ഇന്നും ഈ സന്ധ്യാ നേരത്ത് ചായയോടൊപ്പം ഗോപലേട്ടൻ വിളമ്പിയത് എന്റെ വിശേഷങ്ങൾ ആയിരിക്കും….

Story written by Anu George Anchani

============

“സ്വന്തം അപ്പനെ തല്ലി ശരിയാക്കിയവൾ ആണ് ആ പോകുന്നത്”

കവലയിൽ  ബസ് ഇറങ്ങി മുന്നോട്ട് നടക്കുന്നതിന്റെ ഇടയിൽ ഗോപലേട്ടന്റെ ചായക്കടയിൽ നിന്നും എന്നെ ഉറ്റു നോക്കുന്ന കുറേ കണ്ണുകളും ഞാനൊന്നു തിരിഞ്ഞു നോക്കിയാൽ ചെരിവ് സംഭവിക്കുന്ന തലകളും ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു.

ഇന്നും ഈ സന്ധ്യാ നേരത്ത് ചായയോടൊപ്പം ഗോപലേട്ടൻ വിളമ്പിയത് എന്റെ വിശേഷങ്ങൾ ആയിരിക്കും. കേട്ട് തഴമ്പിച്ചവർ തലയൊന്നു പൊക്കി നോക്കിയിട്ട് വീണ്ടും ചായയുടെ രുചിക്കറയിലേയ്ക്കും, പുതു കേൾവിക്കാർ അത്യന്തം ദേഷ്യത്തോടെയും അത്ഭുതത്തോടെയും ഞാനെന്ന അഞ്ചടി രണ്ടിഞ്ചുകാരിയെ  നോക്കി കാണുന്നുണ്ടാവും ഒപ്പം മകളുടെ കയ്യിൽ നിന്നും അടി വാങ്ങിക്കൂട്ടിയ, അവർക്ക് ഒട്ടുമേ പരിചയം ഇല്ലാത്ത ആ ഹതഭാഗ്യനായ അച്ഛനെ ഓർത്തൊന്നു സഹതപിക്കുകയും ചെയ്തിരിക്കാം.

മേൽ പറഞ്ഞ മനുഷ്യരാ സപ്രക്രീയകൾക്ക് ഒന്നും എന്നെ തെല്ലോട്ടും പൊള്ളൽ ഏല്പിക്കുവാൻ കഴിയാത്ത കൊണ്ട്  വല്യ തെളിച്ചമില്ലാത്ത മൊബൈൽ ഫ്ലാഷ്ലൈറ്റിനെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവൻ. മെയിൽ റോഡിൽ നിന്നും മണ്ണിട്ട വഴിയിലേക്ക് ഇറങ്ങി കുറച്ചു ചെന്നാൽ പിന്നെ ചെറിയൊരു ഇടവഴിയാണ്. സദാ കരിയില പുതഞ്ഞു കിടക്കുന്ന ആ വഴിയിൽ പകൽ നേരത്ത് പോലും ഷുദ്രജീവികൾ പാർക്കുന്ന ഇടമാണ്. അവിടം കടന്ന് കിട്ടിയാൽ പിന്നെ വീട്ടിലേയ്ക്കുള്ള കുത്തുകല്ലുകളുടെ തുടക്കമായി.

കുറച്ചു കാലം മുൻപ് വരെ സന്ധ്യ നേരത്ത് തുടങ്ങി പാതിരാ വരെ നീളുന്ന നിലവിളികളും അലർച്ചകളുമായിരുന്നു ആ പടിക്കെട്ടിനു മുകളിൽ നിന്നും കേൾക്കുവാൻ ഉണ്ടായിരുന്നത്. ക ള്ള് വമിക്കുന്ന വാക്കുകളും പ്രാക്കുകളും കേൾക്കാൻ കൂമനോ  അന്തിമയങ്ങുന്ന നേരത്ത് കൂടണയുന്ന മണ്ണാത്തി പുള്ളുകളോ പോലും ആ പരിസരത്തു ഉണ്ടാവുകയില്ലായിരുന്നു.

അയൽവീട്ടുകളിലെ ടിവിയുടെ ശബ്ദം ഉച്ചസ്ഥായിയിൽ എത്തുന്നത് അന്നേരമായിരുന്നു. സീരിയൽ സ്ത്രീ കഥാപാത്രങ്ങൾ ഏങ്ങി കരയുമ്പോൾ ഞങ്ങളുടെ രണ്ടു മുറിവീട്ടിൽ ഉയരുന്നത് നിലവിളികൾ ആയിരുന്നു. അടി മേടിച്ചു നോവറിയാത്ത വിധം മനസ്സ് ചത്തു പോയ ഒരമ്മയുടെയും, മൂന്നു മക്കളുടെയും അലറി കരച്ചിലുകൾക്ക് മീതെയായിരുന്നു ക ള്ളും, ക ഞ്ചാവും കാ ജാ ബീ ഡിയുടെയും ചൂരടിക്കുന്ന അയാളുടെ ആക്രോശങ്ങൾ

“അച്ഛൻ” അങ്ങിനെ ഒരു വാക്കിനോളം പേടി തോന്നിയിട്ടുള്ള മറ്റൊന്നും ഉണ്ടായിരുന്നില്ല ആ കാലത്ത. ഞങ്ങൾ മൂന്നു മക്കളുടെയും കുട്ടി കുസൃതികളുടെ അതിർവരമ്പു തീർക്കുന്നതും ആ വാക്കായിരുന്നു.

“ദേ…അച്ഛൻ വരുമ്പോൾ ഞാൻ പറഞ്ഞു കൊടുക്കുമേ..” എന്നുള്ള അമ്മയുടെ ഒറ്റവാക്കിൽ തീരുമായിരുന്നു ആ വീട്ടിലെ ഞങ്ങളുടെ ഒച്ചയും ബഹളവുമെല്ലാം. എന്നാൽ അമ്മയും ഞങ്ങളോളം പേടിച്ചിരുന്നു എന്നു മനസിലാക്കി തന്നത് തിരിച്ചറിവുണ്ടാക്കി തന്ന കാലമാണ്. അന്നും മാറാത്തതായി ഒന്നേ ഉണ്ടായിരുന്നുള്ളു. ഉള്ളിലെ ഭയം അച്ഛന്റെ മുരുട് അനങ്ങുന്നത്  കേട്ടാൽ തീ വെള്ളം ദേഹത്തു വിഴുന്നത് പോലെയുള്ള ഭയം.

പക്ഷേ, ഒരിക്കൽ മാത്രം എന്റെ ഭയവും നിസ്സഹായതയും എല്ലാം അതിന്റെ മൂക്കുകയർ പൊട്ടിച്ചു പുറത്തു ചാടി. എന്റെയും എന്റെ ചുറ്റുമുള്ളവരുടെയും ജീവിതം കീഴ്മേൽ മറിഞ്ഞ ആ ദിവസം. ഈ ജന്മം ഒരിക്കലും ഞാൻ മറന്നു പോകാനിടയില്ലാത്ത ദിവസം.

ടൗണിലെ ഫോട്ടോസ്റ്റാറ് കടയിലെ എന്റെ ചെറിയ ജോലിയും അതിൽ നിന്നുള്ള വരുമാനവും ഞങ്ങളുടെ കുടുംബത്തിലെ ജീവവായു ആയിരുന്ന കാലം….

വെള്ളം നീട്ടിയെടുത്ത കഞ്ഞിയും ഒപ്പം ഉപ്പും കാന്താരിയും മാത്രം രുചിക്കുന്ന കപ്പളങ്ങ മെഴുക്കുപെരട്ടിയും ഇടയ്ക്ക് തൊടിയിലെ ഇലുമ്പൻ പുളി മുന്നിട്ടു നിൽക്കുന്ന ചക്കക്കുരു കറിയുമൊക്കെ ആർഭടാമായി കരുതിയിരുന്ന സമയമായിരുന്നു അത്….

ആയിടയ്ക്ക് ആണ് നേരെ ഇളയ അനിയന് സ്കൂളിൽ നിന്നും ഓട്ടത്തിന് ജില്ലാതലത്തിൽ സെലക്ഷൻ കിട്ടുന്നത്. വീട്ടിലും പറമ്പിലും നാലും കാലും പറിച്ചോടുന്ന നന്നായി അറിയാവുന്ന ഞങ്ങൾക്ക് അതൊരു അത്ഭുതമേ ആയിരുന്നില്ല. പക്ഷേ തൊട്ടാവാടി മുള്ളു പോലും തുളഞ്ഞു കേറുന്ന വള്ളി ചെരിപ്പിനു പകരം സ്പോർട്സ് ഷൂ മേടിക്കണം എന്നു സ്കൂളിൽ നിന്നും അറിയിപ്പ് കിട്ടിയതോടെ ഞങ്ങൾ അമ്മയും മൂന്നു മക്കളും വാ പൊളിച്ചു ഇരുന്ന് പോയി.

പിടി വണ്ടിക്കു ചക്രം വെട്ടാൻ പാകത്തിന് ആയിട്ടും പുതിയതൊന്നു മാറ്റി കൊടുക്കുവാൻ കഴിയാത്ത ഞങ്ങളുടെ പരിമിതിയ്ക്ക് വളരെയേറെ അപ്പുറമായിരുന്നു അത്.

എന്നിരുന്നാലും അവന്റെ സ്വപ്നങ്ങൾക്ക് തടയിടാൻ ഞങ്ങൾക്ക് ആവുമായിയുന്നില്ല. കൂട്ടിയും കുറച്ചും കടം വാങ്ങിയും കയ്യിയൊരു ആയിരം രൂപ അമ്മ കാത്തു വച്ച ദിവസമായിരുന്നു അന്ന്.

എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടാണ് ഞാൻ അടുക്കളയിലേയ്ക്ക് ചെന്നത്. ഇടം കയ്യിൽ അമ്മയുടെ തൊണ്ടക്കുഴിയിൽ കുത്തി പിടിച്ചിരിക്കുന്ന അച്ഛന്റെ വലം കൈയിൽ  പത്തും, ഇരുപതും അമ്പതുമായി ആയിരം തികച്ച മുഷിഞ്ഞ നോട്ടുകളുടെ കനം. ഞാനും ഇളയതുങ്ങളും അലമുറ ഇട്ടു കൊണ്ട് അച്ഛന്റെ ഇരുകയ്യ്കളിലും തൂങ്ങി. ഒരുപക്ഷേ അച്ഛന്റെ ഇടം കൈ വിടുവിക്കുന്നതിനേക്കാൾ ആവിശ്യം വലം കൈയിലെ നോട്ടുകൾ മക്കൾ കൈക്കൽ ആക്കണേ എന്നു അമ്മ പോലും ആഗ്രഹിച്ച സമയമായിരുന്നു അത്…

ഒടുവിൽ ഏറ്റവും ഇളയവന്റെ കീരിപല്ലുകൾ കൈത്തണ്ടയിൽ ആഴ്ന്നു ഇറങ്ങിയതോടെ അച്ഛൻ ഞങ്ങളെ കുടഞ്ഞെറിഞ്ഞു. കനത്ത ഒരു പ്രഹരം കാത്തു നിന്ന ഞങ്ങൾ പ്രതീക്ഷിച്ച ഒന്നല്ലായിരുന്നു തൊട്ടടുത്ത നിമിഷം  സംഭവിച്ചത്. കയ്യിലിരുന്ന നോട്ടുകൾ ഒന്നാകെ ചുരുട്ടി ചിരട്ടയും നല്ല ഉണക്ക വിറകും ആളി കത്തികൊണ്ടിരുന്ന അടുപ്പിലേക്ക് അച്ഛൻ വലിച്ചെറിഞ്ഞു.

ഒന്നുകൂടി ആളി പിടഞ്ഞു തീജാലകൾ കൊഴുത്തു മിനുങ്ങിയപ്പോൾ വലിയൊരു വിറകു കമ്പു അടുപ്പിൽ നിന്നും വലിച്ചെടുത്തതെ ഓർമ്മ ഉണ്ടായുള്ളൂ. ഇരു കൈകൾ കൊണ്ടും തല പൊത്തി കാലുകൾ മടിഞ്ഞ നിലയിൽ  മുറ്റത്തൊട്ട് ഇറങ്ങുന്ന പടിക്കെട്ടിൽ കിടന്നു പുളയുന്ന അച്ഛനെ കണ്ടപ്പോഴാണ് ഞാൻ എന്താണ് ചെയ്തത് എന്ന ബോധ്യം എനിക്ക് തന്നെ ഉണ്ടായത്.

പിന്നീട് കുറച്ച് കാലം ആശുപത്രി വാസം തന്നെയായിരുന്നു. നാട്ടിലെ മെമ്പറും മറ്റും പറഞ്ഞു പോലീസ് കേസ് ഒഴിവായി കിട്ടി. രണ്ടു കാലിലും പ്ലാസ്റ്റർ ഇട്ടു, സർക്കാർ ആശുപത്രിയിലെ വാസം കൂടി ആയതോടെ അച്ഛന്റെ പുറം മുഴുവൻ പൊട്ടി അളിയാൻ തുടങ്ങിയിരുന്നു. ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും സമ്മതിക്കാതെ എന്നോടുള്ള പകയും കണ്ണിലും മനസിലും നിറച്ചു കൊണ്ട് അച്ഛൻ സ്വയം വേദനിപ്പിക്കാൻ വിട്ട് കൊടുക്കുകയായിരുന്നു.

കുടുംബനാഥന്റെ അസാന്നിധ്യത്തിൽ തൊടിയിലും അടുക്കള മുറ്റത്തുമൊക്കെയായി ഇരുട്ടിൽ ചൂളം വിളികളും ബീഡി കുറ്റികളുടെ തിളക്കങ്ങളും പതിവായി.

നേരത്തെ കരഞ്ഞു ഉറങ്ങാതെ ഇരുന്ന ഞങ്ങൾക്ക് വീണ്ടും മറ്റൊരു കാരണത്താൽ ഉറക്കം നഷ്ടമായി കൊണ്ടിരുന്നു

കയ്യിലെ കുഞ്ഞു മൊബൈൽ ഒന്ന് വിറച്ചപ്പോഴാണ് ഇത്രയും നേരം ചിന്തകളുടേയും ഓർമ്മകളുടെയും പശ ഉണങ്ങാത്ത വലക്കൂടിനുള്ളിൽ ആയിരുന്നു ഞാൻ എന്നു എനിക്ക് ഓർമ്മ വന്നത്….

കാണാൻ താമസിച്ചിട്ട് അമ്മ വിളിക്കുന്നതാണ്. ചിന്തകളുടെ ഭാരം കാലുകളെയും ബാധിച്ചിരുന്നു. നടത്തത്തിനു വേഗം കൂട്ടുമ്പോൾ പൊടുന്നനെ ഞാൻ കണ്ടു. ഇടവഴി അവസാനിക്കുന്ന കയറ്റത്തിന് മുകളിൽ നിന്നും താഴേയ്ക്ക് വരുന്ന ഒരു ബീഡി കുറ്റിയുടെ തിളക്കം…ഒരു നിമിഷം നെഞ്ചോന്നു ആളി. പക്ഷേ പിന്നീട് ഇരുട്ടിൽ നിന്നും കേട്ട സ്വരമെന്നിൽ ആശ്വാസത്തിന്റെ കുളിരു കോരിയിട്ടു.

“മീനുട്ടി അച്ഛയാടാ…! ഇരുട്ടിനെ വക വയ്ക്കാതെ പറന്നെന്ന വിധമാണ് ആ കൈകളിൽ തൂങ്ങിയത്.

“പേടിച്ചോടാ..” എന്ന ചോദ്യത്തിന് ഉത്തരം പറയാതെ ആ തോളിൽ ചാരി ചുണ്ടത് എരിഞ്ഞു കൊണ്ടിരുന്ന ബീഡി കുട്ടി അതീവ സ്വതന്ത്രത്തോടെ എടുത്തു മാറ്റുമ്പോൾ. അറിയാതെ ഉള്ളിലേയ്ക്ക് ആ പഴയ ആശുപത്രികാലം കടന്ന് വന്നു.

കണ്ണുനീർ കൊണ്ടും പശ്ചാത്താപം കൊണ്ടും പരസ്പരം സ്നേഹിച്ചു തുടങ്ങിയ ഒരച്ഛന്റെയും മോളുടെയും ബാല്യം തുടക്കമിട്ട നല്ല ദിവസങ്ങളുടെ ഓർമ്മകൾ…

അന്നത്തെ വിശേഷങ്ങൾ വാ തോരാതെ പറഞ്ഞു കൊണ്ടു വീട്ടിലേയ്ക്കുള്ള കുത്തുകല്ലുകൾ കയറുമ്പോൾ എനിക്കറിയാമായിരുന്നു നാളെയും ഗോപലേട്ടന്റെ ചായക്കടയിലെ അന്തി ചർച്ച എന്നെ കുറിച്ച് ആവും എന്നു…

~അനു അഞ്ചാനി