Story written by Reshja Akhilesh
==============
“ഇള്ളക്കുട്ടിയാന്നാ വിചാരം…നിനക്ക് എന്തിനും ഏതിനും ഞാൻ വേണോ…ഒറ്റയ്ക്ക് ഒന്നിനും വയ്യേ…സഹിക്കുന്നതിനു ഒരു പരിധിയുണ്ട്…എപ്പഴും ഏട്ടാ ഏട്ടാ എന്ന് വിളിച്ചിട്ട്…ശ്ശേ…”
ശരത് പറഞ്ഞത് അൽപ്പം ഉച്ചത്തിലായിരുന്നു. അടുക്കളയിൽ നിന്നിരുന്ന ശരത്തിന്റെ അമ്മയും അനിയത്തിയും ശരത്തിന്റെ ശബ്ദം കേട്ട് എത്തി നോക്കി.
ശ്രീഷ്മയുടെ കണ്ണുകളിൽ തുളുമ്പാൻ വെമ്പൽ പൂണ്ട് കണ്ണുനീർ നിറഞ്ഞു.
“ഒന്ന് പതുക്കെ പറയ് ശരത്തേട്ടാ…അമ്മയും നീതയും ശ്രദ്ധിക്കുന്നുണ്ട്. അല്ലെങ്കിൽ തന്നെ എന്നെ ഷോപ്പിംഗിന് കൊണ്ടു പോകാൻ പറഞ്ഞതിനാനോ ഇത്രയും ദേഷ്യപ്പെടുന്നത്.”
“അത് തന്നെയാണ്…നിനക്കു നിന്റെ കാര്യം ഒറ്റയ്ക്കു നോക്കാൻ അറിയില്ലേ…എപ്പോഴും പുറകെ ഉണ്ടാവും…നിനക്കു പുറത്തു പോകണം എങ്കിൽ ഞാനും വേണം…നിന്റെ ഡ്രസ്സ് സെലക്ട് ചെയ്യാൻ ഞാൻ വേണം…ഒരുമിച്ചിരുന്ന് തന്നെ ഫുഡ് കഴിക്കണം…നീ നിന്റെ വീട്ടിൽ പോലും എന്നെ കൂടാതെ പോകില്ല…കൊച്ചു കുട്ടികളെ പോലെ…”
“ഇതെല്ലാം ഞാൻ ആയിട്ട് ഉണ്ടാക്കിയതാണോ…നമ്മുടെ വിവാഹം ഉറപ്പിച്ചത് മുതൽ ശരത്തേട്ടൻ തന്നെയല്ലേ ഇങ്ങനെയെല്ലാം എന്നെ ശീലിപ്പിച്ചത്…എന്നിട്ടിപ്പോ…”
“അത് അന്നല്ലേ…കല്ല്യാണം കഴിഞ്ഞിട്ടിപ്പോ അഞ്ചു വർഷം ആയില്ലേ…അതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും നിനക്കില്ലേ…”
തന്നെയും ശരത്തേട്ടനെയും ഉറ്റു നോക്കി കൊണ്ടിരിക്കുന്ന രണ്ടു ജോഡി കണ്ണുകളെ നേരിടാൻ ശ്രീഷ്മയ്ക്ക് ജാള്യത തോന്നി. അമ്മയും നീതയും ശ്രദ്ധിക്കുന്നത് അറിഞ്ഞപ്പോൾ ശരത്തിന്റെ ശബ്ദം താഴ്ന്നു എങ്കിലും അവർക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായിട്ടുണ്ടെന്ന് ശ്രീഷ്മയ്ക്ക് ബോധ്യമായി.
“ഞാൻ ഇത്രയും ശല്ല്യം ആണെന്ന് അറിഞ്ഞിരുന്നില്ല ശരത്തേട്ട…ക്ഷമിയ്ക്ക്…”
ശ്രീഷ്മയോട് അത്രയും പറയേണ്ടിയിരുന്നില്ല എന്ന് അയാൾക്ക് തോന്നി.
******************
രാത്രിയിൽ മട്ടുപ്പാവിൽ ഒറ്റയ്ക്ക് നിൽക്കുന്ന ശ്രീഷ്മയെ കണ്ടപ്പോൾ ശരത്തിനു വിഷമമായി.
“ശ്രീ…പിണക്കമാണോ എന്നോട്…ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ…സോറി…”
“ഏയ്യ് എനിക്ക് പിണക്കമൊന്നും ഇല്ലാ…ഞാനും മനസ്സിലാക്കേണ്ടതായിരുന്നു…എന്നെപ്പോലെയുള്ള ചില പെൺകുട്ടികൾക്ക് ഒരു കുഴപ്പം ഉണ്ട്…അത്രയേറെ സ്‌നേഹത്തോടെ ആരെങ്കിലും ജീവിതത്തിലേക്ക് കടന്നു വന്നാൽ പിന്നെ അവൾക്കു അവൻ ആയിരിക്കും ലോകം…ചില വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകൾ കണ്ടിട്ടില്ലേ…നിന്നേ കണ്ടുമുട്ടിയത് മുതൽ നീ മാത്രമാണ് എന്റെ എന്റെ ലോകം എന്നൊക്ക…എന്തൊരു വിഡ്ഢിത്തരമാണല്ലേ…ഞാനും അങ്ങനെ ആയിരുന്നു എന്ന് ശരത്തേട്ടൻ ഇന്ന് പറഞ്ഞ മൂർച്ചയുള്ള വാക്കുകൾ കേട്ടപ്പോഴാണ് മനസ്സിലായത്…സ്നേഹം പോലും ശല്ല്യം ആയി മാറുമെന്ന് ഞാൻ ചിന്തിച്ചില്ല…ഏട്ടനും ഒരു മനുഷ്യനല്ലേ…കുറച്ചു സ്വാതന്ത്ര്യം വേണ്ടേ…ഞാൻ കുറച്ചു ദിവസം വീട്ടിൽ പോയി നിക്കാൻ തീരുമാനിച്ചു…ഒറ്റയ്ക്ക്…പിണങ്ങി പോകുവാണെന്ന് തെറ്റിധരിക്കണ്ടാട്ടോ…”
പുഞ്ചിരിയോടെ ശ്രീഷ്മ അത് പറഞ്ഞപ്പോൾ ശരത്തിനു എന്ത് കൊണ്ടോ സന്തോഷം വന്നു.
***********************
ശ്രീഷ്മ വീട്ടിലേയ്ക്ക് പോയതിന് ശേഷം അവൾ തന്നെയൊന്ന് വിളിച്ചില്ലലോ എന്ന് ശരത് അത്ഭുതപ്പെട്ടു. കല്ല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷം ആയെങ്കിലും താൻ ഇല്ലാതെ ഒരിക്കൽ പോലും അവൾ വീട്ടിൽ പോയി നിന്നിട്ടില്ല. വീട്ടുകാരെ കിട്ടിയപ്പോൾ തന്നെ മറന്നു പോയോ എന്നാലോചിച്ചു അവന് അല്പം അസൂയ തോന്നാത്തിരുന്നില്ല.
“ഹെല്ലോ…ഭാര്യേ…എന്താണ് പോയിട്ട് രണ്ടു ദിവസം ആയല്ലോ…ഒരു വിളി പോലും ഇല്ലാ…ശരിക്കും പിണങ്ങിപ്പോയതാണോ…അതോ ഈ കെട്ട്യോനെ മറന്നു പോയോ…”
“അയ്യോ സോറി ശരത്തേട്ട…ഇവ്ടെ എല്ലാരും വന്നിട്ടുണ്ട്…അമ്മായി, മാമൻ അവരുടെ മക്കൾ, അങ്ങനെ എല്ലാവരും…കുറേ കാലായില്ലെ അവർ നാട്ടിൽ വന്നിട്ട്…വിശേഷം പറച്ചിൽ, പാചക പരീക്ഷണങ്ങൾ അങ്ങനെ കുറേ പരിപാടികൾ…ഉറങ്ങാൻ പോലും സമയം തികയുന്നില്ല…ഞങ്ങളെല്ലാം ഒരേ പ്രായം അല്ലേ…ശരത്തേട്ടൻ ഓർക്കുന്നില്ലേ നമ്മുടെ കല്ല്യാണത്തിന് വന്നിരുന്നു. ഗായു ചേച്ചി, രാധു ചേച്ചി…ഞങ്ങള് മൂന്നും വല്ല്യേ കൂട്ടായിരുന്നുലോ…”
“ഹാ…അറിയാം…ഞാൻ വൈകിട്ടു സമയം പോലെ അങ്ങോട്ട് ഇറങ്ങാം.”
“ഏയ് അതൊന്നും വേണ്ട…ഞങ്ങള് വൈകിട്ടു ഒരു പരിപാടി പ്ലാൻ ചെയ്തിരിക്കുവാ…വീട്ടിൽ ഉണ്ടാകില്ല…പിന്നെയെന്താ വിശേഷം…ഭക്ഷണം കഴിച്ചില്ലേ…ഞാൻ വെയ്ക്കട്ടെ കുറച്ചു തിരക്കിലാ…ബൈ “
ധൃതിയിൽ എല്ലാം പറഞ്ഞു അവസാനിപ്പിച്ചു കോൾ കട്ട് ചെയ്തു പോയപ്പോൾ ശരത്തിനു ദേഷ്യം വന്നു.
“ഇനി അങ്ങോട്ട് വിളിക്കിയ്ക്കില്ല…അവളുടെ തിരക്കൊഴിഞ്ഞിട്ട് ഇങ്ങോട്ട് വിളിയ്ക്കട്ടെ…” ശരത്ത് ആരോടെന്നില്ലാതെ പറഞ്ഞു. ശ്രീഷ്മയെ പലപ്പോഴും അങ്ങോട്ട് അവഗണിക്കാറുണ്ടെങ്കിൽ കൂടിയും തിരിച്ച് ഇങ്ങനെ ഒരു പെരുമാറ്റം അയാൾക്ക് സഹിക്കാൻ ആയില്ല.
ദിവസം ഒന്ന് പിന്നേയും കഴിഞ്ഞു. ഭാര്യയുടെ കാൾ വരാതെ ആയപ്പോൾ അയാൾ കല്ല്യാണത്തിന് മുൻപുള്ള ശരത് ആയി മാറുകയായിരുന്നു. വാട്സ്ആപ്പ് എടുത്ത് ശ്രീഷ്മയോട് തന്റെ പരിഭവങ്ങൾ പങ്കു വെയ്ക്കാൻ തീരുമാനിച്ചു.
“നീയില്ലാതെ,നിന്റെ സ്വരം കേൾക്കാതെ വയ്യാ” എന്ന് പലതവണ മെസ്സേജ് ചെയ്തിട്ടുള്ള ചാറ്റ് ലിസ്റ്റിൽ മാറാല പിടിച്ച് കിടക്കുകയാണെന്ന് അയാൾ ഓർത്തു.
ശ്രീഷ്മയുടെ ഡിസ്പ്ലേ പിക്ചർ കണ്ടപ്പോൾ ശരത്തിനു വീണ്ടും അസൂയ…എപ്പോഴും തന്നോടൊപ്പമുള്ള ഫോട്ടോസ് മാത്രം വെയ്ക്കാറുള്ളിടത്ത് ശ്രീയും കസിൻസും ചേർന്നുള്ള ഫോട്ടോ കൂടാതെ ശ്രീയ്ക്ക് ഒറ്റ നോട്ടത്തിൽ തന്നെ എന്തൊക്കെയോ മാറ്റങ്ങൾ…തലമുടിയിൽ എന്തോ ചെയ്തിട്ടുണ്ട്…തന്നോട് അഭിപ്രായം ചോദിക്കാതെ ഒന്നും ചെയ്യാത്തവൾ ആയിരുന്നു…പല വിധ ചിന്തകൾ ഞൊടിയിടയിൽ അയാളുടെ മനസ്സിലൂടെ കടന്നു പോയി.
ഓഫീസിൽ ഹാഫ് ഡേ ലീവ് എഴുതി കൊടുത്ത് നേരെ പോയത് ഭാര്യവീട്ടിലേക്കായിരുന്നു..അവിടെ ചെന്നപ്പോൾ ശ്രീഷ്മയുടെ വീട്ടുകാരോട് സംസാരിച്ചിരിക്കുമ്പോഴാണ് കുളി കഴിഞ്ഞു വരുന്ന ശ്രീഷ്മയെ കണ്ടത്.
അപ്രതീക്ഷിതമായ തന്റെ വരവിൽ ശ്രീഷ്മ അത്ഭുതപ്പെടുന്നത് അയാൾ അറിഞ്ഞു.ഇത്രയും ദിവസം അകന്നിരുന്നതിന്റെ ഒരു സ്നേഹപ്രകടനം അയാൾ തിരിച്ചും പ്രതീക്ഷിച്ചു.
“ആഹാ ശരത്തേട്ടൻ ഇന്ന് ലീവ് ആണോ…ഞാൻ ഒട്ടും പ്രതീക്ഷിചില്ല…ഞങ്ങൾ ഒരിടം വരെ പോവാൻ നിൽക്കായിരുന്നു.ശരത്തേട്ടൻ വന്ന സ്ഥിതിയ്ക്ക് നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ചു പോകാം…അല്ലേ…”
“ആ…ഞാൻ റെഡി…”
ശരത് വിചാരിച്ചത് പോലെയുള്ള പെരുമാറ്റം അല്ലായിരുന്നു അത്. പിരിഞ്ഞിരുന്നതിന്റെ പരിഭവം ഒട്ടുമേ ഇല്ലായിരുന്നു അവളിൽ…
മുറിയിൽ നിന്നും ശ്രീഷ്മ രണ്ടു ജോഡി ഡ്രസ്സ് ഹാങ്ങറിൽ തൂക്കി കൊണ്ടു വരുന്നത് കണ്ടപ്പോൾ ശരത് ഊഹിച്ചു, എന്നത്തേയും പോലെ ഏതു ധരിക്കണം എന്ന് തിരഞ്ഞെടുക്കുവാൻ അഭിപ്രായം ചോദിക്കാൻ വരികയാണെന്ന്…തന്നോട് ചോദിച്ചു താൻ നല്ലതെന്ന് പറയുന്നത് ആണ് അവൾക്ക് സന്തോഷം.
പലപ്പോഴും ഒഴുക്കൻ മട്ടിൽ താല്പര്യം ഇല്ലാതെയാണ് അവളുടെ അത്തരം ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാറുള്ളത് എന്ന് അയാൾ ഓർത്തു. ഇത്തവണ അവൾക്ക് നന്നായി ഇണങ്ങുന്ന ആ ഇളം നീല നിറമുള്ള കുർത്ത ഇട്ടാൽ മതിയെന്ന് പറയണം എന്ന് അയാൾ ചിന്തിച്ചു.
“ഗായു ചേച്ചി…ഇതിലേതാ നല്ലത്…”
“രണ്ടും കൊള്ളാം…ആ റെഡ് മതി…അതാണ് കൂടുതൽ ഭംഗി…” ഗായു അല്പം പോലും സംശയം ഇല്ലാതെ പറഞ്ഞു.
അതു കൂടി ആയപ്പോൾ ശരത് തീർത്തും നിരാശനായി. അയാൾ മുറിയിലേക്ക് പോയി.
പുറകെ കടന്നു വന്ന ശ്രീഷ്മയോട് അയാൾക്ക് എന്തെല്ലാമോ പറയണം എന്നുണ്ടായിരുന്നു. എങ്ങനെ തുടങ്ങുമെന്ന് അറിയാതെ അസ്വസ്ഥനായി ഇരിക്കുന്ന ശരത്തിനരികിൽ ശ്രീഷ്മ വന്ന് നിന്നു.
“എന്ത് പറ്റി ശരത്തേട്ടാ…ഒരു വല്ലായ്മ…”
“അതിന്റെ കാരണം നിനക്കറിയില്ലേ…അന്ന് ഞാൻ പറഞ്ഞതിനു നീ എന്നോട് പകരം വീട്ടാൻ ആണല്ലേ ഇങ്ങോട്ട് വന്നത്…മനപ്പൂർവം എന്നെ അവഗണിച്ചു നീ പ്രതികാരം ചെയ്യുകയാണോ?..അവിടെ നിന്നു ഇങ്ങോട്ട് വന്നിട്ട് എത്ര ദിവസമായി…നീ എന്നെയൊന്ന് വിളിച്ചോ? കസിൻസ് വന്നപ്പോൾ എങ്ങോട്ടെല്ലാം പോയി നീയെന്നോട് ചോദിച്ചോ? നീ തലമുടിയിൽ എന്താ ചെയ്തു വെച്ചേക്കണെ…അത് എന്നോട് ചോദിച്ചോ…ദേ ഇപ്പൊ വന്നപ്പോൾ ഓടി വന്ന് വിശേഷം ചോദിക്കുമെന്ന് വിചാരിച്ചു അതുണ്ടായോ…എന്നും എന്നോട് അഭിപ്രായം ചോദിക്കാറുള്ള നീ, ഞാൻ അവിടെ ഉണ്ടായിട്ടും നിന്റെ കസിനോട് ചോദിക്കുന്നു…”
“എന്തൊക്കെയാണ് ശരത്തേട്ടൻ ധരിച്ചു വെച്ചിരിക്കുന്നത്…ഞാൻ നിങ്ങളെ അവഗണിച്ചിട്ടൊന്നും ഇല്ല. നിങ്ങളെ വിളിയ്ക്കുന്നത് നിങ്ങൾക്ക് ശല്ല്യം ആണെന്ന് അറിഞ്ഞപ്പോൾ അത് നിർത്തി. ഓരോ കാര്യങ്ങൾക്ക് അഭിപ്രായം ചോദിച്ചിരുന്നത് എന്റെ ഒരു സന്തോഷത്തിനായിരുന്നു..നിങ്ങൾക്ക് അതിൽ താല്പര്യം ഇല്ലായെന്ന് മനസ്സിലാക്കിയപ്പോൾ അതും നിർത്തി. അതിനെന്താ തെറ്റ്…
ഇപ്പോൾ ഞാൻ ആണോ ശരത്തേട്ടൻ ആണോ കുട്ടികളെ പോലെ പെരുമാറുന്നത്…കഷ്ട്ടം.”
“അത് പിന്നെ…ശ്രീ…എനിക്ക് അതൊന്നും ശല്ല്യം ആയിരുന്നില്ല…പക്ഷേ നിന്റെ അഭാവത്തിലാണ് അത് എനിക്ക് മനസ്സിലായത് എന്ന് മാത്രം. ഇനി അന്നത്തെ പോലെ നിന്നെ താഴ്ത്തിക്കെട്ടുന്ന സംസാരം എന്നിൽ നിന്ന് ഒരിക്കലും ഉണ്ടാകില്ല…സോറി…നീ എങ്ങനെ ആയിരുന്നോ അതു പോലെ തന്നെ ഇനിയും മതി…”
“അയ്യേ…ഈ ശരത്തേട്ടൻ…എന്റെ ഈ മാറ്റം ഒരിക്കലും മോശമല്ല…നല്ലതിനാണ്…ഒന്ന് ആലോചിച്ചു നോക്കിയേ ശരത്തേട്ടന് ഉള്ളത് പോലെ എനിക്കും എന്റെ വീട്ടുകാരും കൂട്ടുകാരും എപ്പോഴും ഉണ്ടായിരുന്നു, പക്ഷേ എപ്പഴോ എന്റെ ലോകം നിങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോയി. ഞാൻ പോലും അറിയാതെ. എനിക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉള്ളത് ഞാൻ മറന്ന പോലെ…അത് ഒരിക്കലും ശരത്തേട്ടന്റെ തെറ്റല്ല…എന്റെ കാഴ്ച്ചപ്പാടുകളുടെ ആയിരുന്നു.
ഭർത്താവായാലും കാമുകനായാലും ആ ഒരാൾ മാത്രം ആണ് ഇനിയങ്ങോട്ടുള്ള ജീവിതം, ഇനി അതു മാത്രമാണ് ലോകം എന്ന് കരുതി ജീവിക്കുമ്പോൾ ചുറ്റുമുള്ള മറ്റു സന്തോഷങ്ങളാണ് കാണാതെ പോകുന്നത്…ഞാൻ ഇത്രയും കാലം അങ്ങനെ ആയിരുന്നു. അത് മനസ്സിലാക്കി തന്നത് ശരത്തേട്ടനാണ്…തിരിച്ചറിവുകൾ നേരത്തേ ആകുന്നതാണ് നല്ലത്.
ഒരാളിൽ മാത്രം ജീവിതം ഒതുങ്ങുന്നുവെന്ന് വിശ്വസിക്കുമ്പോഴാണ് ആ ഒരാളുടെ അകൽച്ച ഉണങ്ങാത്ത മുറിവാകുന്നതും മരണത്തെ പോലും കൂട്ടു പിടിയ്ക്കാൻ തോന്നുന്നതും.
എനിക്ക് സ്‌നേഹം കുറഞ്ഞിട്ടൊന്നും ഇല്ല, പക്ഷേ ഇനിയെന്നും ഇങ്ങനെ തന്നെയായിരിക്കും എന്ന് മാത്രം. സ്നേഹം കൊണ്ടു പോലും ആരെയും മടുപ്പിയ്ക്കരുത്…അത് ചിലരുടെയെങ്കിലും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയേക്കാം. ഇത് പ്രതികാരം ആയിട്ട് കരുതേണ്ട കേട്ടോ…ഇത് എന്റെ ആത്മാഭിമാനം ആയിട്ട് കരുതിയാൽ മതി. “
നമ്മളില്ലാതെ എന്ത് സന്തോഷം എന്ന് കരുതുന്നവരെ നാം പരിഗണിക്കാതെ പോകും. അവർക്ക് നമ്മളില്ലാതെയും സന്തോഷം കണ്ടെത്താനാകുമെന്ന് അവർ അകന്നു പോകും വരെ നാം ചിന്തിക്കുകയെ ഇല്ല. ശ്രീഷ്മയുടെ വാക്കുകളിൽ നിന്നും ശരത് അത് മനസ്സിലാക്കി.
അവളെ അംഗീകരിച്ചു കൊണ്ടോ തിരിച്ചറിവിന്റെതോ ആയ ഒരു നേർത്ത പുഞ്ചിരി അയാളുടെ ചുണ്ടിൽ തുളുമ്പി.
~രേഷ്ജ അഖിലേഷ്.