ഇരുകൈകളാലും വെള്ളത്തെ വകഞ്ഞുമാറ്റി അവൾ എന്നെ മറികടന്നു കുളപ്പടവുകൾ കയറുകയായിരുന്നു…

ജലകന്യക…

Story written by Sai Bro

================

Cover Photo: Adarsh Thamarakshan

അരയിൽ ചുറ്റിയിരുന്ന മുണ്ട് അഴിച്ചുവെച്ച് കോരൻകുളത്തിലെ വെള്ളത്തിലേക്കിറങ്ങുമ്പോൾ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു, പല്ലുകൾ കടിച്ചു പിടിച്ചിരുന്നു..കോരൻകുളത്തിലെ വെള്ളത്തിന്റെ തണുപ്പിനെ നേരിടാൻ അതുമാത്രമായിരുന്നു മാർഗം…

അങ്ങിനെ അരക്കൊപ്പം വെള്ളത്തിൽ പാതിനഗ്നമായി നിൽക്കേ തൊട്ടുമുമ്പിൽ വെള്ളം നുരയുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടി കണ്ണുതുറന്നു..

അതാ തൊട്ടുമുമ്പിൽ ഒരു പെണ്ണിന്റെ തല ജലത്തിൽനിന്നും ഉയർന്നുവരുന്നു..ആ രണ്ട് ഉണ്ടക്കണ്ണുകൾ എന്നെ തുറിച്ചുനോക്കുന്നു..നീണ്ട മുടിയിഴകൾ കുളവാഴകണക്കെ വെള്ളത്തിനുമുകളിൽ പൊന്തിപരന്നു കിടക്കുന്നു…

അള്ളോ, ‘ ജലകന്യക.. ‘

ഒരാന്തലോടെയാണ് ആ പേര് എന്റെ മനസ്സിലൂടെ കടന്നുപോയത്..

കുട്ടിക്കാലത്തു അമ്മ പറഞ്ഞുതന്ന കഥകളിൽ ഒന്നായിരുന്നു കോരൻകുളത്തിലെ ‘ജലകന്യക ‘

ആ രൂപത്തെകുറിച്ചു പറഞ്ഞു പേടിപ്പിച്ചു ഒത്തിരി ഉരുള ചോറ് അമ്മ എന്നെകൊണ്ട് കഴിപ്പിച്ചിരുന്നു..

അതൊക്കെ ആലോചിച്ചു അങ്ങിനെ നിൽക്കുന്നനേരത്ത് മുൻപിൽനിന്ന ആ രൂപത്തിന്റെ തലയും ദാവണിചുറ്റിയ ഉടലും ജലത്തിന് മുകളിലേക്ക് ഉയർന്നുവന്നു…വരിതെറ്റാത്ത വെളുത്ത പല്ലുകൾ കാണിച്ചു അതെന്നെനോക്കിയൊന്ന് ചിരിച്ചു…ഒരു ജാതി ചിരി.. !

“ഓഹ്..ഇവളായിരുന്നോ, നാശം..മനുഷ്യനെ പേടിപ്പിക്കാൻ.. “

ഞാനത് പിറുപിറുക്കെ ഇരുകൈകളാലും വെള്ളത്തെ വകഞ്ഞുമാറ്റി അവൾ എന്നെ മറികടന്നു കുളപ്പടവുകൾ കയറുകയായിരുന്നു…

അലക്ഷ്യമായൊന്നു തിരിഞ്ഞുനോക്കിയപ്പോൾ കല്പടവുകൾ കയറുന്ന അവളുടെ വെളുത്ത കാൽ വണ്ണകൾ കണ്ടപ്പോൾ തലപെട്ടെന്നു വെട്ടിച്ചു ഞാൻ വെള്ളത്തിലേക്ക് മുങ്ങാംകുഴിയിട്ടു….

ആ അവളാണ്  ‘അമൽ.. ‘

പേര് പോലെതന്നെയായിരുന്നു അവൾ. പെണ്ണിന്റെ രൂപവും ആണിന്റെ സ്വഭാവവും.. !

അമലും ഒരേ പള്ളിക്കൂടത്തിലായിരുന്നു പഠനം, ഓള് ഒന്നാംക്ലാസിൽ പഠിക്കുമ്പോൾ ഞാൻ രണ്ടാം തരത്തിൽ..ഞങ്ങൾ തമ്മിൽ ഒരുവയസ്സിന്റെ വ്യത്യാസം..അന്ന്തൊട്ടേ ഓൾക്ക് എന്നെകാണുമ്പോൾ ഒരിളക്കം ഉണ്ടായിരുന്നു, എവിടെവെച്ചു കണ്ടാലും പല്ലുകൾ വിടർത്തി, ഉരുണ്ട കവിളിലെ നുണക്കുഴി വിരിച്ചുകൊണ്ട് അവളൊന്ന് ചിരിച്ചുകാണിക്കും, ഒരു പ്രത്യേക താളത്തിലുള്ള ചിരി.. !

അതൊക്കെ കണ്ടിട്ടും കാണാത്തമട്ടിൽ അവളെ കാണുമ്പോൾ തിരക്കഭിനയിച്ചു ഞാൻ ഒഴിഞ്ഞുമാറും…

ആ പെണ്ണിനെ കാണുമ്പോൾ എനിക്കൊരു വികാരവും തോന്നിയിരുന്നില്ല അതായിരുന്നു സത്യം..

ഡിഗ്രീ കഴിഞ്ഞു പിന്നെയും പഠിച്ചു ഞാനൊരു ചെറിയ ജോലി സമ്പാദിച്ചപ്പോൾ അമൽ ഡിഗ്രീയോടെ പഠിത്തം അവസാനിപ്പിച്ചു..

അവളുടെ വീടിന്റെ അടുത്ത് ആ വലിയ കോരൻകുളം ഉള്ളതുകൊണ്ടാകാം അമൽ മിക്കപ്പോഴും കുളത്തിൽ തന്നെയായിരുന്നു..ആ നിറഞ്ഞ ജലാശയത്തിൽ നീന്തിതുടിച്ചും കൊച്ചു കുട്ടികളെ നീന്തൽ പഠിപ്പിച്ചും,.കുളത്തിൽ വിടർന്നു നിൽക്കുന്ന ആമ്പൽപൂവുകൾ പറിച്ചും അവളങ്ങിനെ ചട്ടമ്പിയായി വിലസുന്നത് ഞാൻ മിക്കപ്പോഴും കാണാറുണ്ടായിരുന്നു..

ഈയിടെ ഞാൻ ജോലികഴിഞ്ഞു വീട്ടിലെത്തുമ്പോൾ മിക്കദിവസങ്ങളിലും അടുക്കളയിൽ അമ്മക്കൊപ്പം അമലിനെയും കാണുന്നത് പതിവാണ്…

അവൾ അമ്മക്കൊപ്പം അടുക്കളയിൽ ഉണ്ടെന്നറിഞ്ഞാൽ ഞാൻ ധൃതിപിടിച്ചു കുപ്പായം മാറി സോപ്പുമെടുത്തു കോരൻകുളത്തിലേക്ക് ചെല്ലും..ഓൾടെ ശല്യമില്ലാതെ സുഖമായിട്ട് കുറച്ചുനേരം മുങ്ങികുളിക്കാമല്ലോ എന്നോർത്ത്…

ആയിടക്കെയാണ് വീട്ടിലേക്ക് ഞാനൊരു പട്ടികുട്ടിയെ വാങ്ങുന്നത്.. ‘ക്ലിച്ചോ’ എന്ന പേര് ചൊല്ലിവിളിച്ചു അവനെ വീട്ടിൽ വളർത്തിയപ്പോൾ പതുക്കെ അമലിന്റെ വീട്ടിലേക്കുള്ള വരവ് കുറഞ്ഞു..അതിന്റെ കാരണം അമ്മ പറഞ്ഞു പിന്നെയാണ് അറിഞ്ഞത്..

‘അമലിന് പ ട്ടിയെ പേടിയാണ് പോലും…അതുകൊണ്ട് തന്നെ ക്ലിച്ചോയെ കുറിച്ച് അവൾ അമ്മയോട് പരാതി പറഞ്ഞത്രേ.. !’

നാട്ടിലെ പെൺചട്ടമ്പിക്ക് ഈ പ ട്ടികുഞ്ഞിനെ പേടിയോ..? അതോർത്തു ഞാനൊന്ന് ഊറിചിരിച്ചു..

അങ്ങനെയിരിക്കെ ഒരുദിവസം കോരൻകുളത്തിലെ വിശാലമായ കുളിയും കഴിഞ്ഞ് ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോഴാണ് എതിരെ അമൽ നടന്ന് വരുന്നത് കണ്ടത്.. !

ഇരുകൈകളും പിറകിലേക്ക് പിടിച്ച് സേതുരാമയ്യർ സ്റ്റൈലിൽ അവൾ എന്റെ നേർക്ക് നടന്നടുക്കുന്നത് കണ്ടപ്പോൾ ഞാനൊന്ന് പരുങ്ങി..?

‘ഈ പെണ്ണിത് എന്തുഭാവിച്ചാ..? ‘

വീതികുറഞ്ഞ ഇടവഴിയിൽ എനിക്കെതിരെ നിന്ന് കവിളിൽ ആഴമേറിയ നുണക്കുഴി വിരിയിച്ചു അമൽ പുഞ്ചിരിച്ചപ്പോൾ അത്കാണാനുള്ള ശക്തിയില്ലാതെ ഞാൻ താഴേക്ക് നോക്കി ഇടവഴിയിലെ കുഴികളുടെ എണ്ണമെടുത്തു…

അമലിന്റെ അടുത്ത നീക്കം പെട്ടെന്നായിരുന്നു..

പിറകിലേക്ക് പിണച്ചുവെച്ചിരുന്ന  കയ്യിൽ മുറുക്കെ പിടിച്ചിരുന്ന പാതിവിടർന്ന ഒരു ആമ്പൽപൂവ് എനിക്ക് നേരെ നീട്ടികൊണ്ട് അവൾ പതിഞ്ഞതെങ്കിലും പതറാത്ത ശബ്ദത്തിൽ പറഞ്ഞു…

“ഐ ലവ്‌ യൂ “

ശരീരത്തിൽ കറണ്ടടിച്ചതു പോലെ തോന്നി ആദ്യം..ഇമകൾ ചിമ്മിയടച്ചു ഞാൻ ഒന്നൂടെ മുൻപിൽ നിൽക്കുന്നവളെ നോക്കി..

ആമ്പൽപൂവും എനിക്ക് നേരെ നീട്ടികൊണ്ട്  അവളാ നിൽപ്പ് നിൽക്കുകയാണ്..യാതൊരു കൂസലുമില്ലാതെ…

“അമലേ, നീ വഴീന്ന് മാറിക്കേ..എനിക്കിതൊന്നും ഇഷ്ട്ടല്ല” 

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അത്രേം പറഞ്ഞുകൊണ്ട് ആ മുഖത്തേക്ക് നോക്കാതെ ഞാനെങ്ങനെയോ അവളെ മറികടന്ന്  വെപ്രാളത്തിൽ കാലുകൾ വീട്ടിലേക്ക് നടന്നു…

അതിന്ശേഷം ഒന്നു രണ്ടു ദിവസത്തേക്ക് അമലിനെ ഞാൻ എവിടെയും കണ്ടില്ല…. “ഇതങ്ങനെ തീരുന്നെങ്കിൽ തീരട്ടെ.. ” ഞാനത് മനസ്സിൽ പറഞ്ഞു ആശ്വസിക്കാൻ ശ്രമിച്ചു…

അന്ന് രാത്രി കിടക്കാൻ നേരത്ത് ക്ലിച്ചോ പതിവില്ലാതെ ഓരിയിടുന്നതും, മുരളുന്നതും കണ്ടപ്പോൾ എനിക്കെന്തോ അസ്വസ്ഥത തോന്നി..വീട്ടിലേക്ക് കൊണ്ടുവന്നതിനു ശേഷം ആദ്യമായിട്ടാണ് അവൻ ഇതുപോലെ പരാക്രമം കാണിക്കുന്നത്..

“നീയതിനെ ചങ്ങലയിൽനിന്നും ഒന്നഴിച്ചു വിട്..മുറ്റത്തൊക്കെ ഒന്ന് ഓടിനടക്കുമ്പോൾ അവന്റെ വിഷമം മാറിക്കോളും…” അമ്മ അത് പറഞ്ഞപ്പോൾ എനിക്കുമത് ശരിയാണെന്നു തോന്നി..

ചങ്ങലയുടെ കൊളുത്ത്‌ അഴിച്ചപാടെ ക്ലിച്ചോ എനിക്ക് ചുറ്റും ഒന്നുരണ്ടു തവണ വട്ടം ചുറ്റി..പിന്നെ ഒരോട്ടമായിയിരുന്നു ദൂരേക്ക്..

അവനെയും കാത്ത് കുറച്ച് നേരം ഉമ്മറപ്പടിയിൽ അങ്ങിനെ കുത്തിയിരുന്നപ്പോൾ തണുത്തകാറ്റിന്റെ അകമ്പടിയോടുകൂടി പെട്ടെന്നൊരു മഴ ആർത്തിരമ്പിയെത്തി..ക്രമേണ മഴയുടെ ശക്തി കൂടികൂടി വന്നപ്പോൾ വാതിലടച്ചു ഞാൻ കിടപ്പറയിലേക്ക് ചേക്കേറി..

വെളുപ്പാൻ കാലത്തെപ്പോഴോ ഒന്ന് കണ്ണ് തുറന്നപ്പോഴും ആ മഴ മാറിയിരുന്നില്ല..മഴത്തുള്ളികൾ മേൽക്കൂരയിലെ ഓടിനുമുകളിൽ പതിക്കുന്ന ശബ്ദംകേട്ട് ഞാനങ്ങിനെ വീണ്ടും ഉറങ്ങിപ്പോയി…

ആ മഴ രണ്ട് രാവും പകലും തോരാതെ പെയ്തു…തോടുകളിലും  കുളങ്ങളിലും  പാടങ്ങളിലും വെള്ളം നിറഞ്ഞു കവിഞ്ഞു…പയ്യെ പയ്യെ വെള്ളം താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് ഒഴുകിയെത്തി..അവിടെനിന്നെല്ലാം ആളുകളെ കൂട്ടത്തോടെ ക്യാമ്പുകളിലേക്ക് താമസം  മാറ്റിതുടങ്ങി…

മഴക്ക് മുൻപേ വീടുവിട്ടിറങ്ങിയ ക്ലിച്ചോ പിന്നെ തിരിച്ചു വന്നില്ല..അമ്മ ഇടക്കിടെ അവനെക്കുറിച്ചു ഓരോന്നും പറഞ്ഞു ദണ്ണപെടുമ്പോൾ എന്റെയും മനസ്സ് നീറുന്നുണ്ടായിരുന്നു…

അന്ന് ഉച്ചതിരിഞ്ഞു ക്യാമ്പുകളിലേക്ക് ഭക്ഷണമെത്തിക്കാനായി കൂട്ടുകാർക്കൊപ്പം പുറത്തേക്കിറങ്ങിയ ഞാൻ രാത്രി ഏറെ വൈകിയാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്..നനഞ്ഞ കുട ഒരിടത്തു ഒതുക്കി വെച്ച് വീടിന്റെ പടികയറുമ്പോൾ ഞാനാ കാഴ്ചകണ്ടു…കോലായിലെ തൂണിനടുത്തായി അതാ ക്ലിച്ചോ വാലാട്ടികൊണ്ട് കിടക്കുന്നു…

അകത്തുകയറി തലതുവർത്തുമ്പോൾ അമ്മയാണ് ആ കാര്യം പറഞ്ഞത്..

വിളക്ക് വെക്കുന്ന സമയത്ത് ക്ലിച്ചോയുടെ കഴുത്തിൽ ഒരു കയറും കെട്ടി നടത്തികൊണ്ട് അമൽ വീട്ടിൽ വന്നിരുന്നത്രേ… ! തോട്ടിലൂടെ മഴ വെള്ളത്തിൽ ഒഴുകിപോയികൊണ്ടിരുന്ന പ ട്ടികുട്ടിയെ അവളാണത്രെ രക്ഷപെടുത്തിയത്… !

അമ്മയോട് ഒന്നും മിണ്ടാതെ അത്താഴം കഴിച്ചു കട്ടിലിൽ കയറി ഉറങ്ങാൻ കിടന്ന എന്റെ മനസ്സിലേക്ക് വിടർന്നുനിൽക്കുന്ന ഒരു ആമ്പൽപൂവും, നുണക്കുഴിയുള്ള കവിളുകളും ഇടക്കെപ്പോഴോ കടന്നു വന്നു..

പിറ്റേന്ന് പകൽ മഴ ഒഴിഞ്ഞു നിന്നപ്പോൾ വെള്ളം കയറിയ പ്രദേശങ്ങൾ കാണുവാനായി ഞാൻ ഇടവഴിയിലേക്ക് ഇറങ്ങി നടന്നു…

ദൂരെ നിന്ന് നോക്കിയപ്പോഴേ കോരൻകുളം നിറഞ്ഞുകവിഞ്ഞു ഒഴുകുന്നത് കണ്ടിരുന്നു..നടന്ന് അടുത്തെത്താറായപ്പോൾ വെള്ളംമൂടി കിടക്കുന്ന കല്പടവുകൾക്ക് മുകളിലായി എന്തോ ഒന്ന് കിടക്കുന്നതു കണ്ടു..

അടുത്തെത്തിയപ്പോൾ അതൊരു മനുഷ്യശരീരം ആണെന്ന് മനസ്സിലായി..

അതവളായിരുന്നു… ‘അമൽ..’ അവളങ്ങിനെ നനഞ്ഞൊട്ടി കിടക്കുകയാണ് ആ കല്പടവിൽ..വർദ്ധിച്ച നെഞ്ചിടിപ്പോടെ ഞാനവളുടെ മൂക്കിനടുത്തു വിരലൊന്ന് ചേർത്തു വെച്ചു..

ഇല്ല…അവൾ ശ്വസിക്കുന്നില്ല.. !

എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാൻ അവൾക്കരുകിൽ പകച്ചിരുന്നു..തണുത്തുറഞ്ഞ ആ മുഖമെടുത്തു മടിയിലേക്ക് വെക്കുമ്പോൾ എന്റെ കണ്ണിൽനിന്നും ചുടു കണ്ണുനീർ തുള്ളികൾ അമലിന്റെ നെറ്റിയിലേക്ക് പതിക്കുന്നുണ്ടായിരുന്നു..

ആ നിമിഷത്തിൽ ഞാൻ തിരിച്ചറിയുകയായിരുന്നു, ഞാനറിയാതെ എന്റെ ഹൃദയം അവളെ സ്നേഹിച്ചിരുന്നു എന്ന്…

“ഹമ്പട കള്ളാ..എന്നെ ഇഷ്ട്ടായിരുന്നു ലെ അപ്പൊ..? “

എന്റെ മടിയിൽ കിടത്തിയ അമൽ പെട്ടെന്ന് കണ്ണ് തുറന്ന് അത് ചോദിച്ചപ്പോൾ എന്റെ ശ്വാസമൊന്നു വിലങ്ങി…

അപ്പൊ… ഇവള്.. ഇവള്..?

“സത്യായിട്ടും ഞാൻ ചത്തിട്ടില്ല..ഇങ്ങള് ദൂരേന്നു വരുന്നത് കണ്ടപ്പോൾ ഞാനീ പടവിൽ ശ്വാസം വലിച്ചു പിടിച്ചു അനങ്ങാതെ കിടന്നു അഭിനയിച്ചു നോക്കീതല്ലേ, ഇങ്ങൾക്ക്‌ ശരിക്കും എന്നോട് ഇഷ്ടമുണ്ടോ എന്നറിയാൻ..??അപ്പോഴല്ലേ മനസ്സിലായത് ഒരാളുടെ ഉള്ളിലിരുപ്പ്…. !”

അവളതും പറഞ്ഞു എന്റെ മടിയിൽ കിടന്നു പൊട്ടിച്ചിരിക്കുമ്പോൾ ഞാനാകെ ചമ്മി പോയി..

“നീയൊന്ന് എണീറ്റ് മാറിക്കെ, എനിക്ക് വീട്ടിൽ പോണം.. “

അതും പറഞ്ഞു ഞാൻ അമലിനെ തട്ടിമാറ്റി എണീക്കാൻ ശ്രമിക്കുമ്പോൾ അവളെന്റെ വയറ്റിൽ ഇരുകൈകളും ചുറ്റി എന്നേയുംകൊണ്ട് നിറഞ്ഞൊഴുകുന്ന കോരൻകുളത്തിലേക്ക് മറിഞ്ഞു…

അതേസമയം കോരൻകുളത്തിലെ തണുത്ത ജലത്തിനടിയിൽ രണ്ട് ആമ്പൽ തണ്ടുകൾ പരസ്പരം ചുറ്റിപിണയുകയും, പരന്നുകിടക്കുന്ന ജലപരപ്പിനു മുകളിൽ ആമ്പൽമൊട്ടുകൾ ഒന്നൊന്നായി പൊട്ടിവിരിയുകയും ചെയ്യുന്നുണ്ടായിരുന്നു..

~Sai Bro

Photo Courtesy: Adarsh Thamarakshan