“ജീവിതം…ഒരു യാത്ര”
Story written by Mini George
===============
“വരാം മോളെ, അച്ഛൻ രാവിലെ തന്നെ എത്താം. കുറച്ചു പൈസ കൂടി കിട്ടാനുണ്ട്. അത് കൂടി കിട്ടിയാൽ അച്ഛൻ എത്രേം വേഗം വരും.”
ഇതും കൂട്ടി ഇന്ന് പത്താമത്തെ തവണയാണ് മോൾ വിളിക്കുന്നത്. പാവം ആധി പിടിച്ചിരിക്കുകയാണ്.
നാളെ അവളുടെ കല്യാണത്തിൻ്റെ ആഭരണങ്ങൾ എടുക്കാൻ പോകേണ്ടതാണ്. ലോഹിസാർ തരാമെന്ന് പറഞ്ഞത് കൂടി കിട്ടിയാലേ കാര്യങ്ങൾ ഒരു വിധം ഭംഗിയായി നടക്കൂ.
രാംദാസ് ഡോറിൽ ചങ്കിടിപ്പോടെ നിന്നു. “ലോഹിസാറിനെ കാണുന്നില്ലല്ലോ, ദൈവമേ….”
“എടുത്തിട്ട് പോട, ടൈം കഴിഞ്ഞല്ലോ” ചുറ്റുമുള്ള ബസ്സുകാരു ബഹളം വക്കാൻ തുടങ്ങിയിരിയ്കുന്നു. രാംദാസിനൊപ്പം ബസിലെ മറ്റു യാത്രക്കാരും ബസ്സ്റ്റാൻഡിലെ വഴിയിലേക്ക് നോക്കാൻ തുടങ്ങി.
അതങ്ങനെയാണ്. അതിലെ ഓരോ യാത്രക്കാരും പരസ്പരം കാത്തിരിക്കുന്നവരാണ്. രാവിലെ ഒന്നിച്ചു പോരുന്നവർ. വൈകിട്ട് ഒന്നിച്ചുപോകുന്നവർ.
അതാ…സാർ വരുന്നു..പകുതി നടന്നും, പകുതി ഓടിയും. കബീർ ബസ്സ് മെല്ലെ നിരക്കിയെടുത്തു. ലോഹിസാർ കമ്പിയിൽ പിടിച്ചതും ബസ്സ് മുന്നോട്ടെടുത്തു..
“ഞാൻ കാരണം വൈകി അല്ലേ. ബാങ്കിൽ തിരക്കായിരുന്നു. എന്നാലും കിട്ടിയിട്ടുണ്ട്. നീയത് ബാഗിൽ വയ്ക്ക്.” സാറിൻറെ മുഖത്തു നിറഞ്ഞ സന്തോഷം.
“അയ്യോ, സാറിനു ഞാൻ കാരണം…… ” രാംദാസ് വിറയലോടെ പറഞ്ഞു.
“ഏയ് , നീയിത് എടുത്തു വക്ക്.”
“സാറിൻ്റെ കയ്യിൽ ഇരിക്കട്ടെ. ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ കളഞ്ഞു പോയാലോ. ഇറങ്ങുമ്പോൾ തന്നാൽ മതി.”
“റിട്ടയേഡ് മെൻറിന് ഇനി ഏഴു ദീവസമേ ഉള്ളൂ അതു വരെ ഞാൻ ലീവാണ്..ചോദിയ്കാൻ മറക്കരുത്…”
“ഇല്ല സാറെ മറക്കില്ല, രാംദാസ് പൈസ കളക്ററ് ചെയ്യാൻ തുടങ്ങി.
ലോഹിസാറാണ് ഏറ്റവും ഒടുവിൽ ഇറങ്ങുന്ന ആൾ. ബാക്കിലെ സൈഡ് സീറ്റ് പതിവായി സാറിനുള്ളതാണ്.
കാട്ടുകര..ചെരിവുമല റൂട്ടിൽ കഴിഞ്ഞ പതിനെട്ടു വർഷമായി ഓടുന്ന ബസ് ആണ് ശ്രീചിത്തിര. അത് വരെ ട്രക്കുകളാണ്, ജനങ്ങൾ ടൗണിലേക്ക് പോകാൻ ആശ്രയിച്ചിരുന്നത്.
കാട്ടുകര മുതൽ ചെരിവുമല വരെ കുടിയേറ്റ നിവാസികളാണ്. റബറും വാഴയും തെങ്ങും കപ്പയും എല്ലാം നിറഞ്ഞ് പച്ചപ്പു കൊഴുത്ത ഇടം. ഇടയ്ക്കിടക്ക് അതിരിടുന്ന അരുവികൾ, ഓടുമേഞ്ഞ വീടുകൾ.
പതിനെട്ട് വർഷത്തിനിടയിൽ ശ്രീ ചിത്തിരയിലെ ജീവനക്കാരും യാത്രക്കാരുമായി വളരെ നല്ലൊരു ആത്മബന്ധം ഉണ്ടായിട്ടുണ്ട്. പരസ്പരം അറിയുന്നവർ, മനസ്സിലാക്കുന്നവർ. എന്തിന് വീടുകളിൽ ഒരു ചടങ്ങ് നടകുമ്പോൾ പോലും പരസ്പരം വിളിക്കത്തക്ക സൗഹൃദം ഉള്ളവർ.
വൈകിട്ടത്തെ ട്രിപ്പിൽ മിക്കവാറും രാവിലെ കേറിയവർ മുഴുവനും തിരിച്ചുണ്ടായിരിക്കും..ജോലിക്കാർ, കുട്ടികൾ, കച്ചവടക്കാർ, ആശുപത്രിയിൽ പോയവർ കോടതിയിൽ, ബാങ്കിൽ എന്ന് വേണ്ട ടൗണിൽ പോയി തിരിച്ചു വരുന്നവർ മുഴുവനും.
ചെരുവുമല എത്തുന്നതിനു ഒരു കാൽ മണിക്കൂർ മുൻപ് മിക്കവാറും പേരും ഇറങ്ങിയിരിക്കും..
പിന്നെ ലോഹിസാറും, കബീറും രംദാസും മാത്രമെ കാണൂ. അന്നേരമാണ് അവരുടെ കുടുംബ കഥകൾ, പുറത്തെടുക്കുക.
ലോഹിസാറിൻ്റെ കുടുംബം തമിഴ്നാട്ടിൽ നിന്നും വന്നവരാണ്. ലോഹിസാറിന് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൽ ലെപ്രസി ഹെൽത്ത് വിസിറ്റർ ആയി ജോലി കിട്ടിയതു കൊണ്ടാണ് അവർ ഇവിടെ സ്ഥിര താമസം തുടങ്ങിയത്. ആൾക്ക് ഇനി രണ്ടാഴ്ചയെ സർവീസ് ബാക്കിയുള്ളൂ. അതിൻ്റെ ഒരു ടെൻഷൻ ഇപ്പോൾ സദാ ആളുടെ മുഖത്തുണ്ട്.
കണ്ടക്ടർ രംദാസിൻ്റെ വീട് ടൗണിൽ നിന്നും കുറെ പോകണം. രണ്ടാഴ്ചയിൽ ഒരിക്കലെ അയാൾ പോകൂ. ഡ്രൈവർ കബീർ ചെരിവു മലയിൽ ഒരു വാടക വീട്ടിൽ ആണ്. ഭാര്യയും അയാളും മാത്രമെ ഉള്ളൂ..മക്കളില്ല.
രാംദാസിൻറെ മോളുടെ കല്യാണമാണ് അടുത്ത ആഴ്ച. ഒരു സാധാരണക്കാരൻ്റെ ടെൻഷൻ മുഴുവനും അയാൾ അനുഭവിക്കുന്നുണ്ട്..ജോലിക്കിടെ അയാൾ കല്യാണം ഒന്ന് നടന്നു കിട്ടുന്നതിന് കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കും
തട്ടിമുട്ടി കാര്യങ്ങൾ അങ്ങനെ പോകുന്നു എന്നെ ഉള്ളൂ..അല്ലറ ചില്ലറ നീക്കിയിരിപ്പിൽ കുറച്ചൊക്കെ ഒത്തെന്കിലും ഇത്തിരിയെങ്കിലും ആഭരണങ്ങൾ എടുക്കണ്ടെ.വിൽക്കാൻ ഇത്തിരി സ്ഥലം പോലും ഇല്ല.
സംസാരത്തിന് ഇടയിൽ കഴിഞ്ഞ ആഴ്ചയാണ് ലോഹിസാർ കുറച്ചു പൈസ തരാമെന്ന് പറഞ്ഞത്. ആൾക്ക് രണ്ടു ആൺകുട്ടികളാണ്. പഠിക്കാൻ മിടുക്കന്മാർ. അച്ഛനെ പോലെ തന്നെയാണ് മക്കളും….സഹജീവി സ്നേഹവും അനുകമ്പയും ഉള്ളവർ. രാംദാസിനു പൈസ കടം കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ മക്കൾക്കും സന്തോഷം.
പെട്ടെന്ന് രാംദാസ് എന്താണ് പറയേണ്ടത് എന്നറിയാതെ ആയി..ആദ്യമായാണ് ഒരാൾ മനസ്സറിഞ്ഞ് സഹായിക്കാമെന്ന് പറയുന്നത്.
കബീറും അത് തന്നെ ആണ് പറയുന്നത്. എത്ര ഉണ്ടെങ്കിലും തരാൻ ഒരു മനസ്സു വേണം. അദ്ദേഹം മനുഷ്യപറ്റുള്ളവനാണ്.
സതൃത്തിൽ അതിനു ശേഷമാണ് രാംദാസ് ഒന്നു സമാധാനപ്പെട്ടത്. ദൈവം നിലയിറങ്ങുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്.
അവരിതു പറഞ്ഞു കൊണ്ടിരിക്കുമ്പോൾ രാംദാസ് കല്യാണലീവിൽ പോകുമ്പോൾ, പകരം വണ്ടിയിൽ കേറാൻ വന്ന ഷാജി ഉറക്കെ ചിരിച്ചു ,എന്നിട്ട് പറഞ്ഞു…
“അതിനിവരോക്കെ ചത്താലും ജീവിച്ചാലും പന്തീരായിരം ആടോ, സർക്കാർ ജോലിക്കാരല്ലെ, പിന്നെ സർവീസിൽ ഇരിക്കുമ്പോൾ കാഞ്ഞാൽ ജോലി മക്കൾക്കും കിട്ടും.”
“ഫ **** ” കബീർ ഇരുന്നിടത്ത് നിന്നും അയാളുടെ ഷർട്ടിനു പിടിച്ചു.
അയാൾക്ക് അത്ര ക്കു ദേഷൃം വന്നു. രാംദാസ് അത് വിടുവിച്ചു കൊണ്ട് ഷാജിയോട് പറഞ്ഞു,
സൂക്ഷിച്ചു വർത്തമാനം പറയണം, ഒരു സാധു മനുഷ്യൻ…സാറ് കേട്ടാൽ എന്തൊരു മോശമാണ്.
പറഞ്ഞതിത്തിരി കൂടിപോയെന്ന് തോന്നിയത് കൊണ്ടാവും ഷാജി പുറത്തേക്ക് നോക്കി ഇരുന്നു.
ചെരിവുമല കയറ്റം കേറിയപ്പോൾ രാംദാസ് ലോഹിസാറിനെ വിളിച്ചു..”സാറെ മതി ഉറങ്ങീത്, വീടെത്തി”
കബീർ വണ്ടി കേറ്റിനിർത്തി. ലോഹിസാറിൻ്റെ മോൻ കാത്ത് നിൽകുന്നുണ്ട്. അത് പതിവാണ്. മോൻ്റെ കൂടെയാണ് സാറ് വീട്ടിൽ പോകുക.
“സാറെ എഴുന്നേറ്റെ എന്തൊരു ഉറക്കമാ…സാറെ……”
“കബീറെ…. “
രാംദാസിൻറെ വിളികേട്ടു കബീറും ഷാജിയും സാറിൻ്റെ മോനും കൂടി ഓടി വന്നു.
അവിടെ സീറ്റിൽ ചാരി ലോഹിസാർ ഇരുന്നിരുന്നു…അനക്കമില്ലാതെ…വീടെത്തിയതറിയാതെ….
ലോഹിസാറിൻറെ വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് സീറ്റിനടിയിൽ നിന്നും കിട്ടിയ സാറിൻ്റെ ബാഗ് രാംദാസ് മോനെ ഏൽപ്പിച്ചു.
ഇനിയതിലുള്ളത് തനിക്കവകാശ പ്പെട്ടതല്ല..ഒരച്ഛൻ്റെ മോഹങ്ങൾ കുരുങ്ങികിടക്കുന്നുണ്ടതിൽ…
നല്ലവനായ സാറിൻ്റെ വിയോഗമാണോ, സ്വരുക്കൂട്ടി വച്ച സ്വപ്നങ്ങളുടെ തകർച്ചയാണോ ഏതിനാണ് മുൻതൂക്കം കൊടുക്കേണ്ടതു എന്നറിയാതെ കബീറിൻ്റെ കയ്യും പിടിച്ചു രാംദാസ് മെല്ലെ മുന്നോട്ട് നടന്നു.
“ഒന്ന് നില്ക്കാമോ?”, ആരോ പിന്നിൽ നിന്നും വിളിക്കുന്നത് കേട്ട് രണ്ടു പേരും തിരിഞ്ഞു നിന്നു..സാറിൻ്റെ മോനാണ്.
“ചേട്ടാ,.ചേട്ടൻ്റെ മോൾടെ കല്യാണ വിശേഷങ്ങൾ, ചേട്ടനിത്തിരി പൈസ തരേണ്ടത് ഒക്കെ ആയിരുന്നു അച്ഛൻ്റെ രണ്ടു ദിവസത്തെ സംസാരം. ഇന്നുച്ചക്കും അച്ഛൻ പൈസയെടുക്കുന്ന കാര്യം പറഞ്ഞു വിളിച്ചിരുന്നു. ഇതിൽ ആ കാശുണ്ട്. ഇത് ചേട്ടൻ വാങ്ങിച്ചാലെ അച്ഛൻ്റെ ആത്മാവിന് തൃപ്തിയാവൂ ഇത് വാങ്ങണം.”
അവൻ ബാഗ് തുറന്നു കാശിൻ്റെ പൊതിയെടുത് രാംദാസ്സിൻ്റെ കയ്യിൽ കൊടുത്തു.
“മോനെ…” രാംദാസ് കരഞ്ഞു പോയി.
കബീറും കയ്യെടുത്ത് അവനെ തൊഴുതു പോയി. കൊള്ളരുതായ്മകൾ നിറഞ്ഞ ലോകത്ത് ഇങ്ങനെയും മനുഷ്യരോ എന്ന് അയാൾ ഓർത്തു കാണും.
ഓടി തളർന്ന ഒരു ജീവിതം, പൂർണ്ണതയിലെത്തിയ സന്തോഷത്തോടെ സാറിൻറെ ആത്മാവും അവരോടൊപ്പം ഉണ്ടാകും.
~മിനി ജോർജ്