കുറവ്…
Story written by Reshja Akhilesh
================
“കുട്ടിയുടെ കുറവുകൾ ഒന്നും എനിക്ക് വിഷയല്ല.ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. പറയുമ്പോൾ എനിക്കും കുറവുകൾ ഉണ്ടല്ലോ…അതുകൊണ്ട് നമുക്ക് ഒരു അഡ്ജസ്റ്റ്മെന്റിൽ ജീവിക്കാം…”
“അതെയോ.”
“എന്താ വിശ്വാസം ആവുന്നില്ലേ…”
“ഏയ് എനിക്ക് വിശ്വാസകുറവൊന്നുല്ല്യ…പക്ഷേ താല്പര്യം ഇല്ല.”
“താല്പര്യം ഇല്ലെന്നോ…ഇത്രയും നല്ലൊരു പ്രൊപോസൽ നിനക്കു ഈ ജന്മം കിട്ടോ…”
“എന്താ എനിക്കൊരു കുറവ് “
“ഹും എന്താ കുറവെന്നോ…ഒരു പെണ്ണിന് വേണ്ട എന്താ നിനക്കു ഉള്ളത്…രാത്രിയിൽ ആരോ ക ടിച്ചു കീ റി എല്ലാം നഷ്ടപ്പെട്ട പെണ്ണല്ലേ നീ…എന്നിട്ട് കുറവില്ല പോലും…”
ശ്യാമിലി എന്ന ശ്യാമയെ പെണ്ണ് കാണാൻ വന്നതായിരുന്നു പ്രകാശ്. മുറ്റത്തിറങ്ങി സംസാരിക്കുകയായിരുന്നു പ്രകാശും ശ്യാമയും. പ്രകാശിന്റെ ശബ്ദം ഉയരുന്നത് കേട്ട് ഉമ്മറത്ത് സംസാരിച്ചു കൊണ്ടിരുന്ന ശ്യാമയുടെയും പ്രകാശിന്റെയും മാതാപിതാക്കൾ അവരുടെ അടുത്തേയ്ക്ക് ചെന്നു.
“എന്താ മോനെ…എന്തിനാ നീ ഒച്ചയിടണേ…”
“എന്താന്നോ…പാവം അല്ലേ…ഒരു ജീവിതം കൊടുക്കാം എന്ന് കരുതിയപ്പോൾ അവൾക്ക് അഹങ്കാരം.”
“എന്താ മോളെ ശ്യാമേ…നീയെന്താ ഇങ്ങനെ നമ്മുടെ കുറവുകൾ മനസ്സിലാക്കി പെരുമാറിക്കൂടെ നിനക്കു ” ശ്യാമയുടെ അമ്മ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു പതിയെ അവളുടെ കാതോരം പറഞ്ഞു.
“അമ്മയോടും അച്ഛനോടും ഞാൻ ഒരായിരം തവണ പറഞ്ഞിട്ടുള്ളതാ ഇതുപോലെ വേഷം കെട്ടാൻ എനിക്ക് താല്പര്യം ഇല്ലെന്ന്. എനിക്ക് കുറവുകൾ ഉണ്ടോ ഇല്ലയോ എന്നല്ല ഇവിടുത്തെ പ്രശ്നം…നിങ്ങൾ കണ്ടു പിടിച്ചു കൊണ്ട് വന്ന ഈ മനുഷ്യന് എന്തു യോഗ്യതയാ ഉള്ളതെന്ന…ഭാര്യയെ തല്ലിക്കൊ ന്നതിന് ജയിലിൽ കിടന്നതാണോ ഇയാളുടെ യോഗ്യത…ഒരു കുറ്റവാളിയും ഒരു ഉറുമ്പിനെ പോലും അറിഞ്ഞു കൊണ്ട് വേദനിപ്പിക്കാത്ത ഞാനും തമ്മിൽ എന്തു ചേർച്ചയാണ് നിങ്ങൾ കാണുന്നതെന്ന് മനസ്സിലാകുന്നില്ല.”
ശ്യാമ ഉച്ചത്തിൽ ദേഷ്യപ്പെട്ടു.
“വാ മോനെ…നമുക്ക് പോകാം…അഹങ്കാരം കണ്ടില്ലേ പെണ്ണിന്റെ. നില മറന്ന് സംസാരിക്കുന്ന ഒരു പെണ്ണിനെ നമുക്ക് വേണ്ട…നിന്നെക്കെട്ടാൻ രാജകുമാരൻ വരും. കാത്തിരുന്നോ…”
പ്രകാശും അയാളുടെ കൂടെ വന്നവരും ശ്യാമയെ കുറ്റപ്പെടുത്തി കാറിൽ കയറിപ്പോയി.
ശ്യാമ അച്ഛനെയും അമ്മയെയും തറപ്പിച്ചു നോക്കി വീടിനുള്ളിലേക്ക് പോയി. മുറിയിൽ പുസ്തകം വായിച്ചു കൊണ്ടിരുന്ന ശ്യാമയുടെ അടുത്തേയ്ക്ക് അമ്മ വന്നു.
“ടീ…നിന്നെക്കൊണ്ട് ഞങ്ങൾ അല്ലെങ്കിലേ നാണം കെട്ട് ഇരിക്കാ…അതിന്റെ കൂടെ നിന്റെ ഓരോ തോന്നിവാസം…”
“ഞാൻ ആണോ അമ്മേ തോന്നിവാസം കാണിക്കുന്നത്…നിങ്ങളല്ലേ…മകൾക്ക് കണ്ടു പിടിച്ചു കൊണ്ടു വന്ന ബന്ധം കൊള്ളാം…എനിക്ക് കല്ല്യാണം കഴിക്കണേ എന്ന് പറഞ്ഞ് നിങ്ങളെ ഞാൻ ബുദ്ധിമുട്ടിക്കുന്നൊന്നും ഇല്ലല്ലോ പിന്നെന്തിനാ എന്നോടിങ്ങനെ ദ്രോഹം…എന്തോ പറഞ്ഞല്ലോ ഞാൻ നിങ്ങളെ നാണം കെടുത്തിയെന്ന്…അത് എങ്ങനെയാണെന്ന് കൂടി പറയാമോ…”
“നീ മാത്രം അല്ല ഞങ്ങള്ക്ക് മകളായിട്ട് ഉള്ളത്…നിന്റെയോ ഭാവി തുലഞ്ഞു…ഇനി താഴെ ഉള്ളവളുടെ എങ്കിലും ജീവിതം നന്നായിക്കോട്ടെ എന്ന് വെയ്ക്കുമ്പോൾ നീ…ആരാണോ ഇതിനെല്ലാം കാരണക്കാരൻ അവൻ വന്ന് കെട്ടിക്കോളാം എന്ന് പറഞ്ഞപ്പോൾ അന്നും നിനക്കു അഹങ്കാരം…ഇന്നും അതെ അഹങ്കാരം…നീ ഞങ്ങളെ മാനം മര്യാദയ്ക്കു ജീവിക്കാൻ സമ്മതിക്കില്ലാലെ…”
“നന്നായിട്ടുണ്ട് അമ്മേ…ഒരേ ഒരുകാര്യം ചോദിച്ചോട്ടെ…ശാലിനി മോള് എന്നും സ്കൂളിൽ പോയി വരുന്ന വഴി അവളെ ഒരു പേ പ്പട്ടി കടിച്ചാൽ അവളെ കൊണ്ടു പോയി ഇൻജെക്ഷൻ എടുപ്പിക്കുമോ അതോ ആ പ ട്ടിയുടെ കൂടെ കെട്ടിച്ചു വിടുമോ…കഷ്ട്ടം…അയാൾ കാരണം ഞാൻ രണ്ടു മാസം ആണ് മാനസികമായും ശാരീരികമായും തളർന്നു ആശുപത്രിയിൽ കിടന്നത്…കേസും കൂട്ടവും ആയി പോയാൽ വീണ്ടും നാണക്കേട് ആണെന്ന് പറഞ്ഞു വിഷം കഴിക്കാൻ വരെ തയ്യാറായി നിന്നിട്ടാ എന്നെക്കൊണ്ട് ആളെ തിരിച്ചറിഞ്ഞില്ല…എന്നെല്ലാം പറഞ്ഞ് കേസ് തേച്ചു മായ്ച്ചു കളഞ്ഞത്…കേസ് കൊടുത്താലൊന്നും അവന് ശിക്ഷ കിട്ടില്ലെന്ന് എനിക്കും തോന്നി…എന്നിട്ടിപ്പോ ആ ദ്രോഹിയെ പുണ്യാളൻ ആക്കി പറയുന്നു…ശ്ശേ…”
ശ്യാമിലി നിന്നു ജ്വലിച്ചു.
“ഭാരതി…നീയിങ്ങു പോരെ…അവൾക്ക് കുറച്ചു സമാധാനം കൊടുക്ക്.”
“മോളോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല മോളെ…ഈ നാട്ടില് ജീവിക്കുമ്പോൾ ഇങ്ങനെ ആയെപ്പറ്റു…മോളെ മനസ്സിലാക്കാഞ്ഞിട്ടല്ല…മോൾടെ ഇഷ്ട്ടം പോലെ…ഇനി അമ്മയും അച്ഛനും ഒന്നിനും നിർബന്ധിക്കില്ല.”
അമ്മ കണ്ണുനീര് ഒപ്പിക്കൊണ്ട് മുറി വിട്ടു പോയി.
********************
“നീ ഇവളെത്തന്നെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്ന് അല്ലേടാ…നിന്റെ ചേട്ടന്റെ മരണത്തിനു കാരണം ഇവളാ…ഈ പെണ്ണിനെ നീ കെട്ടി കൊണ്ടു വന്നാലോ എന്ന് പേടിച്ചാ നിന്റെ ചേട്ടൻ ജീവനൊടുക്കിയത്…”
“ഏട്ടൻ ആത്മഹത്യ ചെയ്തത് ഏട്ടന്റെ കുറ്റബോധം കൊണ്ടാണ്…അല്ലാതെ ഇവൾ എന്തു ചെയ്തിട്ടാ…അനിയൻ സ്നേഹിക്കുന്ന പെണ്ണാണെന്ന് അറിഞ്ഞിട്ടോ അറിയാതെയോ…എങ്ങനെയാണെങ്കിലും ഒരു പെൺകുട്ടിയുടെ മേല് അവളുടെ അനുവാദം ഇല്ലാതെ കൈവെയ്ക്കുന്നതും ഉപദ്രവിക്കുന്നതും എത്ര നീചമാണ്…ഇവളുടെ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് ഇവളും ഞാനും കേസ് കൊടുക്കാതിരുന്നത്…ഇനി കേസ് കൊടുത്താലും വലിയ കാര്യം ഒന്നും ഇല്ലല്ലോ…വാദിയെ പ്രതിയാക്കാൻ കുറച്ചു പണം മതിയല്ലോ…അന്നിവളും മറ്റുള്ളവരെ അഭിമുഖീകരിക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല…കേസിനു പോയി ചേട്ടനെ നിയമത്തിന് മുൻപിൽ കൊണ്ടു വരാൻ ശ്രമിക്കാഞ്ഞിട്ടല്ല…അതായിരുന്നു വേണ്ടതും. സാധാരണ മനക്കട്ടി ഇല്ലാത്ത പെൺകുട്ടികൾ ആയിരുന്നെങ്കിൽ ചേട്ടൻ തൂങ്ങിയാടിയത് പോലെ ഇവളും…അമ്മ ഒരു അമ്മയുടെ സ്ഥാനത്ത് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്…അമ്മയും ഒരു സ്ത്രീയല്ലേ…അമ്മയ്ക്കിവളെ ഈ വീട്ടിലേക്ക് സ്വീകരിയ്ക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞങ്ങൾ ഇവിടുന്ന് മാറിക്കോളാം…”
ജീവനും ശ്യാമയും പത്താം ക്ലാസ്സ് മുതൽ കൂട്ടുകാരായിരുന്നു. പിന്നീടെപ്പോഴോ അത് പ്രണയമായി മാറി. ഡിഗ്രിയും അവർ ഒരുമിച്ചു തന്നെ ആയിരുന്നു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ സന്തോഷത്തോടെ നടക്കേണ്ടിയിരുന്ന ഒരു വിവാഹമായിരുന്നു ജീവന്റെയും ശ്യാമയുടെയും…
ല ഹരിയുടെ മത്തു പിടിപ്പിക്കുന്ന ലോകത്ത് വിരാചിച്ചുകൊണ്ടിരുന്ന ജീവന്റെ ഏട്ടന്റെ മുൻപിലേക്ക് ശ്യാമ എന്ന പെൺകുട്ടി എത്തിപ്പെട്ടപ്പോൾ അയാൾ ഒരു വേട്ടക്കാരനും ശ്യാമ ഒരു ‘ഇരയും’ ആയി മാറി.
ക്രൂ രമായ ഒരു അപകടം സംഭവിച്ചു എന്നതിനപ്പുറം അത് അവളുടെ അഭിമാനത്തോടെയുള്ള ജീവിതത്തിന്റെ അന്ത്യമെന്ന നിലയിൽ ജീവൻ ഒഴികെയുള്ള എല്ലാവരും അതിനെ കണ്ടു.
ആദ്യമെല്ലാം സഹതാപത്തോടെ ജീവിതം നൽകാൻ തയ്യാറായി നിൽക്കുന്ന ഒരു കാമുകനെ തന്നെയായിരുന്നു ശ്യാമ കണ്ടത്. എല്ലാവരുടെയും സഹതാപ തരംഗങ്ങൾ അവളെ അപകർഷതയിലേക്ക് നയിച്ചിരുന്നു. പിന്നീട് ജീവൻ തന്നെയാണ് അവൾക്ക് അവൾക്ക് കരുത്ത് പകർന്നതും. എല്ലാം നഷ്ട്ടപ്പെട്ടവളല്ല ഇനിയും എന്തെല്ലാമോ നേടാൻ ഉള്ളവളെന്ന് അവളും തിരിച്ചറിഞ്ഞു. അവന്റെ ജീവിത സഖിയായി അവൾ കൂടെക്കൂടി…
ആക്രമിക്കപ്പെടുന്ന പെൺകുട്ടികൾ പരിശുദ്ധി ഇല്ലാത്തവരായി മാറപ്പെടുകയല്ല അവരെ അങ്ങനെ ആക്കി തീർക്കാൻ ആർക്കെല്ലാമോ ഉത്സാഹമാണ്. അത് തിരിച്ചറിഞ്ഞ ആ നിമിഷമായിരുന്നു അവളുടെ ജീവിതം മാറ്റി മറിച്ചത്. മറ്റാരുടെയോ തെറ്റിന് ജീവിതകാലം മുഴുവൻ ഇരയുടെ പരിവേഷം അണിഞ്ഞു സഹതാപതരംഗങ്ങളിൽ മുക്കി കളയാൻ ഉള്ളതല്ല അവളുടെ ഭാവിയെന്ന് അവൾ ഉറപ്പിച്ചു. ദുരഭിമാനത്തിന്റെയോ അപകർഷതാബോധത്തിന്റെയോ കണികകൾ ഏതുമില്ലാതെ അവർ പരസ്പരം സ്‌നേഹിച്ചു.
അന്ന് പ്രകാശിന്റെ അമ്മ പരിഹസിച്ചു പറഞ്ഞതാണെങ്കിലും അവരുടെ വാക്കുകൾ സത്യമായി ഭവിച്ചു. ശ്യാമയ്ക്കു കിട്ടിയത് ഒരു രാജകുമാരനെ തന്നെയായിരുന്നു.
“കുറവുകളെ പ്രണയിച്ച രാജകുമാരനല്ല…കുറവുകൾ ഇല്ലെന്ന ബോധത്തോടെ പ്രണയിച്ച രാജ കുമാരൻ”
~രേഷ്ജ അഖിലേഷ്
(വായിച്ചു മടുത്ത വിഷയം ആണെന്ന് അറിയാം. എഴുത്തിലൂടെ പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ ആവശ്യപ്രകാരം ആയിരുന്നു ഈ കഥ. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം…)