ലൈഫ് ഈസ് എ ഗെയിം…
Story written by Neeraja S
===============
ഓരോ അവധിക്കാലവും ഓർമ്മിക്കാൻ എന്തെങ്കിലും ബാക്കി വച്ചുകൊണ്ടാണ് കടന്നു പോകുക..ഈ അവധിക്കാലത്തും അങ്ങനെ ഒന്നുണ്ടായി എന്നെന്നും ഓർമ്മിക്കാനായി..
നീണ്ട 24 വർഷങ്ങൾക്ക് ശേഷം എന്റെ കൂട്ടുകാരൻ മിലൻ വരുന്നു. റോഡരികിൽ കാറുനിർത്തി നിറഞ്ഞ ചിരിയോടെ ഓടിവന്ന് കെട്ടിപ്പിടിച്ചു. എന്റെയും അവന്റെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞിരുന്നു.
ഒറ്റയായിപ്പോയ ഒരുവന് കിട്ടിയ സൗഹൃദം..അതായിരുന്നു മിലൻ.
മിണ്ടാപ്പൂച്ചക്കു കിട്ടിയ ബഹളക്കാരനായ കൂട്ടുകാരൻ. അത് പത്താം ക്ലാസ്സ് വരെ നീണ്ടു..സർക്കാർ ഉദ്യോഗസ്ഥനായ അവന്റെ അച്ഛന് സ്ഥലംമാറ്റം കിട്ടിയപ്പോൾ പത്താംക്ലാസ്സ് മുഴുമിക്കാൻ നിൽക്കാതെ അവൻ യാത്ര പറഞ്ഞു.
ഏറെനാൾ അതിന്റെ വിങ്ങലിൽ..വീണ്ടും ഒറ്റപ്പെട്ട ഒരുവൻ..മനസ്സിനുപിടിച്ച വേറൊരു സൗഹൃദം പിന്നീടുണ്ടായില്ല. ഒത്തിരി തേടിയെങ്കിലും ഒരിക്കൽ പോലും അവനെ കണ്ടെത്താൻ സാധിച്ചില്ല…
അപ്രതീക്ഷിതമായി മുഖപുസ്തകത്തിൽ അവന്റെ ചിരിച്ച മുഖം കണ്ടപ്പോൾ…വിളിച്ച് അവധിക്ക് കാണണമെന്ന് ഉറപ്പ് മേടിച്ചു…എന്റെ മനസ്സിൽ തറഞ്ഞ സ്നേഹം അവന്റെയുള്ളിലും ഉണ്ടാകുമോ എന്നുള്ള ആശങ്കയായിരുന്നു പിന്നീട്. കൂടിക്കാഴ്ച പത്താംക്ലാസ്സിന്റെ മുറ്റത്തു വച്ച് തന്നെ ആയിരുന്നു.
ആ പഴയ പത്താം ക്ലാസ്സ്കാരന് ഒരു മാറ്റവും ഇല്ല. പോകാൻ നേരം കെട്ടിപ്പിടിച്ചു കൊണ്ട് നിറഞ്ഞ ചിരിയോടെ പറഞ്ഞു…എന്റെ ശരീരത്തിലെ പല ഭാഗങ്ങളും ക്യാൻസർ തിന്നു തീർത്തു…ഇപ്പോഴും തിന്നുന്നുണ്ടോ എന്നറിയില്ല…എന്തായാലും ജീവിതം ഒന്നേ ഉള്ളൂ. അത് അടിച്ചു പൊളിച്ചങ്ങട് തീർക്കണം. അതുംപറഞ്ഞു കണ്ണ് നിറഞ്ഞ് ഉറക്കെ ചിരിച്ചു. പോകുന്നത് വരെ പൊട്ടിച്ചിരിയുടെ പൂരം തീർത്തു.
പോകാൻ നേരം ഉപദേശം പോലെ പറഞ്ഞു..നീ എന്താണ് ഒരു മാതിരി അവാർഡ് സിനിമയിലെ നായകനെപോലെ. സന്തോഷമായാലും ദുഃഖമായാലും ജീവിതം അത് ജീവിച്ച് തന്നെ തീർക്കണം…പിന്നെ സന്തോഷിച്ചാലെന്ത് ദുഖിച്ചാലെന്ത്….
അതെ സന്തോഷം /.ദുഃഖം ഏതു വേണം എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത്….ഇതുവരെ സ്വയം തീർത്ത ദുഃഖത്തിന്റെ തടവറയിൽ ആയിരുന്നു….ഇനി സന്തോഷത്തിന്റെ തടവറയിൽ എങ്ങനെയുണ്ട് എന്ന് നോക്കാം…പാകമാകാത്ത ഉടുപ്പ് പോലെ…ചിലപ്പോൾ..
ആഴത്തിൽ മുറിവേറ്റ ഹൃദയത്തിനു മേൽ ഒരു പുഞ്ചിരിയുടെ മുഖംമൂടി ചേർത്തു വയ്ക്കാം…ജീവിത നാടകത്തിൽ എന്നും ഒരേ വേഷം കെട്ടിയാടാൻ വിധിയെങ്കിലും…കിട്ടിയ വേഷത്തെ അല്പം സ്പെഷ്യൽ ആക്കാൻ നോക്കാം.
പതിവിലും നേരത്തെ വീട്ടിലെത്തി..പലഹാരങ്ങൾ നിറച്ച കവർ കണ്ടപ്പോൾ മക്കൾക്ക് സന്തോഷമായി. താര സംശയത്തോടെ മുഖത്തേക്ക് നോക്കി..
“ഇന്നെന്താ നേരത്തെ വരാമെന്നു കരുതിയത്.. “
“വെറുതെ… “
“വെറുതെയാകില്ല…ഇന്ന് വരാമെന്നു പറഞ്ഞവൾ വന്നിട്ടുണ്ടാവില്ല… “
“നീ ആരുടെ കാര്യമാ പറയുന്നത്… “
“നിങ്ങൾക്ക് അറിയില്ലെങ്കിൽ വേണ്ട.. “
“തല വേദനിക്കുന്നു ഒരു ചായ എടുക്ക്.. “
പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്കു പോകുന്നത് നോക്കിനിന്നു. കല്യാണം കഴിഞ്ഞ് ഏറെനാൾ കഴിയുന്നതിനു മുൻപ് തുടങ്ങിയ സംശയം..അല്ല സംശയരോഗം. ആദ്യമൊക്കെ ദേഷ്യത്തോടെ പ്രതികരിച്ചു..അപ്പോൾ ഉള്ളത് പറയുമ്പോൾ..തുള്ളുന്നതായി..
അവൾക്ക് എന്റെ പേരിനോട് ചേർത്തുപറയാൻ ആരെങ്കിലും ഉണ്ടാകും. ഓഫീസിൽ കൂടെ ജോലി ചെയ്യുന്നവർ, എന്നും വഴിയിൽവച്ചു കാണുന്ന പരിചയക്കാർ, എവിടെയെങ്കിലും വച്ച് വെറുതെ നോക്കി ചിരിച്ചവർ, അയൽ വക്കത്തുള്ളവർ അങ്ങനെ ആരെങ്കിലും ഉണ്ടാകും എന്നും.
കുടുംബത്തിൽ ഏതെങ്കിലും വിവാഹത്തിന് പോയാൽ തന്നോട് വന്നു അടുപ്പത്തോടെ മിണ്ടുന്നവരെല്ലാം അവളുടെ ഇരകളാണ്..ആരോടും മിണ്ടാതെ ഏതെങ്കിലും ഒഴിഞ്ഞ മൂലയിൽ ഒതുങ്ങാൻ ശ്രമിക്കാറുണ്ട്..വെറുതെ മനസ്സ് തകർക്കുന്ന ആരോപണങ്ങൾ ഒഴിവാക്കാൻ. എങ്കിലും പ്രിയമുള്ളവരെ കാണുമ്പോൾ എങ്ങനെയാണു മുഖം തിരിക്കുക..
രാത്രിയിൽ പലപ്പോഴും ഫോൺ അരിച്ചുപെറുക്കി നോക്കുന്നത് കാണാം. ഓഫീസിലെ സഹപ്രവർത്തകർക്ക് അവരുടെയെല്ലാം ജോലി ചേർത്തുള്ള പേരാണ് നൽകിയിരിക്കുന്നത്..ഏതെങ്കിലും ഒരു സ്ത്രീനാമം സേവ് ചെയ്തിരിക്കുന്നത് കണ്ടാൽ പിന്നെ അതിന്റെ പേരിലാകും വഴക്ക്.
നാട്ടിലും വീട്ടിലും ഓഫീസിലുമൊക്കെ അവളുടെ സംശയരോഗം പ്രസിദ്ധമാണ്. എല്ലാവരും താരയുള്ളപ്പോൾ ശ്രദ്ധിച്ചാണ് സംസാരം..
പല മാർഗങ്ങൾ പരീക്ഷിച്ചു നോക്കി. പറഞ്ഞു മനസ്സിലാക്കാൻ നിരവധി തവണ ശ്രമിച്ചു. തലയിൽ തൊട്ടു സത്യം ചെയ്തു. എങ്ങനെയാണു അവളെ പറഞ്ഞു ബോധ്യപ്പെടുത്തുക..താൻ അത്തരക്കാരൻ അല്ലെന്ന്…
ശരിക്കും മടുത്തു തുടങ്ങിയിരിക്കുന്നു. എങ്ങോട്ടു തിരിഞ്ഞാലും സംശയം മാത്രം..പലരും പല രീതിയിൽ ഉപദേശവുമായി വന്നു..ഒരാൾ പറഞ്ഞത് അവൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാനും അത് മറയ്ക്കാനാണ് തന്നോട് വഴക്കുണ്ടാക്കുന്നത് എന്ന് വരുത്തി തീർക്കാനുമാണ്. പക്ഷെ എനിക്കത് അംഗീകരിക്കാനായില്ല..വെറുതെ എങ്ങനെയാണു ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്നു സ്ഥാപിക്കുന്നത്…കള്ളങ്ങളുടെ ഒരു ശ്രേണി തന്നെ തീർക്കേണ്ടി വരും..ഒന്നിനെ മറയ്ക്കാൻ മറ്റൊരു കള്ളം പറയേണ്ടി വരും..
മറ്റൊരാൾ പറഞ്ഞത് എന്തായാലും ചീത്തപ്പേരുണ്ട് എങ്കിൽ പിന്നെ ശരിക്കും ഒരു ബന്ധം തുടങ്ങാനാണ്..എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെ..ആ വഴിക്ക് കിട്ടുന്ന ചീത്തപ്പേര് ഓർത്തപ്പോൾ അങ്ങനെ ഒരു പരീക്ഷണത്തിനും മനസ്സ് സമ്മതിച്ചില്ല.
ഇതിപ്പോൾ താര മാത്രം ഉൾപ്പെട്ട കാര്യമാണ്..അവളുടെ മുന്നിൽ മാത്രമാണ് താൻ മോശക്കാരൻ. അതങ്ങനെ തന്നെ ഇരിക്കട്ടെ. തന്റെ തലേവര എന്നും ഇങ്ങനെ സങ്കടപ്പെട്ടും നാണംകെട്ടും കഴിയാനാവും.
അല്ലെങ്കിൽ താരയെ ഉപേക്ഷിക്കേണ്ടി വരും..മക്കളെയും അവളെയും പിരിയുന്ന കാര്യം ഓർക്കാനും വയ്യ. പിന്നെയൊരു ജീവിതം തനിക്കുണ്ടാവില്ല..ഇപ്പോൾ ഒരു കുടുംബമുണ്ട്..മിലൻ പറഞ്ഞതുപോലെ സന്തോഷം അഭിനയിച്ചു നോക്കാം..
താര ചായയുമായി വന്നപ്പോൾ മിലൻ വന്ന കാര്യവും പഴയ ജീവിതവുമൊക്കെ പറഞ്ഞു..
“ആർക്കറിയാം മിലനാണോ മിലിയാണോന്ന്.”
“ഹൊ…ഭയങ്കരം..നിനക്ക് വേറെ തൊഴിലില്ലെ.. “
“ചായ നീ കുടിച്ചോ..എനിക്ക് വേണ്ട..”
റൂമിലെത്തി കുളിച്ചു വേഷം മാറി..മൊബൈലിൽ പ്രിയപ്പെട്ട കവിതകളുടെ ശേഖരമുണ്ട്. ഹെഡ്സെറ്റ് ചെവിയിൽ തിരുകി കട്ടിലിൽ കയറിക്കിടന്നു. താര ചായയുമായി വീണ്ടും വന്നു. അറിയാത്ത മട്ടിൽ കണ്ണുമടച്ചു കിടന്നു…രണ്ടു മൂന്ന് തവണ വിളിച്ചു..കേൾക്കാഞ്ഞപ്പോൾ മൊബൈൽ എടുത്തു ഹെഡ്സെറ്റ് ഊരി..
“അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും.. “
മൊബൈലിൽ നിന്നും ഉച്ചത്തിൽ മധുസൂദനൻ നായരുടെ കവിത..
താരയുടെ മുഖം ചുവന്നു..
“അതെ നിങ്ങൾക്ക് പലരെയും ഹൃദയത്തിൽ നിന്നും അടർത്താൻ വയ്യ…
“എന്റെ വിധി… “
ചായ ശബ്ദത്തോടെ മേശപ്പുറത്തു അടിച്ചുവച്ചു… ഗ്ലാസ്സിൽ നിന്നും ചായ തുളുമ്പി അവിടെയെല്ലാം ചിതറിവീണു. ദേഷ്യത്തോടെ എന്തൊക്കെയോ വിളിച്ചുപറഞ്ഞ് കൊണ്ട് മുറിയിൽ നിന്നും ഇറങ്ങിപ്പോയി.
ഹൃദയത്തിൽ വലിയ ഒരു കല്ലെടുത്തു വച്ചതുപോലെ നോവുന്നുണ്ടായിരുന്നു. വീണ്ടും ഹെഡ്സെറ്റ് കുത്തി ചെവിയിൽ തിരുകി. എവിടെയെങ്കിലും ഇറങ്ങി പോയാലോ..എന്തായാലും തിരികെ ഇങ്ങോട്ട് തന്നെ വരണം.. ‘ആരുടെ കൂടെയായിരുന്നു ഇത്രയും നേരം’ എന്ന ചോദ്യം അവൾ കടിച്ചു തുപ്പിയത് തന്റെ ദേഹത്തു വീണിഴയും.
മിലൻ അവൻ എത്ര സന്തോഷവാനാണ്…ക്യാൻസർ നൽകുന്ന വേദനയേക്കാൾ വലുതാണെന്ന് തോന്നി ഹൃദയത്തെ കീറിമുറിക്കുന്ന സംശയരോഗം…എവിടെ പോയാലും പിന്തുടരുന്ന സംശയങ്ങൾ, ചോദ്യങ്ങൾ, കുത്തുവാക്കുകൾ, പൊള്ളയായ ആരോപണങ്ങൾ.
തന്റെ അഭിമാനത്തെയാണ് അവൾ എപ്പോഴും ചവിട്ടി താഴ്ത്തുന്നത്..ഭ്രാ ന്ത് പിടിപ്പിക്കുന്നത്.
*******************
മിലൻ..മനസ്സിന് കുളിരുപകരുന്നതായിരുന്നു അവന്റെ സാമിപ്യം..വീണ്ടും ആ പഴയ വസന്തകാലത്തേക്കു യാത്ര പോയതുപോലെ.
താരയുടെ സ്വഭാവം പറഞ്ഞപ്പോൾ ഏറെനേരം മിണ്ടാതെയിരുന്നു..തന്റെ അവസ്ഥയോർത്തു അവന്.സങ്കടമായെന്നു തോന്നുന്നു.
“പോട്ടെടാ…ഈ ലോകത്ത് പരിഹാരമില്ലാത്തതായി ഒന്നുമില്ല…നമുക്ക് ശ്രമിക്കാം..താരയുടെ തറസ്വഭാവം മാറ്റാൻ.. “
അതും പറഞ്ഞ് അവൻ ചിരിച്ചപ്പോൾ എനിക്കും പ്രതീക്ഷയായി.
“ചിലരുണ്ട് ആണായാലും പെണ്ണായാലും സംശയരോഗം അവരുടെ ജീനിലലിഞ്ഞു ചേർന്നിട്ടുണ്ടാകും..ദൈവം വിചാരിച്ചാലും അവരെ ശരിയാക്കാൻ പറ്റിയെന്നു വരില്ല..പങ്കാളിയുടെ ജീവിതം സ്വാഹ. ആരുടെയെങ്കിലും ജീവിതമോ എവിടെയെങ്കിലും വായിച്ചതോ പകർത്തുന്നതാണെങ്കിൽ നമുക്ക് ശരിയാക്കിയെടുക്കാം.. “
“ഇന്ന് മുതൽ നമ്മൾ പണി തുടങ്ങുന്നു…ആദ്യം നീ നിന്റെ ഫോൺ ലോക്ക് ചെയ്യ്..താര എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചാലും ഒരു കാരണവശാലും ലോക്ക് മാറ്റരുത്. പല രീതിയിലും പലതും പറഞ്ഞേക്കാം. അതെല്ലാം സമ്മതിച്ചു കൊടുക്കണം..
“എടാ…ഇല്ലാത്തകാര്യങ്ങൾ പറയുമ്പോൾ.. “
“ഇതൊരു ഗെയിം ആണ്..വിജയിക്കണമെങ്കിൽ ചിലയിടങ്ങളിൽ തോറ്റെന്നു വരും..പിന്നെയും കളിക്കണം… “
പതിവിലും വൈകി വീട്ടിലെത്തിയതിനാൽ മുഖം ഇരുണ്ടിരുന്നു..ചോദ്യങ്ങൾ കേട്ടില്ലെന്നു നടിച്ചു..ഉറങ്ങിയെന്നു കരുതി ഫോൺ എടുത്തപ്പോൾ ലോക്ക് ചെയ്തിരിക്കുന്നത് കണ്ടു ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് കിടന്നു.
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാ ചോദ്യങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും നിസംഗത പാലിച്ചു..ഒന്നിനും മറുപടി കിട്ടാതായപ്പോൾ ശരിക്കും അവൾക്ക് ഭ്രാ ന്ത് പിടിക്കുന്നത് അറിയുന്നുണ്ടായിരുന്നു.
അടുത്ത തവണ മിലനെ കണ്ടപ്പോൾ ഞാൻ അല്പം കൂടി സന്തോഷവാൻ ആയിരുന്നു..ഞങ്ങൾ നടത്തിവന്ന ഗെയിം എനിക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..
“ടാ…ഇത്രയും നാൾ എനിക്കുണ്ടായിരുന്ന ഭ്രാ.ന്ത് ഇപ്പോൾ അവൾക്കായി… “
“മനസ്സിന് നല്ല ധൈര്യം. അവളുടെ കുറ്റപ്പെടുത്തലും സംശയം പറച്ചിലും അല്പം കുറഞ്ഞിട്ടുണ്ട്…എന്റെ മാറ്റത്തിന്റെ കാരണം അറിയാതെ ഭ്രാ.ന്തെടുത്തു നടക്കുന്നു.. “
“നമ്മുടെ ഗെയിം അടുത്ത സ്റ്റേജിലേക്ക് കടക്കാൻ പോകുന്നു…ഇന്ന് നീ വീട്ടിൽ ചെല്ലുമ്പോൾ നിസ്സാര കാര്യങ്ങൾക്കു വഴക്ക് ഉണ്ടാക്കണം…ഇങ്ങോട്ട് ഒന്നും പറയാൻ അവസരം കൊടുക്കരുത്..”
കറിയ്ക്ക് ഉപ്പ് കുറഞ്ഞുപോയി, ചായയ്ക്ക് ചൂടില്ല, ഒറ്റവിളിയ്ക്ക് കേട്ടില്ല തുടങ്ങി തൊട്ടതിനും പിടിച്ചതിനും വഴക്കുണ്ടാക്കി. എന്റെ ഭാവമാറ്റം കണ്ടു താര മിഴിച്ചിരിക്കുന്നത് കണ്ടു.
“നിനക്ക് ഇവിടെ ബുദ്ധിമുട്ട് ആണെങ്കിൽ നീ നിന്റെ വീട്ടിൽ പൊയ്ക്കോ…ഞാൻ ഒറ്റയ്ക്ക് താമസിച്ചോളാം… “
“എനിക്കറിയാം നിങ്ങൾക്ക് പുതിയ ഏതോ ഒരുത്തിയെ കിട്ടിയിട്ടുണ്ട്. എന്നെ ഒഴിവാക്കാൻ വേണ്ടിയാണു ഇങ്ങനെ പെരുമാറുന്നത് അല്ലേ. നിങ്ങളെ ഒരു പാഠം ഞാൻ പഠിപ്പിക്കും..നോക്കിക്കോ.. “
ചാടിത്തുള്ളി കുട്ടികളെയും ഒരുക്കി വണ്ടിവിളിച്ച് അവൾ പോയി..തിരികെ വിളിക്കുമെന്ന് അവസാന നിമിഷംവരെ പ്രതീക്ഷിക്കുന്നതായി അവളുടെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു..കണ്ടഭാവം നടിച്ചില്ല.
എത്രയൊക്കെ വഴക്ക് ഉണ്ടാക്കിയാലും പോയിക്കഴിഞ്ഞപ്പോൾ ആകെയൊരു ശൂന്യത തോന്നി..പക്ഷെ മിലന്റെ വാക്കുകൾ ഓർത്തപ്പോൾ..ഇതൊരു ഗെയിമാണ് ജീവിതം വച്ചുള്ള ഗെയിം.
കുട്ടികളെക്കൊണ്ട് ഇടയ്ക്കു വിളിപ്പിച്ചു ഇവിടുത്തെ കാര്യങ്ങൾ അവൾ അറിയുന്നുണ്ടായിരുന്നു. ഒരിക്കൽ പോലും അങ്ങോട്ട് വിളിച്ചില്ല. വിഷമത്തോടെയാണെങ്കിലും അവളുടെ കാര്യം ഒരിക്കൽപോലും ചോദിച്ചില്ല.
താൻ വിളിക്കാൻ ചെല്ലില്ലെന്നു അവൾക്കു മനസ്സിലായി..തനിയെ പോയവൾ തനിയെ വന്നാൽ മതി എന്നായിരിക്കും ഉത്തരം എന്നവൾക്കു തോന്നി.
മിലനെ കണ്ട് അതുവരെയുള്ള കാര്യങ്ങൾ പറഞ്ഞു. ജീവിതത്തിനു ഒരു ത്രില്ലൊക്കെ തോന്നുന്നെന്ന് പറഞ്ഞപ്പോൾ അവൻ ഉറക്കെ ചിരിച്ചു. വീട്ടിലെത്തിയപ്പോൾ കുട്ടികളും അവളും വന്നിട്ടുണ്ട്..കണ്ടപ്പോൾ മിണ്ടാൻ പോയില്ല. പൂർണമായും തോറ്റിട്ടില്ല എന്ന മട്ടിൽ ചായ തന്നിട്ട് താരയും മിണ്ടാതെ അടുക്കളയിലേക്കു പോയി.
എങ്കിലും എനിക്കറിയാമായിരുന്നു അവളുടെ മനസ്സിലെ കറകൾ കഴുകിക്കളഞ്ഞിട്ടുണ്ടാകും എന്ന്. കൈവിട്ടു പോകുമെന്ന് തോന്നുമ്പോഴാണല്ലോ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കുക. കുറ്റങ്ങൾ ഇല്ലാതാകുന്നതും സ്നേഹം വിരിയുന്നതും…