വേറെ എന്ത് പറയാൻ, എന്റെ മോൾ വളർന്ന് വലുതാകുമ്പോൾ എന്നെ പോലെ ഒരു എഞ്ചിനീയർ ആകണമെന്ന് തന്നെ പറഞ്ഞു…

എഴുത്ത്: അച്ചു വിപിൻ

===============

സ്കൂളിൽ നിന്നും മകളോടൊപ്പം പതിവില്ലാത്ത വിധം സന്തോഷത്തോടെയാണയാൾ വീട്ടിലേക്ക് കയറി വന്നത്.

അയാളുടെ ഭാര്യ ഉണ്ടാക്കിയ ചായ ആസ്വദിച്ചു കുടിക്കുമ്പോഴും അയാളുടെ മുഖത്തെ ചിരി മായുന്നുണ്ടായിരുന്നില്ല.

ഭർത്താവിന്റെ മുഖത്തെ പതിവില്ലാത്ത സന്തോഷം കണ്ടിട്ടാവണം എന്തെ ഇങ്ങനെ ചിരിക്കുന്നതെന്ന് ആകാംഷയോടെ അവൾ ചോദിച്ചത്.

അയാൾ കയ്യിൽ ഇരുന്ന കപ്പ് ടേബിളിൽ വെച്ച ശേഷം തന്റെ ഭാര്യയോടായി പറഞ്ഞു, എടീ മോൾക്ക്‌ എല്ലാത്തിനും നല്ല മാർക്കുണ്ട്,അവളേ പറ്റി എല്ലാർക്കും നല്ല അഭിപ്രായമാണ്. ഇന്നവളുടെ ടീച്ചർ ഞാൻ അടുത്ത് നിൽക്കാലെ അവളോട്‌ ചോദിച്ചു ആരാവാൻ ആണ് മോൾടെ ആഗ്രഹമെന്ന്, അയാൾ സംസാരം നിർത്തിയ ശേഷം തന്റെ ഭാര്യയുടെ നേരെ ഒന്ന് പാളി നോക്കി.

ആഹാ!! അത് ശരി,എന്നിട്ടവൾ എന്ത് പറഞ്ഞു?അയാളുടെ ഭാര്യ ആകാംഷയോടെ ചോദിച്ചു…

വേറെ എന്ത് പറയാൻ, എന്റെ മോൾ വളർന്ന് വലുതാകുമ്പോൾ എന്നെ പോലെ ഒരു എഞ്ചിനീയർ ആകണമെന്ന് തന്നെ പറഞ്ഞു. എന്റെയല്ലേ  മോൾ അവളങ്ങനെയല്ലേ പറയു.

അയാൾ സ്വയം അഭിമാനo കൊണ്ടു.

ഭർത്താവിനെ അൽപ നേരം നോക്കി ഇരുന്ന ശേഷം അവൾ ചോദിച്ചു, അല്ല നമ്മടെ മകളെ നിങ്ങൾ നല്ല പോലെ തന്നെ പഠിപ്പിക്കുന്നുണ്ടല്ലോ, അവൾ വളർന്നു വലുതായി വിവാഹം ഒക്കെ കഴിഞ്ഞ ശേഷം അവളുടെ ഭർത്താവ് അവളെ ജോലിക്ക് വിട്ടില്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും?

ആഹാ,എന്നാൽ ഞാൻ അടിച്ചവന്റെ കരണം പുകക്കും. എന്റെ മോളെ ഞാൻ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നത് വല്ലവന്റെയും അടുക്കളയിൽ കിടക്കാൻ അല്ല…അയാളുടെ രക്തം തിളച്ചു…

അതു കണ്ടിട്ടെന്നോണം അവൾ  മുഖമമർത്തി ചിരിച്ചു…

എന്തിനാടി നീയിങ്ങനെ ചിരിക്കുന്നത്? ഞാൻ തമാശ വല്ലോം പറഞ്ഞോ? അയാൾ അവളുടെ നേരെ തുറിച്ചു നോക്കി….

ഞാനിപ്പൊ വരാം..നിങ്ങളിവിടെ ഇരിക്ക്….

അവൾ എന്തിനോ വേണ്ടി എഴുന്നേറ്റകത്തേക്ക് പോയി.

അൽപ നേരം കഴിഞ്ഞപ്പോൾ കയ്യിൽ പഴയ ഒരു ഫയലുമായവൾ തിരികെ വന്നു.

സോഫയിൽ ഇരുന്ന ശേഷം അതവൾ അയാൾക്ക്‌ നേരെ നീട്ടി..

എന്താണിത്?

അയാൾ ആകാംഷയോടെ ചോദിച്ചു.

അത് തുറക്കാൻ അവൾ കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി…

അയാൾ അത് തുറന്നു നോക്കി..

“ലക്ഷ്മി സുധാകരൻ” എന്നതിൽ എഴുതിയിരുന്നു….

അതയാളുടെ ഭാര്യയുടെ പഠനകാലത്തെ സർട്ടിഫിക്കറ്റുകൾ ആയിരുന്നു.

പത്തിലും, പ്ലസ് ടുവിനും, ഡിഗ്രിക്കും അവൾ നേടിയ മാർക്കുകൾ കണ്ടയാളുടെ കണ്ണുകൾ തള്ളി….

ഇത് നിന്റെ ആണോ? അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.

അതെ സംശയം ഒന്നും വേണ്ട ഇത് എന്റെ തന്നെ ആണ്.

മക്കൾ നല്ല രീതിയിൽ വളരണം എന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. നിങ്ങൾ നമ്മടെ മകളെ പഠിപ്പിക്കുന്ന പോലെ തന്നെ എന്റെ അച്ഛനും എന്നെ വളരെ പ്രതീക്ഷയോടെ പഠിപ്പിച്ചതാണ്, എന്നെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടതാണ്…

ഹും….എന്നിട്ടെന്തുണ്ടായി?

ഒന്ന് നിർത്തിയ ശേഷം അവൾ വീണ്ടും തുടർന്നു…

കല്യാണം കഴിഞ്ഞു വന്നപ്പോൾ നിങ്ങളെന്നെ അച്ഛന് സുഖമില്ല, അമ്മക്ക് സുഖമില്ല, വീടുപണിയുണ്ട് , മകളെ നോക്കാൻ ആളില്ല എന്നൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞു ജോലിക്ക് വിട്ടില്ല, പരീക്ഷ കഷ്ടിച്ച് പാസ്സായ എന്റെ സുഹൃത്തുക്കൾ നല്ല ജോലി ചെയ്യുമ്പോൾ ഇവിടെ ഒന്നാം റാങ്കോട് കൂടി M.C.A പാസായ ഞാൻ അടുക്കളപ്പണി ചെയ്യുന്നു…

നിങ്ങൾക്കറിയുമോ, ജോലി ഇല്ലാത്ത എട്ടു വയസ്സുകാരിയുടെ അമ്മ എന്ന ലേബലിൽ വീട്ടിൽ ഒതുങ്ങി ഇരിക്കുന്ന എന്നെ കണ്ടു വിഷമിക്കുന്ന അച്ഛന്റെ മുഖം കാണാൻ കഴിയാത്തതിനാലാണ് ഞാനിപ്പോളെന്റെ വീട്ടിൽ പോലും പോകാത്തത്.

ഒരച്ഛൻ ആയ നിങ്ങൾക്ക് സ്വന്തo മകളെ മറ്റുള്ളവരുടെ വീട്ടിലെ അടുക്കളക്കാരി ആയി സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലല്ലെ, നിങ്ങളുടെ അതെ സ്ഥാനത്തല്ലെ എന്റെ അച്ഛനും ഇന്ന് നിൽക്കുന്നത്?

മകളുടെ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കുന്ന നിങ്ങൾ തന്നെ ഭർത്താവിന്റെ സ്ഥാനത്തു നിന്ന് നിങ്ങടെ ഭാര്യയുടെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തുന്നു…

ഹോ!!!!എന്തൊരു വിരോധാഭാസമാണിത്?

നിങ്ങൾ എനിക്ക് ഇതുവരെ ഒരു കുറവും വരുത്തിയിട്ടില്ല,.എന്നെ നിങ്ങൾ വളരെ അധികം സ്നേഹിക്കുന്നുണ്ട്,.ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടോ എന്നെ വേദനിപ്പിച്ചിട്ടില്ല പക്ഷെ എന്തൊക്കെ അമൃത് തന്നാലും എത്രയൊക്കെ നന്നായി നോക്കിയാലും കൂട്ടിൽ ഇട്ട് പറക്കാൻ അനുവദിക്കാത്ത കിളിയുടെയും എന്റെയും അവസ്ഥയും ഒന്ന് തന്നെയല്ലെ?

നിങ്ങളുടെ കാലിൽ ഒരു ചങ്ങല ഇട്ടിട്ടു ഇഷ്ടം ഉള്ളിടത്തൊക്കെ പൊക്കോളാൻ പറഞ്ഞാൽ നിങ്ങൾക്ക് എങ്ങനെ പോകുവാൻ കഴിയും?

അതുപോലെ തന്നെ അല്ലെ എന്റെ കാര്യവും. അവൾ നിന്ന് കിതച്ചു….

നിങ്ങൾക്കറിയുമോ? എന്റെ മകളെ അവളുടെ ഓരോ പരീക്ഷകൾക്ക് വേണ്ടിയും രാത്രി മുഴുവൻ ഉറക്കമുളച്ചു പഠിപ്പിച്ചത് ഞാനാണ്,.ഡാൻസ് പഠിക്കാനും പാട്ടു പഠിക്കാനും മുടങ്ങാതെ അവളെ കൊണ്ട് പോകുന്നതും ഞാനാണ്..അവൾക്കു കിട്ടുന്ന ഓരോ വിജയങ്ങൾക്ക് പിറകിലും ഒരമ്മ എന്ന നിലയിൽ എന്റെ കൂടെ അധ്വാനം ഉണ്ടായിരുന്നു. പക്ഷെ അതിന്റെ നേട്ടം മുഴുവൻ ഒന്നും ചെയ്യാതെയിരുന്ന നിങ്ങൾക്ക് എത്ര പെട്ടെന്നാണവൾ ചാർത്തി തന്നത്…..

“അച്ഛൻ” എന്ന നിലയിലുള്ള അംഗീകാരം നിങ്ങൾക്ക് കിട്ടുമ്പോൾ “അമ്മ” എന്ന നിലയിൽ ഞാൻ വെറും പൂജ്യമായിരുന്നു.

നിങ്ങൾക്ക് കഴിഞ്ഞ വർഷം ജോലിയിൽ പ്രമോഷൻ ലഭിച്ചു..നിങ്ങളെ സംബന്ധിച്ച് അതൊരു വലിയ നേട്ടമാണ്. വീട്ടിലെ പണികൾ മാത്രം എടുക്കുന്ന എനിക്ക് എന്ത് നേട്ടമാണ് ഈ കാലയളവിൽ ഉണ്ടായിട്ടുള്ളത്?

“ഉത്തമ കുടുംബിനി” എന്ന ലേബൽ അല്ലാതെ വേറെ എന്ത് ഐഡന്റിറ്റി ആണ് എനിക്കുള്ളത് എന്ന് കഴിഞ്ഞ കുറെ ആഴ്ചകൾ ആയി  ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യങ്ങളാണ്?

എന്റെ അധ്വാനം,.എന്റെ പരിശ്രമങ്ങൾ നൊന്ത് പെറ്റ എന്റെ മകൾ പോലും കാണുന്നില്ല എന്ന് ഇന്നാണെനിക്ക് മനസ്സിലായത്,.അതിന്റ ഏറ്റവും വലിയ ഉദാഹരണമാണ് അവൾ അച്ഛനെ പോലെ ആകണം എന്ന് അവളുടെ അധ്യാപികയോട് പറഞ്ഞത്?

ജോലി ഇല്ലാത്ത അമ്മയെ അവൾക്കും വിലയില്ല…

അടുക്കളയിൽ കിടന്നു പണിയെടുക്കുന്ന അമ്മയെ മാത്രമേ എന്റെ മകൾക്കറിയൂ പഠിപ്പും വിവരവും ഉള്ള അമ്മയെ അവൾക്കറിയില്ല. അടുക്കളക്കാരി ആകാൻ എന്റെ മകൾ ആഗ്രഹിക്കുന്നില്ല അതുകൊണ്ടാണല്ലോ അവൾ നിങ്ങളെ പോലെ ആകണം എന്ന് പറഞ്ഞത്…

ഭാവിയിൽ ഉറപ്പായും അവൾ ചോദിക്കും എനിക്ക് വേണ്ടി കരിയർ ഉപേക്ഷിക്കാൻ അമ്മയോട് ഞാൻ പറഞ്ഞില്ലല്ലോ എന്ന്…

ഭാര്യ എന്ത് ചെയ്യുന്നു എന്ന് മറ്റുള്ളവർ ചോദിക്കുമ്പോൾ ഓ! അവൾ വെറുതെ ഇരിക്കുവാണെന്ന്  നിങ്ങളും പറയാറില്ലേ, അങ്ങനെ ഞാൻ വീട്ടിലിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി ആരാണ്?

പഠിപ്പുള്ള സ്വന്തം ഭാര്യയെ വീട്ടിലിരുത്തിയ നിങ്ങൾ സ്വന്തo മകളെ നല്ല പോലെ പഠിപ്പിക്കാനും ജോലിക്ക് വിടാനും ഇപ്പഴേ സ്വപ്നം കാണുന്നു.

നല്ല ജോലിയും നല്ലൊരു വരുമാനവും നിങ്ങളുടെ മകൾക്കു സ്വപ്നം കാണാമെങ്കിൽ എനിക്കും അത് കണ്ടുകൂടെ?

അതൊ ഞങ്ങൾക്ക് രണ്ടുപേർക്കും ഇവിടെ രണ്ടു നീതിയാണോ?

അവൾ അയാളുടെ നേരെ ചൂണ്ടുവിരലുയർത്തി….

ഒരു കാര്യം ഞാൻ തീരുമാനിച്ചു..രാവിലെ നിങ്ങൾ ജോലിക്കും അവൾ സ്കൂളിലും പോയാൽ ഞാനീ വീട്ടിൽ തനിച്ചാണ്. നിങ്ങടെ അച്ഛനും,.അമ്മയും ഇപ്പോൾ ജീവനോടെയില്ല അതുകൊണ്ട് ആ കാരണം പറഞ്ഞെന്നെ വീട്ടിലിരുത്താനിനി നിങ്ങൾക്കു കഴിയില്ല.

ഞാൻ ഒരു ജോലി അന്വേഷിക്കുകയാണ്. എനിക്കും എന്തെങ്കിലും ഒക്കെ ആയി തീരണം. സ്വന്തo മകളെ കണ്ടു നിങ്ങൾ അഭിമാനിക്കുന്ന പോലെ എന്റെ അച്ഛനും എന്നെ കണ്ടഭിമാനിക്കട്ടെ, മരിക്കുന്നതിന് മുന്നെ അതിനുള്ള അവസരം ആ മനുഷ്യന് ഉണ്ടാക്കി കൊടുക്കുക എന്നതാണ് ഒരു മകൾ എന്ന നിലയിൽ ഞാൻ ചെയ്യാൻ പോകുന്ന ഏറ്റവും വലിയ നല്ല കാര്യം.

ദയവായി തടസ്സം പറയരുത്, ശ്വാസം മുട്ടുന്ന ഈ അന്തരീക്ഷത്തിൽ നിന്ന് ഞാനും ഒന്ന് പുറത്ത് കടക്കട്ടെ….

അത്രയും പറഞ്ഞു കൊണ്ടവൾ അകത്തേക്ക് കയറി പോകുമ്പോൾ തല കുനിച്ചിരിക്കാൻ അല്ലാതെ മറുത്തെന്തെങ്കിലും പറയാൻ അയാളിൽ വാക്കുകൾ അവശേഷിച്ചിരുന്നില്ല……

NB: സ്വന്തം മകളെ നല്ല രീതിയിൽ പഠിപ്പിക്കുന്ന എല്ലാ പുരുഷന്മാരും ഓരോരോ കാരണങ്ങൾ പറഞ്ഞു ജോലിക്ക് വിടാതെ വീട്ടു കാവലിനിരുത്തിയിട്ടുള്ള പഠിപ്പുള്ള  സ്വന്തം ഭാര്യയുടെ മുഖം കൂടി ഓർക്കുക. ചരിത്രം ആവർത്തിക്കാതിരിക്കട്ടെ🙏

~അച്ചു വിപിൻ