തർപ്പണം…
Story written by Sebin Boss
=============
”ഇത് നിങ്ങളൊണ്ടാക്കിയ ചെറ്റപ്പുരയല്ല. എന്റെ പേരിൽ എന്റെ മകൻ വാങ്ങിയ വീടാ. മകൻ വന്നെന്നറിഞ്ഞപ്പോൾ കേറി വന്നിരിക്കുന്നു ഉളുപ്പില്ലാതെ….നാണമുണ്ടോ മനുഷ്യാ നിങ്ങൾക്ക് ? ”’
അകത്തുനിന്നും അമ്മയുടെ ആക്രോശവും അച്ഛന്റെ അടക്കിപ്പിടിച്ച സ്വരവും കേട്ടപ്പോൾ ശരത് ഒരുനിമിഷം നിന്ന ശേഷം രണ്ടാംനിലയിലേക്കുള്ള പടവുകൾ കയറി..
”എന്റെയോർമ വെച്ചനാൾ മുതൽ ഇങ്ങനെയാ…താനിതൊന്നും ശ്രദ്ധിക്കേണ്ട ”
സ്റ്റെയറിന് മുകളിൽ സ്റ്റെല്ലയെ കണ്ടതും അവനൊരു ചമ്മിയ ചിരി ചിരിച്ചു
”ഹ്മ്മ് … ”.സ്റ്റെല്ല ഒന്ന് മൂളിയിട്ട് അകത്തേക്ക് നടന്നു.
”ആഹാ….മോൻ എണീറ്റോ ? മോളെന്തിയെ…ബാത്റൂമിലാനോ ?”’
”എന്റെ കുഞ്ഞിനെ തൊട്ട് പോകരുത്..ഇറങ്ങുവെളിയിൽ ”
തൊട്ടിലിൽ കണ്ണ് തുറന്നുകിടന്ന മോനെ എടുക്കാൻ നോക്കിയതും സ്റ്റെല്ല ശരത്തിന് നേരെ കൈ ചൂണ്ടി അലറി
”സ്റ്റെല്ലേ..നീ..നീയെന്ന ഇങ്ങനെ…നിനക്കെന്നാ പറ്റി ?”’ അതുവരെയില്ലാത്ത സ്വഭാവം സ്റ്റെല്ലയിൽ കണ്ടതും ശരത് ആകെ പകച്ചു .
”എന്നാ..എന്നാ മോനെ…മോളെ എന്നാ പറ്റി ”’
ബഹളം കേട്ട് ഓടി വന്ന സരസ്വതിയമ്മ കോപാകുലയായി നിൽക്കുന്ന സ്റ്റെല്ലയെ കണ്ടു പരിഭ്രാന്തയായി
അവർക്ക് പിന്നിൽ നിസ്സംഗതയോടെ.ശരത്തിന്റെ അച്ഛൻ ഉണ്ണികൃഷ്ണനും ഉണ്ടായിരുന്നു
”മോനെ…എന്നതാടാ..എന്നാ പറ്റിയെ ?”
”എനിക്കറിയില്ല..കുഞ്ഞിനെ ഞാനൊന്ന് എടുക്കാൻ വന്നപ്പോഴേക്കും സ്റ്റെല്ല …. ”’
”തൊട്ടുപോകരുതെന്നല്ലേ പറഞ്ഞത് ”’
ശരത് എന്താണ് സംഭവിച്ചതെന്ന് കാണിക്കാനായി വീണ്ടും കുഞ്ഞിനെ എടുക്കാൻ ആഞ്ഞതും സ്റ്റെല്ല വീണ്ടും ശരത്തിന് നേരെ കൈചൂണ്ടി അലറി
‘മോളെ..നീ എന്നാ ഇങ്ങനെ…നിന്റെ കെട്ടിയോൻ അല്ലെ…ഈ കുഞ്ഞുങ്ങളുടെ അച്ഛൻ അല്ലെ അവൻ ”
സരസ്വതിയമ്മ സ്റ്റെല്ലയെ സമാധാനിപ്പിക്കാൻ എന്നപോലെ അവളുടെ തോളിൽ കൈ വെച്ചതും സ്റ്റെല്ല ആ കൈ തട്ടിത്തെറിപ്പിച്ചു പുറകോട്ട് മാറി
”കയ്യെടുക്ക് ത.ള്ളേ ദേഹത്ത് നിന്ന് ”’
സ്റ്റെല്ല പറഞ്ഞതും സരസ്വതീയമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി
”’സ്റ്റെല്ലേ…ഞാൻ…ഞാൻ എന്ത് ചെയ്തു..നമ്മുടെ കുഞ്ഞല്ലേ ഇത്. എനിക്ക് എടുക്കാൻ അവകാശമില്ലേ ?”’
ശരത്തും കരയുന്ന വക്കിലെത്തിയിരുന്നു
”നമ്മുടെ കുഞ്ഞോ…കുഞ്ഞിന് ജന്മം നൽകിയാൽ അച്ഛനാകുമോ…ഇതെന്റെ കുഞ്ഞാണ്. ഞാൻ നൊന്തുപ്രസവിച്ചു വളർത്തിയ എന്റെ കുഞ്ഞ്. താനിതുവരെ ഈ കുഞ്ഞുങ്ങൾക്ക് ഒരുടുപ്പ് എങ്കിലും വാങ്ങിക്കൊടുത്തിട്ടുണ്ടോ ? ഒരു മിട്ടായി എങ്കിലും ? ”
”സ്റ്റെല്ലേ…നീ കൂടി പറഞ്ഞിട്ടല്ലേ ഞാൻ ജോലിക്ക് പോകാത്തത് ? ക്യാനഡയിൽ സെർവന്റിനെ കിട്ടാൻ പാടാണെന്നും സാലറി എല്ലാംകൂടി നോക്കുമ്പോ കുഞ്ഞിനെ നോക്കാൻ ഒരാൾ ജോലി വേണ്ടന്ന് വെക്കുന്നതാണെന്നും നിനക്ക് സാലറി കൂടുതലായത് കൊണ്ട് ഞാൻ പിള്ളേരെ നോക്കാമെന്നും നമ്മളോരുമിച്ചല്ലേ തീരുമാനിച്ചത് ?” ശരത്തിന് തന്റെ നിസ്സഹായാവസ്ഥ കൊണ്ട് ഒന്നും പറയാനാവുന്നില്ലായിരുന്നു
”ഇപ്പൊ പിന്നെ നീയെന്താ ഇങ്ങനെ പറയുന്നേ ? എന്റെ കുഞ്ഞുങ്ങൾ..എന്റെ മക്കളെ എനിക്കുവേണം ” ശരത് കരഞ്ഞുകൊണ്ട് തൊട്ടിലിൽ നിന്ന് മോനെ കോരിയെടുത്തുമ്മവെച്ചു
”ഓഹ്…നൊന്തോ ശരത്തിന് ?…ജോലിക്കൊന്നും പോകാതെ , അച്ഛൻ കൂലിപ്പണിയെടുത്തുകൊണ്ട് വരുന്ന പൈസ കൊണ്ട് നിങ്ങളെ വളർത്തിവലുതാക്കി എന്ന് പറയുന്ന അമ്മക്ക് അച്ഛനോട് ഇറങ്ങി പോകാൻ പറയാമെങ്കിൽ ജോലിയെടുത്തു കുടുംബം പുലർത്തുന്ന എനിക്ക് പറഞ്ഞുകൂടേ ?”
സ്റ്റെല്ല അത് പറഞ്ഞതും സരസ്വതിയമ്മയുടെ മുഖം കടലാസുപോലെ വിളറി
”’മോളെ..ഞാൻ…അങ്ങേര് ഇതുവരെ…” സരസ്വതിയമ്മ എന്തോ പറഞ്ഞ് തന്റെ ഭാഗം ന്യായീകരിക്കാൻ നോക്കിയതും സ്റ്റെല്ല അവരെ കയ്യെടുത്തു വിലക്കി.
”അമ്മെ…അമ്മ എന്ന പദം പൂർണമാകണമെങ്കിൽ അച്ഛൻ എന്ന പദം കൂടി ചേരണം. അല്ലെങ്കിൽ വെറും സ്ത്രീയും പുരുഷനുമാകുന്നതേയുള്ളൂ. ഒരു പുരുഷൻ തന്റെ സ്നേഹം സ്ത്രീക്ക് പകുത്തുനൽകി അത് പൂർണതയിലെത്തി അവരുടെ സ്നേഹം ഒരു കുഞ്ഞായി മാറുമ്പോഴാണ് സ്ത്രീയുടെയും പുരുഷന്റെയും നിർവചനം മാറി അച്ഛൻ അമ്മ എന്നാകുന്നത്. അച്ഛനൊരുപക്ഷെ നിങ്ങളോട് സ്നേഹം പ്രകടിപ്പിക്കാൻ ആവുന്നില്ലായിരിക്കാം. പക്ഷെ ആ സ്നേഹമാണ് വെയിലത്തും മഴയത്തും പണിയെടുത്ത് നിങ്ങൾക്കുള്ള അന്നമായി മാറുന്നത് ”’
”ഭർത്താവും ഭാര്യയും ജോലിക്ക് പോയാലാണിക്കാലത്ത് ഒരുകുടുംബം കഴിയൂ. അതിലൊരാൾക്ക് ജോലിയില്ലന്ന് കരുതിയാൽ കുത്തുവാക്കുകൾ കൊണ്ട് നോവിക്കുകയല്ല വേണ്ടത്. പണം സമ്പാദിക്കുന്നത് പോലെ തന്നെ അദ്ധ്വാനം നിറഞ്ഞതാണ് കുടുംബം നോക്കുന്നതും…അച്ഛനിതുവരെ നിങ്ങൾക്ക് ചിലവിന് തന്നതിനെ പറ്റി കണക്ക് പറഞ്ഞിട്ടുണ്ടോ? ഇന്ന് അമ്മയുടെ മകന് പണമുണ്ടായപ്പോൾ ഇതുവരെ കഴിഞ്ഞത് ഈ നിൽക്കുന്ന ഒരാളുടെ മാത്രം അധ്വാനം കൊണ്ടായിരുന്നുവെന്ന് അമ്മ മറന്നു. ഒരുപക്ഷെ ജോലിഭാരം കൊണ്ട് അച്ഛൻ അമ്മയെ സഹായിച്ചിട്ടില്ലായിരിക്കാം. ഒരു നല്ലവാക്ക് പറഞ്ഞിട്ടില്ലായിരിക്കാം…അത് കൊണ്ടൊക്കെയാകും അമ്മ തന്റെ സങ്കടങ്ങൾ ദേഷ്യമായി പ്രകടിപ്പിച്ചതും”’
””ശരത് ക്ഷമിക്കണം…ഞാനിതുവരെ നിങ്ങളോട് ഇതുവരെ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല…ശരത് പിള്ളേരെ നോക്കുന്നത്കൊണ്ടാണ് ഞാൻ ജോലിക്ക് പോകുന്നത് തന്നെ ..”
”സ്റ്റെല്ലേ….ഞാൻ ” സ്റെല്ലയങ്ങനെ പറഞ്ഞതും ശരത്തിന്റെ മുഖം അൽപം തെളിഞ്ഞു
”ശരത് പറഞ്ഞല്ലോ അവർ തമ്മിൽ പണ്ടേ അങ്ങനെ ആണെന്ന് .അതിന്റെ കാരണം എന്തെന്ന് അന്വേഷിച്ചിട്ടുണ്ടോ? അങ്ങനെ ഒന്നും പറയരുതെന്ന് പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടോ ? ശരത്തെ …ഈ അച്ഛൻ പണിയെടുത്തിട്ടാണ് നീ പഠിച്ചതും തുടർപഠനത്തിനായി കാനഡയിൽ ഒരു കോഴ്സിന് വന്നത്. എന്നിട്ട് അവിടെ പീ ആർ കിട്ടാതെ നാട്ടിലേക്ക് തിരിച്ചുപോരണമല്ലോ എന്നോർത്ത് വിഷമിച്ചു നടന്ന സമയത്താണ് നമ്മൾ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും….ഞാൻ ശരത്തിനെ വിവാഹം കഴിച്ചത് നിങ്ങളുടെ സൗന്ദര്യം കണ്ടിട്ടൊന്നുമല്ല….സഹതാപം കൊണ്ടുമല്ല…നിങ്ങൾ വളർന്നത് ഞാൻ ജനിച്ച ഈ മണ്ണിലായത് കൊണ്ട് മാത്രമാണ്. എന്നെ ദത്തെടുത്തവർക്ക് കേരളത്തെക്കുറിച്ചും ഇവിടെയുള്ളവരുടെ സ്നേഹത്തെക്കുറിച്ചും പറയാനേ നേരമുണ്ടായിരുന്നുള്ളൂ….ഒരു മലയാളി പെണ്ണായി അവരെന്നെ വളർത്തിയതും അതുകൊണ്ടാകാം. ശരത്തിനെ വിവാഹം കഴിക്കുമ്പോൾ എനിക്കൊരു അച്ഛനെയും അമ്മയെയും കൂടികിട്ടുമല്ലോ എന്ന സന്തോഷമായിരുന്നു…മതമോ രാജ്യമോ ഒന്നും വകവെക്കാതെ നീ എന്നെ വിവാഹം കഴിച്ചത് ക്യാനഡയിൽ നിനക്കൊരു നില നിൽപ്പിനായിരുന്നുവെന്നു ഞാനിന്ന് ഓർത്തുപോകുന്നു ശരത്തെ ”’
”സ്റ്റെല്ലാ..ഞാൻ അങ്ങനെയൊന്നും … ”’ ശരത്തിന്റെ ശബ്ദം മുറിഞ്ഞു
”വേണ്ട….അല്ലായിരുന്നുവെങ്കിൽ നീ ഇന്ന് നിന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചിരുന്നേനെ…പകരം ഞാൻ എന്ത് വിചാരിക്കുമെന്ന് കരുതി നീ എന്നെ അവിടെ നിന്ന് മാറ്റാൻ നോക്കി. ഞാൻ അറിയുന്നത് നിനക്ക് നാണക്കേടായിരിക്കും. വിവാഹം കഴിഞ്ഞേഴ് വർഷങ്ങൾ ആയിട്ടും നീ ഇങ്ങോട്ട് വരാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്കിപ്പോൾ മനസിലായി ശരത്തെ…ഒറ്റമുറി വീട്ടിലേക്ക് എന്നേം മക്കളേം കൊണ്ട് വരാൻ നിനക്ക് ലജ്ജയായിരുന്നിരിക്കും. പക്ഷെ നിന്റെയച്ഛന്റെ വിയർപ്പ് കൊണ്ടുണ്ടാക്കിയ ആ ഒറ്റമുറിവീട്ടിലാണ് നീ ജനിച്ചതും വളർന്നതും…നിന്റെ ഓരോ അണുവിലും അച്ഛന്റെ വിയർപ്പിന്റെ മണമുണ്ട്…ഇന്ന് അമ്മ അച്ഛനോട് ഇറങ്ങി പോകാൻ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാത്ത നീ നാളെ എന്നോടും അതേപോലെ ചെയ്യില്ലെന്നാര് കണ്ടു ?”’
ശരത്തിന്റെ മുഖം കുനിഞ്ഞു
”നീ അമ്മയുടെ പേർക്ക് വാങ്ങിയ ഈ വീട് എന്റെ അധ്വാനത്തിന്റെ ഫലമാണ്. ഞാൻ നിന്റെയമ്മയെ ഇറക്കിവിട്ടാൽ നിനക്കെത്രമാത്രം വേദനിക്കും ? പക്ഷെ ഞാനത് ചെയ്യില്ല. നടക്കാൻ പഠിച്ചപ്പോൾ മുതൽ സ്വന്തംകാലിൽ നിൽക്കാൻ തുടങ്ങിയതാണ് ഞാൻ. പതിനഞ്ചാം വയസ് മുതൽ സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയ എനിക്ക് പണത്തിന്റെ മൂല്യവും സ്നേഹത്തിന്റെ ആഴവും നന്നായി അറിയാം. അമ്മയെ ക്യാനഡക്ക് കൊണ്ടുപോയാൽ കുഞ്ഞിന്റെ അടുത്താളാകും നിനക്ക് ജോലിക്കും പോകാമെന്ന് പറഞ്ഞു നീ വിസക്ക് അപ്ലൈ ചെയ്തല്ലോ ശരത്തെ. അവിടെ ചെന്നിട്ട് കുഞ്ഞിനെ നോക്കിയിട്ട് വെറും വീട്ട് വേലക്കാരിയെപോലെ ഞാൻ ശമ്പളം കൊടുത്താൽ അമ്മക്ക് എത്രമാത്രം നൊമ്പരമുണ്ടാകും. അമ്മയായാണ് ആദ്യ ഗുരു. മക്കൾക്ക് വിദ്യാഭ്യാസം മാത്രം നൽകിയാൽ പോരാ…അച്ഛനോടും സഹോദരങ്ങളോടും സമൂഹത്തിലുള്ളവരോടും പെരുമാറാൻ പഠിപ്പിക്കണം, കൂടുമ്പോൾ ഇമ്പമാകുന്നതാണ് കുടുംബം. കുടുംബം നന്നായാലേ സമൂഹവും നന്നാകൂ ””’
””അച്ഛാ…അച്ഛന്റെ മകന്റെ ഭാര്യയാണ് ഞാൻ. സ്വത്തോ പദവിയോ നോക്കിയാണ് ഞാൻ വിവാഹം കഴിച്ചിരുന്നെങ്കിൽ ഞാൻ ശരത്തിനെ വിവാഹം കഴിക്കുമായിരുന്നില്ല. ഞാൻ അവനെ കാണുമ്പോൾ ഒരു ജോലിപോലുമുണ്ടായിരുന്നില്ല. അന്നവൻ പറഞ്ഞത് നിങ്ങളുടെ കഷ്ടപ്പാടുകളെ പറ്റിയായിരുന്നു. അവന്റെ കണ്ണുകളിൽ ഞാൻ കണ്ടത് നിങ്ങളോടുള്ള സ്നേഹമായിരുന്നു. പക്ഷെ ആ സ്നേഹമിന്ന് ഞാനിവിടെ കാണുന്നില്ല. ഇവിടെ നീയും ഞാനും മാത്രമാണ് ഉള്ളത്. അത് നമ്മൾ ആകണമെങ്കിൽ നമ്മുടെ കൂടെ അച്ഛനും ഉണ്ടാകണം. അങ്ങനെയുണ്ടെങ്കിൽ മാത്രം ഞാൻ ഇവിടെക്കുള്ളൂ ഇനി..അച്ഛാ..വാ…നമുക്കിറങ്ങാം. ആ ചെറ്റപ്പുരയിൽ ഇതിലും സ്നേഹമുണ്ടെങ്കിൽ എനിക്ക് അതാണ് സ്വർഗ്ഗം ”
സ്റ്റെല്ല പറഞ്ഞു നിർത്തിയതും ശരത്തിന്റെ അച്ഛൻ അവളുടെ കൈ പിടിച്ചു
“”പോകാം മോളെ…നമ്മൾ തനിച്ചല്ല…ഇവരെയും കൊണ്ട്. ഇപ്പോൾ മോള് പറഞ്ഞപോലെ നീയോ ഞാനോ നിങ്ങളോ ഇല്ല….നമ്മളാണ് ഉള്ളത് ”’
”പക്ഷെ അച്ഛാ….അമ്മയോ ശരത്തോ ഒന്നും പറഞ്ഞില്ലല്ലോ അവരുടെ തീരുമാനം ”
സ്റ്റെല്ല ഉണ്ണികൃഷ്ണനെ നോക്കി .
”അമ്മ കരയുന്നത് കാണുന്നില്ലേ മോളെ നീ…ശെരിക്കും കരയുവാ അവൾ. ഉള്ള് വേദനിച്ചിട്ട് തന്നെയാ ”
”കണ്ടോ അമ്മെ…സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലാരിക്കും..പക്ഷെ അമ്മേടെ മുഖം മനസിലാക്കി ഓരോന്നും ചെയ്യുന്നത് കണ്ടോ….ഇതാണ് അച്ഛൻ .”’
അപ്പോഴേക്കും നിറഞ്ഞ കണ്ണുകളോടെ നിന്ന സരസ്വതിയമ്മയെ ഉണ്ണികൃഷ്ണൻ നെഞ്ചോട് ചേർത്തിരുന്നു…
~സെബിൻ ബോസ്