ആയിടയ്ക്കാണ് അച്ഛനെ തേടി അച്ഛന്റെ അകന്നബന്ധു വീട്ടിലെത്തിയത്. അച്ഛന് ഭയങ്കര സന്തോഷമായി…

കുഞ്ഞുകിനാക്കൾ

Story written by Neeraja S

=============

“ചിന്നുച്ചേച്ചി…. “

“മ്..പറ പൊന്നൂട്ടി… “

“ചേച്ചിയ്ക്ക് എന്നോട്  എത്രത്തോളം ഇഷ്ടമുണ്ട്..? “

“മ്..ആകാശത്തോളം.. “

പൊന്നൂട്ടിയുടെ കണ്ണുകളിൽ പൂത്തിരി മിന്നി. അവൾ ചേച്ചിയുടെ അടുത്തേക്ക് അല്പം കൂടി ചേർന്നിരുന്നു.

“ചേച്ചി എന്താ ആലോചിക്കുന്നത്.. “

പെട്ടെന്നൊരു കരച്ചിൽ അവിടെ ചിതറി വീണു. ചിന്നു കാൽമുട്ടുകളിൽ തല ചേർത്ത് വച്ച് ഏങ്ങിക്കരഞ്ഞു..പൊന്നുക്കുട്ടിയ്ക്കും കരച്ചിൽ വരുന്നുണ്ടായിരുന്നു.

“സാരമില്ല..ചേച്ചി കരയാതെ..ഇനി നമ്മളെ ആരും ഒന്നും ചെയ്യില്ലല്ലോ..പിന്നെന്താ.. “

ചിന്നു പതുക്കെ തലയുയർത്തി ദൂരെ പ്രകാശം മിന്നിത്തെളിയുന്ന ചെറിയ വീടുകളിലേക്ക് നോക്കി..അതിലൊന്നായിരുന്നു അവളുടെയും പൊന്നൂട്ടിയുടെയും വീട്.

അച്ഛനും അമ്മയും രാവിലെ ഭക്ഷണമുണ്ടാക്കി ചിന്നുവിനും പൊന്നുവിനും വിളമ്പി മാറ്റി വച്ചിട്ട് ബാക്കിയുള്ളത് ഉച്ചക്ക് കഴിക്കാനായി പത്രങ്ങളിൽ നിറയ്ക്കും. എന്നും രാവിലെ ചോറ് വയ്ക്കും..ചമ്മന്തിയോ തോരനോ എന്തെങ്കിലും ഒരു കറി…അവധിദിവസം ഞായറാഴ്ചയാണ്..അന്നാണ് മീൻ വാങ്ങുക. അച്ഛനും അമ്മയും അന്ന് മുഴുവൻ വീട്ടിലുണ്ടാകും..അതുകൊണ്ട് ചിന്നുവിനും പൊന്നുവിനും ഏറ്റവും ഇഷ്ടമുള്ള ദിവസവും ഞായറാഴ്ചയായിരുന്നു.

അച്ഛൻ വൈകുന്നേരമാകുമ്പോൾ കൂട്ടുകാരുടെ കൂടെ അടുത്തുള്ള കവലയിലേക്കു പോകും..വരുമ്പോൾ മ ദ്യപിച്ചിട്ടുണ്ടാകും..ആഴ്ചയിൽ ഒരിക്കൽ ആയതുകൊണ്ട് അവർക്കാർക്കും അതിൽ പരാതിയും ഇല്ലായിരുന്നു..അച്ഛൻ വരുമ്പോൾ കൈയിൽ പലഹാരപ്പൊതി ഉണ്ടാകും..ഭയങ്കര സന്തോഷത്തിൽ രണ്ടുപേരെയും എടുത്തു പൊക്കും..വലിയ കുട്ടികളായി..നാണമില്ലല്ലോ എടുത്തോണ്ട് നടക്കാനെന്ന് പറഞ്ഞ് അമ്മ പരിഭവിക്കും..എന്നാൽ പിന്നെ നിന്നെക്കൂടി എടുത്തേക്കാമെന്ന് പറഞ്ഞ് അച്ഛൻ അമ്മയെയും കൈകളിൽ കോരി എടുക്കും..ഏറെ നേരം പാട്ടും കഥകളുമായിരുന്നു പതുക്കെ ഉറങ്ങും…

ചിന്നൂട്ടിക്കു ഇഷ്ടം നേഴ്സ് ആകാനായിരുന്നു..പൊന്നൂട്ടിയ്ക്കു ടീച്ചറും…അമ്മയ്ക്കും അച്ഛനും രണ്ടുപേരെയും വളർത്തി പ്രായപൂർത്തി ആകുമ്പോൾ എതെങ്കിലും ബലമുള്ള കരങ്ങളിൽ ഏൽപ്പിക്കണം എന്നായിരുന്നു ആഗ്രഹം. പാവങ്ങൾ ഒത്തിരി ആഗ്രഹിക്കാൻ പാടില്ലത്രേ…

അമ്മയും അച്ഛനും പോയ്ക്കഴിയുമ്പോൾ ചിന്നൂട്ടി അനിയത്തിയെ എഴുന്നേൽപ്പിച്ചു, കുളിപ്പിച്ചു, ഭക്ഷണം നൽകി, ഒരുക്കി സ്കൂളിൽ പോകും. ഉച്ചഭക്ഷണം സ്കൂളിൽ നിന്നും ലഭിച്ചിരുന്നു..

ആ വർഷം ചിന്നൂട്ടി ആറിലേക്കും പൊന്നൂട്ടി മൂന്നാം ക്ലാസ്സിലേക്കും ജയിച്ചു…ആയിടയ്ക്കാണ് അച്ഛനെ തേടി അച്ഛന്റെ അകന്നബന്ധു വീട്ടിലെത്തിയത്..അച്ഛന് ഭയങ്കര സന്തോഷമായി. ആരുമില്ലാത്തവർക്കു ആരൊക്കെയോ പെട്ടെന്നുണ്ടായതുപോലെ അച്ഛൻ സന്തോഷിച്ചു..

ചിന്നൂട്ടിയ്ക്കും പൊന്നൂട്ടിയ്ക്കും പുതിയ മാമനെ ഒത്തിരി ഇഷ്ടമായി..കടംകഥകൾ ചോദിക്കും..പാട്ടുപാടും..ധാരാളം പലഹാരങ്ങളും കൊണ്ട് വരും..മാമൻ വരുന്ന ദിവസങ്ങൾ ആ ചെറിയ വീട്ടിൽ നിന്നും പൊട്ടിച്ചിരികൾ ഉയർന്നു കേട്ടു..ഒരു ദിവസം ചിന്നൂട്ടിയ്ക്കു വയറുവേദന ആയതുകൊണ്ട് ഒറ്റയ്ക്കാണ് പൊന്നു സ്കൂളിൽ പോയത്..തിരികെ വീട്ടിൽ വന്നപ്പോൾ മാമനുണ്ടായിരുന്നു വീട്ടിൽ..

പൊന്നൂട്ടിയെ കണ്ടപ്പോൾ മാമൻ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു. അകത്തു ചേച്ചി വല്ലാതെ കരയുന്നുണ്ടായിരുന്നു. വയറുവേദന കൂടിക്കാണും. മരുന്ന് കഴിച്ചിട്ടും ചേച്ചി രാത്രി മുഴുവൻ കരഞ്ഞു കൊണ്ടിരുന്നു..

പിന്നീട് മാമൻ വരുമ്പോൾ ചേച്ചി എവിടെയെങ്കിലും ഒളിച്ചിരുന്നു. ഒളിക്കാൻ സ്ഥലങ്ങൾ കുറവായിരുന്നു ആ ഒറ്റമുറി വീട്ടിൽ. എന്തിനാണ് മാമനെ പേടിക്കുന്നതെന്നു പൊന്നു പലതവണ ചേച്ചിയോട് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല…

അന്ന് സ്കൂളിൽ പരീക്ഷയായിരുന്നു ചിന്നുവിന് രാവിലെയും പൊന്നുവിന് ഉച്ചകഴിഞ്ഞും. വൈകുന്നേരം വീട്ടിലേക്കുള്ള വഴി തിരിഞ്ഞപ്പോൾ വീടിനടുത്തായി ധാരാളം ആളുകൾ കൂടി നിൽക്കുന്നത് കണ്ടു പൊന്നു പേടിച്ചോടി..

“പൊന്നൂട്ടി…എല്ലാവരും പറയുന്നത് പോലെ ഞാൻ തന്നെ മരിച്ചതാണെന്നു പൊന്നൂട്ടിയ്ക്കു തോന്നിയോ… “

“ഇല്ല ചിന്നുച്ചേച്ചി…ആ മാമൻ ഭയങ്കരനാ “

ഏതോ ഓർമയിൽ പൊന്നൂട്ടിയുടെ ദേഹം വിറച്ചു..വായും മൂക്കും പൊത്തിയത് പോലെ ശ്വാസം കിട്ടാതെ പൊന്നൂട്ടി പിടഞ്ഞു..

“വാവേ..ഇനി ആരെയും പേടിക്കണ്ട…നമ്മളെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.. “

ചേച്ചി അനുജത്തിയെ ഒന്നുകൂടെ മുറുകെ കെട്ടിപ്പിടിച്ചു..

“പക്ഷെ ചേച്ചി…എനിക്ക് ടീച്ചർ ആകാൻ പറ്റില്ലല്ലോ… “

“പൊന്നൂട്ടി ഇനി ചേച്ചിയെ പഠിപ്പിക്കുന്ന ടീച്ചർ ആയാൽ മതി…”

“മ്…ചേച്ചി കാശ് തരുവോ..എനിക്ക് പുതിയ തിളങ്ങുന്ന ഉടുപ്പും ചെരിപ്പും ഒക്കെ മേടിക്കണം.. “

“പിന്നെ നമ്മൾ അന്ന് സിറ്റിയിൽ പോയപ്പോൾ അവിടൊരു കടയിൽ കണ്ട പാവയില്ലേ കീ കൊടുക്കുമ്പോൾ ഡാൻസ് കളിക്കുന്നത്…അതും വാങ്ങണം.. “

“പക്ഷെ സ്കൂളിൽ പോകാതെ..പഠിക്കാതെ…എങ്ങനെ… “

പൊന്നുവിന്റെ കുഞ്ഞു കണ്ണുകൾ വീണ്ടും നിറഞ്ഞു..

“മണ്ടിപ്പെണ്ണേ…ഇനി ദൈവമാണ് നമ്മക്ക് ജോലി തരുന്നതും പഠിപ്പിക്കുന്നതുമെല്ലാം… “

“പുസ്തകത്തിലെ കഥ വായിച്ച് തന്നത് ഓർക്കുന്നുണ്ടോ…നമ്മൾ ആരോടും ഒരു തെറ്റും ചെയ്യാത്തതുകൊണ്ട് ഉറപ്പായും സ്വർഗത്തിൽ പോലും..അവിടെ ഐസ്ക്രീം നദിയും ചോക്ലേറ്റ് കായ്ക്കുന്ന മരവും ഒക്കെയുണ്ട്. എന്ത് രസമായിരിക്കും അവിടെ.. “

“ഞാൻ എന്റെ പൊന്നൂട്ടി കൂടി വരാൻ വേണ്ടി കാത്തു നിന്നതല്ലേ… “

“ചേച്ചിക്ക് അറിയാരുന്നോ ഞാൻ വരുമെന്ന്… “

പെട്ടെന്ന് ചിന്നുവിന്റെ മുഖം വാടി.

“ഉം…അറിയാരുന്നു…അതല്ലേ കാത്തു നിന്നത്..”

“അമ്മയും അച്ഛനും ഇപ്പോൾ എന്തെടുക്കുവായിരിക്കും.. “

“പൊന്നൂട്ടി അതൊന്നും ആലോചിക്കേണ്ട ചേച്ചിയില്ലേ കൂടെ..പിന്നെന്താ.. “

“ചേച്ചി… “

“മ്.. “

“ആ മാമനെ പോലീസ് പിടിച്ച് കാണും അല്ലേ…ഇപ്പോൾ നല്ല ഇടി കിട്ടിയിട്ടുണ്ടാവും.. “

“പിന്നല്ലാതെ…എന്റെ ഈ കുഞ്ഞുവാവയെ വേദനിപ്പിച്ചതിനു മാമനെ ഇപ്പോൾ പോലീസുകാർ തലകീഴായി കെട്ടിത്തൂക്കി അടിക്കുന്നുണ്ടാകും.. “

ആ കാഴ്ച മനസ്സിൽ കണ്ടുകൊണ്ട് പൊന്നൂട്ടി ചേച്ചിയുടെ കൈയ്യിൽ തല ചേർത്ത് ദൂരെ പ്രകാശം അണഞ്ഞു തുടങ്ങിയ വീടുകളിലേക്ക് നോക്കി പുഞ്ചിരിച്ചു.