എല്ലാം ഞാൻ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നൂ. ആൺമക്കൾക്ക് ഒരു ഭാരമായി ഇനി ഇവിടെ ഞാനും അവളും വേണ്ട…

ഏട്ടൻ

Story written by Suja Anup

===============

“ആ മന്ദബുദ്ധിയെ നോക്കുവാൻ എനിക്ക് വയ്യ. നമുക്ക് ഇവിടെ നിന്നും മാറി താമസിക്കാം ഹരിയേട്ടാ..”

“നീ എന്താ രേണു ഈ പറയുന്നത്, അമ്മയ്ക്കും അനിയത്തിക്കും പിന്നെ ആരാണുള്ളത്..? നിന്നോട് വിവാഹത്തിന് മുൻപേ തന്നെ എല്ലാം പറഞ്ഞു തന്നിരുന്നതല്ലേ…”

“ഏട്ടൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് ആ അസത്തിനെ ഇഷ്ടമല്ല…”

“ശരി ഞാൻ എന്തെങ്കിലും വഴി നോക്കാം….”

ഹരിയോട് രേണു കയർത്തു സംസാരിക്കുന്നതു കണ്ടു കൊണ്ടാണ് ഞാൻ അവിടേയ്ക്കു വന്നത്. ഒന്നും കേട്ടില്ല എന്ന മട്ടിൽ ഞാൻ അടുക്കളയിലേയ്ക്ക് പോയി.

******************

വിവാഹം കഴിഞ്ഞ നാൾ മുതൽ രേണുവിന്‌ അവളെ ഇഷ്ടമല്ല. എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്. പക്ഷേ..നിശബ്ദം സഹിക്കാനേ എനിക്ക് കഴിയൂ…

ഹരിയും രേണുവും ആയുള്ള വിവാഹം നടന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാൻ ആണ്. പാവപെട്ട വീട്ടിൽ നിന്നും പഠിപ്പുള്ള ഒരു കുട്ടിയെ ഹരി സ്വന്തം ഇഷ്ടപ്രകാരം കണ്ടെത്തിയപ്പോൾ ഞാൻ ആശ്വസിച്ചൂ. അവൾക്കു റീതുവിനെ മനസ്സിലാകും.

“അവൾക്കു റീതുവിനെ സ്നേഹിക്കുവാൻ സാധിക്കും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നൂ..എല്ലാം പക്ഷേ…വെറുതെയായി…”

രണ്ടു ആണ്മക്കൾക്കു (ഹരി, രവി)ശേഷം മൂന്നാമതൊരു പെൺകുട്ടി (റീതു) ജനിച്ചപ്പോൾ ഈ ലോകം നേടിയ സന്തോഷമായിരുന്നൂ എനിക്ക്…

താഴത്തു വയ്ക്കാതെ കൊഞ്ചിച്ചാണ് അവളുടെ അച്ഛൻ അവളെ വളർത്തിയത്. ബുദ്ധിക്കുറവുണ്ട് എന്ന് അറിഞ്ഞത് മുതൽ അവളെ കാണിക്കാത്ത ഡോക്ടർമാരില്ല. എല്ലാം വിധിയാണ് എന്ന് സമാധാനിക്കുവാൻ ഞാൻ ശ്രമിച്ചൂ.

അദ്ദേഹം എപ്പോഴും എന്നോട് പറയുമായിരുന്നൂ…

“നീ കുറച്ചു കൂടെ നന്നായി റീതുവിനെ നോക്കണം. ആൺമക്കൾക്കു കൊടുക്കുന്നതിൽ കൂടുതൽ കരുതൽ കൊടുത്തില്ലെങ്കിലും സാരമില്ല. അവളെ മന്ദബുദ്ധി എന്ന രീതിയിൽ നീ തിരിച്ചു നിർത്തരുത്. ആൺമക്കൾ വലുതല്ലേ, അവർക്കു സ്വയം കാര്യങ്ങൾ നോക്കാനറിയാം. മോളെ കുറച്ചൊക്കെ പരിശീലനത്തിലൂടെ ശരിയാക്കി എടുക്കുവാൻ നമുക്ക് പറ്റും..”

“എനിക്ക് അതിലൊന്നും താല്പര്യം ഉണ്ടായിരുന്നില്ല. ആൺമക്കൾ എങ്കിലും നന്നായി പഠിക്കട്ടെ. റീതുവിനെ പിന്നീട് അവർ നോക്കുമല്ലോ..” അങ്ങനെയാണ് ഞാൻ ചിന്തിച്ചത്..

അവൾക്കു എന്തിനും ഏതിനും അച്ഛൻ മതിയായിരുന്നൂ. അവളിൽ ഉണ്ടാകുന്ന മാറ്റം കണ്ടു ഡോക്ടർമാർ വരെ അത്ഭുതപെട്ടിരുന്നൂ.

ആണ്മക്കൾക്കും ഒരിക്കലും അദ്ദേഹം ഒന്നിനും കുറവ് വരുത്തിയിരുന്നില്ല. വലിയ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന അവരെ നോക്കി എന്നും അദ്ദേഹത്തിന് അഭിമാനമേ ഉണ്ടായിരുന്നുള്ളൂ…

ഞാൻ അപ്പോഴും എൻ്റെ ആൺമക്കൾ വാങ്ങി കൂട്ടുന്ന ബിരുദങ്ങളിലും അംഗീകാരങ്ങളിലും സന്തോഷിച്ചൂ, അഹങ്കാരിച്ചൂ…

അച്ഛൻ്റെ മരണത്തോടെ എൻ്റെ മകൾ തീർത്തും ഒറ്റപ്പെട്ടൂ. അച്ഛനായിരുന്നൂ അവൾക്കെല്ലാം…

*******************

“അമ്മേ, എനിക്ക് ഒരു കാര്യം പറയുവാനുണ്ട്..”

“എന്താ ഹരിക്കുട്ടാ, മോൻ  പറഞ്ഞോളൂ..”

“അമ്മയ്ക്കറിയോ, ഇപ്പോൾ നല്ല സ്കൂളുകൾ ഉണ്ട്. ആധുനീക സൗകര്യങ്ങൾ ഒക്കെ ഉള്ളതാണ്. ഹോസ്റ്റൽ ഉണ്ട്. അനിയത്തികുട്ടിയെ അങ്ങനെ ഉള്ള ഒരു സ്കൂളിൽ ചേർത്താൽ നന്നായിരിക്കും.”

ഞാൻ ഒന്നും പറഞ്ഞില്ല. അച്ചൻ്റെ മരണത്തിനു ശേഷം തൊട്ടടുത്തുള്ള സ്കൂളിൽ അവളെ ഞാൻ വിട്ടിരുന്നതാണ്. “അവൾ അവിടെ പഠിക്കുവാൻ പോകുന്നത് നാണക്കേടാണ് എന്ന് പറഞ്ഞു രേണു തടഞ്ഞതാണ്.”

“അമ്മേ, രവിയും ഇതു തന്നെയാണ് പറഞ്ഞത്…”

അത് കേട്ടതോടെ എൻ്റെ മനസ്സ് തകർന്നൂ. “രവിയും അങ്ങനെ ചിന്തിച്ചു തുടങ്ങിയോ..”

“അവന്‌ റീതുമോളെ ജീവനായിരുന്നൂ..” അവനിപ്പോൾ ആഫ്രിക്കയിൽ ആറു മാസത്തേയ്ക്ക് കമ്പനിയിൽ നിന്നും പോയതാണ്….

എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. അവരുടെ ജീവിതത്തിൽ അവൾ  ഒരു ഭാരമാണ്. ഒരു തടസ്സം..

പക്ഷേ..ഞാൻ അമ്മയാണ്. എൻ്റെ തെറ്റുകൾ ഇനിയെങ്കിലുംഞാൻ തിരുത്തണം. എൻ്റെ മകൾ എനിക്ക് ഒരിക്കലും ഒരു ഭാരം ആകില്ല.

എനിക്ക് എല്ലാം ഇപ്പോൾ മനസ്സിലാകുന്നുണ്ട്…

*******************

എല്ലാം ഞാൻ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നൂ. ആൺമക്കൾക്ക് ഒരു ഭാരമായി ഇനി ഇവിടെ ഞാനും അവളും വേണ്ട…

പിറ്റേന്ന് തന്നെ ഞാൻ മകളെയും കൂട്ടി നാട്ടിലേയ്ക്ക് മടങ്ങി. രവിയെ വിളിച്ചു നാട്ടിലേയ്ക്ക് പോകുന്നൂ എന്ന് മാത്രം പറഞ്ഞു.

അദ്ദേഹം അവൾക്കു വേണ്ട പണം അവളുടെ പേരിൽ ബാങ്കിൽ ഇട്ടിട്ടുണ്ടായിരുന്നൂ. “ഒരിക്കലും അവൾക്കു ഒരു കുറവും വരരുത്” എന്ന് മരിക്കുമ്പോൾ പോലും അദ്ദേഹം പറഞ്ഞിരുന്നൂ.

“ഞാനാണ് തെറ്റുകാരി, മക്കൾക്ക് വിദ്യാഭ്യാസം ഞാൻ കൊടുത്തു. പക്ഷേ അവർക്കു ഒരിക്കലും മനുഷ്യനെ മനസ്സിലാക്കാനുള്ള പഠിപ്പു ഞാൻ കൊടുത്തില്ല. ബിരുദങ്ങൾ വാങ്ങി കൂട്ടി അവർ മിടുക്കൻമാരായി. നല്ല ജോലിയും കിട്ടി. കൈ നിറയെ ശമ്പളവും കിട്ടി. പക്ഷേ…സ്വന്തം അനിയത്തിയെ അവർക്കു വേണ്ട…”

*******************

രവി ഇപ്പോൾ അങ്ങനെ ഫോൺ വിളിക്കാറില്ല. എന്താണെന്നറിയില്ല പാവം വല്ല തിരക്കിലും ആയിരിക്കും എന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ എൻ്റെ പ്രതീക്ഷകൾ തകർത്തു കൊണ്ട് രേണുവിൻ്റെ ഫോൺ വിളിയാണ്…

“രവി  ഇനി വരില്ല. അവൻ്റെ കൂടെ ഒരു പെൺകുട്ടി ഉണ്ട് അവിടെ. “ലിവിങ് ടുഗെതർ” ആണ്. അവൻ അവിടെ തന്നെ സ്ഥിരമായി നിൽക്കുവാൻ താല്പര്യപ്പെടുന്നൂ. അമ്മയ്ക്ക് സമ്മതമാണെങ്കിൽ റീതുവിനെ ഹോസ്റ്റലിൽ നിറുത്തി അമ്മയ്ക്ക് ഞങ്ങളുടെ കൂടെ വരാം…..”

“വേണ്ട മോളെ, എൻ്റെ കണ്ണടയുവോളം റീതുവിന്‌ ഞാൻ ഉണ്ടാകും ..”

“അവരെല്ലാം വലുതായി. അവർക്ക് വേണ്ട കാര്യങ്ങൾ തീരുമാനിക്കാനുള്ള പ്രാപ്തിയുമായി. ഇനി എങ്കിലും എനിക്ക് മകളെ ശ്രദ്ധിക്കണം. എൻ്റെ കാലം കഴിഞ്ഞാൽ അവൾക്കു ആരുമില്ല.” അത് മാത്രമായിരുന്നൂ എൻ്റെ പക്ഷേ ചിന്ത…

********************

കുടുംബക്ഷേത്രത്തിൽ നിന്ന് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ മോൾ എന്നെ കെട്ടി പിടിച്ചൂ..

“അമ്മ, എന്തിനാണ് കരയുന്നത്. അമ്മയ്ക്ക് ഈ ഞാനില്ലേ. അമ്മയെ വിട്ടു ഞാൻ എങ്ങും പോകില്ല. ഹരിക്കുട്ടനെയും രവിയേട്ടനെയും നമ്മുക്ക് ഇരുട്ടത്തിരുത്തി ചോറ് കൊടുക്കാം. അവരല്ലേ എൻ്റെ അമ്മയെ കരയിച്ചത്..

“ഈ കുഞ്ഞിനെ ഞാൻ കുറച്ചു കൂടെ നന്നായി നോക്കണമായിരുന്നു, ആണ്മക്കളുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിനിടയിൽ എപ്പോഴൊക്കെയോ ഇവളെ ഞാൻ ശ്രദ്ധിച്ചില്ല. ഇന്നെനിക്കു അതിൽ കുറ്റബോധമുണ്ട്.”

വീട്ടിൽ എത്തിയപ്പോൾ കുറച്ചു വിശ്രമിക്കാമെന്നു കരുതി….സഹായിക്കുവാൻ അയല്പക്കത്തു നിന്നും ഒരു സ്ത്രീ വരാറുണ്ട്…

പെട്ടെന്നാണ് കാളിങ് ബെല്ല് അടിച്ചത്..

“റീതു മോളെ, ഓടേണ്ട..അമ്മ തുറക്കാം..”

“പാവം എൻ്റെ കുട്ടി അതിനു എന്തറിയാം. ആരു ബെല്ല് അടിച്ചാലും ചേട്ടൻമ്മാർ ആവും എന്ന് അത് പ്രതീക്ഷിക്കും. അതിനു കുശുമ്പ് കുത്താനും ഉപദ്രവിക്കുവാനും അറിയില്ലല്ലോ…”

“മറ്റുള്ളവർ പറയുന്ന വാക്കുകളിൽ അടങ്ങിയിരിക്കുന്ന ദ്വായാർത്ഥങ്ങൾ അതിനു മനസ്സിലാകില്ല..”

“അമ്മേ, രവിയേട്ടൻ ആണ്..”

“എൻ്റെ മോനെ, ആറുമാസമായില്ലേ നീ പോയിട്ട്. ഫോൺ വിളിക്കുവാനും മടി. വിളിച്ചാലും എടുക്കില്ല..”

“അമ്മിക്കറിയാമല്ലോ എൻ്റെ തിരക്ക്. ഇന്നലെയാണ് ഞാൻ തിരിച്ചെത്തിയത്. അമ്മ അവിടെ നിന്ന് പോന്നതു കാരണം ഞാൻ അങ്ങോട്ട് പോയില്ല…”

“പിന്നെ, അമ്മ എന്താ കരുതിയത്, ചേട്ടനെ പോലെ റീതുമോൾ എനിക്ക് ഒരു ഭാരമാണെന്നോ. ഇടയ്ക്കു ഏട്ടൻ വിളിച്ചപ്പോൾ കാര്യങ്ങൾ എനിക്ക് മനസ്സിലായി.”

“ചേട്ടത്തി എന്നെ പറ്റി എന്തെങ്കിലും ഒക്കെ പറഞ്ഞു കാണും. അതൊന്നും അമ്മ കാര്യമാക്കേണ്ട. എനിക്കിപ്പോൾ കമ്പനിയിൽ പ്രൊമോഷൻ ആയി. അമ്മയ്ക്ക് എൻ്റെ കൂടെ എൻ്റെ വില്ലയിൽ കഴിയാം. ഞാൻ ഇവിടെ ഒന്ന് വാങ്ങിയിട്ടുണ്ട്. അത് വാങ്ങുവാൻ വേണ്ടിയുള്ള തത്രപ്പാടിലായിരുന്നൂ ഞാൻ. റീതുമോൾ വേണം ആദ്യമായി അതിൽ വിളക്കുമായി വലതു കാൽ വച്ച് കയറുവാൻ. അവളുടെ സ്കൂളിന് അടുത്ത് തന്നെയാണ്, ഞാൻ വില്ല വാങ്ങിയത്.”

“വേണ്ട മോനെ, നാളെ നിനക്ക് ഒരു പെണ്ണ് വരുമ്പോൾ അവൾക്കു റീതു ഒരു ഭാരം ആകും. ഞങ്ങൾ ഇവിടെ തന്നെ കഴിഞ്ഞോളാം. ഇപ്പോഴാണെങ്കിൽ അവൾക്കു പതിയെ എല്ലാം മനസ്സിലാക്കി കൊടുക്കാം. പെട്ടെന്ന് അവിടെ നിന്നും പഴയ പോലെ ഇറങ്ങേണ്ടി വന്നാൽ വന്നാൽ അവൾക്കു അത് സഹിക്കാനാവില്ല…”

“അമ്മ അതോർത്തു വിഷമിക്കേണ്ട, ഈ ലോകത്തിൽ എല്ലാവരും ഒരു പോലെ അല്ല. നമ്മുടെ റീതുവിനെ മനസ്സിലാക്കുന്ന ഒരു കുട്ടി എൻ്റെ ജീവിതത്തിൽ വരാതിരിക്കില്ല. അങ്ങനെ ഒരാൾ വരുന്നത് വരെ ഞാൻ കാത്തിരിക്കും.”

…………….സുജ അനൂപ്