എന്തായാലും അമ്മ പറഞ്ഞത് പോലെ എന്നെക്കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടാകാൻ ഇടയുള്ള ഒരു ദിവസം..

Story written by Reshja Akhilesh

============

“നിന്നെക്കൊണ്ട് എന്തിന് കൊള്ളാം…മൂക്കുമുട്ടെ തിന്നാനും തല്ലുണ്ടാക്കാനും ഉരുളയ്ക്ക് ഉപ്പേരി പറയാനും അല്ലാണ്ട് നിന്നെക്കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടോ”

അമ്മയെന്റെ നിഷ്കളങ്കത നിറഞ്ഞു തുളുമ്പുന്ന മുഖത്ത് നോക്കി ഒരു ദയയും ഇല്ലാതെ പറഞ്ഞു. അച്ഛന്റെ കാൾ വന്നപ്പോൾ സമയത്തിന് എടുത്തു കൊടുക്കാത്തതിനാണ് അമ്മ ഇത്രയും പറഞ്ഞത്.

“അമ്മ അങ്ങനെ പറയരുത്…മിനിഞ്ഞാന്ന് ടാങ്ക് നിറഞ്ഞു വെള്ളം പോയപ്പോ ഞാനല്ലേ മോട്ടോർ ഓഫാക്കിയത്…അമ്മേടെ പുന്നാര മോൻ ഉണ്ടാർന്നല്ലോ ഇവിടെ…ഓഫാക്കിയോ…ആൺകുട്ട്യാന്ന് വെച്ച് തലയിൽ കേറ്റിവെച്ചിരിയ്ക്കല്ലേ…പക്ഷാഭേദം പാടില്ലമ്മെ…പാടില്ല…” സീരിയലിലെ പോലെ നീട്ടിയങ്ങു പറഞ്ഞപ്പോൾ അമ്മ വീഴുമെന്നാണ് കരുതിയത്.

“നിന്ന് കഥാപ്രസംഗം പറയാതെ പൊയ്ക്കോ അവിടന്ന് അല്ലെങ്കിൽ ഞാൻ ചൂട് വെയ്ക്കും…”

ദോശ ചുട്ടുകൊണ്ടിരിയ്ക്കുന്ന ചട്ടുകം കാണിച്ചു കൊണ്ട് അമ്മ പറഞ്ഞപ്പോൾ പിന്നെയൊന്നും നോക്കിയില്ല. പോ ത്തുപോലെ വളർന്നെന്ന് ഇടയ്ക്ക് പറച്ചില് മാത്രേള്ളൂ തല്ലുന്ന കാര്യത്തിൽ അമ്മ പലപ്പോഴും അത് മറക്കാറുണ്ട്. വെറുതെ എന്തിനാ  രാവിലെ അയൽവാസികളെ ബുദ്ധിമുട്ടിയ്ക്കുന്നത്. പാവങ്ങൾ പണിയിൽ ആയിരിക്കും. (വീട്ടിൽ എന്ത് ബഹളം നടന്നാലും വേലിയ്ക്ക് അപ്പുറം നിന്നു എത്തി നോക്കി കഴുത്ത് വേദനിയ്ക്കില്ലേ )…അത് കൊണ്ട്  വേഗം സ്ഥലം കാലിയാക്കി.

എന്തായാലും അമ്മ പറഞ്ഞത് പോലെ എന്നെക്കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടാകാൻ ഇടയുള്ള ഒരു ദിവസം ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.

ഞായറാഴ്ച ആയത് കൊണ്ട് ക്ലാസ്സ്‌ ഇല്ലായിരുന്നു..പക്ഷേ ട്യൂഷൻ ഉണ്ട്..തിരക്കൊന്നും ഇല്ലാത്ത ബസ്സിൽ ഫുൾ ചാർജ് കൊടുത്ത് സൈഡ് സീറ്റിൽ ഇരുന്ന് ഫോണിൽ കളിച്ചുകൊണ്ട് അരമണിക്കൂർ യാത്ര കഴിഞ്ഞാൽ ട്യൂഷൻ സെന്റർ എത്തും. ശനിയാഴ്ച വരെ, കാലുകുത്താൻ ഒരിഞ്ചു സ്ഥലം ഇല്ലാത്ത ബസ്സിൽ തിക്കി തിരക്കി പോകുന്നത് വെച്ചു നോക്കുമ്പോൾ രാജാകീയമായ യാത്രയായിരുന്നു ഓരോ ഞായറാഴ്ചയും.

“അടുത്ത ബസ്സിൽ പോയാൽ പോരെ കുട്ട്യേ…” എന്ന് ശകാരിയ്ക്കുന്ന ചില കണ്ടക്ടർ ചേട്ടന്മാർ ഞായറാഴ്ചയായാൽ സ്നേഹോഷ്മളമായി ബസ്സിലേയ്ക്ക്  ആനയിക്കും. ആഹാ…

അങ്ങനെ അന്നും മൂന്ന് മണി വരെയായിരുന്നു ക്ലാസ്സ്‌. പത്താം ക്ലാസ്സിലെ  ‘എ ‘പ്ലസ്സുകളുടെ എണ്ണം അനുസരിച്ച്  ബയോളജി സയൻസ് എടുത്ത് ചുമലിൽ ഏറ്റിയ എന്നെ പറഞ്ഞാൽ മതിയല്ലോ…അനുഭവിയ്ക്കുക എന്നല്ലാതെ മറ്റൊരു വഴിയില്ല. കൂടെയുള്ള പിള്ളേരെല്ലാം SBSE .കുറച്ചു പേര് മലയാളം മീഡിയം. ടീച്ചേഴ്സ് ക്ലാസ് എടുക്കുമ്പോൾ പണ്ട് മലയാളത്തിൽ പഠിച്ച പലതും ഇംഗ്ലീഷിൽ കേൾക്കുമ്പോൾ ഏതോ ഒരു പടത്തിൽ സലീം കുമാർ പറഞ്ഞപോലെ “യായാ…” എന്ന് പറയാനേ ഞങ്ങളിൽ പലർക്കും കഴിഞ്ഞുള്ളു. വർഷങ്ങളായി മലയാളം മീഡിയം പഠിച്ചു പെട്ടന്ന് എല്ലാം മാറിയത്തിന്റെ അങ്കലാപ്പ് ഉണ്ടായിരുന്നത് കൊണ്ടായിരുന്നു ട്യൂഷ്യന് വിട്ടത്.

അങ്ങനെ ക്ലാസ്സും കഴിഞ്ഞു വീട്ടിലേയ്ക്ക് ബസ്സ് കാത്തു നിൽക്കുന്ന സമയം. ഫോണിൽ തോണ്ടി കൊണ്ടിരുന്ന എന്റെ അടുത്തേയ്ക്ക് ഒരു ചേച്ചീ വന്നു നിന്നു.

“മോളെ…മാറഞ്ചേരിയ്ക്ക്  എപ്പോഴാ ബസ്സ്?”

“ദേ ഇപ്പൊ വരും ചേച്ചീ…ഞാനും ആ വഴിയാ…എന്റെ സ്റ്റോപ്പ്‌ കഴിഞ്ഞാൽ ചേച്ചിയ്ക്ക് ഇറങ്ങാനുള്ള സ്ഥലം ആയി.”

“ഹാവൂ…ഇപ്പോഴാ സമാധാനം ആയത്. സ്ഥലം അറിയുന്ന ഒരാളെ കിട്ടിയല്ലോ…” ആ ചേച്ചിയ്ക്ക് ആശ്വാസമായി.

ആ ചേച്ചിയുടെ സ്വന്തം നാട് ഇത്തിരി അകലെ ആയതിനാൽ സ്ഥലങ്ങളൊന്നും വലിയ പരിചയം ഇല്ലെന്ന് സംസാരിച്ചപ്പോൾ മനസ്സിലായി.

അഞ്ചു മിനിറ്റ് കൂടി ഫോണിൽ തോണ്ടിക്കൊണ്ടിരുന്നപ്പോഴേയ്ക്കും ബസ് അകലെനിന്നും വരുന്നത് കണ്ടു. കണ്ടു പരിചയം ഉള്ള ബസ്സാണ്.
നല്ല മൊഞ്ചുള്ള ബസ്സ്….(ഇന്നത്തെ പോലെ എല്ലാം നീലം മുക്കിയിട്ടില്ലല്ലോ) ഫോൺ ഓഫ്‌ ചെയ്ത് ബാഗിൽ വെച്ച് ബസ്സ്‌ വന്നു നിന്നതും “ബാ കാമോൺ ” എന്ന ഭാവത്തോടെ ആ ചേച്ചിയെ നോക്കി ബസ്സിൽ കയറിയിരുന്നു സീറ്റ് പിടിച്ചു.

“ഇതെന്താ ഈ പെണ്ണ് ബസ്സിൽ കയറിയിട്ടില്ലേ എന്തൊരു ആക്രാന്തം ” എന്ന് ക്ലിനർ ചേട്ടന്റെ നോട്ടം പറയാതെ പറയുന്നുണ്ടായിരുന്നു.

എന്നെ വിശ്വസിച്ച് ആ ച്ചേച്ചി കനമുള്ള സഞ്ചിയും പിടിച്ചു ബസ്സിൽ എതിർ വശത്തെ സീറ്റിൽ കയറി ഇരുന്നു. രണ്ടു മൂന്നു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോൾ   കണ്ടക്ടർ ചേട്ടൻ വന്നു. ഇറങ്ങാനുള്ള സ്ഥലം പറഞ്ഞു പൈസയെടുത്ത് കൊടുത്തപ്പോൾ ആണ് ആ മനോഹര സത്യം ആ ചേട്ടൻ അത് പറഞ്ഞത്.

“അതിന് ഈ ബസ്സ്‌ അതു വഴിയല്ലല്ലോ പോകുന്നത്…പകുതിയിൽ തിരിഞ്ഞു വേറെ റൂട്ടാ…അവിടെ ഇറങ്ങിക്കോ “

കെമിസ്ട്രി ടീച്ചർ ചോദ്യം ചോദിയ്ക്കുമ്പോൾ മാത്രം മുഖത്ത് വരാറുള്ള ഒരു ഭാവത്തിന് പുറമേ ചമ്മലും കൂടി ഉണ്ടായിരുന്നത് കൊണ്ടാണോ എന്തോ ആ ചേട്ടന് ചിരി വന്നു.

കണ്ടക്ടർ പറയുന്നത് കേട്ടിട്ടോ എന്തോ ആ ചേച്ചീ എന്നെ നോക്കുന്നു.

ദശമൂലം ദാമു നോക്കുന്ന പോലെ ഞാൻ പുറത്തെ കാഴ്ചകളിലേയ്ക്ക്  തലയിട്ടു. ബസ്സിന്റെ പേര് മാത്രമേ നോക്കിയുള്ളു. മുൻപിലെ ബോർഡ് വായിക്കാൻ മറന്നു പോയി. ഒരേ പേരിൽ നാലഞ്ച് ബസ്സുകൾ ഓടുന്നുണ്ട് എന്ന കാര്യം ഓർത്തില്ല.

ചേച്ചിയ്ക്ക് പറ്റിയ അമളി മനസ്സിലായി.

“എന്തിനാ മോളെ ബാക്കിയുള്ളോരേക്കൂടി വഴി തെറ്റിയ്ക്കണേ” എന്നായിരുന്നു ചേച്ചിയുടെ നോട്ടത്തിന്റെ അർത്ഥം എന്ന് എനിക്കും മനസ്സിലായി.

ഇറങ്ങാനുള്ള സ്ഥലം ആയപ്പോൾ ആ ചേച്ചിയെ കണ്ടഭാവം ഇല്ലാതെ ഞാൻ ആദ്യം ഇറങ്ങി. വിദൂരതയിലേയ്ക്ക് കണ്ണും നട്ടു നിന്നു.

എന്തായാലും ഇനിയും നിന്ന് നേരം കളയണ്ടല്ലോ എന്ന് ഓർത്തിട്ടാവണം  ആ ചേച്ചി അവിടെ കണ്ട ഒരു ഓട്ടോയിൽ  കയറുന്നത് കണ്ടു.

ആ ചേച്ചി ബസ്സിൽ പോയിരുന്നെങ്കിൽ പാവം ഓട്ടോ ചേട്ടന് പൈസ കിട്ടുമായിരുന്നോ?…ഞാൻ കാരണം ആ ചേട്ടന് ഒരു ഓട്ടം കിട്ടിയില്ലേ…എന്നാലും ഞാൻ അതിന്റെ പേരിൽ അഹങ്കരിക്കാനൊന്നും നിന്നില്ല.

വീട്ടിൽ ചെന്നാൽ അമ്മ അതേ പുച്ഛത്തോടെ എന്നെ നോക്കും എന്ന് എനിയ്ക്കുറപ്പായിരുന്നു. ഒരാൾക്കു ഉപകാരം ഉണ്ടായി എന്നൊന്നും വിളിച്ചു കൂവി നടക്കാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. വിനയം അതാണ് എന്റെ മെയിൻ…സാമ്പത്തിക മാന്ദ്യമൊക്കെയല്ലേ, പാവം ആ ഓട്ടോ ചേട്ടൻ ഞാൻ ഇല്ലായിരുന്നേൽ കഷ്ടപ്പെട്ടു പോയേനേ…

~രേഷ്ജ അഖിലേഷ്