അന്നാദ്യമായി ജീവിതത്തിലെ ഓരോ നിമിഷങ്ങളും പ്രീയപെട്ടതായി എനിക്ക് തോന്നി. മരിക്കുവാൻ ദിവസ്സങ്ങൾ…

അനിയൻ….

Story written by Suja Anup

================

“ഏട്ടനു വയ്യ, മോൻ ഒന്ന് വീട് വരെ വരണം. പനി കൂടിയതാണ്..”

ഹോസ്റ്റലിൽ വന്നതിൽ പിന്നെ വീട്ടിലേയ്ക്കു അങ്ങനെ പോകുന്നത് തന്നെ കുറവാണ്. ബിരുദത്തിനു ചേർന്നതിൽ പിന്നെയാണ് വീട്ടിൽ നിന്നും മാറി നിന്നത്‌. പണ്ടൊക്കെ മാസത്തിലൊരിക്കൽ എങ്കിലും വീട്ടിൽ പോകുമായിരുന്നൂ.

അവസാന വർഷം ആയതോടെ അതും നിന്നൂ..

“പഠിക്കുവാൻ വേണ്ടിയാണ് എന്ന് തെറ്റുധരിക്കേണ്ട. ഇനി കുറച്ചു നാളുകൾ കൂടി മാത്രമല്ലേ ഉള്ളൂ, അത് നന്നായി കൂട്ടുകാരുമൊത്തു അടിച്ചു പൊളിക്കണം. “

മമ്മിക്ക് എപ്പോഴും പരാതിയാണ് “ഞാൻ ചെന്നില്ല എന്നും പറഞ്ഞു.”

ഡാഡിയും മമ്മിയും എസ്റ്റേറ്റിൽ ആണ് ഉള്ളത്. ബിരുദാനന്ത ബിരുദം കഴിഞ്ഞതിൽ പിന്നെ ഏട്ടനും കുടെയുണ്ട്. എസ്റ്റേറ്റിലെ കാര്യങ്ങൾ നോക്കുവാൻ തന്നെ ധാരാളം ആളുകൾ വേണം.

അതിനുള്ളിൽ കയറിയാൽ പിന്നെ നഗരവുമായുള്ള ബന്ധം ഉണ്ടാവില്ല. ഏതായാലും ഒന്ന് വീട്ടിലേയ്ക്കു പോകുവാൻ ഞാൻ തീരുമാനിച്ചൂ..

****************

വീട്ടിൽ എത്തിയപ്പോൾ മാത്രമാണ് മമ്മിയും ഡാഡിയും തിരുവന്തപുരത്താണെന്നു അറിഞ്ഞത്.

പിന്നെ നേരെ അവിടേക്കു തിരിച്ചൂ. രണ്ടു മാസമായിട്ട് വീട്ടിലേയ്ക്കു ചെന്നിട്ടില്ല.

ആശുപത്രിയിൽ ചെന്നതും ഏട്ടനെയാണ് ആദ്യം അന്വേഷിച്ചത്. അവിടെ ഞാൻ കണ്ടൂ

“കണ്ണുകൾ കുഴിയിലേക്ക് താണ്ടി, അതിയായ വേദന അനുഭവിക്കുന്ന എൻ്റെ ഏട്ടൻ “

ഏട്ടനു പെട്ടെന്നെന്താണ് പറ്റിയത്….

മമ്മി ഓടിവന്നു എന്നെ കെട്ടിപിടിച്ചൂ, പൊട്ടിക്കരഞ്ഞു കൊണ്ട് മമ്മി എന്നോട് പറഞ്ഞു.

“കുറച്ചു ദിവസമായി പനി വന്നിട്ട്, വിട്ടു മരുന്നേയില്ല, അങ്ങനെയാണ് കൂടുതൽ ടെസ്റ്റുകൾ നടത്തിയത്. ഒടുക്കം എല്ലാം ഇന്നലെ സ്ഥിരീകരിച്ചൂ, ഏട്ടന് ക്യാൻസർ ആണ്. അതും അവസാനഘട്ടത്തിലേയ്ക്ക് എത്തിയിരിക്കുന്നൂ. പ്രോസ്റ്റേറ്റ് ക്യാൻസർ ആണ്. എന്ന് വേണമെങ്കിലും ഏട്ടൻ പോകാം. ഇനി ഒന്നും ചെയ്യുവാനില്ല. വേദനസംഹാരികൾ കഴിച്ചു കുറച്ചു നാൾ കൂടെ കഴിയാം.”

എനിക്ക് എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നൂ.

“കുട്ടിക്കാലത്തു എനിക്ക് എന്തിനും ഏതിനും തുണ ഏട്ടനായിരുന്നൂ. തമ്മിൽ ആറു വയസ്സ് വ്യത്യാസം ഉള്ളത് കൊണ്ട് തന്നെ അനിയൻ എന്നതിനേക്കാൾ മകൻ എന്ന രീതിയിലെ ഏട്ടൻ കണ്ടിട്ടുള്ളൂ. ഒരു വാക്കു കൊണ്ടോ നോക്ക് കൊണ്ടോ ഏട്ടൻ എന്നെ വിഷമിപ്പിച്ചിട്ടില്ല.”

ആ ഏട്ടനാണ് ഇന്ന് ഈ അവസ്ഥയിൽ കിടക്കുന്നത്….

ഏട്ടനോടൊപ്പം ഞാൻ ആശുപത്രിയിൽ നിന്നൂ…

അന്നാദ്യമായി ജീവിതത്തിലെ ഓരോ നിമിഷങ്ങളും പ്രീയപെട്ടതായി എനിക്ക് തോന്നി. മരിക്കുവാൻ ദിവസ്സങ്ങൾ ഉള്ളവന് മാത്രമേ നഷ്ടപ്പെട്ടു പോയ ഒരു നിമിഷത്തിൻ്റെ വില മനസ്സിലാകൂ.

ഏട്ടൻ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നൂ. പറയുവാൻ ഒന്നും ബാക്കി വയ്ക്കരുതെന്നു കരുതിയാവും. വേദനകൾക്കിടയിലും  ചിരിക്കുവാൻ നോക്കുന്ന ഏട്ടനെ എന്ത് പറഞ്ഞാണ് ഞാൻ ആശ്വസിപ്പിക്കേണ്ടത്.

ഏട്ടന് വിവാഹം ആലോചിചു തുടങ്ങണം എന്ന് മമ്മി തീരുമാനിച്ചിരുന്നൂ..സ്വപ്നങ്ങൾ എല്ലാം പാതിയിൽ ഇട്ടിട്ടാണ് പാവം പോകുന്നത്. മമ്മിക്കും ഡാഡിക്കും ഒന്നും താങ്ങുവാൻ ആകുമായിരുന്നില്ല.

*****************

വെറുതെ ഒന്ന് പുറത്തേയ്ക്കു പോയിട്ട് വന്നതായിരുന്നൂ ഞാൻ. മമ്മി ഏട്ടനൊപ്പം ഉണ്ടായിരുന്നൂ.

മമ്മിയാണ് പറഞ്ഞത്..

“മോനോട് അമ്മയ്ക്ക് കുറച്ചു സംസാരിക്കുവാനുണ്ട്. ഏട്ടൻ ഉറങ്ങിക്കോട്ടെ. അവനെ ശല്യം ചെയ്യേണ്ട. നമുക്ക് പുറത്തേയ്ക്കു ഇരിക്കാം…”

ദൂരെ എവിടെയോ നോക്കി കൊണ്ട് മമ്മി പറഞ്ഞു തുടങ്ങി, ഇടയ്ക്കിടയ്ക്ക് കണ്ണുനീർ തുടച്ചു കൊണ്ട് മമ്മി തുടർന്നൂ..

“മരിക്കുവാൻ കിടക്കുന്നവരുടെ അവസാനത്തെ ആഗ്രഹം നമ്മൾ സാധിച്ചു കൊടുക്കണം. അത് നമ്മുടെ കടമയാണ്. അവനു നിൻ്റെ വിവാഹം കൂടണമത്രെ. നിനക്ക് കഴിഞ്ഞ മാസം ഇരുപത്തൊന്നു ആയല്ലോ. നീ പഠിക്കുകയാണ്, എങ്കിലും എൻ്റെ മോൻ തന്നെ ആലോചിച്ചു ഒരു തീരുമാനം പറയൂ..”

ഞാൻ ആകെ പ്രശ്നത്തിൽ ആയി. ഇതുവരെ ഒന്ന് പ്രേമിച്ചിട്ടു പോലുമില്ല. കല്യാണം കഴിക്കുവാൻ വയ്യ. കഴിക്കാതിരിക്കുവാനും വയ്യ….

മുറിയിൽ ചെല്ലുമ്പോൾ ഏട്ടൻ എന്നെയും കാത്തിരിക്കുകയായിരുന്നൂ. ഏട്ടനാണ് പറഞ്ഞത്.

“നിന്നെ, ഒരു മണവാളനായി കാണണം എന്നത് എൻ്റെ മോഹമായിരുന്നൂ. അതുവരെ കാത്തിരിക്കുവാൻ എന്നെ വിധി അനുവദിക്കില്ല. ഞാൻ പോകുമ്പോൾ ആ വിടവ് നികത്തുവാൻ നിനക്ക് ഒരു കൂട്ടു വേണം. നിന്നെ തനിച്ചാക്കി പോകുവാൻ എനിക്ക് വയ്യ…”

“ഏട്ടന് പറയുവാൻ ഒരുപാടുണ്ട്. എൻ്റെ കുട്ടിക്ക് എട്ടനെ മനസ്സിലാവും. നിനക്ക് ഈ ഏട്ടൻ്റെ മനസ്സ് കാണുവാൻ സാധിക്കുന്നുണ്ടോ…?”

രാത്രിയിൽ എപ്പോഴോ എനിക്ക് തോന്നി. ഏട്ടൻ എന്തൊക്കെയോ മറയ്ക്കുന്നുണ്ട്.

പിറ്റേന്ന് എസ്റ്റേറ്റിലെ വീട്ടിൽ എത്തിയ ഞാൻ ഏട്ടൻ്റെ മുറി മൊത്തം തിരഞ്ഞു. അവിടെ ഞാൻ ആ രഹസ്യം കണ്ടെത്തി.

“ഏട്ടൻ ആരെയോ സ്നേഹിച്ചിരുന്നൂ..”

ഏട്ടൻ്റെ കലാലയത്തിലെ കൂട്ടുകാരി. അവൾ ഒരപകടത്തിൽ മരിച്ച വിവരം കൂട്ടുകാരാണ് എന്നെ അറിയിച്ചത്. പഴയതെല്ലാം മറക്കുവാനാണ് ഏട്ടൻ എസ്റെറ്റിലേയ്ക്ക് വന്നതെന്ന സത്യം ഞാൻ മനസ്സിലാക്കി.

അവളുടെ വീട്ടിൽ ഞാൻ എത്തി. അവിടെ ആരും ഉണ്ടായിരുന്നില്ല. അയല്പക്കത്തെ ആന്റിയാണ് അവളുടെ അനിയത്തിയുടെ ഹോസ്റ്റൽ വിലാസം തന്നത്.

അനിയത്തിയെ ഞാൻ ഹോസ്റ്റലിൽ പോയി കണ്ടൂ..

“രണ്ടു വർഷം മുൻപേ നടന്ന കാറപകടത്തിൽ ചേച്ചിയും അപ്പനും അമ്മയും മരിച്ചൂ. അന്നവൾ പത്താം ക്ലാസ്സിൽ പഠിക്കുന്നൂ. ക്രിസ്തുമസ് അവധിക്കു അവളെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടു പോകുവാൻ തിരക്കിട്ടു വന്നതായിരുന്നൂ അവർ.”

ഏതായാലും അവൾക്കു തുണയായി ആരുമില്ല എന്ന് മനസ്സിലായി. ജാതിയുടെയും മതത്തിൻ്റെയും വരമ്പുകൾ തകർത്തുകൊണ്ടാണ് അവളുടെ ഉപ്പയും മമ്മിയും വിവാഹം കഴിച്ചത്. അങ്ങനെ ബന്ധുക്കൾ ആരും ഇല്ലാതെയായി….

ഇടയ്ക്കൊക്കെ ഏട്ടൻ വന്നാണ് അവളെ പറ്റി അന്വേഷിച്ചിരുന്നത്. ചേച്ചിയുടെ കൂട്ടുകാരും അവളെ സഹായിക്കാറുണ്ടത്രെ.

ഏതായാലും അവളെയും കൂട്ടി ഞാൻ മമ്മിയെ പോയി കണ്ടൂ. ഏട്ടനെ കണ്ടതും അവൾ വന്നു കെട്ടിപിടിച്ചു കരഞ്ഞു…

“ഇപ്പോൾ എൻ്റെ ഏട്ടൻ്റെ മനസ്സ് എനിക്ക് മനസ്സിലാകും. മനസ്സ് കൊണ്ട് ഭാര്യയായവൾ എട്ടനെ നോക്കുവാൻ ഏല്പിച്ചിട്ടു പോയ അനിയത്തിക്കുട്ടിക്ക് ആരുമില്ല. അവളെ വിവാഹം കഴിക്കാമോ എന്ന് എന്നോട് ചോദിക്കുവാൻ  ഏട്ടന് ആവുന്നില്ല.”

ഏതായാലും ഞാൻ തീരുമാനം എടുത്തു കഴിഞ്ഞിരുന്നൂ…

അവളെ എൻ്റെ ജീവിതത്തിലേയ്ക്ക് ഞാൻ ക്ഷണിക്കുന്നതിൽ എന്നെക്കാളേറെ സന്തോഷിച്ചത് ഡാഡിയും മമ്മിയും ആയിരുന്നൂ.

ഏട്ടന് വേണ്ടി അങ്ങനെ ആ വിവാഹം നടന്നൂ.

ഏട്ടൻ വിട പറയുന്നതിന് നിമിഷങ്ങൾ  മുൻപേ എന്നെ അടുത്ത് വിളിച്ചിട്ടു  പറഞ്ഞു..

“നിന്നെ പോലൊരു അനിയനെ കിട്ടുവാൻ ഞാൻ കഴിഞ്ഞ ജന്മത്തിൽ പുണ്യം ചെയ്തിട്ടുണ്ടാവും. മമ്മിയെയും ഡാഡിയെയും വിട്ടിട്ടു അവളുടെ ലോകത്തിലേക്ക് ഞാൻ പോകുവാണ്. ഡാഡിക്കും മമ്മിക്കും അവൾക്കും നീ എന്നും ഉണ്ടാവണം. അവിടെ എൻ്റെ പെണ്ണിനോടൊപ്പം ഉപ്പയും മമ്മിയും എന്നെ കാത്തിരിപ്പുണ്ട്. എൻ്റെ വിവാഹം സ്വർഗത്തിൽ നടക്കും……..”

………………സുജ അനൂപ്