മറ്റ് സ്റ്റാഫുകളെല്ലാം പോയി കഴിഞ്ഞപ്പോൾ അവൾ മാനേജരുടെ റൂമിലേക്ക് കടന്ന് ചെന്നത്….

Story written by Saji Thaiparambu

===============

ഓഫീസിൽ നിന്ന് വന്ന ബാലസുധ തന്റെ ബാഗ് ടീപ്പോയിലേക്ക് വലിച്ചെറിഞ്ഞിട്ട് സെറ്റിയിൽ മാറി തളർന്നിരുന്നു.

അവൾ വല്ലാതെ വിയർക്കുണ്ടായിരുന്നു.

കുറച്ച് സമയം മുമ്പ് ഓഫീസിൽ നടന്ന സംഭവങ്ങൾ ഓർത്ത് അവൾ വീണ്ടും വീണ്ടും ഞെട്ടിവിറച്ചു.

ശനിയാഴ്ച ഒരു ലീവ് വേണമെന്ന് പറയാനായിരുന്നു, മറ്റ് സ്റ്റാഫുകളെല്ലാം പോയി കഴിഞ്ഞപ്പോൾ അവൾ മാനേജരുടെ റൂമിലേക്ക് കടന്ന് ചെന്നത്.

അയാൾ അപ്പോൾ മൊബൈൽ ഫോണിൽ കണ്ണ് നട്ടിരിക്കുകയായിരുന്നു.

“എക്സ്ക്യുസ്മി സർ, “

അത് കേട്ട് അയാൾ തല ഉയർത്തി നോക്കി.

”എന്താ ബാലേ?”

”സർ , എനിക്ക് ശനിയാഴ്ച ഒരു ലീവ് വേണമായിരുന്നു”

”അത്രേയുള്ളോ? അതിനെന്താ, എടുത്തോളു “

”താങ്ക് യു സർ, താങ്ക് യു വെരി മച്ച് ”

”ഉം, ഓകെ ഓകെ, ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും വേണം”

അതും പറഞ്ഞയാൾ അവളെ അടിമുടി നോക്കി.

ആ നോട്ടവും അർത്ഥം വെച്ചുള്ള സംസാരവും കേട്ടവൾ ചൂളിപ്പോയി.

”എന്താ സാർ, അങ്ങനെ പറഞ്ഞത് ”

”ബാല, കണ്ടിട്ടുള്ളതല്ലേ എന്റെ ഭാര്യയെ, എന്നെ പോലെ ആരോഗ്യമുള്ള ഒരു പുരുഷന് ചേർന്നതാണോ അവളുടെ ആ ഉണങ്ങിയ ശരീരം, സത്യം പറഞ്ഞാൽ ഈ ഓഫീസിൽ ബാല, ജോലിക്ക് വരാൻ തുടങ്ങിയപ്പോൾ മുതലാ, എനിക്കൊരു ഉന്മേഷമൊക്കെ വന്ന് തുടങ്ങിയത്, രാവിലെ ബാലസുധ അറ്റൻസ്റ്റൻസിൽ ഒപ്പിടാൻ വന്ന്  നില്ക്കുമ്പോഴുള്ള ബാലയുടെ ഒരു ഗന്ധമുണ്ടല്ലോ? ആ മാസ്മരികസുഗന്ധമാണ് എനിക്ക്, ഒരു ദിവസത്തെ പോസിറ്റീവ് എനർജിയുണ്ടാക്കി തരുന്നത്. “

”സർ, ഞാനൊരു ഭർതൃമതിയാണ്”

അവൾ അയാളെ ഓർമ്മിപ്പിച്ചു.

“അറിയാം അറിയാം…ആള് ഗൾഫിലാണെന്നുമറിയാം, എന്ന് വച്ച് നമ്മുടെ ആഗ്രഹങ്ങളൊക്കെ നമ്മൾ ത്യജിക്കണമെന്നുണ്ടോ?”

“സാറെന്താ പറഞ്ഞ് വരുന്നത് “

”കാര്യം ഏതാണ്ട് ബാലയ്ക്ക് മനസ്സിലായെന്ന് എനിക്കറിയാം, ഇനിയിപ്പോൾ സ്ഥലവും സമയവും കൂടി ബാല തന്നെ നിശ്ചയിച്ചാൽ മതി, എപ്പോഴാണെങ്കിലും ഞാൻ റെഡി”

ഒരു ആഭാസൻ തന്റെ ശരീരത്തെ, പങ്ക് വയ്ക്കുന്നതിനെക്കുറിച്ച് എത്ര ലാഘവത്തോടെയാണ് സംസാരിക്കുന്നത്

ഇത്രയും നികൃഷ്ടനായ ഒരാളുടെ വായിൽ നിന്നും അറപ്പുളവാക്കുന്ന വാക്കുകൾ കേട്ടിട്ടും താൻ പ്രതികരിക്കാതിരുന്നാൽ തന്റെ സത്രീത്വം അവന്റെ മുന്നിൽ അടിയറവ് വെയ്ക്കുന്നതിന് തുല്യമല്ലേ?

ഉപബോധ മനസ്സ് അവളെ മഥിച്ച് കൊണ്ടിരുന്നു.

തന്റെ സംസാരം കേട്ടിട്ടും ഒന്നും മിണ്ടാതെ നില്ക്കുന്ന ബാലയുടെ അരികിലേക്ക് അയാൾ എഴുന്നേറ്റ് വന്നു.

എന്നിട്ടവളുടെ തോളിൽ തന്റെ ഇരു കൈകളും അമർത്തിപ്പിടിച്ച് തന്നിലേക്കടുപ്പിച്ചു.

പൊടുന്നനെ ടേബിളിന്റെ മുകളിലിരുന്ന ഫ്ലവർ വേയ്സ് എടുത്ത് ബാലസുധ അയാളുടെ തലയിൽ ആഞ്ഞടിച്ചു.

ഒരലർച്ചയോടെ അയാൾ ടേബിളിന് മുകളിലേക്ക് വീഴുന്നത് കണ്ട് അവൾ അവിടുന്നിറങ്ങി വീട്ടിലേക്ക് നടന്നു.

ആലോചനയിലാണ്ടിരുന്ന അവളെ മൊബൈൽ ബെല്ലാണ് ഉണർത്തിയത്.

സുധിയേട്ടന്റെ കോളാണ്…

ഈശ്വരാ, താനെങ്ങിനെയാ, നടന്നതൊക്കെ അദ്ദേഹത്തോട് പറയുന്നത്.

പേടിച്ചാണ് അവൾ കോൾ അറ്റൻറ് ചെയ്തത്.

”ആഹ്, ബാലേ…നീ വീട്ടിലാണോ? നിന്റെ ഓഫീസിലെ മാനേജരെ ഏതോ ഒരുത്തൻ ആക്രമിച്ച്, അവിടെ ഉണ്ടായിരുന്ന പണവും കൊണ്ട് പോയെന്ന് ദേ ഇപ്പോൾ ന്യൂസിൽ കാണിക്കുന്നല്ലോ?

“ആണോ ?എങ്കിൽ ഞാനൊന്ന് ടിവി വച്ച് നോക്കട്ടെ സുധിയേട്ടാ..എന്നിട്ട് വിളിക്കാം”

അവൾ ഫോൺ കട്ട് ചെയ്തിട്ട് , ടി വി ഓൺ ചെയ്ത് വാർത്ത വച്ചു.

ഹോസ്പിറ്റലിൽ നിന്നും റിപ്പോർട്ടർ ക്യാമറയിൽ നോക്കി സെൻസേഷൻ ന്യൂസ് പറയുന്നു.

“ങ്ഹാ, രൂപേഷ് കേൾക്കുണ്ടോ ? ഇന്ന് വൈകുന്നേരം അഞ്ച് മണിയോട് കൂടിയായിരുന്നു ആക്രമണം

സ്റ്റാഫുകളെല്ലാം പോയി കഴിഞ്ഞിട്ടും, തന്റെ ജോലിയിൽ വ്യാപൃതനായിരുന്ന കമ്പനി മാനേജർ, ശ്രീ ശരത്തിനെ മുഖം മൂടി ധരിച്ചെത്തിയ ആക്രമി, ഫ്ലവർ വേയ്സ് കൊണ്ട് തലയ്ക്കടിച്ചതിന് ശേഷം, മേശയ്ക്കകത്തുണ്ടായിരുന്ന പതിനായിരത്തോളം രൂപയും, അദ്ദേഹത്തിന്റെ മൊബൈൽ ഫോണും എടുത്ത് കൊണ്ടു പോകുകയായിരുന്നു.

റിപ്പോർട്ടർ ഇത്രയും പറഞ്ഞതിന് ശേഷം ക്യാമറ നേരെ അക്രമത്തിന് ഇരയായ വ്യക്തിയുടെ നേരെ തിരിച്ചു.

തലയിൽ വലിയൊരു കെട്ടുമായി കട്ടിലിൽ കിടക്കുന്ന, അയാളുടെ കരിവാളിച്ച മുഖത്ത് പറ്റിയിരിക്കുന്ന, രക്തക്കറകൾ കോട്ടൺ കൊണ്ട് ഒപ്പിയെടുക്കുന്ന ആ മെലിഞ്ഞ സത്രീയുടെ കരഞ്ഞ് കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ ഒരു നിമിഷം ബാലസുധ കണ്ണടച്ച് പ്രാർത്ഥിച്ച് പോയി.

അയാളുടെ ജീവൻ നഷ്ടപ്പെടുത്തരുതേ എന്ന്…

എന്തായാലും അയാൾ മറ്റുള്ളവരുടെ മുന്നിൽ സ്വന്തം ഇമേജ് പോകാതിരിക്കാനായി ഒരു കള്ളക്കഥ മെനഞ്ഞത് തനിക്കും കൂടി ഗുണമായി.

ഇനി ധൈര്യമായിട്ട് സുധിയേട്ടനോട് എല്ലാം തുറന്ന് പറയാം. അല്ലെങ്കിലും അദ്ദേഹത്തിൽ നിന്നും ഒന്നും മറച്ച് വയ്ക്കുന്ന ശീലം തനിക്ക് പണ്ടേ ഇല്ലല്ലോ?

അവൾ ഉത്സാഹത്തോടെ ഫോണെടുത്ത് സുധിയെ വിളിച്ചു.

~സജിമോൻ തൈപറമ്പ്