വിനീതിന്റെയും വേണിയുടെയും രണ്ടാം വിവാഹവാർഷികം ആഘോഷിക്കുവാനുള്ള  തീരുമാനത്തെയാണ് പ്രകാശൻ തള്ളികളഞ്ഞത്…

Story written by Reshja Akhilesh

==============

“ഇത്‌ ഇവിടെ നടക്കില്ല, മരുമകളായി നീയിവിടെ വന്നു കയറിയതിൽ പിന്നെ ഒരുപാട് പരിഷ്ക്കാരങ്ങൾ നടന്നിട്ടുണ്ട് പക്ഷേ ഇത്‌ അനുവദിയ്ക്കാൻ പറ്റില്ല.”

പ്രകാശൻ കടുപ്പിച്ചു തന്നെ പറഞ്ഞു.

“അച്ഛാ…പറയുന്നത് ഒന്ന് കേൾക്ക്…”

“നീയൊന്നും പറയണ്ട…നിന്റെ അനിയത്തി അല്ലേടാ നീത. അവളിങ്ങനെ ദുഃഖിച്ചിരിക്കുമ്പോൾ നീയൊക്കെ കൂടി ആഘോഷിക്കാൻ പോവാണോ…”

“അച്ഛാ…” വേണി പ്രകാശനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

“വേണ്ട വേണി…അച്ഛനോട് ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ.”

വിനീത് വേണിയെയും കൂട്ടി അകത്തേയ്ക്ക് പോയി. പ്രകാശന് വേണിയെ വലിയ കാര്യമായിരുന്നു. കല്ല്യാണം കഴിഞ്ഞു വന്ന ആദ്യ നാളുകളിൽ നീതയും വേണിയും പലപ്പോഴ് കൊമ്പു കോർത്തിട്ടുണ്ടെങ്കിലും പ്രകാശൻ അത് കാര്യമാക്കിയിരുന്നില്ല. പ്രായത്തിന്റെ പക്വത കുറവും, സഹോദരന്റെ സ്നേഹം പങ്കുവെയ്ക്കുന്നതിൽ ഉള്ള നീതയുടെ  അസൂയയും ആയിട്ടേ അതിനെയെല്ലാം അയാൾ കണ്ടിരുന്നുള്ളു. ഏതാണ്ട് സമപ്രായക്കാരായ നീതയും വേണിയും വൈകാതെ നല്ല സുഹൃത്തുക്കൾ ആകുമെന്ന് അയാൾ വിചാരിച്ചിരുന്നു. വേണിയെക്കുറിച്ച് ഇടയ്ക്കിടെ പറയുന്ന പരാതികൾ അയാൾ തള്ളിക്കളഞ്ഞിരുന്നു. പക്ഷേ ഇന്നാദ്യമായി പ്രകാശന് വേണിയോട് ഇഷ്ട്ടക്കേട് തോന്നി.

വിനീതിന്റെയും വേണിയുടെയും രണ്ടാം വിവാഹവാർഷികം ആഘോഷിക്കുവാനുള്ള  തീരുമാനത്തെയാണ് പ്രകാശൻ തള്ളികളഞ്ഞത്. കാരണം മറ്റൊന്നുമല്ലായിരുന്നു, മകൾ നീത  ഭർത്താവുമായുള്ള പ്രശ്നങ്ങൾ കാരണം നാട്ടിലേയ്ക്ക് വരുന്ന ദിവസം തന്നെ ആയിരുന്നു അവരുടെ വിവാഹവാർഷികവും. നീതയുടേത്  വീട്ടുകാർ പറഞ്ഞുറപ്പിച്ചു നടത്തിയ വിവാഹമായിരുന്നില്ല. പ്രണയവിവാഹമായിരുന്നു. ആരെതിർത്തിട്ടും ഫലമുണ്ടായിരുന്നില്ല. അവൾക്കിഷ്ട്ടപ്പെട്ട പയ്യനോടൊപ്പം ആരോടും പറയാതെ അവൾ ഇറങ്ങിപ്പോവുകയായിരുന്നു. തെറ്റായ തീരുമാനം ആയിരുന്നു അതെന്ന് അധികം നാൾ കഴിയും മുൻപേ അവൾക്ക് ബോധ്യമായി. ല ഹരിയ്ക്ക് അടിമയായിരുന്ന അയാളുടെ ഒപ്പം കഴിയുന്നത് അവളുടെ ജീവന് തന്നെ ആപത്തായിരുന്നു. വീട്ടിലേയ്ക്ക് തിരികെ വന്നാലുള്ള നാട്ടുകാരുടെ പരിഹാസവും ബന്ധുക്കളുടെ കുത്തുവാക്കുകളും ഭയന്ന് അവൾ ആരോടും പ്രശ്നങ്ങൾ പറഞ്ഞിരുന്നില്ല. തീരെ പിടിച്ച് നിൽക്കുവാൻ വയ്യാതെ ആണ് അവൾ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഏട്ടനോട് കാര്യം പറഞ്ഞത്.

******************

നീതയെ കൂട്ടിക്കൊണ്ട് വരാൻ എയർപോട്ടിലേക്ക് പോയത് പ്രകാശൻ ആയിരുന്നു. വിനീതിനോട് കൂടെ ചെല്ലാൻ വിളിച്ചെങ്കിലും വിനീത് ഒഴിഞ്ഞു മാറിയത്തിൽ അയാൾക്ക് വലിയ വേദനയായി.

“മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്ന് കാർന്നോന്മാർ പറയണത് നേരാ…”  പ്രകാശൻ വിനീതിനോട് അത്ര മാത്രം പറഞ്ഞു.

നീത പ്രകാശനെ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു.

“ഏട്ടനും ഏടത്തിയും വന്നില്ലേ അച്ഛാ…” കാറിൽ ഇരുന്ന് അവൾ ചോദിച്ചത് അതു മാത്രമായിരുന്നു.

“മോള് പറഞ്ഞതാ ശരി…വിനീതിനു വേണിയെ കിട്ടിയേ പിന്നെ നമ്മളെ വേണ്ടാതായി…അവന് വരാൻ പറ്റില്ലാന്ന് പറഞ്ഞു…അവരടെ വിവാഹവാർഷികമല്ലേ ഇന്ന്…ആഘോഷിക്കാൻ രണ്ടാൾക്കും വല്ല്യേ ആഗ്രഹം ആയിരുന്നു. അച്ഛൻ പറഞ്ഞു പറ്റില്ലാന്നു…എന്റെ കുട്ടി ഇങ്ങനെ ഒരു അവസ്ഥയിൽ വരുമ്പോൾ…അതിന്റെ പിണക്കാ അവന്…”

“അച്ഛനെതിനാ  തടയാൻ പോയത്…അച്ഛന്റെ മോൾക്ക്‌ ഇങ്ങനെ അവസ്ഥ ആയീന്ന് വെച്ചിട്ട്…ഏട്ടനും ഏടത്തിയും എന്നെ വിളിക്കാറുണ്ടായിരുന്നു. സങ്കടപ്പെടരുത്, കഷ്ട്ടപ്പാടാണെങ്കിൽ നാട്ടിലേയ്ക് വാ എന്നൊക്ക ഏടത്തി പറയാറുണ്ടായിരുന്നു…പണ്ടത്തെ പോലെ വഴക്കൊന്നും ഇല്ലായിരുന്നു…ഞാൻ കാരണം അവരുടെ സന്തോഷം ഇല്ലാതാക്കിയിട്ട്…വേണ്ടായിരുന്നു…” നീതയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“ഊം…” പ്രകാശൻ അമർത്തി മൂളിയതെ ഉള്ളു. അച്ഛന്റെ തോളിൽ തല ചായ്ച്ചുകൊണ്ടവൾ വീടെത്തുവോളം ഉറങ്ങി.

“നീതേ…മോളെ…ഇറങ്ങു വീടെത്തി.”

നീതയുടെ ബാഗെല്ലാം എടുത്ത് പ്രകാശൻ മുൻപേ നടന്നു. മാസങ്ങളായിട്ടുണ്ടായിരുന്നു നീത വീട് വിട്ട് പോയിട്ട്. വേണിയുടെ അനിഷ്ടത്തോടെയുള്ള സ്വീകരണം മനസ്സിൽ ഊഹിച്ചു കൊണ്ട് അകത്തേയ്ക്ക് കടക്കാൻ മടിച്ച് നിന്ന അവളെ പ്രകാശൻ വേദനയോടെ നോക്കി.

മുറ്റത്ത് വേറെയും രണ്ടു വണ്ടികൾ ഉണ്ടായിരുന്നു. വേണിയുടെ വീട്ടുകാരുടെതാണ് ഒരെണ്ണം എന്ന്  പ്രകാശ് തിരിച്ചറിഞ്ഞു.

കോളിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് വേണിയായിരുന്നു.  അകത്തേക്ക് കയറിപ്പപ്പോൾ അവിടമാകെ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. മേശയിൽ കേക്കും നിറയെ മധുര പലഹാരങ്ങളും. പ്രകാശന്റെ വാക്കുകൾ ധിക്കരിച്ചു കൊണ്ട് നടത്തിയ ഒരുക്കങ്ങൾ കണ്ടതും അയാൾക്ക് ദേഷ്യമിരച്ചു കയറി. വേണിയുടെ ബന്ധുക്കളും മറ്റു ചിലരും അവിടെ ഉള്ളത് കാര്യമാക്കാതെ പ്രകാശൻ നീരസം പ്രകടിപ്പിച്ചു.

“ആരുടേയും സന്തോഷം തല്ലിക്കെടുത്താൻ വേണ്ടി ആയിരുന്നില്ല മക്കളെ അച്ഛൻ ആഘോഷം വേണ്ടെന്ന് വെച്ചത്…എന്റെ മോൾടെ അവസ്ഥ ഇങ്ങനെ ആയത് കൊണ്ടാ…എന്തായാലും നടക്കട്ടെ…അച്ഛന്റെ വാക്കിനു പുല്ലുവിലയാണെന്ന് മനസ്സിലായി…”

“അച്ഛാ…” പുറകെ എത്തിയ നീത വിലക്കി.

അവിടെ കൂടി നിൽക്കുന്നവരുടെ മുഖത്തേയ്ക്ക് നോക്കുവാൻ അവൾക്ക് ജാള്യത തോന്നി.

“ചാടി പുറപ്പെട്ടതല്ലേ…ഇപ്പൊ എന്തായി ” എന്ന് ആരൊക്കെയോ പരിഹസിക്കുന്ന പോലെ…

നീതയ്ക്ക് മറ്റുള്ളവരെ അഭിമുഖീകരിയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വേണിയ്ക്കും വിനീതിനും മനസ്സിലായി.

“വാ നീതേ…വന്നു കേക്ക് മുറിയ്ക്ക്… ” വേണി നീതയെ പിടിച്ചു കൊണ്ടു പോയി കൈയ്യിൽ കത്തി പിടിപ്പിച്ചു.

“ഇത്‌ നിങ്ങളുടെ വെഡിങ് ആനിവേഴ്സറി സെലിബ്രേഷൻ അല്ലേ…അതിന്…” നീത കേക്കിലേക്ക് നോക്കിയതും വീണ്ടും കണ്ണു നിറഞ്ഞു. ചിരിച്ചു കൊണ്ട് നിൽക്കുന്ന നീതയുടെ പടമായിരുന്നു അതിൽ. എന്താണ് എഴുതിയിട്ടുള്ളതെന്ന് വായിക്കാൻ അവൾ പ്രയാസപ്പെട്ടു. കണ്ണുകൾ അനിയന്ത്രിതമായി ഒഴുകി കൊണ്ടിരുന്നു.

പ്രകാശന് എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല.

“കരയാതെ പെണ്ണേ…നമുക്ക് അടിയുണ്ടാക്കാനുള്ളതാ…” വേണി നീതയുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു. നീത അറിയാതെ പുഞ്ചിരിച്ചുപ്പോയി.

വിനീത് നീതയെ കൊണ്ട് കേക്ക് മുറിപ്പിച്ച് ഒരു കഷ്ണം അവളുടെ വായിലേയ്ക്ക് വെച്ച് കൊടുത്തു.

അപ്പോഴും ഒന്നും മനസ്സിലാകാതെ നിന്ന പ്രകാശനരികിലേയ്ക്ക് വേണി വന്നു. “അച്ഛാ…ഇന്ന് ഇവ്ടെ ആഘോഷിക്കുന്നത് ഞങ്ങളുടെ ആനിവേഴ്സറി ഒന്നുമല്ല…നീതയുടെ തിരിച്ചു വരവാണ്…ആനിവേഴ്സറി ആണെന്ന് പറഞ്ഞാലേ ദേ ഇവരൊക്കെ വരുമായിരുന്നുള്ളു. അച്ഛനോട് പറയാൻ വന്നപ്പോഴൊക്കെ കടിച്ചു കീറാൻ നിൽക്കായിരുന്നില്ലേ…

സ്വന്തം വീട്ടിലേയ്ക്ക് വരുന്നതിനു എന്തിനാ ഈ വെൽകം പാർട്ടി എന്ന് ചോദിച്ചാൽ…സാഹചര്യങ്ങൾ മരണത്തിന്റെ വക്കിൽ എത്തിച്ചിട്ടും ബുദ്ധിമോശം ഒന്നും കാണിക്കാതെ ഇങ്ങെത്തിയല്ലോ അതിന്റെ സന്തോഷത്തിനാ…പിന്നെ വേറൊന്ന് ഇവളെ വിളിയ്ക്കുമ്പോഴെല്ലാം ഇവൾ പറയുന്നൊരു കാര്യമുണ്ടായിരുന്നു…എല്ലാവരും കുത്തി നോവിക്കും പരിഹസിക്കും എന്നൊക്കെ…വീട്ടുകാർക്ക് ഇല്ലാത്ത പ്രശ്നം നാട്ടുകാർക്ക് വേണ്ട എന്ന് എല്ലാവരെയും ഒന്ന് ബോധിപ്പിക്കാൻ കൂടിയിട്ടാണ്. അബദ്ധം മനുഷ്യസഹജമല്ലേ…അത് തിരുത്താൻ നമ്മൾ കൂടെ നിൽക്കല്ലേ വേണ്ടത്…വീട്ടുകാർ നല്ലപോലെ അന്വേഷിച്ചു ഉറപ്പിച്ചു നടത്തുന്ന എത്ര വിവാഹങ്ങൾ  ദുരന്തങ്ങളായിട്ടുണ്ട്…എന്നാലും സ്വന്തം ഇഷ്ട്ട പ്രകാരം ചെയ്തതല്ലേ എന്ന് പറഞ്ഞു നോവിക്കാനും ആളുകൾ കാണും. പക്ഷേ അവർക്ക് മുൻപിൽ വാടിപ്പോകാതെ നിൽക്കാൻ നീതയ്ക്ക് കഴിയണം. നമ്മൾ വീട്ടുകാർ  കൂടെ നിന്നില്ലെങ്കിൽ പിന്നെ ആരാ നില്ക്കാ?…”

“അച്ഛനോട് ക്ഷമിയ്ക്ക് മക്കളെ…നീതയോട് നിനക്കുള്ള ദേഷ്യം മാറിയിട്ടില്ലെന്ന് വിചാരിച്ചു ഞാൻ…”

“സാരമില്ലച്ഛാ… “

“നീതേ…പണ്ടത്തെപ്പോലെ ഏടത്തിയോട് വഴക്കുണ്ടാക്കല്ലേ കേട്ടോ…ഇപ്പൊ മനസ്സിലായില്ലേ ഏട്ടന്റേം ഏടത്തിയുടെയും സ്നേഹം…”

“അത്പറ്റില്ല…പണ്ടത്തെ പോലെ നീതയോട് വഴക്കിട്ടാലേ ഒരു സുഖമുള്ളൂ…നീതേ നീ അച്ഛൻ പറയുന്നത് കാര്യമാക്കണ്ടട്ടൊ…നമുക്ക് പഴയപോലെ അടിയുണ്ടാക്കണം…അമ്മായിഅമ്മപ്പോരോ ഇല്ലാ…നാത്തൂൻപ്പോരെങ്കിലും വേണ്ടേ…”

വേണിയുടെ കുറുമ്പ് നിറഞ്ഞ വാക്കുകൾ എല്ലാവരിലും ചിരി പടർത്തി.

(Nb: മനസ്സു വിഷമിച്ചു ആശ്വാസം തേടിവരുന്നവർക്ക് മുൻപിൽ മരണവീടിനെക്കാൾ പരിതാപകരമായ അവസ്ഥയിൽ സ്വീകരണം നൽകുമ്പോൾ എങ്ങനെയാണ് മനസ്സ് ഒന്ന് തണുക്കുക? മറ്റുള്ളവരുടെ സങ്കടങ്ങളിൽ പങ്കു ചേരുന്നത് നല്ലത് തന്നെ..കരയുമ്പോൾ അവരോടൊപ്പം കരയാതെ,.ചിരിക്കാൻ പ്രേരിപ്പിക്കുന്നത് അല്ലേ അതിനേക്കാൾ നല്ലത്…)

~രേഷ്ജ അഖിലേഷ്