയതാണോ’ ന്ന് ഒരിക്കലേ ചോദിച്ചിട്ടുള്ളൂ …
“തവിടു പോലും കൊടുക്കേണ്ടി വന്നിട്ടില്ലെടാ, വഴി വക്കിൽ കിടന്നു കിട്ടിയതാ..”
ഒരു നിമിഷം പോലും വൈകാതെ അമ്മയുടെ മറുപടി..
എന്തിനും അങ്ങനെ തന്നെയാണ്..
ഒരു ദാക്ഷിണ്യവും ഇല്ലാതെ വെട്ടി തുറന്നു പറഞ്ഞു കളയും..
അതേ സമയം,തനിയ്ക്ക് ഒരു അസുഖം വന്നാൽ, ഊണും ഉറക്കവും ഉപേക്ഷിച്ചു ആള് അടുത്ത് തന്നെ കാണുകയും ചെയ്യും…
ഇനിയിപ്പോ എന്തോ ചെയ്യും..?
ശ്രീജിത്തിന് ഒരെത്തും പിടിയും കിട്ടിയില്ല..
വല്ലയിടത്തും ജോലിയ്ക്ക് കയറിയില്ലെങ്കിൽ, അവള് വേറെ ആമ്പിള്ളേരോടൊപ്പം പോവും..
കാലം കുറെയായി അവൾ കാത്തിരിക്കുന്നു.. അതിനിടയിൽ,അവളുടെ ചേച്ചിയും അനിയത്തിയും കെട്ടി.. ഇവളുടേത് കൂടെ നടന്നിട്ട് വേണം,അവളുടെ അമ്മയ്ക്ക് സ്വസ്ഥമായി കാലും നീട്ടി ഒന്നിരിക്കാനത്രേ..
കഴിഞ്ഞയാഴ്ച,സൗമ്യ പറഞ്ഞ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാതെ,തലേന്ന് ടൂറിനെന്നും പറഞ്ഞു പോയതിൽ പിന്നെ,പെണ്ണ് കട്ട കലിപ്പിലാണ് ഇപ്പോഴും…
അമ്മ പിന്നെ ഇങ്ങോട്ട് വന്നു ചൊറിയാറില്ല.. പക്ഷെ അലമ്പ് കാണിച്ചാൽ ഭക്ഷണം തരാതിരിക്കുക, രാത്രി വൈകി വന്നാൽ വീടിനുള്ളിൽ കയറ്റാതിരിക്കുക, മാന്യമായിട്ട് ഇരന്നാൽ പോലും ഒരഞ്ചു പൈസ കടമായി പോലും തരാതിരിക്കുക എന്നിങ്ങനെയുള്ള കലാപരിപാടികൾക്ക് ഒരു മുടക്കവുമില്ല..
‘ഒരേയൊരു മോനല്ലേ..ഇച്ചിരി സഹാനുഭൂതിയൊക്കെ കാണിച്ചൂടെ’ എന്ന ചോദ്യത്തിന്,’
“ഞാനും നിന്റെ ഒരേയൊരു അമ്മയല്ലെടാ, നിന്നോട്,പഠിപ്പൊക്കെ കഴിഞ്ഞു,എന്തേലും ഒരു ജോലിയ്ക്ക് പോവാനല്ലേ പറഞ്ഞുള്ളൂ,അതിപ്പോ കൂലിപ്പണിയായാലും വേണ്ടില്ല..”
എന്നതാവും മറുപടി..
പിന്നെ ഇടയ്ക്കിടെ,
“നിന്റെ ശമ്പളം കിട്ടിയിട്ട് നീ എനിയ്ക്ക് കൊണ്ടു വന്നു തരുവൊന്നും വേണ്ട, ആ വകയിൽ ഒരു നാരങ്ങ മുട്ടായി പോലും എനിയ്ക്കൊട്ട് കിട്ടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നതുമില്ല..”
എന്നും പറയും , അതിന് പ്രതികാരം വീട്ടാൻ വേണ്ടി മാത്രം,ഒരിക്കൽ ജോലിയ്ക്ക് കയറിയിടത്ത്,ഒരു മാസം കഷ്ടിച്ച് പിടിച്ചു നിന്നു..
ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ,ഒന്നല്ല ഒരു കെട്ട് നാരങ്ങാ മുട്ടായിയാണ് കൊണ്ടു കൊടുത്തത്..
കുളി കഴിഞ്ഞു വരുമ്പോഴേക്കും, ഒന്ന് പോലും ബാക്കി വെയ്ക്കാതെ തിന്ന് തീർത്തിരുന്നു ഷുഗർ പേഷ്യന്റ്..
‘ഒന്നെങ്കിലും എനിയ്ക്ക് വേണ്ടി വെക്കാമായിരുന്നില്ലെന്നു ‘ ചോദിച്ചപ്പോൾ പറയുവാ, നിനക്ക് വേണേൽ കാശ് കൊടുത്ത് വാങ്ങിച്ചു തിന്നെടാന്ന് വിത്ത് ഒരു ലോഡ് പുച്ഛം…
പണ്ടും പഠിത്തകാര്യങ്ങളിൽ നേരിട്ട് ഇടപെടുന്ന രീതി ഹെഡ് മിസ്ട്രസിന് ഉണ്ടായിരുന്നില്ല.. പകരം മാർക്ക് കുറയുമ്പോൾ,ഇഷ്ടഭക്ഷണം കട്ട്, സ്കൂൾ എക്സർഷൻ, ബന്ധു വീട്ടുകളിലേയ്ക്കുള്ള യാത്രകൾ, ഇവയിലൊക്കെ നിരോധനാജ്ഞകൾ വരും..തന്റെ ഇഷ്ടങ്ങൾ കൃത്യമായി അറിയുന്ന അമ്മയ്ക്കാണോ ബ്ലാക്ക് മെയ്ലിംഗിന് മുട്ട്..
പകരം, അമ്മ,രണ്ടെണ്ണം പൊട്ടിച്ച്,വഴക്ക് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെയെന്ന് തോന്നിയിട്ടുണ്ട് ചിലപ്പോഴൊക്കെ…
പറഞ്ഞാൽ പറഞ്ഞത് നടപ്പിലാക്കിയിരിക്കും സരസ്വതിയമ്മ..
കാര്യം നടക്കണമെങ്കിൽ അനുസരിക്കുക… അത്രേയുള്ളൂ രീതി..
ഇതൊന്നും പോരാഞ്ഞിട്ട്,മിക്കപ്പോഴും വീട്ടുജോലികൾ ഭാഗികമായോ മുഴുവനായോ ഞാനും ഏറ്റെടുക്കണം..
“ഞാനും ചെയ്യുന്നതല്ലേ, അപ്പോൾ നിനക്ക് ചെയ്താൽ എന്താണ്.. അവനവന്റെ കാര്യങ്ങൾ ചെയ്യാനെങ്കിലും പഠിച്ചിരിക്കണം ..”
ഇതിന് മറുപടിയൊന്നും തനിയ്ക്കും ഉണ്ടാവില്ല..
ചെയ്തിട്ടില്ലെങ്കിൽ താൻ പട്ടിണിയാവും.. അത്രേയുള്ളൂ..
അതുകൊണ്ടെന്താ, പാചകമുൾപ്പെടെയുള്ള വീട്ടു ജോലികൾ തനിയ്ക്കും കീറാമുട്ടിയാവാറില്ല …
വല്ലപ്പോഴും ഫ്രണ്ട്സിനൊപ്പം കൂടി രണ്ടെണ്ണം അടിച്ചു വന്നാലും അമ്മ അതത്ര കാര്യമാക്കില്ല…
പക്ഷെ വെള്ളമടച്ചു,കോൺ തെറ്റിയ തന്നെ ഒരിക്കൽ കൂട്ടുകാർ വീട്ടിൽ എത്തിച്ചപ്പോൾ, ഈ ഉരുപ്പടി ഇവിടെ എടുക്കില്ലെന്നും പറഞ്ഞു, തൂക്കിയെടുത്ത്,ഗേറ്റിനു വെളിയിൽ കളഞ്ഞിട്ടുമുണ്ട് പുള്ളിക്കാരി..
ചുരുക്കി പറഞ്ഞാൽ, മക്കൾ എന്ത് തെറ്റ് ചെയ്താലും പൊറുക്കുന്ന,ക്ഷമയുടെയും സഹനത്തിന്റെയും റോൾ മോഡൽ ആവാൻ സരസ്വതിയമ്മ ഒരുക്കമായിരുന്നില്ല …
ഒരു കൂട്ടുകാരൻ,ഒരിക്കൽ ഒരു അബദ്ധത്തിൽ, പെണ്ണ് കേസിൽ പെട്ട കാര്യം അറിഞ്ഞപ്പോൾ,’ ഇമ്മാതിരി ഐറ്റത്തിലെങ്ങാനും ചെന്നു പെട്ടാൽ പൊന്നുമോനെ, ചോറിൽ ഞാനിത്തിരി വിഷം കലക്കി തരുമെന്നാണ് ‘ പറഞ്ഞത്…
അങ്ങനത്തെ പരിപാടികളിലൊക്കെ ചെന്ന് പെടാൻ ഒരു ചാൻസും ഇല്ലാതിരുന്നിട്ടും,അതിൽ പിന്നെ,കുറച്ചു ദിവസം ചോറ് തൊണ്ടയിൽ നിന്നും ഇറങ്ങാൻ തന്നെ,ഒരു വിഷമമായിരുന്നു..
സോപ്പിട്ടു വളച്ചെടുക്കാൻ ആവില്ല..പക്ഷെ അമ്മയ്ക്ക് തന്നെ ജീവനാണെന്നത് വേറെ കാര്യം..
സൗമ്യയുമായുള്ള ഇഷ്ടം അമ്മയ്ക്ക് അറിയാം… അതിലും പ്രത്യേകിച്ചു യോജിപ്പോ വിയോജിപ്പോ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല..പകരം’ നീ കെട്ടികൊണ്ട് വരുന്ന പെണ്ണിനെ കൂടെ,ഞാൻ പോറ്റുമെന്ന് കരുതണ്ട ‘എന്ന് മാത്രം പറഞ്ഞു…
‘അതൊന്നും വേണ്ടി വരില്ല അമ്മേ അവൾക്ക് ജോലിയില്ലേ ‘എന്ന് പറഞ്ഞതിന് ഒരാട്ടാണ് കിട്ടിയത്..
പക്ഷെ സൗമ്യയെ വല്യ കാര്യമാണ്.. അവൾക്ക് തിരിച്ചും.. ചക്കരയും അടയും പോലെയാണ് രണ്ടും …
നവീനും പ്രജുവും ഒരു സ്റ്റാർട്ട് ആപ്പിന്റെ കാര്യം പറഞ്ഞിട്ടുണ്ട്.. ഇനി അതെങ്ങനെ പറയുമോ എന്തോ.. അതൊന്ന് അമ്മയോട് അവതരിപ്പിക്കാൻ വേണ്ടിയായിരുന്നു സൗമ്യയുടെ കല്യാണകാര്യം പറഞ്ഞത്.. കേട്ട പാതി കേൾക്കാതെ പാതി വഴക്കും പറഞ്ഞു പോയി..
ആ പെണ്ണ് ആണെങ്കിൽ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല…
പണ്ടൊരിക്കൽ,ഇന്റർലോക്കിന്റെ ബിസിനസ് എന്നും പറഞ്ഞു അമ്മയോട് കാശും വാങ്ങി ലോക്കായതാണ്.. ആ വകയിൽ,മുതലിനു പുറമെ,അമ്പതിനായരം നഷ്ടം വന്നപ്പോൾ, ആ കാശ് കൂടെ തന്ന്,’ഇനി മേലാൽ ബിസിനസ് എന്നും പറഞ്ഞു, ഈ വഴിയ്ക്ക് കണ്ടു പോവരുതെന്ന്’ പറഞ്ഞതാണ് അമ്മ..
തന്റെ കൂട്ടുകാരിൽ അമ്മയുടെ ഗുഡ് ബുക്കിൽ ഉള്ളവരാണ് നവീനും പ്രജുവും.. പോരാത്തതിന് ശിഷ്യന്മാരും..
അതാണ് ഏക പ്രതീക്ഷയും…
പക്ഷെ അമ്മയോട് ഇതെങ്ങനെ അവതരിപ്പിക്കും എന്നതാണ് പ്രശ്നം….
പിറ്റേന്ന് ശ്രീജിത്ത്,എവിടെയൊക്കെയോ ചുറ്റി തിരിഞ്ഞു വന്നപ്പോൾ,നവീന്റെ കാർ വീട്ടുമുറ്റത്ത് കിടപ്പുണ്ടായിരുന്നു..
കാര്യങ്ങളൊക്കെ അമ്മയെ പറഞ്ഞു മനസിലാക്കിപ്പിച്ചത് അവരായിരുന്നു..
“ഈ ഒരു ചാൻസ് കൂടെ ഞാൻ തരാം.. ഇതും നഷ്ടപ്പെടുത്തിയാൽ ആ കൊച്ചിനെ നീ മറന്നേരെ.. ഞാൻ തന്നെ പഠിപ്പിച്ച, ജോലിക്കാരായ ആമ്പിള്ളേരിൽ, ഏതെങ്കിലും ഒരുത്തനെ കൊണ്ടു,ഞാൻ തന്നെ മുൻകൈ എടുത്തു,ഞാനവളെ കെട്ടിയ്ക്കും..”
വെറുതെ തലയാട്ടിയ എന്നോട് വീണ്ടും..
“മറ്റൊന്ന് കൂടെ, ഇതിൽ നഷ്ടം വന്നാൽ, നിന്റെ അച്ഛൻ നിന്റെ പേരിൽ എഴുതി വെച്ചിരിക്കുന്ന ഏക സമ്പാദ്യമായ കവലയിലെ ആ കടമുറി കൂടെ മോനങ്ങ് മറന്നേക്കണം.. സൗമ്യയോടൊപ്പം…”
“തഗ്ഗ് അമ്മ..”
അമ്മ ചായ എടുക്കാനായി പോയപ്പോൾ നവീൻ മെല്ലെ പറഞ്ഞു..
എന്തായാലും അതോടെ ഞാൻ നന്നായി.. സൗമ്യയെ എനിയ്ക്ക് ജീവനാണ്.. എന്റെ അമ്മയെയും…
അലസതയൊക്കെ മാറ്റി കൈ മെയ് മറന്നു പണിയെടുത്തു.. മറ്റൊന്നും എന്റെ ചിന്തകളിൽ ഉണ്ടായിരുന്നില്ല…
പരീക്ഷകാലത്തും പഠിയ്ക്കാനുള്ളപ്പോഴും മാത്രം കിട്ടി കൊണ്ടിരുന്ന ആനുകൂല്യങ്ങൾ എനിക്കപ്പോൾ വീട്ടിൽ ഉണ്ടായിരുന്നു..
അലക്കി തേച്ച വസ്ത്രങ്ങളും, സമയാസമയത്ത് മുൻപിൽ എത്തുന്ന ആഹാരവും.. എല്ലാത്തിലുമുപരി,എത്ര പറഞ്ഞാലും കേൾക്കാതെ, ഞാൻ വൈകി എത്തുന്ന രാത്രികളിൽ,ഉറങ്ങാതെ എന്നെ കാത്തിരിക്കുന്ന അമ്മയും..
ബിസിനസ് വിജയമാണെന്ന് ഉറപ്പ് വന്നതിന് ശേഷം മാത്രമാണ്,അമ്മ എന്നെയും കൂട്ടി സൗമ്യയുടെ വീട്ടിൽ എത്തിയത്..
വിവാഹപന്തലിൽ വെച്ച്, സൗമ്യയുടെ കഴുത്തിൽ താലി ചാർത്തി,ഒരു വിജയിയെ പോലെ, ഞാൻ അമ്മയെ നോക്കിയപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..പക്ഷെ അമ്മ ചിരിയ്ക്കുന്നുമുണ്ടായിരുന്നു… ആ മുഖത്ത് തെളിഞ്ഞ അഭിമാനം ഞാൻ കണ്ടിരുന്നു..
വിവാഹം കഴിഞ്ഞതിൽ പിന്നെ അമ്മയിൽ ഞാൻ പഴയ നാഗവല്ലിയെ കണ്ടിട്ടില്ല..പൂർണ്ണമായും ഗംഗയിലേയ്ക്ക് മാറിയിരുന്നു എന്റെയമ്മ..
പക്ഷെ,..മറ്റൊരു നാഗവല്ലി എന്റെ ജീവിതത്തിൽ നടനമാടി തുടങ്ങിയിരുന്നു…
സൗമ്യ.. അമ്മയുടെ ചെറു പതിപ്പല്ല… അതുക്കും മേലെ…
പക്ഷെ അമ്മയെ പോലെ അല്ലാട്ടോ,അത്യാവശ്യം സോപ്പിലൊക്കെ ആള് പതയും..
അങ്ങനെയാണല്ലോ,കൂട്ടുകാരുമായി ഞാൻ ഇടയ്ക്കിടെ കമ്പനി കൂടുന്നതും, അവരോടൊപ്പം ടൂർ പോവുന്നതുമൊക്കെ..നവീനും പ്രജുവുമായി പിരിഞ്ഞു,സ്വന്തമായി ബിസിനസ്സൊക്കെ തുടങ്ങിയെങ്കിലും, ഞങ്ങൾക്കിടയിലെ സൗഹൃദം അതേ പടി നിലനിൽക്കുന്നുണ്ട്..
പക്ഷെ ബിസിനസ്സിൽ,നോ കോംമ്പ്രമൈസ്….പിന്നെ അവളുടെയും മക്കളുടെയും കാര്യങ്ങളിലും അലസത കാണിക്കാൻ പാടില്ല..അത്രേയുള്ളൂ നിബന്ധനകൾ..
“അതേയ്,കഴിഞ്ഞിട്ടില്ലേ…?”
അപ്പുറത്ത് നിന്നും സൗമ്യയുടെ ശബ്ദം കേട്ടപ്പോൾ,ആലോചനകളിൽ നിന്നുണർന്ന്,ശ്രീജിത്ത് പുതിയ പരീക്ഷണമായ ചിക്കൻ ഡിഷുമായി ഡൈനിങ് ഹാളിലേയ്ക്ക് നടന്നു..
ഇന്നത്തെ പാചകം തന്റെ വകയാണ്… മക്കൾക്ക് താൻ ഉണ്ടാക്കുന്നതൊക്കെ വല്ല്യ ഇഷ്ടമാണ്.. തന്റെ തിരക്കുകളിൽ നിന്നും, സൗമ്യയുടെ ജോലി ഭാരങ്ങളിൽ നിന്നും ഒരു മാറ്റമാണ് ഇങ്ങനെയുള്ള ദിവസംങ്ങൾ.. തങ്ങൾ ഏറ്റവും ആസ്വദിക്കുന്ന ദിവസങ്ങൾ..
“വൗ സൂപ്പർ അച്ഛാ, അച്ഛൻ എങ്ങനെയാ ഇത്രയും നന്നായി ഫുഡ് ഉണ്ടാക്കാൻ പഠിച്ചത്…?”
മകളുടെ ചോദ്യത്തിന്,ശ്രീജിത്ത് ചിരിയോടെ സൗമ്യയെ നോക്കി..പിന്നെ ഹാളിലെ ചുമരിൽ മാലയിട്ട് വെച്ചിരുന്ന അമ്മയുടെ ഫോട്ടോയിലേക്കും
മകന്റെ കുടുംബത്തോടൊപ്പം സന്തോഷവും സമാധാനവും ആവോളം പങ്കിട്ടു ജീവിക്കുന്നതിനിടയിലാണ്,ഒരു രാത്രിയിൽ ആരോടും പറയാതെ, ആരെയും ശല്യപ്പെടുത്താതെ,സരസ്വതിയമ്മ പോയത്…
വിവാഹം കഴിഞ്ഞതിൽ പിന്നെ,ഞങ്ങളുടെ ജീവിതത്തിലോ, ഞാനും സൗമ്യയും തമ്മിലുള്ള കൊച്ചു കൊച്ചു പിണക്കങ്ങളിലോ ഒന്നും അമ്മ ഇടപെട്ടിട്ടില്ല… അഭിപ്രായങ്ങളും പറയാറില്ലായിരുന്നു..
“അതിന്റെ ക്രെഡിറ്റ് നിങ്ങടെ അച്ഛമ്മയ്ക്കാ..”
സൗമ്യ ചിരിയോടെ ശ്രീജിത്തിനെ നോക്കി പറഞ്ഞു..
“അതേടി..എന്നേലും നിങ്ങളൊക്കെ എന്നെ ഇട്ടിട്ട് പോയാലും,എന്റെ മോനു ജീവിക്കണ്ടേയെന്ന ചിന്തയിൽ എന്റെ അമ്മ പഠിപ്പിച്ചതാ..”
“ഉവ്വുവ്വേ….’
എല്ലാവരും പൊട്ടിച്ചിരിക്കുമ്പോൾ സൗമ്യ ഓർത്തു..
“മോളെ.. ജിത്തുവിന് അവന്റെ അച്ഛന്റെ സ്വഭാവമാ, ഉള്ളു നിറയെ സ്നേഹമാണ്, ശുദ്ധനും,പക്ഷെ ഒന്നിലും ഒരു ഉത്തരവാദിത്തമില്ല…പണ്ട് രാമേട്ടനോടുള്ള സ്നേഹം എന്റെ വിവേകത്തെ മൂടിയിരുന്നു.ധൂർത്തുകൾ .പലതും ഞാൻ കണ്ടില്ലെന്ന് നടിച്ചു.. രാമേട്ടനെ നിയന്ത്രിക്കാനും ശ്രെമിച്ചില്ല… മോള് അങ്ങനെയാവരുത്..സ്നേഹം കാണിക്കേണ്ടയിടത്ത് സ്നേഹവും വിവേകം വേണ്ടയിടത്ത് വിവേകവും കാണിക്കണം…”
പ്രിയ്യപ്പെട്ട സരസ്വതി ടീച്ചർ.. പിന്നെ അമ്മയായി മാറിയ ടീച്ചറമ്മ..
ജിത്തുവേട്ടനെ തനിയ്ക്ക് ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ,ആദ്യം തന്നെ പറഞ്ഞത് അതായിരുന്നു…
സൗമ്യ,സരസ്വതിയമ്മയുടെ ചിരിക്കുന്ന ഫോട്ടോയിലേയ്ക്ക് നോക്കി. അമ്മ ഒന്ന് കണ്ണിറുക്കി കാണിച്ചുവോ…?
~സൂര്യകാന്തി 💕 (ജിഷ രഹീഷ് )