നീ എന്തിനാടി കൊച്ചേ എന്നെ ഇങ്ങനെ നാണം കെടുത്തുന്നത്..അത്യാവശ്യം കാശൊക്കെ…

_upscale

സ്വന്തം…

എഴുത്ത്: ദേവാംശി ദേവ

===========

“ദേവ…മോളെ…ഇച്ചായൻ പറയുന്നത് കേൾക്കടി… “

“എന്റെ കേൾവി ശക്തിക്ക് ഒരു കുറവുമില്ല ഇച്ചായാ…ഞാൻ എല്ലാം കേൾക്കുന്നുണ്ട്..പക്ഷേ അനുസരിക്കില്ല… “

നിറവയറും താങ്ങിപ്പിടിച്ച് പുറകുവശത്തെ പടിയിറങ്ങി തിട്ടയിൽ കഴുകി വച്ചിരുന്ന മീൻചട്ടി എടുത്ത് ഞാൻ പുറകിലെ ചെറിയ ഗേറ്റിൻെറ വശത്തേക്ക് നടക്കുമ്പോൾ എനിക്ക് മുമ്പ് തന്നെ കുറിഞ്ഞിപ്പൂച്ച അവിടെ സ്ഥാനം പിടിച്ചിരുന്നു..

“നമ്മൾ അങ്ങോട്ട് അന്വേഷിച്ച് പോയത് അല്ലല്ലോ..അവരാ ഇങ്ങോട്ട് അന്വേഷിച്ച് വന്നതല്ലേ..പിന്നെ എന്തിനാ ഈ വാശിയും ദേഷ്യവുമൊക്കെ…”

“നിങ്ങൾക്ക് വാശിയും ദേഷ്യവും ഒന്നും കാണത്തില്ല അലക്സിച്ഛായ..പക്ഷേ ഈ ദേവാംശിക്ക് ദേഷ്യം ഉണ്ട് നല്ലപോലെ വൈരാഗ്യവും ഉണ്ട്..”

പറഞ്ഞു തീരുമ്പോഴേക്കും ഹോണും മുഴുകി മീൻകാരൻ സുകുവേട്ടൻ മുന്നിലേക്ക് എത്തി..

“എന്ത് മീനാ സുകുചേട്ടാ.. “

“അയല , ചാള , നെത്തോലി , കൊഞ്ച്..കൊഞ്ച് എടുക്കട്ടെ മോളെ..”

“അയ്യോ വേണ്ട ചേട്ടാ..അതിനുള്ള കാശ് ഒന്നും ഇല്ല..ഇന്ന് കുടുംബശ്രീയുടെ ലോൺ അടയ്ക്കേണ്ട ദിവസ..50 രൂപയുടെ നെത്തോലി മതി.. “

ഞാൻ നീട്ടിയ മീൻ ചട്ടിയിലേക്ക് 50 രൂപയ്ക്ക് നെത്തോലിയും വാരിയിട്ട് കാശുംവാങ്ങി ഹോൺ മുഴക്കി സുകു ചേട്ടൻ പോയി..

“നീ എന്തിനാടി കൊച്ചേ എന്നെ ഇങ്ങനെ നാണം കെടുത്തുന്നത്..അത്യാവശ്യം കാശൊക്കെ വണ്ടി ഓടി ആണെങ്കിലും ഞാൻ ഉണ്ടാക്കുന്നുണ്ട്..നിനക്ക് കൊഞ്ച്  വാങ്ങിയ പോരായിരുന്നോ..ഈ സമയത്ത് നല്ലതുപോലെ ആഹാരം കഴിക്കണം..”

“എനിക്ക് ആവശ്യമുള്ള ആഹാരമൊക്കെ ഞാൻ കഴിക്കുന്നുണ്ട്. പിന്നെ കൊഞ്ചു തിന്നാലെ കുഞ്ഞ് വളരൂന്ന് ആരും പറഞ്ഞിട്ടില്ല..കാശ് കൂടുതലുണ്ടെങ്കിൽ അപ്പുറത്തെ മല്ലി ചേച്ചി പുതിയ ചിട്ടി വെക്കുന്നുണ്ട്..നമുക്കൊന്ന് തുടങ്ങിയാലോ..”

“നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല..നീ വീട്ടിൽ പോകുന്ന കാര്യത്തെക്കുറിച്ച് സീരിയസ് ആയിട്ട് ചിന്തിക്ക്..നിന്റെ അച്ഛൻ എന്റെ മുന്നിൽ വന്നുനിൽക്കുമ്പോ ആ കണ്ണ് നിറഞ്ഞിട്ട് ഉണ്ടായിരുന്നു…”

“നിങ്ങള് അപ്പുറത്തേ  വശത്ത് പോയി രണ്ടു തക്കാളിയും രണ്ട് പച്ചമുളകും മുരിങ്ങേന്ന് ഒരു മുരിങ്ങക്കായും പറിച്ചിട്ട് വാ…ഞാൻ നല്ല അടിപൊളി നെത്തോലി മീൻകറി ഉണ്ടാക്കിത്തരാം..”

“നീ നിന്റെ വാശിയും കെട്ടിപ്പിടിച്ച് ഇരുന്നോ…ആരും ഇല്ലാത്തവനേ ബന്ധങ്ങളുടെ വില അറിയൂ…”

ഇച്ചായൻ ദേഷ്യത്തോടെ തിരിഞ്ഞു നടക്കുന്നത് ഞാൻ നോക്കിനിന്നു…

അലക്സ്..ദേവാംശിക്ക് ഇന്ന് ഈ ലോകത്ത് സ്വന്തം എന്ന് പറയാനുള്ള ഒരേ ഒരാൾ…

ഓർമ്മകൾ  മൂന്നു വർഷം പിന്നിലേക്കു പാഞ്ഞു..

അത്യാവശ്യം പേരും പണമുള്ള കുടുംബത്തിലെ ഇളയ മകളാണ് ഞാൻ…

ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്ന സമയം..നാട്ടിൽനിന്ന് വളരെ ചുരുങ്ങിയ ബസുകൾ മാത്രമേ ടൗണിലേക്ക് ഉള്ളൂ..അതുകൊണ്ടുതന്നെ ബസിന് സമാന്തരമായി ജീപ്പുകൾ സർവീസ് നടത്തിയിരുന്നു…അങ്ങനെയുള്ള ഒരു ജീപ്പിന്റെ ഡ്രൈവറായിരുന്നു അലക്സിച്ചായൻ..

എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതം..തമാശകൾ പറഞ്ഞ് മറ്റുള്ളവരെ രസിപ്പിക്കുന്ന സ്വഭാവം..നാട്ടുകാരുടെയൊക്കെ പ്രിയങ്കരൻ..

എപ്പോഴോ ആ മുഖം പ്രണയമായി മനസ്സിൽ വളർന്നു..നേരിട്ട് തന്നെ പറഞ്ഞു….ആദ്യമൊക്കെ വഴക്കുപറഞ്ഞും ദേഷ്യപ്പെട്ടും എന്നെ പിന്തിരിപ്പിക്കാൻ നോക്കി..കാര്യമില്ല എന്ന് കണ്ടപ്പോൾ പറഞ്ഞു മനസ്സിലാക്കാൻ നോക്കി…

താനൊരു അനാഥൻ ആണെന്നും ആകെയുള്ള സമ്പാദ്യം 3 സെന്റ് സ്ഥലവും ഒരു ചെറിയ ഓടിട്ട വീടും മാത്രമാണെന്നും പറഞ്ഞ് എന്നിൽ നിന്ന് ഒഴിഞ്ഞുമാറാൻ നോക്കി….

പക്ഷേ അലക്സിച്ചായന് അപ്പുറം ആയിരുന്നില്ല എനിക്ക് പണവും പ്രതാപവും..

ഒടുവിൽ എപ്പോഴോ ഇച്ചായനും തിരിച്ച് എന്നെ പ്രണയിച്ചു തുടങ്ങി..മനോഹരമായ നാളുകൾ…എന്നാൽ അതിന് അധികം ആയുസ്സുണ്ടായിരുന്നില്ല…ജാതകദോശത്തിന്റെ പേരിൽ വീട്ടുകാർ വിവാഹം ആലോചിച്ച് തുടങ്ങി…അത് അറിഞ്ഞ് ഇച്ചായൻ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു…വീട്ടുകാർ എല്ലാവരും ചേർന്ന് ആ പാവത്തിനെ അവിടുന്ന് അപമാനിച്ച് ഇറക്കിവിടുകയായിരുന്നു…

എന്നാൽ ഇറങ്ങും മുമ്പ് എന്നോട് ഒരു കാര്യം മാത്രം പറഞ്ഞു..

“എന്നോടൊപ്പം ജീവിക്കാൻ നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്ന്, ഈ നിമിഷം നീ എന്നോടൊപ്പം വരണം. ഇല്ലെങ്കിൽ പിന്നെ അലക്സിയുടെ ജീവിതത്തിൽ ദേവയോ ദേവയുടെ ജീവിതത്തിൽ അലക്സിയോ ഉണ്ടാവില്ല.. “

ആ നിമിഷംതന്നെ ഞാൻ ഇച്ചായനൊപ്പം ഇറങ്ങി…അതെന്റെ അച്ഛനെയും അമ്മയെയും വീട്ടുകാരെയും മറന്നിട്ട് ആയിരുന്നില്ല..മറിച്ച് ഇച്ചായനെ മറക്കാനോ ഇച്ചായന് പകരം മറ്റൊരാളെ ആ സ്ഥാനത്ത് കാണാനോ കഴിയില്ലെന്ന് പൂർണ ബോധ്യമുള്ളതുകൊണ്ടായിരുന്നു…

എന്നാൽ അന്നത്തോടെ എന്റെ വീട്ടുകാരുടെ മനസ്സിൽ ഞാൻ മരിച്ചു കഴിഞ്ഞിരുന്നു…ഒരിക്കൽ പോലും അവർ എന്നെ തിരിഞ്ഞു നോക്കിയില്ല….ഇച്ചായനൊപ്പം ഇച്ചായൻെറ  കുഞ്ഞു വീട്ടിൽ ഞാൻ ജീവിതം ആരംഭിച്ചു..

പഠിത്തം മുടക്കാൻ  ഇച്ചായൻ അനുവദിച്ചില്ല..ഡിഗ്രി കംപ്ലീറ്റ് ചെയ്തു…ഞങ്ങളുടെ കുഞ്ഞ് എന്റെ വയറ്റിൽ തുടിച്ചു തുടങ്ങി…ഉള്ളതുകൊണ്ട് ഓണം പോലെ സന്തോഷകരമായ ജീവിതം…

എന്നാൽ ഇപ്പോ മൂന്നു വർഷങ്ങൾക്കുശേഷം അച്ഛൻ എന്നെ തേടി വന്നിരിക്കുന്നു…ജംഗ്ഷനിൽ വച്ച് ഇച്ചായനെ കണ്ട് എന്നെ വീട്ടിലേക്ക് വിടണമെന്ന് അപേക്ഷിച്ചിരിക്കുന്നു…എന്തിനാ ഇപ്പൊ അത്…എന്നെ കാണാൻ വേണ്ടി എന്റെ വീട്ടിലേക്ക് അല്ലേ വരേണ്ടത്…ഞങ്ങളുടെ കുഞ്ഞു വീട്ടിലേക്ക് വരാൻ അവർക്ക് നാണക്കേട് ആണെങ്കിൽ ഞാൻ എന്തിന് പോണം….

“ഇന്നാ മുരിങ്ങക്കായ, തക്കാളി, പച്ചമുളക്…ആ മീൻ ഇങ്ങ് എടുക്ക്..ഞാൻ വൃത്തിയാക്കി തരാം..”.മീനും കേയ്യിലെടുത്ത് പുറകുവശത്തെ പൈപ്പിനടുത്തേക്ക് ഇറങ്ങി ഇച്ചായൻ..

ഞായറാഴ്ച ദിവസങ്ങളിൽ ഇവിടത്തെ പതിവ് കാഴ്ച തന്നെയാണ് ഇത്. പറ്റും പോലെയെല്ലാം എന്നെ സഹായിച്ച് എന്റെ കൂടെ തന്നെ കാണും..

“അതെ എന്നോട് ഇങ്ങനെ മുഖം വീർപ്പിച്ച് നടക്കേണ്ട…നാളെ തന്നെ പോയി കളയാം തറവാട്ടിലേക്ക്”

അലക്കു കല്ലിന്മേൽ ഇരുന്നു കൊണ്ട് ഞാൻ അത് പറയുമ്പോൾ അതുവരെയുള്ള ഗൗരവം എല്ലാം മാറി ഇച്ചായൻെറ മുഖം തെളിഞ്ഞു..

❤️❤️❤️❤️

മൂന്നുവർഷങ്ങൾക്ക് മുൻപ് ഇച്ഛായന്റെ കൈ പിടിച്ചിറങ്ങിയ തറവാടിന്റെ മുറ്റത്തേക്ക് ഇച്ഛായന്റെ കൈയ്യും പിടിച്ച് ഞാൻ കയറി…പടിപ്പുര കയറിയപ്പോൾ തന്നെ കണ്ടു ഉമ്മറത്തെ ചാരു കസേരയിൽ കിടക്കുന്ന മുത്തച്ഛനെ..അടുത്തു തന്നെ മുത്തശ്ശിയുമുണ്ട്..

മുത്തശ്ശനും മുത്തശ്ശിക്കും രണ്ട് മക്കൾ ആണ്..വല്യച്ഛനും അച്ഛനും..വല്യച്ചന് രണ്ട് ആണ്മക്കളാണ്..രണ്ടുപേരും വിവാഹം കഴിഞ്ഞു..അച്ഛന് ഞാൻ മാത്രമേ ഉള്ളു…

കുടുംബം മൊത്തം ഉമ്മറത്തുണ്ട്..ഞങ്ങൾ പടിപ്പുര കടന്നപ്പോൾ തന്നെ അച്ഛൻ ഓടി വന്നു..

“അലക്‌സ് ഒന്നും വിചാരിക്കരുത്..അന്യ മതസ്ഥർ ഈ പടിപ്പുരക്ക് ഇപ്പുറം കയാറാറില്ല..അലക്‌സ് പുറത്ത് നിന്നോളൂ..ദേവൂ അല്പം കഴിഞ്ഞ് തിരിച്ചു വരും..”

ഞാൻ ദേഷ്യത്തോടെ ഇച്ഛായനെ നോക്കിയപ്പോ ആൾ മുഖത്തെ വിഷമം മറച്ചു വെച്ച് പുഞ്ചിരിയോടെ എന്നോട് പൊയ്ക്കോളാൻ കണ്ണുകാണിച്ചു..

എന്റെ ഇച്ഛായന് ചവിട്ടാൻ പാടില്ലാത്ത പടി ഈ ദേവയും ചവിട്ടില്ല..പക്ഷെ ഇവിടെ ഇവർക്കൊക്കെ വേറെ എന്തൊക്കെയോ ഉദ്യേശമുണ്ട്..അത് എന്താണെന്ന് അറിയണം..ഞാൻ അച്ഛനോടൊപ്പം അകത്തേക്ക് കയറി..

എന്നെ കണ്ടിട്ടും ആരും അടുത്തേക്ക് വന്നില്ല..എന്റെ അമ്മ പോലും..

“നീ ഇവിടെ ഇരിക്ക്.” മുത്തശ്ശൻ മുന്നിലെ കസേര ചൂണ്ടി കാണിച്ചു..

“വേണ്ട..ഞാനിവിടെ നിന്നോളാം..”

“ഇത്രയും ബഹുമാനമൊന്നും വേണ്ട..”

“ബഹുമാനമൊന്നും അല്ല..ഇവിടെ കയറി ഇരുന്ന് സൽക്കാരം സ്വീകരിക്കാൻ താൽപ്പര്യം ഇല്ലാഞ്ഞിട്ട..എന്തിനാ വിളിപ്പിച്ചേ..”

“നിനക്ക് അറിയാലോ ഈ തറവാട്ടിലെ പകുതി സ്വത്തുക്കൾക്ക് നീയാണ് അവകാശി. ഒരു അന്യജാതിക്കാരനും അവനുണ്ടാകുന്ന കുഞ്ഞുങ്ങളും ഇവിടെ കയറി ഇറങ്ങാൻ ഞാൻ അനുവദിക്കില്ല..അതുകൊണ്ട് നിനക്ക് അവകാശമൊന്നും വേണ്ടെന്ന് നീ എഴുതി തരണം..”

“പറ്റില്ല..എന്റെ അവകാശങ്ങൾ എനിക്ക് വേണം..”.മുത്തച്ഛന്റെ മുഖത്തു നോക്കിത്തന്നെ ഞാൻ പറഞ്ഞു.

“അതെന്താ അങ്ങനെ..ഇവിടുന്ന് ഒന്നും വേണ്ട എന്ന് പറഞ്ഞല്ലേ അന്ന് ഇറങ്ങി പോയത്. ഇപ്പൊ എന്ത് പറ്റി..കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ച് മടുത്തോ.” വല്യച്ഛന്റെ മൂത്തമകനാണ്.

“കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ച് തന്നെയാ ഞങ്ങൾ ജീവിക്കുന്നത്..അതും സന്തോഷമായിട്ട്..എന്റെ ഇച്ഛായൻ നന്നായി അദ്ധ്യാനിച്ച് തന്നെയാ എന്നെ നോക്കുന്നത്..അല്ലാതെ നിങ്ങളെ പോലെ കാരണവമാര് ഉണ്ടാക്കിയിട്ട മുതലിൽ അല്ല.”

“അത്ര വല്യവനാണെങ്കിൽ ചെറിയച്ഛൻ പോയി വിളിച്ചുടനെ നിന്നെയും എഴുന്നള്ളിച്ച് എന്തിനാടി പ ട്ടിയെ പോലെ അവൻ ഇവിടെ വന്നത്..” വല്യച്ഛന്റെ ഇളയ മകൻ..

“ഇച്ഛായനെ കുറിച്ച് ഇനി നീ എന്തെങ്കിലും മിണ്ടിയാൽ ചേട്ടനാണെന്ന് നോക്കില്ല ഞാൻ.കരണകുറ്റി അടിച്ച് പൊട്ടിക്കും..പിന്നെ നീ പറഞ്ഞല്ലോ അച്ഛൻ വിളിച്ചുടനെ ഇച്ഛായൻ എന്നെയും കൂട്ടി വന്നെന്ന്…അത് അയാൾക്ക് ബന്ധങ്ങളുടെ വില നന്നായിട്ട് അറിയാവുന്നത് കൊണ്ടാ..നിന്നെയൊക്കെ പോലെ പണത്തിന്റെ തട്ടിൽ ബന്ധങ്ങളെ അളക്കാൻ അറിയാത്തത് കൊണ്ട്..”

“മതി…കൂടുതൽ പ്രസംഗമൊന്നും വേണ്ട..ഒപ്പിട്ട് തന്നിട്ട് പോകാൻ നോക്ക്..” വല്യച്ഛൻ എന്റെ നേർക്ക് ചാടികൊണ്ടു വന്നു..

“വല്യച്ഛന് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ..എനിക്ക്  അവകാശപ്പെട്ടത് എനിക്ക് വേണം..അതിലൊരു തരി മണ്ണ് എനിക്കോ എന്റെ ഇച്ഛായനോ വേണ്ട..എല്ലാം ഞാൻ ഏതെങ്കിലും അനാഥാലയത്തിന് എഴുതി വയ്ക്കും..”

“അതിന് ഞാൻ സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ..”

“അതിന് മുത്തച്ഛന്റെ സമ്മതം എന്തിനാ..ഈ കാണുന്നതൊന്നും മുത്തച്ഛനോ വല്യച്ഛനോ അച്ഛനോ ഏട്ടന്മാരോ ഉണ്ടാക്കിയതല്ല..പാരമ്പര്യമായി കൈമാറി വന്നതാ..അതിൽ എനിക്കും അവകാശമുണ്ട്..അത് വാങ്ങാൻ എനിക്ക് അറിയാം..

പിന്നെ ഇതിന്റെ പേരിൽ എനിക്കോ ഇച്ഛായനോ നേർക്ക് നീയൊക്കെ വന്നാൽ…വളയം പിടിക്കുന്ന കയ്യാണ് മക്കളെ. നിവർന്ന് നിന്ന് ഒന്നിട്ടു തന്നാൽ ഏഴിൻെറ അന്ന് നീയോക്കെ കണ്ണ് തുറന്നിട്ട് തുറന്നെന്ന് പറയാം..”

ഏട്ടന്മാർക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞിട്ട് ഞാൻ അവിടുന്നിറങ്ങി..എന്നെന്നേക്കുമായി.

❤️❤️❤️❤️❤️

“എല്ലാം എന്റെ തെറ്റാണ്..ഞാൻ കാരണം, എന്നെ സ്നേഹിച്ചത് കാരണം, എന്നോടൊത്ത് ജീവിക്കാൻ തീരുമാനിച്ചത് കാരണം നീ അരുമില്ലാത്തവൾ ആകരുതെന്ന് ഞാൻ ആഗ്രഹിച്ചു..”

“എന്റെ ഇച്ഛായൻ കൂടെയുള്ളപ്പോ ഞാൻ എങ്ങിനെയാ ആരുമില്ലാത്തവൾ ആകുന്നത്..എനിക്ക് ഇച്ഛായനും നമ്മുടെ വാവയും മതി..”

“മതി.. നമുക്ക് നമ്മൾ മാത്രം മതി..” ഇഛായനെന്നെ ചേർത്ത് പിടിച്ച് പറഞ്ഞു..അത് അനുകൂലിച്ചെന്ന പോലെ നന്നായൊന്ന് അനങ്ങി ഞങ്ങളുടെ വാവ അഭിപ്രായം അറിയിച്ചു…

അല്ലെങ്കിലും പണമുള്ളിടത്ത് അല്ല സ്വർഗം…നമ്മളെ സ്നേഹിക്കുന്നവരോടൊപ്പമാണ് സ്വർഗം…അത് കുടിലിൽ ആയാലും കൊട്ടാരത്തിൽ ആയാലും…

~സ്വന്തം ദേവ❤️❤️❤️

അഭിപ്രായങ്ങൾ പറയണേ…