രണ്ട് പെണ്ണുങ്ങൾ…
എഴുത്ത്: ദേവാംശി ദേവ
===============
“മോൾക്ക് നിങ്ങൾ എന്ത് കൊടുക്കും..”
അരുണിന്റെ അമ്മയുടെ ചോദ്യം കേട്ട് മാളവിക അച്ഛൻ ജയചന്ദ്രനെ നോക്കി..അവിടെ നിറഞ്ഞ പുഞ്ചിരി ആയിരുന്നു..
“എന്താ നിങ്ങൾ പ്രതീക്ഷിക്കുന്നത്..”
“ഞങ്ങളുടെ മോൾക്ക് നൂറ് പവനും ഒരു ഡസ്റ്റർ കാറും പത്ത് ലക്ഷം രൂപയുമാണ് കൊടുത്തത്”
അടുത്തിരുന്ന മകൾ അനുപമയെയും മരുമകൻ സുജിത്തിനെയും നോക്കി അഭിമാനത്തോടെ അവർ പറഞ്ഞു..
“അതിന്റെ പകുതിയെങ്കിലും അരുണിന് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.” അരുണിന്റെ അച്ഛൻ പറഞ്ഞു..
“എന്തിനാ പകുതി..അത് മുഴുവൻ തരാൻ ഞങ്ങൾ തയാറാണ്..ഞങ്ങളുടെ മകളുടെ ഭാവിക്ക് വേണ്ടിയല്ലേ..” ജയചന്ദ്രന്റെ വാക്കുകൾ കേട്ട് അരുണിന്റെ അച്ഛന്റെയും അമ്മയുടെയും മുഖം നയൻ വൺ സിക്സ് സ്വർണം പോലെ തിളങ്ങി..
“നിങ്ങളുടെ മകനെന്ത് കൊടുക്കും.” അടുത്ത സെക്കൻഡിൽ ജയചന്ദ്രന്റെ മറുചോദ്യത്തിൽ അവരുടെ മുഖം ചുളിഞ്ഞു..
“അല്ല..ഒരു കച്ചവടമാകുമ്പോൾ കണക്കൊക്കെ കൃത്യം ആകണ്ടേ..ഞങ്ങളുടെ മകൾക്ക് കൊടുക്കുന്നത് ഞങ്ങൾ പറഞ്ഞു..ഇനി നിങ്ങളുടെ മകന് കൊടുക്കുന്നത് നിങ്ങൾ പറഞ്ഞോളൂ..”
“അവനെന്ത് കൊടുക്കാൻ..അവനൊരു ആണല്ലേ..”
“അതിനെന്താ…ദാമ്പത്യ ജീവിതത്തിൽ ആണിനും പെണ്ണിനും തുല്യ അവകാശം അല്ലെ..”
“അവന് നല്ല വിദ്യാഭ്യാസമുണ്ട്..ജോലിയുമുണ്ട്..പിന്നെന്ത് വേണം.”
“അതിപ്പോ എനിക്കും ഉണ്ടല്ലോ..അരുണിനോളം വിദ്യാഭ്യാസവും അരുണിനെപോലെ നല്ലൊരു ജോലിയും എനിക്കുണ്ട്.” മാളവികയാണ് മറുപടി പറഞ്ഞത്.
“മുതിർന്നവർ സംസാരിക്കുന്നിടത്ത് കുട്ടി എന്തിനാ അഭിപ്രായം പറയുന്നത്..ഇങ്ങനെ ആണോ പെൺകുട്ടികളെ വളർത്തുന്നത്..ഞങ്ങളുടെ മോള് ഇതുപോലെയൊന്നും സംസാരിക്കില്ല..”
“അവളുടെ ജീവിതം അല്ലെ..അതിൽ തീരുമാനമെടുക്കാൻ എന്നെക്കാളും അവകാശം അവൾക്ക് തന്നെയാണ്..പെൺകുട്ടിയാണെന്ന് കരുതി അടുക്കളയിൽ ഒളിക്കേണ്ട കാര്യമെന്താ..അഭിപ്രായങ്ങൾ തുറന്നു പറയാൻ നിങ്ങളുടെ മോനെ പോലെ മോൾക്കും സ്വാതന്ത്രമുണ്ട്..അത് മനസ്സിലാക്കാത്തത് നിങ്ങളാണ്..”
“കൂടുതൽ തർക്കത്തിനൊന്നും ഞങ്ങൾക്ക് താല്പര്യം ഇല്ല..പെണ്ണിന് ഇരുപത്തൊൻപത് വയസ്സുണ്ടെന്ന് അറിഞ്ഞിട്ടും ഈ വിവാഹത്തിന് താൽപ്പര്യം കാണിച്ചത് നല്ല കുടുംബം ആണെന്ന് കരുതിയ..”
“ഇരുപതിയൊൻപത് വയസ്സിന് എന്താ അങ്കിൾ കുഴപ്പം..പഠിത്തം പൂർത്തിയാക്കി ജോലിയും കിട്ടിയ ശേഷം മതി എനിക്ക് വിവാഹം എന്ന് ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു..അവർ സമ്മതിച്ചു..Psc എഴുതി ജോലി കിട്ടി വന്നപ്പോൾ എനിക്ക് വയസ്സ് ഇരുപത്തിയൊൻപത്..പിന്നെ കുടുംബം…എന്റെ കാഴ്ചപ്പാടിൽ എന്റെ കുടുംബത്തിനൊരു പ്രശ്നവുമില്ല..നിങ്ങൾക്ക് പ്രശ്നമായി തോന്നുന്നെങ്കിൽ അത് നിങ്ങളുടെ കണ്ണിന്റെ കുഴപ്പമാണ്..”
“പെൺകുട്ടികൾ അന്യ കുടുംബത്തിൽ പോയി ജീവിക്കേണ്ടവർ ആണ്..അവരെ അടക്കവും ഒതുക്കവും പഠിപ്പിക്കണം..എന്റെ മോള് ഇന്നുവരെ അവളുടെ അമ്മാവന്റെയോ അമ്മായിയുടെയോ മുഖത്തുനോക്കി ഇതുപോലെ ചോദ്യം ചെയ്തിട്ടില്ല..അങ്ങനെയാ ഞങ്ങൾ അവളെ വളർത്തിയത്..”
“തെറ്റിനെതിരെ പ്രതികരിക്കാനും ശരിയെ അഭിനന്ദിക്കാനും ആണ് ഞാനെന്റെ മോളെ പഠിപ്പിച്ചേക്കുന്നത്..”
“ഇങ്ങനെയാണെങ്കിൽ മോള് കെട്ടാചരക്കായി ഇവിടെ നിന്നുപോകത്തെയുള്ളു..”
“നിന്നോട്ടെ…ഞങ്ങളുടെ മോൾക്ക് പ്രായം കൂടുംതോറും അവൾ ഞങ്ങളുടെ മകൾ അല്ലാതാകില്ലല്ലോ..അവൾക്ക് വേണ്ടത് ഒരു പങ്കാളിയാണ്..ഒരു കൂട്ട്..അല്ലാതെ അവളെ നിയത്രിക്കാനും കെട്ടിയിടാനും ഒരു യജമാനനെ അല്ല..എന്ത് വിലകൊടുത്തും മറ്റൊരാളുടെ തലയിലേക്ക് കെട്ടിവയ്ക്കാൻ അവൾ ഞങ്ങൾക്കൊരു ഭാരവുമല്ല..എല്ലാത്തിലുമുപരി വിവാഹമാണ് ഒരു പെൺകുട്ടിയുടെ ജീവിതം എന്നൊരു തോന്നലും ഞങ്ങൾക്കില്ല…അവൾക്ക് ഉയർന്ന് പറക്കാനും ഉയരങ്ങൾ കീഴടക്കാനും ഒരുപാടുണ്ട്..
അവളെ കെട്ടിയിടുന്ന ഒരാളെയോ പറത്തി വിടുന്നൊരാളെയോ അല്ല അവൾക്ക് വേണ്ടത്..കൂടെ പറക്കാനും ഇടക്ക് ചിറകുകൾ തളരുന്നു എന്ന് തോന്നുമ്പോൾ താങ്ങാവാനും ഒരു കൂട്ടാണ് വേണ്ടത്..”
“ഇങ്ങനെയൊക്കെ ഇപ്പൊ പറയും. ഒടുവിൽ കിട്ടുന്നത് ഇതിനൊക്കെ വിപരീതമായൊരുത്തനെ ആയിരിക്കും..അവന്റെ കാൽച്ചുവട്ടിൽ തീരും മോളുടെ ജീവിതം..”
“കിട്ടുന്നവൻ എങ്ങനെയുള്ളവൻ ആണെന്ന് നമുക്ക് കവടി നിരത്തി കണ്ടുപിടിക്കാൻ പറ്റില്ലല്ലോ..പക്ഷെ ഭർത്താവിന്റെ കാൽച്ചുവട്ടിൽ തീരേണ്ടതല്ല പെണ്ണിന്റെ ജീവിതമെന്ന് പഠിപ്പിക്കുന്ന അച്ഛനും അമ്മയും ഉള്ളിടത്തോളം കാലം ഒരു കാൽ ചുവട്ടിലും അവളെ തളക്കാൻ പറ്റില്ല..”
ജയചന്ദ്രൻ പറഞ്ഞു നിർത്തിയതും അനുപമ എഴുന്നേറ്റുനിന്ന് കൈയ്യടിച്ചു..
“അനു…”
“അമ്മയെന്നെ തടയണ്ട..ഞാൻ പറയും…മാളവികയുടെ അച്ഛൻ പറഞ്ഞതൊക്കെ സത്യം ആണ്..നീയൊരു പെൺകുട്ടിയാണ് അടങ്ങി ഒതുങ്ങി വളരണം എന്ന് അമ്മയെന്നെ പഠിപ്പിച്ചു..പക്ഷെ എന്റെ സ്വപ്നങ്ങളോ മോഹങ്ങളോ അമ്മ ചോദിച്ചറിഞ്ഞില്ല..ഡിഗ്രി കംപ്ലീറ്റ് പോലും ചെയ്യാൻ അനുവദിക്കാതെ ഏതോ ജ്യോൽസ്യൻ വിധിച്ച ജാതക ദോശത്തിന്റെ പേരിൽ അച്ഛനെനിക്കൊരു വരനെ കണ്ടെത്തിയപ്പോൾ ഞാൻ കരഞ്ഞ് കാല് പിടിച്ച് പറഞ്ഞതാണ് എനിക്ക് പഠിക്കണമെന്ന്..
അന്ന് അച്ഛൻ പറഞ്ഞത്…നീ പഠിച്ചിട്ട് എന്തിനാ…അന്യ കുടുംബത്തിൽ പോയി ജീവിക്കേണ്ടത് അല്ലെ…സുജിത്തിന് വിദ്യാഭ്യാസവും ജോലിയും ഉണ്ടല്ലോ ഇന്ന്..ജോലിയും വരുമാനവും ഇല്ലാത്ത ഞാൻ ഇന്നും ഒരു ഇന്നർ വെയർ വാങ്ങാനോ സാനിറ്ററി നാപ്കിൻ വാങ്ങാനോ ഭർത്താവിന്റെയും അയാളുടെ മാതാപിതാക്കളുടെയും മുന്നിൽ കൈ നീട്ടി നിൽക്കേണ്ടി വരുന്നു”
“അനു മതി പറഞ്ഞത്..”
“ഇല്ല സുജിത്തേട്ടാ..ഞാൻ പറയും… ഇത് എനിക്ക് കിട്ടിയൊരു അവസരമാണ്..
ഓരോ പ്രാവശ്യം നിങ്ങൾ സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞു വരുമ്പോൾ നിങ്ങൾ ചോദിക്കുന്ന കാശ് തന്ന് സഹായിക്കുന്ന എന്റെ ആങ്ങള ഒരിക്കൽ പോലും എന്നോട് നിനക്ക് അവിടെ സുഖമാണോ എന്ന് ചോദിച്ചിട്ടില്ല..സൂര്യനുദിക്കും മുന്നേ തുടങ്ങുന്ന ജോലിയാണ് ഇരുട്ടിയാലും തീരില്ല..കൂട്ടത്തിൽ അമ്മായി അമ്മയുടെയും അമ്മായി അച്ഛന്റെയും കുറ്റപ്പെടുത്തലുകൾ..നാത്തൂൻമാരുടെ തരംതാഴ്ത്തലുകൾ..
അമ്മ പറഞ്ഞല്ലോ എന്റെ മോള് ഭർത്താവിന്റെ മാതാപിതാക്കളോട് ഒരു വാക്കുപോലും തിരിച്ച് പറയില്ലെന്ന്..
പേടിയാണ് അമ്മേ…പ്രതികരിക്കാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്..പക്ഷെ പേടിയാണ്..കാരണം… ഒരിക്കൽ പോലും പ്രതികരിക്കാൻ നിങ്ങൾ എന്നെ പഠിപ്പിച്ചിട്ടില്ല..അമ്മയുടെയും അച്ഛന്റെയും വാക്ക് കേട്ട് ഈ മനുഷ്യൻ എന്നെ പ ട്ടിയെ പോലെ തല്ലി ചതക്കുമ്പോൾ എല്ലാം ഇട്ടെറിഞ്ഞ് അമ്മയുടെ നെഞ്ചിലേക്ക് ഓടിയണയാൻ എത്രയോ വട്ടം കൊതിച്ചിട്ടുണ്ട്..എല്ലാം പറയാനായി ഓടി വരുമ്പോളും ഉപദേശങ്ങൾ മാത്രമാണ് അമ്മ തന്നിട്ടുള്ളത്..ഭർത്താവിനെ അനുസരിച്ച് ജീവിക്കണമെന്നും കുടുംബത്തിന്റെ അഭിമാനം കളയരുതെന്നും..
സ്വന്തം മകളുടെ ജീവനും ജീവിതത്തിനുമപ്പുറം എന്ത് അഭിമാനമാണ് അമ്മേ ഉള്ളത്..പത്തു രൂപ കൊടുത്ത് വാങ്ങുന്ന അലക്ക് സോപ്പിന് പോലും പ്രതീക്ഷിച്ച ഗുണമുണ്ടോ എന്ന് നോക്കുന്ന നിങ്ങൾ ഇത്രയും പണം കൊടുത്തൊരു ജീവിതം വാങ്ങി തന്നിട്ടും അതിൽ ഞാൻ സന്തോഷവതിയാണോ എന്ന് അന്വേഷിച്ചിട്ടുണ്ടോ..
മാളവിക..നീ ഭാഗ്യവതിയാണ്…നിന്നെ മനസ്സിലാക്കുന്ന നിന്റെ ആഗ്രഹങ്ങൾക്ക് കൂടെനിൽക്കുന്ന വളർച്ചയിലും തളർച്ചയിലും നിന്നെ ചേർത്തു പിടിക്കുന്ന നിന്റെ കുടുംബമാണ് നിന്റെ ഭാഗ്യം..
എനിക്കില്ലാതെ പോയതും അതുതന്നെയാണ്..”
അനുപമ പുറത്തേക്കിറങ്ങി നടക്കുമ്പോൾ മറ്റൊരു കുടുംബത്തിന് മുന്നിൽ തന്റെ മകൾ കാരണം ഉണ്ടായ നാണക്കേട് മാത്രമായിരുന്നു ആ കുടുംബത്തിന്റെ മനസ്സിൽ..
കാലം മാറിയാലും മറില്ലെന്ന് ഉറപ്പിച്ച ചില ജന്മങ്ങൾ…
സ്വന്തം ദേവ❤️❤️❤️