അവൾ പണക്കാരിയും  സുന്ദരിയും ഒക്കെ ആയിരിക്കും എന്ന് വെച്ച് അവള്ടെ പിന്നാലെ വാലാട്ടി പോകാൻ എന്നെക്കിട്ടില്ല…

Story written by Reshja Akhilesh

===============

“നിന്റെ മനസ്സു മുഴുവൻ അഴുക്കാ…നിന്നെ കെട്ടുന്നതിലും ഭേദം ഞാൻ മരിക്കുന്നത് തന്നെയാ…” പല്ലു കടിച്ചു കൊണ്ട് നിഖിൽ അർപ്പിതയോട് പറഞ്ഞു.

“നിഖിലേട്ടൻ ഇത്‌ എന്തറിഞ്ഞിട്ടാ…ഇവിടെ വന്ന് വഴക്കുണ്ടാക്കുന്നത്…അച്ഛനും അമ്മയും ഏട്ടനും അകത്തുണ്ട്…ബൈക്ക് ന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ഇറങ്ങി വന്നത് അവർ ഇറങ്ങി വന്ന് പ്രശ്നം ആകണ്ടാന്ന് വെച്ചാ…”

“അവർ പുറത്തേയ്ക്ക് വരികയോ പ്രശ്നം ആവുകയോ എന്തെങ്കിലും ആവട്ടെ…എനിക്ക് അതൊന്നും നോക്കേണ്ട കാര്യം ഇല്ലാ…”

“പിന്നെന്താ നിഖിലേട്ടന്റെ പ്രശ്നം…എന്താ വേണ്ടത്…”

“എനിക്ക് ഒന്ന് രണ്ടു കാര്യങ്ങൾ അറിയാനുണ്ട്…നിന്റെ നാവിൽ നിന്നു തന്നെ.”

“ശരി എന്താന്ന് വെച്ചാ ചോദിയ്ക്ക്…”

“എന്റെ അമ്മ ഇവിടെ വന്നിരുന്നോ…”

“വന്നു…പോയി.”

“അമ്മ എന്തിനാ വന്നത്…”

“നിഖിലേട്ടന്റെ അമ്മയല്ലേ വന്നത്…അപ്പൊ നിഖിലേട്ടന് അറിയി ല്ലെന്നുണ്ടോ?”

“നീ ഞാൻ ചോദിച്ചതിനു ഉത്തരം പറയ്…”

“നമ്മുടെ കല്ല്യാണക്കാര്യം സംസാരിക്കാൻ…”

“എന്നിട്ട്…”

“എന്നിട്ടെന്താ അച്ഛനും അമ്മയ്ക്കും താല്പര്യം ഇല്ലെന്നു പറഞ്ഞു.അപ്പോൾ പോയി.”

“അത്രേള്ളൂ…?”

“അതെ…”

പറഞ്ഞു തീരും മുൻപേ അർപ്പിതയുടെ കവിളിൽ നിഖിലിന്റെ കൈ പതിഞ്ഞു.

അടി കൊണ്ട ഭാഗം ചുവന്നു വേദനിച്ചു. പ്രതീക്ഷിക്കാതെയുള്ള അവന്റെ പെരുമാറ്റം കാരണം അവളുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു.

കണ്ണുനീർ തുടയ്ക്കാതെ നിഖിലിന്റെ മുഖത്തേയ്ക്ക് വാശിയോടെ നോക്കി നിന്നതേയുള്ളു അവൾ.

ഗേറ്റിന്റെ മുൻപിൽ ആയിരുന്നു അവർ നിന്നത്. അയലത്തെ വീട്ടുകാർ നോക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.

“എന്റെ അമ്മ വല്ലവരുടെയും വീട്ടിൽ പോയി അടുക്കളപണിയെടുത്ത് തന്നെയാ എന്നെയും ചേച്ചിയെയും എല്ലാം വളർത്തിയത്…കട്ടിട്ടും തട്ടിപ്പറിച്ചിട്ടും ഒന്നും അല്ലാലോ…ഏതൊരു ജോലിയ്ക്കും അതിന്റെതായ മാന്യത ഉണ്ടെടി…നിന്റെ അച്ഛനെപ്പോലെ പണക്കാരായിട്ടല്ല ആരും ജനിക്കുന്നത്…എന്ന് വെച്ച് ആരെയും അപമാനിക്കരുത്…ആ പാവത്തിനെ അപമാനിച്ചു ഇറക്കിവിട്ടതിൽ നിനക്കും പങ്കുണ്ടെന്നു അറിഞ്ഞപ്പോഴേ നിന്നെ എന്റെ മനസ്സിൽ നിന്നും എടുത്ത് കളഞ്ഞു…കുറച്ചു വിഷമം ഉണ്ട്‌…എന്നാലും…മാറും…പോട്ടെടി…നിന്നെപ്പോലെ ഒരെണ്ണത്തിനെ എനിക്ക് വേണ്ട…”

അർപ്പിത  ചുണ്ടുകോട്ടി പുച്ഛത്തോടെ ചിരിച്ചു.

*******************

ഒരു മാസത്തിന് ശേഷം….

“എടാ അവള് നിന്നെ തേച്ചു അല്ലേടാ…നാളെയല്ലേ അവള്ടെ എൻഗേജ്മെന്റ്…വിളിച്ചിട്ടുണ്ടോ നിന്നേ? ഒരു പണി കൊടുത്താലോ…”

“ഏയ്യ് പണിയൊന്നും കൊടുക്കണ്ട…പക്ഷേ പോകണം. അവളെ കെട്ടാൻ പോകുന്ന ചെക്കന് ഒരു ഷേക്ക് ഹാൻഡ് കൊടുക്കണം…അപ്പോൾ അവൾ കുറ്റബോധം കൊണ്ട് തല കുനിയ്ക്കണം…അതെനിക്ക് കാണണം.”

“അതിന് അവൾക്ക് കുറ്റബോധം എന്നൊരു സാധനം ഉണ്ടോ…ഉണ്ടെങ്കിൽ അവൾ നിന്നെ ഇട്ടേച്ചു പോവില്ലല്ലോ…”

“അവൾക്കെന്നോട് സ്നേഹം തന്നെയാടാ…ഞാൻ അന്ന് അവൾക്കിട്ട് ഒന്ന് പൊട്ടിച്ച് വന്ന ശേഷം അവൾ എന്നെ ഒരുപാട് തവണ വിളിച്ചു…കുറേ മെസ്സേജും…സംസാരിക്കാൻ ഉണ്ടെന്ന്…ഞാൻ ബ്ലോക്ക്‌ ചെയ്തു.

അവൾ പണക്കാരിയും  സുന്ദരിയും ഒക്കെ ആയിരിക്കും എന്ന് വെച്ച് അവള്ടെ പിന്നാലെ വാലാട്ടി പോകാൻ എന്നെക്കിട്ടില്ല…എന്നെ നഷ്ടപ്പെട്ടതോർത്ത് അവൾ കരയണം.”

“ഓഹോ…എന്നാൽ അങ്ങനെ ആവട്ടെ…”

******************

അർപ്പിത ഒരുങ്ങി വരുന്നത് കണ്ടപ്പോൾ നിഖിലിന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.

മോതിരം പരസ്പരം അണിഞ്ഞു കൊടുക്കുന്നത് മുൻപിൽ നിന്നു തന്നെ കണ്ടു അവൻ. നിഖിലിനെ കണ്ടിട്ടും അർപ്പിതയ്ക്ക് ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല. പുഞ്ചിരിക്ക് ചെറുതായി മങ്ങൽ ഏൽക്കുമെന്ന് എങ്കിലും പ്രതീക്ഷിച്ച നിഖിനെ നിരാശനാക്കി കൊണ്ട് അർപ്പിത കൂടുതൽ മിഴിവോടെ പുഞ്ചിരിച്ചു.

“ധീരജേട്ടാ…ഇതാണ് നിഖിലേട്ടൻ…”

“ഓഹ്…എനിക്കറിയാം  ഫോട്ടോസ് കണ്ടിട്ടുണ്ട്…”

അർപ്പിത നിഖിലിനെയും കല്ല്യാണചെറുക്കനെയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു.

“അവള് ഭയങ്കര ഹാപ്പി ആണല്ലോടാ…മധുരപ്രതികാരത്തിന് വന്നത് നിയോ അതോ അവളോ…”

“ഹും പെണ്ണല്ലേടാ…എന്നെക്കാൾ പണവും പഠിപ്പും ജോലിയും ഉള്ള ഒരാൾടെ പേരെഴുതിയ മോതിരം അല്ലേ വിരലിൽ കിടക്കുന്നത്.അതിന്റെ അഹങ്കാരം ആണ്.”

നഷ്ടബോധത്തിന്റെ ചിന്ത അർപ്പിതയെ വേട്ടയാടുന്നത് നേരിട്ട് കാണാൻ കഴിയാത്തതിന്റെ നിരാശയിൽ നിഖിൽ കൂട്ടുകാരുമൊത്ത് കുറച്ചു നേരം പുറത്ത് ചുറ്റിയടിച്ച ശേഷമാണ് വീട്ടിലേക്കു മടങ്ങിയത്.

വാതിൽ തുറന്നു കിടക്കുകയായിരുന്നു.

അടുക്കളയിൽ പാത്രത്തിന്റെ ശബ്ദം കേൾക്കാനുണ്ട്. ചേച്ചി വന്നിട്ടുണ്ട്. ചേച്ചി വന്നാൽ പിന്നെ അമ്മയ്ക്ക് നല്ല നേരമ്പോക്കാണ്…വിശേഷം പറച്ചിൽ. വാതിലെല്ലാം തുറന്നിട്ട് രണ്ടാളും അവരുടെ ലോകത്താണ്. അങ്ങോട്ട് ചെന്നാൽ അർപ്പിതയെ കുറിച്ചു ചോദിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ശബ്ദം ഉണ്ടാക്കാതെ അകത്തു ചെന്നിരുന്നു. കണ്ണടച്ച് കുറച്ചു നേരം ഇരുന്നപ്പോഴാണ് അമ്മയും ചേച്ചിയും സംസാരിക്കുന്നത് ശ്രദ്ധിച്ചത്.

അവരുടെ സംസാരം കേട്ടതും നിഖിൽ തളർന്നു പോയി. അർപ്പിതയുടെ വീട്ടുകാരെ കുറിച്ചു ദേഷ്യത്തോടെ സംസാരിക്കുകയായിരുന്നു അവർ.

നെഞ്ചിൽ ഒരു വലിയ പാറക്കല്ല് കയറ്റി വെച്ചത് പോലെ.

അവൻ ഫോണെടുത്ത് അർപ്പിതയുടെ വാട്സ്ആപ്പ് ചാറ്റ്ലേക്ക് നോക്കി. ഡൌൺലോഡ് ചെയ്തു കേൾക്കാത്ത രണ്ടു മൂന്നു ഓഡിയോ ക്ലിപ്സ്…വോയസ് മെസ്സേജ്‌സ്.

അവൻ പുറത്തേക്കിറങ്ങി അത് ഡൗൺലോഡ് ചെയ്തു.

“നിഖിലേട്ടാ…താഴെ അമ്മ വന്നിട്ടുണ്ടല്ലോ…എന്നോട് പറയാതെ അമ്മയെ ഇങ്ങോട്ട് വിട്ടതെന്തിനാ…ഞാൻ പോയി നോക്കട്ടെ താഴെ എന്താ നടക്കാൻ പോണതെന്ന്…ഞാൻ വീഡിയോ കാൾ ചെയ്യാം…ഓ അതിന് അമ്മയെ ഇങ്ങോട്ട് പറഞ്ഞു വിട്ടിട്ട് നിഖിലേട്ടൻ  ടൂർണമെന്റിനു പോയിരിക്കല്ലേ…ഞാൻ വോയിസ്‌ റെക്കോർഡ് ചെയ്യാട്ടോ…അതാവുമ്പോൾ ആർക്കും സംശയം ഉണ്ടാവില്ല…എന്റെ ഭാവി അമ്മായിഅമ്മയ്ക്ക് ചായ ഉണ്ടാക്കാൻ പോയിരിക്കാ അമ്മ ഞാനും അങ്ങോട്ട് പോവാ…”

വളരെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും അർപ്പിതയുടെ ശബ്ദം.

അടുത്തത് ഒരു ഓഡിയോ ക്ലിപ്പ് ആയിരുന്നു.

“എന്റെ മോനെ നിങ്ങടെ മോൾക്ക് ജീവനാ…നല്ല രീതിയിൽ അത് നടത്തി കൊടുത്തില്ലെങ്കിൽ അവര് ചിലപ്പോൾ അവരുടെ ഇഷ്ട്ടത്തിന് ചെയ്യും.

അങ്ങനെ ഇഷ്ടത്തിന് ചെയ്താൽ ഞങ്ങൾക്ക് അങ്ങനെ ഒരു മോള് ഇല്ലാന്ന് കരുതും അത്ര തന്നെ…

അത് പറയാൻ എളുപ്പാ…നാണക്കേട് നിങ്ങൾക്ക് തന്നെയാ…

ഹും നാണക്കേട് ഉണ്ടെന്ന് കരുതി  ആ ദാരിദ്ര്യം പിടിച്ച വീട്ടിലേക്ക് ഞാൻ എന്റെ മോളെ പറഞ്ഞയക്കണോ…എന്റെ മോൾക്ക് കഴിയാൻ എന്തു സൗകര്യമാ അവിടെ ഉള്ളത്…എന്റെ മോളെ നോക്കാൻ  അവന് നല്ലൊരു ജോലിയുണ്ടോ…നിങ്ങൾ വല്ലവരുടെയും  അടുക്കളപ്പണി എടുത്ത് കൊണ്ടു വരുന്നതും കൂടി ആയാൽ പോലും എന്റെ മോളെ നല്ല പോലെ നോക്കാൻ കഴിയോ നിങ്ങൾക്ക്…

അച്ഛാ…പ്ലീസ്…

മിണ്ടരുത് നീ…

നിങ്ങടെ മോൾക്ക് സുഖായിട്ട് കഴിയണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ ഇവൾക്ക് കൊടുക്കാനുള്ളതെല്ലാം കൊടുത്തേയ്ക്ക്…നല്ലൊരു വീടും വെച്ചു കൊടുത്തോ ഞങ്ങൾക്ക് എതിർപ്പോന്നൂല്ല്യാ…

ഓഹോ അപ്പൊ അതാണല്ലേ നിങ്ങളുടെ മനസ്സിലിരുപ്പ്…നടക്കില്ല…ഇവള് നിങ്ങടെ മോന്റെകൂടെ ഇറങ്ങി പുറപ്പെട്ടാൽ അന്ന് തീർന്നു ബന്ധം.എന്റെ സ്വത്തിന്റെ ഒരംശം കിട്ടില്ല.

എന്റെ മോൻ വിളിച്ചാൽ ഇവള് ഇറങ്ങി വരും. നിങ്ങൾ പറഞ്ഞപോലെ ആ ദാരിദ്ര്യം പിടിച്ച വീട്ടിൽ കിടക്കേണ്ടി വരും. നല്ലമ്പോലെ നിന്നാൽ എല്ലാർക്കും നല്ലത്…എന്താവേണ്ടതെന്ന് വെച്ചാൽ നിങ്ങള്ക്ക് തീരുമാനിക്കാം.

നിഖിലേട്ടൻ എന്നെ സ്നേഹിച്ചത് പണം കണ്ടിട്ടല്ല അമ്മേ…അതില്ലെങ്കിലും നിഖിലേട്ടന് ഞാൻ മാത്രം മതി

അവന് അങ്ങനെ ആവും മോളെ…പക്ഷെ ഇത്രേം പണക്കാരി ആയ നിന്നെ മരുമോളായി ഞാൻ സ്വീകരിച്ചിട്ട് എന്താ കാര്യം? ഞങ്ങള് സാധാരണക്കാരാണെങ്കിലും ഞങ്ങൾക്കും നല്ല ബന്ധം ഒക്കെ കിട്ടും.

അങ്ങനെ തന്നെയാണ് നിഖിലേട്ടന്റെയും അഭിപ്രായം എങ്കിൽ നിങ്ങൾ അങ്ങനെ മുൻപോട്ടു പൊയ്ക്കോളൂ…

അമ്മ അവിടെപ്പോയി ഇങ്ങനെയല്ലാമാണ് സംസാരിച്ചതെന്ന് നിഖിൽ അറിഞ്ഞിരുന്നില്ല. വീട്ടുജോലിയ്ക്ക് പോകുന്ന പേരും പറഞ്ഞു അപമാനിച്ചു വിട്ടു എന്നും സങ്കടപ്പെട്ടു ഒരേ കരച്ചിൽ ആയിരുന്നു. അതുകൊണ്ടാണ് അർപ്പിത പറയുന്നത് കേൾക്കാൻ മനസ്സു കാണിക്കാതെ അവളോട് അങ്ങനെ പെരുമാറിയത്.

അവൻ ഉടനെ അർപ്പിതയുടെ നമ്പറിലേക്ക് വിളിച്ചു. രണ്ടു തവണ റിങ് ചെയ്തപ്പോഴാണ് എടുത്തത്.

“ഹെല്ലോ…അപ്പു…”

“ആ പറയ്…തിരക്കായിരുന്നു…വിരുന്നു കരൊന്നും പോയിട്ടില്ല…”

“അപ്പു…എന്നോട് ക്ഷമിക്കണം.ഞാൻ അറിഞ്ഞിരുന്നില്ല…നീ അയച്ച മെസ്സേജ് എല്ലാം ഞാൻ ഇപ്പോഴാ നോക്കണേ…അന്ന് നിന്നെ തല്ലിയത് പെട്ടന്നുള്ള ദേഷ്യത്തില…ക്ഷമിക്കണം.”

“ഓഹ്…തോന്നി…അതാവുലോ ബ്ലോക്ക് മാറ്റി വിളിച്ചതെന്ന്. സാരല്ല്യ ക്ഷമിച്ചു.”

“എന്നോട് പിണക്കം ഒന്നും ഇല്ലാലോ അല്ലേ…ഞാൻ നാളെ തന്നെ വീട്ടിലേക്കു വരാം. നീ റെഡി ആയി നിൽക്കണം. പൊന്നും പണവും ഒന്നും വേണ്ട…”

“വാട്ട്‌ നോൻ സെൻസ് ആർ യൂ ടോക്കിങ്…? ഇന്നെന്റെ വിവാഹം ഉറപ്പിച്ചു. കണ്ടതല്ലേ എല്ലാം. ധീരജേട്ടനോട് ഞാൻ എല്ലാം പറഞ്ഞിട്ടുമുണ്ട് .”

“അതിനെന്താ അപ്പു…നമ്മൾ തമ്മിൽ അല്ലേ സ്നേഹിച്ചത്…എനിക്ക് പറ്റിയ ഒരു തെറ്റിദ്ധാരണ കൊണ്ട് നമ്മൾ പിരിയാൻ പാടില്ല.നിനക്കു സങ്കടം ഇല്ലേ അപ്പു…”

“ഉണ്ടായിരുന്നു നിഖിലേട്ടാ…നല്ല സങ്കടം ഉണ്ടായിരുന്നു. നിഖിലേട്ടന്റെ അമ്മ ഇവിടെ വന്നു പറഞ്ഞപ്പോഴും നിഖിലേട്ടനോട് മറ്റെന്തോ പറഞ്ഞു ബോധിപ്പിച്ചപ്പോഴും എനിക്ക് സങ്കടം വന്നില്ല…പക്ഷേ എന്റെ ഭാഗം കേൾക്കാതെ എന്നെ തല്ലിയില്ലേ അപ്പൊ കഴിഞ്ഞു നമ്മുടെ സ്നേഹവും വിശ്വാസവും. എന്തിന്റെ പേരിലായാലും ഒരു പെണ്ണിനെ തല്ലുന്നത് ആണിന് ചേർന്നതല്ല.

ഇനി നമ്മൾ വിവാഹം ചെയ്താലും ഇതു പോലെ മറ്റുള്ളവരുടെ വാക്കു വിശ്വസിച്ചു എന്നെ ഉപേക്ഷിച്ചു പോകില്ലാന്ന് ആരു കണ്ടു?

അറിഞ്ഞു കൊണ്ട്  അപകടത്തിലേക്ക് പോകാൻ എനിക്ക് താല്പര്യം ഇല്ലാ…”

“അപ്പൂ…”

“ഞാൻ പറഞ്ഞല്ലോ നിഖിലേട്ടാ…ഞാൻ എല്ലാം ക്ഷമിച്ചു. പക്ഷേ മറന്നിട്ടില്ല…ക്ഷമിക്കുന്നത് എന്റെ കടമ. മറക്കാതെ ഇരിക്കുന്നത് എന്റെ മുൻകരുതൽ ആണെന്ന് വെച്ചോളൂ. അന്ന് നിഖിലേട്ടൻ തന്നെ പറഞ്ഞത് പോലെ സമയമെടുക്കും മറക്കാൻ. മറന്നല്ലേ പറ്റു. ഞാൻ വെയ്ക്കുവാ…ബൈ “

നിഖിലിന്റെ നെഞ്ചു പിടയ്ക്കുന്നത് അർപ്പിതയ്ക്ക് കേൾക്കാമായിരുന്നു. ഒരു നേർത്ത പുഞ്ചിരിയോടെ അവൾ തന്റെ വിരലിൽ കിടക്കുന്ന മോതിരത്തിലേക്ക് നോക്കി.

“തേച്ചു എന്ന് പറഞ്ഞു നടക്കുമായിരിക്കും…നടക്കട്ടെ…തോന്നുമ്പോൾ ഉപേക്ഷിച്ച് പോവാനും തെറ്റ് മനസ്സിലാക്കി വരുമ്പോൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കാനും എല്ലാവർക്കും എപ്പോഴും കഴിയണമെന്നില്ല .”

തന്റേതല്ലാത്ത കാരണങ്ങളാൽ അകന്നു പോകുന്നവർക്കു പുറകെ പോയി മനസ്സ് വേദനിപ്പിക്കാൻ അവൾ ഒരുക്കമല്ലായിരുന്നു.

~രേഷ്ജ അഖിലേഷ്