ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതും മാനസിക പിരിമുറുക്കം സൃഷ്‌ടിച്ചതുമായിരുന്നു ഒൻപതാമത്തെ കേസ്…

ഡിക്ടറ്റീവ്….

Story written by Neeraja S

===============

“ഭാവിയിൽ ആരാകണമെന്നാണ് നിങ്ങളുടെയെല്ലാം ആഗ്രഹം.. “

ടീച്ചർ കുഞ്ഞു മുഖങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ട് ചോദിച്ചു.

“നോക്കൂ..കുഞ്ഞുങ്ങളെ..നമുക്ക് ഒരു ലക്ഷ്യം വേണം. അത് നേടാനുള്ള മത്സരബുദ്ധി ഉണ്ടായിരിക്കണം. അറിഞ്ഞാഗ്രഹിച്ചാൽ നേടാൻ പറ്റാത്തതായി എന്താണുള്ളത്..? “

അഞ്ചാംക്ലാസ്സിലെ ആദ്യദിനം…പുതിയ സ്കൂൾ, പുതിയ കൂട്ടുകാർ, പുതിയ ടീച്ചർ….

ടീച്ചർ ഓരോരുത്തരോടായി ചോദിച്ചു തുടങ്ങി. എന്റെ ഊഴം വരുന്നതും കാത്തിരുന്നു. പഴയ സ്കൂളിലെ കൂട്ടുകാർക്കും ടീച്ചർമാർക്കും അറിയാം തന്റെ ലക്ഷ്യം എന്താണെന്നു. അവർ എത്രയോതവണ കേട്ടിരിക്കുന്നു.

“ഡിക്ടറ്റീവ്…എനിക്കൊരു ഡിക്ടറ്റീവ് ആകണം…”

എന്റെ ശബ്ദം അല്പം കൂടിപ്പോയോന്നൊരു സംശയം..ക്ലാസ്സ്‌ പെട്ടെന്ന് നിശബ്ദമായി.

പെൺകുട്ടികൾ സാധാരണ ടീച്ചർ അല്ലെങ്കിൽ നേഴ്സ് കൂടിപ്പോയാൽ വക്കീൽ എന്നു പറയുന്നിടത്താണ് എന്റെ പുതുമനിറഞ്ഞ ആഗ്രഹം.

ടീച്ചർ മനസ്സിലാകാത്തമട്ടിൽ ഒന്നുകൂടി കൂർപ്പിച്ചു നോക്കി..

“ആഹാ..നല്ല ആഗ്രഹമാണല്ലോ.. “

“ശരി…നമുക്ക് ഒന്ന് പരീക്ഷിച്ചാലോ..? നമ്മുടെ ശ്രേയക്കുട്ടിക്ക് ഡിറ്റക്റ്റീവ് ആകാനുള്ള ബുദ്ധിയുണ്ടോന്ന്.. “

ടീച്ചർ ബ്ലാക്ക് ബോർഡിനടുത്ത് കണ്ണടച്ച് പുറം തിരിച്ചു നിർത്തി…ക്ലാസ്സിൽ ആരുടെയോ കൈയിൽ ഒരു ചോക്ക് കൊടുത്തു. ആരുടെ കൈയിലാണ് ചോക്കുള്ളതെന്ന് കണ്ടുപിടിക്കണം.

കൃത്യമായി ചോക്ക് കൈവശം ഇരുന്നയാളെ  കണ്ടുപിടിച്ചു പറയുമ്പോൾ ടീച്ചർ ചെറുതായി അത്ഭുതപ്പെടാതിരുന്നില്ല..

“ശ്രേയക്കുട്ടി എങ്ങനെയാ ഇത് കണ്ടെത്തിയത്…കൂട്ടുകാർക്കു കൂടി പറഞ്ഞു കൊടുക്കൂ.. “

ഇതൊക്കെ എന്ത്‌ എന്നൊരു ഭാവം മുഖത്ത് വരുത്തിക്കൊണ്ട് എല്ലാവരെയും നോക്കി…ആകാംഷ നിറഞ്ഞ കണ്ണുകൾ…

മൂന്നാമത്തെ ബെഞ്ചിൽ അവസാനമിരിക്കുന്ന കുട്ടി. എന്തുപറഞ്ഞാലും മുഖത്ത് ഗൗരവം മാത്രം..അധികം സംസാരമില്ല. ടീച്ചർ ചോക്ക് അവനെ ഏൽപ്പിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. രണ്ടാമത്തെ തെളിവ് ചിലരുടെ കണ്ണുകൾ അവരറിയാതെ ഇടയ്ക്കിടെ അവനിലേക്ക്‌ നീളുന്നുണ്ടായിരുന്നു. എന്നിലെ ഡിറ്റക്റ്റീവിന് ഈ രണ്ടു സൂചനകൾ മതിയായിരുന്നു.

*************************

കേസ്ഡയറിയെടുത്ത് പുതിയ പേജിൽ എഴുതിത്തുടങ്ങി..

കേസ് നമ്പർ -9

കുറ്റവാളി ഒരു ബിസിനസ്സുകാരനാണ്. അയാളുടെ ഭാര്യ ആരോപിക്കുന്നതുപോലെ അയാൾക്ക്‌ മറ്റു സ്ത്രീകളുമായി ബന്ധമുണ്ടോന്നാണ് തെളിയിക്കേണ്ടത്. അവർ ഹാജരാക്കിയിരിക്കുന്ന ഏക തെളിവ് ഒരു ഫോൺ നമ്പറാണ്. ബിസിനസ്‌ ടൂർ എന്നുപറഞ്ഞ് യാത്രപോയദിവസം രാവിലെ വിളിച്ച ഫോൺ നമ്പർ. അത് അവർ ആരോപിക്കുന്നതുപോലെ ഒരു സ്ത്രീയുടെ നമ്പർ ആണൊന്നാണ് ആദ്യം അറിയേണ്ടത്…

അത്രയും എഴുതി ഡയറി അടച്ചുവച്ചു. വിരസതനിറഞ്ഞ ദിനങ്ങൾ ആഘോഷമാക്കാൻ ഒരു കേസ് വന്നിരിക്കുന്നു. തെളിവുകൾ ശേഖരിച്ചു നെല്ലും പതിരും തിരിക്കണം.

ഡിറ്റക്റ്റീവ് ആകണമെന്നാഗ്രഹിച്ച ഞാനിന്നു വെറുമൊരു വീട്ടമ്മയാണ്. അഞ്ചിലും എട്ടിലും പഠിക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ അമ്മ. ഏറെ തിരക്കുള്ള ഭർത്താവിന്റെ ഒട്ടും തിരക്കില്ലാത്ത ഭാര്യ. അറിഞ്ഞഗ്രഹിച്ചാൽ നേടാൻ പറ്റാത്തതായി ഒന്നുമില്ലെന്ന് പറഞ്ഞ ആ പഴയ ടീച്ചറിനെ ഇടയ്ക്കൊക്കെ ഓർക്കാറുണ്ട്…

നടന്നുവന്ന ജീവിതപാതകൾ ലക്ഷ്യത്തിലേ ക്കുള്ളതായിരുന്നില്ല..ആരൊക്കെയോ വെട്ടിത്തെളിച്ച പാതകൾ. മടികൂടാതെ വെറുതെ നടന്നുനീങ്ങി. എന്റെ ഒൻപതാമത്തെ കേസാണിത്. ബാക്കി എട്ടെണ്ണം നിസ്സാരമെന്നു തോന്നിപ്പിക്കാവുന്നതാണെങ്കിലും എനിക്കവയെല്ലാം വളരെ പ്രധാനപ്പെട്ടവയായിരുന്നു ഒപ്പം പ്രിയപ്പെട്ടതും…

തൊട്ടടുത്തു താമസിക്കുന്ന മാമിയുടെ മുറ്റത്തെ ഷെഡ്‌ഡിൽ വിരിച്ചുണക്കാനിടുന്ന വസ്ത്രങ്ങൾ  രാത്രിയിൽ മോഷ്ടിക്കുന്ന കള്ളനെ കണ്ടെത്തിയതും, ഏട്ടന്റെ ഓഫീസിൽ അക്കൗണ്ടന്റ് കാണിക്കുന്ന കള്ളത്തരങ്ങൾ കണ്ടെത്തി കാണിച്ചു കൊടുത്തതും അങ്ങനെ ചെറിയ ചെറിയ കേസുകൾ…അവയെല്ലാം അക്കമിട്ട് ഡയറിയിൽ എഴുതിവെച്ചിട്ടുണ്ട്..അതിൽ ഒന്നാമത്തേത് ഒളിപ്പിച്ചുവച്ച ചോക്ക് കഷ്ണം കണ്ടുപിടിച്ചതാണ്.

ഇന്ന് ആരംഭിക്കാൻ പോകുന്ന കേസ് എന്റെ ജീവിതത്തിലെ ഒരു വലിയ നാഴികക്കല്ലുതന്നെയാണെന്ന് എനിക്കുറപ്പുണ്ട്.

************************

ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതും മാനസിക പിരിമുറുക്കം സൃഷ്‌ടിച്ചതുമായിരുന്നു ഒൻപതാമത്തെ കേസ്. ഒരു ഫോൺനമ്പർ അതിൽനിന്നും തുടങ്ങണം. നമ്പർ തെറ്റിച്ചെന്ന ഒരു കാൾ എന്ന രീതിയിൽ ആ നമ്പറിലേക്കു വിളിച്ചു നോക്കി..മറുതലയ്ക്കൽ ഒരു സ്ത്രീ ശബ്‌ദം.

ഒന്നാമത്തെ തെളിവ് കിട്ടിയിരിക്കുന്നു.

ഫോൺ കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുവഴിയാണ് ആ നമ്പർ ഉപയോഗിക്കുന്ന ആളിന്റെ അഡ്രസ് തപ്പിയെടുത്തത്..മേൽവിലാസം ഒരു സ്ത്രീയുടെ ആയിരുന്നു. അവരുടെ വീട്ടിൽ ആരൊക്കെ ഉണ്ട്‌..അവർ ജോലിക്ക് പോകുന്നുണ്ടോ തുടങ്ങി ഇനിയും ധാരാളം വിവരങ്ങൾ ശേഖരിക്കണം.

തലയ്ക്കു ചൂട് പിടിച്ചു നടന്ന നാളുകൾ. എപ്പോഴും ചിന്തിച്ചു നടന്ന് ഒന്നിലും ശ്രദ്ധയില്ലാതെയായെന്നു പറഞ്ഞ് ഏട്ടന്റെ ചീത്തവിളി കേൾക്കാതെ ഒരു ദിനം പോലും കടന്നുപോകാതെയായി.

തെളിവുകൾ… ഒന്നിന് പിന്നാലെ ഒന്നായി…ആ സ്ത്രീയും പുരുഷനും തമ്മിൽ അ വിഹിതബന്ധം നിലനിൽക്കുന്നുണ്ട്. രണ്ടുകുടുംബവും അറിയാതെ ഭംഗിയായി മറച്ചു പിടിക്കുന്നതിലവർ വിജയിക്കുന്നുമുണ്ട്.

ഒരു ഡിക്ടറ്റീവ് എന്ന നിലക്ക് കിട്ടിയ തെളിവുകൾ നിരത്തി അവരുടെ കള്ളക്കളികൾ വെളിച്ചത്തുകൊണ്ട് വരണം.

ഞാൻ വച്ചുനീട്ടിയ തെളിവുകൾ, ശേഖരിച്ച വിവരങ്ങൾ സസൂക്ഷ്‌മം നോക്കിയിട്ട് ആ പാവം സ്ത്രീ ഒരു വിളറിയ ചിരിയോടെ കണ്ണ് നിറച്ചു നിന്നു. അടക്കാനാകാത്ത ഹൃദയവേദനയോടെ  പിടയുന്നുണ്ടായിരുന്നു അവർ..

“എനിക്ക് രണ്ടു പെൺകുട്ടികളാണുള്ളത്. വീട്ടുകാർ കെട്ടിച്ചുവിട്ട് ശല്യം ഒഴിവാക്കിയതാണ്.  അങ്ങോട്ട് പോയാൽ..എന്നെ സ്വീകരിക്കാൻ അവിടെയാരുമില്ല. എന്റെ കുട്ടികൾ എന്തു തെറ്റുചെയ്തു. അവർ അച്ഛന്റെയും അമ്മയുടെയും കൂടെ സന്തോഷത്തോടെ ജീവിക്കട്ടെ..അതുങ്ങളുടെ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കാനാവില്ല.”

“അദ്ദേഹത്തോട് ഇതൊന്നും സൂചിപ്പിക്കാൻ ഞാൻ തയ്യാറല്ല..എല്ലാം അറിഞ്ഞിട്ടും പ്രതികരിക്കാതെ ഒരു പ ട്ടിയെപ്പോലെ ഞാൻ കിടക്കുന്നു എന്നു കരുതും..അഭിമാനം പണയം വച്ച് അടിമയെപ്പോലെ എത്രനാൾ..പിന്നെ എന്തും ആകാം എന്ന തോന്നൽ വന്നാൽ ഇപ്പോൾ ഇരുട്ടത്ത് ചെയ്യുന്നതെല്ലാം വെളിച്ചത്തു ചെയ്യാൻ തുടങ്ങും “

“ഒന്നിനും ഇറങ്ങി തിരിക്കേണ്ടായിരുന്നു..ഉള്ള സമാധാനം പോയി.. “

“സാരോല്ല..എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ..സഹിക്കാം..”

പിന്നിൽ വസ്ത്രമുലയുന്ന ശബ്ദം..

“അമ്മ കുറച്ചു നേരം ആയല്ലോ….കണ്ണാടിയിൽ നോക്കി നിൽക്കുന്നത്..സുന്ദരികുട്ടിക്ക് സൗന്ദര്യം കണ്ടു മതിയായില്ലേ… “

“അതോ..എന്തെങ്കിലും സങ്കടം വന്നു കേറിയോ..അപ്പോഴെല്ലാം ഉള്ളതാണല്ലോ കണ്ണാടിയിൽ നോക്കിയുള്ള സംസാരം..”

“വാ പെണ്ണേ മതി..എനിക്ക് വിശക്കുന്നു.. “

“മോള് ചെല്ല്..അമ്മ ദാ വരുന്നു.”

ഡയറി എടുത്തടച്ച് ഭദ്രമായി വച്ചു..കണ്ണാടിയിൽ നോക്കി ഒരു പൊട്ടെടുത്ത് നെറ്റിയിൽ ഒട്ടിച്ചു..കൂടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയും…കണ്ണുകൾ കലങ്ങിയിട്ടുണ്ട്..ഇനി അതിന്റെ കാരണം ബോധിപ്പിക്കേണ്ടി വരും..

കണ്ണാടിലേക്കു നോക്കി നിന്നപ്പോൾ അത്ഭുതം തോന്നി. അതികഠിനമായ ഹൃദയ വേദനയിൽ ഉരുകുമ്പോഴും എത്ര ഭംഗിയായിട്ടാണത് ഒരു പുഞ്ചിരിയാൽ  ഒളിപ്പിക്കപ്പെടുന്നത്. 

“അമ്മേ… ” വീണ്ടും വിളി വന്നു.

ഇതുവരെയില്ലാത്ത ഒരു ധൈര്യം..തലയുയർത്തിപ്പിടിച്ചു പതിയെ നടന്നു..അടുക്കളയിലേക്ക്..സ്വന്തം സാമ്രാജ്യത്തിലേക്ക്…