Story written by Reshja Akhilesh
==============
“എന്തൊരു പിശുക്കാ മായേച്ചി…ഇങ്ങനെ പിശുക്കി ആവല്ലെട്ടോ…”
എത്ര തവണ കേട്ടതാണെന്നോ ഈ ചോദ്യം. അമ്മയും അച്ഛനും അനിയനും ഭർത്താവും വരെ എത്ര തവണ ചോദിച്ചിട്ടുണ്ടെന്നോ…
“ഓണം വന്നാലും വിഷു വന്നാലും മായ പുതിയ സാരി വാങ്ങില്ല. വെയിലത്ത് എത്ര നടന്നു ക്ഷീണിച്ചാലും ഉപ്പിട്ടൊരു നാരങ്ങാ വെള്ളം പോലും പുറത്തു നിന്ന് വാങ്ങി കുടിയ്ക്കില്ല…ഇങ്ങനെയുണ്ടോ ഒരു പിശുക്കി…”
അവർക്ക് അങ്ങനെ ചോദിയ്ക്കാം. ഇക്കാലത്ത് ഒരു വീട് പണി തീർത്ത് അതിൽ കിടന്നുറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറച്ചു പിശുക്കെല്ലാം വേണം. അല്ലെങ്കിൽ കാലാകാലം തോമസ് ചേട്ടൻ വാടക കുടിശ്ശിക ചോദിയ്ക്കാൻ വരുമ്പോൾ നിന്ന് പരുങ്ങേണ്ടി വരും. അതൊക്കെ ഇവർക്കുണ്ടോ മനസ്സിലാകുന്നു? പാരമ്പര്യം ആയിട്ട് പറമ്പും വീടും ഉള്ളവർക്ക് അതു പറഞ്ഞാൽ മനസ്സിലാവോ….
അഞ്ചു വർഷം മുൻപാ വയ്യാതെ ആയിട്ട് രാജീവേട്ടൻ സൗദിയിൽ നിന്ന് നാട്ടിലേയ്ക്കു എത്തിയത്. ഭാരം ഉള്ള പണികൾ ഒന്നും ചെയ്യാൻ പാടില്ലെന്ന പറഞ്ഞത്…ഹാർട്ടിന് ഒരു ഓപ്പറേഷനും ചെയ്തു. എന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു സ്വർണ്ണവും വിറ്റു. എന്നിട്ടും കാശ് തികയാതെ വന്നപ്പോഴാ രാജീവേട്ടന്റെ കുടുംബ വീടിന്റെ ഭാഗം വാങ്ങിച്ചത്. അതിന് കുറേ വഴക്കുണ്ടാകേണ്ടി വന്നു. ഒരു ജീവന്റെ വിലയായത് കൊണ്ടു മാത്രമാ…അല്ലെങ്കിൽ കണക്കു പറഞ്ഞു ഒന്നും വാങ്ങില്ലായിരുന്നു. ആരും സഹായിച്ചില്ല. ഓരോരുത്തർക്കും അവരവരുടെ ജീവിതം അല്ലേ വലുത്. ഭാര്യയ്ക്ക് അങ്ങനെ കൈയ്യൊഴിയാൻ പറ്റുമോ…
കുറേ കാലം ആയി വാടക വീടുകൾ മാറി മാറി കഴിയുന്നു. വയ്യാത്ത ആളെ പണിയ്ക്ക് വിടാൻ പറ്റോ…ലോട്ടറി ടിക്കറ്റ് വിൽക്കാൻ പോയി കുറച്ചു കാലം. എന്നിട്ടോ അതും പച്ചപിടിച്ചില്ല.
പിന്നെ ഞാൻ അങ്ങട്ട് ഇറങ്ങി. അത്യാവശ്യം തയ്യലും അറിയാം. കുടുംബശ്രീക്കാര് നടത്തുന്ന ഹോട്ടലിൽ പണിയ്ക്ക് പോയിട്ടും തയ്ച്ചു കൊടുത്തും അങ്ങനെ കുറച്ചു കാശ് കൂട്ടി വെച്ചു. മൂന്ന് സെന്റ് വാങ്ങി.
പിന്നെ പഞ്ചായത്തിൽ ഒരു അപേക്ഷ കൊടുത്തു. കുറേ കാലം അതിന്റെ പിന്നാലെ നടന്നു. കുറച്ചൊന്നും അല്ല കഷ്ടപ്പെട്ടത്.
ഇന്നിതാ വീടിന്റെ പാല് കാച്ചലാണ്. രാജീവേട്ടന്റെ മുഖത്തെ സന്തോഷം കാണണം. വീട്ടുകാർ പിണങ്ങി നില്ക്കായിരുന്നു. ഒരു വിശേഷം വന്നപ്പോൾ എല്ലാവരും ഒത്തുകൂടിയിട്ടുണ്ട്. അതിന്റെ സന്തോഷമാ ആൾടെ മുഖത്ത്.
പത്തു വർഷമായി കല്യാണം കഴിഞ്ഞിട്ട് എങ്കിലും ദൈവം ഞങ്ങൾക്ക് കുട്ടികളെ തന്നില്ല. മഴ പെയ്യുമ്പോൾ പുതിയ വീടിന്റെ ഉമ്മറത്തിരുന്ന് ഒരു കപ്പ് ചായകുടിച്ചുകൊണ്ട് രാജീവേട്ടന്റെ തോളിൽ ചാഞ്ഞിരുന്ന്കൊണ്ട് ആ മഴ പെയ്തു തോരുവോളം അങ്ങനെ ഇരിയ്ക്കണം.അതായിരുന്നു ഏറ്റവും വലിയ ആഗ്രഹം.
എല്ലാവരും അകത്തുണ്ട് ഞാൻ ഒന്ന് നോക്കിയിട്ട് വരാം. “മായേച്ചി പിശുക്കിക്കൂട്ടിയത് വെറുതെയല്ല ” എന്ന് എല്ലാവരും പറയുന്നത് കേൾക്കണം.
പാല് കാച്ചിയത് രാജീവേട്ടൻ ആണ്. ഞാൻ ആയിരുന്നു ചെയ്യേണ്ടി ഇരുന്നത് പക്ഷേ…അത് പോട്ടെ…ഞാനായാലും രാജീവേട്ടനായാലും ഒരുപോലെ അല്ലേ…
“പുതിയ വീട് അല്ലേ രാജീവേ…കയറി വരുമ്പോൾ തന്നെ ദുർമരണപ്പെട്ടവരുടെ പടമാണോ ആൾക്കാർക്ക് കാണാൻ പാകത്തിൽ വെയ്ക്കാ?,”
രാജീവേട്ടന്റെ അമ്മ ഷോ കേസിൽ നിന്നും എന്റെ ഫോട്ടോ എടുത്ത് ഗോവണിയുടെ അടിയിൽ കൊണ്ട് ഒളിപ്പിച്ചു വെയ്ക്കുന്നത് കണ്ടപ്പോൾ നെഞ്ച് ഒന്നു പിടഞ്ഞു.
അത് പറയാൻ മറന്നു…നാല് മാസം മുൻപായിരുന്നു രാജീവേട്ടന്റെ അമ്മ പറഞ്ഞത് പോലെ എന്റെ മരണം. നിയന്ത്രണം വിട്ട് ഒരു ലോറി ഓട്ടോയിൽ വന്നിടിയ്ക്കുകയായിരിന്നു. അന്ന് രാജീവേട്ടൻ കരഞ്ഞ കരച്ചിൽ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്.
അമ്മ ഫോട്ടോ എടുത്ത് മാറ്റിയിട്ടും രാജീവേട്ടൻ അത് കാര്യമാക്കിയില്ല. നല്ലൊരു ദിവസമായിട്ട് വഴക്കുണ്ടാക്കണ്ടല്ലോ എന്ന് കരുതിയിട്ടാകും. പാവം.
രാജീവേട്ടൻ നേരെ വീടിന്റെ പിന്നാമ്പുറത്തേയ്ക്ക് പോകുന്നത് കണ്ടു. മനസ്സിലായി, സിഗരറ്റ് എടുത്ത് വലിയ്ക്കാനാകും. സങ്കടം വന്നാലും ദേഷ്യം വന്നാലും എന്നെ ഒളിച്ച് ചെയ്യുന്ന പരിപാടിയാണിത്. ഇനിയിപ്പോ ഞാൻ ഇല്ലാലോ ചോദിയ്ക്കാനും പറയാനും.
സ്വന്തം വീട്ടിൽ ഒരു ദിവസം പോലും കിടന്നുറങ്ങാൻ കഴിഞ്ഞില്ലെങ്കിലും വീടായല്ലോ എന്നൊരു സന്തോഷം ഉണ്ട്. പക്ഷേ എന്റെ രാജീവേട്ടന്റെ കാര്യം ഓർക്കുമ്പോഴാ…
ആരോ വരുന്നുണ്ടല്ലോ…വേറെ ആരുമല്ല അമ്മേടെ വകയിലെ അമ്മാവന്റെ മോളാ, ശ്യാമ…ഭർത്താവ് മരിച്ചിട്ട് അഞ്ചാറു കൊല്ലമായി…കുടുംബവീട്ടിൽ ആയിരുന്നപ്പോൾ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. പിന്നീട് താമസം മാറിയതിൽ പിന്നെ കണ്ടിട്ടില്ല.
രാജീവേട്ടന്റെ ചുണ്ടിൽ പുകഞ്ഞു കൊണ്ടിരിയ്ക്കുന്ന സിഗരറ്റ് എടുത്ത് വലിച്ചെറിയുന്ന ശ്യാമേച്ചി! രാജീവേട്ടനോട് ഇത്രയും സ്വാതന്ത്ര്യത്തോടെ പെരുമാറുന്നത് ഇതുവരെയും കണ്ടിട്ടില്ല.
പിന്നീട് അവർ സംസാരിക്കുന്നിടത്ത് അധികനേരം നിൽക്കാൻ തോന്നിയില്ല. വെറും നാല് മാസം കൊണ്ട് ഭർത്താവിന് ഭാര്യയെ മറക്കാൻ കഴിയുമെന്ന് മനസ്സിലായി. അതും ഭർത്താവിന് വേണ്ടി മാത്രം സ്വന്തം സന്തോഷങ്ങൾ നീക്കി വെച്ചൊരു ഭാര്യയെ മറക്കാൻ…
അന്ന് രാജീവേട്ടന് ഹാർട്ടിന്റെ ഓപ്പറേഷൻ ആയപ്പോൾ ഡോക്ടർമാർ പറഞ്ഞിരുന്നു പ്രതീക്ഷയില്ലാന്ന്…രാജീവേട്ടൻ എന്നെ വിട്ടു പോയിരുന്നെങ്കിൽ മറ്റൊരാളെ സ്വീകരിയ്ക്കുമോ എന്ന് തന്നെ സംശയം ആണ്. എന്നെപ്പോലെ വിഡ്ഢിയല്ല രാജീവേട്ടൻ. അല്ലെങ്കിലും മരിച്ചവരെ ഓർത്ത് കരഞ്ഞിട്ട് എന്ത് കാര്യം അല്ലേ?
ജീവിതം ഒന്നല്ലേ ഉള്ളു. ഉള്ള കാലം മറ്റുള്ളവർക്ക് മാത്രം ജീവിച്ചു തീർത്തിട്ട് മറ്റുള്ളവരും അതുപോൽ ആവണം എന്ന് വാശി പിടിയ്ക്കുന്നതിൽ ന്യായമില്ലല്ലോ.
ഇനി സമാധാനമായി മടങ്ങാം. ജീവിക്കാൻ പഠിച്ചവരാണ് ചുറ്റും…
(സ്വന്തക്കാർക്ക് മാത്രമായി ജീവിച്ചു മരിച്ച കുറേ പേരെ കണ്ടിട്ടുണ്ട്…പക്ഷേ അവരുടെ തണൽ പറ്റി ജീവിച്ചിരുന്നവർക്ക് അതൊട്ടും ഓർമ്മയില്ല താനും…)
~രേഷ്ജ അഖിലേഷ്