സാരംഗിയുടെ പ്രതികാരം…
Story written by Sai Bro
============
ഏട്ടാ, തല നന്നായി തുവർത്തിയില്ലാലെ ?ദേ തലയിലും പുറത്തും നിറയെ വെള്ളം..തലേല് വെള്ളം ഇറങ്ങിയാൽ തലനീര് വരൂട്ടോ….”
കുളിയുംകഴിഞ്ഞു ബാത്റൂമിൽനിന്നും ഇറങ്ങിയപ്പോൾ കയ്യിലൊരു ടർക്കിയുമായി സാരംഗി പിറകിൽ വന്നുകൊണ്ട് പറഞ്ഞു..
പെരുവിരൽ കുത്തിനിന്ന് ഒന്ന് മുന്നോട്ടാഞ്ഞു കയ്യിലുള്ള ടർക്കിതുണികൊണ്ട് സാരംഗി എന്റെ തലതുവർത്താനാഞ്ഞതോടെ നീരസത്തോടെ ഞാനാ കൈ തട്ടിമാറ്റി..
അതൊന്നും സാരല്യ, പത്തിരുപത്തെട്ടു വർഷമായി കുളികഴിയുമ്പോൾ എന്റെ തല ഞാൻ തന്നെയാണ് തുവർത്തുന്നത്..അന്നൊന്നും വരാത്ത അസുഖം നിന്നെ കെട്ടിയതിനു ശേഷം ഇപ്പോൾ വരുവണേൽ ഞാനതങ്ങു സഹിച്ചു..
അതുംപറഞ്ഞു സാരംഗിയുടെ മുഖത്തുനോക്കാതെ ഞാൻ ഊണ്മേശയുടെ അരികിലേക്ക് നടന്നു..
മേശപുറത്തു ആവിപറക്കുന്ന ഇഡ്ഡ്ലിയും സാമ്പാറും തേങ്ങാചമ്മന്തിയും ഇരിക്കുന്നത് കണ്ടപ്പോൾ നാവിൽ വെള്ളമൂറി..
രണ്ട് ഇഡ്ഡ്ലി പ്ലേറ്റിലേക്ക് എടുത്തു വച്ചപ്പോഴേക്കും സാരംഗി എവിടെനിന്നോ ഓടിക്കിതച്ചെത്തി..
“സോറി ഏട്ടാ, ഏട്ടന്റെ ഷർട്ട് അയേൺ ചെയ്യുകയായിരുന്നു ഞാൻ, അതോണ്ടാ ഭക്ഷണം എടുത്തുതരാൻ വൈകിയത്..”
സാമ്പാറും ചട്ണിയും പ്ലേറ്റിലേക്ക് വിളമ്പുമ്പോൾ സാരംഗി സ്വരം താഴ്ത്തി പറഞ്ഞു..
സാമ്പാറിൽ മുക്കിയെടുത്ത ഇഡ്ഡ്ലി ആസ്വദിച്ചു കഴിക്കുമ്പോഴാണ് അതും ശ്രദ്ധിച്ചു സാരംഗി വാതിൽപ്പടിയിൽ നിൽക്കുന്നത് കണ്ടത്..അതുകണ്ടപ്പോൾ എനിക്കെന്തോ പേരറിയാത്ത അസ്വസ്ഥത മനസ്സിൽ ഉരുണ്ടുകൂടി..
രണ്ട് ഇഡ്‌ഡലി കൂടി കഴിക്കണം എന്നുണ്ടായിരുന്നെങ്കിലും പ്ലേറ്റ് നീക്കിവെച്ചു പെട്ടെന്ന് തന്നെ എണീറ്റു കൈകഴുകി..
ബെഡ്‌റൂമിൽ എത്തിയപ്പോൾ മേശപുറത്തുകണ്ടു, തേച്ചു മടക്കി വെച്ചിരിക്കുന്ന ഇളംറോസ് നിറമുള്ള ഷർട്ട്..
എനിക്കേറ്റവും ഇഷ്ടമുള്ള നിറങ്ങളിൽ ഒന്നാണ് റോസ് എന്ന് സാരംഗി വിവാഹം കഴിഞ്ഞിട്ടുള്ള ഈ ചുരുങ്ങിയ നാളുകൾക്കിടയിൽ എങ്ങിനെയോ മനസ്സിലാക്കിയിരിക്കുന്നു..
സാധാരണഗതിയിൽ ഏതൊരു ഭർത്താവിന്റെയും മനസ്സ് നിറയുന്ന സന്ദർഭമായിരുന്നു അത്..
പക്ഷെ എനിക്കെന്തോ നിർവികാരത മാത്രമായിരുന്നു അപ്പോൾ..
ഷർട്ട് ധരിച്ചു കണ്ണാടിക്ക് മുൻപിൽനിന്നു മുടി ചീകിയൊതുക്കുമ്പോൾ കയ്യിലൊരു ഇലക്കീറിൽ ചന്ദനവുമായി സാരംഗി പിറകിലെത്തി.
അവൾ വെച്ചുനീട്ടിയ ചന്ദനത്തെ മനപ്പൂർവം അവഗണിച്ചു ബുള്ളറ്റിന്റെ ചാവിയുമെടുത്തത് പുറത്തിറങ്ങുമ്പോൾ പിറകിൽനിന്നും അടക്കിപിടിച്ചൊരു തേങ്ങൽ ഉയർന്നപോലെ തോന്നി..
ബുള്ളറ്റിൽ ഓഫീസിലേക്കുള്ള യാത്രക്കിടയിൽ മനസ്സാകെ അസ്വസ്ഥമായിരുന്നു..
ചിന്തകൾ പതിയെ പിറകോട്ടു സഞ്ചരിച്ചുതുടങ്ങി..
കോളേജ് പഠനകാലത്തു സഹപാഠിയോട് തോന്നിയ ഒരടുപ്പം.. ആ അടുപ്പം വേര്പിരിയാനാവാത്ത ബന്ധമായി വളർന്നത് വളരെപെട്ടെന്നായിരുന്നു..
തമ്മിൽ പരസ്പരം മത്സരിച്ചു പ്രണയിച്ച ആ നാളുകൾ..പ്രണയം മഴപോലെ പെയ്തിറങ്ങുകയായിരുന്നു ഞങ്ങൾക്കിടയിൽ..
പക്ഷെ ആരുടെ തെറ്റുകൊണ്ടാണെന്നറിയില്ല ആ ബന്ധത്തിൽ പെട്ടെന്ന് വിള്ളൽവീണു..
ഞാനാണ് തെറ്റുകാരൻ, എനിക്കൊരു അവസരംകൂടി തരൂ എന്നുപറഞ്ഞു കുറെനാൾ അവൾക്കു പിറകിൽ നടന്നു ഞാൻ..
അവൾ കണ്ടഭാവം നടിച്ചില്ല..
അങ്ങിനെ എന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ പ്രണയം അവിടെ അവസാനിച്ചു..
പിന്നീട് പഠനത്തിനിടയിലും മറ്റും പല പെൺകുട്ടികളും തന്നോട് അടുക്കാൻ ശ്രമിച്ചെങ്കിലും അവരെയൊന്നും മനസിലേക്ക് കയറ്റാതെ സ്ത്രീ വിധ്വേഷിയായ ഒറ്റയാനായി അങ്ങിനെ ജീവിച്ചുപോന്നു..
അങ്ങനിരിക്കെ പ്രത്യേക സാഹചര്യത്തിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി സാരംഗിയെ വിവാഹം ചെയ്യേണ്ടിവന്നു..
പക്ഷെ ഒരിക്കലും അവളെ ഒരു ഭാര്യയെന്ന നിലയിൽ അംഗീകരിക്കാനോ, സ്നേഹപൂർവ്വം അവളോട് സംസാരിക്കാനോ ശ്രമിച്ചിട്ടില്ല..
പക്ഷെ ഞാനെത്രയൊക്കെ ഒഴിഞ്ഞുമാറിയിട്ടും സാരംഗി എന്നെ കൂടുതൽ കൂടുതൽ സ്നേഹിച്ചുകൊണ്ടേയിരുന്നു..
എന്റെ ഇഷ്ടങ്ങളും അഭിരുചികളും മുൻകൂട്ടി കണ്ടറിഞ്ഞുള്ള സാരംഗിയുടെ പ്രവർത്തങ്ങൾ എന്നെ അത്ഭുതപെടുത്താറുണ്ടായിരുന്നു..
അന്ന് വൈകീട്ട് ജോലികഴിഞ്ഞു വീട്ടിലെത്തി ബുള്ളെറ്റ് സ്റ്റാൻഡിൽ ഒതുക്കുമ്പോൾ ഞാനൊരു കാഴ്ചകണ്ടു..
വീടിനുമുൻപിലെ പൂന്തോട്ടത്തിൽ അതുവരെ കാണാത്ത ഒരു കുഞ്ഞു ചെടി.. !
ആ ചെടിയുടെ ഇലകൾക്കിടയിൽ ഒരു വൈലറ്റ് പൂവ് വിരിഞ്ഞു നിൽക്കുന്നു..
അതിനെക്കുറിച്ച് അമ്മയോട് ചോദിച്ചപ്പോൾ രാവിലെ സാരംഗി എവിടെനിന്നോ കൊണ്ടുവന്നു നട്ടതാണത്രേ ആ പൂചെടി…
എന്തൊക്കെയോ ചിന്തിച്ചു ബെഡ്റൂമിലേക്ക് കയറിയപ്പോൾ സാരംഗി കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.,ഏതോ ഫോട്ടോയും കയ്യിൽ പിടിച്ചുകൊണ്ട്…
എന്നെക്കണ്ടതും കയ്യിലുള്ള ഫോട്ടോ സാരിയുടെ ഇടയിലേക്ക് മറച്ചുവെക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു സാരംഗി..
അപ്പോഴാണ് ഞാനവളുടെ മുഖം ശ്രദ്ധിച്ചത്..കരഞ്ഞു കലങ്ങിയിരിക്കുന്ന കണ്ണുകൾ, മുഖമാകെ ചുവന്നു വലിഞ്ഞു മുറുകിയിരിക്കുന്നു..
വിവാഹം കഴിഞ്ഞു ഒരുമാസം ആയിട്ടും ഇതുപോലൊരു ഭാവം ഇതുവരെ സാരംഗിയുടെ മുഖത്തു കണ്ടിട്ടില്ല..
കാവിമുണ്ടുടുത്തു ഉമ്മറത്തെ ചാരുകസേരയിൽ മലർന്നുകിടക്കുമ്പോൾ ഒരായിരം സംശയങ്ങളായിരുന്നു മനസ്സ് നിറയെ..
ആരുടേതായിരിക്കും ആ ഫോട്ടോ..എന്തിനായിരിക്കും അവളത് എന്നിൽനിന്നും മറച്ചുപിടിച്ചത്.. ?
ഒരുപക്ഷെ അവളുടെ ഏതെങ്കിലും പൂർവ്വകാമുകന്റെ ആയിരിക്കുമോ ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കൊടുവിൽ രണ്ടിലൊന്ന് തീരുമാനിച്ചുകൊണ്ട് പണ്ടെപ്പോഴോ വാങ്ങി കട്ടിലിനടിയിൽ സൂക്ഷിച്ച മ ദ്യക്കുപ്പി സാരംഗി കാണാതെ തപ്പിയെടുത്തു..
വെള്ളം ചേർക്കാതെ രണ്ട് കവിൾ സേവിച്ചുകഴിഞ്ഞപ്പോൾ തലക്കകത്തെ ഞെരമ്പുകൾ വലിഞ്ഞു മുറുകുന്നത് പോലൊരു തോന്നൽ..
ഫോട്ടോയെപ്പറ്റി അവളോട് ചോദിച്ചിട്ടുതന്നെ കാര്യം..
മുണ്ടും മാടികുത്തി, കൈകൾ കൂട്ടിത്തിരുമ്മി റൂമിനുള്ളിൽ വട്ടം ചുറ്റുമ്പോൾ പെട്ടെന്ന് സാരംഗി അകത്തേക്ക് കയറിവന്നു..
മ ദ്യം നൽകിയ ആവേശത്തിൽ ഞാനവളുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു ചോദിച്ചു..
ഏതവന്ടെയാടി ആ ഫോട്ടോ. ?
ഭർത്താവില്ലാത്ത തക്കത്തിൽ കാമുകന്റെ പടം നോക്കി കണ്ണീരൊഴുന്ന ഭാര്യ..കൊള്ളാം..
ഞാനൊന്നു പരിഹസിച്ചു ചിരിച്ചു..
ഒരു നിമിഷം സാരംഗി എന്റെ മുഖത്തേക്കൊന്നു തറപ്പിച്ചുനോക്കി..ഇതുവരെ കാണാത്ത ഭാവമായിരുന്നു അവൾക്കപ്പോൾ..
ആ നോട്ടത്തിന് മുൻപിൽ ഞാൻ പകച്ചുനിന്നപ്പോൾ അലമാരതുറന്ന് അവളാ ഫോട്ടോയെടുത്തു എനിക്ക് നേരെ നീട്ടി..
“ഇതാണ് നിങ്ങൾ പറഞ്ഞ എന്റെ ജാരൻ”
ഞാനാ ഫോട്ടോയിലേക്ക് ആകാംക്ഷയോടെ നോക്കി..
പുഞ്ചിരിതൂകി നിൽക്കുന്ന ഒരു ഒരു പെൺകുട്ടിയുടെ മുഖം..
എവിടെയോ കണ്ടുമറന്ന ആ മുഖം ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു..
‘സാഗര’…
കോളേജ് പഠനത്തിലെ അവസാന കാലഘട്ടത്തിൽ തന്റെ പിറകെ നടന്നിരുന്ന കിലുക്കാംപെട്ടി പെൺകുട്ടി..
സാഗരയുടെ ഫോട്ടോ എങ്ങിനെ ഇവളുടെ കയ്യിൽ.. ?
സാഗരയെ മറന്നോ നിങ്ങൾ.. ?
കോളേജ് ക്യാമ്പസ്സിൽ നിങ്ങളുടെ പിറകെ കൊഞ്ചിനടന്ന സാഗരയെ അത്രപെട്ടെന്ന് മറക്കാൻ കഴിയുമോ നിങ്ങൾക്ക്.. ?
പെണ്ണെന്ന വർഗ്ഗം ആണിനെ ചതിക്കാനായി മാത്രം പിറന്നവളാണെന്ന മൂഢവിശ്വാസം തലയിലേറ്റി നടന്ന നിങ്ങൾക്ക് സാഗരയുടെ ആത്മാർത്ഥ പ്രണയത്തെ മനസിലാക്കുവാൻ കഴിഞ്ഞില്ല..
എങ്കിലും ഉപാധികളില്ലാതെ അവൾ നിങ്ങളെ പ്രണയിച്ചു, ക്യാമ്പസിന്റെ ഇടനാഴികളിൽ നിശബ്ദമായി നിങ്ങളുടെ കാൽപാടുകളെ പിന്തുടർന്നു..
ഒടുവിൽ കോളേജ് ജീവിതത്തിലെ അവസാന ദിനത്തിൽ ഒരു വൈലറ്റ് പൂവ് നിങ്ങൾക്ക് നൽകികൊണ്ട് തന്റെ ഇഷ്ടം തുറന്നുപറഞ്ഞ സാഗരയെ നിങ്ങളും കൂട്ടുകാരും പരിഹസിച്ചു..
കാണാൻ കൊള്ളാവുന്ന ആൺകുട്ടികളുടെ പിറകെ നടക്കുന്നവൾ വേ.ശ്യക്ക് തുല്യമാണെന്ന് വരെ പറഞ്ഞില്ലേ നിങ്ങൾ.. ?
അതുകേട്ട് നിറമിഴികളോടെ കോളേജിന്റെ പടിയിറങ്ങിയ സാഗരയെകുറിച്ച് പിന്നീട് നിങ്ങളെപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ..?
സാരംഗി കിതച്ചുകൊണ്ട് പറഞ്ഞു നിർത്തി..
അവളുടെ പൊള്ളുന്ന വാക്കുകൾ കേട്ട് കൈകാലുകൾ കുഴഞ്ഞു ഞാൻ കട്ടിലിനോരത്തു കുത്തിയിരുന്നു…
നിങ്ങളുടെ പരിഹാസമേറ്റ് ഹൃദയം തകർന്നു കോളേജിൽനിന്നും വീട്ടിലെത്തിയ സാഗര അന്ന് രാത്രി റൂമിലെ ഫാനിൽ ഷാൾ കൊരുത്തു ആ ത്മ ഹത്യ ചെയ്തു..
അനുവാദമില്ലാതെ നിങ്ങളെ പ്രണയിച്ച കുറ്റത്തിന് പരിഹാരമായി അവൾ സ്വന്തം ജീവൻ ബലിനൽകി..
നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവളുടെ ഡയറിയിൽ നിന്നും അതിന്ശേഷമാണ് ഞാനറിയുന്നത്..
സാരംഗി…നീ…നീയിപ്പോൾ സാഗരയുടെ… ?
ഞാൻ വിക്കി വിക്കി ചോദിച്ചു..
അതെ, സാഗരയുടെ ഒരേയൊരു സഹോദരിയാണ് ഞാൻ..എന്റെ അനുജത്തിയുടെ മരണശേഷം ഞാൻ നിങ്ങളുടെ പിറകിൽതന്നെയുണ്ടായിരുന്നു…
നമ്മുടെ വിവാഹം പോലും ഞാൻ ആസൂത്രണം ചെയ്തതായിരുന്നു..സ്ത്രീ വിധ്വേഷിയായ മകന് നിങ്ങളുടെ അമ്മ പെണ്ണാലോചിച്ചു തുടങ്ങിയപ്പോൾ തന്നെ എന്റെ ജാതകകുറിപ്പുമായി ഞാനയച്ച വിവാഹദല്ലാൾ നിങ്ങളുടെ അമ്മയുടെ മുന്നിലെത്തി..
ഞാൻ പറഞ്ഞിട്ടാണ് സാഗരയുടെ കാര്യം എന്റെ മാതാപിതാക്കൾ നിങ്ങളിൽനിന്നും മറച്ചുപിടിച്ചത്..അവർക്കിപ്പോഴും അറിയില്ല സ്വന്തം മകളുടെ മരണത്തിന് ഉത്തരവാദി നിങ്ങളാണെന്ന്..
പക്ഷെ എനിക്ക് നിങ്ങളെ വേണമായിരുന്നു…നിങ്ങളുടെ ഭാര്യയായി ഈ കുടുംബത്തിലേക്ക് വരേണ്ടത് എന്റെ ആവശ്യമായിരുന്നു..
സാരംഗി, എന്നോട് പ്രതികാരം ചെയ്യാനാണോ നീയെന്റെ ഭാര്യയായി ഇവിടേക്ക് വലതുകാലെടുത്തു വെച്ചത്…?
എന്റെ പതറിയ ചോദ്യത്തിന് മറുപടിയായി അവളൊന്നു ചിരിച്ചു..
അന്ന് നിങ്ങളെന്റെ കഴുത്തിൽ താലിചാർത്തിയപ്പോൾ മുതൽ ഞാനെന്റെ പ്രതികാരം തുടങ്ങി കഴിഞ്ഞു..
ഞാൻ നിങ്ങളെ സ്നേഹിക്കും, മറ്റാരും സ്നേഹിക്കാത്ത വിധത്തിൽ.. എന്റെ ഭ്രാ ന്തമായ സ്നേഹത്തിൽനിന്നും.ഒഴിഞ്ഞുമാറാനാകാത്ത വിധം ഞാൻ നിങ്ങളെ പ്രണയിക്കും..
ഒടുവിൽ സ്ത്രീ വിധ്വേഷിയായ നിങ്ങൾ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങും..എന്റെ സഹോദരിക്ക് നിങ്ങൾ നിഷേധിച്ച സ്നേഹത്തിന്റെ പതിന്മടങ്ങു സ്നേഹം ഞാൻ നിങ്ങളിൽ നിന്നും നേടിയെടുക്കും…ഒടുവിൽ നിങ്ങളുടെ മക്കളെ ഞാൻ പ്രസവിക്കും, അവരെ പോറ്റി വളർത്തും..
“ഇതാണ് നിങ്ങളോടുള്ള എന്റെ പ്രതികാരം “
അന്ന് രാത്രി പിന്നീട് ഞങ്ങൾ പരസ്പരം സംസാരിച്ചില്ല..രാത്രിയിൽ അമ്മക്കൊപ്പം ഇരുന്ന് സാരംഗി വിളമ്പിതന്ന ചോറും സാമ്പാറും രണ്ടുവറ്റു കഴിച്ചെന്നു വരുത്തി ഞാൻ എണീറ്റു..
പിറ്റേന്ന് രാവിലെ ഓഫീസിൽ പോകാൻ തയ്യാറാകുമ്പോൾ പതിവില്ലാതെ ഞാൻ സാരംഗിയോട് ചോദിച്ചു
ചന്ദനം അരച്ചത് ഇരിപ്പുണ്ടോ അല്പം, നെറ്റിയിൽ തൊടാൻ… ?
ചന്ദനത്തിൽ പുരണ്ട സാരംഗിയുടെ വിരലുകൾ നെറ്റിയിൽ പതിഞ്ഞപ്പോൾ ഒരു നേരിയ തണുപ്പ് തലച്ചോറിലേക്ക് അരിച്ചിറങ്ങുന്നത് പോലെ തോന്നി…
അന്ന് മുതൽ ഞാൻ മറ്റൊരു മനുഷ്യനാവുകയായിരുന്നു
സാരംഗിയുടെ പ്രതികാരം അവൾ ഉദ്ദേശിച്ചപോലെ ഫലം കണ്ടു…
ഞാനവളെ ആത്മാർത്ഥമായി സ്നേഹിച്ചു തുടങ്ങി…
അതില്കൂടുതൽ അവളെന്നെ സ്നേഹിച്ചു..
കാലങ്ങൾ കടന്നുപോകവേ സാരംഗി എന്റെ കുഞ്ഞിനെ ഗർഭംധരിച്ചു..
പത്തുമാസം കഴിഞ്ഞു ഞങ്ങൾക്കൊരു മാലാഖകുട്ടി ജനിച്ചപ്പോൾ ഞാനവളെ “സാഗര” എന്ന പേരിട്ടു വിളിച്ചു…
സാരംഗിയുടെ സഹോദരിയോട് ചെയ്ത തെറ്റിന് അങ്ങിനെയാണ് ഞാൻ പ്രായശ്ചിത്തം ചെയ്തത്…
~saibro