പരസ്പരമുള്ള ആ കണ്ണേറുകൾക്കിടയിലെപ്പോഴോ അവൾ മനോഹരമായൊന്ന് പുഞ്ചിരിച്ചപ്പോൾ ഞാൻ…

_upscale _blur

അവളെയും തേടി…

Story written by Sai Bro

===============

ചുവപ്പ് രാശി കലർന്ന ആ ചുണ്ടുകളിൽ അമർത്തി ചുംബിക്കവേ അവളൊന്ന് പിടഞ്ഞുകൊണ്ട് എന്നിലേക്ക്‌ ചേർന്നുനിന്നു..അതെന്നിൽ ആവേശം വർദ്ധിപ്പിച്ചു. പ്രാവ് പോലെ കുറുകികൊണ്ടിരുന്ന അവളെ നെഞ്ചോടൊതൊക്കി പിടിച്ചു ധൃതിയോടെ വീണ്ടുമൊന്നു ചുംബിച്ചപ്പോൾ എന്റെ താഴെവരിയിലെ ഇടത്തെ മുൻപല്ലുകൊണ്ട് അവളുടെ കീഴ്ച്ചുണ്ട് അല്പം മുറിഞ്ഞു..

വായിൽ ഉമിനീരും ര ക്തവും കലർന്ന ചവർപ്പനുഭവപെട്ടപ്പോൾ എന്നോട് ചേർന്ന്നിന്ന് വാലുമുറിഞ്ഞ പല്ലിപോലെ പിടിച്ചുകൊണ്ടിരുന്ന അവളെഞാൻ സ്വാതന്ത്രയാക്കി..

‘സാർ..പറഞ്ഞ സ്ഥലമെത്തി.. ‘

മുൻസീറ്റിൽ നിന്നും ടാക്സി ഡ്രൈവർ അത് പറഞ്ഞപ്പോഴാണ് അകക്കണ്ണിൽ കണ്ടിരുന്ന കാഴ്ചകൾ മുറിഞ്ഞു തിടുക്കപ്പെട്ട് കണ്ണ് തുറന്നത്..

‘ഇന്ത്യൻ മിലിട്ടറി’ എന്നെഴുതിയ രണ്ട് വലിയ തകരപെട്ടികൾ വരാന്തയിൽ വെച്ചപ്പോഴുണ്ടായ ശബ്ദം കേട്ടിട്ടാകണം അമ്മയാണ് ആദ്യം ഉമ്മറത്തേക്ക് എത്തിനോക്കിയത്…

അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് അമ്മയെ കാണുന്നത്..ആ മുടിയിഴകളിൽ ഭൂരിഭാഗവും നര കീഴടക്കിയിരുന്നു..ആദ്യ കാഴ്ചയിൽ  അമ്മക്ക് പെട്ടെന്ന് വയസ്സായതുപോലെ തോന്നിച്ചു…

അമ്മയുടെ കണ്ണീരിനും പരിഭവംപറച്ചിലിനും ഒടുവിൽ പെട്ടിയും തൂക്കി നടുത്തളത്തിലേക്ക് കയറുമ്പോഴാണ് അച്ഛനെ കുറിച്ച് തിരക്കിയത്..?

“അച്ഛൻ റേഷൻകടയിലേക്ക് രാവിലെതന്നെ പോയതാ..ഉച്ചതിരിഞ്ഞു കച്ചോടം കൂടുതലുള്ളത് കൊണ്ടു അച്ചനെ സഹായിക്കാൻ  ചേട്ടനും പോയിട്ടുണ്ട്..”

ബീടെക് പാസ്സായ ചേട്ടൻ ഇപ്പൊ റേഷൻകടയിലെ സഹായി..

“വളരെ നല്ലകാര്യം” അല്പം പുച്ഛത്തോടെ ഞാനത് പറഞ്ഞുകൊണ്ട് മുറിയിലേക്ക് കയറി..

വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞു ബെഡിൽ ഫാനിന്റെ കാറ്റേറ്റ് കിടക്കവേ മനസ്സ് അഞ്ചുവർഷം പിറകിലേക്ക് സഞ്ചരിച്ചു..

തൊട്ടടുത്തുള്ള വീട്ടിലേക്ക് വാടകക്ക് താമസിക്കാനെത്തിയത് നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലമാറ്റം കിട്ടിയെത്തിയ ഹെഡ്കോൺസ്റ്റബിളും മകളും ആണെന്നറിഞ്ഞപ്പോൾ അല്പം ഭയത്തോടെയാണ് അങ്ങോട്ട് നോക്കാറുള്ളത്..

“നീയെന്തിനാടാ ഇങ്ങനെ പേടിച്ചു പേടിച്ചു അങ്ങോട്ടേക്ക് എത്തിനോക്കുന്നത്..?” ചുമലിലടിച്ചുകൊണ്ട് ചേട്ടനത് ചോദിക്കുമ്പോൾ ഒന്നുമില്ലെന്നർത്ഥത്തിൽ തലയാട്ടികൊണ്ട് ഇടവഴിയിലേക്ക് ഇറങ്ങിനടക്കുമ്പോൾ എന്റെ മനസ്സ് നിറയെ  വാടകവീട്ടിലെ ‘പെൺകുട്ടിയുടെ’ മുഖമായിരുന്നു…

മുട്ടുകാല് വരെയെത്തുന്ന ഫ്രോക്കുമണിഞ്ഞു വെളുത്തു കൊലുന്നനെയുള്ള ആ കുട്ടിയെ രണ്ടുമൂന്നു തവണയായി അവിടെ കാണുന്നു..മീശക്കൊമ്പൻ പോലീസുകാരന്റെ മകളായിരിക്കണം അത്..

അരമതിലിനു മുകളിലൂടെയുള്ള എന്റെ എത്തിനോട്ടങ്ങൾ കണ്ടിട്ടാവണം ഒന്നോരണ്ടോ തവണ അവളുടെയും നോട്ടങ്ങൾ എനിക്ക് നേരെ പാറിപതിഞ്ഞു വന്നിരുന്നു..

പരസ്പരമുള്ള ആ കണ്ണേറുകൾക്കിടയിലെപ്പോഴോ അവൾ മനോഹരമായൊന്ന് പുഞ്ചിരിച്ചപ്പോൾ ഞാൻ ഉടലോടെ സ്വർഗത്തിൽ എത്തപ്പെട്ടപോലെ തോന്നിപോയി…മതിലിന് അപ്പുറത്ത് നിന്ന് അവളുടെ പേരും ഞാൻ ചോദിച്ചറിഞ്ഞു…

“ജൂൺ “… ജൂൺ മരിയ വർഗ്ഗീസ്.. !

“നിനക്ക് കഴിക്കാൻ എടുക്കട്ടെ ഡാ..? “

അമ്മയുടെ ചോദ്യം എന്നെ വീണ്ടും വർത്തമാന കാലത്തിലേക്കെത്തിച്ചു..

പപ്പടവും പാവയ്ക്കാ കൊണ്ടാട്ടവും കൂട്ടി കഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോൾ അതും നോക്കി അമ്മ അരികിൽ തന്നെ ഇരിപ്പുണ്ടായിരുന്നു..

“അച്ഛനും ചേട്ടനും വരാൻ ഇത്രേം വൈകുമോ..? “

“കട അടക്കുമ്പോൾ ഒമ്പതുമണി കഴിയും, പിന്നെ ഇങ്ങോട്ട് നടന്നെത്തേണ്ട സമയം..” അമ്മ അത്രേം പറഞ്ഞപ്പോഴേക്കും കിണ്ണം കാലിയാക്കി ഞാൻ എണീറ്റു..കുറേ കാലങ്ങൾക്ക് ശേഷം കഞ്ഞികുടിച്ചു വയറുനിറച്ചപ്പോൾ ഒരു പ്രത്യേക സുഖം…

റൂമിലെ തുറന്നിട്ട ജനലിലെ അഴികൾക്കിടയിലൂടെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കികൊണ്ടിരിക്കേ പെട്ടെന്ന് ‘ജൂണിനെ’ വീണ്ടും ഓർമിച്ചു…

ഞങ്ങൾ വളരെ പെട്ടെന്നാണ് അടുത്തത്..അമ്മയില്ലാതെ വളർന്നതുകൊണ്ടാകാം ജൂൺ സ്നേഹിക്കപെടുവാൻ ഏറെ കൊതിച്ചിരുന്നു..അരമതിലിന് ഇരുപുറവും നിന്ന് ഞങ്ങൾ പ്രണയിച്ച ആ രാത്രികൾ മനോഹരമായിരുന്നു..മഞ്ഞുപെയ്യുന്ന ആ രാത്രികളിലൊന്നിൽ പ്രണയത്തിന്റെ മാസ്മരികതയിൽ മതിൽ ചാടികടന്ന് ജൂണിനെ ചേർത്തുനിർത്തി ചുംബിച്ചതിനെ കുറിച്ചോർത്തപ്പോൾ നെഞ്ചിൽ ഐസ്കട്ട വീണുരുകുന്നതുപോലൊരു കുളിര് അനുഭവപെട്ടു…

പിറ്റേന്ന് രാവിലെ എണീക്കാൻ അല്പം വൈകി..ചേട്ടൻ വന്ന് കുലുക്കിവിളിച്ചപ്പോഴാണ് ആയാസപ്പെട്ട് കണ്ണ് തുറന്നത്…

“എന്തൊരു ഉറക്കമാടാ ഇത്..എണീറ്റ് പോയി പല്ല് തേച്ച് വാ..ഞാനപ്പോഴേക്കും നിന്റെ കൂട്ടുകാരനെ ഒന്ന് കുളിപ്പിച്ചെടുക്കാം.. “

ബാഗിൽനിന്ന് ബ്രഷ് എടുത്ത് അതിൽ പേസ്റ്റ് തേച്ച് കിണറ്റിൻകരയിലേക്ക് നടക്കുമ്പോഴാണ് അവനെ കണ്ടത്, എന്നേക്കാൾ ഒരുപാട് വയസ്സിന് മുതിർന്ന എന്റെ ചങ്ങാതിയെ.. !

1975 മോഡൽ മിലിട്ടറി ബുള്ളറ്റ്… ! ചേട്ടൻ ബക്കറ്റിൽ വെള്ളംകോരിയൊഴിച്ചു അവനെ കുളിപ്പിക്കുകയാണ്..

“നീ പട്ടാളത്തിൽ പോയതിനുശേഷം മാസത്തിൽ ഒരുതവണയെങ്കിലും ഞാനിവനെയൊന്ന് സ്റ്റാർട്ട്‌  ചെയ്തു വെക്കും, പൊടിയില്ലെങ്കിലും ഇടക്കൊന്നു കഴുകും, അതുകൊണ്ട് ആളിപ്പോഴും കണ്ടീഷൻ തന്നെ.. “

ചേട്ടനത് പറയുമ്പോൾ എനിക്കെന്തോ വളരെ സന്തോഷം തോന്നി..ഞാനവന്റെ ചുറ്റിലുമൊന്നു നടന്നു, കൈകൊണ്ടവനെ തൊട്ടുരുമ്മി…ഏഴ് വർഷം മുൻപ് തൃശ്ശൂരിൽ മിലിട്ടറി ബുള്ളെറ്റുകൾ ലേലത്തിന് വെച്ചപ്പോൾ ചുളുവിലക്ക് വാങ്ങിയതാണിവനെ..അന്ന് ക്രാങ്ക് വെയ്റ്റ് കൂട്ടുവാനും മറ്റുമായി കുറച്ച് പൈസ ചിലവായെങ്കിലും ഇവനിപ്പോൾ പുലിക്കുട്ടൻ തന്നെ..ഞാനവന്റെ തലയിലെ ചാവിതിരിച്ചു കംപ്രഷൻ കളഞ്ഞ് കിക്കറിൽ പതിയെ കാലമർത്തിയപ്പോഴേക്കും ശരീരം വിറപ്പിച്ചുകൊണ്ട് അവന്റെ എഞ്ചിൻ മുരണ്ടുതുടങ്ങി..ആ ശബ്ദം കേട്ടിട്ടാവണം അച്ഛൻ കോലായിൽ പ്രത്യക്ഷപെട്ടത്..

അച്ഛനെകണ്ടതും ചേട്ടൻ പതുക്കെ തലയിൽ കൈചൊറിഞ്ഞുകൊണ്ട് അവിടെനിന്നും പിൻവലിഞ്ഞു..അല്ലെങ്കിലും പണ്ടുമുതൽക്കേ ചേട്ടന് അച്ഛനെ പേടിയാണ്..ഏറുകണ്ണിട്ട് ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി..അച്ഛൻ എന്നെ ശ്രദ്ധിക്കുന്നതേ ഇല്ല..പക്ഷെ ആ മുഖം വലിഞ്ഞു മുറുകിയിരിക്കുന്നതായി തോന്നി..

അഞ്ചുവർഷങ്ങൾക്ക് മുൻപുള്ള രംഗങ്ങൾ മനസ്സിലേക്ക് ഓടിയെത്തി..

ഞാനും ജൂണുംതമ്മിലുള്ള അടുപ്പം ആദ്യം മനസിലാക്കിയത് അവളുടെ അപ്പൻ ഹെഡ്കോൺസ്റ്റബിൾ വർഗ്ഗീസ് ആയിരുന്നു..അയാൾ അന്നുതന്നെ വഴിയരുകിൽ വെച്ച് എന്നെ പോലീസ്മുറയിൽ ഒന്ന് വിരട്ടി..ജൂണുമായുള്ള പ്രണയം തലക്ക്പിടിച്ചിരിക്കുന്ന ആവേശത്തിൽ ഞാൻ അയാളോടെന്തോ തറുതല പറഞ്ഞു..കരണം പൊത്തിയുള്ള ഒരു അടിയായിരുന്നു മറുപടി…അന്നാണ് ആദ്യമായി പോലീസിന്റെ കൈപ്രയോഗത്തിന്റെ ചൂടറിഞ്ഞത്..

ആ സംഭവം പിന്നീട് അച്ഛനറിഞ്ഞപ്പോൾ വലിയൊരു കുഴപ്പത്തിൽ ചെന്നാണ് കലാശിച്ചത്..നാട്ടിലെ തരക്കേടില്ലാത്ത പ്രമാണിയായിരുന്ന അച്ഛൻ ചില രാഷ്ട്രീയക്കാരിൽ സ്വാധീനംചെലുത്തി ജൂണിന്റെ അച്ഛനെ ഏതോ ഓണംകേറാമൂലയിലേക്ക് സ്ഥലംമാറ്റി..ജൂണിനെ അവസാനമായി കണ്ടദിവസം ഞാനാണ് കരഞ്ഞത്..അവളുടെ വിടർന്നകണ്ണുകൾ ഒരിക്കലും നിറഞ്ഞിരുന്നില്ല..അവളാണ് എന്നെ ആശ്വസിച്ചു ധൈര്യം നൽകിയത്..അവളെകൊണ്ടുപോകാൻ  ഞാൻ വരുന്ന ദിവസത്തിനായി കാത്തിരിക്കും എന്ന്പറഞ്ഞ് ജൂൺ നടന്നകന്നപ്പോൾ എന്റെ ഇടനെഞ്ചായിരുന്നു പൊടിഞ്ഞത്..

ജൂണും കുടുംബവും സ്ഥലംമാറിപോയതിനുശേഷം അതിന് കാരണക്കാരനായ അച്ഛനോട് ഞാൻ കലഹം തുടങ്ങി..ഞങ്ങൾതമ്മിൽ സംസാരിക്കാതെയായി..ഞാനെന്റെ മുറിയിൽ തന്നെ ജൂണിന്റെ ഓർമകളുമായി ഒതുങ്ങികൂടി..

അങ്ങനിരിക്കെ ചേട്ടനാണ് ആ പത്രവാർത്ത ശ്രദ്ധയിൽപെടുത്തിയത്..ഇന്ത്യൻ മിലിട്ടറിയിലേക്കുള്ള റിക്രൂട്ട്മെന്റിനെകുറിച്ചായിരുന്നു അത്..ആദ്യമൊന്നും അതിൽ ശ്രദ്ധിക്കാതിരുന്ന എന്നോട് ചേട്ടൻ ഒരുകാര്യം പറഞ്ഞുതന്നു..

“എടാ, ജൂണിന്റെ അച്ഛൻ പോലീസ് ആണേൽ നീ പട്ടാളം ആകണം..നിന്നെകണ്ടാൽ അയാൾ സല്യൂട്ട് ചെയ്യണം..അപ്പൊ നിനക്ക് ധൈര്യപ്പെട്ട് അവളെ വിളിച്ചിറക്കി ഇങ്ങോട്ട് കൊണ്ടുവരാം, ഇവിടെ അച്ഛനുപോലും നിന്നോട് എതിർക്കാൻ കഴിയില്ല അപ്പോൾ.. “

ചേട്ടന്റെ ആ വാക്കുകളാണ് എന്റെ സിരകളിൽ അഗ്നിപടർത്തിയത്..എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കി ട്രെയിനിങ്ങും കഴിഞ്ഞ് ആദ്യപോസ്റ്റിങ് ആയ ഛത്തീസ്‌ഗഡിലെ ബിജാപൂരിലേക്ക് പുറപ്പെടുമ്പോൾപോലും ഞാൻ അച്ഛനെ നോക്കി യാത്രപറഞ്ഞില്ല..

നീണ്ട അഞ്ചുവർഷങ്ങൾക്കുശേഷമാണ് അച്ഛന്റെ മുഖംകാണുന്നത്..

ഓരോ വർഷവും നിർബന്ധിത അവധി എടുക്കേണ്ടി വന്നപ്പോൾ ഒപ്പം ജോലിചെയ്യുന്നവരുടെ വീടുകളിൽ തങ്ങിയും, യാത്രകൾ ചെയ്തും നാളുകൾ തള്ളിനീക്കിയത് ഈ ദിവസങ്ങൾക്ക് വേണ്ടിയാണ്..ആ പഴയ ഇരുപതു വയസുകാരൻ പയ്യനല്ല ഞാനിപ്പോൾ, നെഞ്ചുംവിരിച്ചു അഭിമാനത്തോടെ പറയാം  ഇന്നെനിക്ക്..ഇന്ത്യയെ സേവിക്കുന്ന ഒരു പട്ടാളക്കാരനാണ് ഞാനെന്ന്..

അന്ന് വൈകിട്ട് ചേട്ടൻ റേഷൻകടയിൽ നിന്നും നേരത്തെ വീട്ടിൽ വന്നു..വന്നപാടെ എന്റെ റൂമിലേക്ക്‌ കയറി കട്ടിലിൽ ഇരുന്നുകൊണ്ട് അവൻ തിരക്കി..

“എന്താ നിന്റെ പ്ലാൻ..? “

“പ്ലാനിന്‌ യാതൊരു മാറ്റവുമില്ല, ഞാൻ നാളെ വെളുപ്പിന് പുറപ്പെടും “

“കസോളിലേക്ക്..? “

“ഹമ് “

എന്റെ മൂളൽ കേട്ടപ്പോൾ മറ്റൊന്നും പറയാതെ ചേട്ടൻ പുറത്തേക്ക് പോകാനൊരുങ്ങി..

“അമ്മയോട് ഞാനൊന്നും പറഞ്ഞിട്ടില്ല, രാവിലെ ചേട്ടൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാൽ മതി അമ്മയോടും പിന്നേ അച്ഛനോടും, ഇറങ്ങാൻ നേരത്ത് ഞാൻ ചേട്ടനെ വിളിക്കാം ” അത് തലകുലുക്കി സമ്മതിച്ചുകൊണ്ട് ചേട്ടൻ പുറത്തേക്കിറങ്ങിയപ്പോൾ ഞാൻ ബാഗിൽ ഉള്ളവയെല്ലാം ഒന്നുടെ ചെക്ക് ചെയ്തു..

വെളുപ്പിന് മൂന്ന്മണിക്ക് രണ്ടുകയ്യിലും ബാഗുമെടുത്തു ശബ്ദമുണ്ടാക്കാതെ ചേട്ടന്റെ മുറിയിൽ ചെന്ന് അവനെ എഴുന്നേൽപ്പിച്ചു വീടിനു പുറത്തേക്കിറങ്ങിയപ്പോൾ കയ്യിൽ ബുള്ളറ്റിന്റെ ചാവി വെച്ചുതന്നത് അവനായിരുന്നു…

ബാഗുകൾ പിറകിലെ സീറ്റിൽ ഭദ്രമായി കെട്ടിമുറുക്കുമ്പോൾ ചേട്ടൻ പിറുപിറുക്കുന്നുണ്ടായിരുന്നു..

“കസോൾ കുഴപ്പംപിടിച്ച സ്ഥലമാണെന്നാണ് കേട്ടത്, നിന്നെ നീ തന്നെ സൂക്ഷിച്ചോളൂ..”

ഗട്ടറുകൾ നിറഞ്ഞ ഇടുങ്ങിയ റോഡിൽ നിന്നും ബുള്ളറ്റ് വിസ്താരമേറിയ  ഹൈവേയിലെക്ക് കയറിയപ്പോൾ ഞാനൊന്ന് ദീഘശ്വാസം ഉതിർത്തു..അറുപത് കിലോമീറ്റർ സ്പീഡിൽ മുട്ടിച്ചു പിടിച്ചു ബുള്ളറ്റ് നീങ്ങവേ വീണ്ടും ജൂണിനെകുറിച്ചുള്ള ചിന്തയിലേക്ക് മനസ്സുതിരിഞ്ഞു..

ജൂണിന്റെ അപ്പൻ പോലീസിൽനിന്നും വിരമിച്ചതിന് ശേഷം ആ കുടുംബം കേരളം വിട്ടുവെന്നും ഹിമാചൽപ്രദേശിലെ ‘കസോൾ’ എന്ന ഗ്രാമത്തിലാണ് അയാളും  കുടുംബവും ഇപ്പോൾ താമസിക്കുന്നതെന്നും പട്ടാളത്തിലായിരുന്ന എന്നെ അറിയിച്ചത് ചേട്ടനായിരുന്നു..ജൂണിന്റെ മരിച്ചുപോയ അമ്മ ആ നാട്ടുകാരി ആയിരുന്നത്രേ..പോലീസിൽ ഉണ്ടായിരുന്ന കാലത്ത് അയാൾ സമ്പാദിച്ചുകൂടിയ ശത്രുക്കളെ ഭയന്നിട്ടാണത്രെ മകളെയും കൂട്ടി ജൂണിന്റെ അപ്പൻ ഹിമാചൽ പ്രദേശിലേക്ക് താമസം മാറിയത്…

കസോളിനെ കുറിച്ച് ഗൂഗിളിൽ നോക്കി വിവരങ്ങൾ ശേഖരിച്ചിട്ട് തന്നെയാണ് ഞാനാ യാത്രക്കിറങ്ങിയത്..ആ കുഗ്രാമത്തിലെത്താൻ ഏതാണ്ട് മൂവായിരത്തോളം കിലോമീറ്ററുകൾ ബുള്ളറ്റിൽ താണ്ടണം എന്നും ഞാൻ മനസിലാക്കിയിരുന്നു..

ഏഴ്ദിവസം ആയിരുന്നു കസോളിൽ എത്താൻ ഞാൻ നിശ്ചയിച്ചിരുന്നത്..പരിചയമില്ലാത്ത വഴികൾ ആയതിനാൽ പരമാവധി പകൽ സമയങ്ങളിൽ ആയിരുന്നു യാത്ര..അതുമാത്രമല്ല രാത്രിയിൽ ഹെഡ് ലൈറ്റ് ഓൺ ചെയ്തു ദീർഘദൂരം സഞ്ചരിച്ചാൽ ആ ’75മോഡൽ’ ബുള്ളറ്റിന്റെ ബാറ്ററിചാർജ് ഇറങ്ങാനുമുള്ള സാധ്യത ഞാൻ മുൻകൂട്ടി കണ്ടിരുന്നു..

ആദ്യത്തെ മൂന്ന് ദിവസങ്ങളിലെ പകൽ യാത്രകൾ വിരസമായിരുന്നു..ആരോടും സംസാരിക്കാനില്ലാതെ ഞാൻ എന്നോട് മാത്രം സംസാരിച്ചു ബുള്ളറ്റ് പായിക്കുന്ന ഒരവസ്ഥ.. ! രണ്ടുദിവസം പിന്നിട്ടപ്പോഴേക്കും എന്റെ കാര്യം തീർത്തും പരിതാപകരമായി..ക്രമേണ എനിക്ക് ബുദ്ധിഭ്രമം സംഭവിച്ചത് പോലായി..യാത്രയിൽ ഞാൻ എന്നോട് തന്നെ കലഹിച്ചു..

ഓടിക്കൊണ്ടിരിക്കുന്ന ബുള്ളെറ്റ് പെട്ടെന്ന് നിർത്തി അതിന്റെ മുകളിൽ തൊഴിച്ചു…എന്നിട്ടൊടുവിൽ അവനെ കെട്ടിപിടിച്ചു തേങ്ങികരഞ്ഞു…എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് തിരിച്ചറിയാനുള്ള കഴിവും എന്നിൽനിന്നും നഷ്ടപെട്ടിരുന്നു..

അങ്ങനെ ഗ്വാളിയോറിലെ ഒരു തണുപ്പുള്ള രാത്രിയിലാണ് മനോനിയന്ത്രണം നഷ്ടമായിക്കൊണ്ടിരിക്കുന്ന എന്റെ മനസ്സിലേക്ക് ജൂൺ വീണ്ടും വന്നുകയറിയത്..

ഉച്ചവരെ പെയ്തമഴ തോർന്നു തുടങ്ങുന്ന സമയത്താണ് ഞാൻ അരമതിലിന് മുകളിലൂടെ ജൂണിന്റെ വീട്ടിലേക്ക് എത്തിച്ചുനോക്കിയത്..കൃത്യമായും അവളപ്പോൾ വീടിനുപിറകിൽ പ്രത്യക്ഷപെട്ടു..പെട്ടെന്ന് തോന്നിയ ഒരാവേശത്തിന് അരമതിൽ ചാടി ജൂണിനടുത്തെത്തിയപ്പോഴാണ് മനസ്സിലായത് ആസമയത്ത് അവിടെ  അവൾ ഒറ്റക്കാണ് എന്നത്…

അന്ന് കൊതുകുവലക്കുള്ളിലെ പാറ്റഗുളികയുടെ മണമുള്ള ബെഡ്ഷീറ്റിൽ ജൂണിന്റെ കഴുത്തിൽ മുഖം ചേർത്തുവെച്ചു ഉടൽപിണഞ്ഞു കിടക്കുമ്പോൾ ജീവിതത്തിലാദ്യമായി പെണ്ണുടലിന്റെ അളവുകൾ അറിയുകയായിരുന്നു, പെണ്ണിന്റെ സൗന്ദര്യം അറിയുകയായിരുന്നു…

പിറ്റേന്ന് രാവിലെ ഗ്വാളിയോറിനോട് സലാം പറഞ്ഞു പുറപ്പെടുമ്പോൾ ആ യാത്രയിൽ ആദ്യമായി ഞാൻ റോഡരുകിലുള്ള കാഴ്ചകൾ കൺകുളിർക്കെ കണ്ട് ആസ്വദിച്ചു…മഴപെയ്യുന്നതും,  മഞ്ഞുപെയ്യുന്നതും, മരം പെയ്യുന്നതും ഞാൻ കണ്ണാലെ കണ്ടു…പ്രകൃതി ഇത്ര മനോഹരിയാണെന്ന് ജൂണിനെ തേടിയുള്ള ആ യാത്രക്കിടയിലാണ് ഞാൻ മനസ്സിലാക്കിയത്…

മറ്റുബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ മുൻപോട്ടുകുതിച്ചുകൊണ്ടിരുന്ന ആ യാത്രക്ക് ‘ഗാസിയാബാദിൽ ‘വെച്ച് പെട്ടെന്നൊരു തടസ്സം നേരിടേണ്ടിവന്നു…

ഉത്തർപ്രദേശിലെ ഒരു ചെറിയ നഗരമാണ് ‘ഗാസിയാബാദ് ‘… അന്ന്  ഇരുട്ട് വീഴുന്നതോടുകൂടി ആ വലിയ തെരുവിൽനിന്നും ആളുകൾ പതിയെ അപ്രത്യക്ഷമായിതുടങ്ങി..തെരുവോരങ്ങളിലെ കടകളിൽ അന്നത്തെ കച്ചവടം മതിയാക്കി അടച്ചുപൂട്ടി..ഗൂഗിൾമാപ്പ് നോക്കിയപ്പോൾ എന്റെ അന്നത്തെ താമസസ്ഥലം എത്താൻ ഇനിയും  നാല്പതു കിലോമീറ്റർ കൂടി പിന്നിടണം..ആക്‌സിലേറ്ററിൽ പിടിത്തം മുറുകിയപ്പോൾ ബുള്ളറ്റ് ക്ഷീണം കുടഞ്ഞെറിഞ്ഞു മുന്നോട്ട് കുതിച്ചു…

അല്പദൂരം ഓടിക്കഴിഞ്ഞു പെട്ടെന്നൊന്നു പതുങ്ങി അവൻ..പിന്നെ എഞ്ചിൻ നിശ്ചലമായി..ചൂട് കൂടി എഞ്ചിൻ ഓഫായതാകും എന്ന് കരുതി പതിനഞ്ചുമിനിറ്റോളം വെറുതെ നിന്നെങ്കിലും അതിനു ശേഷവും ബുള്ളറ്റ് സ്റ്റാർട്ട്‌ ആയില്ല..അറിയാവുന്ന ഭാഗങ്ങൾ എല്ലാം പരിശോധിച്ചപ്പോളും അവിടെയൊന്നും ഒരു കുഴപ്പവും കണ്ടില്ല..ഇനീപ്പോ എന്ത്‌ചെയ്യും..? ഇരുട്ടിന് കനം കൂടിവരുന്നു..വർക്ക്ഷോപ്പ് എവിടെങ്കിലും ഉണ്ടോ എന്ന് ചോദിക്കാൻ പോലും റോഡിൽ ഒരാളെയും കാണുന്നില്ല..തീർത്തും വിജനം…

അങ്ങനെ നിരാശനായി നിൽക്കുമ്പോഴാണ് ഒരു ചെറിയ പ്രകാശം പതിയെ അടുത്തേക്ക് വരുന്നത് കണ്ടത്..സൂക്ഷിച്ചു നോക്കിയപ്പോൾ സൈക്കിൾ ചവിട്ടി ഒരു വൃദ്ധൻ വരുന്നത് കണ്ടു..പ്രായർദ്ധക്യം കൊണ്ടാകണം സൈക്കിളിന്റെ പെഡൽ ചവിട്ടി തിരിക്കാൻ ആ ശോഷിച്ചകാലുകൾക്ക് ആരോഗ്യം പോരാ എന്ന് തോന്നിച്ചു..

വർക്ക്ഷോപ്പിനെ കുറിച്ച് വൃദ്ധനോട് തിരക്കണോ എന്ന ആലോചനയിൽ നിൽക്കുമ്പോൾ ബുള്ളെറ്റിനടുത്തായി അയാൾ സൈക്കിൾ നിർത്തി..

ചോദ്യഭാവത്തിൽ അയാൾ എന്നെ നോക്കിയപ്പോൾ ഞാൻ വണ്ടി പെട്ടെന്ന് ഓഫായ കാര്യം പറഞ്ഞു..സൈക്കിളിൽ നിന്നും ഇറങ്ങിയ ആ വയസ്സൻ ബുള്ളറ്റിന്റെ എൻജിന്റെ അടുത്തായി കുത്തിയിരുന്നപ്പോൾ ഞാൻ ഉള്ളിലൊന്നു പുച്ഛിച്ചു… “ഇത് സൈക്കിൾ അല്ല കാർന്നോരെ.. “

പുള്ളിക്കാരൻ നേരെ പെട്രോൾടാങ്കിനടിയിലേക്ക് കൈനീട്ടി സിലിണ്ടറിനു മുകളിൽനിന്നും സ്പാർക്ക് പ്ലഗ്ഗ് വലിച്ചു ഊരിയെടുത്ത്‌ പരിശോധിച്ചപ്പോൾ ഞാനൊന്ന് അമ്പരന്നു.. “ഇങ്ങേര് ആള് കൊള്ളാമല്ലോ.. “

അയാൾ പിന്നീട് ചെയ്തതാണ് എന്നെ ഞെട്ടിച്ചുകളഞ്ഞത്..

സൈക്കിളിനു പിറകിലെ ചെറിയബാഗിൽ നിന്നും ഒരു റൂൾപെൻസിൽ എടുത്തുകൊണ്ടുവന്ന് വായ്കൊണ്ട് കടിച്ചു അതിന്റെ അഗ്രം കൂർപ്പിച്ചു, അതിനു ശേഷം ആ റൂൾപെൻസിലിന്റെ നീണ്ടുനിൽക്കുന്ന ആ കറുത്ത തുമ്പ് സിലിണ്ടറിനു മുകളിലെ സ്പാർക്ക് പ്ലഗ്ഗിന്റെ തള്ളിനിക്കുന്ന നോമ്പിൽ മുട്ടിച്ചു പിടിച്ചു…

“ഒന്ന് സ്റ്റാർട്ട് ആക്കിക്കേ “

പതിഞ്ഞ ശബ്ദത്തിൽ ആ വയസ്സൻ അത്‌ പറഞ്ഞപ്പോൾ ഞാൻ വാ പൊളിച്ചു പോയി..കംപ്രഷൻ കളഞ്ഞ് കിക്കറിൽ കാലമർത്തിയപ്പോൾ അവനതാ ജീവൻവെച്ചു മുരണ്ടുതുടങ്ങി…

“ഇത്.. ഇതെങ്ങനെ സ്റ്റാർട്ട്‌ ആയി…? ആ റൂളിന്റെ തുമ്പിന് എന്താണ് പ്രത്യേകത..?” എന്നൊക്കെ ഞാൻ വൃദ്ധനോട് ചോദിച്ചെങ്കിലും മറുപടി പറയാതെ അയാൾ സൈക്കിളിൽ കയറി ആഞ്ഞു ചവിട്ടി ഇരുട്ടിലേക്ക് മറഞ്ഞു…

പിറ്റേന്ന് അതിരാവിലെതന്നെ തുടങ്ങിയ യാത്ര അന്ന് ഏറെ വൈകിയെങ്കിലും അവസാനം ‘കസോളിൽ’ ചെന്നാണ് അവസാനിപ്പിച്ചത്…

ഹിമാചൽപ്രദേശിലെ ഒരു കുഗ്രാമമായിരുന്നു “കസോൾ..”

എന്നിരുന്നാലും വിനോദസഞ്ചാരികൾക്ക് ഇഷ്ട്ടപെട്ട പ്രദേശമായിരുന്നു അവിടം..

ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്ത കസോളിലേക്ക് ലോക്കൽ ടാക്സികളിൽ ആയിരുന്നു സഞ്ചാരികൾ എത്തികൊണ്ടിരുന്നത്..മനോഹരമായ ഭൂപ്രകൃതിയും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കസോളിലെ ജനങ്ങളുടെ സാക്ഷരത കേവലം 5% മാത്രമായിരുന്നു..

അവിടെ പാർവതിനദി തീരത്തിനടത്തു വെട്ടുകല്ലുകൊണ്ട് നിർമിച്ച ഒരു ഗസ്റ്റ്ഹൗസ് ഞാൻ ആ രാത്രി താമസിക്കാനായി തിരഞ്ഞെടുത്തു..ഇളംചൂടുള്ള വെള്ളത്തിൽ കുളികഴിഞ്ഞപ്പോൾ വല്ലാത്ത വിശപ്പ് അനുഭവപെട്ടു…തൊട്ടടുത്തുള്ള ദാബയിൽ ചൂട് ഭക്ഷണം കിട്ടുമെന്നറിഞ്ഞു അങ്ങോട്ട് തിരിച്ചപ്പോൾ അവിടെ നിറയെ ആളുകളും ബഹളവും..

അവിടെ നാട്ടുകാർചേർന്ന് ഒരു മത്സരം നടത്തുകയായിരുന്നു..കുറേ തടിമാടൻമാർ ആയിരുന്നു ആ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്..ആൾക്കൂട്ടത്തിനുള്ളിലേക്ക് ഞാനൊന്ന് എത്തിനോക്കിയപ്പോൾ കാര്യം പിടികിട്ടി…നമ്മുടെ നാട്ടിലെ ‘പഞ്ചഗുസ്തി ‘ അത് തന്നെയാണ് അവിടെ നടക്കുന്നതും..

അവിടെയുള്ള മിക്കവരുടെയും കയ്യിൽ ഓരോ കുപ്പിയുണ്ടായിരുന്നത് ഞാൻ ശ്രദ്ധിച്ചു..ഇടക്കിടെ അതിലുള്ള ദ്രാവകം സേവിച്ചുകൊണ്ട് അവർ ആക്രോശിക്കുന്നു..അതിനെകുറിച്ച് കൂടുതൽ തിരക്കിയപ്പോഴാണ് കസോളിലെ  ‘കാന്ത’ എന്നറിയപ്പെടുന്ന മ ദ്യമാണത്രെ അത്..

അവിടുത്തെ ‘ടോഷ്’ താഴ്‌വരയിൽ കാണപ്പെടുന്ന ‘കാന്ത’ എന്ന് പേരുള്ള ബ്രഹ്മിപോലൊരു ചെടിയുടെ നീരും ഇളംനെല്ലും മുളനെല്ലും ചേർത്ത് വാ റ്റിയെടുക്കുന്നതു കൊണ്ടാണത്രേ ആ മ ദ്യത്തിന് ‘കാന്ത’ എന്ന പേര് വന്നത്…

പുറത്ത് പെയ്യുന്ന മഞ്ഞിന്റെ തണുപ്പിനെ ചെറുക്കാനായി രണ്ട് ഗ്ലാസ്‌ ‘കാന്ത’ തൊണ്ടകുഴിയിലൂടെ ഇറക്കിയപ്പോൾ ആകെയൊരു ഉഷാറായി..

കയറുകൊണ്ട് ഇഴനെയ്ത കട്ടിലിൽ അങ്ങനെ കുത്തിയിരിക്കുമ്പോഴാണ് ഒന്നുരണ്ടുപേർ എന്നെ ശ്രദ്ധിക്കുന്നതുപോലെ തോന്നിയത്..അടുത്തനിമിഷം തന്നെ അരികിലേക്കുവന്ന്  അവർ ഹിന്ദിയിൽ സംസാരിച്ചുതുടങ്ങി..

എന്റെ ശരീരശാസ്ത്രം കണ്ടിട്ടാവണം അവിടെനടക്കുന്ന പഞ്ചഗുസ്തി മത്സരത്തിലേക്ക് ക്ഷണിക്കുകയാണ് അവർ..കാന്തയുടെ ല ഹരിയിൽ ഞാൻ തടിച്ചുകൂടി ആർപ്പ് വിളിക്കുന്ന ആളുകൾക്കിടയിലൂടെ മത്സരസ്ഥലത്തെത്തി..

മേശക്കപ്പുറം നിന്ന എതിരാളി അതിശക്തനാണെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി..കുപ്പായം ധരിക്കാത്ത അവന്റെ കൈകളിലെ ഉരുണ്ട മാംസപേശികളിലൂടെ വിയർപ്പ് ഒലിച്ചിറങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു…

എന്റെ കൈപ്പത്തിയിൽ അയാളുടെ വീതിയേറിയ കൈപ്പത്തി ചേർത്തുപൂട്ടിയപ്പോൾ തന്നെ ഞാൻ ആ കൈയുടെ ബലമറിഞ്ഞു..സർവ്വശക്തിയുമെടുത്തുകൊണ്ട് അയാളുടെ കൈയിൽ എന്റെ കൈചേർത്ത് ഇടത്തോട്ട് താഴ്ത്താൻ ശ്രമിച്ചപ്പോൾ അതിന്റെ പതിന്മടങ്ങു ശക്തിയിൽ എന്റെ കൈപ്പത്തിയെ ഞെരിച്ചുകൊണ്ട് എതിരാളിയുടെ കൈ വലതുഭാഗത്തേക്ക് താഴ്ന്നു..

ഞാൻ തോൽക്കുകയാണ്..മിക്കവാറും തോൽവിക്കൊപ്പം എന്റെ കൈതണ്ടയും ഈ കാ ളകൂറ്റൻ ഒടിച്ചിരിക്കും…

ഒരു നിമിഷം മനസിലേക്ക് ബിജാപൂരിലെ ട്രെയിനിങ് ക്യാമ്പ് കടന്നുവന്നു..നൂറ്റിനാൽപ്പതു കിലോമീറ്ററോളം റൈഫിളും താങ്ങി നടന്നതും, വെറും നിലത്തു മണ്ണിൽ ടാർപോളിൻ വിരിച്ചു കിടന്നുറങ്ങിയതും, ഡ്യൂട്ടി കഴിഞ്ഞു തിരിച്ചെത്തി നനഞ്ഞ ബൂട്ട് ഊരുമ്പോൾ അതിനുള്ളിൽ മണൽതരികൾ കയറി കാലിനടിയിലെ തൊലി അടർന്നുപോയതുമെല്ലാം ഓർമ്മവന്നു..

പിന്നെയൊരു ആവേശമായിരുന്നു…മുൻപിലിരുന്ന ഭീ കരന്റെ വലതുകൈ മേശയിലേക്ക് ചേർത്തടിക്കുമ്പോൾ ഞാൻ ഉച്ചത്തിൽ അലറി എന്നാണ് പിന്നീട് അറിഞ്ഞത്…

സിരകളിൽ കാന്തയുടെ ല ഹരിയുമായി ഞാൻ പാർവതിനദിയുടെ തീരത്തേക്ക് വേച്ചു നടന്നു..കുറച്ചകലെയുള്ള താഴ്‌വരയിൽ കൊച്ചുകുടിലുകളിൽ അപ്പോഴും വെളിച്ചം അണഞ്ഞിട്ടുണ്ടായിരുന്നില്ല…അതിൽ ഒരു കുടിലിൽ ജൂണും ഉണ്ടാവണം എന്നേയും കാത്ത് ഉറങ്ങാതെ…

“ജൂൺ..ഞാനിതാ വന്നിരിക്കുന്നു..അഞ്ചുവർഷങ്ങൾക്ക് ശേഷം കാതങ്ങൾക്കപ്പുറത്തുനിന്നും നിന്നെയും തേടി..”

പിറ്റേന്ന് രാവിലെ കാര്യങ്ങൾ സുഖമമായിരുന്നു..തലേദിവസം ഞാൻ നടത്തിയ അഭ്യാസപ്രകടനം കണ്ടിട്ടാവണം ദാബയിൽ നിന്നും പ്രഭാതഭക്ഷണം റൂമിലെത്തി..

ഭക്ഷണത്തിനിടയിൽ ഞാൻ കാര്യങ്ങൾ എല്ലാം അറിഞ്ഞുകൊണ്ടേയിരുന്നു..വർഗ്ഗീസ് എന്നൊരു വരത്തനും മകളും താഴ്‌വരയിലെ ഒരു കുടിലിൽ താമസിക്കുന്നുണ്ടെന്നും, അയാളെ കുറച്ചുനാളായി പുറത്തേക്കൊന്നും കാണാനില്ല എന്നും ഭക്ഷണം കൊണ്ടുതന്ന പയ്യൻ എനിക്ക് പറഞ്ഞുതന്നു..

ആ കുഞ്ഞ് കുടിലിന്റെ മുൻപിലെത്തിയപ്പോൾ ഞാനൊന്ന് നിന്നു…

അകത്തുനിന്നും ശബ്ദമൊന്നും കേൾക്കാതായപ്പോൾ തലകുനിച്ചു ഉള്ളിലേക്ക് കയറിനോക്കി…സൗകര്യങ്ങൾ വളരെകുറവായിരുന്നു അവിടെ..പൊട്ടിപൊളിഞ്ഞ തറയും സിമെന്റ് തേക്കാതെ വിണ്ടുകീറിയ ചുമരുകളും ശ്രദ്ധപതിപ്പിക്കാതെ എന്റെ കണ്ണുകൾ ഒന്നിനെ മാത്രം തിരഞ്ഞുകൊണ്ടിരുന്നു..അപ്പോഴാണ് അയാൾ ചുമരിൽ ശരീരം താങ്ങിനിർത്തികൊണ്ട് അങ്ങോട്ട്‌ വേച്ചു വേച്ചു കടന്നുവന്നത്..

‘ഹെഡ്കോൺസ്റ്റബിൾ വർഗ്ഗീസ് ‘…

അയാളെ തിരിച്ചറിയാൻ എനിക്ക് ഒന്നുരണ്ട് നിമിഷങ്ങൾ വേണ്ടിവന്നു..പഴയ തടിമിടുക്കെല്ലാം പോയി ഷേവ് ചെയ്യാത്ത കവിളുകളും, നരച്ച താടി രോമങ്ങളുമുള്ള, ക്ഷീണിച്ചു അവശനായ ഒരു രൂപം..

കണ്മുൻപിൽ കൂനിനിൽക്കുന്ന ആ മനുഷ്യനോട് എനിക്കപ്പോൾ യാതൊരു വെറുപ്പും തോന്നിയില്ല, മറിച്ചു അയാളെ വെല്ലുവിളിച്ചതുകൊണ്ട് മാത്രമാണ് ഇന്നത്തെ നിലയിലെത്തിയതെന്ന് ഞാൻ നന്ദിയോടെ ഓർത്തു..

“ആരാ..? “

ഏതോ ഗുഹയിൽനിന്നും വരുന്നതുപോലെ തോന്നിച്ച ആ ചോദ്യത്തിന് ഞാൻ മറുപടി കൊടുത്തില്ല…

പെട്ടെന്ന് പിറകിൽനിന്നൊരു ചലനം കേട്ട് തിരിഞ്ഞപ്പോൾ അവളെ കണ്ടു…

തേങ്ങൽ അടക്കിപിടിക്കാൻ പാടുപെട്ട് ചുമരിൽ ചാരി തളർന്നു നിൽക്കുന്ന ജൂണിനെ..

ദുർബലമായ ആ കൈകളിൽ കൈ ചേർത്തപ്പോൾ അവളൊന്ന് കുതറി..എണ്ണമയമില്ലാത്ത മുടിയിഴകളിൽ ചുംബിച്ചു ഞാനവളെ മാറോടു ചേർത്തപ്പോൾ അവൾ എന്നോട് ചേർന്നുനിന്നു..ആ കണ്ണുനീരിന്റെ ചൂട് ഞാനെന്റെ ഹൃദയത്തിൽ ഏറ്റുവാങ്ങി..

വെള്ളമണൽ നിറഞ്ഞ പാർവതി നദീതീരത്തിലൂടെ അന്ന് രാത്രി എന്നേയും ജൂണിനെയും വഹിച്ചുകൊണ്ട് ആ ബുള്ളറ്റ് സാവധാനം നീങ്ങുമ്പോൾ ആകാശം നിറയെ ആയിരക്കണക്കിന് കുഞ്ഞുനക്ഷത്രങ്ങൾ ഞങ്ങളെ നോക്കി കണ്ണുചിമ്മുന്നുണ്ടായിരുന്നു…

~Sai Bro (22.11.2018)