നേർക്കാഴ്ചകൾ….
Story written by Ammu Santhosh
==============
സൂരജിന്റ ആക്രോശം കേട്ട് സീത തറഞ്ഞു നിന്നു പോയി
“സൂരജ്,ഞാൻ പറമ്പിൽ ചീരക്ക് വെള്ളം ഒഴിക്കുകയായിരുന്നു. ഫോൺ കയ്യിൽ ഇല്ലായിരുന്നു.മുറിയിൽ വന്നു മിസ്സ്ഡ് കാൾ കണ്ടപ്പോ തന്നെ തിരിച്ചു വിളിച്ചു.”അവൾ ശാന്തമായി പറഞ്ഞു
“ഓ അവളുടെ ഒരു ഔദാര്യം! സീതേ നീ ഒരു കാര്യം മനസിലാക്കണം.ഈ സൂരജിന് വേറെ പെണ്ണ് കിട്ടാഞ്ഞിട്ടല്ല അവിടെ വന്നു കല്യാണം ആലോചിച്ചത്. നിന്നെ കണ്ട് ഇഷ്ടം തോന്നിപോയി. അതാണ്. പിന്നെ ഞാൻ നൂറു വട്ടം പറഞ്ഞിട്ടുണ്ട് എന്നെ സൂരജ് ചേട്ടാ എന്ന് വിളിക്കണം ന്ന്. എന്റെ വീട്ടിൽ ഉള്ളവർക്ക് ഇഷ്ടമല്ല നിന്റെ ഈ വിളി “
“നമ്മൾ തമ്മിൽ മൂന്ന് വർഷത്തെ വ്യത്യാസം അല്ലെ ഉള്ളു..? “അവൾ ചോദിച്ചു
“ഒരു വർഷം ആണെങ്കിൽ പോലും ഞാൻ നിന്റെ ഭർത്താവ് ആകാൻ പോകുന്ന ആളാണ്. എന്നെ ഒരു ബഹുമാനം വേണ്ടേ?”
“ഒരു ചേട്ടാ വിളിയിൽ ആണോ സൂരജ് ബഹുമാനം ഇരിക്കുന്നത്? കഷ്ടം. സൂരജ് ഈ നൂറ്റാണ്ടിൽ അല്ലെ ജീവിക്കുന്നത്?”
“ഓ ഞാൻ പഴഞ്ചൻ.. എന്നാ ഞാൻ അങ്ങ് പിന്മാറിയേക്കാം നീ കുറച്ചു കൂടി മോഡേൺ ആയ ഒരാളെ കണ്ടു പിടിക്ക് “
ഫോൺ കട്ട് ആയി
അവൾ എത്ര വിളിച്ചിട്ടും പിന്നെ അവൻ ഫോൺ എടുത്തില്ല
അവൾക്ക് നല്ല സങ്കടം വരുന്നുണ്ടായിരുന്നു
സൂരജിന്റെ കല്യാണ ആലോചന വരുമ്പോൾ അവൾ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ അവളുടെ മാതാപിതാക്കൾ ഈ ആലോചന തുടക്കത്തിൽ ഒഴിവാക്കാൻ നോക്കി. പക്ഷെ അവർ വീണ്ടും വീണ്ടും പിന്നാലെ വന്നു കൊണ്ടേയിരുന്നു. ഒരു രൂപ പോലും സ്ത്രീധനം വേണ്ട, എത്ര വേണേൽ പഠിപ്പിച്ചു കൊള്ളാം, ജോലിക്ക് വിട്ട് കൊള്ളാം എന്നൊക്കെ പറഞ്ഞു. എന്നിട്ടും അച്ഛന് മടിയായിരുന്നു. നമ്മുടെ ഇല്ലായ്മ ഒക്കെ അറിഞ്ഞു കൂടെ നിൽക്കുന്ന ഒരാൾ മതിയായിരുന്നു എന്ന് അച്ഛൻ പറയും. സീതയുടെ താഴെ രണ്ടു പെൺകുട്ടികൾ കൂടി ഉണ്ട്. ഇത്രയും നല്ല ഒരു ആലോചന ഇനി വരില്ല കേട്ടോ നന്ദ എന്ന് പെങ്ങൾ കൂടി പറഞ്ഞപ്പോൾ സീതയുടെ അച്ഛൻ നന്ദകുമാർ ഒരു വിധം സമ്മതം മൂളി. എന്നാലും ഡിഗ്രി സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടാതെ കല്യാണം നടക്കില്ല എന്ന് അയാൾ തീർത്തു പറഞ്ഞു. അങ്ങനെ ഒരു ഉറപ്പിന് മോതിരം മാറ്റം നടത്തി.
അന്ന് മുതൽ തന്റെ മാത്രമാണവൾ എന്ന മട്ടിൽ ആയിരുന്നു സൂരജ്
അവകാശം തനിക്ക് മാത്രം
നിയന്ത്രണവും കൂടി വന്നു
സീത കഴിയുന്നതും ഇതൊന്നും അച്ഛനും അമ്മയും അറിയാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു
ചില സമയം സൂരജ് പാവമാണ്. അവളോട് ഭയങ്കര സ്നേഹം ആയിരിക്കും
കോളേജിൽ കാണാൻ വരുമ്പോൾ ഫോണിൽ ഇങ്ങനെ ഒക്കെ സംസാരിക്കുന്ന ആളാണ് എന്ന് പോലും തോന്നില്ല. പിണങ്ങുന്നതിനോക്കെ ഒരു നുറു സോറി പറയും
അവൾ ക്ഷമിക്കുകയും ചെയ്യും
എന്നാലും ചിലപ്പോഴോക്കെ അവൾക്ക് വല്ലാത്ത ഒരു അസ്വസ്ഥത തോന്നും. ഒരു കൂച്ചു വിലങ്ങിട്ട പോലെ.
അമ്മയോട് സൂചിപ്പിച്ചപ്പോൾ അമ്മ പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ടാണെന്നാണ്. കല്യാണം കഴിഞ്ഞൊക്കെ മാറിക്കോള്ളുമെന്ന് . അച്ഛൻ പക്ഷെ ഇങ്ങനെ അല്ലല്ലോ എന്ന് ചോദിക്കാൻ തോന്നി അവൾക്ക്. പിന്നെ പാവം അമ്മയെ വിഷമിപ്പിക്കുന്നത് എന്തിന് എന്ന് കരുതി അവൾ.
അച്ഛന്റെ വരുമാനത്തിൽ മാത്രം ജീവിതം മുന്നോട്ട് പോകുകയാണ്. തന്റെ കല്യാണം കഴിഞ്ഞാൽ അച്ഛന് അത്രയും ആശ്വാസം കിട്ടുമല്ലോ എന്ന് അവൾ ഓർക്കും. അവർക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞെങ്കിലും എങ്ങനെയോ അച്ഛൻ കുറച്ചു സ്വർണം വാങ്ങി. ഇനിയും വേണം പണം. ഓഡിറ്റോറിയം, പന്തൽ, സദ്യ അങ്ങനെ….
ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ കല്യാണം വിളിച്ചു തുടങ്ങി
“നിന്റെ ബോയ് ഫ്രണ്ട്സ് നെ യൊന്നും വിളിക്കുന്നില്ലേ?”
കല്യാണത്തിന് മൂന്ന് ദിവസം മുന്നേ വീട്ടിൽ കാണാൻ വന്നപ്പോൾ സൂരജ് ചോദിച്ചു
“ഉവ്വല്ലോ..എന്റെ ക്ലാസ്സിൽ എല്ലാരേം വിളിച്ചല്ലോ .”
അവൾ ഉത്സാഹത്തോടെ പറഞ്ഞു
“അതല്ല നിന്റെ ലവേഴ്സിനെ…”
അവൾ ഒരു നിമിഷം നിശബ്ദയായി
“എനിക്ക് കുഴപ്പമില്ല കേട്ടോ.. ഈ പ്രായത്തിൽ അങ്ങനെ ഒക്കെ ഉണ്ടാവും. നീ സുന്ദരി അല്ലെ? എത്ര പേര് ഉണ്ടായിരുന്നു?”
അവന്റെ മുഖത്ത് വഷളൻ ചിരി
“എനിക്ക് പ്രണയം ഇല്ലായിരുന്നു “
അവൾ മെല്ലെ പറഞ്ഞു
അവൻ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.
“നീ ചുമ്മാ കോമഡി പറഞ്ഞു ചിരിപ്പിക്കല്ലേ..”
അവൾ സർവം തകർന്ന പോലെ അവനെ നോക്കി
“എന്റെ മോളെ.നിന്റെ പേര് സീത എന്നായതു കൊണ്ട് ആ സ്വഭാവം ആണെന്ന് ഞാൻ വിശ്വസിക്കുമെന്നാണോ..? ഇപ്പോഴത്തെ പെൺപിള്ളേർ ഒക്കെ എങ്ങനെ ആണെന്ന് നമുക്കറിഞ്ഞൂടെ?സാരമില്ല എനിക്ക് ഇതൊന്നും പ്രോബ്ലം ഇല്ല.. ഒകെ ഞാൻ പോവാ. ഇനി മൂന്ന് ദിവസം അല്ലെ ഉള്ളു “
അവന്റെ ബൈക്ക് അകന്ന് പോയിട്ടും അവൾ അങ്ങനെ തന്നെ നിന്നു
ഇവന്റെ കൂടെയാണോ ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കേണ്ടത്?
തന്നേ അപമാനിച്ചു കൊണ്ട്, ആക്ഷേപിച്ചു കൊണ്ട് ജീവിതം മുഴുവൻ അവൻ ഇങ്ങനെ ഇളിച്ചു നിൽക്കും തന്റെ മുന്നിൽ
പക്ഷെ ഇനി എങ്ങനെ പിന്നോട്ട് നടക്കും?
അവൾ നിറഞ്ഞ കണ്ണുകളോടെ ഗേറ്റിനരികിൽ നിന്നു തിരിഞ്ഞു മുന്നിൽ അച്ഛൻ
അച്ഛൻ എല്ലാം കേട്ടുവോ?
അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ആ നെഞ്ചിൽ വീണു
“എനിക്കി കല്യാണം വേണ്ട.. അയാൾ കൊള്ളില്ല. എനിക്ക് അയാളെ വേണ്ടച്ഛാ “
അവൾ ഇടറി പറഞ്ഞു
അച്ഛൻ അവളെ ചേർത്ത് പിടിച്ചു
“നിങ്ങൾ ഇതെന്താ പറയുന്നത്? ഈ സമയത്ത് ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ? നാട്ടുകാരോട് നമ്മൾ എന്ത് സമാധാനം പറയും? അവനും അവളും തമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവർ തീർത്തോളും. നമ്മൾ എന്തിനാ ഇടപെടുന്നത്?”
അമ്മ ചോദിക്കുന്നു
“നിർത്തടി…”അച്ഛന്റെ അലർച്ച
“ഇങ്ങനെ ചിന്തിക്കുന്നത് കൊണ്ടാ അച്ഛനും അമ്മയ്ക്കും പെണ്മക്കൾ ഇല്ലാതാവുന്നത്. പെണ്ണില്ലാത്ത നാടായി കൊണ്ടിരിക്കുവാ നമ്മുടേത്.. കാര്യം എന്താ…? ഇങ്ങനെ ഉള്ളവന്മാരുടെമുന്നിലോട്ട് കൊച്ചുങ്ങളെ കൊടുത്തേച്ച് മാറി നിൽക്കുവാ എല്ലാരും.ചവിട്ടി തേച്ചു കഴിഞ്ഞു ഒന്നുകിൽ അവന്മാർ കൊല്ലും അല്ലെങ്കിൽ ഇതുങ്ങൾ ആത്മഹത്യ ചെയ്യും.. വീട്ടുകാർ പോലും ഒപ്പം ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും?”
“അതല്ല.. ഇപ്പൊ ഈ കല്യാണം വേണ്ട എന്ന് വെച്ച ചീത്ത പ്പേരാ. താഴെ ഇനി രണ്ടു പേരുണ്ട് “അമ്മ പറയുന്നു
“അത് കൊണ്ട്? അവർക്ക് വേണ്ടി എന്റെ കുഞ്ഞിനെ ഞാൻ ബലി കൊടുക്കണോ? എന്റെ മോളെ ആർക്കും വേണ്ടെങ്കിലും എനിക്ക് വേണം.. എന്റെ കുഞ്ഞുങ്ങൾ പഠിക്കും ജോലി വാങ്ങിക്കും ജീവിക്കും. കല്യാണം അല്ലല്ലോ അവസാന വാക്ക് “
അവൾ അച്ഛനെ നോക്കി തൊഴുതു കൊണ്ട് ആ മടിയിൽ മുഖം അമർത്തി
“എന്റെ മോൾ കരയണ്ട.. അച്ഛനുണ്ട് കൂടെ “
അതായിരുന്നു ഏറ്റവും ശക്തമായ വാചകം
ആ ശക്തിയിലാണ് പിന്നെ അവൾ ജീവിച്ചത്
കല്യാണം വേണ്ട എന്ന് വെച്ചപ്പോൾ പോലീസ് കേസ് ഉണ്ടായി
അവിടെ അവൾ സർവവും ബോധിപ്പിച്ചു
കേസ് മാറുമെന്ന് പോലീസ് അവരേ താക്കീതു ചെയ്തപ്പോൾ അവർ പരാതി പിൻവലിച്ചു
അവൾ വീണ്ടും പഠിച്ചു തുടങ്ങി
അനിയത്തിമാർ അവളെ കണ്ടു പഠിച്ചു തുടങ്ങി
ജീവിതം അവളെ നോക്കി പുഞ്ചിരിച്ചും തുടങ്ങി
~Ammu Santhosh