കൈയ്യിലെ മൊബൈൽ ഫോണിൽ പരിഭ്രമം കൊണ്ട് അമർത്തി പിടിച്ചു വരുന്നത് കണ്ടപ്പോഴേ വന്ന കാര്യം പാതി ജയിച്ചെന്ന…

അഹങ്കാരി…

Story written by Reshja Akhilesh

================

“നിന്റെ പെണ്ണിന് ഒരു എല്ലു  കൂടുതലാ…”

എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ മാത്രം എത്തിനോക്കുന്ന അമ്മാവൻ തുറന്നടിച്ചു.

“നെനക് ചുണയില്ലാണ്ടാ…ഏടത്തി ഇങ്ങനെ…”

നാട്ടിലെ തന്നെ ഏറ്റവും ചുണയുള്ള ‘അനിയൻ കുട്ടൻ’ കുറ്റപ്പെടുത്തി.

“ശ്ശേ…ന്റെ വീട്ടിലെ പെണ്ണുങ്ങള് വല്ലോം ആയിരിക്കണം ഹ്മ്മ്‌…” ചങ്ക് പറിച്ചു കൊടുക്കാനും തയ്യാറുള്ള കൂട്ടുകാരൻ സഗൗരവം പറഞ്ഞു.

“ഇതിങ്ങനെ വിട്ടാൽ ശര്യാവില്ല…വിളിയ്ക്കവളെ ” അമ്മാവൻ വീണ്ടും

എന്താ കാര്യം എന്ന് മനസ്സിലായിട്ടുണ്ടാകില്ല അല്ലേ…വളരെ ഗുരുതരം ആയിട്ടുള്ളൊരു തോന്നിവാസം ചെയ്തിരിക്കുകയാണ്  മനുവിന്റെ ഭാര്യ ജീന…

കാര്യം വളരെ ലഘുവായിട്ട് പറഞ്ഞാൽ നമ്മുടെ “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ” ഒരു രംഗം ഉണ്ടല്ലോ…ന്താ അത്…ആ…നിമിഷയുടെ കഥാപാത്രം ഏതോ ഒരു പോസ്റ്റ്‌ ഷെയർ ചെയ്തൂന്നോ മറ്റോ…ആ അത് തന്നെ…

ജീന ആരുടേയും പോസ്റ്റ്‌ ഷെയർ ചെയ്തതല്ല. അവൾ സ്വന്തമായി എഴുതിയതാണ്. പ്രശ്നം വളരെ ഗുരുതരം.

മനു ജീനയെ വിളിച്ചു. ജീന ഒരു വിളിയ്ക്ക് കാതോർത്തിട്ടെന്ന വണ്ണം വിളിച്ചതും ഇറങ്ങി വന്നു. കൈയ്യിലെ മൊബൈൽ ഫോണിൽ പരിഭ്രമം കൊണ്ട് അമർത്തി പിടിച്ചു വരുന്നത് കണ്ടപ്പോഴേ വന്ന കാര്യം പാതി ജയിച്ചെന്ന ഭാവത്തിൽ അമ്മാവന്റെ ഒരു പുച്ഛച്ചിരി.

“നീയിത് എന്തിനുള്ള പുറപ്പാടാ പെണ്ണേ…നെനക്ക് നിന്റെ ഭർത്താവിനേം കുട്ടിയേം നോക്കി അടങ്ങി ഒതുങ്ങി ഇരുന്നാൽ പോരെ…ആളോളെക്കൊണ്ട് പറയിപ്പിക്കാൻ ഒരു എഴുത്തും കുത്തും. നാട്ടില് നടക്കണ കാര്യങ്ങൾക്ക് പ്രതികരിയ്ക്കാൻ നടക്കുന്നു…ഇനി നെനക് എഴുതാൻ അത്രയ്ക്കു ഇഷ്ട്ടാച്ചാ വല്ല പുസ്തകത്തിലോ മറ്റോ എഴുതിക്കോളാ…മനുനോട്‌ പറഞ്ഞാ അവൻ പേനേം കടലാസും വാങ്ങി തരില്ലേ…അതാവുമ്പോൾ നാട്ടുകാർ പറയണത് ഒഴിവാക്കാം.”

“അമ്മാവാ…” മനുവിന്റെ വിളി.

“ഊം…നീ മിണ്ടാതെ നിന്നാൽ മതി.” അമ്മാവൻ കടുപ്പിച്ചു. മനു മിണ്ടാതെ കൈയ്യും കെട്ടി മാറി നിന്നു.

“എന്താ അമ്മാവാ പ്രശ്നം?”

“നിനക്കു ഇത്രേം പറഞ്ഞിട്ടും തലേൽ കേറീലാന്നുണ്ടോ. അനിയൻക്കുട്ടാ…നിന്റെ ഏട്ടന്റെ ഭാര്യല്ലേ…നീ തന്നെ പറഞ്ഞ് കൊടുക്ക് “

“ഏടത്തി…ങ്ങള് എഴുതിക്കൂട്ടണത് ഒന്നും ശരിയല്ല…വല്ല ആമേടേം മുയലിന്റേം കഥ എഴുതിക്കൂടെ ങ്ങള്ക്ക്…ഇതിപ്പോ ങ്ങള് എഴുതണത് വായിച്ചിട്ട് ഓരോരുത്തർ പറയുമ്പോൾ തൊലി ഉരിഞ്ഞു പോവാ…ഇമ്മാതിരി ഒന്നും എഴുതരുത്ട്ടാ…നിർത്തിക്കോളെണ്ട് “

“ഞാൻ പാസ്സ്‌വേർഡ് പറഞ്ഞ് തരാം “

“ന്ത്…”

“അല്ല എന്റെ ഫേസ്ബുക്കിന്റെ പാസ്വേർഡ് പറഞ്ഞ് തന്നാൽ നിങ്ങൾക്ക് തന്നെ ഇഷ്ട്ടള്ള പോസ്റ്റ്‌ ഇടാം. ഡിലീറ്റ് ചെയ്യാം…അപ്പൊ ഇടയ്ക്കിടെ ഇങ്ങോട്ട് വരണ്ടല്ലോ…”

“യ്യ്ന്താ…ഞങ്ങളെ കളിയാക്കാ…” അമ്മാവൻ മുരണ്ടു.

“അല്ല കാര്യം പറഞ്ഞതാ…ന്റെ അനിയൻ എന്തോ പറഞ്ഞല്ലോ  ആളുകൾ എന്ത് പറയുന്നൂന്ന…ഞാൻ ഏതെങ്കിലും എ പടത്തിന്റെ തിരക്കഥ ഒന്നും എഴുതിയിട്ടില്ലല്ലോ…കൊച്ചു കുട്ട്യോൾ മുതൽ അപ്പൂപ്പൻ അമ്മൂമ്മമാർക്ക് വരെ വായിക്കാൻ പറ്റുന്നത് തന്നെയല്ലേ…ഇല്ലാന്ന് പറയാൻ പറ്റോ…”

“അതിപ്പോ ഞാൻ ഒന്നും വായിച്ചിട്ടില്ല…”

“ആഹാ…അതെനിക്കറിയാം വായിക്കുന്നവർ ഒരിക്കലും ഇങ്ങനെ മണ്ടത്തരം ആയിട്ട് എഴുന്നുള്ളില്ലാന്ന്…ആമയുടേം മുയലിന്റേം കഥ എഴുതുന്നത് മോശം ആണോ…അതിനും വേണം ഒരു കഴിവ്…എന്തെഴുതണം എന്ന് എന്റെ അവകാശമാണ്. ഞാൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുമില്ല.

പിന്നെന്താ തൊലി ഉരിഞ്ഞു പോകുന്നുണ്ടെങ്കിലേ അത് എന്തെങ്കിലും സ്കിൻ സ്പെഷ്യലിസ്റ്റ്‌ നെ കണ്ടാൽ മതി. ഇവിടെ വന്നു പരാതി പറഞ്ഞിട്ട് കാര്യം ഇല്ലാ.”

“ഹും അവള്ടെ ഒരു അഹങ്കാരം കണ്ടില്ലേ…”

“അമ്മാവാ ഇത്‌ അഹങ്കാരം ഒന്നും അല്ല.എഴുതിയതിന് പത്തും ഇരുപതും ലൈക് കിട്ടിയത് കൊണ്ട് ഞാൻ വലിയ  മാധവിക്കുട്ടി ആയി എന്നൊന്നും കരുതുന്നില്ല. എനിക്ക് അത്രയ്ക്ക് വിവരമില്ലായ്മ ഇല്ലാ. നിങ്ങളുടെ കണ്ണിൽ ഞാൻ ചെയ്ത തെറ്റ് എന്താണെന്നു എനിക്ക് നല്ല ബോധ്യം ഉണ്ട്‌. ചില ദുഷ്ട്ട കഥാപാത്രങ്ങളും അവരുടെ പ്രവർത്തികളും വായിക്കുമ്പോൾ അവനവനെ ഉദ്ദേശിച്ചാണോ എന്നൊരു തോന്നൽ ഉണ്ടാവാം അല്ലേ…അതിന് എന്നെ പറഞ്ഞിട്ട് കാര്യമില്ല. എന്റെ കാഴച്ചപാടിൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.

രണ്ടു വരി എഴുതിയപ്പോൾ എല്ലാവർക്കും നാണക്കേട്…

മനുവേട്ടന് ചുണയില്ലെന്ന് ആരോ പറഞ്ഞല്ലോ…പണ്ടൊരു ടിക്ടോക്കോ അങ്ങനെ എന്തോ ഉണ്ടായിരുന്നല്ലോ…അതിൽ ലൈക്‌ തരണേ പാവങ്ങളാണേ എന്ന് പറഞ്ഞ് നീയും നിന്റെ പെണ്ണും കാട്ടിക്കൂട്ടിയ അത്രേം പ്രഹസനങ്ങൾക്ക് ഒന്നും ഇല്ലാത്ത നാണക്കേട് ആണല്ലേ ഇപ്പൊ…എന്തായിരുന്നു…കെജിഎഫ് ലെ ബിജിഎം ഇട്ട് അമ്മയെ വരെ വേഷം കെട്ടിച്ച് ഓ…ന്നിട്ട് ടിക്ടോക് നിരോധിച്ച കൂട്ടത്തിൽ അമ്മയെം നിരോധിച്ച പോലെ ആയില്ലേ…ആ ടിക്ടോക് ഉണ്ടായിരുന്നപ്പോൾ ആ പാവത്തിന് മകന്റെ സ്നേഹം ഉണ്ടായിരുന്നു…

പിന്നെ ആരാ പറഞ്ഞത് വീട്ടിലെ പെണ്ണുങ്ങളുടെ കാര്യം? വീട്ടിലെ പെണ്ണുങ്ങള് നന്നായാൽ പോരാ ചേട്ടോ…ആണുങ്ങൾക്കെന്താ കൊമ്പുണ്ടോ…ഫേസ്ബുക്ക്‌ ചേട്ടനും ഉണ്ടല്ലോ ലെ…ഏതെങ്കിലും പെൺകുട്ട്യോൾ ഡാൻസ് കളിച്ചാൽ കുറ്റം…അതിന് അടിയിൽ പോയി അസഭ്യം പറയുന്നു…എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കാതിരിക്ക നല്ലത്…”

ഫേസ്ബുക്ക്‌ എന്താണെന്ന് പോലും അറിയാത്ത അമ്മാവൻ മറ്റുള്ളവരുടെ വാക്കും കേട്ട് ഇറങ്ങിയതായിരുന്നു. താൻ നേരത്തേ പറഞ്ഞ കടലാസും പേനയും തന്റെ നേർക്ക് വരുമോ എന്ന് അമ്മാവൻ ശങ്കിച്ചു.

അനിയന്റെയും കൂട്ടുകാരന്റെയും വായ് താനേ അടഞ്ഞു പോയപ്പോൾ ഇനി അടുത്തത് അമ്മാവന്റെ ഊഴം ആണെന്ന് മനസ്സിലാക്കിയ അമ്മാവൻ പതിയെ മനുവിന്റെ മുഖത്തേയ്ക്ക് നോക്കി.

“അനുഭവിച്ചോട്ടോ ” എന്നൊരു ഭാവം ആയിരുന്നു മനുവിന്.

വിചാരണയും ശിക്ഷയും നടപ്പിൽ ആക്കാൻ വന്ന മൂവരും ജീനയുടെ ‘അഹങ്കാരത്തിനു ‘ മുൻപിൽ…അതെ അഹങ്കാരം എന്നാണല്ലോ നല്ല പോലെ മറുപടി കൊടുക്കാൻ കഴിവുള്ള സ്ത്രീകളെ വിശേഷിപ്പിക്കുന്നത്…ആ അങ്ങനെ അവളുടെ അഹങ്കാരത്തിനു മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പടിയിറങ്ങി.

“ഇനി ആ കുരുത്തം കെട്ട പെണ്ണ് നാളെ ഇതും പോസ്റ്റ് ചെയ്യോ ആവോ…ദൈവത്തിനറിയാം…”

അമ്മവന്റെ ആത്മഗതം ഇത്തിരി ഉച്ചത്തിൽ ആയതോണ്ട് ആവുലെ കൂടെയുള്ള രണ്ടു പേരുടെ മുഖം ഒന്നു വിളറിയത്…

(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം. വെറുതെ ഓരോ വട്ട് എഴുതുന്നതാണ്…ഇഷ്ട്ടം ആയാൽ പറയണേ…ഫോണിന് അപകടം ഒന്നും സംഭവിച്ചില്ലെങ്കിൽ വീണ്ടും അടുത്ത ഭാവനകളുമായി വരാം.)

~രേഷ്ജ അഖിലേഷ് (28.06.2021)