മുഖം കണ്ടപ്പോൾ തന്നെ എന്തോ കുഴപ്പം ഉള്ളതുപോലെ തോന്നിയത് കൊണ്ടാകും കൂടുതൽ സംസാരിക്കുന്നതിനു മുൻപ് ചോദിച്ചു…

ചില നേരങ്ങളിൽ ചിലർ….

Story written by Neeraja S

=============

ട്രെയിൻ ഇന്ന് അരമണിക്കൂർ ലേറ്റാണ്. പലരും അക്ഷമരായി ട്രെയിൻ വരുന്ന ദിക്കിലേക്ക് നോക്കി നിൽക്കുന്നു. ഇരിക്കാനായി ചുറ്റും കണ്ണോടിച്ചെങ്കിലും എല്ലാ ഇരിപ്പിടങ്ങളിലും ആളുകൾ നിറഞ്ഞിരിക്കുന്നു. ഇന്ന് രവിയേട്ടനെ കാണേണ്ട അത്യാവശ്യമുണ്ട്‌ അല്ലെങ്കിൽ അടുത്ത ട്രെയിനിൽ പോയാലും മതിയായിരുന്നു.

ട്രെയിൻ വന്ന് നിന്നപ്പോൾ ഈച്ച പൊതിയുന്നത് പോലെ ആൾക്കാർ വാതിലിൽ പൊതിഞ്ഞു നിന്നു. അതിനിടയിലൂടെ നൂണ്ടു കേറി സ്ഥിരം ഇരിക്കാറുള്ള സ്ഥലത്ത് രവിയേട്ടന്റെ അടുത്തെത്തി..കണ്ടതും വിശാലമായി ഇരുന്നിരുന്ന രവിയേട്ടൻ ഒതുങ്ങിയിരുന്നു സ്ഥലം തന്നു.

ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കീഴിലാണ്  ജോലി. ഒരു ചെറിയ മിസ്റ്റേക് മതി പുള്ളി എടുത്തിട്ട് കടിച്ചു കീറാൻ. സിഎ ക്കാരൻ ആണെന്നുള്ള അഹങ്കാരം അല്ലാതെന്ത്.

രവിയേട്ടൻ മറ്റൊരു കമ്പനിയിൽ ചീഫ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. എന്റെ അക്കൗണ്ട് സംബന്ധമായ എല്ലാ സംശയങ്ങളും തീർത്തു തന്നിരുന്നത് രവിയേട്ടൻ ആയിരുന്നു. അതുകൊണ്ടെന്താ എനിക്ക് മറ്റുള്ളവരെ അപേക്ഷിച്ചു ചീത്തവിളി കുറച്ചു കേട്ടാൽ മതിയായിരുന്നു.

ഒന്നിച്ചു ഒരേ ട്രെയിനിൽ യാത്ര ചെയ്തു കൂട്ടുകാർ ആയതാണ്..ഇപ്പോൾ ഞങ്ങൾ കൂട്ടുകാർ മാത്രമല്ല..രവിയേട്ടനെ സ്വന്തം ചേട്ടനെപ്പോലെയാണ് ഞാൻ കരുതുന്നത്. ഒരു ഇളയ സഹോദരനോടെന്ന പോലെ രവിയേട്ടന് തിരിച്ചും കരുതലുണ്ട്.

മുഖം കണ്ടപ്പോൾ തന്നെ എന്തോ കുഴപ്പം ഉള്ളതുപോലെ തോന്നിയത് കൊണ്ടാകും കൂടുതൽ സംസാരിക്കുന്നതിനു മുൻപ് ചോദിച്ചു.

“എന്താടാ മുഖം വാടിയിരിക്കുന്നത്… ” മുഖവുരയൊന്നുമില്ലാതെ കാര്യം പറഞ്ഞു..

“ഏട്ടാ..ഞാനൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നു പറഞ്ഞില്ലാരുന്നോ..അവൾക്കു വീട്ടുകാർ കല്യാണം ആലോചിക്കുന്നു.മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്..ഇനി എന്താ ചെയ്യുക..ഇഷ്ടമാണെന്നു പറഞ്ഞോണ്ട് ചെന്നാൽ അവളുടെ അച്ഛൻ ഓടിക്കും. “

“നീയും അവളും ഒരേ ജാതിയല്ലേ..സാമ്പത്തികവും ഒരുപോലെ പിന്നെയെന്താ.. “

“അതല്ല രവിയേട്ടാ..രവിയേട്ടൻ ഒന്ന് സഹായിക്കാമോ..ഞങ്ങളുടെ കാര്യം അവളുടെ അച്ഛനോട് ഒന്ന് സംസാരിക്കാമോ.. “

രവിയേട്ടൻ കുറച്ചുനേരം ആലോചിച്ചിരുന്നു.

“ഞാൻ നോക്കിയിട്ട് ഒരു മാർഗം ഉണ്ട്‌…നീ മാട്രിമോണിയൽ സൈറ്റിൽ കണ്ടതാണെന്നു പറഞ്ഞ് നിന്റെ അച്ഛനോട് പറഞ്ഞ്  ഡയറക്റ്റ്  വിവാഹം ആലോചിക്ക്..കല്യാണം നടന്നു കഴിഞ്ഞു വേണമെങ്കിൽ പറഞ്ഞാൽ മതി നിങ്ങള് തമ്മിൽ ഉണ്ടായിരുന്ന ഇഷ്ടത്തിന്റെ കാര്യം.”

രവിയേട്ടൻ അങ്ങനെയാണ് എന്തിനും പരിഹാരം പുള്ളിയുടെ കൈയ്യിലുണ്ട്..പറഞ്ഞതുപോലെ അച്ഛനെ കൂട്ടി പെണ്ണ് ആലോചിച്ചു പോകുകയും അത് നടത്താൻ തീരുമാനിക്കുകയും ചെയ്തു..ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യം ആരുമറിഞ്ഞില്ല.

നിശ്ചയത്തിന് രവിയേട്ടനെ ക്ഷണിച്ചിരുന്നെങ്കിലും വന്നില്ല. തിരക്കുകുറഞ്ഞപ്പോൾ പല തവണ വിളിച്ച് നോക്കി. പരിധിക്ക് പുറത്താണെന്നുള്ള വോയിസ്‌ മാത്രമായിരുന്നു മറുപടി.

ലീവ് തീർന്ന് ജോയിൻ ചെയ്തു കഴിഞ്ഞുള്ള ദിവസങ്ങളിലൊന്നും രവിയേട്ടനെ ട്രെയിനിൽ കണ്ടില്ല..ഒരുദിവസം ഹാഫ് ഡേ ലീവ് എടുത്ത് രവിയേട്ടൻ ജോലി ചെയ്യുന്ന കമ്പനിയിൽ പോയി.

കിട്ടിയ വിവരങ്ങൾ ഒരിക്കലും ഉൾക്കൊള്ളാൻ ആകുന്നതായിരുന്നില്ല. രവിയേട്ടനെ ഒരു സുപ്രഭാതത്തിൽ കാണാതായത്രെ..വീട്ടിൽ നിന്നും ആ ത്മഹത്യാ കുറിപ്പ് കിട്ടിയെന്നു പറയുന്നു. വീട്ടുകാർ പോലീസിൽ കംപ്ലയിന്റ് കൊടുത്തിരുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ദൂരെയുള്ള പുഴയോരത്തു നിന്നും പാതിയോളം മീൻ തിന്ന മൃതദേഹം കിട്ടിയത്രേ. വീട്ടുകാർ തിരിച്ചറിഞ്ഞതുകൊണ്ട്  പെട്ടെന്ന് ദഹിപ്പിക്കുകയും ചെയ്തു..

കമ്പനിയുടെ വിസിറ്റിംഗ് റൂമിൽ കുഴഞ്ഞു വീണ്‌ പോയി..ഏറെ നേരം കഴിഞ്ഞാണ് തിരികെ പോരാനായത്..

പതിനഞ്ചു ദിവസം മുൻപ് തനിക്ക് വിവാഹ നിശ്ചയത്തിന്റെ ചിലവ് പ്രത്യേക ചെയ്യണമെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു ആശംസ നേർന്നുവിട്ടയാളാണ്.

രണ്ടു ദിവസം കഴിഞ്ഞ് ഓഫീസിലെ അഡ്രസ്സിൽ ഒരു ലെറ്റർ വന്നു. ഇന്നത്തെ കാലത്ത് ആരാണ് എഴുത്ത് അയയ്ക്കാൻ എന്നോർത്ത് കവറിൽ നിന്നും പേപ്പർ എടുത്ത് നിവർത്തി..

പ്രിയപ്പെട്ട അനിയാ, എന്നുള്ള സംബോധന കണ്ടപ്പോൾ ഏറ്റവും താഴത്തേക്കു കണ്ണുകൾ നീണ്ടു..എന്ന് സ്വന്തം രവിയേട്ടൻ  എന്ന് കണ്ടപ്പോൾ ആകെ വല്ലാതായി.

പ്രിയപ്പെട്ട അനിയാ,

നിന്നെ ഞാൻ എന്റെ കൂടപ്പിറപ്പിനെപ്പോലെയാണ് കരുതിയത്. അതുകൊണ്ട് നിന്നോട് മാത്രം എല്ലാം പറയണമെന്ന് തോന്നി. ഒരാളെങ്കിലും എന്നെ മനസ്സിലാക്കണം എന്നൊരാഗ്രഹം. ഇപ്പോൾ ഇങ്ങനെയൊക്കെ പെട്ടെന്ന് സംഭവിക്കാൻ കാരണം…

എന്റെ മകളുടെ കാര്യം ഞാൻ പറഞ്ഞിട്ടുണ്ടല്ലോ..അവൾ എൻജിനീയറിങ് അവസാനവർഷം പഠിക്കുന്നു. ഒന്നുരണ്ടു തവണ അവളെ ഒരു പയ്യനോടൊപ്പം കണ്ടു..ക്ലാസ്സിൽ പോകാതെ കറങ്ങി നടക്കുന്നതിനു വഴക്ക് പറയുകയും ചെയ്തു. ഒരു ദിവസം രാത്രിയിൽ ഏറെ വൈകിയാണ് അവൾ വന്നത്.. ചോദ്യം ചെയ്തപ്പോൾ അവൾക്കു സപ്പോർട്ടുമായി അമ്മയും വന്നു… ദേഷ്യം വന്നപ്പോൾ ഒന്ന് തല്ലി.

എനിക്ക് തല്ലാൻ അവകാശമില്ലപോലും…മോളുടെ മുൻപിൽ വച്ചാണ് എനിക്കവളിൽ ഒരാവകാശവുമില്ലെന്നു എന്റെ ഭാര്യ തുറന്നടിച്ചത്..അവൾ എന്റെ മകൾ അല്ല പോലും…

നിനക്ക് അറിയാമല്ലോ നിന്റെ ചേച്ചിയെ അച്ഛൻ എത്ര സ്നേഹത്തോടെയാണ് വളർത്തിയത് എന്ന്..കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ വളർത്തിക്കൊണ്ടു വന്ന മകളാണ് ഒരു സുപ്രഭാതം ത്തിൽ എന്റെ ആരുമല്ലാതായി മാറിയത്..

പുച്ഛത്തോടെ നോക്കുന്ന അവരുടെ മുന്നിൽ പിന്നെയും ഒരു മാസം കൂടി ജീവിച്ചു. പിന്നെ മടുത്തു…ഞാൻ മറഞ്ഞു പോയതിന്റെ കാരണം നീയെങ്കിലും അറിയണം എന്ന് തോന്നി..

സ്നേഹത്തോടെ രവിയേട്ടൻ.

വായിച്ച് കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഭാരം തോന്നി പാവം രവിയേട്ടൻ. എല്ലാവരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നയാളാണ്. ഇങ്ങനെ വന്നല്ലോ. ലെറ്ററിന്റെ ഏറ്റവും അടിയിലായി എന്തോ തീരെ ചെറിയ അക്ഷരത്തിൽ  എഴുതിയിരിക്കുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്..

NB. ഓഹ്..പിന്നേ..ഞാനല്ലേ ആത്മഹത്യ ചെയ്യുന്ന ആള്..ഇമ്മിണി പുളിക്കും..നീ ഹണിമൂണിന് സിംഗപ്പൂർ പോരെ ഞാനിവിടെയുണ്ട്..All the best.

അപ്പോൾ രവിയേട്ടൻ…മരിച്ചിട്ടില്ല. ആരുമറിയാതെ മുങ്ങിയതാണ്. ചിലർ അങ്ങനെയാണ് നമ്മളെ ഇടയ്ക്കിടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ജീവിതം ആഘോഷമാക്കുന്നവർ..ഒരു നിമിഷത്തെ ചിന്തയിൽ ജീവിതം അവസാനിപ്പിക്കുന്നവർ രവിയേട്ടനെപ്പോലെയുള്ളവരെ കണ്ടാണ് പഠിക്കേണ്ടത്.