നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെ രാവിലെ മുതൽ അമ്പലനടയിൽ കാത്തുനിന്നു. പക്ഷെ….

_upscale

വസന്തകാലത്തിലേക്ക്…

Story written by Neeraja S

==============

മണിക്കൂർ ഒന്നായിരിക്കുന്നു. കാത്തുനില്ക്കാൻ തുടങ്ങിയിട്ട്…ഫോണിൽ പലതവണ വിളിച്ചെങ്കിലും ബെല്ലടിച്ചു നിന്നതല്ലാതെ മറുപടിയുണ്ടായില്ല…സങ്കടമാണോ ദേഷ്യമാണോന്നറിയില്ല…വല്ലാത്തൊരവസ്ഥ…

പിന്നെയും നിന്നു ഏറെനേരം ഉച്ചയായിരിക്കുന്നു. രാവിലെ ഒന്നും കഴിക്കാതിരുന്നതുകൊണ്ട് വിശപ്പ് അസഹ്യമായിരിക്കുന്നു..സിറ്റിയിൽ വരുമ്പോൾ പതിവായി കയറുന്ന ഹോട്ടലിന്റെ നേർക്ക് നടന്നു.

ഹോട്ടലിന് വെളിയിൽ വൈദ്യുതപോസ്റ്റിനു ചുവട്ടിൽ എന്നത്തേയും പോലെ ദയനീയമായ നോട്ടത്തോടെ ഒരു വൃദ്ധൻ. അകത്തേക്ക് പോകുന്നവർ ആരെങ്കിലും കരുണ കാണിച്ചെങ്കിലെന്ന പ്രാർത്ഥനയോടെ..

ആരോടും സ്നേഹമോ കടപ്പാടോ ആവശ്യമില്ലാത്തൊരു ജീവിതം.ഒരിക്കൽ പോലും അയാളുടെ ദയനീയതയിൽ കണ്ണുടക്കിയില്ല..ഡോറിനടുത്തായി ഇരുന്നു..അവിടെ ഇരിക്കുമ്പോൾ ഇത്രയും നേരം കാത്തുനിന്നിരുന്ന  സ്ഥലം കാണാമായിരുന്നു.

വിശപ്പുണ്ടായിരുന്നെങ്കിലും ഒന്നും കഴിക്കാനായില്ല…ഇനിയും കാത്തിരിക്കുന്നത് വെറുതെയാണെന്നൊരു തോന്നൽ…കാശ് കൊടുത്തിട്ടിറങ്ങുമ്പോൾ വൃദ്ധൻ നാണക്കേട് മറന്ന് വിശക്കുന്നു..എന്തെങ്കിലും കഴിക്കാൻ വാങ്ങിത്തരാമോന്ന് ചോദിച്ചു കൈകൾ കൂപ്പി..

ചിക്കെൻ ബിരിയാണിയാണ് പാർസൽ വാങ്ങിയത്…കൈയ്യിൽ കിട്ടിയപ്പോൾ വേഗത്തിൽ പൊതിയഴിച്ചു ആർത്തിയോടെ കുറച്ചു ചോറ് വാരി വിഴുങ്ങി..കുറച്ചു കഴിച്ചു കഴിഞ്ഞപ്പോൾ അയാൾ തലയുയർത്തി നോക്കി.രണ്ടിറ്റു കണ്ണുനീർ നന്ദിസൂചകമായി ഉതിർന്നുവീണു. കൈയ്യിലിരുന്ന കുപ്പിവെള്ളം കൂടി കൊടുത്തിട്ട് ബസ്‌സ്റ്റോപ്പിലേക്കു നടന്നു..

അരമണിക്കൂർ യാത്ര ചെയ്താൽ ഗ്രാമത്തിലെത്താം. ബസ്സിന്റെ സൈഡ് സീറ്റിൽ ചാരിയിരുന്ന് കണ്ണടച്ചു. വല്ലാതെ തലവേദനിക്കുന്നു. വീട്ടിലെത്തിയൊന്ന് കിടക്കണം.

കുറച്ചു മാസങ്ങൾക്കു മുൻപാണ് വലിയ മഴയും വെള്ളപ്പൊക്കവുമുണ്ടായത്..വീട്ടിൽ വെള്ളം കയറാൻ സാധ്യതയില്ലായിരുന്നു. പക്ഷെ ഉരുൾ പൊട്ടാൻ സാധ്യതയുള്ള മേഖലയാണെന്നു പറഞ്ഞ് പോലീസ് അയാളെ ക്യാമ്പിലെത്തിച്ചു..

കുറച്ചു സർക്കാർ രേഖകളും  മൂന്നോനാലോ  ജോഡി ഡ്രസ്സും കവറിലാക്കി കൊണ്ടുപോയി..വേറെ വിലപ്പെട്ടതൊന്നും  വീട്ടിലില്ലായിരുന്നു..ആകെയുണ്ടായിരുന്ന അമ്മ മരിച്ചപ്പോൾ തറവാടും സ്ഥലവും പെങ്ങൾ കൈവശപ്പെടുത്തി. തനിക്കായി  മാറ്റിവച്ച സ്ഥലംവിറ്റു..ഒരു ചെറിയ വീടും കുറച്ചു സ്ഥലവും വാങ്ങി..ബാക്കി കാശ് ബാങ്കിലുമിട്ടു.

ക്യാമ്പിൽ വച്ചാണ് തന്നെപ്പോലെതന്നെ വേണ്ടപ്പെട്ടവർക്ക് അധികപ്പറ്റായി..ഒറ്റയായിപ്പോയ ഒരുവളെ പരിചയപ്പെട്ടത്.. രണ്ടാഴ്ചത്തെ ക്യാമ്പ് കഴിഞ്ഞ് പോരുമ്പോൾ ഫോൺ നമ്പർ വാങ്ങാൻ മറന്നില്ല..

വല്ലപ്പോഴും വിളിക്കുമായിരുന്നു..അവിടത്തെ കഷ്ടപ്പാടുകൾ പറഞ്ഞ് സങ്കടപ്പെടും..ഒരുദിനം എന്റെ കൂടെ പോരുന്നൊന്നു ചോദിച്ചപ്പോൾ സങ്കടത്തോടെ ചിരിച്ചു. സഹോദരനെ കണ്ട്  കാര്യം പറഞ്ഞപ്പോൾ അയാൾ സന്തോഷത്തോടെ സമ്മതം അറിയിച്ചു..

സിറ്റിയിലുള്ള അമ്പലത്തിൽ വച്ച് ചെറിയൊരു ചടങ്ങ് നടത്താമെന്നു സഹോദരനാണ് പറഞ്ഞത്..തന്റെ ഭാഗത്തുനിന്നും വേറെയാരും വരാനില്ലെന്ന് അറിയിച്ചിരുന്നു..

നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെ രാവിലെ മുതൽ അമ്പലനടയിൽ കാത്തുനിന്നു. പക്ഷെ..കൂടുതൽ ആശങ്കാകുലനാക്കുന്നത് ആരും ഫോൺ എടുക്കാതിരുന്നതാണ്..എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ അവർക്ക് തന്നോട് വിളിച്ചു പറയാമായിരുന്നു.

പോക്കറ്റിൽ തപ്പിനോക്കി..ആ ചെറിയ പൊതി അവിടെത്തന്നെ ഉണ്ട്‌..ബാങ്കിൽ കിടന്ന തുകയിൽ നിന്നും കുറച്ചെടുത്താണ് ചെറിയൊരു  താലിമാല വാങ്ങിയത്. പിന്നെയും കാശ് ചിലവായി..പത്രങ്ങളും പച്ചക്കറിയും പലചരക്കും ഒക്കെ കുറച്ചു വാങ്ങി. ഇനിയെന്തെങ്കിലും  വേണമെങ്കിൽ ഒന്നിച്ചുപോയി വാങ്ങാം എന്നോർത്തു..

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് തിരിയിട്ടുവച്ചിരുന്ന ചെറിയ നിലവിളക്കും തീപ്പെട്ടിയും…വരുമ്പോൾ വിളക്ക് കത്തിച്ചു സ്വീകരിക്കാൻ കരുതിയതാണ്. വിളക്കെടുത്തു  ഭിത്തിയിലുള്ള ചെറിയ തട്ടിൽ വയ്ക്കുമ്പോൾ എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു..

മുന്നിലുള്ള ഫോട്ടോയിലേക്കു നോക്കി ഒന്നും മിണ്ടാതെ കുറച്ചുനേരം നിന്നു. മുഖം ഏത് ദൈവത്തിന്റേതാണെന്നു വ്യക്തമല്ലായിരുന്നു..ഇതിനുമുൻപ് അവിടെ താമസിച്ചിരുന്നവർ ഉപേക്ഷിച്ചു പോയതാണ്..മുഖത്തിന്റെ കുറച്ചുഭാഗമൊഴിച്ചു ബാക്കിയെല്ലാം കാലപ്പഴക്കത്തിൽ മാഞ്ഞുപോയിരുന്നു.

ഫോട്ടോയിലെ രൂപം പോലെ താനും കാലപ്പഴക്കത്തിൽ മാഞ്ഞുപോയിരുന്നെങ്കിൽ…

എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു…രണ്ടുമൂന്നുദിവസം കാത്തെങ്കിലും ആരും തിരികെ വിളിക്കുകയോ ഫോണെടുക്കുകയോ ചെയ്തില്ല…ഒറ്റയ്ക്ക് ജീവിച്ചു മടുത്തുതുടങ്ങിയിരിക്കുന്നു…ഏറെ പ്രതീക്ഷ വച്ചതുകൊണ്ടാകാം നിരാശയും വലുതായിരുന്നു..

അവർ പറഞ്ഞ അടയാളങ്ങൾ വച്ച് തിരക്കി പോകാൻതന്നെ തീരുമാനിച്ചു..ഏറെ ബുദ്ധിമുട്ടി വീട് കണ്ടുപിടിച്ചു..അവർ സംസാരിക്കാൻ കൂട്ടാക്കിയില്ല..സഹോദരനാണ് കാര്യങ്ങൾ അവതരിപ്പിച്ചത്…അവന്റെ ചേച്ചിക്ക് അല്പംകൂടി മെച്ചപ്പെട്ട ഒരാലോചന വന്നിരിക്കുന്നു..ഒരു ഗൾഫ്കാരൻ…കല്യാണം കഴിഞ്ഞ് അയാൾ കൂടെ കൊണ്ടുപോകും. കൂടാതെ സഹോദരനും കുടുംബത്തിനും സാമ്പത്തികസഹായം ചെയ്യാമെന്ന് വാക്കും കൊടുത്തിരിക്കുന്നു.

ഒന്നും മിണ്ടാതെ ഇറങ്ങിനടന്നു..ഒറ്റയായിപ്പോയ ഒരുവന്റെ ഇത്തിരി നാളത്തെ സന്തോഷം..അത് അവരുടെ സംഭാവന ആയിരുന്നു..അവരെ കണ്ടതിനു ശേഷമാണ് മഴയുടെയും പുഴയുടെയും പൂക്കളുടേയുമൊക്കെ ഭംഗി ആസ്വദിക്കാൻ തുടങ്ങിയത്..അതിനു മുൻപുവരെ യാന്ത്രികമായി ജീവിച്ചു പോന്നു. മഴയെ നശിച്ചമഴയെന്നും കാറ്റിനെ മുടിഞ്ഞ കാറ്റെന്നും പ്രാകി..

സിറ്റിയിൽ ബസ്സിറങ്ങി പലയിടത്തും കറങ്ങിനടന്നു..വീട്ടിലേക്ക് പോകാൻ എന്തുകൊണ്ടോ പേടി തോന്നി..ചുറ്റിനും വേഗത്തിൽ ചലിക്കുന്നവർ..വീട്ടിൽ കാത്തിരിക്കുന്നവരുടെ അടുത്തെത്താനുള്ള പതിവ് ഓട്ടങ്ങൾ…ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ ഒരാശ്വാസം..ഒന്നുമില്ലെങ്കിലും കുറച്ചുപേരുടെ മുഖങ്ങൾ കാണാമല്ലോ..

വിശന്നപ്പോൾ പതിവുപോലെ ഹോട്ടലിലേക്ക് നടന്നു..വൃദ്ധൻ ഇരിക്കുന്ന സ്ഥലമെത്തിയപ്പോൾ വെറുതെ നോക്കി..അയാളുടെ വിശന്നുതളർന്ന കണ്ണുകളിൽ പരിചയഭാവം തിളങ്ങി. രണ്ടു പാർസൽ വാങ്ങി..ഓട്ടോ വരുന്നത് നോക്കി ഹോട്ടലിനു വെളിയിൽ നിന്നു..

ഓട്ടോ വന്നപ്പോൾ വൃദ്ധന്റെ അരികിലേക്ക് നടന്നു..അടുത്തു ചെന്നപ്പോൾ ഭക്ഷണപൊതിക്കായി അയാൾ കൈകൾ നീട്ടി..എന്റെ കൂടെ പോരുന്നൊന്നു ചോദിച്ചപ്പോൾ വൃദ്ധൻ സങ്കടത്തോടെ തലകുലുക്കി…പതിയെ പിടിച്ചെഴുന്നേല്പിച്ചു ഓട്ടോയിൽ കയറ്റി…

വീട്ടിലെത്തി വാതിൽ തുറന്നു. വൃദ്ധനെ  വരാന്തയിൽ ഇരുത്തി കത്രിക കൊണ്ട് നീളൻ മുടിയും താടിയും വെട്ടിയൊതുക്കി..കുളിക്കാൻ കിണറ്റുകരയിൽ വെള്ളം കോരിവച്ചു കൊടുത്തു…ഉള്ളതിൽ നല്ല മുണ്ടും ഷർട്ടും ധരിക്കാൻ കൊടുത്തു. കുളിച്ചു വസ്ത്രം മാറി വന്നപ്പോൾ അയാൾക്ക്‌ അല്പം ഉശിരു വച്ചപോലെ..

രണ്ടുപേരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്…തന്റെ കട്ടിൽ അയാൾക്ക്‌ കൊടുത്തിട്ട് വെറും തറയിൽ പായ വിരിച്ചു കിടക്കുമ്പോൾ എന്തെന്നില്ലാത്ത സമാധാനം ഉള്ളിൽ നിറഞ്ഞിരുന്നു..താനിപ്പോൾ ഒറ്റയല്ല കൂട്ടിന് ഒരാൾ കൂടെയുണ്ട്..

ഉറക്കം വരുവോളം വൃദ്ധൻ തന്റെ ജീവിതകഥ പറഞ്ഞു കൊണ്ടിരുന്നു..ആന്റണി അതായിരുന്നു പേര്..ഒരിക്കൽ അനുഭവിച്ചിരുന്ന പ്രതാപകാലത്തിന്റെ ഓർമ്മ ചിത്രങ്ങൾ…കേട്ടുകിടന്നു എപ്പോഴോ ഉറങ്ങിപ്പോയി..രാവിലെ എഴുന്നേൽക്കുമ്പോൾ വൃദ്ധൻ കട്ടിലിലുണ്ടായിരുന്നില്ല.

ഭിത്തിയിലെ ഫോട്ടോയ്ക്ക് മുൻപിലുള്ള ചെറിയ തട്ടിൽ നിലവിളക്കു പ്രകാശിക്കുന്നുണ്ടായിരുന്നു. ഒപ്പം ഫോട്ടോയിലെ പാതിമാഞ്ഞ മുഖവും. എഴുന്നേറ്റ്…കിടന്നപായ മടക്കിവച്ച് നിവരുമ്പോൾ മോൻ എഴുന്നേറ്റോയെന്ന ചോദ്യത്തോടൊപ്പം ഒരു ഗ്ലാസ് ചൂട് കട്ടങ്കാപ്പി മുന്നിലെത്തിയിരുന്നു. ഒത്തിരി നാളുകൾക്കു ശേഷമുള്ള സുന്ദരമായ ഒരു ദിവസത്തിന്റെ തുടക്കം…