ഇനിയെങ്ങാനും കനിയുടെ കാലിലെ കാക്കപുള്ളി കണ്ടിട്ടാണോ അപ്പു അങ്ങിനെ പറഞ്ഞത്…

കനി…

Story written by Sai Bro

===============

കണങ്കാലിൽ കറുത്ത ചിരട്കെട്ടിയ  പെൺകുട്ടിയെ കുറിച്ച് ഒരു കഥ എഴുതിയാലോ എന്നാലോചിച്ചു ഉമ്മറത്തെ ചാരുകസേരയിൽ അങ്ങിനെ കണ്ണടച്ചു  കിടക്കുമ്പോഴാണ് പിറകിൽ നിന്നും അമ്മയുടെ സ്വരം കേട്ടത്..

എന്താടാ.. വയ്യേ നിനക്ക്..?

ഹേയ്, ഒന്നുല്യ അമ്മേ.. ഞാൻ ഫേസ്ബുക്കിൽ ഇടാൻ പറ്റിയ ഒരു കഥയെപറ്റി ഓർക്കുവായിരുന്നു..

ഉവ്വ്..കഥ എഴുതി അവസാനം നീയൊരു കഥയില്ലാത്തവൻ ആയി മാറാതിരുന്നാൽ മതിയാർന്നു..

അമ്മ പിറുപിറുത്തുകൊണ്ട് വീടിനുളിലേക്ക് നടന്നു പോയി..

ഈ അമ്മക്ക് എന്തറിയാം നൂറുകണക്കിന് ആരാധകരുള്ള ഒരു എഴുത്തുകാരനാണ് ഞാനെന്ന്‌ അമ്മക്ക് അറീല്യലൊ..

വീണ്ടും കണ്ണടച്ച് എന്തൊക്കെയോ അലോയ്‌ച്ചു തല പുണ്ണാക്കുമ്പോഴാണ് ഒരു കിളി നാദം തൊട്ടടുത്ത്‌ നിന്നും കേട്ടത്…

ഹായ് ബ്രോ… !

ഞെട്ടി കണ്ണ്തുറന്ന് നോക്കിയപ്പോൾ ആ കിളിനാദത്തിന്റെ  ഉടമയെ കണ്ടു.

നീണ്ട് മെലിഞ്ഞു കൊലുന്നനെയുള്ള ഒരു പെൺകുട്ടി..ജീൻസും ടീഷർട്ടും ആണ് വേഷം..ചുമലിൽ ഒരു വല്യ ബാഗും തൂങ്ങികിടപ്പുണ്ട്..

മുന്നിൽ നിൽക്കുന്നവളുടെ മുഖം ശ്രദ്ധിച്ചപ്പോഴാണ് ആ കാഴ്ച കണ്ടത്..

അവളുടെ മേൽചുണ്ടിനു മുകളിൽ കിളിർത്തു നിൽക്കുന്ന  ചെമ്പൻ രോമങ്ങൾ..!

ഉള്ളൊന്ന് കാളി..

കനി.. !

ചെറിയൊരു നടുക്കത്തോടെ ആ പേര് മനസിലേക്ക് കടന്നുവന്നു.

********************

ഡാ നിന്റെ അയൽക്കാരി ആ സുന്ദരികോതക്ക് മീശ ഉണ്ടല്ലേ.. ?

അമ്പലക്കുളത്തിൽ മുങ്ങാംകുഴി ഇടാൻ തയ്യാറെടുക്കുമ്പോൾ അപ്പു പിറകിൽ നിന്നും ചോദിച്ചു..

ഉം..ഉണ്ട്, ആ ചെമ്പൻ മീശ കാണാൻ നല്ല ചേലാണ് അല്ലേ അപ്പു..

ഉം…

എന്തോ ഓർത്തു അപ്പു ഒന്ന് മൂളി..

മുങ്ങി നിവരുമ്പോൾ അപ്പു പിന്നെയും അടുത്തുവന്നു..

ഓൾടെ പേര് കനി എന്നാണല്ലേ.. ?

ആ, അതേ..എന്താ അപ്പു  കാര്യം.. ?

ഞാൻ ജിജ്ഞാസതയോടെ അപ്പുവിനെ നോക്കി..

ഡാ, മീശയുള്ള പെങ്കുട്യോൾക്ക് ഇടതു കണങ്കാലിൽ ഒരു കാക്കപുള്ളി ഉണ്ടാവും..

അപ്പു സ്വകാര്യത്തിൽ പറഞ്ഞത് കേട്ട് ഞാനൊന്ന് അതിശയിച്ചു..

ചുമ്മാ പുളുവടിക്കല്ലേ അപ്പു..നീ കണ്ടിട്ടുണ്ടോ ഓൾടെ കാലിലെ കാക്കപുള്ളി.. ?

ഞാൻ നോക്കീട്ടില്യ ഓൾടെ കാല്..പക്ഷെ ഇത് സത്യം ആണ്..വേണേൽ നീ പോയി നോക്കിക്കോ..അപ്പൊ അറിയാം..

അന്ന് രാത്രി കിടക്കുമ്പോൾ മുഴുവനും അപ്പുവിന്റെ വാക്കുകളായിരുന്നു ചെവിയിലും മനസ്സിലും..

കനി..ഓളെ കാണാൻ നല്ല ഭംഗിയാണ്.. ചുണ്ടിന് മുകളിലെ ചെമ്പൻ രോമങ്ങൾ കനിയുടെ പ്രത്യേകതയായിരുന്നു..അതവളുടെ അഴക് കൂട്ടിയിരുന്നു..

അതുകൊണ്ട് തന്നെയാണ് കനിയെ തന്റെ ബെസ്റ്റ് ഫ്രണ്ട്‌ ആയി തിരഞ്ഞെടുത്തതും, കാണാൻ ഭംഗിയുള്ള പെങ്കുട്യോളെ കാണുമ്പോൾ ഒരാണിന് തോന്നുന്ന ഒരിഷ്ടം ഓളോട്  തോന്നിയതും,അത് മനസ്സിൽ കൊണ്ടുനടന്നതും…

പക്ഷെ ഓൾടെ ഇടത് കാലിൽ കാക്കപുള്ളി ഉണ്ടോ.. ?

ഇനിയെങ്ങാനും കനിയുടെ കാലിലെ കാക്കപുള്ളി കണ്ടിട്ടാണോ അപ്പു അങ്ങിനെ പറഞ്ഞത് ?

അതോ അവൻ ചുമ്മാ ബഡായി പറഞ്ഞതോ ?

സംശയങ്ങൾ, ആയിരമായിരം സംശയങ്ങൾ…

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു….

രാവിലെതന്നെ എണീറ്റു കുളിയും കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ ദാ നിക്കുന്നു കനി കണ്മുൻപിൽ..

അവളുടെ കൂടെ അമ്പലത്തിലേക്ക് നടക്കുമ്പോൾ എന്റെ ശ്രദ്ധ മുഴുവനും അവളുടെ കാലിലേക്കായിരുന്നു..

വെളുത്ത ഇടത് കണങ്കാലിൽ കറുത്ത കാക്കപുള്ളി കാണുന്നുണ്ടോ.. ?

ഒരു രക്ഷയും ഇല്യ..കനി ഉടുത്തിരിക്കുന്ന പട്ടുപാവാട ഓൾടെ കാലിനെ  മൂടിപുതച്ചു കിടക്കുവാണ്..നഖം പോലും പുറത്തുകാണാനില്ല..

ചുറ്റമ്പലം പ്രദക്ഷിണം ചെയ്യുമ്പോൾ കനിയുടെ ചുണ്ടിനുമുകളിലെ ചെമ്പൻരോമങ്ങളിൽ ഉരുണ്ടുകൂടിയ വിയർപ്പുമണികളെ അവൾ അറിയാതെ  ഞാൻ ശ്രദ്ധിച്ചു..

അമ്പലത്തിൽനിന്നും പുറത്തിറങ്ങി ചെരുപ്പിടാൻ വേണ്ടി കുനിഞ്ഞപ്പോഴാണ് ആ സുവർണ്ണാവസരം ഒത്തുവന്നത്..

തൊട്ടടുത്ത്‌ നിന്നിരുന്ന കനിയുടെ പട്ടുപാവാടയുടെ തുമ്പ് അറിയാത്തമട്ടിൽ ഞാനൊന്ന് പൊന്തിച്ചു..

ആകാംഷയും പേടിയും വെപ്രാളവും കൊണ്ടാവണം കൈവിരലുകളിലൊന്ന് അറിയാതെ കനിയുടെ കാലിലൊന്നു സ്പർശിച്ചു..

ഓള് ഞെട്ടി തിരിഞ്ഞതേ  ഓർമയുള്ളൂ..

പടക്കം പൊട്ടുന്ന ശബ്ദത്തിൽ നെറ്റിയിൽ എന്തോ വന്നിടിച്ചത് തൊട്ടടുത്ത്‌ കിടന്നിരുന്ന ഇഷ്ട്ടികകൊണ്ട് കനി എന്റെ നെറ്റിയിൽ അടിച്ചതാണെന്നു വളരെ വൈകിയാണ് ഞാനറിഞ്ഞത്..

കനിയുടെ കാലിൽ കാക്കപുള്ളി ഉണ്ടെന്ന് അപ്പു പറഞ്ഞപ്പോ അതൊന്ന് നോക്കാൻ വേണ്ടീട്ടാ ഞാൻ…

ചോ.രയൊലിക്കുന്ന നെറ്റിയും പൊത്തിപിടിച്ചു തലതാഴ്ത്തി അത്രേം പറഞ്ഞപ്പോഴേക്കും ഓള് വെട്ടിത്തിരിഞ്ഞു നടന്നു പോയി..

ആശൂത്രിയിൽ പോയി നെറ്റിയിൽ ബാൻഡേജ് ചുറ്റി ബാലചന്ദ്രമേനോനായി തിരിച്ചു വരുമ്പോ ദാ വരുന്നു അപ്പു മുഖവും പൊത്തിപിടിച്ചുകൊണ്ട്..

ന്തൂട്ടാ അപ്പു പറ്റ്യേ.. ?

ഒന്നും പറയണ്ട അളിയാ രാവിലെ ഒന്ന് വഴുതിവീണു..നെറ്റി ഒരു കല്ലിൽ ഇടിച്ചു പൊട്ടി..

അത്രേം പറഞ്ഞപ്പോളാണ് അപ്പു എന്റെ മുഖം ശ്രദ്ധിച്ചത്..

നിന്റെ നെറ്റിൽ എന്താ പറ്റ്യേ.. ?

ഞാനും രാവിലെതന്നെ ഒന്ന് വഴുതിവീണതാ അപ്പു…

നെറ്റിയിലെ മുറിവിലെ നീറ്റലിനിടയിലും ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

ആ സംഭവം കഴിഞ്ഞു ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ കനിയും കുടുംബവും വീടിനടുത്തുനിന്നും താമസംമാറി ബാംഗ്ലൂരിലേക്ക് പോയി…

കാറിൽ കയറി പോകാൻ നേരത്ത് അപ്രതീക്ഷിതമായി കനി എന്റെ നേരെ നോക്കി..

സ്ഫടികത്തിൽ ലാലേട്ടൻ മീശ പിരിക്കുന്നത് പോലെ ഓളും ഓൾടെ ചെമ്പൻ മീശയൊന്നു പിരിച്ചുകൊണ്ട് കണ്ണുകളാൽ എന്നെയൊന്ന് വെല്ലുവിളിച്ചു…

നീണ്ട ആറുവർഷത്തെ ഇടവേളകഴിഞ്ഞു കനി വീണ്ടും വന്നിരിക്കുന്നു.. എന്തൂട്ടിനാണാവോ… ?

ഹേയ് ബ്രോ..എന്താ അന്തംവിട്ട് കണ്ണുംമിഴിച്ചിങ്ങനെ ഇരിക്കുന്നെ, എന്നെ മനസിലായില്ലേ.. ?

അത് ചോദിക്കുമ്പോഴും ഓൾടെ നോട്ടം എന്റെ നെറ്റിയിലെ മുറിപ്പാടിലേക്കായിരുന്നു..

കാലത്തിനു മായ്ക്കാൻ പറ്റാത്ത ഒന്നായി അത് നെറ്റിയിൽ തെളിഞ്ഞ് കിടന്നിരുന്നു..

അമ്മയുടെ കൂടെ ബാഗും തൂക്കിപിടിച്ചു  ചിരിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറിയപ്പോൾ കനി ഉമ്മറത്ത്‌ അന്തംവിട്ടുനിൽകുന്ന എന്നെ പെട്ടെന്നൊന്നു തിരിഞ്ഞുനോക്കി…കണ്ണുരുട്ടി പേടിപ്പിച്ചു…

അമ്മയിൽ നിന്നാണ് ബാക്കി കാര്യങ്ങൾ ഞാനറിഞ്ഞത്..

ഓണം വെക്കേഷന് നാല്  ദിവസം നാട്ടിൽ ചിലവഴിക്കാൻ എത്തിയതാണ് കനി..വന്നിട്ടിപ്പോൾ രണ്ട്‌ ദിവസമായി…

ഓൾടെ അച്ഛൻ വീട്ടിലും അമ്മവീട്ടിലുമായി കറങ്ങി നടക്കുവായിരുന്നു..നാളെ കഴിഞ്ഞു തിരുവോണം..അന്ന് വൈകീട്ട് തിരിച്ചു ബാംഗ്ലൂരിലേക്ക് വണ്ടി കയറും കനി..

രണ്ട്‌ ദിവസം കനി ഇവിടെ കാണും..

അതോർത്തപ്പോൾ ഒരു കിരുകിരുപ്പ് കരളിൽ…

പിറ്റേന്ന് മുഴുവനും കനിയുമായി മുഖാമുഖം വരാതെ ഞാൻ ഒഴിഞ്ഞുമാറി നടന്നു..

പക്ഷെ തിരുവോണത്തിന്റെ അന്ന് രാവിലെ ഓള് എന്നെ കയ്യോടെ പൊക്കി..

തുടരെയുള്ള തട്ട് കേട്ട് വാതിൽ തുറന്നപ്പോൾ ദാ നിൽക്കുന്നു കണ്മുന്നിൽ കനി..

ജീൻസിനു പകരം സെറ്റ്മുണ്ടാണ് വേഷം. മുടിയിൽ മുല്ലപ്പൂവും തുളസിക്കതിരും കോർത്തിട്ടുണ്ട്..

ബ്രോ കുളിച്ചില്ലേ.. ?

ഉവ്വ്‌ എന്നമട്ടിൽ ഞാനൊന്ന് തലയാട്ടി..

ന്നാ വായോ, നമുക്കൊന്ന് അമ്പലത്തിൽ പോകാം..ആറു വർഷം കഴിഞ്ഞു അമ്പലം കണ്ടിട്ട്..

പാടവരമ്പിലൂടെ ചിരപരിചിതയെപോലെ കനി  തുള്ളിച്ചാടിനടന്നപ്പോൾ അത് കണ്ട്‌ നിശബ്ദനായി ഞാനും പിറകിലൂടെ നടന്നു..

എന്തേലും ഒക്കെ പറയ് ബ്രോ..

കനി സംസാരിക്കാൻ നിര്ബന്ധിച്ചു..

ഈ ബാംഗ്ലൂരുള്ള പെങ്കുട്യോൾ കാലിൽ ചിരട് കെട്ടുമോ.. ?

എന്റെ ചോദ്യം കേട്ട് കനി നടത്തം നിർത്തി തിരിഞ്ഞു നിന്നു..

അവിടെ ചിലരുടെ കാലിൽ കറുത്ത ചിരട് കാണാറുണ്ട്. അതിപ്പോഴത്തെ സ്റ്റൈൽ അല്ലേ ബ്രോ..

ഉം..

അല്ല ബ്രോ.. ഈ കാര്യമെന്താ എടുത്തുചോയ്ക്കാൻ കാരണം.. ?

ഹേയ്, ഒന്നുരണ്ട് പെങ്കുട്ട്യോൾടെ കാലിൽ കറുത്ത ചിരട് കിടക്കുന്നത് ഞാൻ കണ്ടിരുന്നു..നല്ല രസണ്ട് കാണാൻ അത്..

ഉം…ഇപ്പോഴും കാൽനോട്ടം വിട്ടിട്ടില്ല അല്ലേ..

കനി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോ അറിയാതെ ഞാനെന്റെ നെറ്റിയിലൊന്നു തടവി..

ആറുവർഷങ്ങൾക്കു ശേഷം വീണ്ടും ഞങ്ങളൊരുമിച്ചു അമ്പലത്തിൽ കയറി..

ശ്രീകോവിലിന് മുൻപിൽ തൊഴുകയ്യോടെ നിൽക്കുമ്പോൾ കനി എന്റെ തോളൊരുമ്മി നിന്നപോലെ ഒരു തോന്നൽ..

കണ്ണടച്ച് പ്രാർത്ഥിച്ചു നിൽക്കുമ്പോൾ കനിയുടെ മൂക്കിൻ തുമ്പിൽനിന്നും ചെമ്പൻ മീശരോമങ്ങളിലേക്ക് ഉരുണ്ടിറങ്ങുന്ന വിയർപ്പ് മണികളെ ഞാൻ അസൂയയോടെ നോക്കി നിന്നു..

കണ്ണടച്ചുനിന്ന കനി പെട്ടെന്ന് ചെവിയിൽ ചുണ്ട് ചേർത്തു സ്വകര്യം പറഞ്ഞു..

ദേവി ഇരിക്കുന്നത് ശ്രീകോവിലിനുള്ളിലാണ് അങ്ങോട്ട്‌ നോക്കി പ്രാർത്ഥിക്ക്..

ചെറിയൊരു ഇളിഭ്യതയോടെ കൈകൂപ്പി കണ്ണടക്കാൻ നേരത്ത് കനിയുടെ ചുണ്ടിലൊരു പുഞ്ചിരി മിന്നിമാഞ്ഞപോലെ തോന്നി…

തൊഴുത്തിറങ്ങി തിരികെ വീട്ടിലേക്ക് നടക്കിമ്പോഴും കനി മുൻപിലും ഞാൻ പിറകിലും തന്നെയായിരുന്നു..

ബ്രോ എന്താ ദേവിയോട് പ്രത്യേകമായി  പ്രാർഥിച്ചത്.. ?

ഏയ്‌..അങ്ങനെ പ്രത്യേകമായി ഒന്നുല്യ.

ന്നാലും.. പറയ് ബ്രോ…

ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ കാലിൽ ചിരട് ഉണ്ടാവണേന്ന്‌ പറഞ്ഞിരുന്നു ദേവിയോട്..

അത് കൊള്ളാലോ ബ്രോ..

കനി എന്തൂട്ടാ ദേവിയോട് പ്രാർത്ഥിച്ചേ.. ?

മുൻപിൽ നടന്നിരുന്ന കനി പെട്ടെന്നൊന്നു വെട്ടിത്തിരിഞ്ഞു, എനിക്ക് അഭിമുഖമായി നിന്നു..

ചോദ്യഭാവത്തിൽ ഞാൻ കനിയുടെ മുഖത്തേക്കൊന്ന്‌ നോക്കി.

കനിയുടെ കണ്ണുകൾ എന്റെ മുഖത്തും നെറ്റിയിലെ മുറിപ്പാടിലുമായി കറങ്ങിനടന്നു..

കൊറേനാൾ മുൻപ് എന്റെ പാവാടത്തുമ്പ് പൊക്കിയതിന് ഒരുത്തനെ ഞാൻ കല്ലുവെച്ചു ഇടിച്ചിരുന്നു..അവനെ തന്നെ കെട്ടി അവന്റെ കുഞ്ഞുങ്ങളേം പെറ്റുകൂട്ടി അവനോടു പിണങ്ങി തല്ലൂടി  ഈ നാട്ടിൽതന്നെ സുഖിച്ചു  ജീവിക്കാൻ കഴിയണേ ദേവി എന്നാണ് ഞാൻ പ്രാർത്ഥിച്ചേ…

കനിയുടെ ആ പ്രാർത്ഥനയുടെ അർത്ഥം ഞാൻ മനസിലാക്കി വരുമ്പോഴേക്കും ഓള് പൊട്ടിചിരിച്ചുകൊണ്ട് പാടവരമ്പിലൂടെ തുള്ളിച്ചാടി  ഓടിയിട്ടുണ്ടായിരുന്നു…

അതിനിടയിലും ഞാനാ കാഴ്ച കണ്ടു…

ഓടുന്നതിനിടക്ക് കനിയുടെ സെറ്റുമുണ്ടിന്റെ തുമ്പൊന്ന് ഉലഞ്ഞപ്പോൾ ഇടത്തെ കണങ്കാലിൽ തെളിഞ്ഞു കണ്ടു….

ഒരു കാക്കപുള്ളിയും കറുത്ത ചരടും…