ഹൃദയമർമ്മരങ്ങൾ…
Story written by Neeraja S
==============
ക്ലാസ്സിൽ കുട്ടികളെല്ലാം കണക്ക് ടീച്ചർ ബോർഡിൽ എഴുതിയത് നോക്കി ബുക്കിലേക്ക് പകർത്തുന്ന തിരക്കിലാണ്. പെട്ടെന്ന് എഴുത്ത് നിർത്തി ടീച്ചർ തിരിഞ്ഞു നിന്നു.
“ആരാ ക്ലാസ്സിലിരുന്ന് വർത്തമാനം പറയുന്നത്..? “
എല്ലാവരുടെയും കണ്ണുകൾ ഒരാളിലേക്കു നീണ്ടു. ടീച്ചർ ചുവന്ന മുഖത്തോടെ അടുത്തേക്ക് വന്നു.
“കണക്ക് ഒരു വക അറിയില്ല..ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കണം എന്ന് പറഞ്ഞാൽ കേൾക്കില്ല. “
“എഴുന്നേൽക്ക്…എന്താ ഇത്രയും പറയാനുള്ളത്..ഞാനും കൂടി കേൾക്കട്ടെ..?”
“ടീച്ചറേ ഈ ബുക്ക് പരാതി പറയുന്നു…പെൻസിന് മൂർച്ച കൂടിയതുകൊണ്ട് വേദന എടുക്കുന്നത്ര..പതുക്കെ എഴുതാൻ പറഞ്ഞു വഴക്കൊണ്ടാക്കുന്നു ടീച്ചറേ.. “
ടീച്ചർ അന്തംവിട്ടുനോക്കി…ബുക്ക് പരാതി പറഞ്ഞെന്നോ..??
“ടീച്ചറേ അവൻ എപ്പോഴും ഇങ്ങനാ. ബുക്കിനോടും ബാഗിനോടും ഡെസ്‌കിനോടും ബെഞ്ചിനോടും ഒക്കെ സംസാരിച്ചു കൊണ്ടിരിക്കും.. “
മുൻബെഞ്ചിലെ മീന സഹായിക്കാൻ എഴുന്നേറ്റ് നിന്നു.
“ടീച്ചറേ അവന്റെ അമ്മ സംസാരിക്കില്ല..വീട്ടിൽ വേറെ ആരും ഇല്ല..അതുകൊണ്ട് അവൻ എപ്പോഴും ഇങ്ങനെ കണ്ണിൽ കണ്ടതിനോടെല്ലാം സംസാരിക്കും.”
ടീച്ചറിന്റെ മുഖത്തെ ദേഷ്യം മാറി അലിവ് പ്രത്യക്ഷപ്പെട്ടു..ഒറ്റയായ ഒരുവന്റെ സങ്കടമല്ല മുഖത്ത്. തിളങ്ങുന്ന കണ്ണുകൾ..പുഞ്ചിരിക്കുന്ന തെളിമയാർന്ന മുഖം.
“മോൻ ഇരുന്നോ…ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കണം കെട്ടോ..അവരോടൊക്കെ പിന്നെ സംസാരിക്കാം…പഠിച്ചു മിടുക്കൻ ആകണ്ടേ.. “
തലയിൽ തലോടി..ടീച്ചർ തിരിഞ്ഞു നടന്നു.
**************
ബസ് വന്നു നിന്നപ്പോൾ പുറത്ത് തൂക്കിയ ബാഗുമായി ഇടിച്ചു മുന്നിൽ കേറി..എന്തായാലും രണ്ടുമണിക്കൂർ യാത്രയുണ്ട്. എങ്ങനെയെങ്കിലും സൈഡ് സീറ്റ് ഒപ്പിക്കണം. ഭാഗ്യം ഒരു സീറ്റ് കാലിയായി കിടക്കുന്നു. വേഗത്തിൽ കയറിയിരുന്നു. ഇതിന് മുൻപിരുന്നയാളുടെ തലയിൽ ചൂടിയിരുന്ന മുല്ലപ്പൂവിന്റെ വാസന അവിടെ ചൂഴ്ന്നു നിന്നു. പിന്നിലേക്ക് ചാരി സുഖമായി ഇരിക്കുന്നതിന് മുൻപ് സീറ്റിൽ ഒന്നു തലോടി..
“മോനെ രണ്ടു മണിക്കൂർ ഒന്നു സഹിച്ചേക്കണേ.. “
“ചുമ്മാ ചിലക്കാതെ ഇരുന്നിട്ട് പോടോ.. ” ബെസ്റ്റ് മറുപടി..മതിയായി..തൃപ്തിയായി.
വിശാലമായി ചാരിക്കിടന്നു. പുറത്തേക്കു കണ്ണോടിച്ചു. എത്രയോ വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെയൊരു ബസ്സ് യാത്ര. നിമിഷങ്ങൾക്കുള്ളിൽ ബസ് നിറഞ്ഞു. ഫ്ലൈറ്റ് ഇറങ്ങി ഒരു ടാക്സി പിടിച്ചു പോകേണ്ട കാര്യം ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഈ തിരക്ക്…പല മുഖങ്ങൾ..എല്ലാം കാണണമെങ്കിൽ ബസ് യാത്ര തന്നെ ഉത്തമം. ബസിൽ ഉള്ളവരെ കൂടുതൽ പഠിക്കാൻ നോക്കിയില്ല. പുറത്തേക്കു നോക്കിയിരുന്നു. ഏതോ പതിനാലു സെക്കന്റ് കണക്കൊക്കെ ഇടയ്ക്ക് കേട്ടിരുന്നു.
സീറ്റിൽ ചാരി പുറത്തേക്കു നോക്കിയിരുന്നപ്പോൾ ഓർമ്മകൾ പടികയറി വന്നു തുടങ്ങി. അമ്മ എന്നന്നേക്കുമായി പോയപ്പോൾ ഒരനാഥാലയത്തിലേക്ക് പറിച്ചു നടപ്പെട്ടു. നഴ്‌സിങ് പഠിച്ചതുകൊണ്ടു ഒരു ഗുണം ഉണ്ടായി..അമേരിക്കക്കാരി നേഴ്സ്നെ കെട്ടി അങ്ങ് അമേരിക്കയ്ക്ക് പറക്കാൻ പറ്റി. മുന്നിൽ കാണുന്ന പൂച്ചയോടും പുല്ലിനോടും കാറ്റിനോടും സംസാരിയ്ക്കാൻ മാത്രം സമയമുള്ള ഭർത്താവിനെ അവൾ സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു. അമേരിക്കൻ ജീവിതത്തിൽ നിന്നും റിട്ടയർമെന്റ് എടുത്ത് നാട്ടിലേക്കു പോന്നു. അവൾക്ക് എന്നെങ്കിലും തോന്നിയാൽ വരട്ടെ. ഭാവിജീവിതം ഇവിടെ അടിച്ചു പൊളിച്ചു തീർക്കണം. കൈയിലുണ്ടായിരുന്ന സമ്പാദ്യം കൊടുത്തു നാലു വർഷം മുൻപ് നാട്ടിലൊരു വീട് വാങ്ങിച്ചിട്ടിരുന്നു. വിശാലമായ പറമ്പും കുളവും നാലുകെട്ടും ഒക്കെയുള്ള ഒരു സ്വപ്ന ഗൃഹം.
ബസിനുള്ളിൽ തിരക്ക് കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരുന്നു. ചെറുതായി ഒന്ന് മയങ്ങാം. സ്ഥലപ്പേരും അടയാളവും പറഞ്ഞു വാതിൽ നിൽക്കുന്ന പയ്യനെ വിളിക്കാൻ ഏല്പിച്ചു. നൂറുരൂപ പ്രതിഫലമായി കിട്ടിയതാണ്. അവൻ ഉറപ്പായും വിളിക്കും. അവനെ നോക്കി ഒന്നുകൂടി ചിരിച്ചിട്ട് കണ്ണടച്ചു.
****************
റോഡരിൽ മനോഹരമായ വീട്. അന്തിവെയിലിൽ തിളങ്ങുന്നു. വീട് നോക്കാനൊരാളെ ഏൽപ്പിച്ചിരുന്നു. അയാളാണെന്നു തോന്നുന്നു. ഓടി വന്നു. ഫോണിൽ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. നേരിട്ട് ആദ്യമായി കാണുകയാണ്. ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെട്ടു. അയാളുടെ കാലിലെ തുന്നൽ പൊട്ടിയ ചെരുപ്പ് വിഷാദഭാവത്തിൽ ചിരിച്ചു.
പൊട്ടിയ ചെരുപ്പ് പുറത്തിട്ട് അയാൾ വാതിൽ തുറക്കാനോടി. പിന്നാലെ ചെന്നു.
“ഹും..ഇങ്ങേര് എവിടുന്ന് കുറ്റിയും പറിച്ചു വരുന്നതാ…ചെരിപ്പ് ഊരി വെളിയിലിടാതെ…കണ്ടില്ലേ…? ” തറയുടെ പരിഭവം.
“ഓഹ് സോറി..” ഷൂവും സോക്‌സും ഊരി വെളിയിലിട്ടു. നല്ല തണുപ്പുള്ള തറ. കാല് മുട്ടുമ്പോൾ കുളിരുന്നു.
“ഇക്കിളിയിടാതെ കേറിപ്പോഡേയ്..” ഒരു പിറുപിറുക്കൽ.
വീട് മുഴുവൻ നടന്നു കണ്ടു. വാങ്ങുന്ന സമയത്തു ഫോണിൽ ഫോട്ടോ കണ്ടിരുന്നു. പക്ഷെ അകത്തളം ഇത്രയും മനോഹരമായിരിക്കും എന്നോർത്തില്ല. രാത്രിയിൽ കഴിക്കാനുള്ളതെല്ലാം റെഡിയാണ്. അയാളുടെ ഭാര്യയാണെന്ന് തോന്നുന്നു അടുക്കളയിലേക്കു ചെന്നപ്പോൾ സാരിത്തുമ്പിൽ കൈ തുടച്ചുകൊണ്ട് ഒതുങ്ങി നിന്നു. രണ്ടു പേരെയും പരിചയപ്പെട്ടു. വർഷങ്ങളായി ആ വീട്ടിൽ ജോലിക്കാരായിട്ട്. മുൻപ് ഉണ്ടായിരുന്ന ഉടമസ്ഥൻ കൊടുത്ത അഞ്ചു സെന്റ് ഭൂമിയിൽ വീടുവച്ചാണ് അവർ കഴിയുന്നത്.
വീട് വാങ്ങിയപ്പോൾ പഴയ ഉടമസ്ഥർ തന്നെയാണ് ഇവരുടെ കാര്യം പറഞ്ഞത്..വീടിന്റെ ചുമതല അവരെ ഏല്പിച്ചത് അങ്ങനെയാണ്. എന്തായാലും തൂത്തു തുടച്ചു നല്ല ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്. അതിന് പ്രത്യേകം നന്ദി പറഞ്ഞു. നല്ല ക്ഷീണം തോന്നിയതുകൊണ്ട് ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.
രാവിലെ എഴുന്നേറ്റപ്പോൾ തന്നെ നല്ല ചൂട് ചായ കിട്ടി. പൂമുഖത്തു വന്നിരുന്ന കസേര അത്ര പോരാ..എന്തെല്ലാമോ പിറുപിറുക്കുന്നുണ്ട്. ഞാൻ ഇരുന്നത് പുള്ളിക്ക് ഇഷ്ടമായില്ലെന്ന് തോന്നുന്നു. ചാരുകസേര ഉണ്ടായിരുന്നെങ്കിൽ.. ഈ പൂമുഖത്തിരിക്കാൻ ഏറ്റവും നല്ലത് ചാരുകസേരയാണ്. ഇതിനുമുൻപ് താമസിച്ചിരുന്നവർ ഉപേക്ഷിച്ച സാധനങ്ങൾ സ്റ്റോർറൂമിൽ സൂക്ഷിച്ചിട്ടുണ്ട്..ചിലപ്പോൾ അവിടെക്കാണും ചാരുകസേര.
ഒരു കാര്യം മനസ്സിൽ വിചാരിച്ചാൽ അപ്പോൾ തന്നെ നടപ്പാക്കണം..പാതി കുടിച്ച ചായ ഉപേക്ഷിച്ചു നേരെ സ്റ്റോർറൂമിലേക്ക്..
“സാറേ ബാക്കി ചായ കൂടി കുടിച്ചിട്ട് പോകൂ…”
ചായക്കപ്പ് പിന്നിൽനിന്നും വിളിച്ചുപറഞ്ഞു.
“ദേ പോയി..ദാ വന്നു… “
അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങുന്ന വാതിലിനരികിലായി സ്റ്റോർറൂം ഇന്നലെ കണ്ണിൽ പെട്ടിരുന്നു. അടഞ്ഞുകിടന്ന കതക് തള്ളിത്തുറന്നു. ആരും കയറി ഇറങ്ങാത്തതു കൊണ്ടാകും ആകെ വലയും പൊടിയും. ഒറ്റനോട്ടത്തിൽ തന്നെ കണ്ടു…ഒരു മൂലയിൽ രാജകീയമായി കിടക്കുന്ന ചാരുകസേര. മുകളിൽ എന്തൊക്കെയോ പുസ്‌തകങ്ങൾ, പത്രങ്ങൾ എല്ലാം വാരി നിറച്ചിരിക്കുന്നു..അടുത്തേക്ക് ചെന്നപ്പോൾ ദയനീയത നിറഞ്ഞ ശബ്‌ദം..
“എല്ലാമൊന്നെടുത്ത് മാറ്റാമോ…ശ്വാസം വിടാൻ പറ്റുന്നില്ല.. “
എല്ലാം എടുത്ത് മാറ്റി..പൊടി തട്ടി എടുത്ത് നേരെയിട്ടു..
“ഹൗ..അടിപൊളി.. ” കസേരയുമെടുത്തു പോകാനാഞ്ഞപ്പോഴാണ് ഒരു സ്വരം..
“ഇവിടെ വരെ വന്നതല്ലേ എന്നെക്കൂടി പരിഗണിക്കൂ..”
നീളവും പൊക്കവും നല്ല ചിത്രപ്പണികൾ ചെയ്ത തടിയലമാര.
“കതകു തുറന്ന് നോക്കിയാലും..”
ഒരു സൈഡ് ഡോർ തുറന്നപ്പോൾ അത്ഭുതപ്പെട്ടുപോയി നിറയെ ട്രോഫികൾ, പതക്കങ്ങൾ..നിറയെ വാരിവലിച്ച് ഇട്ടിരിക്കുന്നു. ഒരു ട്രോഫിയെടുത്തെഴുതിയിരിക്കുന്നത് വായിച്ചു നോക്കി..ഗോവിന്ദൻ മാഷിന് സ്നേഹപൂർവ്വം..പൂർവ്വ വിദ്യാർഥികൾ.
എല്ലാം തിരഞ്ഞപ്പോൾ ഒന്ന് മനസ്സിലായി. പഴയ ഉടമസ്ഥൻ ഗോവിന്ദൻ മാഷ് വെറും പുലി ആയിരുന്നില്ല..പുപ്പുലി. എത്രമാത്രം ആദരവുകളാണ് പൊടി പിടിച്ചു കിടക്കുന്നത്..
“പൊടിപിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി..ഞങ്ങളെല്ലാം ഏവരാലും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു..മാഷ് അഭിമാനത്തോടെ സൂക്ഷിച്ചിരുന്നതാണ് ഞങ്ങളെ…ഇപ്പോൾ വെളിച്ചം കണ്ടിട്ട് കുറെ നാളായി..” ഒരു കൂട്ടക്കരച്ചിൽ അവിടെയുയർന്നു..
അലമാരിയടച്ചു വേഗത്തിൽ കസേരയുമായി പുറത്ത് കടന്നു..സഹായിയായി നിൽക്കുന്ന ചേട്ടനെ വിളിച്ചു.
“ചേട്ടാ ഇതിനുള്ളിലുള്ള എല്ലാ സാധനങ്ങളും തുടച്ചു വൃത്തിയാക്കി പുറത്തെത്തിക്കണം…ഇവയെല്ലാം കിടന്നിരുന്ന സ്ഥലം ചേട്ടന് അറിയാമെങ്കിൽ അതാത് സ്ഥലത്ത് തന്നെ ഇടണം…ഇന്നുതന്നെ.”
“അറിയാം സാറേ…ഞാനാണ് ഇതെല്ലാം ഇവിടെ കൊണ്ടുവന്നിട്ടത്… “
ഉമ്മറത്ത് കസേരയിട്ട് വിശാലമായി ഇരുന്നു.
ഓഹ്..എന്താ സുഖം…സൂപ്പർ ആയിട്ടുണ്ട്…നീണ്ട കസേരക്കൈയിലേക്ക് കാലെടുത്തു വച്ച് ചാരിക്കിടന്നപ്പോൾ…ഈ ലോകത്തിലെ ഏറ്റവും സുഖവും സമാധാനവും നിറഞ്ഞ നിമിഷം ഇതാണെന്നു തോന്നി..
“സ്..ചേട്ടാ… ” ആരോ പതുക്കെ വിളിക്കുന്നു..അടുത്തുള്ള ചിത്രത്തൂണാണ്..കസേര ഒന്ന് മൂളിയതുപോലെ..
“എത്ര നാളായി കണ്ടിട്ട്..? പുതിയ സാർ പാവം ആണെന്ന് തോന്നുന്നു അല്ലേ..? “
കസേര വീണ്ടും മൂളി..
“ഇത്രയും വർഷം ഇരുട്ടത്ത് കിടന്നിട്ടും അങ്ങേരെടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല..കണ്ടില്ലേ എന്തു ചോദിച്ചാലും മൂളുന്നത്.. ” കതകിന്റെ ഓടാമ്പലിന്റെ ചിലമ്പിച്ച ശബ്‌ദം..
ചുവരിന് ദേഷ്യം വരുന്നുണ്ടായിരുന്നു.. “നോക്ക് നമ്മുടെ മാഷ് ഇരുന്നിടത്താണ് അങ്ങേര് കേറി നീട്ടിവലിച്ചു കിടക്കുന്നത്.. “
“പാവം മാഷിനെയും ടീച്ചറിനെയും ഓർക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. ” തൂക്കുവിളക്ക് വിതുമ്പി..
“അതെ മാഷ് കസേരയിൽ ഇരിക്കുമ്പോൾ ടീച്ചർ എന്റെ ദേഹത്തു ചാരി ഒരിരിപ്പുണ്ട്..എന്തൊരു രസമായിരുന്നു..” ചിത്രത്തൂൺ നെടുവീർപ്പിട്ടു.
എല്ലാം കേട്ട് നിശബ്‌ദനായി ഇരുന്നു..ഇവർക്ക് എന്തു സ്നേഹമായിരുന്നു മുൻപ് താമസിച്ചിരുന്നവരോട്..
“ചേച്ചി..ഒരു ചായ കൂടി.. “
ചേട്ടൻ തിരക്കിട്ടു പണിയിലാണ്… എല്ലാം തൂത്തു തുടച്ചു ഭംഗിയാക്കി അതാത് സ്ഥലങ്ങളിൽ വയ്ക്കുന്ന തിരക്കിലാണ്..
“അതേയ്…ചേട്ടാ ഇതിന് മുൻപ് ഇവിടെ താമസിച്ചിരുന്നത് ഒരു മാഷും ടീച്ചറും ആയിരുന്നു അല്ലേ..? ചേട്ടന് അവരെ നല്ല പരിചയം അല്ലായിരുന്നോ..വീട് വയ്ക്കാനുള്ള സ്ഥലം അവരാണ് തന്നിരുന്നതെന്നു പറഞ്ഞതായി ഓർക്കുന്നു..”
“മനുഷ്യന്റെ കാര്യമല്ലേ ജനിച്ചാൽ ഒരിക്കൽ മരിക്കണം.”
“അതിന് ആരാ സാറേ..പറഞ്ഞത് അവർ മരിച്ചുപോയെന്ന്.. “
“അപ്പോൾ ടീച്ചറും മാഷും ഈ വീട് വിറ്റിട്ട് എവിടെപ്പോയി..? “
**************
ഞായറാഴ്ച..പതിവ് മീറ്റിംഗ്..എല്ലാവരും ഹാളിലെ കസേരയിൽ നിരന്നിരുന്നു. നടത്തിപ്പുകാരായ കമ്മറ്റി അംഗങ്ങൾ എല്ലാവർക്കും അഭിമുഖമായി ഇരിപ്പുറപ്പിച്ചിരുന്നു.
ചെറിയ ആശ്വാസവാക്കുകൾക്കും സ്നേഹാന്നോഷണങ്ങൾക്കും ശേഷം ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടോ എന്ന ചോദ്യത്തിന് ചില സ്ഥിരം പരാതിപെട്ടികൾ തുറക്കപ്പെട്ടു. കമ്മറ്റി അംഗങ്ങൾ ചിരിയോടെ അതെല്ലാം പരിഹരിച്ചു.
“ആശ്രയം എന്ന നമ്മുടെ ഈ കുടുംബത്തിൽ ഇന്നൊരു പ്രത്യേക കാര്യം നടക്കാൻ പോകുന്നു. സാധാരണ കുഞ്ഞുങ്ങളെയാണ് ദത്തെടുക്കുന്നത്. എന്നാൽ ഇന്ന് നിങ്ങളിൽ ഒരാളെയാണ് ദത്തെടുക്കാൻ ആള് വരുന്നത്. സരസ്വതിയമ്മ ടീച്ചറാണ് ആ ഭാഗ്യവതി..എല്ലാവരും സന്തോഷത്തോടെ ടീച്ചറിനെ യാത്രയാക്കണം…ഇനിയുള്ള കാലം ഇങ്ങനെ നന്മയുള്ള മക്കൾ നിങ്ങളെ ഓരോരുത്തരെയും തേടി വരട്ടെയെന്നു ഈശ്വരനോട് പ്രാർത്ഥിക്കാം..”
എല്ലാവരും മീറ്റിംഗ് കഴിഞ്ഞ് പോയെങ്കിലും ടീച്ചർ അവിടെത്തന്നെ നിന്നു..
“ഞാൻ തന്നെ ഒരിടത്തേക്കും പോകുന്നില്ല…മാഷിനെയും കൂടെ കൊണ്ടുപോകാൻ തയ്യാറായാൽ ഞാൻ പോകാം..സമ്മതമല്ലെങ്കിൽ വേറെ ആരെയെങ്കിലും അയച്ചോളൂ..ഞാൻ പോകില്ല.. ” ഉറപ്പിച്ചു പറഞ്ഞിട്ട് ടീച്ചർ ഇറങ്ങിപ്പോയി..
റൂമിലെത്തുമ്പോൾ മാഷ് ആരോടോ സംസാരിച്ചു കൊണ്ടു നിൽക്കുന്നു. “അപ്പോൾ മാഷിനെ ഞാൻ കൊണ്ടുപോകുകയാ “
“കൊണ്ടുപോകാനോ എങ്ങോട്ട്.. “
“ടീച്ചർ അല്ലേ പറഞ്ഞത് വരുന്നില്ലെന്ന്.. “
“മാഷ് ഇല്ലാതെ ഞാൻ തനിച്ച് വരുന്നില്ലെന്നാ പറഞ്ഞത്.. “
“പക്ഷെ മാഷ് പറഞ്ഞത്…പകരം ആരെയെങ്കിലും കൊണ്ടുപോകാമെന്നാണ്..”
മാഷ് ഉറക്കെ ചിരിച്ചു..
“കളിപ്പിച്ചത് മതിയെടോ…അയാള് ഹൃദയം പൊട്ടി മരിക്കും. “
തിരികെ വാഹനത്തിൽ ഇരുന്നപ്പോൾ ചിരി വരുന്നുണ്ടായിരുന്നു…ടീച്ചറിനും മാഷിനും അറിയില്ല..ഒരിക്കൽ അവരിൽ നിന്നും പറിച്ചെടുത്ത അവരുടെ സ്വന്തം വീട്ടിലേക്കാണ് പോകുന്നതെന്ന്…ഒന്നും പറഞ്ഞില്ല…നേരിട്ട് കാണുമ്പോഴുള്ള ആ ഭാവം അതാണ്കാണേണ്ടത്.
അവരുടെ സംശയങ്ങൾക്കെല്ലാം മറുപടി കൊടുത്തു..വലിയ വീട്ടിൽ തനിച്ചാണ്..കുട്ടികളെ ദത്തെടുത്തുള്ള പ്രാരാബ്ദം ചുമക്കാൻ പറ്റില്ല..ഒരച്ഛന്റെയും അമ്മയുടെയും സ്നേഹം അതാണ് താൻ ആഗ്രഹിക്കുന്നത്.
“അവിടെ ദമ്പതികളായി നിങ്ങൾ മാത്രം അല്ലേ ഉണ്ടായിരുന്നുള്ളൂ അതാണ്…പിന്നെ നിങ്ങളുടെ പ്രൊഫൈലും എനിക്കിഷ്ടമായി മാഷും ടീച്ചറും.. “
മറുപടികൾ അവരെ തൃപ്തരാക്കിയെന്ന് മുഖഭാവം കണ്ടപ്പോൾ മനസ്സിലായി.
വീടിനു മുൻപിലായി കാർ നിർത്തിയപ്പോൾ രണ്ടുപേരും അമ്പരപ്പോടെ നോക്കി..
“ഇത്…? “
“അതെ ഇതാണ് എന്റെ വീട്.. ” രണ്ടുപേരും ഡോർ തുറന്നിറങ്ങി വിശ്വസിക്കാനാ കാതെ ചുറ്റിനും നോക്കി.
“ഇതെങ്ങനെയാണ് സാറിന്റെ വീടാകുന്നത്..അവരുടെ വീട്…” രൂക്ഷമായി നോക്കിക്കൊണ്ട് കാർ മുറുമുറുത്തു.
“അപ്പോൾ ഞാൻ മുടക്കിയ കാശ്..? “
“നമ്മൾ ആഗ്രഹിക്കുന്നതല്ല..നമ്മളെ ആഗ്രഹിക്കുന്നതാണ് നാം നേടേണ്ടത്..കാശുകൊടുത്താൽ എന്താണ് വാങ്ങിക്കാൻ കിട്ടാത്തത്..” നിർത്താൻ ഭാവമില്ല പൊട്ടക്കാറിന്..
“നിന്നെ വിറ്റ് വേറെ കാർ ഞാൻ വാങ്ങും..നോക്കിക്കോ..”
തർക്കിക്കാൻ നേരമില്ല…ഡോർ വലിച്ചടച്ചു..
ആ..പിന്നിലൊരു കരച്ചിൽ…
“പണ്ടാരമടങ്ങാൻ പതുക്കെ അടച്ചൂടെ ഭായ്..”
മുന്നിൽ കയറിപ്പോയവർ…ടീച്ചർ തൂണിൽ ചുറ്റിപ്പിടിച്ചു നിന്നു തേങ്ങുന്നു..മാഷ് തന്റെ കസേരയിൽ വിശാലമായി ഇരിക്കുന്നു..മുഖത്തു ചിരിയും സമാധാനവും കണ്ണിൽ നിന്നും സന്തോഷക്കണ്ണീരും.
പൂമുഖത്തു കയറി ചുറ്റിനും നോക്കി…
“ആർക്കും ഒന്ന് പറയാനില്ലേ… “
കരയുന്ന ടീച്ചറിനെ പൊതിഞ്ഞു പിടിച്ചു നിന്ന ചിത്രത്തൂൺ കൈകൾ കൂപ്പി നന്ദി പറഞ്ഞു. ചാരുകസേര മൃദുവായി മന്ദഹസിച്ചു. തറയിൽ നിന്നും രണ്ടു കൈകൾ നീണ്ടുവന്നു പാദത്തിൽ തൊട്ടു.
ആൾക്കൂട്ടത്തിൽ നഷ്ടപ്പെട്ട കുഞ്ഞിനെ തിരിച്ചു കിട്ടിയതുപോലെ മാഷും ടീച്ചറും ഓരോ മുറിയും കയറിയിറങ്ങുന്നു. ദീർഘദൂരം വണ്ടിയോടിച്ചതു കൊണ്ടായിരിക്കും നല്ല ക്ഷീണം..ചാരുകസേരയിൽ വിശാലമായി ഇരുന്നു. ‘നന്ദി സുഹൃത്തേ’ ചെവിയിലൊരു മൃദുശബ്ദം മുഴങ്ങി.
ഹൃദയം കൊണ്ട് ചേർത്തുപിടിച്ചാൽ അലിഞ്ഞുതീരുന്ന പരിഭവങ്ങളാണ് ഏറെയും. പക്ഷെ ആർക്കും ആരെയും കേൾക്കാനും കാണാനും സമയമില്ലാതാകുമ്പോൾ ബന്ധങ്ങൾ പാതിയിൽ അവസാനിക്കുന്നു. ഓരോരുത്തരും കാത് കൂർപ്പിച്ചു കേൾക്കണം..മനസ്സിലാക്കണം സന്തോഷത്തിലേക്ക് നയിക്കുന്ന ചില ഹൃദയമർമ്മരങ്ങൾ.
*******************
✍️നീരജ