ആണുങ്ങൾ അടുക്കളയിൽ കയറുന്നത് കുറച്ചിലാണെങ്കിലും ഞാൻ അവളോട്‌ ഉള്ള സ്നേഹത്തിന്റെ പേരിൽ ഇടയ്ക്ക്…

പെണ്ണൊരുത്തി…

Story written by Reshja Akhilesh

===============

അടുക്കളയിൽ  മീൻ മുറിച്ചുകൊണ്ടിരുന്ന അഖിയെ കണ്ടുകൊണ്ടാണ് ഞാൻ അവിടെ എത്തിയത്.

“ഏട്ടനെന്താ ഇങ്ങനെ പകച്ചു  നിൽക്കുന്നത്, ഉള്ള ബോധം പോയോ “

“ഏയ്യ് ഇല്ല ബോധം വന്നുകൊണ്ടിരിക്കുന്നേയുള്ളു.”

“അതെന്താ ഒരു അർത്ഥം വെച്ച പറച്ചിൽ, ഏട്ടത്തിയുടെ ബാധകേറിയോ “

“ദേ നോക്ക് അഖി, അവൾ  നിങ്ങളുടെ എല്ലാരുടേം ആഗ്രഹം പോലെ പോയി. ഇനിയും നീയെന്തിനാ അവളെ പറയുന്നത്.”

“ഓഹ് ചേട്ടന് അവരെ പറഞ്ഞപ്പോൾ നൊന്തോ? ചേട്ടനെ ഇട്ടേച്ചു പോയതല്ലേ പിന്നെയും അവരോടാ സ്‌നേഹം. അവർ അവരടെ പാട്ടിനു പോയി. ഇനി ഞങ്ങളൊക്കെ കാണുള്ളൂ. അതു ഓർത്താൽ നന്ന്.”

അനിയന്റെ  മുന വെച്ചുള്ള സംസാരം കേട്ട് ഇരച്ചു വന്ന ദേഷ്യത്തിന് അതിരില്ലായിരുന്നു. പക്ഷേ ഇനിയും തർക്കിച്ചാൽ വഷളാകുമെന്ന് തോന്നി.

മീൻ മുറിച്ചുകൊണ്ട് ഭാര്യയുമായി കളി തമാശ പറയുന്ന അഖിയെ കണ്ടപ്പോൾ പണ്ട് ഞാനും എന്റെ പെണ്ണും ഇതുപോലെ നിന്നിരുന്ന കുറച്ച് വർഷങ്ങൾക്കു മുൻപുള്ള സന്ദർഭമാണ് ഓർമ്മ വന്നത്.

കോളേജിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ധന്യ എന്റെ വധു ആയി എന്റെ വീട്ടിലേക്ക് വന്നു കയറിയത്. വീട്ടുജോലികളും പാചകവും ഒന്നും അറിയില്ലായിരുന്നു. “സ്ത്രീയും പുരുഷനും തുല്യരാണ് ” എന്ന് പുസ്തകത്തിൽ നിന്നും പഠിച്ചു. പക്ഷേ കുടുംബത്തിലും ജീവിതത്തിലും ആ പാഠത്തിനുള്ള പ്രയോഗികത  എന്തെന്ന് ആ പൊട്ടിപ്പെണ്ണിന് മനസ്സിലായിട്ടുണ്ടാകില്ല. അവളുടെ അമ്മയും പഠിച്ചിട്ടുണ്ടാകില്ലേ ആ പാഠങ്ങൾ എന്നിട്ടും അവർക്കത് പ്രയോഗികമായോ എന്നൊന്നും ചിന്തിച്ചു കാണില്ല.

അങ്ങനെ  പതിയെപ്പതിയെ  ജോലികൾ അവൾ പഠിച്ചു തുടങ്ങി. അല്ല പഠിപ്പിച്ചു. ഏതു കൊ ല കൊമ്പനെയും മെരുക്കാൻ ചട്ടക്കാരന് തോട്ടിയെന്നപോലെ പെണ്ണിനു ഭർത്താവും. ആനയ്ക്ക് കാലിലെ ചങ്ങല എത്ര നിസ്സാരം ആണെങ്കിലും അതു പൊട്ടിച്ചോടാൻ അതു ശ്രമിക്കാറില്ലല്ലോ.

ഞാനും അവളും നല്ല സ്‌നേഹമായിരുന്നു. ഒരുപാട് നന്മയുള്ള സ്നേഹമുള്ള ഒരു പെണ്ണ്. പക്ഷെ തെറ്റ് കണ്ടാൽ അവൾ പ്രതികരിയ്ക്കും. എന്തും തുറന്ന് പറയും. അതു നല്ല സ്വഭാവം ഒക്കെ തന്നെയാ. പക്ഷേ അതു ഒരു കൂട്ടുകുടുംബത്തിൽ ചെലവാകുമോ?

ആണുങ്ങൾ അടുക്കളയിൽ കയറുന്നത് കുറച്ചിലാണെങ്കിലും ഞാൻ അവളോട്‌ ഉള്ള സ്നേഹത്തിന്റെ പേരിൽ ഇടയ്ക്ക് സഹായിക്കാറുണ്ടായിരുന്നു. അമ്മയും അനിയനും കാണാതെ. അവർ കണ്ടാൽ കുറച്ചിലാ. ഒരിക്കൽ അവൾക്ക് മീൻ മുറിക്കാൻ സഹായിച്ചതിനു അഖി പറഞ്ഞത് എനിക്കിപ്പോഴും ഓർമ്മയുണ്ട്.

“ആണുങ്ങളുടെ വില കളയല്ലെ ഏട്ടാ. ഇത്രയും കാലായില്ലേ ഇവിടെ വന്നിട്ട് ഇവർ ഇതു വരെ ഇതൊന്നും പഠിച്ചില്ലേ എന്ന്.”

ഹോ അന്ന് തനിക്കുണ്ടായ നാണക്കേടിനു കണക്കില്ല. അമ്മ അന്ന് ഒന്നു അർത്ഥം വെച്ചു മൂളുക മാത്രം ചെയ്തു. പിന്നേയും ആരും കാണാതെ ഞാൻ സഹായിക്കുമായിരുന്നു. അടുപ്പിൽ ഊതിയൂതി കത്തിച്ചൊന്നും അവൾക് ശീലം ഉണ്ടായിരുന്നില്ല. ഗ്യാസ് അടുപ്പ് ഉണ്ട്‌ എന്നാലും അമ്മയ്ക്ക് അതിൽ പാചകം ചെയ്യുന്നത് ഇഷ്ട്ടല്ല.

അവളെ എനിക്ക് ജീവനായിരുന്നു അവൾക് എന്നെയും. പക്ഷേ അവൾ ഈ കുടുംബത്തിൽ ഒരിക്കലും ചേരാത്തവൾ ആയിരുന്നു. പറയത്തക്ക വലിയ ഭംഗിയൊന്നും അവൾക്കുണ്ടായിരുന്നില്ല. എന്റെ കണ്ണിൽ അല്ല കേട്ടോ കല്യാണം കഴിഞ്ഞു ബന്ധുക്കൾ പറഞ്ഞെന്നും പറഞ്ഞ് അമ്മയാണ് ഇക്കാര്യം സൂചിപ്പിച്ചത്. അല്ലെങ്കിലും വല്ല്യേ സൗന്ദര്യം ഒന്നും വേണം എന്നില്ല വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയുന്ന എന്റെ അച്ഛനെയും അമ്മയെയും നോക്കുന്ന ഒരു ഭാര്യ ആവണം എന്നെ ഉണ്ടായിരുന്നുള്ളൂ..

“പുത്തനച്ചി പുരപ്പുറം തൂക്കും” എന്ന് പറയുന്ന പോലെ  അതിഗംഭീരം ആയി മാറ്റങ്ങൾക്കൊന്നും അവൾ തുടക്കമിട്ടിരുന്നില്ല. ചായ കുടിച്ചുകൊണ്ടിരിക്കുന്ന ആളെ നോക്കി “ചായ കുടിക്കുവാണോ ” എന്ന് കുശലം ചോദിച്ച്, കുടുംബക്കാരുടെ സ്നേഹം പിടിച്ചു പറ്റാൻ അവൾക് മിടുക്കി ആയിരുന്നില്ല.

പിന്നെ അവള്ടെ വൃത്തി ആയിരുന്നു ഏറ്റവും വലിയ പ്രശ്നം. ചെരുപ്പില്ലാതെ മുറ്റത്തു ഇറങ്ങി കയറുന്ന വീടാണെങ്കിലും ടൈൽസ് നല്ല പള പള എന്നിരിക്കെ, നിലത്തു പപ്പടം പോലും അവൾ എടുത്തു കഴിക്കാൻ സമ്മതിക്കില്ല. രാവിലെ എഴുന്നേറ്റയുടൻ കുളിച്ചു പൂജാമുറിയിൽ കയറുന്ന എന്റെ അമ്മ, അവളും രണ്ടു നേരം കുളിക്കും പക്ഷെ പണികൾ എല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതിന് തൊട്ടു മുൻപ് മാത്രം…

ഉടുത്തിരിക്കുന്ന വസ്ത്രത്തിൽ കൈത്തുടച്ചു ഭക്ഷണം കഴിക്കുന്നതും പെട്ടന്ന് തുമ്മൽ വന്നു മൂക്കു വസ്ത്രത്തിൽ തുടയ്ക്കുന്നതൊന്നും അവൾക്കിഷ്ടമല്ല. വലിയ പരിഷ്ക്കാരിയാണ്. അവൾക് യാതൊരു കുറവും ഞാൻ വരുത്തിയിട്ടില്ല. വീട്ടിൽ നിൽക്കുമ്പോഴും അവൾ ചുരിദാർ മാത്രമേ ഇടൂ എന്നൊരു വാശിയും ഉണ്ടായിരുന്നു അവൾക്. മാക്സി ഇടില്ലാന്ന്. വലിയ വിലയുള്ള വസ്ത്രങ്ങളോട് ഒന്നും അവൾക് താല്പര്യമില്ല. എന്തെല്ലാം ആയിരുന്നു.

അവളുടെ സ്വഭാവങ്ങളെല്ലാം മാറി വരികയായിരുന്നു…പാചകത്തിലും മറ്റു പണികളും എല്ലാം നല്ല രീതിയിൽ ചെയ്യാൻ പഠിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് അമ്മാവന്റെ മകളുമായി അനിയന്റെ വിവാഹം നടക്കുന്നത്. സ്വഭാവികമായും സ്വന്തക്കാരോട് കുടുംബത്തിൽ ഉള്ളവർക്കു അടുപ്പം കൂടുമല്ലോ. മാത്രമല്ല അവൾ ദേഹം നിറയെ സ്വർണ്ണം ഇട്ടാണ് പടികയറിയത്. പഠിപ്പും അതിനൊത്ത ജോലിയും ഇല്ലാത്ത എനിക്ക് ഡിഗ്രിക്കാരിയായ പെണ്ണിനെയും അത്യാവശ്യം തരക്കേടില്ലാത്ത സ്ത്രീധനവും കിട്ടിയത് തന്നെ വലിയ കാര്യം എന്ന്  അവളുടെ വീട്ടുകാർ പറയുമായിരിക്കും. എങ്കിലും  കൈനിറയെ പൊന്നുമായി വന്ന അനിയന്റെ ഭാര്യക്കും അവൾക്കും ഒരേ സ്ഥാനം കിട്ടണമെന്ന് വാശി പിടിക്കാമോ…ആരുമില്ലെങ്കിലും ഞാൻ ഇല്ലേ അവൾക്…

എല്ലാവരുടെയും കാര്യങ്ങൾ നോക്കണം എന്നാലും പെരുമാറ്റം എന്റെ മാത്രം കണക്കിൽ എടുത്താൽ മതിയായിരുന്നു അവൾക്.  പറഞ്ഞിട്ടും കാര്യമില്ല. അവളായിട്ട് ഒതുങ്ങി കൂടി കഴിയുക ആയിരുന്നു. അവൾക്ക് വേണ്ടി ഞാൻ ശബ്ദമുയർത്തും എന്നു കരുതിക്കാണും അവൾ.

മൗനം പാലിക്കും തോറും  കാതിൽ  ശകാരങ്ങളുടെ എണ്ണം കൂടികൊണ്ടേ ഇരിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു. ഒന്നും കണ്ടില്ല കേട്ടില്ല എന്നു വെച്ചു നടക്കുന്ന എന്നോട് അവൾക് ആദ്യം ഒരകൽച്ചയും അവജ്ഞയും ആയിരുന്നു. ശരിക്കും ആ വീട്ടിലെ രാഞ്ജി ആവാനൊന്നും അവൾ കൊതിച്ചിരുന്നില്ല. എന്റെ കയ്യിലെ കാശു കൊണ്ടു തന്നെ ആയിരുന്നു ഞാൻ വീട് നോക്കിയിരുന്നത്. എന്നിട്ടും ആരുടെയൊക്കെയോ താഴെ ആണെന്ന് അവൾക് തോന്നാൻ തുടങ്ങി. അല്ല തോന്നിപ്പിച്ചു.

“നിങ്ങളിങ്ങനെ കിട്ടുന്നത് മുഴുവൻ ചെലവാക്ക് മറ്റുള്ളോർ സാമ്പാദിക്കാ…” അനിയനെ ഉദ്ദേശിച്ചത് അവൾ പറഞ്ഞത് എനിക്ക് അത്ര ദഹിച്ചില്ല. സമ്പാദിക്കട്ടെ അവൻ എന്റെ ചോരയല്ലേ?

ആഹ് എന്താ പറയാ…ശരിക്കും സീരിയലിൽ കാണുന്ന പോലെ ഒരു കഥ ആയിരുന്നു അവളുടെ. വലിയ ദുരന്തകഥ ഒന്നും അല്ല താനും. ഇതിലും വലിയ പീ ഡനങ്ങൾ പെണ്ണുങ്ങൾ സഹിക്കുന്നില്ലേ എന്നിട്ട് ഇവൾക്ക് ചെറിയ കുത്തുവാക്കുകളും ജോലിഭാരവും താങ്ങാൻ കഴിയില്ലെന്നോ. വഴക്കുണ്ടായാൽ ഞാൻ നിഷ്പക്ഷനായി നിൽക്കും. അവൾ ഒറ്റയ്ക്കും എതിർ ഭാഗത്തിന് അംഗബലം കൂടുതലും…എല്ലാം പതിയെ ശരിയാവും എന്നായിരുന്നു എന്റെ തോന്നൽ. പെണ്ണുങ്ങളാവുമ്പോ കുറച്ചൊക്കെ സഹിക്കണ്ടേ?

ഇപ്പോൾ എല്ലാം ശാന്തം. സമാധാനം. അവൾ ഈ വീട്ടിൽ നിന്ന് പോയതോടെ  എല്ലാം ശരിയായി. പോയിട്ടിപ്പോ ഒന്നൊന്നര വർഷം കഴിഞ്ഞു.കുട്ടികളൊന്നും ആവാത്തത് കൊണ്ട് ഡിവോഴ്സ് എളുപ്പം ആയിരുന്നു.

നിസ്സാരകാര്യങ്ങൾക്ക് വഴക്കിട്ടു വീട്ടിലെ സമാധാനം നശിപ്പിക്കുന്നതിനുള്ള ശിക്ഷ ആയിട്ട് ഇറക്കി വിടുമ്പോൾ ഒരു പാഠം പഠിക്കട്ടെ എന്നെ ഉണ്ടായിരുന്നുള്ളു. സഹിക്കാനും ക്ഷമിക്കാനും തയ്യാറായി വരും അവൾ എന്ന് എനിക്ക് ഉറപ്പായിരുന്നു.

പക്ഷേ ഞാനായിട്ട് ഇറക്കി വിടാൻ കാത്തിരുന്ന പോലെ ആയിരുന്നു അവൾ. ആദ്യം കുറെ കരഞ്ഞു. പിന്നീട് ഒരു വിളിയോ കാണലോ ഉണ്ടായിട്ടില്ല. പേടിപ്പിക്കാൻ ആയിട്ട് ഞാൻ ഡിവോഴ്സ് നോട്ടീസും അയച്ചു.

പഠിച്ചത് ഞാൻ ആയിരുന്നു. അവൾ  തുടർന്നു പഠിക്കുന്നു, ഒപ്പം ഒരു പാർട്ട്‌ ടൈം ജോലിയും. വൈകാതെ ഒരു വിവാഹവും പ്രതീക്ഷിക്കാം…

ഞാൻ ഇനിയും ഒരു വിവാഹത്തിന് മുതിരില്ല. ശീലങ്ങളും ഇഷ്ട്ടങ്ങളും മാറ്റി വെച്ച ഒരു പെണ്ണ് കുറെ നാൾ സഹിച്ച പോലെ ഇനിയൊരുവൾ കൂടി !

ഞാൻ പെണ്ണിനെ കുറിച് പഠിച്ചത്  ഇപ്പോഴാണ്. അവൾ പോയതിനു ശേഷം. പെണ്ണ് സഹിക്കും ക്ഷമിക്കും. പരിധി വരെ. അത് അവളുടെ ദയ അല്ലെങ്കിൽ ഔദാര്യം ആയി മാത്രം കാണാവൂ. കടമയല്ല.

~രേഷ്ജ അഖിലേഷ്