അതൊക്കെ വഴിയേ മനസ്സിലാക്കാം, കുറച്ച് ദിവസം എന്തായാലും നമ്മൾ ഇവിടെ തന്നെ കണ്ടുമുട്ടുമല്ലോ…

Story written by Saji Thaiparambu

============

“എന്താ സർ, ഉറങ്ങിയോ”

പൊടിയരിക്കഞ്ഞിയും കുടിച്ചിട്ട്, ഒന്ന് മയങ്ങിയ നേരത്താണ്, ആ ശബ്ദം കേട്ട് മാത്യൂസ് കണ്ണ് തുറന്നത്.

മുന്നിൽ നിറഞ്ഞ പുഞ്ചിരി തൂകി കൊണ്ട് ഒരു മാലാഖ കുട്ടി.

“ങ്ഹേ, ഇന്ന് പുതിയ ആളാണല്ലോ?നമ്മുടെ ഷീലാമ്മ എവിടെ പോയി?

മാത്യൂസ്, ആകാംക്ഷയോടെ മുന്നിൽ നില്ക്കുന്ന നഴ്സിനോട് ചോദിച്ചു.

“ഷീലേച്ചിയുടെ ഹസ്ബന്റ്, പട്ടാളത്തിന്ന് വന്നിട്ടുണ്ട്, അത് കൊണ്ട്, ഇനി കുറച്ച് ദിവസത്തേക്ക് നൈറ്റ് ഡ്യൂട്ടി എനിക്കാ , സാറിനെ പ്രത്യേകം ശ്രദ്ധിക്കമെന്ന് ഷീലേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്”

“ഉവ്വോ ,അവൾ നല്ലവളാ, എന്നോടവൾക്ക് ഇത്തിരി സ്നേഹം കൂടുതലാ ,അത് ഞാനവളുടെ അപ്പനെ പോലെ ഇരിക്കുന്നത് കൊണ്ടാണെന്ന്, എപ്പോഴും പറയാറുണ്ട്. ആട്ടെ, മോളുടെ പേരെന്താ ?

“എന്റെ പേര് സലീന”

“മോളുടെ ഭർത്താവും, കുട്ടികളുമൊക്കെ?

“ഹേയ് ,എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, പക്ഷേ, എനിക്ക് രണ്ട് വയസ്സുള്ള ഒരു മോനുണ്ട്”

“ങ്ഹേ, എനിക്കൊന്നും മനസ്സിലായില്ല മോളേ”

“അതൊക്കെ വഴിയേ മനസ്സിലാക്കാം, കുറച്ച് ദിവസം എന്തായാലും നമ്മൾ ഇവിടെ തന്നെ കണ്ടുമുട്ടുമല്ലോ?

ആദ്യം ഈ ഗുളികകളൊക്കെ കഴിച്ച് നല്ല സുഖമായി ഒന്ന് ഉറങ്ങ്, ഡിസ്ചാർജ്ജ് ആകുന്ന ദിവസം ഞാനെന്റെ കഥകൾ പറയാംപോരെ”

സ്നേഹപൂർവ്വം, സലീന കൊടുത്ത ഗുളികകൾ കഴിച്ച് മാത്യുസ്, പതിയെ ഉറക്കത്തിലേക്ക് വീണു.

“അല്ല ,എന്തിനാ മഞ്ജു ,106 – ലെ സാറ് ഈ പ്രായത്തിൽ ഒരു ആത്മഹത്യ ശ്രമം നടത്തിയത്”

സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ സലീന, സഹപ്രവർത്തകയോട് ഉത്ക്കണ്ഠാകുലയായി ചോദിച്ചു.

“ഓഹ്, അത് പുതിയ കാര്യമൊന്നുമല്ല, ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാകാറുണ്ട്,

അതിന് കാരണം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ ഒരേ ഒരു മകൻ രണ്ട് വർഷം മുൻപ് ഗൾഫിൽ ഒരാക്സിഡൻറിൽ മരിച്ചിരുന്നു. മകനെ ,അദ്ദേഹത്തിന് ഒരു പാട് ഇഷ്ടമായിരുന്നു”

“ഓഹ് ,അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ?

“അവരാണ് ,ബൈസ്റ്റാന്ററായി നില്ക്കുന്നത്, കുറച്ച് മുൻപ്, വീട്ടിൽ പോയിട്ട് വരാമെന്ന് പറഞ്ഞ് പോയി.”

“ഓഹ്, കഷ്ടം അല്ലേ മഞ്ജു ,ഈ പ്രായത്തിൽ മാതാപിതാക്കൾ തനിച്ചാകുന്നത് എത്ര ദയനീയമാണല്ലേ?

ഏകാശ്രയമായിരുന്ന മകൻ നഷ്ടപ്പെടുമ്പോൾ അവർക്ക് ഈ ലോകത്ത് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് തോന്നുo, അപ്പോൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് പോകും.”

“ഉം ,അതെ, പക്ഷേ നമുക്ക് എന്ത് ചെയ്യാൻ പറ്റുo”

മഞ്ജു,നിസ്സഹായതയോടെ പറഞ്ഞു.

പിറ്റേന്ന് രാത്രിയിൽ സലീന റൂമിലേക്ക് വരുമ്പോൾ മാത്യുസ്, ഒരു ചെറിയ ആൽബം മറിച്ച് നോക്കുകയാണ്.

സലീന ഒന്ന് മുരടനക്കി.

“ങ്ഹാ മോളോ? വാ മോളേ”

അയാൾ ആൽബം മടക്കി വച്ചിട്ട് അവളെ ക്ഷണിച്ചു.

“ഇന്നും ഒരു പാട് മരുന്നുണ്ടോ മോളേ?

“ഹേയ് ,എന്തായാലും ഇന്നും കൂടി കഴിച്ചാൽ മതിയല്ലോ? നാളെ ഡിസ്ചാർജ്ജ് ചെയ്യുമെന്നാ പറഞ്ഞത്”

“ഹും പോയാലും പിന്നേം ഇങ്ങോട്ട് തന്നെയല്ലേ വരേണ്ടത്”

അയാൾ നിരാശയോടെ പറഞ്ഞത് കേട്ട് സലീനയ്ക്ക് വിഷമമായി.

“സാർ അങ്ങനൊന്നും ഇനി ചിന്തിക്കരുത്, നഷ്ടപ്പെട്ടതൊന്നും ഇനിയൊരിക്കലും തിരിച്ച് കിട്ടില്ലന്ന്, സാറിനറിയാമല്ലോ ,ഒരു മകൻ ഉണ്ടായിരുന്നത് നഷ്ടപ്പെട്ടതിന്റെ ഷോക്കിൽ നില്കുന്ന ആ അമ്മയെ കുറിച്ച് സാർ ഒന്ന് ചിന്തിക്കണം ,

ഇനി സാറിന്റെ സപ്പോർട്ടാണ്, ആ അമ്മക്ക് വേണ്ടത്, നിങ്ങൾ രണ്ടാളും ഇനിയുo ഒരു പാട് നാൾ, സന്തോഷമായി ജീവിക്കണം”.

“ഒക്കെ എനിക്കറിയാം മോളേ ,എനിക്ക് നഷ്ടപ്പെട്ടത് ഒരു മകനെ മാത്രമല്ല എന്റെ കൂട്ടുകാരൻ കൂടിയായിരുന്നു അവൻ, ഞങ്ങളുടെ ഇടയിൽ യാതൊരു രഹസ്യങ്ങളുമുണ്ടായിരുന്നില്ല,

അവസാനമായി അവൻ വിളിക്കുമ്പോൾ എന്നോട് പറഞ്ഞത്, അവൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ടെന്നും, അവൾ അന്യജാതിയായത് കൊണ്ടാണ് അപ്പനോട് ഇതുവരെ പറയാതിരുന്നതെന്നുമാണ്,

പിന്നെ ഇപ്പോഴെന്തിനാടാ പറഞ്ഞത് ഇപ്പോഴും ഞാൻ സമ്മതിക്കില്ലല്ലോ

എന്ന് തീർത്ത് പറഞ്ഞപ്പോൾ അവൻ പറയുവാ ,അപ്പൻ എന്നോട് ക്ഷമിക്കണം, അവളെ എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല, എന്റെ കുട്ടി അവളുടെ വയറ്റിൽ വളരുന്നുണ്ടെന്ന്…

അത് കേട്ടതും ഞാൻ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു, പിന്നീട് ഒരുപാട് തവണ അവന്റെ കോൾ കണ്ടിട്ടും ഞാൻ അറ്റൻറ് ചെയ്തില്ല.

പിറ്റേന്ന് ,എന്റെ ദേഷ്യമൊക്കെ മാറി, എനിക്ക് സമ്മതമാണെന്ന് പറയാൻ, ഞാൻ തിരിച്ച് വിളിച്ചപ്പോൾ ഫോൺ എടുത്തത് അവന്റെ കൂട്ടുകാരായിരുന്നു, അവർ പറഞ്ഞത് കേട്ട് ഞാൻ തകർന്ന് പോയിമോളേ ,എന്റെ മോൻ…”

അയാൾ കുട്ടികളെ പോലെ പൊട്ടിക്കരഞ്ഞു.

എല്ലാം കേട്ട്, സലീന തരിച്ചിരിക്കുകയായിരുന്നു.

“മകൻ നഷ്ടപ്പെട്ടത് മാത്രമല്ല മോളെ എന്റെ വിഷമം, അവൻ മൂലം ഗർഭിണിയായ ഒരു പാവം പെൺകുട്ടി, ഇപ്പോൾ ഞാൻ മൂലം എവിടെയോ കിടന്ന് കഷ്ടപ്പെടുന്നുണ്ടാവില്ലേ ,എന്റെ കൺമുന്നിൽ, മരിക്കുന്നതിന് മുമ്പ്, അവരെ ഒന്ന് എത്തിച്ച് തന്നാൽ മതി കർത്താവേ, എന്നാണ് എന്റെ പ്രാർത്ഥന,

മോള് കണ്ടിട്ടില്ലല്ലോ എന്റെ മോനേ?

ദാ നോക്ക്”

അയാൾ, തന്റെ കയ്യിലിരുന്ന ആൽബം സലീനയുടെ നേർക്ക് നീട്ടി.

വിറയ്ക്കുന്ന കൈകളോടെ അവളത് വാങ്ങി നോക്കി.

ഒന്നേ നോക്കിയുള്ളു.

താനിത്രയും നാൾ വെറുപ്പോടെ ഓർത്തിരുന്ന, എന്നെങ്കിലും നേരിട്ട് കാണുമ്പോൾ പ്രതികാരം ചെയ്യാൻ വേണ്ടി കാത്തിരുന്ന, ഒരിക്കൽ താൻ ജീവന് തുല്യം സ്നേഹിച്ചിട്ട് തന്റെ എല്ലാം കവർന്നെടുത്തിട്ട് തന്നെ വഞ്ചിച്ച് കടന്ന് പോയതാണെന്ന് താനിത്ര നാളും തെറ്റിദ്ധരിച്ചിരുന്ന തന്റെ ഷോൺ മാത്യുവിന്റെ ഫോട്ടോ കണ്ടപ്പോൾ ബോധംകെട്ട് പോകുമെന്ന് തോന്നിയ അവൾ, പെട്ടെന്ന് മുറി വിട്ടിറങ്ങി പോയി.

പിറ്റേന്ന് ,മാത്യുസിന്റെ ഡിസ്ചാർജ് കാർഡുമായി സലീന മുറിയിലേക്ക് വരുമ്പോൾ , കൂടെ അവളുടെ മകനുമുണ്ടായിരുന്നു.

“ഹായ് ഇതാണോ മോളുടെ മകൻ മിടുക്കനാണല്ലോ?

മാത്യൂസ് അവനെ ചേർത്ത് പിടിച്ചു.

“സാർ, ഇനി മുതൽ മകന്റെ നഷ്ടമോർത്ത്, അങ്ങ് ആത്മഹത്യക്ക് ശ്രമിക്കണ്ടാ, അത് പോലെ തന്നെ, മകൻ കാരണം ,പി ഴച്ച് പെറ്റ പെൺകുട്ടിയെ കുറിച്ച് ഉത്ക്കണ്ഠപ്പെടുകയും വേണ്ട, ആ പെൺകുട്ടി ഞാനാണ്, അങ്ങയുടെ മകന്റെ ചോ രയാണ് ഈ നില്ക്കുന്നത് ,

ചെറുമകനെ കാണണമെന്ന് തോന്നുന്നുമ്പോൾ എന്നെ ഒന്ന് വിളിച്ചാൽ മതി, അങ്ങയുടെ വീട്ടിലേക്ക്,ഞാൻ കൊണ്ട് വന്ന് കാണിക്കാം നിങ്ങളുടെ ചെറുമകനെ”

അവൾ നിർവ്വികാരതയോടെ അത് പറഞ്ഞപ്പോൾ, മാത്യുസിന് വിശ്വസിക്കാനായില്ല.

“മോളേ ,നീ എന്തൊക്കെയാണീ പറയുന്നത് “

“അതെ സാർ, ഞാൻ പറഞ്ഞത് സത്യമാണ്, വിശ്വാസമില്ലെങ്കിൽ ദാ ഈ ഫോട്ടോ നോക്കു

അവൾ തന്റെ മൊബൈൽ ഫോണിലെ ഗ്യാലറി ഓപ്പൺ ചെയ്ത് കാണിച്ചു.

“എന്റെ മോളേ, എനിക്കൊരു തെളിവും വേണ്ട, ഈ മുഖം കണ്ടാൽ അറിയാമല്ലോ, ഇത് എന്റെ കൊച്ചുമകനാണെന്ന്, ഇനി നിങ്ങൾ രണ്ടാളും കഴിയേണ്ടത് എന്റെ വീട്ടിലാ, മോള് എതിരൊന്നും പറയരുത്,

ഈ വൃദ്ധദമ്പതികളുടെ അപേക്ഷയാണെന്ന് കരുതിയാൽ മതി”

അയാൾ ദയനീയതയോടെ സലീനയെ നോക്കി.

നിറഞ്ഞ കണ്ണുകളോടെ അവൾ ചുളിവുകൾ വീണ ആ കൈകൾ കൂട്ടിപ്പിടിച്ചു…

~സജിമോൻ തൈപറമ്പ്