പഴയത് ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ, അജിതയുടെ വാട്ട്സ് ആപ്പിലേക്ക് ഒരു അപരിചിത നമ്പരിൽ നിന്നും ഹായ് പറഞ്ഞ് ഒരു മെസ്സേജ് വന്നു

Story written by Saji Thaiparambu

============

“മോളേ…ഇന്ന് ആ ചെക്കനും അളിയനുo കൂടി കാണാൻ വരുന്നുണ്ടന്ന്…മോളൊന്ന് ഒരുങ്ങി നിന്നോ”

“എന്തിനാ അമ്മേ, എപ്പഴത്തെയും പോലെ വന്ന് കണ്ടതിന് ശേഷം, ഒരു മകളുണ്ടെന്നറിയുമ്പോൾ താത്പര്യമില്ലെന്ന് പറയാനല്ലേ?

“ഇതങ്ങനല്ല മോളേ , ഈ ചെക്കൻ എല്ലാം അറിഞ്ഞിട്ട് തന്നെയാ വരുന്നത്, എന്തായാലും വന്ന് കാണട്ടെ, എന്നിട്ട് ബാക്കി തീരുമാനിക്കാം”

“ഉം, ശരി”

നിർവികാരതയോടെ അജിത ഒന്ന് മൂളി.

പറഞ്ഞ സമയത്ത് തന്നെ ചെക്കനും അളിയനും വന്നു.

ഗേറ്റിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കിൽ നിന്നിറങ്ങുന്ന, രണ്ട് പേരെയും അജിത ജനാല വിരിയുടെ ഇടയിലൂടെ കണ്ടു.

ഒരാൾക്ക് ഒരു അൻപതിനോടടുത്ത് പ്രായം കാണുo, മറ്റേയാൾക്ക് നാല്പതിന് താഴേ ഉണ്ടാവു.

അടയാളങ്ങൾ വച്ച്, ചെക്കൻ  പുറകിൽ ഇരിക്കുന്ന ആളാകാനാണ് സാധ്യത, മാത്രമല്ല പുറകിൽ നിന്നിറങ്ങിയ അയാൾ ബൈക്കിന്റെ ഗ്ളാസ്സിൽ നോക്കി മുടി ചീകി ഒതുക്കുന്നുമുണ്ട്.

“മോളേ..നീയി ചായയും എടുത്തോണ്ട് എന്റെ കൂടെ വാ”

അമ്മ അവളോട് പറഞ്ഞു.

ലയമോളേ അടുത്ത വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.

അവളെ ഇപ്പോഴെ ഒന്നുമറിയിക്കണ്ടന്ന് അജിത അമ്മയോട് ചട്ടം കെട്ടിയിരുന്നു.

“അജിതയെന്നല്ലേ പേര്?”

ട്രേയിൽ നിന്ന് ചായ എടുത്ത് നീട്ടുമ്പോൾ അവളോട് അയാൾ ചോദിച്ചു.

“അതെ”

ഒരു മന്ദഹാസത്തോടെ അവൾ മറുപടി നല്കി

“ഞാൻ ദിലീപ്, റവന്യൂ വകുപ്പിലാ ജോലി”

മുഖത്ത് നിറച്ച് വച്ച പുഞ്ചിരിയോടെ അയാൾ പറഞ്ഞു

“പഴയ ബന്ധം പിരിഞ്ഞിട്ട് ഇപ്പോൾ എത്ര നാളായി?

ആ ചോദ്യം അളിയന്റെ വകയായിരുന്നു.

“അവർ തമ്മിൽ പിരിഞ്ഞിട്ട് ഇപ്പോൾ മൂന്ന് വർഷമായി, നിയമാനുസൃതമായിട്ട് ഒരു കൊല്ലമായി”

മറുപടി പറഞ്ഞത് അമ്മയായിരുന്നു.

“ഉം, ഞാൻ ബന്ധം പിരിഞ്ഞിട്ട് പത്ത് വർഷത്തോളമാകുന്നു, കല്യാണം കഴിഞ്ഞ് ഒരു വർഷം കഷ്ടിച്ച് കഴിഞ്ഞിട്ടുണ്ടാവും, പൊരുത്തപ്പെട്ടു പോകില്ലെന്ന് ഉറപ്പായപ്പോൾ നിയമപരമായി തന്നെ ഞങ്ങളും പിരിഞ്ഞു. പിന്നെ മക്കളും ബാധ്യതകളുമൊന്നുമില്ല”

“ഇവൾക്ക് ഒൻപത് വയസ്സുള്ള ഒരു മോളുണ്ട് , അതിനെ കൊണ്ട് നിങ്ങൾ ബേജാറാകണ്ട, അവളെ ഞാൻ നോക്കിക്കൊള്ളും”

അമ്മ വാക്ക് കൊടുത്തു.

“ഉം, അത് പറഞ്ഞിരുന്നല്ലോ, ഇനിയിപ്പോൾ, അവസാന തീരുമാനമെടുക്കേണ്ടത് ,ചെക്കന്റ അച്ഛനും അമ്മയുമാ, ഞങ്ങളേതായാലും ഇറങ്ങുന്നു, തീരുമാനം ചെന്നിട്ട് വിളിച്ച് പറയാം”

അളിയൻ, അത്രയും പറഞ്ഞിട്ട് എഴുന്നേറ്റു. കൂടെ ദിലീപും അജിതയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് യാത്ര പറഞ്ഞിറങ്ങി.

രാത്രി നെറ്റ് ഓൺ ചെയ്ത്, വാട്ട്സ്ആപ്പിൽ കയറി , ആദ്യം അജിത നോക്കിയത്, തന്റെ മുൻ ഭർത്താവ് ഓൺലൈനിലുണ്ടോ എന്നാണ്.

അയാളുടെ പ്രൊഫൈലിന് താഴെ, പച്ച ലൈറ്റ് കണ്ടപ്പോഴെ അവൾക്ക് അരിശം കേറി. ഇനിയും താനെന്തിനാണ് അയാളുടെ പ്രൊഫൈൽ ചെക്ക് ചെയുന്നത്, എല്ലാം കഴിഞ്ഞതല്ലേ പക്ഷേ , തന്റെ ശീലം മാത്രം മാറിയിട്ടില്ല

തന്നെയും, മോളേയും ശ്രദ്ധിക്കാതെ മുഴുവൻ സമയവും നെറ്റിൽ തന്നെയായിരുന്നു അയാളുടെ ജീവിതം

അതിനെക്കുറിച്ചുള്ള തന്റെ ചോദ്യം ചെയ്യലിൽ തുടങ്ങിയ വഴക്ക് അവസാനിച്ചത് ഒടുവിൽ പിരിയാനുള്ള തീരുമാനത്തിലാണ്

മോളെ , തനിക്ക് വേണമെന്ന് കോടതിയിൽ നിർബന്ധം പിടിച്ചപ്പോൾ, ശനിയും, ഞായറും അയാളുടെ കൂടെയും ബാക്കി അഞ്ച് ദിവസങ്ങൾ തന്റെയൊപ്പവും നില്ക്കട്ടെ എന്ന് കോടതി വിധിക്കുകയായിരുന്നു.

പഴയത് ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ, അജിതയുടെ വാട്ട്സ് ആപ്പിലേക്ക് ഒരു അപരിചിത നമ്പരിൽ നിന്നും ഹായ് പറഞ്ഞ് ഒരു മെസ്സേജ് വന്നു.

“ആരാ?

അജിത തിരിച്ച് ചോദിച്ചു.

“ഇത് ഞാനാ, ഇന്ന് രാവിലെ ,തന്നെ കാണാൻ വന്ന ദിലീപ്.”

അത് കണ്ട് അവൾ അമ്പരന്നു.

“എന്റെ നമ്പർ എങ്ങനെ കിട്ടി?

“ഹ ഹ ഹ ,അതോ?.അത് ഞാൻ വിവാഹബ്യൂറോയിൽ നിന്ന് സംഘടിപ്പിച്ചതാ നിങ്ങൾ കൊടുത്ത അഡ്രസ്സിനൊപ്പം രണ്ട് നമ്പർ കൊടുത്തിരുന്നല്ലോ? അതിൽ ഒന്ന് അമ്മയുടെ താണെങ്കിൽ രണ്ടാമത്തെ തൻെറയായിരിക്കുമെന്നറിയാം ,അങ്ങനെ വാട്സ് അപ്പിൽ നോക്കിയപ്പോൾ തന്റെയും മോളുടെയും പ്രൊഫൈൽ പിക് കണ്ടു.”

“ഉം ,ആള് കൊള്ളാമല്ലോ,.എന്ന് പറഞ്ഞ് ഒരു സ്മൈലി  ഇമോജി, അജിത അങ്ങോട്ട് അയച്ചു.

അതൊരു തുടക്കമായിരുന്നു

പിന്നെ ഓരോ ദിവസവും ആ ചാറ്റിങ്ങ് തുടർന്നു അതിനോടൊപ്പം അവർ തമ്മിലുള്ള അകലം കുറയുകയും ചെയ്തു.

ഒരിക്കൽ അയാൾ അവളെ ഒരു ഔട്ടിങ്ങിന് ക്ഷണിച്ചു.

സന്തോഷപൂർവ്വം അവളാ ക്ഷണം സ്വീകരിച്ചു.

പിറ്റേ ദിവസം സായാഹ്നമായപ്പോൾ ബീച്ചിനടുത്തുള്ള കഫേയിൽ അഭിമുഖമായിട്ട്, അവർ ഇരുന്നു.

“എന്താ നേരിട്ട് കാണണമെന്ന് പറഞ്ഞത്”

പ്രതീക്ഷയോടെ അജിത, ദിലീപിനെ നോക്കി.

“അല്ല,  നമ്മുടെ ഭാവി ജീവിതത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു”

“അതെന്ത് സംസാരിക്കാനാണ്, ഇനി ഒരു ഡേറ്റ് നിശ്ചയിച്ച് ആ ചടങ്ങ് ഒന്ന് നടത്തിയാൽ പോരെ”

അവൾ ആകാംഷയോടെ ചോദിച്ചു.

“എനിക്ക് അജിതയെ ഒരു പാട് ഇഷ്ടമാണ്, പക്ഷേ, എന്റെ വീട്ടുകാർക്ക് തന്റെ മകളൊരു ബാധ്യതയാകുമെന്ന പേടിയുണ്ട്, അത് കൊണ്ട്”

അയാൾ അർദ്ധോക്തിയിൽ നിർത്തി.

“അത് കൊണ്ട് എന്ത് ചെയ്യണമെന്നാണ് പറയുന്നത്”

അവൾ സംശയത്തോടെ ചോദിച്ചു.

“എന്റെ വീട്ടുകാരുടെ സമ്മതമില്ലാതെ നമ്മൾ ഒന്നിക്കുന്നു, തത്ക്കാലം നമ്മൾ ഒരു വാടക വീടെടുത്ത് മാറുന്നു, എന്ത് പറയുന്നു?”

“ഹേയ് അതൊന്നും ശരിയാവില്ല ദിലീപ് , വീട്ടുകാരുടെ പിന്തുണയില്ലാതെ ഞാനൊരിക്കലും ദിലീപിനൊപ്പം വരില്ല”

“അജിതേ..നീ ആലോചിച്ചിട്ട് ഒരു തീരുമാനം പറഞ്ഞാൽ മതി”

“ഇല്ല ദിലീപ്, ഇതിൽ ആലോചിക്കാനൊന്നുമില്ല ,നീ പോയിട്ട് ആദ്യം വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കാൻ നോക്ക്”

അത്രയും പറഞ്ഞ് അവൾ എഴുന്നേറ്റ് പോയി.

ദിലീപ് അവളുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ അതൃപ്തനായിരുന്നു.

രാത്രി…

അജിതയുടെ ചൂട് പറ്റി, ലയമോൾ അച്ഛന്റെയടുത്ത് പോയ വിശേഷങ്ങൾ അമ്മയോട് പറഞ്ഞ് കൊണ്ടിരിക്കുകയാണ്.

“അമ്മേ.. അച്ഛനിപ്പോൾ പഴയ പോലെ ഫെയ്സ് ബുക്കും വാട്ട്സ്ആപ്പുമൊന്നും നോക്കാറില്ലമ്മേ”

“അതെന്താ?

“ആഹ് ,ഇന്നും ഇന്നലെയും അച്ഛന്റെ ഫോൺ എനിക്ക് വീഡിയോസ് കാണാനായിട്ട് തന്നിരിക്കുവായിരുന്നു”.

“മോള് ചോദിച്ചില്ലേ? അച്ഛന് ആരോടും ചാറ്റ് ചെയ്യാനില്ലേ എന്ന്”

അജിത അനിഷ്ടത്തോടെ ചോദിച്ചു.

“ഞാൻ, ചോദിച്ചു എന്താ അച്ഛാ അച്ഛനിപ്പോൾ നെറ്റ് യൂസ് ചെയ്യാത്തേ എന്ന്”

“എന്നിട്ട് എന്ത് പറഞ്ഞു”

“അപ്പോൾ അച്ഛൻ പറയുവാ ,മുൻപ് അച്ഛൻ സ്ഥിരം നെറ്റ് യൂസ് ചെയ്ത കൊണ്ടാണ് അമ്മ പിണങ്ങി പോയതെന്ന്, ഇനി മോള് കൂടി, പിണങ്ങിപ്പോകരുതെന്ന് കരുതിയാ ഉപയോഗം നിർത്തിയതെന്ന്”

“അപ്പോൾ പിന്നെ, എല്ലാ രാത്രിയിലും അച്ഛന്റെ ഫോണിൽ എന്തിനാ നെറ്റ് ഓൺ ചെയ്ത് ഇട്ടിരിക്കുന്നത്”

“അതും ഞാൻ ചോദിച്ചമ്മേ , അപ്പോൾ പറയുവാ അമ്മയ്ക്ക് ഒരിക്കലെങ്കിലും അച്ഛനോടുള്ള വെറുപ്പ് മാറി ഒരിഷ്ടം തോന്നിയാലോന്ന് അപ്പോൾ അച്ഛനോട് സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നിയാൽ, വേണമെങ്കിൽ അമ്മയ്ക്ക് വാട്സ്ആപ്പിലൂടെ ഒരു ഹായ് പറയാമല്ലോ, അതിന് വേണ്ടി മാത്രമാണ് എപ്പോഴും നെറ്റ് ഓണാക്കി ഇടുന്നതെന്ന്”

“ങ്ഹേ, അങ്ങനെ പറഞ്ഞോ?

“അതെ അമ്മേ..സത്യമായിട്ടും, എന്റെ അച്ഛൻ ഒരു പാവമാണമ്മേ”

അത് കേട്ടപ്പോൾ , അജിതയുടെ നെഞ്ചിൽ, വലിയൊരു ഭാരമെടുത്ത് വെച്ചത് പോലെ തോന്നി.

എന്തിനെന്നറിയാതെ, അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി.

അപ്പോൾ അവളുടെ ഫോണിൽ ദിലീപിന്റെ മെസ്സേജ് വന്നു ,ഓപ്പൺ ചെയ്യാതെ പോലും ആ അക്കൗണ്ട് അവൾ റിമൂവ് ചെയ്തു.

~സജിമോൻ തൈപറമ്പ്