എന്റെ  പ്രതീക്ഷകളെ സജീവമാക്കിക്കൊണ്ട് കൈയിൽ ഒരു കപ്പ് പാലുമായി അവൾ മന്ദം മന്ദം നടന്നു വന്നു..

അനിയത്തിക്കുട്ടി

Story written by Praveen Chandran

===============

മുല്ലപ്പൂവിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധം എന്നെ ആവേശഭരിതനാക്കിയിരുന്നു…

“ശ്ശെടാ ഇവളെ കാണുന്നുമില്ലല്ലോ?” ഞാൻ വാച്ചിൽ നോക്കിക്കൊണ്ടേയിരുന്നു…ആദ്യരാത്രിയുടെ എല്ലാ ആകാംക്ഷയും പരിഭ്രമവും എന്റെ  മുഖത്ത് നിഴലിച്ചിരുന്നു…

എന്റെ  പ്രതീക്ഷകളെ സജീവമാക്കിക്കൊണ്ട് കൈയിൽ ഒരു കപ്പ് പാലുമായി അവൾ മന്ദം മന്ദം നടന്നു വന്നു..

ഞാൻ പതിയെ അവളുടെ കൈ പിടിച്ച് എന്റെ അരികിലിരുത്തി…

പക്ഷെ അവളുടെ മുഖം വാടിയിരിക്കുന്നത് കണ്ട്  ഞാൻ കാര്യമന്വേഷിച്ചു…

“എന്തു പറ്റി അഞ്ജു ?..വല്ലാതെ മൂഡിയായിരിക്കു ന്നല്ലോ?”

“ഒന്നുമില്ല..” അവൾ പറഞ്ഞു..

ആ മറുപടിയിൽ ഞാൻ തൃപ്തനായിരുന്നില്ല..

വീണ്ടും വീണ്ടും ആവർത്തിച്ചു ചോദിച്ചപ്പോഴാണ് അവൾ കാര്യം പറഞ്ഞത്..

“ഒന്നുമില്ല ചേട്ടാ..അമ്പിളിയുടെ കൂടെയല്ലാതെ ഇന്ന് വരെ ഞാനുറങ്ങിയിട്ടില്ല..എനിക്കവൾ സഹോദരി മാത്രമായിരുന്നില്ല നല്ലൊരു സുഹൃത്തും കൂടിയായിരുന്നു. എല്ലായ്പ്പോഴും എനിക്ക് ധൈര്യം തന്നിരുന്നത് അവളാണ്..നാളെ ഞാൻ ചേട്ടന്റെ വീട്ടിലേക്ക് വരും. അതിനുശേഷം അവിടന്ന് നമ്മൾ ഗൾഫിലേക്കു പോകും. പിന്നെ എനിക്ക് ഉടനെയൊന്നും അവളുടെ കൂടെ കിടക്കാൻ പറ്റിയെന്നു വരില്ല”

“അതിന്?” ഞാൻ ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി…

“അത്…ചേട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഞാൻ ഇന്ന് കൂടെ അവളുടെ അടുത്ത് കിടന്നോട്ടെ?”

ഇടിവെട്ടേറ്റപോലെ തോന്നിയെങ്കിലും അത് മറച്ചു വച്ച് ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു..

“നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനമാണ് ഇന്ന്…അതാണ് അഞ്ജു നീ എന്നോട് കടം  ചോദിക്കുന്നത്..”

“സോറി ചേട്ടാ..ഇഷ്ടമല്ലെങ്കിൽ വേണ്ടാട്ടോ”

ഞാനൊന്ന് ആലോചിച്ചതിനുശേഷം പറഞ്ഞു..

“ശരി..പോയ്ക്കൊളളൂ..സ്ഥിരമാക്കി എന്റെ കഞ്ഞികുടി മുട്ടിക്കല്ലേട്ടോ”

“നന്ദി ചേട്ടാ”…അതു പറഞ്ഞ് അവൾ പുലിയുടെ അടുത്ത് നിന്ന്  ജീവൻ തിരിച്ചു കിട്ടിയ പേടമാനിനെപ്പോലെ അവിടന്ന് പോകുന്നത് കണ്ട് എനിക്ക് ചിരിയാണ് വന്നതെങ്കിലും അവർ തമ്മിലുളള ആത്മാർത്ഥമായ സ്നേഹമോർത്ത് ഞാൻ അതിശയിച്ചു..

രണ്ടു പെൺകുട്ടികളുളള എല്ലാ വീടുകളിലേയും അവസ്ഥ ഏതാണ്ടൊക്കെ ഇതു തന്നെയാണ്..

വിവാഹം കഴിഞ്ഞ് പടിയിറങ്ങുന്ന സമയം എല്ലാവരും അച്ഛന്റേയും സഹോദരന്മാരുടേയും വിഷമമാണ് കൂടുതലായിട്ട് കാണുന്നതെങ്കിലും അതിനപ്പുറത്തുളള ഒരു ബന്ധമാണ് ചേച്ചിയും അനിയത്തിയും തമ്മിലുളളത്…

അത് ഉൾക്കൊളളാൻ കഴിഞ്ഞത്  കൊണ്ട് തന്നെയാണ്  ജീവിതത്തിലെ വിശേഷപ്പെട്ട ദിവസമായിരുന്നിട്ടുപോലും അവളെ അനിയത്തിയുടെ അടുത്തേക്ക് പറഞ്ഞയക്കാൻ ഞാൻ തയ്യാറായതും…

ഇനി എന്തു ചെയ്യാൻ? തലയിണത്തന്നെ ശരണം എന്നു വിചാരിച്ച് വാതിലടച്ച് കിടക്കാനൊരുങ്ങവേ വാതിലിൽ ആരോ മുട്ടുന്ന ഒച്ച കേട്ടു..

വാതിൽ തുറന്നു നോക്കിയപ്പോൾ അതാ നിൽക്കുന്നു ചേച്ചിയും അനിയത്തിയും..

“സോറിട്ടാ ചേട്ടാ…ഇവളിങ്ങനെയാ ഒരു പൊട്ടിപ്പെണ്ണ്” എന്നും പറഞ്ഞ് അവൾ അഞ്ജുവിനെ എന്റെ ദേഹത്തോട്ട് തളളി…”

“ഇനി വിടണ്ടാട്ടോ..പാവമാ..ചേട്ടാ പൊന്നുപോലെ  നോക്കണേ എന്റെ മുത്തിനെ..ഗുഡ്നൈറ്റ്”

അതും പറഞ്ഞ് നിറഞ്ഞകണ്ണുകളുമായി അവൾ അവിടന്ന് ഓടി പോയി…

എന്തോ ആ സ്നേഹം കണ്ട് എന്റെ കണ്ണും  നിറഞ്ഞു…

~പ്രവീൺ ചന്ദ്രൻ