അമ്മ ഇങ്ങനെയല്ലേ ചൊല്ലി വളർത്തിയിരിക്കുന്നത് പിന്നെങ്ങനെയാ മോൻ നന്നാവാ…

അമ്മായിഅമ്മ…

Story written by Reshja Akhilesh

=================

“നിങ്ങളുടെ കൂടെക്കൂടിയ അന്ന് തുടങ്ങിയതാ എന്റെ കഷ്ട്ടകാലം “

“എന്നാ പിന്നെ നിനക്കു കഷ്ട്ടപ്പാട് ഇല്ലാണ്ട് ഒഴിഞ്ഞു പൊയ്ക്കൂടെ “

“ആ…എനിക്കറിയാം നിങ്ങൾക്ക് ഞാൻ ഒഴിഞ്ഞു പോയിട്ട് വേണം നിങ്ങടെ പഴയ കാമുകിയെ വീണ്ടും പ്രേമിച്ചു കെട്ടാൻ എന്ന് “

“ടി…നിർത്തിക്കോ അല്ലെങ്കിൽ…”

“അല്ലെങ്കിൽ നിങ്ങൾ എന്തു ചെയ്യും “

“ആഹാ അത്രയ്ക്കയോ ഞാൻ കാണിച്ചു തരാടി…” മിഥുൻ ബെഡ്‌റൂമിന്റെ വാതിൽ തുറന്നതും കാത് കൂർപ്പിച്ചു വാതിലിനു ചാരെ നിൽക്കുന്ന അമ്മയെ ആണ്.

“അല്ലടാ മോനെ എന്താ പ്രശ്നം…ഇതുവഴി പോയപ്പോൾ നിങ്ങടെ വഴക്കു കേട്ടു ചോദിക്കാൻ വന്നതാ…”

“ഇവൾ ശരിയല്ല അമ്മേ…തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്കാ…”

കണ്ണിൽ കോപാഗ്നിയുമായി അഖില ഇറങ്ങി വന്നു.

“ഞാനല്ല ശരിയല്ലാത്തത്…നിങ്ങളാ…”

“ഇവളെ ഞാനിന്ന്…” മിഥുൻ അടിക്കാൻ കൈയ്യൊങ്ങിയതും ഉള്ളിലുള്ള സന്തോഷം പുറത്തു കാണിക്കാതിരിക്കാൻ മിഥുന്റെ അമ്മ പണിപ്പെട്ടു.

“കണ്ടില്ലേ നിങ്ങടെ മോൻ ഭാര്യയെ തല്ലാനും തുടങ്ങി “

“പെണ്ണുങ്ങടെ വായിലെ നാവ് ശരിയല്ലെങ്കിൽ അങ്ങനെ ഇരിക്കും…”

“ഓഹോ…അമ്മ ഇങ്ങനെയല്ലേ ചൊല്ലി വളർത്തിയിരിക്കുന്നത് പിന്നെങ്ങനെയാ മോൻ നന്നാവാ…”

“എടി…നീയെന്റെ അമ്മയെ പറയുന്നോ…ഇനി നീ ഒരു നിമിഷം ഇവിടെ നിൽക്കരുത്…ഇറങ്ങിക്കോ ഇവിടന്ന്…”

മിഥുൻ അഖിലയുടെ കൈയ്യിൽ പിടിച്ചു വലിച്ചു തിരികെ ബെഡ്റൂമിലേക്ക് നടന്നു വാതിൽ അടച്ചു കുട്ടിയിട്ടു.

അകത്തു നിന്നും വീണ്ടും വഴക്കു കേൾക്കാമായിരുന്നു…

“എടി മരുമോളെ…എന്റെ മോൻ എന്നെ പറഞ്ഞാൽ വെറുതെ ഇരിക്കുമെന്നാണോ കരുതിയത്…അവൻ ഇങ്ങനെ പോയാൽ നിന്നെ ഉപേക്ഷിക്കും.” തെല്ലു അഹങ്കാരത്തോടെ മിഥുന്റെ അമ്മ മനസ്സിൽ വിചാരിച്ചു.

കുറച്ചു നേരത്തിന് ശേഷം അഖില അവരുടെ കുഞ്ഞിനേയും എടുത്തു മുറിയുടെ പുറത്തേയ്ക്ക് വന്നു. പിന്നാലെ രണ്ടു ബാഗും എടുത്ത് മിഥുനും.

“ഞാൻ ഇവളെ കൊണ്ടാക്കാൻ പോവാ അമ്മേ…” മിഥുൻ കടുപ്പിച്ചു പറഞ്ഞു.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വാശിയോടെ അവളും മിഥുന്റെ പിന്നാലെ പോയി കാറിൽ കയറി. മിഥുന്റെ അമ്മ വേഗത്തിൽ നടന്നു കാറിന്റെ വിന്റോയുടെ അടുത്തേക് കുനിഞ്ഞു കൊണ്ട് അവളോട് പറഞ്ഞു….

“നിന്റെ അഹങ്കാരം എന്ന് കുറയുന്നോ അന്ന് വന്നാൽ മതി ഇങ്ങോട്ട് കേട്ടല്ലോ ” വിജയീ ഭാവത്തിൽ മിഥുന്റെ അമ്മ.

അവൾ ഒന്നും മറുപടി പറഞ്ഞില്ല.

മിഥുനും അഖിലയും അമ്മ വേഗത്തിൽ നടന്നത് ഓർമ്മിക്കുകയായിരുന്നു.

“സന്തോഷം വരുമ്പോൾ നിങ്ങടെ അമ്മയ്ക്ക് ഒരു മുട്ടു വേദനയും ഇല്ലാലേ മിഥുനേട്ടാ…”

“പോട്ടേടി…പാവം  .”

“ഊം…അയ്യോ ഞാൻ മോൾടെ പാൽക്കുപ്പി എടുക്കാൻ മറന്നു.”

“ഊം ഇനി നീ പലതും മറക്കും…വീട്ടിൽ അടിച്ചു പൊളിക്കാൻ പോവല്ലേ…വല്യമ്മേടെ മോൾടെ കല്ല്യാണം…”

“അല്ല നിങ്ങളെപ്പോഴാ അങ്ങോട്ട് വരാ…അമ്മയോട് എന്തു പറയും?”

“വീട്ടിൽ വന്നു ക്ഷണിച്ച കല്ല്യാണം അല്ലേ…അതോണ്ട് പോയെ പറ്റു എന്ന് പറയും.”

“ആ…അതുമതി…അപ്പൊ ഇനി രണ്ടാഴ്ചതേയ്ക്ക് എനിക്ക് നല്ല കൂടിയ ഇനം അഹങ്കാരം ആണ് കേട്ടോ…”

“മ്മ്…പാവം എന്റെ അമ്മ…”

“അയ്യടാ…പാവം…ഇങ്ങനെ ഒരു അടവ് എടുത്തില്ലായിരുന്നെങ്കിൽ നിങ്ങടെ അമ്മ എന്നെ വിടുമായിരുന്നോ…കാല് വേദനയാ കൈവേദനയാ എന്നെല്ലാം പറഞ്ഞ് കല്യാണത്തിന്റെ അന്നെ ദിവസം പോലും ഉച്ച കഴിഞ്ഞേ പറഞ്ഞയക്കു അങ്ങോട്ട്… മാസത്തിൽ രണ്ടും മൂന്നും തവണ വരുന്ന എന്റെ നാത്തൂന് ആ സമയത്ത് പ്രധാനമന്ത്രിയെക്കാൾ തിരക്കായിയിരിക്കും അപ്പോൾ. മകൻ വീട്ടുജോലി ചെയ്യുന്നത് പിന്നെ കുറച്ചിൽ ആണല്ലോ…എന്റെ വീട്ടിൽ എന്തെങ്കിലും വിശേഷം ഉണ്ടാവുമ്പോൾ പോവാൻ ആരുടേയും ഔദാര്യം ഒന്നും വേണ്ട…ഞാൻ പോണമെന്ന് പറഞ്ഞ് വാശി പിടിച്ചാൽ പിന്നെ അത് വഴക്കായി…വഴക്കിടാൻ അറിയാഞ്ഞിട്ടല്ല…വേണ്ടാന്ന് വെച്ചിട്ടാ…ഇതാവുമ്പോ അമ്മയ്ക്കും ഒരു മനസ്സുഖം…മകൻ മരുമോളോട് പിണങ്ങി വീട്ടിൽ കൊണ്ട് ചെന്നു വിട്ടു എന്ന് പറയാലോ…”

“എന്തായാലും കാഞ്ഞബുദ്ധി തന്നെ…”

“ഇതൊക്കെ എന്ത്…ഒരു ടിപിക്കൽ മലയാളി കുടുംബത്തിൽ ജീവിക്കാൻ ഇതിലും വലിയ അടവുകൾ വേണ്ടി വരും.”

ഇലയ്ക്കും മുള്ളിനും കേടില്ലാതെ കാര്യംസാധിച്ചതിന്റെ  സന്തോഷത്തോടെ അവർ യാത്ര തുടർന്നു.

(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പിക്കം.)

~രേഷ്ജ അഖിലേഷ്.